news-details
അക്ഷരം

ബുധിനിയുടെ കഥയും ആനന്ദിന്‍റെ ചിന്തകളും

 സാറാ ജോസഫിന്‍റെ പുതിയ നോവല്‍ ബുധിനിയെന്ന സാന്താള്‍ സ്ത്രീയുടെ കഥയും വികസനത്തിന്‍റെ പേരില്‍ ആട്ടിയോടിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതവും തുറന്നിടുന്നു. നെഹ്റുവിന് മാലയിട്ടതിന്‍റെ പേരില്‍ സ്വന്തം വംശത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബുധിനിയുടെ അനുഭവം നമ്മെ ഞെട്ടിക്കും. അണക്കെട്ടുകളും വന്‍പദ്ധതികളും കടപുഴക്കിയെറിയുന്ന കോടാനുകോടി ജീവിതങ്ങള്‍ നമ്മുടെ മുന്നില്‍ അണി നിരക്കുന്നു. ആരുടെയൊക്കെയോ സുഖത്തിനുവേണ്ടി ബലിയര്‍പ്പിക്കപ്പെടുന്ന ദരിദ്രരായ മനുഷ്യര്‍ ചരിത്രത്തെയും കാലത്തെയും പൊതുസമൂഹത്തെയും വിചാരണ ചെയ്യുന്നു.

"അതിജീവിച്ചവളെപ്പറ്റി പറയാം. അവര്‍ നൃത്തഭൂമി വീണ്ടെടുത്തുവെന്നല്ല; ഏതുഭൂമിയില്‍ കാലുകുത്തണമെന്നറിയാതെ ഓടിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി". ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്. ബുധിനി ഓടുകയായിരുന്നു. അതുപോലെ മറ്റനേകമാളുകളും. വികസനത്തിന്‍റെ പേരില്‍ പുറന്തള്ളപ്പെട്ട ജനത എന്നും ഓടിക്കൊണ്ടിരിക്കുന്നു. അവരുടെ ഓട്ടത്തിന് ദേശകാലഭേദങ്ങളില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ മനുഷ്യരോ ദൈവമോ ഇല്ല. "പക്ഷപാതിത്വമില്ലാത്ത ഒരു ദൈവത്തിനുവേണ്ടിയാണ് ആദ്യം മനുഷ്യര്‍ തലപുകയേണ്ടത്" എന്ന് നോവലിസ്റ്റ് എഴുതുന്നത് ഈ സാഹചര്യത്തിലാണ്. ദൈവങ്ങള്‍പോലും കൈവിട്ട ഒരു സമൂഹം ചരിത്രത്തിന്‍റെ വഴിത്താരയിലൂടെ മുടന്തി നീങ്ങുന്നു.

അണക്കെട്ടുകളെ നെഹ്റു വിളിച്ചത് 'മഹാക്ഷേത്രങ്ങള്‍' എന്നാണ്. പാഞ്ചേത് ഡാം മഹാക്ഷേത്രങ്ങളുടെ മറുവശവും കാണിച്ചു തന്നു. അണക്കെട്ടുകള്‍ ഉയര്‍ന്നതോടെ മുങ്ങിപ്പോയ സാന്താള്‍ ഗ്രാമങ്ങള്‍ നിരവധിയാണ്. ഗ്രാമങ്ങളെ മുക്കിക്കളഞ്ഞത് ദാമോദര്‍ നദിയല്ല, അണക്കെട്ടുകളാണ്. വെള്ളം ആയിരക്കണക്കിനാളുകളെ പടിയിറക്കി. 'ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ തൊട്ടുമുന്നിലെ മതിലിലോ മരത്തിലോ അവര്‍ വലിയ അതൃപ്തി ചിഹ്നങ്ങള്‍ വരച്ചുകൊണ്ടിരുന്നു'. നിശബ്ദതയുടെ തടാകമായിരുന്ന കര്‍ബോന ഗ്രാമം ഭസ്മലോകമായി മാറുന്നത് നാം കാണുന്നു. "ഇപ്പോഴിതാ കാട് കുന്നിറങ്ങിപ്പോകുന്നു. ഗ്രാമത്തെ ആവരണം ചെയ്തിരുന്ന നീലത്തിരശ്ശീല ചുരുട്ടിവെക്കപ്പെട്ടു. കര്‍ബോന നഗ്നയായി". വികസനത്തിന്‍റെ നഗ്നമാക്കപ്പെടുന്ന കുന്നുകളും മലകളും ഇന്ന് അപൂര്‍വ്വകാഴ്ചയല്ല. ഒരു സമൂഹത്തിന്‍റെ വിശ്വാസങ്ങളും സംസ്കാരവും പാരമ്പര്യവുമെല്ലാം അപ്രത്യക്ഷമാകുന്നത് അങ്ങനെയാണ്.

'സാന്താള്‍ എന്നാല്‍ ശാന്തമായ ആത്മാവ് എന്നാണ്'. ഈ ശാന്തതയിലേക്കാണ് കടന്നുകയറ്റക്കാര്‍ കയ്യേറ്റം നടത്തുന്നത്. ജീവിക്കുക എന്നതാണ് ഒരു സന്താളിന്‍റെ ആദ്യത്തെ കടമ. ഈ കടമ നിര്‍വഹിക്കാനാവാതെ വരുമ്പോള്‍ മരണമെന്ന ഒളിച്ചോട്ടത്തിന് അവര്‍ വിധേയരാകുന്നു. ഗ്രാമത്തിന്‍റെ തനിമ നശിപ്പിക്കുന്ന പുത്തന്‍ പരിഷ്കാരങ്ങള്‍ അതോടൊപ്പം എത്തിച്ചേര്‍ന്നു. "ഗ്രാമങ്ങളിലുള്ളവരുടെ ജീവിതം മാറ്റിമറിച്ചത് കൂലിയാണ്. അലഞ്ഞുനടന്നും കഷ്ടപ്പെട്ടും കൃഷി ചെയ്തും ഭക്ഷിക്കാനുള്ളതു കണ്ടെത്തേണ്ടതില്ല" എന്നു വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. "ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതമുണ്ടായിരുന്നു. ജീവിതം മെച്ചപ്പെട്ടതാകാന്‍, ഇന്നത്തെപ്പോലെ ഇത്രയധികം കാര്യങ്ങളൊന്നും വേണ്ടാ, ഞങ്ങള്‍ക്കു കൃഷിയുണ്ടായിരുന്നു. കാടും നദിയുമുണ്ടായിരുന്നു". ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിന്‍റെ ചിത്രമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

നൃത്തം ചെയ്യുന്ന ജനതയ്ക്ക് നൃത്തവേദി നഷ്ടപ്പെടുന്നു. പാട്ടുണ്ട്, താളമുണ്ട്, നൃത്തമുണ്ട്, നൃത്തവേദിമാത്രമില്ലാത്ത അവസ്ഥ. ഗ്രാമമായിരുന്നു അവരുടെ നൃത്തവേദി. "ഗ്രാമം ഉപേക്ഷിച്ചു പോവുകയെന്നാല്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ മാത്രം പോവുക എന്നാണര്‍ത്ഥം. ഗ്രാമത്തിന്‍റെ ഒരു ഭാഗം അടര്‍ന്നുപോകുമ്പോലെ... അവരെ അവരാക്കിത്തീര്‍ത്തതിനെയെല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞ ചുരക്കത്തൊണ്ടുകള്‍പോലെ സ്വയം ശൂന്യരാക്കിയ മനുഷ്യര്‍". വേരുപറിച്ച് പോകുന്നവര്‍ക്ക് നഷ്ടപ്പെടുന്നത് ഭൗതികസമ്പത്തുമാത്രമല്ല. ധന്യമായ ജീവിതത്തിന് പശ്ചാത്തലമൊരുക്കിയ എല്ലാ ചൈതന്യശക്തികളും ചോര്‍ന്നുപോകുന്നു. "ഹൃദയത്തിലൊരു മഹാവനം നിന്നു കത്തുന്നവനെ കാലടിയിലെ ചൂട് എങ്ങനെ ബാധിക്കാന്‍!" എന്നതാണ് ചോദ്യം.

'സാന്താളുകളുടെ സ്വന്തം വീടുകളും ഗ്രാമങ്ങളും പിടിച്ചെടുത്തുകൊണ്ടാണ് സ്വാതന്ത്ര്യം ഉപ്പുനോക്കാന്‍ കൊടുത്തത്'. ക്ഷേമരാഷ്ട്രത്തില്‍നിന്ന് അപ്രകാരം ഒരു ജനത പുറന്തള്ളപ്പെടുന്നു. കരിപുരണ്ടജീവിതങ്ങളായി അവര്‍ അധഃപതിക്കുന്നു. ബുധിനിയുടെ ജീവിതവും പരിവര്‍ത്തനവിധേയമാകുന്നു. "ആകാശത്തിലും ഭൂമിയിലുമല്ലാതെ ജീവിക്കുന്നതുപോലെയായിരുന്നു അവളുടെ ജീവിതം. മനുഷ്യര്‍ക്ക് ഭൂമിയില്‍ കാലൂന്നിത്തന്നെ വേണം ജീവിക്കാന്‍. എന്നാല്‍ കാലൂന്നാന്‍ ഭൂമിയില്ലാത്തവളായി ബുധിനി ഓടിക്കൊണ്ടിരുന്നു. "ആപത്തുകളോട് അവളുടെ പ്രജ്ഞയും വേദനയോട് അവളുടെ ശരീരവും പ്രതികരിക്കാതായിത്തുടങ്ങി. അവളുടെ കണ്ണുനീര്‍ അതിന്‍റെ ഉറവിടത്തില്‍ വെച്ചുതന്നെ വറ്റിപ്പോയി". മരുഭൂമിയിലൂടെ ഒറ്റക്കു നടക്കുന്നവളുടെ അനുഭവം വാക്കുകള്‍ക്കതീതമാണ്. "ഭയം പുതച്ചാണവള്‍ ഉറങ്ങിയത്. ഭയമാണ് തലയിണയായത്. ഭയമാണ് ശ്വസിച്ചത്. ഭയാധിക്യത്തിലാണവള്‍ ഉണര്‍ന്നത്".

സാന്താളുകളുടെ ഭൂമി ഭൂപടത്തില്‍ നിന്ന് അലിഞ്ഞുപോയി. കുഴമ്പുരൂപത്തില്‍ വെള്ളത്തിനടിയില്‍ കിടക്കുന്ന ഭൂമിയെക്കുറിച്ച് അവള്‍ നഷ്ടബോധത്തോടെ ഓര്‍ക്കുന്നു. മരിച്ച പ്രിയപ്പെട്ടവര്‍ക്കുപോലും തണുപ്പുകിട്ടാത്ത അവസ്ഥയിലേക്ക് അവര്‍ നിപതിച്ചു. 'ഈര്‍പ്പമില്ലാത്ത കാലത്തിന്‍റെ ഉഷ്ണവാതങ്ങള്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്നത് അവള്‍ അറിയുന്നു. 'വികസനം' എന്നത് ബുള്‍ഡോസറുകളെക്കാളും മണ്ണുമാന്തികളെക്കാളും ഭയങ്കരമാണെന്നും അവര്‍ മനസ്സിലാക്കുന്നു. "നിങ്ങളുടെ വികാസ് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സന്തോഷമാണ് മുഖ്യം. ഞങ്ങള്‍ക്ക് സമാധാനം വേണം. നിങ്ങളല്ല ഞങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യ. യഥാര്‍ത്ഥ ഇന്ത്യ സമാധാനത്തിന്‍റെ രാജ്യമാണ്" എന്ന് ഒരു ജനത വിളിച്ചു പറയുന്നു. ബുധിനി ഒറ്റയ്ക്കല്ല ഇറങ്ങിവന്നത്. "സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെയും അനന്തവിസ്തൃതമായ കാടുകളെയും നൂറുകണക്കിന് ഗ്രാമങ്ങളുടെയും വയലുകളുടെയും ഒരു മഹാപ്രവാഹമായിരുന്നു അത്". "ഏതാണ് എന്‍റെ രാജ്യം!" എന്ന ചോദ്യം ബുധിനിയുടെതു മാത്രമല്ല. അതിരുകളിലേക്ക് വലിച്ചെറിയപ്പെട്ട കോടിക്കണക്കിനുള്ള ദരിദ്രമാനവരുടെ ചോദ്യമാണ്.

ബുധിനി ഒരിന്ത്യന്‍ നോവലാണ്. ഇന്ന് ഏറെ പ്രസക്തമായ കൃതി. വികസനത്തിന്‍റെ പേരില്‍ ആട്ടിയകറ്റപ്പെടുന്നവന്‍റെ രാഷ്ട്രീയം പറയുന്ന നോവല്‍. ബുധിനിയും അവരുടെ ഗ്രാമവും ഒരു പ്രതീകമാണ്. അനേകായിരം ഗ്രാമങ്ങളെയും ജനതയെയും മുക്കിക്കളയുന്ന വികസന രീതികള്‍ പ്രകൃതിക്കും മനുഷ്യനും എതിരാകുന്നതെങ്ങനെയെന്ന് 'ബുധിനി' കാണിച്ചു തരുന്നു. സമ്പന്നന്‍റെ പക്ഷം ചേരുന്ന പുതിയ സമ്പദ്ശാസ്ത്രം ഭരണകൂടങ്ങളും കൈയൊഴിയുന്ന ദരിദ്രകോടികള്‍ സ്വന്തം മണ്ണും ആകാശവും നഷ്ടപ്പെട്ടവരായി എവിടെയോ ചെന്നടിയുന്നു. സമ്പന്നമായ അവരുടെ സംസ്കാരവും ഭാഷയുമെല്ലാം അസ്തമിച്ചു പോകുന്നു.

'വാദ്യമുണ്ട്, താളമുണ്ട്

ഗാനമുണ്ട്, നൃത്തമുണ്ട്

നൃത്തഭൂമി മാത്രമില്ല' എന്ന ഗാനം നമ്മെ പിന്തുടരുന്നു. പാട്ടും നൃത്തവും താളവും സമാധാനവുമുള്ള ഒരു ജനതതിയെ വികസനത്തിന്‍റെ പേരുപറഞ്ഞ് ഭരണകൂടം ആട്ടിയകറ്റുന്നു. നിസ്സാരരായ ഒരു ജനത അഭയംതേടി അലയുന്നു. വികസനം എന്ന നിറപ്പകിട്ടുള്ള ആഘോഷങ്ങള്‍ക്കപ്പുറത്ത് നിറംമങ്ങിയ ജീവിതം നയിക്കുന്ന കോടിക്കണക്കിനാളുകളെയാണ് 'ബുധിനി' കാണിച്ചു തരുന്നത്. നിസ്വപക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയമാണീ നോവലിന്‍റെ ശക്തി. പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുക എന്നത് നമ്മുടെ നിലനില്പിനാവശ്യമാണ് എന്ന യാഥാര്‍ത്ഥ്യംകൂടി നോവലിസ്റ്റ് എടുത്തുകാണിക്കുന്നു. 'അപരിചിതമായ ഒരു ദേശത്തെയും ജനതയെയും സംസ്കാരത്തെയും ആവിഷ്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഞാന്‍ ബുധിനി എഴുതിയത് എന്ന് സാറാജോസഫ് പ്രസ്താവിക്കുന്നുണ്ട്. ഈ വെല്ലുവിളി വിജയകരമായി മറിയുന്നതിന്‍റെ സാഫല്യമാണ് 'ബുധിനി'. (ബുധിനി - സാറാ ജോസഫ്, ഡി.സി. ബുക്സ്)

 

വര്‍ത്തമാനകാലവര്‍ത്തമാനങ്ങള്‍

എം.എന്‍. കാരശ്ശേരിയും ആനന്ദും നടത്തുന്ന സംഭാഷണമാണ് 'വര്‍ത്തമാനകാലവര്‍ത്തമാനങ്ങള്‍' എന്ന പുസ്തകം. സമകാലിക ഭാരതവും സമൂഹവും നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സംഭാഷണങ്ങളാണ് പുസ്തകത്തിലുള്ളത്. സ്വന്തം എഴുത്തിനെപ്പറ്റിയും ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുമെല്ലാം ആനന്ദ് വ്യക്തമാക്കുന്നു. ധിഷണാശാലിയായ ഈ എഴുത്തുകാരന്‍റെ രചനകള്‍ എന്നും നമ്മെ ചിന്തയുടെ പുതിയ പാതയിലൂടെ കൊണ്ടുപോകുന്നു. മാനവികതയാണ് ആനന്ദിന്‍റെ ചിന്തകളുടെ അടിസ്ഥാന ശില. സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങള്‍ ആനന്ദ് വിശദമാക്കുന്നു. ജാതിമതചിന്തകള്‍ക്കപ്പുറത്ത് മനുഷ്യനെക്കുറിച്ചാണ് എന്നും അദ്ദേഹം ചിന്തിക്കുന്നത്.

ഗാന്ധിജിയുടെ സാധ്യതകളും പരിമിതികളും ആനന്ദ് വിശദീകരിക്കുന്നുണ്ട്. ജനാധിപത്യത്തെ ഒരു മൂല്യവ്യവസ്ഥയായാണ് ആനന്ദ് കാണുന്നത്. ഗാന്ധി അന്യനെയും അപരനെയും സൃഷ്ടിക്കാത്ത അഹിംസയിലാണ് വിശ്വസിച്ചത്. ആ മൂല്യബോധത്തില്‍ നിന്നാണ് മാനവികതയുടെ ചിന്തകള്‍ ഉയിരെടുത്തത്.
മാനവികതാവാദം പ്രത്യയശാസ്ത്രമല്ല. അത് അധികാരം ലക്ഷ്യം വയ്ക്കുന്നില്ല. ഫാസിസവും മതരാഷ്ട്രീയവുമെല്ലാം മാനവികതയ്ക്കെതിരാണ്. മഹാഭാരതവും രാമായണവുമെല്ലാം ആനന്ദിന്‍റെ ചിന്താവിഷയമാകുന്നു.

മനുഷ്യവംശത്തിന്‍റെ മഹാപ്രയാണത്തിലെ പ്രധാനഘടകമാണ് ജനാധിപത്യം. മനുഷ്യനെ നയിക്കേണ്ടത് കാര്യകാരണബന്ധമാണ്; യുക്തിയാണ്. അതില്‍ നിന്ന് മാനവികതാവാദം ജനിക്കുന്നു. മനുഷ്യനാണ് എല്ലാറ്റിന്‍റെയും കേന്ദ്രം. മനുഷ്യരെല്ലാം ഒന്നാണെന്നും മാനവികതാവാദം പറയുന്നു. മൂല്യങ്ങളുടെ നിര്‍മ്മിതിയാണ് സംസ്കാരം എന്നു പറയാന്‍ കഴിയുന്നത് മാനവികതയില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ്. 'നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയാണ് പ്രാഥമികമൂല്യങ്ങള്‍. മതവും രാഷ്ട്രീയവുമെല്ലാം ഈ മൂല്യങ്ങളില്‍നിന്ന് അകന്നുപോകുന്നത് ആനന്ദ് തിരിച്ചറിയുന്നു.

മനുഷ്യസംസ്കാരത്തിന്‍റെ ഉല്പന്നമാണ് ജനാധിപത്യം എന്ന് ആനന്ദ് വിശ്വസിക്കുന്നു. ജനാധിപത്യത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ പ്രധാനം സംസ്കാര സംരക്ഷണമാണ്. സംസ്കാരത്തില്‍ നിന്നാണ് മൂല്യങ്ങള്‍ ഉറവെടുക്കുന്നത്. സംസ്കാരത്തിന് വിരുദ്ധമായി സംസ്കാരത്തിന്‍റെ കൂടെത്തന്നെ വിരുദ്ധ സംസ്കാരമുണ്ട്. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടമാണ്. നമ്മുടെ സംസ്കാരത്തിനും ചരിത്രത്തിനും സംഭവിക്കുന്ന വഴിതെറ്റലുകള്‍ മനസ്സിലാക്കിയാല്‍ മാത്രമേ നമ്മുടെ അന്വേഷണം ശരിയായ ദിശയിലാകൂ.
എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയണം എന്നതാണ് ആനന്ദിന്‍റെ വിശ്വാസം. "ഇതിന് നീതി, സ്വാതന്ത്ര്യം, തുല്യത എന്നിവ പുലര്‍ത്തണം. ഇതൊന്നും മത കാര്യങ്ങളല്ല. ജനാധിപത്യത്തിന് എന്തിന്‍റെ പേരിലും ജനങ്ങളെ വിഭജിച്ചു കാണാന്‍ പറ്റില്ല". മതനിരപേക്ഷതയും ഇതിനോടൊപ്പം നില്‍ക്കുന്നു. യാഥാര്‍ത്ഥ്യബോധമാണ് അതിന്‍റെ അടിത്തറ എന്ന് ആനന്ദ് ചിന്തിക്കുന്നു.

ദൈവങ്ങള്‍ അധികാരകേന്ദ്രമാകുന്നതിനെപ്പറ്റി ആനന്ദ് ആഴത്തില്‍ ചിന്തിക്കുന്നു. "നീതി, സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങള്‍ക്കുവേണ്ടി ജനാധിപത്യത്തിന് മതത്തോടു പൊരുതേണ്ടിവരും. വിശ്വാസാചാരങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും പേരില്‍ പൗരോഹിത്യം പൗരാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അവ വീണ്ടെടുക്കുന്നത് ജനാധിപത്യമാണ്" എന്ന് ആനന്ദ് കരുതുന്നു. വിമര്‍ശിച്ചും നിഷേധിച്ചും വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയുമാണ് മാനവചരിത്രവും സംസ്കാരവും ശാസ്ത്രവും ഈ വഴി മുഴുവന്‍ താണ്ടിയിട്ടുള്ളത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 'പ്രശ്നങ്ങള്‍ എന്നും തീര്‍ത്തിട്ടുള്ളത് വിവേകമുള്ള മനുഷ്യരുടെ വിജ്ഞാനവും ശാസ്ത്രവും ബുദ്ധിയും കര്‍മ്മവും ഒക്കെയാണ്' എന്നാണ് ആനന്ദിന്‍റെ അഭിപ്രായം.

'മനുഷ്യന്‍റെ ക്രൂരത എങ്ങനെ കുറയ്ക്കാം, ആര്‍ദ്രത എങ്ങനെ കൂട്ടാം എന്നതാണ് മനുഷ്യന്‍റെ പ്രശ്നം; ഒരുപക്ഷേ ഒരേയൊരു പ്രശ്നം. സത്യത്തില്‍ ഈ പണിയാണ് സംസ്കാരം' എന്ന് ആനന്ദ് പറയുന്നു. സംസ്കാരത്തിന്‍റെ അടിത്തറ നീതിയാണ് എന്നും അദ്ദേഹം വിശ്വസിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ സഞ്ചരിക്കുന്നത് ഈ വഴിയിലല്ല. പ്രത്യയശാസ്ത്രം സര്‍വപ്രധാനമാകുമ്പോള്‍ വ്യക്തികളോ സ്വാതന്ത്ര്യമോ വിഷയമല്ല. ഏകാധിപത്യത്തില്‍ മാത്രമേ പ്രത്യയശാസ്ത്രത്തിന് പ്രവര്‍ത്തിക്കാനാകൂ എന്നും ഉദാഹരണസഹിതം അദ്ദേഹം വ്യക്തമാക്കുന്നു. വളരുകയും വികസിക്കുകയും ചെയ്യുന്ന മാനുഷികമൂല്യങ്ങള്‍ക്കാണ് ആനന്ദ് പ്രാധാന്യം നല്‍കുന്നത്.

"ലോകത്തില്‍ ചലനാത്മകമല്ലാത്തത് ഒന്നുമില്ല. സനാതനമല്ല ഒന്നും. ഏത് ആശയവും തത്ത്വചിന്തയും കാലാനുസൃതം പുനരവലോകനത്തിനു വിധേയമാകണം" എന്നു വിശ്വസിക്കുന്ന ചിന്തകനാണ് ആനന്ദ്. അദ്ദേഹത്തിന്‍റെ ചിന്തയും അന്വേഷണങ്ങളും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. 'വര്‍ത്തമാനകാലവര്‍ത്തമാനങ്ങള്‍' സാര്‍ത്ഥകമായ സംഭാഷണമാണ് എന്ന് നിസ്സംശയം പറയാം. മാനവികതയിലും മതനിരപേക്ഷതയിലും ഉറച്ചു നിന്നുകൊണ്ട് വര്‍ത്തമാനകാലത്തോട് സംവദിക്കാനാണ് ആനന്ദ് ശ്രമിക്കുന്നത്. (വര്‍ത്തമാനകാലവര്‍ത്തമാനങ്ങള്‍ - ആനന്ദ് - എം.എന്‍. കാരശ്ശേരി, ഡി.സി. ബുക്സ്)

You can share this post!

റൂമിയും ഹിമാലയവും വിത്തുമൂടയും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts