news-details
അക്ഷരം

അന്വേഷണത്തിന്‍റെ പടവുകള്‍

ദേശീയത നായാട്ടിനിറങ്ങുമ്പോള്‍
 
വര്‍ത്തമാനകാലത്തെ ജാഗ്രതയോടെ നോക്കിക്കാണുകയും വിമര്‍ശവിധേയമാക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് കെ. അരവിന്ദാക്ഷന്‍. ഗാന്ധിയന്‍ ചിന്തകള്‍ അദ്ദേഹത്തിന്‍റെ ചിന്തകളുടെ അടിത്തറയാണ്. ഗാന്ധിജിയിലെ സജീവഘടകങ്ങളെ അദ്ദേഹം തന്‍റെ മൂല്യവിചാരങ്ങള്‍ക്ക് പശ്ചാത്തലമാക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തോട്, ചരിത്രസന്ധികളോട് പ്രതികരിച്ചുകൊണ്ട് അരവിന്ദാക്ഷന്‍ എഴുതിയ ഇരുപത്തിയഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് 'ദേശീയത നായാട്ടിനിറങ്ങുമ്പോള്‍'. ഇന്ന് ഭാരതം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുന്നു. ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും ഗാന്ധിസവും പരിസ്ഥിതിയും അധികാരവുമെല്ലാം ചിന്താവിഷയമാകുന്നു. സ്വതന്ത്രവും ധീരവുമായ അദ്ദേഹത്തിന്‍റെ അന്വേഷണങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയത്തിലേക്കുള്ള യാത്രയായി മാറുന്നു.
 
'വിലക്കപ്പെട്ട വാക്ക്' നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന അക്ഷരവിരോധത്തിന്‍റെ ചിത്രമാണ് അനാവരണം ചെയ്യുന്നത്. മൗലികവാദികളുടെ വിലക്കുകള്‍ വാക്കുകള്‍ക്കുമേല്‍ നിഴല്‍ വീഴിക്കുന്നത് നാം കാണുന്നു. "ബഹുസ്വരതകളുള്ള സമൂഹങ്ങളുടെ ജീവവായുവാണ് ആവിഷ്കാരസ്വാതന്ത്ര്യം. വിനിമയം, സംവാദം, ജനാധിപത്യം, മിഥ്യയായ സഹിഷ്ണുതയുടെയും ഇല്ലാത്ത പരസ്പരബഹുമാനത്തിന്‍റെയും പേരില്‍ നാമതിന് തടയിടുകയാണെങ്കില്‍ സ്വതന്ത്രമായ വാക്ക് അന്യം നിന്നുപോകും" എന്നാണ് കെ. അരവിന്ദാക്ഷന്‍ നിരീക്ഷിക്കുന്നത്. വളര്‍ന്നു വരുന്ന അസഹിഷ്ണുത ജനാധിപത്യത്തിനു ഭീഷണിയാകുന്നത് അദ്ദേഹം മനസ്സിലാക്കുന്നു. ഇതിനെ ചെറുക്കണമെങ്കില്‍ നമുക്കു 'സാംസ്കാരിക രാഷ്ട്രീയ ജാഗ്രത' അനിവാര്യമാണ്. നാം ഉറങ്ങിക്കിടന്നാല്‍ ഭീകരമായ സത്യമാകും നാളെ പിറവികൊള്ളുക. നമ്മുടെ നാടിനേറ്റിരിക്കുന്ന ധാര്‍മ്മികവും ആത്മീയവുമായ ക്ഷതങ്ങള്‍ ഈ എഴുത്തുകാരനെ വേദനിപ്പിക്കുന്നു. "എല്ലാ ഹിംസകള്‍ക്കും അടിയിലുള്ളത് അധികാരക്കാര്യമാണ്" എന്ന സത്യം അദ്ദേഹം എടുത്തുപറയുന്നു. നഷ്ടപ്പെട്ട ധാര്‍മ്മിക ശക്തി വീണ്ടെടുത്താല്‍ മാത്രമേ നമുക്ക് ഇതിനെതിരെ ശബ്ദിക്കുവാന്‍ സാധിക്കൂ. "വ്യവസ്ഥാപിതമായതിനെ, മൃതമായതിനെ, യാഥാസ്ഥിതികമായതിനെ, മനുഷ്യവിരുദ്ധമായതിനെ ചോദ്യം ചെയ്യുകയെന്നത് ജീവനുള്ള സമൂഹത്തിന്‍റെ ലക്ഷണമാണ്. ജീവനുള്ള സമൂഹമാകാനുള്ള ചൈതന്യം കൈവരിക്കുക ഒഴിവാക്കാനാവില്ല.
 
'സംവാദത്തിനിടമില്ലാത്ത ഒരടഞ്ഞ ലോകത്തിന്‍റെ' വളര്‍ച്ച ലേഖകന്‍ കാണുന്നു. 'സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനുള്ള തുറസ്സുകള്‍' നഷ്ടമാകുമ്പോള്‍ സമൂഹത്തിന്‍റെ ആരോഗ്യം നഷ്ടമാകുന്നു. ഈ തുറസ്സുകള്‍ക്കുവേണ്ടി അന്വേഷിക്കുമ്പോള്‍ അരവിന്ദാക്ഷന്‍ ഗാന്ധിയന്‍ മൂല്യങ്ങളിലേക്ക് കടക്കുന്നു. 'ഗാന്ധിജി അതിജീവിക്കുമോ' എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്. 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംവാദം അര്‍ത്ഥവത്താകുന്നതോടെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യഥാര്‍ത്ഥസംവാദം ആരംഭിക്കുന്നത്" എന്ന ചിന്ത പ്രാധാന്യമര്‍ഹിക്കുന്നു.

യഥാര്‍ത്ഥ രാഷ്ട്രീയം എന്താണെന്ന അന്വേഷണം അരവിന്ദാക്ഷന്‍ നടത്തുന്നുണ്ട്. മനുഷ്യനും പരിസ്ഥിതിയുമെല്ലാം കൂട്ടിയിണക്കുന്ന രാഷ്ട്രീയത്തിനായുള്ള ആരായലാണത്. "മനുഷ്യന്‍ മഹത്തായ ഒരു ജൈവശൃംഖലയുടെ കണ്ണി മാത്രമാണ്. പ്രപഞ്ചത്തിലെ ജൈവവും അജൈവവുമായ സകലതിനെയും കാരുണ്യത്തോടെ കാണേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം മനുഷ്യനുണ്ട്." ഈ തിരിച്ചറിവാണ് യഥാര്‍ത്ഥ രാഷ്ട്രീയം. മറ്റെല്ലാം അരാഷ്ട്രീയവാദമായി മാറുന്നു. നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അരാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. "യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍ ചെറിയവരുടെ ശബ്ദത്തിനും ശത്രുവിന്‍റെ അഭിപ്രായത്തിനും പ്രസക്തിയുണ്ട്. യഥാര്‍ത്ഥ രാഷ്ട്രീയം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലൂടെയാണ് വളര്‍ന്നു വികസിക്കുന്നത്. ഒരു പുഴുവിനും പുല്‍നാമ്പിനും ഈ രാഷ്ട്രീയത്തില്‍ പങ്കുണ്ട്." ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് നാം തിരിച്ചറിയുന്നു.  

പരിസ്ഥിതിചിന്തകള്‍ കെ. അരവിന്ദാക്ഷന്‍റെ ചിന്തകളില്‍ പ്രധാനമാണ്. "പ്രകൃതിയുടെ കനിവുകളായ തണലും പൂക്കളും ചെടികളും മരങ്ങളും മൃഗങ്ങളും മണ്ണും ഇനിയൊരിക്കലും ഇന്നത്തെ കാരുണ്യത്തോടെ നമുക്കുള്ളവയായിരിക്കുകയില്ല" എന്ന കണ്ടെത്തല്‍ നിര്‍ണായകമാണ്. ആധുനിക നാഗരികത സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ നാനാവിധമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യന്‍റെ അകവും പുറവും ശൂന്യമാകുന്ന, പരിസരവുമായുള്ള ജൈവവബന്ധം മുറിയുന്ന സംസ്കാരം ലോകത്തെ മരുഭൂമിയാക്കുകയാണ്. പ്രകൃതിയോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം തിരിച്ചറിയുക പ്രധാനമാണ്. ഹിംസയ്ക്കു പകരം കാരുണ്യത്തിന്‍റെ പാതയില്‍ സഞ്ചരിക്കുകയാണ് വേണ്ടത്.

മതവും രാഷ്ട്രീയവും അധികാരവും പരിസ്ഥിതിയും അസഹിഷ്ണുതയും എല്ലാം ചര്‍ച്ചചെയ്യുന്ന ഈ ഗ്രന്ഥം നമ്മെ കൂടുതല്‍ ജാഗ്രതയുളളവരാക്കുന്നു. ധാര്‍മ്മികതയുടെ വീണ്ടെടുപ്പാണ് അരവിന്ദാക്ഷന്‍റെ ലക്ഷ്യം. നാടിന്‍റെ പിന്നോട്ടുള്ള നടത്തത്തില്‍ വ്യസനിക്കുന്ന മനുഷ്യസ്നേഹിയെയാണ് നാമിവിടെ അഭിസന്ധിക്കുന്നത്. 'യഥാര്‍ത്ഥ അന്വേഷി ഒരിക്കലും ഒരു മണല്‍ത്തിട്ടിലും ഒതുങ്ങി നില്‍ക്കില്ല.  അയാള്‍ സ്വയം പുതുക്കിക്കൊണ്ടിരിക്കും, ഒഴുകിക്കൊണ്ടിരിക്കും." സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന, വളര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷകന്‍റെ വാക്കുകളാണ് 'ദേശീയത നായാട്ടിനിറങ്ങുമ്പോേള്‍' എന്ന ഗ്രന്ഥത്തെ ആഴമുള്ളതാക്കുന്നത്. സമൂഹത്തിന്‍റെ, രാജ്യത്തിന്‍റെ നിലനില്പിന് അനിവാര്യമായ കാഴ്ചപ്പാടുകളാണ് കെ. അരവിന്ദാക്ഷന്‍ അവതരിപ്പിക്കുന്നത്.
(ദേശീയത നായാട്ടിനിറങ്ങുമ്പോള്‍, കെ. അരവിന്ദാക്ഷന്‍, ഡി. സി. ബുക്സ് കോട്ടയം)
 
പുതിയ നാടോടി 
 
നോവലിസ്റ്റ്, കഥാകൃത്ത്, ലേഖകന്‍, വിവര്‍ത്തകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനാണ് എം. കമറുദ്ദീന്‍. 'ശരീരവും സംസ്കാരവും' എന്ന ഗ്രന്ഥത്തിനു ശേഷം അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ലേഖനസമാഹാരമാണ് 'പുതിയ നാടോടി.     മനശ്ശാസ്ത്രതത്ത്വങ്ങള്‍ പ്രയോജനപ്പെടുത്തി മനുഷ്യജീവിതത്തിന്‍റെ ഭിന്നതലങ്ങള്‍ വിശദമാക്കുന്ന ഈ ഗ്രന്ഥം സര്‍ഗാത്മകമായ അന്വേഷണങ്ങളാല്‍ പൂരിതമാണ്. അസാധാരണമായ ഉള്‍ക്കാഴ്ചയാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന എല്ലാം സൂക്ഷ്മവിശകലത്തിന് വിധേയമാകുന്നു. ഭക്ഷണവും വീടും വിശ്വാസവുമെല്ലാം അതിന്‍റെ ഭാഗമാകുന്നു.

ഭയത്തെ മറികടക്കാന്‍ മനുഷ്യന്‍ നടത്തുന്ന പരിശ്രമങ്ങളുടെ സ്വഭാവം വിശദമാക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ അഗാധചിന്തകളിലേക്ക് നമ്മെ നയിക്കുന്നു. മറ്റു മനുഷ്യരുടെ ജീവിതത്തോട് ഉത്തരവാദിത്വമുള്ളവരായി ഇഹലോകത്തില്‍ ജീവിക്കാന്‍ ചില മൂല്യങ്ങള്‍ അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം കമറുദ്ദീന്‍ തിരിച്ചറിയുന്നുണ്ട്.

'വിദ്യാര്‍ത്ഥികളും അധ്യാപകനും' തമ്മിലുള്ള ബന്ധവൈരുദ്ധ്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുന്നു. വിദ്യാഭ്യാസം എങ്ങനെ അധികാരത്തിന്‍റെ ഭാഗമാകുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു. 'വിദ്യാഭ്യാസത്തെ വ്യക്തിയുടെ മോചനത്തിനും സമൂഹത്തിന്‍റെ മോചനത്തിനും പ്രയോജനപ്പെടുത്താന്‍ കഴിയും' എന്ന് കമറുദ്ദീന്‍ തിരിച്ചറിയുന്നു. എന്നാല്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ അതിനു പര്യാപ്തമാണോ എന്ന് അദ്ദേഹം സംശയിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ വിമോചനമൂല്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. "ഒരു പക്ഷിയുടെ ചിറകടി ആസ്വദിക്കുന്നവന്‍റെയല്ല, അതിന്‍റെ ചിറകടികള്‍ക്കിടയിലെ പിഴവുകളെ തന്‍റെ തോക്കിന്‍റെ വിജയങ്ങളാക്കി മാററുന്ന വേട്ടക്കാരന്‍റെ മനസ്സ് സമൂഹത്തിന്‍റെ മുഴുവന്‍ മനസ്സാക്കി മാറ്റാനാണ് ഇപ്പോള്‍ വിദ്യാഭ്യാസവിചക്ഷണന്മാരും ഭരണാധികാരികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്" എന്നാണ് കമറുദ്ദീന്‍റെ അഭിപ്രായം. "നാം സ്വപ്നം കാണേണ്ട ഒരു വിദ്യാര്‍ത്ഥിയുണ്ട്. സ്വന്തം കാലഘട്ടത്തിന്‍റെ ദുരിതസത്യം മനസ്സിലാക്കാന്‍ ഉള്‍ക്കാഴ്ച നേടിയ, തന്നിലൂടെ യാത്രചെയ്ത് തന്‍റെ സഹജീവിയിലേക്കെത്തുന്ന, അഥവാ തന്‍റെ സഹജീവിയിലൂടെ തന്നിലേക്ക് പ്രയാണമാരംഭിക്കുന്ന ഒരു വിദ്യാര്‍ത്ഥി. ആ വിദ്യാര്‍ത്ഥി മത്സരിക്കാനല്ല പഠിക്കുക, മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ്. തന്‍റെ ആസക്തികള്‍ക്ക് ഈ പ്രകൃതിയെ ഭക്ഷണമാക്കാനല്ല, ചരാചരങ്ങളെയെല്ലാം പ്രിയത്തോടെ പുണരാനാണ് ആഗ്രഹിക്കുക. ആ വിദ്യാര്‍ത്ഥിക്കുമുന്നില്‍ കാലം വിനയാന്വിതമായിരിക്കും" ഇതാണ് കമറുദ്ദീന്‍ അവതരിപ്പിക്കുന്ന ധാര്‍മ്മിക സങ്കല്പം.

ആസക്തികള്‍ സുഗന്ധമുള്ള ഒരു വിലങ്ങ് നമുക്കായി ഒരുക്കുന്നു. സാങ്കേതികവിദ്യ നമ്മെ ഏകാന്തതയുടെ തടവറയിലടയ്ക്കുന്നു. സംഘബോധത്തിനുപകരം അവനവനിലേക്കുള്ള ചുരുക്കം മാത്രമാണിന്ന് പ്രബലം. "എന്‍റെ ശരീരത്തില്‍ തന്നെ ലോകത്തെ ഞാന്‍ കൊണ്ടുനടക്കുന്നു. മനുഷ്യന്‍റെ ആദിമമായ സംഘബോധത്തിന്‍റെ ഗോത്രനന്മകള്‍ അലഞ്ഞകലുന്നതിന്‍റെ ഒരു ചിത്രം ഇവിടെയുണ്ട്. വൃത്തികെട്ട ഒരു സ്വകാര്യതയിലേക്ക് മനുഷ്യന്‍ ആയിത്തീരുന്നു എന്നതാണ് ഇതുകൊണ്ടുണ്ടാകുന്നത്." ഇത് മനുഷ്യനില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഉപഭോഗാസക്തിയുടെ സ്വപ്നങ്ങളില്‍ അലയുന്ന ആധുനിക നാഗരികത മനുഷ്യനെ പൊള്ളയാക്കുന്നു. "മനുഷ്യാത്മാവിനു മുകളില്‍ വസ്തുക്കളുടെ ഭരണമേര്‍പ്പെടുത്തിക്കൊണ്ട് എല്ലാ മനുഷ്യരെയും തിരക്കുപിടിച്ചവരാക്കിക്കൊണ്ട് വേഗതയെ ജീവിതാദര്‍ശമാക്കിക്കൊണ്ട് ആധുനിക നാഗരികത എല്ലാവരെയും ഒരു അദൃശ്യയുഗത്തിലെ പടയാളികളാക്കി മാറ്റുന്നു" എന്ന നിരീക്ഷണം പരമാര്‍ത്ഥമാണ്. ഇത് സുഗന്ധമുള്ള വിലങ്ങായി മാറുന്നു. എളുപ്പത്തില്‍ കുടഞ്ഞെറിയാനാകാത്ത വിലങ്ങ്.

'ഭക്ഷണവും മനസ്സും സംസ്കാരവും' എന്ന ലേഖനത്തില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ കമറുദ്ദീന്‍ നടത്തുന്നുണ്ട്. "അമ്മയും അന്നവും ആലിംഗനം ചെയ്യുന്ന ഒരു ശൈശവാനുഭവമാണ് മനുഷ്യന്‍റെ പില്‍ക്കാലചരിത്രത്തിന്‍റെ ഒരടിസ്ഥാനം" എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അതുപോലെ 'ഭക്ഷണരീതി ഒരു വ്യക്തിയുടെയും ചിലപ്പോള്‍ ഒരു ജനതയുടെ തന്നെയും സാംസ്കാരിക നിലയേയും നൈതികനിലയേയും മനസ്സിലാക്കാനുള്ള ഒരു മാപിനിയാണ്' എന്നും അദ്ദേഹം പറയുന്നു. ഭക്ഷണം ഒരു രാഷ്ട്രീയയുദ്ധമായി മാറുന്നത് നാമിപ്പോള്‍ കാണുന്നതാണല്ലോ.

'ശരീരത്തിന്‍റെ കാല'മാണിതെന്ന് കമറുദ്ദീന്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലേക്കു ചുഴറ്റിയെറിയപ്പെടുന്നവരായി നാം മാറിക്കൊണ്ടിരിക്കുന്നു. "താരതമ്യമാണല്ലോ ആധുനികലോകം കണ്ടുപിടിച്ച പ്രധാന അത്ഭുതങ്ങളില്‍ ഒന്ന്. മറ്റൊന്ന് അനുകരണമാണ്" എന്നാണ് ലേഖകന്‍റെ അഭിപ്രായം. അങ്ങനെ ഒരു സമൂഹം മുഴുവന്‍ ഉത്കണ്ഠാരോഗികളായിരിക്കുന്നു. "ദുഃഖം, കാരുണ്യം, സഹജീവിസ്നേഹം, ഭൂതദയ തുടങ്ങിയ മാനുഷികവികാരങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്ന സംതൃപ്തിക്കുപകരം ശരീരത്തെ ആന്ദിപ്പിക്കുന്ന ഏതെങ്കിലും ഒരു ഉല്പന്നത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഉപഭോക്താക്കളുടെ മാത്രം ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്." ഇതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. വേഗതയുടെ വ്യാകരണമാണ് ഇന്നിനെ നിയന്ത്രിക്കുന്നത്. "ആരും കാഴ്ചക്കാരില്ലാത്ത ഒരു മത്സരയോട്ടത്തിലെ അംഗങ്ങളായി ഒരു ജനത മുഴുവന്‍ മാറിയിരിക്കുന്നു."

നമ്മെ, നമ്മുടെ ജീവിതത്തെ ആഴത്തില്‍ തിരിച്ചറിയാനുള്ള ശ്രമമാണ് കമറുദ്ദീന്‍ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്. തിരക്കിട്ടു പായുന്നതിനിടയില്‍ ഒന്നു തിരിഞ്ഞുനോക്കാനും എങ്ങോട്ടാണീ ഓട്ടം എന്നു സ്വയം ചോദിക്കാനും ഗ്രന്ഥകാരന്‍ പ്രേരിപ്പിക്കുന്നു.

(പുതിയ നാടോടി, എം. കമറുദ്ദീന്‍, ഇന്‍സെറ്റ് പബ്ലിക്കേഷന്‍, കോഴിക്കോട്)
 
