news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്, ടോം കണ്ണന്താനം കപ്പൂച്ചിൻ

If you have come to help me, you can go home again.

But if you see my struggle as part of your own survival,

then perhaps we can work together.

(നിങ്ങളെന്നെ സഹായിക്കാനാണ് വന്നതെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാം. എന്നാല്‍ എന്‍റെ സംഘര്‍ഷങ്ങള്‍ നിങ്ങളുടെ തന്നെ അതിജീവനത്തിന്‍റെ ഭാഗമാകുന്നുവെങ്കില്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കും.)

-ഓസ്ട്രേലിയന്‍ ആദിവാസിസ്ത്രീയുടെ വാക്കുകള്‍.

 

അതിജീവനത്തിന്‍റെ തത്ത്വശാസ്ത്രം രണ്ടുതരത്തില്‍ പറഞ്ഞുവയ്ക്കാം, ഒന്ന് കീഴ്പ്പെടുത്തിയും രണ്ട് കൂട്ടിച്ചേര്‍ത്തും. മതത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പകര്‍ത്തിയെഴുതാവുന്നതാണീ രണ്ടു പ്രയോഗങ്ങളും. കാലം പോകെ കീഴ്പ്പെടുത്തലിന്‍റെ അതിജീവനതന്ത്രം വളരെ കൗശലത്തോടെ കൂടെചേര്‍ക്കുന്നതിന്‍റെ മൂടുപടം അണിഞ്ഞ് എവിടെയും അരങ്ങുതകര്‍ക്കുന്നതാണ് വര്‍ത്തമാനകാലത്തിന്‍റെ അശ്ലീലം. അശ്ലീലങ്ങളെ ശീലമാക്കി മാറ്റാന്‍ അതിനിടയില്‍ ലാഭത്തിന്‍റെ നാണയകിലുക്കങ്ങളെ പേരായും പ്രശസ്തിയായും ധനമായും അധികാരമായും ഇഴതിരിച്ചെടുക്കാന്‍ മാത്രം ശക്തമാണിന്നത്തെ വ്യവസ്ഥാപിത സംവിധാനങ്ങളൊക്കെയും. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് കൊച്ചുകൂട്ടുകാരോടൊപ്പം ഇരുന്ന് ചില അവലോകനങ്ങള്‍ നടത്തുകയായിരുന്നു. അവര്‍ (കൗമാരക്കാരുടെ ഒരു ചെറിയ കൂട്ടം) അവരുടെ ചെറിയ ബുദ്ധിയില്‍ (വലുതോ?) തോന്നിയ ഒരു നന്മ ഏതാണ്ട് ഒരു വര്‍ഷത്തോളം തുടര്‍ന്നു. ആദ്യമാദ്യം നന്മകള്‍ സ്വീകരിക്കുന്നവരെ കേള്‍ക്കുവാന്‍ അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു. പിന്നീട് സമൂഹത്തിന്‍റെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങിയപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു തങ്ങള്‍ ചെയ്യുന്നത് ഏതോ 'വലിയ' കാര്യമാണെന്ന്. തുടര്‍ന്ന് ആദ്യത്തെ കണ്ണീരും വേദനയും വഴിമാറി. ആത്മാഭിമാനം, സംതൃപ്തി തുടങ്ങിയവ കുട്ടികളില്‍ തഴച്ചുവളരാന്‍ തുടങ്ങി. അങ്ങനെ തികച്ചും യാന്ത്രികമായിപ്പോയ ആ നന്മകള്‍ പിന്നീട് അധികകാലം തുടരാന്‍ അവര്‍ക്കു സാധിച്ചില്ല. ചെറിയ ചെറിയ തടസങ്ങളില്‍ തട്ടി അവരത് ഉപേക്ഷിച്ചു. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന ഔദാര്യത്തിന്‍റെ കുത്തൊഴുക്കുകള്‍ക്കു മുന്‍പില്‍ മുതിര്‍ന്നു പോയ എന്‍റെ അഹന്തകള്‍ക്കും ലാഭപെരുക്കങ്ങളുടെ 'ചാരിറ്റി' പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറുപടി കുട്ടികളുടെ ഈ നിരീക്ഷണത്തില്‍ ഉണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു. കണ്ണുനിറഞ്ഞു തന്നെ അതവരിവിടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (കവര്‍സ്റ്റോറി Gen Next). ഇതൊരു പാഠമാണ്, അപരന്‍റെ വേദനകളും സംഘര്‍ഷങ്ങളും എന്‍റേതാവാതെ എനിക്കൊരിക്കലും അതിജീവനത്തിന്‍റെ കൂടണയാന്‍ പറ്റില്ല. ദശാംശത്തിന്‍റെയും പതാരത്തിന്‍റെയും കണക്ക് മാത്രം പഠിപ്പിക്കുന്ന ഇന്ന് ക്രിസ്തു നമുക്കൊരു വെല്ലുവിളിയാണ്. "രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ." (ലൂക്കാ 3:11)

കേട്ടു തഴമ്പിച്ച, പറഞ്ഞ് നശിപ്പിച്ച നന്മ നിറഞ്ഞ പദങ്ങളില്‍ ഒന്നാണിന്ന് 'ചാരിറ്റി'. കൊട്ടും കുരവയും  ആനയും അമ്പാരിയുമായി നടത്തുന്ന ഈ മാമാങ്കങ്ങളൊക്കെ തൂത്തെറിയപ്പെടുന്ന കാലം വിദൂരമല്ല.  യുവതലമുറയ്ക്ക് ലക്ഷ്യബോധമില്ലെന്നും ദൈവികതയില്‍നിന്ന് അകലെയാണെന്നുമൊക്കെ വിലപിക്കുന്നവര്‍ എന്തേ സുവിശേഷത്തിലെ ക്രിസ്തുവിനെ കാണാതെ പോകുന്നു? സ്നേഹവും കരുണയും നീ ചെയ്യേണ്ട ഔദാര്യമല്ലെന്നും അത് നീതിയാണെന്നും കടമയാണെന്നും നസ്രായന്‍ പറഞ്ഞതിനെ ആവര്‍ത്തിക്കാന്‍ നാം ഭയക്കുന്നത് എന്തുകൊണ്ടാണ്? സ്വന്തം സൗകര്യങ്ങളുടെ പുറന്തോടുകള്‍ പൊട്ടിച്ചു കളയേണ്ടിവരുമെന്ന് ഭയന്നിട്ടാണോ? സ്വന്തം സുരക്ഷിതത്വങ്ങളുടെ മേല്‍ക്കൂരകള്‍ പൊളിച്ചിറങ്ങേണ്ടിവരുമെന്ന ആശങ്കയാണോ?

ഈ ആശങ്കകളേയും ഭയത്തേയും കാറ്റില്‍ പറത്തി കുറച്ചുപേര്‍ ഇന്നിവിടെ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണിപ്പോഴത്തെ ആശ്വാസം. ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം കൂടപ്പിറപ്പിനെന്നോണം സ്വയം മുറിച്ചുകൊടുക്കാന്‍ സന്നദ്ധരാണിവര്‍. പേരുകള്‍ പറയുന്നതിനുപോലും അവര്‍ക്കു താത്പര്യമില്ല. ചില ചോദ്യങ്ങള്‍ക്കുത്തരം അസ്സീസിക്കായി എഴുതാമോ എന്ന് സ്നേഹത്തോടെ ആവശ്യപ്പെട്ടെങ്കിലും അങ്ങേ തലയ്ക്കല്‍ നിശ്ശബ്ദത മാത്രം. ആ നിശ്ശബ്ദതയ്ക്കു മുന്‍പില്‍ തലകുനിക്കുമ്പോഴാണ് സഹായങ്ങളൊക്കെയും ഔദാര്യമല്ല, കടമയാണെന്നും നീതിയാണെന്നും മനസ്സില്‍ പതിയുന്നത്. കരുണ അസ്തിത്വപരമായ അനിവാര്യതയാണ് എന്ന് മാര്‍ ജോസ് പുളിക്കല്‍ തന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറിക്കുമ്പോള്‍ അത് പുതിയ പ്രതീക്ഷയാവുകയാണ്. ആചാരാനുഷ്ഠാനങ്ങളുടെ മനം മടുപ്പിക്കുന്ന ഏകതാനതയില്‍ കുരുങ്ങിക്കിടക്കുന്ന ആത്മീയതയ്ക്ക് ക്രിസ്തുവചനങ്ങള്‍ ഇനിയെങ്കിലും മോചനമാവണം.

"കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍" (മത്താ. 7: 22-23)

അതെ, അവനെന്നെ അറിയില്ല, ഞാനിപ്പോഴും ആരവങ്ങള്‍ക്കു നടുവിലാണ്. സഹായം അര്‍ഹിക്കുന്നവര്‍ അനേകം. സ്പോണ്‍സേര്‍ഡ് സഹായങ്ങളുടെ പട്ടിക പെരുകുന്നു. കാട്ടികൂട്ടിയ അതിക്രമങ്ങള്‍ക്കും  അപചയങ്ങള്‍ക്കും പകരം ലഭിച്ച ലാഭങ്ങളൊക്കെയും അടിയറവെച്ച് സഹായിക്കാന്‍, അതുവഴി മോക്ഷം കിട്ടുമെന്ന അത്യാഗ്രഹവും ഇതിനു ചൂട്ടുകറ്റ പിടിക്കാന്‍ അഭിനവ രാജപ്രമാണിമാരും. ഓര്‍ക്കുക ധനവാന്‍റെ മേശയിലെ ഉച്ഛിഷ്ടം ലാസറിനു കിട്ടാതെ പോയതുകൊണ്ടല്ല ധനവാന്‍ നിത്യാഗ്നിയില്‍ വീഴുക, പിന്നെയോ ധനവാന്‍, അവന്‍റെ ഉച്ഛിഷ്ടം ലാസറിന് കൊടുത്തതുകൊണ്ടു മാത്രമാണ്!

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts