news-details
കഥ

ഉണ്ണീശോയുടെ കൂട്ടുകാര്‍

നവംബര്‍ സുഖസുഷുപ്തിയിലായി. ഡിസംബര്‍ കുളിരിലുണര്‍ന്നു. കുന്നിന്‍ചെരുവുകളില്‍ കുഞ്ഞിപ്പുല്ലുകള്‍ മുളപൊട്ടി, തലയുയര്‍ത്തി നോക്കി. തൊട്ടടുത്തതാ ഒരു പശുത്തൊഴുത്ത്, തൊഴുത്തിനടുത്ത് ഒരു വലിയ മരം, അതിന്‍റെ ഉടലില്‍ നിറയെ പൂമൊട്ടുകള്‍ കുലകളായി നില്ക്കുന്നു. കുഞ്ഞിപ്പുല്ലിന് സന്തോഷമായി. നാളെ അത് വിടരും. അടുത്ത പ്രഭാതത്തില്‍ കുഞ്ഞിപ്പുല്ല് നോക്കിയപ്പോള്‍ പൂമൊട്ടുകളൊക്കെ വിടര്‍ന്ന് വെളുത്ത പൂങ്കുലകളായി.  കുഞ്ഞിപ്പുല്ല് കുഞ്ഞിപ്പൂവിനെ നോക്കി തലയാട്ടിച്ചിരിച്ചു. പൂവ് പുല്ലിനോടു ചോദിച്ചു, നിന്‍റെ പേരെന്താ? എന്‍റെ പേര് ഉണ്ണീശോപ്പുല്ല്. നിന്‍റെ പേരോ, പുല്ലു ചോദിച്ചു. എന്‍റെ പേര് ഉണ്ണീശോപ്പൂ. രണ്ടുപേരും സന്തോഷത്തോടെ പറഞ്ഞു, നമ്മുടെ പേര് ഒരുപോലെയിരിക്കുന്നല്ലോ. അവര്‍ നല്ല കൂട്ടുകാരായി. വിശേഷങ്ങളും സ്നേഹവും പങ്കുവച്ച് ദിനങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. 

അന്ന് പതിവിലും സന്തോഷത്തോടെയാണ് ഇരുവരും ഉണര്‍ന്നത്. പൂവു പറഞ്ഞു, എന്‍റെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞുകവിയുന്നു. എനിക്കും അങ്ങനെ തന്നെ. നമ്മളെക്കാണാന്‍ ഒരു രാജാവ് വരുന്നതായി ഞാന്‍ സ്വപ്നം കാണുകയും ചെയ്തു, പുല്ലു പറഞ്ഞു.

സന്ധ്യയായി, രണ്ടുപേരും വഴിയിലേക്ക് നോക്കിയിരിക്കുമ്പോള്‍, അതാ കഴുതപ്പുറത്ത്  ക്ഷീണിതയായ ഒരു സ്ത്രീയെ ഇരുത്തി ഒരാള്‍ കൂടെ വരുന്നു, പശുത്തൊട്ടിലിലേയ്ക്ക്. കുറച്ചുകഴിഞ്ഞപ്പോള്‍ അതിമനോഹരമായ ഒരു ഗാനം അവര്‍ കേട്ടു. ഒരു കുഞ്ഞിന്‍റെ കരച്ചിലല്ലേ ഇപ്പോള്‍ ആ കേള്‍ക്കുന്നത്. നമ്മുടെ കുഞ്ഞു രാജാവിന്‍റെ കരച്ചിലാണത് പുല്ലു പറഞ്ഞു. രണ്ടുപേരും അതിയായ സന്തോഷത്തോടെ, പുല്‍ത്തൊട്ടിലിലേക്കെത്തി നോക്കി. ഒരോമനക്കുഞ്ഞ്! രണ്ടുപേരും മിഴികള്‍ പൂട്ടി ആനന്ദനിര്‍വൃതിയിലാണ്ടു.

ഇളംവെയിലു വന്ന് മുട്ടിവിളിച്ചപ്പോള്‍ രണ്ടുപേരും ഉണര്‍ന്നു. പുതിയ കൂട്ടുകാരനെ നോക്കി അവര്‍ പുഞ്ചിരി തൂകി, മൂവരും കൂട്ടുകാരായി. പുതിയ കൂട്ടുകാരനോട് അവര്‍ പേരു ചോദിച്ചു. 'ഉണ്ണീശോ' ചിരിച്ചുകൊണ്ടവന്‍ പറഞ്ഞു. അതിശയിച്ചുകൊണ്ടിരുവരും പറഞ്ഞു, നമ്മുടെ മൂന്നുപേരുടെയും പേര് ഒരുപോലെയുണ്ടല്ലോ! ഉണ്ണീശോയെ കാണാതെ ഒരു ദിവസംപോലുമിരിക്കാന്‍ രണ്ടുപേര്‍ക്കും കഴിയില്ലായിരുന്നു. ദിനങ്ങള്‍ കൊഴിയുംതോറും പുല്ലിനും പൂവിനും വല്ലാത്ത ക്ഷീണം തോന്നിത്തുടങ്ങി. പ്രിയപ്പെട്ട കൂട്ടുകാരനെ പിരിയേണ്ടിവരുമോ എന്ന തോന്നല്‍, വേദന.

ഉണ്ണീശോയുടെ ഹൃദയം എല്ലാം അറിയുന്നുണ്ടായിരുന്നു. അവന്‍ അവരോടു പറഞ്ഞു, നിങ്ങളുടെ ഹൃദയം കലങ്ങേണ്ട. വരുന്ന വര്‍ഷം ഈ സമയത്ത് നമുക്ക് വീണ്ടും കാണാം. മുപ്പത്തിമൂന്ന് വര്‍ഷവും ഈ സമയത്ത് നമുക്കു കണ്ടുമുട്ടാം. പിന്നെയും നിങ്ങള്‍ വരും അപ്പോള്‍ നിങ്ങളെന്നെ കാണില്ല. പിന്നെ അവസാനം ഞാന്‍ ഒരിക്കല്‍കൂടി വരും. അന്ന് ഞാന്‍ നിങ്ങളെ എന്‍റെ തോളിലേറ്റി എന്‍റെ അപ്പന്‍റെയടുത്തേക്ക് കൊണ്ടുപോകും. നിങ്ങള്‍ എന്‍റെ ആദ്യത്തെ കൂട്ടുകാരല്ലേ. ഞാനൊരിക്കലും നിങ്ങളെ മറക്കില്ല. 

അവര്‍ക്ക് ഒന്നും മനസ്സിലായില്ല. അവസാനം അവന്‍ നമ്മളെ കൊണ്ടുപോകുമല്ലോ എന്ന സന്തോഷത്തില്‍ അവര്‍ ആനന്ദിച്ചു. ഉണ്ണീശോയുടെ കൈകള്‍ അവരെ തഴുകിയുറക്കി. അടുത്ത ഡിസംബര്‍ സ്വപ്നം കണ്ട് അവര്‍ നീണ്ട ഉറക്കത്തിലായി.

You can share this post!

നിഴലുകള്‍

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദി ക്രൂസ്

ലിന്‍സി വര്‍ക്കി
Related Posts