news-details
ഇടിയും മിന്നലും

അടുത്തൊരു സ്ഥലംവരെ പോകാന്‍ വണ്ടിസ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് തൊട്ടുമുമ്പില്‍ ഒരു അത്യാഡംബര കാര്‍ വന്നു നിര്‍ത്തിയത്. ഞാന്‍ ഹോണടിച്ചിട്ടും മൈന്‍ഡുചെയ്യാതെ ഡ്രൈവര്‍ ചാടിയിറങ്ങി ഓടിച്ചെന്ന് ഫ്രണ്ട്ഡോര്‍ തുറന്ന് ഒരു സ്ത്രീയെ താങ്ങിയിറക്കി ആശ്രമത്തിനകത്തേയ്ക്കു കൊണ്ടുപോയി. ഞാന്‍ വീണ്ടുംവീണ്ടും ഹോണടിച്ചു. അല്പംകഴിഞ്ഞ് ഡ്രൈവര്‍ ഓടിവന്നപ്പോള്‍ ഞാന്‍ വണ്ടി ഓഫുചെയ്ത് ഇറങ്ങിച്ചെന്നു.

"ഇയാളെന്താ മാര്‍പ്പാപ്പായുടെ ഡ്രൈവറാണോടോ, എന്‍റെ മുറ്റത്തുവന്ന് ഞാന്‍ ഹോണടിച്ചിട്ടും എന്‍റെ വണ്ടി ബ്ലോക്കുചെയ്യാന്‍?"

"അച്ചനായതുകൊണ്ടെന്നെ തല്ലിയില്ല, വേറെവല്ലോരും ആയിരുന്നേല്‍ അടി തന്നു കഴിഞ്ഞിട്ടേ ഈ ചോദ്യം ചോദിക്കുമായിരുന്നുള്ളു. അതറിയാഞ്ഞിട്ടല്ലച്ചാ. എന്നാലും അവരുടെ വായിലിരിക്കുന്നതു കേള്‍ക്കുന്നതിനേക്കാള്‍ ഭേദം അടികിട്ടുന്നതുതന്നെയാണെന്നു മനസ്സിലോര്‍ത്തോണ്ടാ ഞാനീപണി കാണിച്ചത്. ഇപ്പം മാറ്റിയേക്കാമച്ചാ."

അയാളോടിച്ചെന്ന് വണ്ടിമാറ്റിയിട്ടു. വിരളമായി റോഡില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മുന്തിയ ബ്രാന്‍റു കാറ് അടുത്തു കാണുന്നത് ആദ്യമായിരുന്നു. അതുകൊണ്ട് പരിഭവമൊക്കെ മാറ്റിവച്ച് അയാളുടെ അനുമതിയോടെ വണ്ടിയുടെ അകമെല്ലാം കണ്ടു. വില കേട്ടപ്പോള്‍ അറിയാതെ "ന്‍റമ്മോ"ന്നു കാറിപ്പോയി. ഇതുപോലെ ഒരെണ്ണംകൂടി ഇവര്‍ക്കുണ്ട്, അത് ഈ പുള്ളിക്കാരത്തീടെ ഭര്‍ത്താവുതന്നെയാണ് ഓടിക്കുന്നത്. അങ്ങേരു പേരുകേട്ട ഡോക്ടറാണ്. വില കൂടുതലാണെങ്കിലും ഇതില്‍ യാത്ര നല്ലസുഖമാണ്, ഓടിക്കാനും സുഖം, അപകടവും കുറഞ്ഞിരിക്കും എന്നൊക്കെ ചോദിക്കാതെതന്നെ അയാള്‍ വിശദീകരണം തുടര്‍ന്നപ്പോള്‍ തടയിടാന്‍വേണ്ടി ഞാന്‍ പറഞ്ഞു:

"അതൊക്കെയങ്ങു ഹൈവേയില്. ഇവിടെയൊക്കെയോടാനും ഈ റോഡില്‍കൂടെ ഓടിക്കാനും എന്‍റെ പാവം മാരുതിതന്നെയാ സുഖം."
"കാശുള്ളോര്‍ക്കു സ്വന്തം പത്രാസു കാണിക്കാനിതൊക്കെയല്ലേയച്ചാ വഴി?"
"അതൊക്കെയങ്ങു സ്വന്തം കുടുംബത്ത്. വല്ലോന്‍റേം മുറ്റത്തുവന്ന്, വണ്ടികൊണ്ടു വഴിമുടക്കുന്നതാണോടോ പത്രാസ്."

"ആ പുള്ളിക്കാരത്തി ഒരു സംഭവമാണച്ചാ. ആ പണി അന്നേരം ഞാന്‍ കാണിച്ചില്ലാരുന്നേല്‍ അവരെന്‍റെ മൂന്നു തലമുറയിലെ കാര്‍ന്നോന്മാരെ മുഴുവന്‍ ചീത്തവിളിച്ചേനേം."

"ഇത്രേംകാലോം ചീത്തവിളികേട്ടിട്ടും ഇപ്പോഴും ഇയാളു വിട്ടുപോകാത്തപ്പോള്‍ അതുപോലെ എന്തെങ്കിലും ഗുണമുണ്ടായിട്ടായിരിക്കുമല്ലോ."

"അതൊക്കെ വലിയ സംഭവമാണച്ചാ. ഇവരെ ഓര്‍ത്തല്ല, ഇവരുടെ ഭര്‍ത്താവു ഡോക്ടറിനേം അങ്ങേരടെ അപ്പനേം ഓര്‍ക്കുമ്പോള്‍ ഇവരെന്തൊ ക്കെപ്പറഞ്ഞാലും എനിക്കതെല്ലാം പൊറുക്കാന്‍ പറ്റും. അച്ചന്‍ വിശ്വസിക്കുമോ, എനിക്കു രണ്ടു മക്കളാ, രണ്ടുപേരും ഡോക്ടേഴ്സ്. അവരുടെ ഭാര്യമാരും ഡോക്ടേഴ്സ്. അവരും സമ്മതിച്ചിട്ടാ ഞാനീ ഡ്രൈവറുപണി കളയാത്തത്. അതൊക്കെ വല്യസംഭവമാണച്ചാ. ഇവരുടെ ഭര്‍ത്താവ് ഡോക്ടറുടെയപ്പന്‍ പഴയകാലത്തെ വലിയ ജന്മിയായിരുന്നച്ചാ. എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ എന്‍റെ അപ്പനായിരുന്നു അവരുടെ ഡ്രൈവര്‍. ഇവരു മൂന്നുമക്കളാണ്. ഈ ഡോക്ടറാണ് ഇളയത്. മൂത്തയാള് കുടുംബസമേതം അമേരിക്കേലാ. രണ്ടാമത്തെ ആളിന്‍റെ കൂടെയാ ഇപ്പം അപ്പനുമമ്മയും. ഡോക്ടറിന്‍റെകൂടെ താമസിക്കാനായിരുന്നു അവര്‍ക്കിഷ്ടം. അതൊക്കെ വല്യ സംഭവമാണച്ചാ. അങ്ങേരടെ ആ മക്കടെയൊപ്പം എന്നെയും പഠിപ്പിക്കാമെന്ന് അന്നങ്ങേരു നിര്‍ബ്ബന്ധിച്ചതാ. പക്ഷേ അപ്പനു ക്ഷീണമായി ഡ്രൈവറുപണി ഞാനേറ്റെടുക്കണമെന്നു പറഞ്ഞ് അപ്പനന്നതിനു സമ്മതിച്ചില്ല. ഞാന്‍ ഡ്രൈവറുപണി ഏറ്റുകഴിഞ്ഞാണ് ഈ പുള്ളിക്കാരത്തിയെ ഡോക്ടറു കെട്ടുന്നതുപോലും. പിന്നേം അഞ്ചാറു കൊല്ലംകഴിഞ്ഞാ ഞാന്‍ കല്യാണംകഴിച്ചത്. ഡോക്ടറിനു രണ്ടുമക്കളുണ്ടായി, മൂത്തതുപണ്ണും ഇളയത് ആണും. എനിക്കു രണ്ട് ആണ്‍പിള്ളേരും ഒരു മകളുമുണ്ട്. ഡോക്ടര്‍ക്കു രണ്ടുമക്കളെയും കാര്യമായിട്ടു പഠിപ്പിക്കാന്‍ പറ്റിയില്ല. അതൊക്കെ വല്യ സംഭവമാണച്ചാ. പഠിക്കാന്‍ മിടുക്കരായിരുന്ന എന്‍റെമക്കളെ രണ്ടുപേരെയും ഈ ഡോക്ടറാണു ഡോക്ടറാകാന്‍ പഠിപ്പിച്ചത്. എന്‍റെ മകളെ നല്ലനിലയില്‍ കെട്ടിച്ചയക്കാനും അദ്ദേഹം സഹായിച്ചു. ഇത്രയും തങ്കപ്പെട്ട ആ മനുഷ്യന് ഇങ്ങനെയൊരു സ്ത്രീയെ എങ്ങനെ കിട്ടിയെന്ന് നാട്ടുകാരൊക്കെ ചോദിക്കാറുണ്ട്. അരിശം വന്നാലവരു വാതോരാതെ ചീത്തപറയും. പണ്ട് ഇത്രേമില്ലായിരുന്നു. അതൊക്കെ വല്യ സംഭവമാ ണച്ചാ, ഇവര്‍ക്കൊരു മകനുണ്ടായിരുന്നു. പത്തു പന്ത്രണ്ടു വര്‍ഷംമുമ്പ് അതൊരു ടിപ്പറു കയറി മരിച്ചു. അതില്‍പിന്നെയാ ഇവര്‍ക്കിത്രയും കൂടുതലായത്."
"ഇവരുടെ ഭര്‍ത്താവ് ഡോക്ടറിന്‍റെ പേര് ............ ന്നാണോ?" ഞാന്‍ ചോദിച്ചു.

"അതേ, അച്ചനങ്ങേരെ അറിയുമോ?"
അതിനു മറുപടി പറയാതെ, ഉടനെപോയിട്ടത്യാവശ്യമുണ്ടെന്നുപറഞ്ഞ് ആ സ്ത്രീ തിരിച്ചിറങ്ങിവരുന്നതിനുമുമ്പു ഞാന്‍ വേഗം വണ്ടി വിട്ടു. എന്‍റെ മുമ്പില്‍ക്കൂടെ നടന്നുപോയപ്പോള്‍ ശ്രദ്ധിച്ചു നോക്കിയിരുന്നെങ്കില്‍ ഞാനാ സ്ത്രീയെ തിരിച്ചറിഞ്ഞേനേ. കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് അവരെ അത്രമാത്രം പരിചയമുണ്ടായിരുന്നതാണ്. വണ്ടിയോടിക്കുമ്പോഴും ഓര്‍മ്മിക്കാനിഷ്ടമില്ലാത്ത ആ പഴയ ഓര്‍മ്മകള്‍ തികട്ടിവന്നുകൊണ്ടിരുന്നു.

പത്തുമുപ്പത്തെട്ടു കൊല്ലംമുമ്പ് ധ്യാനമന്ദിരത്തില്‍വച്ചാണ് ഈ പറഞ്ഞ ഡോക്ടറെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത്. അദ്ദേഹമന്ന് എംബിബിഎസ് കഴിഞ്ഞ് എം.എസ്-നു പഠിച്ചുകൊ ണ്ടിരിക്കുന്നു. മാതാപിതാക്കളുമൊന്നിച്ചായിരുന്നു അന്നു ധ്യാനത്തിനു വന്നത്. ധ്യാനഗുരുക്കന്മാരില്‍ ഏറ്റവും  ചെറുപ്പക്കാരന്‍ ഞാനായിരുന്നതുകൊണ്ട് മൂന്നുപേരും അന്നെന്‍റെയടുത്താണു വന്നത്. ഡോക്ടറായ മകന്‍ ഒരു ലേഡിഡോക്ടറെതന്നെ കല്യാണംകഴിക്കണമെന്നു മാതാപിതാക്കള്‍ക്കു നിര്‍ബ്ബന്ധം. അതുവേണ്ടെന്നു മകനും. അവന്‍ പറഞ്ഞ കാരണങ്ങളും വളരെ ന്യായയുക്ത ങ്ങളായിരുന്നു. നാലുതലമുറയ്ക്ക് അനുഭവിക്കാനുള്ള പിതൃസ്വത്ത് കുടുംബത്തിലുണ്ട്. പണത്തിനു കൂടുതലാവശ്യമില്ല. മെഡിക്കല്‍ പ്രൊഫഷനോടുള്ള താത്പര്യംകൊണ്ടാണ് ഡോക്ടറാകാന്‍ തീരുമാനിച്ചത്. ഉപരിപഠനം നടത്തുന്നതും അതു കൊണ്ടു തന്നെയാണ്. അപ്പനേം അമ്മയേംപോലെ നല്ല കുടുംബമായിട്ടു ജീവിക്കാനാണാഗ്രഹം. ഭാര്യയും കൂടെ ഡോക്ടറായാല്‍ അതു നടക്കില്ല. തന്നെയല്ല, ഇളയമകനായതുകൊണ്ട് ഭാര്യ ഒരു നല്ല വീട്ടമ്മയാ ണെങ്കില്‍ മാതാപിതാക്കളുടെയും കുടും ബത്തിലെയും കാര്യങ്ങള്‍ അവളു നോക്കി ക്കൊള്ളും, മക്കളുടെ വളര്‍ത്തലിലും അവര്‍ക്കു ശ്രദ്ധിക്കാന്‍ പറ്റും. മാതാപിതാക്കള്‍ നിരത്തിയ വാദങ്ങളും വളരെ ന്യായമായവ. ഒരു ഡോക്ടറെ മനസ്സിലാക്കാന്‍ ഡോക്ടര്‍ക്കാണ് സാധിക്കുക. അല്ലെങ്കില്‍ കുറെക്കഴിയുമ്പോള്‍ ഭാര്യയ്ക്കു സംശയവും പരാതികളുമായിരിക്കും. മാത്രമല്ല, രണ്ടുപേരും ഡോക്ടേഴ്സാണെങ്കില്‍ കുറെക്കഴിയുമ്പോള്‍ വേണമെന്നു തോന്നിയാല്‍ സ്വന്തമായിട്ടൊരു ഹോസ്പിറ്റലു തുടങ്ങാം. മാതാപിതാക്കള്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും മകന് മനസ്സുമാറ്റാന്‍ പറ്റുന്നില്ല. അവസാനം അപ്പന്‍റെയും അമ്മയുടെയും തൃപ്തിക്കുവേണ്ടി സമ്മതിക്കാമെന്നായി. അത് അവര്‍ക്കു ബുദ്ധിമുട്ടായി. അവസാനം, ജീവിക്കേണ്ടത് അവനല്ലേ, അവന്‍ കൊച്ചുകുട്ടിയല്ലല്ലോ, തന്നെയല്ല അവന്‍ പറയുന്നതിലും കാര്യമുണ്ടല്ലോ, അവന്‍റെ ഇഷ്ടത്തിനു വിട്, എന്ന എന്‍റെ വിധിതീര്‍പ് അവരെല്ലാവരും അംഗീകരിച്ചു. സമാധാനത്തില്‍ പോവുകയും ചെയ്തു. അഞ്ചാറു മാസംകഴിഞ്ഞ പ്പോള്‍ മകന്‍റെ കല്യാണത്തിനുള്ള ക്ഷണക്കത്തു മായി മാതാപിതാക്കള്‍ എന്നെക്കാണാനെ ത്തിയിരുന്നു. ഒരു സമ്പന്നകുടുംബത്തില്‍നിന്നും അത്യാവശ്യം വിദ്യാഭ്യാസമുള്ള, ജോലിയില്ലാത്ത ഒരു യുവതിയായിരുന്നു വധു.

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡോക്ടറും ഭാര്യയും കാണാന്‍വന്നു. ഒരുവയസ്സായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഡോക്ടറാകെ വിഷമത്തിലാ യിരുന്നു. അവള്‍ക്കു മാതാപിതാക്കളെ നോക്കാന്‍ പറ്റില്ലപോലും. അവരു വളരെ നിര്‍ബ്ബന്ധബുദ്ധിക്കാരാണ്. നാടന്‍ രീതിക്കാരാണ്. പഴഞ്ചന്‍ മനോഭാവക്കാരാണ്. പകലുകിടന്നുറങ്ങാന്‍ സമ്മതി ക്കുകേല. വീട്ടുജോലി കൂടുതലാണ്. വേലക്കാരുടെ എണ്ണംപോരാ. അങ്ങനെ നീണ്ടു പരാതികള്‍. ഡോക്ടറു സ്വകാര്യമായി ഒരുകാര്യംകൂടി എന്നോടു പറഞ്ഞു, ദിവസത്തില്‍ പലപ്രാവശ്യം ഇവള്‍ ഇവളുടെ വീട്ടിലേയ്ക്കു ഫോണ്‍വിളിക്കും, ഇവളുടെ അമ്മയാണിവളുടെ ഏറ്റവും വലിയ ഉപദേശി. എപ്പോഴും വീട്ടിലേയ്ക്കു വിളിക്കുന്നതിന്‍റെപേരില്‍ അമ്മായിയമ്മ വഴക്കുപറഞ്ഞതിന് പിണങ്ങി കൊച്ചിനെയുമെടുത്തുകൊണ്ടു വീട്ടില്‍ പോയി. ഡോക്ടറു പുറകെപോയി അവിടെനിന്നും കൂട്ടിക്കൊണ്ടു വരുന്നവഴിയാണ് എന്‍റടുത്തു കയറിയത്. വേറെ മാറണമെന്നാണിപ്പോള്‍ ഇവളുടെ നിര്‍ബ്ബന്ധം. ഞാന്‍ വളരെ നയത്തിനു ഒരുമണിക്കൂ റോളം പലതും പറഞ്ഞുനോക്കി. പള്ളീലിരിക്കുന്ന അച്ചന്മാര്‍ക്കു വീട്ടിലിരിക്കുന്ന പെണ്ണുങ്ങടെ ബുദ്ധിമുട്ടറിയത്തില്ലെന്നും അച്ചന്‍ പറയുന്നപോലെ ക്ഷമിച്ചു ജീവിക്കേണ്ടയാവശ്യമൊന്നും അവള്‍ക്കി ല്ലെന്നും ഞാന്‍ പറഞ്ഞതിനൊക്കെ തര്‍ക്കുത്തരം തന്നെ പറഞ്ഞപ്പോള്‍ അവസാനം ഞാനും തിരിച്ചടിച്ചു.

"പണമുണ്ടായതുകൊണ്ട് വിവരമുണ്ടാകണ മെന്നില്ല. കാശിന്‍റെ മുഷ്ക്കുകൊണ്ട് ഒന്നും നേടാനുമാകില്ല. കെട്ടിച്ചുവിട്ട മകളുടെ വീട്ടിലെ വിശേഷങ്ങള്‍ കിള്ളിപ്പെറുക്കി, അവളുടെ ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ മകളെ ഗുണദോഷിക്കുന്ന തള്ളമാരെയാണു നാട്ടുകാരു 'മൂധേവി'കളെന്നു പറയുക. കെട്ടിവന്ന വീട്ടിലെ കുറവുകളൊക്കെ സ്വന്തം അമ്മയെയും വീട്ടുകാരെയമറിയിക്കുന്ന മരുമക്കളെയാണ് 'മറുത'കളെന്നു പൊതുജനം വിളിക്കുക. ഇതു രണ്ടിനുമുള്ള ചികിത്സ ഒന്നുതന്നെയാണ്, നല്ല നാലു പൊട്ടീര്. അതു ചെയ്യേണ്ടതു രണ്ടുപേരാണ്. ഒന്നു നിങ്ങളുടെ അമ്മയ്ക്കിട്ട് അവരുടെ ഭര്‍ത്താവ്, മറ്റത് നിങ്ങള്‍ക്കിട്ടു നിങ്ങളുടെ ഭര്‍ത്താവ്."

ഒത്തുതീര്‍പ്പാകാതെ അരിശപ്പെട്ടവരു പോകാനിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു:
"ഞാന്‍ പറഞ്ഞ രണ്ടുപേരും മാന്യന്മാരായതിനാല്‍ ഞാന്‍ നിര്‍ദ്ദേശിച്ച ചികിത്സ ഉടനെയെങ്ങും നടപ്പാക്കില്ലെന്നുറപ്പുള്ളതുകൊണ്ട് നിങ്ങളു കലാപരിപാടി തുടരുക."

അവരു പോയി. ഞാനാ കേസും വിട്ടു.

ഒരുകൊല്ലംകഴിഞ്ഞു വീണ്ടുംവന്നു. അന്നു ഡോക്ടറു തനിച്ചായിരുന്നു. വേദനയോടെ വാര്‍ത്തകള്‍ നിരത്തി. ഭാര്യയുടെ അസഹ്യമായ പെരുമാറ്റം മടുത്ത് മാതാപിതാക്കള്‍ നേരെമൂത്ത ചേട്ടന്‍റെ കൂട്ടത്തിലേയ്ക്കു മാറി. ഭാര്യയുടെ ഇപ്പോളത്തെ നിര്‍ബ്ബന്ധം കുറേക്കൂടെ ടൗണിലേയ്ക്കുമാറി സ്വന്തമായി ആശുപത്രി പണിയണമെന്നാണ്. ഭര്‍ത്താവിനു പറ്റുകേലെങ്കില്‍ പറഞ്ഞാല്‍ മതി അവളുടെ അപ്പന്‍ ആശുപത്രി പണിതു കൊടുക്കും. അവളെത്ര നിര്‍ബ്ബന്ധിച്ചിട്ടും ഡോക്ടര്‍ അതിനു സമ്മതിക്കാഞ്ഞതിനാല്‍ അവളു പിണങ്ങി വീട്ടില്‍ പോയിരിക്കുകയാണ്.

"എന്നോളം വിദ്യാഭ്യാസമില്ലെങ്കിലും എന്‍റപ്പനെത്ര ദീര്‍ഘവീക്ഷണത്തോടെ അന്നെന്നോ ടിതു പറഞ്ഞതാ. ഞാന്‍ കണക്കുകൂട്ടിയതൊക്കെ പിഴച്ചച്ചാ. പ്രായമായ അപ്പന്‍റെയുമമ്മയുടെയുംകൂടെ രണ്ടുമൂന്നു മക്കളുമായി സമാധാനമായ ജീവിതം, നല്ലയൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ്, എല്ലാം നോക്കിനടത്തുന്ന നല്ല സ്നേഹമുള്ളയൊരു ഭാര്യ. ഒന്നും നടന്നില്ല. ആകെയൊരു മടുപ്പാണച്ചാ. ടെന്‍ഷന്‍ കാരണം പ്രാക്ടീസും ശരിയാകുന്നില്ല."
"ചൂടില്‍ മെഴുകു മൃദുവാകും, പക്ഷേ കളിമണ്ണുകട്ടിയാകും. മൃദുവായാല്‍ രൂപംകൊ ടുക്കാം, കട്ടിയായാല്‍ ഒന്നിനും കൊള്ളാതാകത്ത ല്ലേയുള്ളു. ഡോക്ടറു കിട്ടാതെപോയതിനെ യോര്‍ത്തു നിരാശപ്പെടാതെ നേടാനാകുന്നതില്‍ കണ്ണുറപ്പിക്കുക. പ്രാക്ടീസില്‍ ശ്രദ്ധിക്കുക, ഭാര്യയെ ഒന്നിനും പഴിക്കാതെ, ആവുന്നതും കണ്ണടയ്ക്കുക. എന്നെങ്കിലും ഒടുങ്ങാത്ത കാറ്റില്ല, ഒരിക്കലും ശമിക്കാത്ത കോളുമില്ല. കാത്തിരിക്കാനാകണ മെന്നുമാത്രം. അവരു പിണങ്ങിപ്പോയത് അല്പബു ദ്ധിയായതുകൊണ്ടാ, ചെല്ല്, വിളിച്ചാല്‍ വരാതിരിക്കില്ല." ആളെ ധൈര്യപ്പെടുത്തി പറഞ്ഞുവിട്ടു.

പിന്നെയും പലപ്പോഴും വരാറുണ്ടായിരുന്നു. അവര്‍ക്ക് ഒരാണ്‍കുട്ടികൂടി ഉണ്ടായി. അവനു പതിന്നാലു വയസ്സുള്ളപ്പോളവന്‍റെ പ്രശ്നവുമായിട്ടായിരുന്നു അവസാനം വന്നത്. അവരുടെ ഇഷ്ടത്തിനു മാത്രം വളര്‍ത്തിയ, അനുസരണ അശേഷമില്ലാത്ത, പഠിത്തത്തില്‍ ശ്രദ്ധയില്ലാത്ത തലതെറിച്ച രണ്ടുമക്കള്‍. അവന് ആ പ്രായത്തില്‍ സ്കൂട്ടര്‍ വേണം. അമ്മയും അവന്‍റെ പക്ഷം. അവനു സകൂട്ടറോടിക്കാനുള്ള വളര്‍ച്ചയുണ്ടുപോലും!! ഡോക്ടര്‍ സമ്മതിച്ചില്ല. വഴക്കായി.

മക്കളെ അവരുടെ ഇഷ്ടത്തിനുമാത്രംവിടാതെ കുറേക്കൂടെ നിയന്ത്രിക്കേണ്ടതാണെന്നു പറഞ്ഞത് അവര്‍ക്കു തീരെ രസിച്ചില്ല. മക്കളെ വളര്‍ത്താനവള്‍ക്കറിയാമെന്നോ ഏതാണ്ടു പിറുപിറുക്കുന്നതും കേട്ടു. പോകാന്‍നേരത്ത് അദ്ദേഹം എന്നോടു മാത്രമായിപ്പറഞ്ഞു:
"ഞാന്‍സ്വയം വരുത്തിവച്ച വിനയായതു കൊണ്ട്, ഒടുങ്ങാത്ത കാറ്റും ശമിക്കാത്ത കോളുമില്ലെന്ന് അച്ചന്‍ പണ്ടുപറഞ്ഞതോര്‍ത്ത് ഇത്രകാലവും ഞാന്‍ കാത്തു. ബാക്കിയെല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച്, മക്കളെയെങ്കിലും നല്ലനിലയില്‍ പഠിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. അവിടെയും ഞാന്‍ തോറ്റു."

"തോറ്റെന്നു ഡോക്ടറുതന്നെയങ്ങു സമ്മതിച്ചു കൊടുത്താല്‍ തോറ്റതുതന്നെയാ. പക്ഷെ മനസ്സുവച്ചാല്‍ ഫസ്റ്റ്ക്ളാസില്‍ പാസ്സാകാനൊരു വഴി ഞാന്‍ പറയട്ടെ?" അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.

"ഈ മൗനം സമ്മതലക്ഷണമായിക്കരുതി ഞാനങ്ങു പറയുകയാണ്. നിങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രിയിലും, ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലുമൊക്കെ ജോലിചെയ്യുന്ന പലരുടെയും മക്കള്‍ പഠിക്കാന്‍ കഴിവും ആഗ്രഹവുമുണ്ടെങ്കിലും സാമ്പത്തികമായി നിവൃത്തിയില്ലാത്തതുകൊണ്ട് പഠിത്തം മുടങ്ങിയവരുണ്ടാവുകയില്ലേ? സ്വന്തം മക്കളെ പഠിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും മക്കളെന്നു കരുതി അങ്ങനെ കുറേപ്പേരെ സഹായിക്കാന്‍ പറ്റുമല്ലോ. ആലോചിച്ചു നോക്ക്."

ഒന്നും മിണ്ടാതെയാണ് ആളന്നു പോയത്. അധികനാള്‍ കഴിയുന്നതിനുമുമ്പ് കിട്ടിയ വാര്‍ത്ത ദാരുണമായിരുന്നു. അപ്പന്‍ വാങ്ങിക്കൊടുക്കാഞ്ഞതുകൊണ്ട്, അമ്മ പറഞ്ഞിട്ട് അമ്മാവന്‍ സ്കൂട്ടറു വാങ്ങിക്കൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രാവിലെ റ്റ്യൂഷനു പോയവഴി ടിപ്പറു കയറി അവന്‍ മരിച്ചു. അതിന്‍റെ കാര്യം ഡ്രൈവറു പറഞ്ഞപ്പോഴാണ് എനിക്കിതെല്ലാം ഓര്‍മ്മവന്നത്.

You can share this post!

സാക്ഷിയും തെളിവുകളും

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts