news-details
ധ്യാനം

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തില്‍ യേശുവിന്‍റെ പൗരോഹിത്യപ്രാര്‍ത്ഥനയെപ്പറ്റി വിശദീകരിക്കുന്നു. തനിക്കുവേണ്ടിയും തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടിയും വരാനിരിക്കുന്ന സമൂഹത്തിനുവേണ്ടിയും യേശു പ്രാര്‍ത്ഥിക്കുന്നു. ചിതറിപ്പോകാതെ ഒന്നിച്ചു നിര്‍ത്തണമേ എന്നാണ് യേശുവിന്‍റെ പ്രാര്‍ത്ഥന. ആരൊക്കെയാണ് ഒന്നിക്കേണ്ടത്? തീവ്രവാദിയായ ശിമയോനും പണക്കൊതിയനായ യൂദാസും സ്ഥാനമോഹികളായ സെബദീപുത്രന്മാരും ഒന്നിക്കണം. മാനുഷികമായ കഴിവുകൊണ്ട് അവര്‍ക്ക് ഒന്നിക്കാനാവില്ല. അവരെയെല്ലാം ഒന്നിപ്പിച്ചു കോര്‍ത്തിണക്കുന്ന ഒരു ചരടുണ്ടായിരുന്നു. അതായിരുന്നു ക്രിസ്തു. ഇഷ്ടമില്ലാത്ത ഭര്‍ത്താവിനെയും അകല്‍ച്ച തോന്നുന്ന ഭാര്യയെയും ഒന്നിപ്പിക്കുന്നത് ക്രിസ്തു സാന്നിധ്യമാണ്.  

മൂന്നുവിധത്തിലൂള്ള ഒന്നാകലുകള്‍ നമ്മില്‍ സംഭവിക്കേണ്ടതുണ്ട്: ദൈവവും ഞാനും കൂടി ഒന്നാകണം, മനുഷ്യനും മനുഷ്യനും കൂടി ഒന്നാകണം, മനുഷ്യനും അവന്‍റെ മനസ്സാക്ഷിയും തമ്മില്‍ ഒന്നാകണം. മനുഷ്യന്‍ ദൈവത്തില്‍ നിന്നകന്നപ്പോഴാണ് ദൈവം ചോദ്യവുമായി കടന്നുവന്നത്. "ആദം നീ എവിടെയാണ്?" ദൈവത്തോട് ഒന്നാകാതെ മനുഷ്യന്‍ നടക്കുമ്പോള്‍ അവന്‍റെ പാതകള്‍ ഇരുളുനിറഞ്ഞതായി മാറും. അനുഗ്രഹം നഷ്ടപ്പെട്ട മനുഷ്യനായി അവന്‍ അലഞ്ഞുതിരിയും. ദൈവവുമായുള്ള ഒന്നിപ്പ് നഷ്ടപ്പെട്ട മനുഷ്യന് സഹജീവികളുമായുള്ള ഒന്നിപ്പ് നഷ്ടപ്പെട്ടു. ദൈവത്തില്‍ നിന്നകന്നവന്‍ മനുഷ്യനില്‍ നിന്നകന്നു. "കായേന്‍ നിന്‍റെ  സഹോദരന്‍ ആബേല്‍ എവിടെ?" എന്നു ചോദിച്ചുകൊണ്ട് മനുഷ്യജീവിതത്തില്‍ വീണ്ടും ദൈവം കടന്നുവരുന്നു. ദൈവവുമായി ഒന്നിച്ചിരിക്കുന്നവന് മനുഷ്യനെ ഉള്‍ക്കൊള്ളുവാന്‍ കഴിയും. ഏതൊരു വ്യക്തിയെയും അവന്‍റെ കുറവുകളോടുകൂടി ഉള്‍ക്കൊള്ളുവാനുള്ള ഹൃദയവിശാലത അവനു ലഭിക്കുന്നു.

തന്നോടുതന്നെയുള്ള ഒന്നിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തിത്വത്തില്‍ വിഭജനമുള്ളവന് ഒന്നിനെയും ഉള്‍ക്കൊള്ളാനാവില്ല. സ്വയം ശപിക്കുന്നവരും ക്ഷിപ്രകോപമുള്ളവരും എല്ലാറ്റിനെയും വിമര്‍ശിക്കുന്നവരുമായി അവന്‍ മാറും. ആത്മനിയന്ത്രണമില്ലാത്ത വാക്കുകള്‍ പറയുകയും പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചുറ്റുവട്ടങ്ങളില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്യും. ദൈവവുമായി ഒന്നിച്ചിരിക്കുന്നവന് ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ല. എന്തിനെയും ശാന്തമായി നേരിടുവാനും വളരെ ശാന്തമായി മുന്നോട്ടു പോകുവാനും അങ്ങനെയുള്ളവര്‍ക്കു കഴിയും. ഭിന്നിപ്പിന്‍റെയും അസൂയയുടെയും ലോകത്തില്‍ യേശുവിന്‍റെ പൗരോഹിത്യ പ്രാര്‍ത്ഥന എത്ര അര്‍ത്ഥവത്താണ്. മനുഷ്യര്‍ക്കിടയിലും രാജ്യത്തിനിടയിലും ഈ ഒന്നിപ്പ് സംഭവിച്ചിരുന്നെങ്കില്‍ ലോകം എത്ര മനോഹരമാകുമായിരുന്നു.

യേശു തനിക്കുവേണ്ടിയും തന്‍റെ ശിഷ്യസമൂഹത്തിനുവേണ്ടിയും സഭയ്ക്കുവേണ്ടിയുമെല്ലാം പ്രാര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം ഒരു കാലഘട്ടത്തിനു വേണ്ടി മാത്രമുള്ളതല്ല. വരുംകാല തലമുറയ്ക്ക് അതു കൈമാറുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നമ്മുടെ ജീവിതം ഒരു പുഴയ്ക്ക് തുല്യമാണ്. നമുക്കു ലഭിച്ചിരിക്കുന്ന ജീവിതകാലം ഒരു ചെക്കുഡാം പോലെയുമാണ്. വെള്ളത്തെ മലിനമാകാതെ സൂക്ഷിച്ച് വരുംതലമുറയ്ക്കായി ഒഴുക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അതു നമ്മുടെ പാപമാണ്.

യേശുവിന്‍റെ പൗരോഹിത്യപ്രാര്‍ത്ഥന നമ്മെ സ്വാധീനിക്കട്ടെ. വിള്ളലുകളും വിടവുകളുമുള്ള ലോകത്തില്‍ ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രവാചകരായി നമുക്കു മാറാം. നമ്മെ തമ്മിലകറ്റുന്ന കാര്യങ്ങളെ മറന്ന് ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം. ഏല്പിക്കപ്പെട്ട വിശ്വാസം വരുംകാല തലമുറയ്ക്കായി ഭദ്രമായി കൈമാറാം. സ്നേഹിക്കുക എന്ന കല്പന ശിരസ്സാ നിറവേറ്റി ലോകത്തില്‍ നമുക്കു ജീവിക്കാം. നല്ലവനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

You can share this post!

പകരം വയ്ക്കാനാവാത്ത സ്നേഹം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts