news-details
സഞ്ചാരിയുടെ നാൾ വഴി

അസാധാരണമായ പ്രസാദം നിലനിര്‍ത്തിയിരുന്ന ഒരു വയോധികയെ കൊയ്ലോ നിരീക്ഷിക്കുന്നുണ്ട്. അവളുടെ ആനന്ദത്തിന്‍റെ കാരണം തിരയുമ്പോള്‍ അവര്‍ പറഞ്ഞു: എനിക്കൊരു മാജിക് കലണ്ടര്‍ ഉണ്ട്. പിന്നീടൊരിക്കല്‍ ആ കലണ്ടര്‍ അവര്‍ അയാള്‍ക്ക് കാണിച്ചുകൊടുത്തു. ഓരോ ദിനത്തിനും ചുവട്ടില്‍ ആ ദിനത്തിന്‍റെ പ്രത്യേകത കുറിച്ചിട്ടിട്ടുണ്ട്. അന്ന് പോളിയോ പ്രതിരോധത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ച ദിവസമായിരുന്നു. ഇങ്ങനെ ഓരോ പുലരിയിലും എത്രയോ സവിശേഷമായ ഓര്‍മ്മകള്‍. ഒക്ടോബറിലെ കലണ്ടറില്‍ അത്തരം ആഹ്ളാദത്തിന് അന്നമാകേണ്ടി വരുന്ന രണ്ടു പേരുകളെങ്കിലുമുണ്ട്. ഒക്ടോബര്‍ രണ്ട് ഗാന്ധിസ്മൃതി. ഒക്ടോബര്‍ നാല് അസ്സീസിയിലെ ഫ്രാന്‍സിസ്. രണ്ടു കാലങ്ങളില്‍, രണ്ടു ദേശങ്ങളില്‍ ജീവിച്ചു മരിച്ച അവര്‍ക്കിടയില്‍ എന്തോ ചില അദൃശ്യബന്ധങ്ങളുടെ ഇഴയടുപ്പമുണ്ട്. ദാരിദ്ര്യം എന്ന ഒരു മൂല്യത്തോട് അവര്‍ പുലര്‍ത്തിയ സമാനതകളില്ലാത്ത മമതയാണത്.

മടങ്ങിപ്പോകുന്ന ഒരാള്‍ ഉരുവിടുന്ന വാക്കുകള്‍ക്ക് നാം കരുതുന്നതിനേക്കാള്‍ മുഴക്കവും പ്രതിധ്വനികളുമുണ്ട്. നിക്കോസ് കസന്‍ദ്സാക്കിസിന്‍റെ ഫ്രാന്‍സിസ് കടന്നുപോകുമ്പോള്‍ മന്ത്രിച്ചത് അതാണ്. സ്നേഹം, ശാന്തി, ദാരിദ്ര്യം. ആദ്യത്തേത് മനുഷ്യരാശിയില്‍ ആശങ്കയുള്ള ഏതൊരാളില്‍നിന്നും ഉയരാവുന്നതേയുള്ളൂ. എന്നാല്‍ ആ വാക്ക്, ദാരിദ്ര്യം നമ്മുടെ ബോധത്തിന് അത്ര സുപരിചിതമല്ല. ആ പദത്തെ നേര്‍പ്പിച്ചാണെങ്കില്‍പ്പോലും ബോധത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയാണ് ഏതൊരു കാലത്തിലെയും സാധകരുടെ ചലഞ്ച്.

വിരലില്‍ എണ്ണിയെടുക്കാവുന്ന ഏതാനും ചിലരിലൊഴികെ നൂറ്റാണ്ടുകളോളം 'ഹൈബര്‍നേറ്റു' ചെയ്തു കിടന്ന ആ ദാരിദ്രസങ്കല്പം പിന്നീട് അതിന്‍റെ സമസ്ത മിഴിവോടുകൂടി തെളിഞ്ഞുകത്തിയത് അസ്സീസിയിലെ ആ നിസ്വനിലും അയാളുടെ തുടര്‍ച്ചയിലുമായിരുന്നു. എല്ലാത്തിനെയും സഹോദരി, സഹോദരാ എന്നു വിളിച്ചയാള്‍ ദാരിദ്ര്യത്തെമാത്രം പ്രേയസിയായി എണ്ണി -Lady Poverty.. ബിഷപ്പിന്‍റെ ഉമ്മറത്ത് ഊരിവച്ച ആഡംബര അങ്കിക്കും മടങ്ങിപ്പോകുന്നതിന് തൊട്ടുമുന്‍പ് അഴിച്ചുമാറ്റാനാവശ്യപ്പെട്ട കണ്ടംവച്ച ആ സന്ന്യാസാങ്കിക്കും ഇടയില്‍ അയാള്‍ സ്വപ്നത്തിലെ ആ സഖിയുടെ കൈപിടിച്ച് സഞ്ചാരത്തിലായിരുന്നു. ആ മരപ്പണിക്കാരന്‍ കിനാവുകണ്ട മടിശ്ശീലയില്ലാത്ത ഭൂപടത്തിലൂടെയായിരുന്നു അയാളുടെ സഞ്ചാരമത്രയും.

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങളായിരുന്നു ആ മരപ്പണിക്കാരന്‍ കിനാവു കണ്ടത്. നാമെത്തിച്ചേര്‍ന്ന കാലത്തിന്‍റെ പരിണാമങ്ങളില്‍ ഇന്നതൊരു മുത്തശ്ശിക്കഥപോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍പ്പോലും. അത്തരം അനുശാസനങ്ങള്‍ക്ക് ഹ്രസ്വമെങ്കിലും മതിപ്പു കിട്ടിയ ഒരു കാലമുണ്ടായിരുന്നു. സ്വര്‍ണമോ, വെള്ളിയോ ഇല്ല. ഒരേയൊരു ധനം അവന്‍റെ നാമമാണെന്നും ആ ശരണത്തില്‍ ഭൂമിയുടെ വീണ്ടെടുപ്പുകള്‍ സാധ്യമാണെന്നുമൊക്കെ വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ മനുഷ്യരുടെ കാലമുണ്ടായിരുന്നു. പിന്നെ എല്ലാവരും എല്ലാത്തിനോടും സമരസപ്പെട്ടു. ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന മട്ടില്‍.

എന്നിട്ടും എത്ര കുതറിയോടിയാലും പിന്തുടരുന്ന ചില അനുഭൂതികളെപ്പോലെ അവരുടെ ദാരിദ്ര്യം മാനവരാശിയോട് ഒപ്പം കഴിഞ്ഞ രണ്ടു സഹസ്രാബ്ദത്തോളം പല ഭാഷ്യങ്ങളില്‍ കൂട്ടുവന്നു. നിരന്തരം യാത്ര ചെയ്യുന്നവര്‍ക്കിടയിലെ കൗതുകഫലമായ ഒരു 'ഹിച്ച് ഹൈക്കിങില്‍'പോലും നേരത്തെ സൂചിപ്പിച്ച 'പെനിലെസ്' യാത്രകളുടെ ധ്വനികളുണ്ട്. മനുഷ്യരുടെ ഔദാര്യത്തെ ഇന്ധനമായി നിനച്ചുള്ള സഞ്ചാരരീതിയാണിത്. നാടോടികള്‍ക്കിടയില്‍ ഈ രീതി സര്‍വ്വസാധാരണമാണ്. അപൂര്‍വ്വം രാജ്യങ്ങള്‍ മാത്രമാണ് സുരക്ഷയെക്കരുതി 'ഹിച്ച് ഹൈക്കിങ്ങ്' നിയമം കൊണ്ട് വിലക്കിയിട്ടുള്ളത്. പാതയോരത്ത് തള്ളവിരലുയര്‍ത്തികാട്ടി കടകളുടെ ഇറയങ്ങളില്‍ ഉറങ്ങിയും ഇരന്നു ഭക്ഷിച്ചും ഒക്കെ ഈ ഇളമുറക്കാര്‍ നടത്തുന്ന സഞ്ചാരങ്ങളില്‍ പരിപ്രവാജകരുടെ കാല്പെരുമാറ്റം കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതേയുള്ളൂ. 'മിനിമലിസ'മാണ് മറ്റൊരു ഭംഗിയുള്ള പദം. ബുദ്ധക്രൈസ്തവധാരകളുടെ പ്രകാശം അതിനെ ഒരാത്മീയാചാര്യനോട് ചേര്‍ത്തുനിര്‍ത്തുന്നു. വളരെക്കുറച്ചു കാര്യങ്ങളുള്ള ജീവിതം സാധ്യമാണെന്നു ശഠിക്കുന്ന അതിന്‍റെ പ്രയോക്താക്കള്‍ കേവലം ഒരു ആഭിമുഖ്യം എന്നതിനേക്കാള്‍ ജീവിതസമ്പ്രദായമായി വരച്ചുകാട്ടുന്നുണ്ട്. മല കയറുന്നൊരാള്‍ ശിഖയിലേക്കെത്തുന്നതനുസരിച്ച് പൊക്കണത്തിലെ ഓരോരോ കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നു കണ്ടെത്തി വളരെക്കുറച്ചു കാര്യങ്ങളിലേക്കെത്തുന്നതുപോലെ. 'മിനിമലിസം' എന്ന ജീവിതവഴി അടുത്തകാലങ്ങളിലാണ് ചിന്താധാരയായി വികസിച്ചത്. കൂടുതല്‍ ഏകാഗ്രമാകാനും ജീവിതമൂല്യങ്ങളെയും സൗഖ്യത്തെയും നിലനിര്‍ത്താനും വേണ്ടി ഭൗതികവും ആത്മീയവുമായ ഘടകങ്ങളില്‍ ഭാരമുള്ള ചിലതിനെ ആവശ്യാനുസരണം ഉപേക്ഷിക്കാനുള്ള ആഹ്വാനമാണത്. താങ്ങാനാവുന്നതിലധികം വസ്തുക്കളും വിവരങ്ങളും വന്നു കുമിയുമ്പോള്‍ ജീവിതത്തിനുമേലുള്ള നിയന്ത്രണം നഷ്ടമാകുന്നു. സ്വതന്ത്രവും ലളിതവുമായ ജീവിതസങ്കല്പങ്ങളില്‍ പുലരുകയാണ് അഭികാമ്യം. അങ്ങനെ നോക്കുമ്പോള്‍ അംഗീകൃത മിനിമലിസ്റ്റായി പറയാനാകുന്നത് ഗാന്ധിയെയാണ്. ലോകത്തിന്‍റെ സൗന്ദര്യം നമ്മുടെ കൈകളിലാണെന്ന ബോധ്യമാണ് പ്രധാനം. നങ്കൂരമില്ലാത്ത സഞ്ചാരമാണത്.

അതിന്‍റെ ഗൃഹപാഠങ്ങളില്‍ നിന്ന് കൗതുകകരമായ ചില ഓര്‍മ്മകളുണ്ട്. അവനവന്‍റെ ഊട്ടുമേശയില്‍നിന്ന് ഒഴിവാക്കാവുന്ന കുപ്പികളും പാത്രങ്ങളുമാണ് ആദ്യചുവടുകളിലൊന്ന്. വീടിനുള്ളിലെ ഡ്യൂപ്ലിക്കേറ്റുകളെ ഒരു ചാക്കിലിറക്കികെട്ടിവയ്ക്കുകയാണ് മറ്റൊരു പാഠം. ഒരു വര്‍ഷത്തിനിടയില്‍ അതു തുറക്കേണ്ട ആവശ്യം വന്നില്ലെങ്കില്‍ അതിനെ അനാവശ്യമായി ഗണിച്ച് ഒഴിവാക്കാവുന്നതാണ്. FB യിലെ ആയിരം ചങ്ങാതിമാരെക്കുറിച്ച് ഹുങ്കു പറയുന്നതിനു പകരം 995 പേരെ അണ്‍ഫ്രണ്ട് ചെയ്യുകയാണ് മറ്റൊരു ആചാരം. അങ്ങനെയങ്ങനെയങ്ങനെ...

അഞ്ഞൂറൂ വര്‍ഷങ്ങളുടെ അകലങ്ങളില്‍ ജീവിച്ച ലോകത്തിലെ ഏറ്റവും പ്രിയങ്കരങ്ങളായ ബുദ്ധയ്ക്കും ക്രിസ്തുവിനും ഇടയിലുള്ള പൊതുവായ കാര്യങ്ങളിലൊന്ന് അതിസങ്കീര്‍ണമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തില്‍ തളിര്‍ത്തിട്ടും ജീവിതത്തെ ആവിഷ്കരിക്കാനുള്ള സരളവരികളില്‍ അവര്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയായിരുന്നു. ആ അര്‍ത്ഥത്തിലാണ് തങ്ങള്‍ പിറന്ന മതങ്ങളില്‍ അവര്‍ അനഭിമതരാകുകയും അത്തരം സങ്കീര്‍ണതകളുടെ ഭാരമില്ലാത്ത ഇതരദേശങ്ങളുടെ ആധാരവും അത്താണിയുമായി മാറിയതും. അലങ്കാരങ്ങളും തൊങ്ങലുകളുമില്ലാതെ അബ്ബയെന്ന് ഋജുവായ വിശേഷണത്തിലൂടെ ആ പരമചൈതന്യത്തെ ചൂണ്ടിക്കാട്ടുകവഴി ക്രിസ്തുവില്‍ ഈ വിചാരത്തിന് വല്ലാതെ മുഴക്കമുണ്ടായി. ദീര്‍ഘമായ പ്രാര്‍ത്ഥനകളെ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' യെന്ന സാര്‍വ്വലൗകിക പ്രാര്‍ത്ഥനകൊണ്ട് Replace ചെയ്തു. ചോരയുടെ ചൂരുകൊണ്ട് മനംമറിയുന്ന മൃഗബലി സങ്കല്പങ്ങളെ അപ്പവും വീഞ്ഞും കൊണ്ട് പവിത്രമാക്കി. ഓര്‍ത്താല്‍ ജ്ഞാനസ്നാനം പോലും എത്ര ആഴമുള്ളതാണ്. ഒരിറ്റു ജലം മൂര്‍ദ്ധാവിലേക്കിറ്റു വീഴ്ത്തുന്നു. അതില്‍ക്കൂടുതല്‍ എന്തുപറയുവാനാണ്? എന്തുകൊണ്ടു പറയുവാനാണ്? ജലത്തോളം സരളവും സാന്ദ്രവുമായ മറ്റെന്തുണ്ടാകും മാനവഭാവനയില്‍? പാലാഴിമഥനത്തില്‍ കടഞ്ഞെടുത്ത അമൃത് ശുദ്ധജലമാണെന്നുള്ള വ്യാഖ്യാനമൊക്കെ ഹൃദയസ്പര്‍ശിയാകുന്നത് അങ്ങനെയാണ്.

Brother Sun, Sister Moon എന്ന ഇറ്റാലിയന്‍ സിനിമ കണ്ടിട്ടില്ലെങ്കില്‍ ഈ ഒക്ടോബര്‍ മാസത്തില്‍ അതിനൊന്നു മനസ്സുവച്ചാല്‍ നന്നാകുന്നു. 1972ല്‍ ഫ്രാങ്കോ സിഫ്രെല്ലി എന്ന സംവിധായകന്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണത്. ഒരു കത്തീഡ്രല്‍പള്ളിയിലെയും ഒരു ഗ്രാമീണദേവാലയത്തിലെയും ആരാധനയുടെ സമാന്തരകാഴ്ചയുണ്ടതില്‍. ആദ്യത്തേത് അതിന്‍റെ കണിശതകൊണ്ടും ആഡംബരത്തോടടുത്തു നില്ക്കുന്ന അലങ്കാരങ്ങള്‍ കൊണ്ടും കാഴ്ചക്കാരെ വിസ്മയിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് ഒരു ഇടയഗീതം പോലെ അകക്കാമ്പിനെ മസൃണമാക്കുന്നു. ലാളിത്യത്തിന്‍റെ സുവിശേഷനൈരന്തര്യമായി ഫ്രാന്‍സിസ് ഈ അസാധാരണ ചിത്രത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്. വെറുതെയല്ല സഭയുടെ ഭാവി ഫ്രാന്‍സിസിന്‍റെ ഭാവിയാണെന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതാന്‍ ചിലര്‍ ധൈര്യപ്പെടുന്നത്. ഇന്ത്യയുടെ ഭാവി ഗാന്ധിയുടെ ഭാവിയാണെന്നൊക്കെ പറഞ്ഞതുപോലെ, ആശയക്കുഴപ്പമില്ലാത്ത വിചാരങ്ങളാണിത്. ഒരു കാര്യം നിലനില്ക്കണമെങ്കില്‍ അത് പച്ചയായി raw നില്‍ക്കേണ്ടതുണ്ട്. അവനവന്‍റെ ഏകാന്തതയെയും ആന്തരികതയെയും ഭാസുരമാക്കാന്‍ ഉപയുക്തമല്ലാത്ത എല്ലാത്തില്‍നിന്നും കുതറി നടക്കുക എന്നതാണ് സാരം. വസ്ത്രത്തെക്കാള്‍ പ്രധാനമാണ് ശരീരമെന്നും അപ്പത്തെക്കാള്‍ മൂല്യമുള്ളതാണ് പ്രാണനെന്നുമുള്ള യേശുമൊഴികളില്‍ ആ സനാതനപാഠത്തിന്‍റെ പൊരുളുണ്ട്. Essential, Existential  എന്നീ പദങ്ങള്‍ക്കിടയിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുക ശ്രമകരമാണ്. എന്നിട്ടും അതിലാണ് ജീവിതാനന്ദത്തിന്‍റെ അര്‍ത്ഥവും ആഴവും ഉള്ളടക്കം ചെയ്തിരിക്കുന്നത്. മഹാഭാരതം ഉദ്യോഗപര്‍വ്വത്തില്‍ 'ആരാലും തോല്‍പ്പിക്കപ്പെടാത്ത അസംഖ്യം സൈനികര്‍ വേണമോ അതോ നിരായുധനായി, യുദ്ധം ചെയ്യാതെ നില്ക്കുന്ന ഞാന്‍ വേണമോ?' എന്ന പാര്‍ത്ഥസാരഥിയുടെ ചോദ്യം ഇതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.

"Use common words to say uncommon things'  എന്ന ഷോപ്പനോവറുടെ പാഠം കൃത്യമായി പാലിച്ചത് ഭൂമിയുടെ ഗുരുക്കന്മാരായിരുന്നു. കുട്ടിക്കഥകള്‍കൊണ്ടും കൊച്ചുവര്‍ത്തമാനങ്ങള്‍കൊണ്ടും അവര്‍ പറഞ്ഞത് അസാധാരണ ജീവിതപാഠമായിരുന്നു. 2കോറി1:13ല്‍ പൗലോസ് പറയുന്നതുപോലെ, "നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ച് മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല" എന്ന ധൈര്യമാണത്. സൈക്കിള്‍ പഠിക്കുന്ന കുട്ടികളാണ് നിരത്തിലൂടെ അതിവേഗത്തിലോടിച്ചു പോകുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? തീരെ പതുക്കെ ചക്രമുരുളുമ്പോള്‍ ഓര്‍ക്കണം അവന്‍ അതിന്‍റെ 'മാസ്റ്റര്‍' ആയെന്ന്. അപ്പോള്‍ അതാണ് കാര്യം. Hack away at the inessentials എന്ന് തോറോ പറഞ്ഞു തരും.

കണ്‍വര്‍ജസിന്‍റെ ശാസ്ത്രമാണിത്. വെയിലില്‍ അക്ഷരാര്‍ത്ഥത്തില്‍ തീയാളുന്നു എന്നു പറഞ്ഞാല്‍ നിങ്ങളുടെ കുട്ടിക്കത് ബോധ്യപ്പെടണമെന്നില്ല. എന്നാല്‍ ഒരു ലെന്‍സിലേക്ക് അതിനെ കേന്ദ്രീകരിക്കുമ്പോള്‍ കടലാസിനും കരിയിലയ്ക്കും തീ പിടിക്കുന്നതുപോലെ ഓരോരോ കാര്യങ്ങളിലേക്ക് ബുദ്ധിയും ഹൃദയവും ഏകാഗ്രമാകുമ്പോള്‍ എല്ലാത്തിലും തീയാളുന്നു എന്നൊരു സുകൃതം കൂടിയുണ്ട് ലളിതപാഠങ്ങളില്‍. സെറാഫിക് പുണ്യവാനെന്നാണ് അസ്സീസിയിലെ ഫ്രാന്‍സിസിനുള്ള വിശേഷണം. അഗ്നിച്ചിറകുള്ള മാലാഖമാരാണ് സെറാഫുകള്‍. അയാള്‍ പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത കനലിനു പിന്നില്‍ നിശ്ചയമായും ഒരു ഏകോപനം ഉണ്ടായിരിക്കും. എവിടെയും ഉണ്ടെന്നതിന് ഒരു പക്ഷികൂവലും ഇവിടെയുണ്ടായിരുന്നുവെന്നതിന് പൊഴിഞ്ഞുവീണ തൂവലും നാളെയും ഉണ്ടാവുമെന്നതിന് അടയിരുന്നതിന്‍റെ ചൂടും മതിയെന്ന് ഒരു കവി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് പുതിയ കാലത്തിന്‍റെ കിളിപ്പാട്ടാകുന്നു.

പഴയൊരു സൂഫി കഥയാണ്. ഗ്രാമത്തിലെ പ്രവാചകന് വെളിപാടുണ്ടാവുന്നു, നാളത്തെ മഴയ്ക്കു ശേഷം തടാകത്തില്‍ നിന്ന് വെള്ളം കുടിക്കുന്നവര്‍ക്ക് ഭ്രാന്തു പിടിക്കുമെന്ന്. അയാള്‍ ആ രാത്രി തന്നെ വലിയ കല്‍ഭരണികളില്‍ വെള്ളം കരുതിവച്ചു. പിറ്റേന്ന്, മഴയ്ക്കു ശേഷം തടാകത്തില്‍ നിന്നു വെള്ളമെടുത്ത മുഴുവന്‍ ഗ്രാമത്തിനും ഭ്രാന്തു പിടിച്ചു. അയാള്‍ അവരോട് എന്തൊക്കെയോ സംവദിക്കാന്‍ നോക്കുന്നുണ്ട്. അവര്‍ കൂക്കിവിളിച്ചു, 'ഭ്രാന്തന്‍!'
അങ്ങനെ ഒറ്റപ്പെട്ട് ഒരാള്‍ക്ക് എത്ര കാലം ജീവിക്കാനാകും? ഒടുവില്‍, വെള്ളം കരുതിവച്ച ആ കല്‍ഭരണികളൊക്കെ അയാള്‍ മറിച്ചുകളഞ്ഞു. നേരെ തടാകത്തിലേക്ക് ഇറങ്ങി വെള്ളം കുടിച്ച് എല്ലാവരെയും പോലെ 'നോര്‍മല്‍' ആയി!

മാറി നടക്കുന്ന ഒരാളെ 'റിബല്‍' എന്നോ 'വ്യവഹാരി' എന്നോ 'പൈത്യക്കാരന്‍' എന്നോ പല പേരുകളില്‍ വിശേഷിപ്പിച്ച് വൈകാതെ ലോകത്തിന് അടക്കം ചെയ്യാവുന്നതേയുള്ളു. ആ പത്രത്തിന്‍റെ പരസ്യത്തിലെന്നപോലെ, നാലു പേര്‍ വെള്ളത്തിലേക്ക് കുതിച്ചു ചാടുമ്പോള്‍ ഖിന്നനായി നില്‍ക്കുന്ന കുട്ടിക്ക് വൈകാതെ പുഴയെ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

ഒരാള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അയാളുടെ മഹത്ത്വത്തിന്‍റെ മാനദണ്ഡമായി എണ്ണേണ്ട. എന്നു മാത്രമല്ല, അതില്‍ പതിയിരിക്കുന്ന അപകടവുമുണ്ട്. ഒരു ഗ്രാമത്തില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഒരു ഞൊടിയിട പോലും കാത്തുനില്‍ക്കാതെ അവിടം കാലിയാക്കണമെന്ന് ബുദ്ധഗുരുക്കന്മാര്‍ പറയുന്നതില്‍ ഈ പറഞ്ഞതിന്‍റെ ഗുട്ടന്‍സുണ്ട്.

ആള്‍ക്കൂട്ടത്തെ യേശു ഭയന്നതും അതുകൊണ്ടുതന്നെയാവണം. അതിന്‍റെ അഭിനന്ദനങ്ങളോടു പോലും ഒരാള്‍ അകലം സൂക്ഷിക്കേണ്ടതുണ്ടെന്ന് അവന്‍ ഭൂമിയെ പഠിപ്പിച്ചു. അഭിനന്ദനങ്ങളിലും സ്വീകാര്യതയിലും മറഞ്ഞിരിക്കുന്ന അപകടമെന്തായിരിക്കും? പൊതുസമൂഹത്തിന്‍റെ അഭിലാഷങ്ങള്‍ക്ക് വഴങ്ങിയും വണങ്ങിയും ജീവിക്കുന്നവര്‍ക്കുള്ള പട്ടും വളയുമാണത്.

You can share this post!

ഓര്‍മ്മയില്‍ ജ്വലിക്കുന്ന ക്ലാര

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts