news-details
അക്ഷരം

റൂമിയും ഹിമാലയവും വിത്തുമൂടയും

 റൂമി ഉന്മാദിയുടെ പുല്ലാങ്കുഴല്‍ 

അന്വേഷികള്‍ക്ക് ജലാലുദ്ദീന്‍ റൂമിയെ അവഗണിക്കാനാവില്ല. സൂഫിസത്തിന്‍റെ സാഫല്യമാണ് റൂമി. കവിയും ദാര്‍ശനികനുമായ ആത്മീയഗുരുവായി റൂമി ഉയര്‍ന്നുനില്‍ക്കുന്നു. അക്ഷരങ്ങളിലൂടെ ആത്മീയതയുടെ വെളിച്ചം പ്രസരിപ്പിച്ച റൂമിയുടെ ജീവിതം ആവിഷ്കരിക്കുന്ന കൃതിയാണ് 'റൂമി ഉന്മാദിയുടെ പുല്ലങ്കുഴല്‍.' സൂഫിസത്തെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള ഇ. എം. ഹാഷിമിന്‍റെ വളരെക്കാലത്തെ അന്വേഷണത്തിന്‍റെയും പരിശ്രമത്തിന്‍റെയും സദ്ഫലമാണ് ഈ നോവല്‍. റൂമിയെയും അദ്ദേഹത്തിന്‍റെ ജീവിതത്തെയും അടുത്തുനിന്നു കാണാന്‍ ഈ കൃതി സഹായിക്കും. റൂമിയുടെ ആത്മീയയാത്രയാണ് ഹാഷിം പിന്തുടരാന്‍ ശ്രമിക്കുന്നത്. ധ്യാനവും ആത്മാവുമെല്ലാം നഷ്ടപ്പെട്ട കാലത്തിന് ആത്മാവു നല്കാനുള്ള കര്‍മ്മമായി ഇതിനെ കാണാം.

 യാത്രയായിരുന്നു റൂമിയുടെ ജീവിതത്തെ ധന്യമാക്കിയത്. ഓരോ യാത്രയും ആന്തരയാത്രയായി മാറിക്കൊണ്ടിരുന്നു. ഉള്ളിലേക്കു ചുഴിഞ്ഞുനോക്കുമ്പോഴാണ് ഏകാന്തതയും ശൂന്യതയും തിരിച്ചറിയുക. ഭൗതികതയുടെ പിടിയില്‍പെട്ടിരിക്കുന്ന ലോകത്തിന്‍റെ പ്രയാണം അകം നിറയ്ക്കുന്നില്ല. പൊള്ളയാക്കപ്പെടുന്ന കാലത്തെ ആത്മാവുകൊണ്ടറിയാനാണ് റൂമി ശ്രമിക്കുന്നത്. ലൗകികതയും അലൗകികതയും തമ്മിലുള്ള സംഘര്‍ഷം ഉള്ളില്‍ നിറയുമ്പോള്‍ സ്വാസ്ഥ്യമില്ല. അസ്വസ്ഥമായ ഓരോ യാത്രയും ഉള്ളില്‍  കോറലുകള്‍ വീഴ്ത്തുന്നു. അത് തിരിച്ചറിവുകളുടെ മുഹൂര്‍ത്തമായിരുന്നു. ഓരോ അനുഭവവും ജീവിതസഞ്ചിയില്‍ സൂക്ഷിക്കാനുള്ള പാഥേയമായിരുന്നു. 'മൗനമെന്ന വെളിച്ചത്തേക്കാള്‍ പ്രഭയുള്ള മറ്റൊരു പ്രകാശം ഞാനിതുവരെ ദര്‍ശിച്ചിട്ടില്ല' എന്ന് റൂമി വായിച്ചപ്പോള്‍ ഉള്ളില്‍ പുതിയ പാതകള്‍ പിറന്നു.

 'പ്രതീക്ഷ ചിറകുള്ള പക്ഷിയാണ്. അതിനു പറക്കാന്‍ കഴിയും' എന്നറിയുന്ന റൂമി പ്രതീക്ഷയുടെ ചിറകിലേറിയാണ് യാത്ര ചെയ്തത്. അങ്ങനെ നേടിയ ഉള്‍ക്കരുത്ത് ഭൗതികതയെ മറികടക്കാന്‍ പ്രാപ്തി നല്കി. വായനയുടെ ലോകം തുറന്നപ്പോള്‍ റൂമി വാക്കുകളുടെ മാന്ത്രികത കണ്ടെത്തുന്നു. 'വാക്കുകളുള്ളതുകൊണ്ടാണ് താന്‍ ജീവിക്കുന്നത്. വാക്കില്ലെങ്കില്‍ ജീവിതവുമില്ല.' എഴുത്തിന്‍റെ ലോകത്തിലേക്ക് കടന്നപ്പോള്‍ വാക്കുകള്‍ മന്ത്രശക്തിയുള്ളതായി പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. ആത്മാവില്‍ വേരുകളുള്ള വാക്കുകളുടെ അര്‍ഥസാന്ദ്രത വായനക്കാരനെ എന്നും ചൂഴ്ന്നുനില്ക്കുന്നു. 'നിശ്ചലത മരണം തന്നെയാണ്' എന്നറിയുമ്പോള്‍ ബാഹ്യമായും ആന്തരമായും യാത്ര ചെയ്യും. "പറഞ്ഞും അറിഞ്ഞും മിടിപ്പ് ഏറെത്താങ്ങിയും നീങ്ങുന്നതിനെയാണ് ജീവിതം എന്നു വിളിക്കുന്നത്. ആ അറിവ് അടുത്ത കാല്‍വെപ്പിനെ സുഗമമാക്കും."
'ജീവന്‍റെ പുസ്തകത്തിന് രണ്ടു പുറങ്ങളുണ്ട്. ആദ്യപുറത്ത് നമ്മള്‍ ആഗ്രഹങ്ങളും പദ്ധതികളും കുറിച്ചുവെക്കുന്നു. മറുവശത്ത് ദൈവം മറ്റൊന്ന് എഴുതിച്ചേര്‍ക്കുന്നു' എന്നറിയുന്നവന് ഒന്നിലും മമതയുണ്ടാകില്ല. കാലത്തിനപ്പുറത്തുള്ള കാലം കാണുന്നവനാണ് അറിവുള്ളവന്‍. ശരിയായ ആന്തരികാര്‍ത്ഥം മനസ്സിലാക്കുന്നത് ആഴത്തില്‍ നോക്കുന്നവരാണ്. 'വാക്കിനകത്തെ മറുവാക്കിനെ ആഗിരണം ചെയ്തെത്തുന്ന ഗൂഢാര്‍ത്ഥം' തിരിച്ചറിയുന്നവനേ ആത്മാവിന്‍റെ ഭാഷ കണ്ടെത്തൂ.

 'എല്ലാറ്റിനും കാരണങ്ങളുണ്ട്; കണ്ടെത്തണമെന്നു മാത്രം. അതറിയുന്നവരുണ്ട്; അന്വേഷിച്ചു കണ്ടെത്തുന്നവരും.' അങ്ങനെയുള്ള അന്വേഷണമാണ് റൂമിക്ക് അഗാധമായ തിരിച്ചറിവു നല്കിയത്.  'എപ്പോഴാണോ ഹൃദയത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടുന്നത് അപ്പോള്‍ ഓരോ കണികയിലും അടങ്ങിയിട്ടുള്ള രഹസ്യങ്ങള്‍ ദര്‍ശിക്കാനാവും' എന്ന അത്താറിന്‍റെ വരികള്‍ റൂമിയുടെ മനസ്സില്‍ തിരയടിച്ചു. 'ആത്മജ്ഞാനത്തിന്‍റെ ആദ്യപടി സ്വയമറിയുക എന്നതാണ് എന്നറിയുന്നവന്‍ അകത്തേക്കാണ് നോക്കുന്നത്. അകം കാണുമ്പോള്‍ പുറവും നന്നായി കാണാനുള്ള കണ്ണു ലഭിക്കുമെന്ന് റൂമിയുടെ ജീവിതം തെളിയിക്കുന്നു. 'എന്താണോ നിന്നെ വേദനിപ്പിക്കുന്നത് അതാണ് നിനക്കുള്ള അനുഗ്രഹം;  അന്ധകാരം നിനക്കുള്ള മെഴുകുതിരിവെളിച്ചവും' എന്ന ചിന്ത നമ്മെ വിസ്മയിപ്പിക്കും. ജ്ഞാനത്തിന്‍റെ ഭണ്ഡാകാരമായ ഗ്രന്ഥങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ മനുഷ്യന്‍റെ തലച്ചോറും ബോധവും എത്രമാത്രം ശക്തവും ഉദ്ബുദ്ധവുമാണെന്ന് റൂമി അറിഞ്ഞു. സംഗീതം മനുഷ്യനുള്ള ദൈവത്തിന്‍റെ സമ്മാനമാണെന്നും റൂമി മനസ്സിലാക്കി.

 'എല്ലാ സന്തോഷങ്ങളുടെയും അടിയില്‍ മൗനമായി കിടക്കുന്ന കാതലാണ് ദുഃഖമെന്ന്' അറിഞ്ഞ സൂഫിവര്യനാണ് റൂമി. ഇപ്പോഴും അനേകരെ പ്രചോദിപ്പിക്കാന്‍ ഈ സൂഫിക്കു കഴിയുന്നു. അകക്കണ്ണുകൊണ്ടാണ് നാം കാണേണ്ടതെന്ന് അദ്ദേഹം മൊഴിയുന്നു. 'പുതിയ തുടക്കങ്ങളാണ് ഉണര്‍വുണ്ടാക്കുന്നത്' എന്ന് നാം തിരിച്ചറിയുന്നു. 'മരണം എനിക്ക് പരലോകത്തെ കൂടിച്ചേരല്‍ മാത്രം' എന്നെഴുതിയ റൂമി ഹാഷിമിന്‍റെ നോവലില്‍ പ്രചോദനസ്രോതസ്സായി നിറയുന്നു.

(റൂമി ഉന്മാദിയുടെ പുല്ലാങ്കുഴല്‍ - ഇ. എം. ഹാഷിം - മാതൃഭൂമി ബുക്സ്).

 


ഹിമാലയത്തില്‍നിന്നുള്ള കുറിപ്പുകള്‍

 പ്രകൃതിയെ മനസ്സിലേക്കാവാഹിച്ച എഴുത്തുകാരനാണ് റസ്കിന്‍ ബോണ്ട്. റസ്കിന്‍ ബോണ്ടിന്‍റെ 'റയിന്‍ ഇന്‍ ദ മൗണ്ടന്‍സ്' എന്ന മനോഹരഗ്രന്ഥം കെ. ബി. പ്രസന്നകുമാര്‍ 'ഹിമാലയത്തില്‍ നിന്നുള്ള കുറിപ്പുകള്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതു വായിച്ചാല്‍ പ്രകൃതിയോടു ചേര്‍ന്നുനില്ക്കുന്ന എഴുത്തുകാരനെ നാം തിരിച്ചറിയും. മനുഷ്യകേന്ദ്രിതമല്ല റസ്കിന്‍റെ വീക്ഷണം. എല്ലാ ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും മലകള്‍ക്കും കുന്നുകള്‍ക്കും അവ അര്‍ഹിക്കുന്ന സ്ഥാനം അദ്ദേഹം നല്കുന്നു. റസ്കിന്‍ ബോണ്ടിന്‍റെ പ്രപഞ്ചവീക്ഷണം അതിവിശാലമാണ്. മനുഷ്യകേന്ദ്രിതമായ ലോകബോധവും പ്രപഞ്ചവീക്ഷണവും വികസനസങ്കല്പനങ്ങളും ഭൂമിയില്‍ ഏല്പിച്ച ആഘാതങ്ങള്‍ നിരവധിയാണ്. പാരിസ്ഥിതിക വിനാശത്തിന്‍റെ കാലത്ത് റസ്കിന്‍ ബോണ്ടിന് പ്രസക്തി വര്‍ധിച്ചുവരും എന്ന കാര്യത്തില്‍ സംശയമില്ല. കുറിപ്പുകളും ലേഖനങ്ങളും കവിതകളും ആത്മകഥാഭാഗങ്ങളും എല്ലാം ഉള്‍പ്പെടുന്ന പുസ്തകം മികച്ചവായനാനുഭവമാണ് നല്കുന്നത്. വിവര്‍ത്തകനെന്ന നിലയില്‍ കെ. ബി. പ്രസന്നകുമാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

'റസ്കിന്‍ ബോണ്ടിനെ വായിക്കുമ്പോള്‍ ചില പ്രകാശവൃത്തങ്ങള്‍ ഉള്ളിലേക്കു കടന്നുവരുന്നു. ലാഘവം, ശാന്തത, അയവ്, സുതാര്യത, നമ്രത, പാരസ്പര്യം, നിശ്ശബ്ദത - ഈവിധമെല്ലാം അവസ്ഥകളിലൂടെ നാം കടന്നുപോകുന്നു' എന്ന വിവര്‍ത്തകന്‍റെ നിരീക്ഷണം യാഥാര്‍ത്ഥ്യമാണ്. 'റസ്കിന്‍ ബോണ്ട് നമ്മെ പരിസരങ്ങളുമായി ആര്‍ദ്രമായി അനുരഞ്ജിപ്പിക്കുന്നു' എന്നതും സത്യമാണ്.
ഭൂമിയില്‍ തൊട്ട് നടന്നുനീങ്ങിയാണ് ഗ്രന്ഥകാരന്‍ പ്രകൃതിയെ അറിയുന്നത്. വാഹനങ്ങളില്‍ ചീറിപ്പായുന്നവര്‍ക്ക് വിലപ്പെട്ടതു പലതും നഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 'കൂടുതല്‍ കൂടുതല്‍ ആളുകള്‍ കാറിനെ ആശ്രയിച്ചുതുടങ്ങുമ്പോള്‍ പുതിയൊരുതരം മനുഷ്യര്‍ രൂപംകൊള്ളും' എന്നാണ് റസ്കിന്‍ ബോണ്ട് പറയുന്നത്. മനുഷ്യന്‍റെ ലോകം പരിമിതമാകുന്നതിന്‍റെ, പ്രകൃതിയില്‍ നിന്നകലുന്നതിന്‍റെ ചിത്രമാണിവിടെ നാം കാണുന്നത്. തന്‍റെ പ്രകൃതത്തിനും സര്‍ഗാത്മകതയ്ക്കും അനുസരിച്ച് ജീവിക്കുമ്പോഴാണ് സന്തോഷമുണ്ടാകുന്നത് എന്നു തിരിച്ചറിഞ്ഞ യാത്രികനാണ് ഈ ഗ്രന്ഥകാരന്‍ എന്നതാണ് നാം മനസ്സിലാക്കുന്നത്.

മലകളെ, പര്‍വ്വതങ്ങളെ ആത്മാവുകൊണ്ടു സ്നേഹിക്കുന്ന എഴുത്തുകാരനാണ് റസ്കിന്‍ ബോണ്ട്. 'മലകളില്‍ എന്തോ ആകര്‍ഷണമുണ്ട്. എന്തോ ഒന്ന് അവയില്‍നിന്ന് രക്തത്തില്‍ കലര്‍ന്നപോലെ. അതു നമ്മെ മലകളോട് ചേര്‍ത്തുനിര്‍ത്തും.   അതൊരിക്കല്‍ ഒരാളുടെ രക്തത്തില്‍ കലര്‍ന്നാല്‍ ആ മനുഷ്യന്‍ പിന്നെ മറ്റെല്ലാം മറക്കും. മരണം വരെ മലകളിലേക്കു മടങ്ങും' എന്നു നാം വായിക്കുമ്പോള്‍ മലകള്‍ റസ്കിന്‍ ബോണ്ടിന്‍റെ ജീവിതത്തോട് എത്രമാത്രം ചേര്‍ന്നുനില്ക്കുന്നു എന്നറിയുന്നു. 'എന്‍റെ രക്തത്തെ പോഷകപ്പെടുത്തിയത് മലകളാണ്. ഒരിക്കല്‍ അവയുടെ അരികില്‍ ജീവിച്ചാല്‍, പിന്നെ എക്കാലവും അവ നിങ്ങള്‍ക്കൊപ്പമുണ്ടാകും. അവയില്‍നിന്ന് മോചനമില്ല' എന്ന് റസ്കിന്‍ ബോണ്ട് എടുത്തുപറയുന്നു. അതുകൊണ്ടാണ് 'നഗരത്തില്‍ ഒന്നുമില്ല, ആത്മാവില്‍ രോഗാവസ്ഥ മാത്രം. ദുഃഖമല്ലാതെ അവിടെ ഒന്നും നേടാനില്ല' എന്ന് അദ്ദേഹം കുറിക്കുന്നത്.

"ഞാന്‍ ഇലകളും പുല്ലുകളും വസ്തുക്കളുടെ ഗന്ധങ്ങളും തന്ന ദൈവത്തിനു നന്ദി പറയണം; കര്‍പ്പൂരതുളസിയുടെയും മൈലാഞ്ചിയുടെയും മുത്തങ്ങയുടെയും ഗന്ധത്തിന്, വസ്തുക്കളുടെ സ്പര്‍ശനത്തിന്, പുല്ലുകളുടെ സ്പര്‍ശനത്തിന്, ആകാശത്തിന്, വായുവിന്, ആകാശനീലിമാസ്പര്‍ശനത്തിന്... ദൈവമേ നന്ദി." ഈ വാക്കുകളില്‍ നിന്ന് റസ്കിന്‍ ബോണ്ടിന്‍റെ മനോഭാവം മനസ്സിലാകും. അദ്ദേഹം ദൈവത്തെയും ആത്മീയതയേയും കണ്ടെത്തുന്നത് പ്രകൃതിയിലാണ്. പാരിസ്ഥിതിക ആത്മീയതയുടെ പ്രകാശനമാണ് ഈ എഴുത്തുകാരന്‍ പ്രസരിപ്പിക്കുന്നത്.

'നിഗൂഢതയുടെ വിളികേള്‍ക്കൂ' എന്നാണ് റസ്കിന്‍ ബോണ്ട് ആഹ്വാനം ചെയ്യുന്നത്. "നാം കാണുന്നതിനും സ്പര്‍ശിക്കുന്നതിനും കേള്‍ക്കുന്നതിനും ശാസ്ത്രീയമായ, യുക്തിനിഷ്ഠമായ വിശദീകരണങ്ങളുണ്ടാകുന്ന ഈ കാലത്ത് ചില നിഗൂഢതകള്‍ അവശേഷിക്കുന്നത് നല്ലതുതന്നെ. എന്‍റെതു മാത്രമല്ല, മധുരോദാരവും ഏറെ സംതൃപ്തിപ്പെടുത്തുന്നതുമായ നിഗൂഢത." ചിലതെല്ലാം അറിയാന്‍, കാണാന്‍ ബാക്കിയുണ്ട് എന്നതാണ് മനുഷ്യന്‍റെ വാഴ്വിന്‍റെ പൊരുള്‍. ഭൂമിയുടെ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് വഴിതുറക്കുന്ന ഉത്സാഹിയായ മനുഷ്യചേതനയുടെ ഏകാന്തമുദ്രകള്‍' നാം ഈ ഗ്രന്ഥത്തില്‍ കാണുന്നു. 'മലകളില്‍ വസിച്ചാലേ സ്ഥലവിശാലതയുടെ, അല്ലെങ്കില്‍ അതിരുകളില്ലാത്ത ഇടത്തിന്‍റെ, അനുഭവമുണ്ടാകൂ' എന്നതാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.

പഞ്ചേന്ദ്രീയങ്ങള്‍കൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടും പ്രകൃതിയെ തൊടുന്ന എഴുത്തുകാരനാണ് റസ്കിന്‍ ബോണ്ടെന്ന് ഈ പുസ്തകത്തില്‍നിന്ന് നാം മനസ്സിലാക്കുന്നു. പ്രകൃതിയോടു ചേര്‍ന്നുനില്ക്കുന്നവനാണ് യഥാര്‍ത്ഥസന്തോഷവും സ്നേഹവും ഉണ്ടാകുക. 'സ്നേഹരഹിതമായ ജീവിതം സ്നേഹിക്കപ്പെടാത്ത ഉദ്യാനങ്ങളെയും സൃഷ്ടിക്കുന്നു' എന്ന് അദ്ദേഹം പറയുന്നു. മനസ്സു നിറയുന്ന അനുഭവമാണ് ഈ പുസ്തകം നല്കുന്നത്. വിവര്‍ത്തകന് നന്ദി.

(ഹിമാലയത്തില്‍നിന്നുള്ള കുറിപ്പുകള്‍ - റസ്കിന്‍ ബോണ്ട് - വിവ. കെ. ബി. പ്രസന്നകുമാര്‍ - മാതൃഭൂമിബുക്സ്)

 


വിത്തുമൂട

 ചില മനുഷ്യരെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കു ക്ഷാമം നേരിടുമ്പോള്‍ നാം നിശ്ശബ്ദരാകും. ചെറുവയല്‍ രാമന്‍ എന്ന കൃഷിക്കാരനെയും പൈതൃകനെല്‍വിത്തുകളുടെ കാവല്‍ക്കാരനെയും നമുക്കു വാക്കുകള്‍കൊണ്ട് പരിചയപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. ആധുനികനാഗരികതയ്ക്കെതിരെ പ്രതിരോധത്തിന്‍റെ സംസ്കാരമാണ് ഈ ജൈവമനുഷ്യന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അജൈവജീവിതം നയിക്കുന്ന നമുക്കിടയില്‍ ഒരു ജൈവമനുഷ്യന്‍. ഭൂമിയെ ഒരു തരത്തിലും മുറിവേല്പിക്കാതെ, മണ്ണില്‍ ചവുട്ടി ഈ യോഗി നടക്കുന്നു. അന്‍പതിലധികം പൈതൃകവിത്തുകള്‍ സംരക്ഷിക്കുന്നതിലൂടെ ചെറുവയല്‍ രാമന്‍ ഭാവിയെ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ ജൈവമനുഷ്യനെ സൂക്ഷ്മമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് 'വിത്തുമൂട.' എം. പി. പ്രതീഷ്, അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവരാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. മണ്ണില്‍ തൊട്ടുനില്ക്കുന്ന ഒരു മനുഷ്യനെ ശരിയായ വിധത്തില്‍ അടയാളപ്പെടുത്തുകയാണിവിടെ. വിത്തിനു കാവല്‍ മുതല്‍ കാടുകള്‍വരെയുള്ള ചെറിയ കുറിപ്പുകളിലൂടെ ചെറുവയല്‍ രാമന്‍ വളര്‍ന്നുവരുന്നു. അസാധാരണനായ ഒരു കര്‍ഷകന്‍റെ രൂപം നാം കാണുന്നു. "നമ്മുടെ കാലത്ത് ജീവിതം എല്ലാ തിന്മകളില്‍നിന്നും മണ്ണില്‍നിന്നും വേര്‍പെട്ടുപോകുമ്പോള്‍, അവയ്ക്കിടയില്‍ ആദിമമായൊരു ഉള്‍ക്കരുത്തോടെ പ്രകൃതതിയോടു സംവദിക്കുകയും മണ്ണില്‍ പറ്റിച്ചേര്‍ന്നു വളരുകയും ചെയ്യുന്ന ഒരു മനുഷ്യന്‍റെ അനുഭവങ്ങളിലൂടെയുള്ള ചുറ്റിനടത്തമാണിത്" എന്ന് ഗ്രന്ഥകാരന്മാര്‍ കുറിക്കുന്നു. 'മണ്ണിലേക്കുള്ള ക്ഷണമാണ് ചെറുവയല്‍ രാമന്‍റെ ജീവിതം. അത് ജൈവമായ, ഹരിതകം നിറഞ്ഞ, ഒരു ഭൂമിയിലേക്കും കാലത്തിലേക്കുമുള്ള ക്ഷണം കൂടിയാണ് എന്ന് നാം മനസ്സിലാക്കുന്നു.

ഓരോ വിത്തിലും മറഞ്ഞിരിക്കുന്ന ഒരാകാശമുണ്ടെന്ന് ഈ കര്‍ഷകനറിയാം. വിത്തിന്‍റെ ആന്തരികതയെ അദ്ദേഹത്തിനറിയാം. 'വിത്തിനുള്ളിലെ മിടിപ്പുകള്‍ അയാള്‍ ഒരു കുഞ്ഞിന്‍റേതെന്നവണ്ണം സ്പര്‍ശിച്ചറിയുന്നു.' അതുകൊണ്ടാണ് ചെറുവയല്‍ രാമന്‍ വിത്തുകളെ ചേര്‍ത്തുനിര്‍ത്തുന്നത്. പ്രകൃതിയാണ് സൃഷ്ടിച്ചത്. പ്രകൃതിതന്നെ പോറ്റും, കാക്കും. എല്ലാ അറിവുകളും കാട്ടില്‍നിന്നാരംഭിക്കുന്നുവെന്നാണ് രാമന്‍റെ വിശ്വാസം. 'ഔഷധം, ഉറവിടം, ആഹാരം, അഭയസ്ഥാനങ്ങള്‍ എല്ലാത്തിന്‍റെയും ഉറവിടം വനങ്ങളിലാണ്. കാടിന്‍റെ സ്വരഭേദങ്ങള്‍ക്കും താളങ്ങള്‍ക്കും ഇയാള്‍ ചെവിയോര്‍ക്കുന്നു. അതിന്‍റെ ശ്വാസത്തിനൊപ്പം ശ്വസിക്കുന്നു, അതിന്‍റെ താളത്തില്‍ നടക്കുന്നു. അതിന്‍റെ അറിവുകള്‍ക്കുമുന്നില്‍  വിനയാന്വിതനാകുന്നു. അതിന്‍റെ അതീതത്വത്തില്‍ വിശ്വസിക്കുന്നു.'

ചെറുവയല്‍ രാമന്‍റെ ജീവിതം ഒരു പാഠപുസ്തകമാണ്. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. പ്രകൃതിയും മണ്ണും വിത്തുകളും എല്ലാ ജീവജാലങ്ങളും കഥാപാത്രമാകുന്ന ഗ്രന്ഥം. ഹിംസ നിറഞ്ഞ ഈ കാലത്തിന് സാന്ത്വനമാണീ ജൈവമനുഷ്യന്‍.

(വിത്തുമൂട - എം. പി. പ്രതീഷ് - അബ്ദുള്ളകുട്ടി എടവണ്ണ - എലമെന്‍റ്സ് കോഴിക്കോട്) 

You can share this post!

മനുഷ്യഭാവിയുടെ ചരിത്രം

ഡോ. റോയി തോമസ്
അടുത്ത രചന

ലിംബാളെയും അവസാനത്തെ പെണ്‍കുട്ടിയും

ഡോ. റോയി തോമസ്
Related Posts