കവിതയുടെ പാല്‍ഞരമ്പ്

ഭാഷയുടെയും ചിന്തയുടെയും സൂക്ഷ്മരൂപമാണ് കവിത. അകത്തേക്കുള്ള നോട്ടമായി മാറുന്ന കവിതകള്‍ നമ്മെ ആത്മീയമായി ഉന്നമിപ്പിക്കുന്നു. ജീവിതത്തിന്‍റെ മറ്റ് പ്രതലങ്ങളില്‍നിന്ന് ആത്മീയത ചോര്‍ന്നുപോകുമ്പോള്‍ കവിത ആത്മീയമായ ഉണര്‍വിലേക്കു നമ്മെ നയിക്കുന്നു. റോസി തമ്പിയുടെ 'പാല്‍ഞരമ്പ്' എന്ന കവിതാസമാഹാരം ആത്മീയതയുടെ ഭിന്നമാനങ്ങള്‍ ആവിഷ്കരിക്കുന്നു. പുറത്തേക്കുനോക്കി സമാഹരിക്കുന്ന അനുഭവങ്ങളെ ആത്മാവില്‍ പാകപ്പെടുത്തി ജ്വലിപ്പിച്ചെടുക്കുകയാണ് കവി. നമ്മുടെ കാലത്തിനു നഷ്ടപ്പെടുന്ന ഉള്‍നോട്ടങ്ങള്‍ റോസി തമ്പിയുടെ കവിതകളെ സാന്ദ്രമാക്കുന്നു. പുരുഷന്‍റെ കാഴ്ചയില്‍നിന്നു വ്യത്യസ്തമായ പെണ്‍നോട്ടങ്ങളും ശ്രദ്ധേയം. അകത്തും പുറത്തും മരുഭൂമി പടരുന്ന ഇന്നിന്‍റെ തരിശുകാലത്തെ ഈര്‍പ്പം കൊണ്ടു തണുപ്പിക്കാന്‍ കവി ശ്രമിക്കുന്നു. മനുഷ്യന്‍റെ വീഴ്ചകളെ സഹാനുഭൂതിയോടെ വീക്ഷിക്കുന്ന  കവി ചിലതിനെ നിശിതമായി അടയാളപ്പെടുത്താനും മടിക്കുന്നില്ല, നമുക്കു നഷ്ടപ്പെടുന്ന സ്വത്വത്തിന്‍റെ അധികമാനങ്ങളെ പുനരാനയിക്കാനുള്ള ശ്രമമാണ് കവി നടത്തുന്നത്. ലീലാവതി ടീച്ചറും ടി. പി. രാജീവനും നടത്തുന്ന നിരീക്ഷണങ്ങള്‍ റോസി തമ്പിയുടെ കവിതകളെ സാധൂകരിക്കുന്നു.

"ഏതു കൂരിരുട്ടിലും
ഒരു നക്ഷത്രം
കാത്തിരിക്കുന്നുണ്ടെന്ന" പ്രത്യാശയാണ് തന്‍റെ കവിത എന്ന് കവി എടുത്തുപറയുന്നു. കെട്ടകാലത്തിന്‍റെ പ്രത്യാശയായി ഈ കവിതകള്‍ മാറുന്നു. മറ്റൊരു ജീവിതത്തിന്‍റെ സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിസംസ്കാരത്തിന്‍റെ വക്താവായി കവി മാറുന്നു. അതുകൊണ്ടാണ് ഒരിക്കലും പ്രണയിക്കാത്തവരോട് ദൈവത്തെക്കുറിച്ചു പറയാന്‍ ഈ കവിക്കു കഴിയാത്തത്.

പ്രണയവും വിരഹവും പ്രാര്‍ത്ഥനയും ബൈബിള്‍ സംസ്കാരവും ഇതിഹാസപുരാണങ്ങളുമെല്ലാം ഇഴപാകുന്ന ഒരു സംസ്കാരത്തില്‍ നിന്നാണ് ഈ കവിതകള്‍ ജനിക്കുന്നത്. വെളിച്ചത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളായി കവിതകള്‍ മാറുന്നു. ഇരുട്ടിനെ, നനവില്ലായ്മയെ അകറ്റാനാണ് കവിയുടെ ശ്രമം. ആണും പെണ്ണും ദൈവവും പ്രകൃതിയുമെല്ലാം സന്തുലിതമായി വന്നു നിറയുന്ന ഈ കാവ്യങ്ങള്‍ നമ്മുടെ സ്വത്വത്തിന്‍റെ ആഴങ്ങളില്‍ പ്രതിധ്വനികള്‍ സൃഷ്ടിക്കുന്നു. ശാന്തമായൊഴുകുന്ന നദിയായി നമ്മുടെ ആത്മാവ് രൂപാന്തരപ്പെടുന്നു. ഭയം ഗ്രസിക്കുന്ന ആത്മാവിനെ നിത്യതയിലേക്ക് ഉയര്‍ത്താന്‍ കവി വെമ്പുകയാണ്. കാലം അതിനനുവദിക്കുന്നില്ല. "എനിക്കു മിണ്ടാതിരിക്കാനാവില്ല. എന്‍റെ സങ്കടങ്ങളാണെന്‍റെ വാക്കുകള്‍" എന്ന് കവി കുറിക്കുന്നതിന്‍റെ പശ്ചാത്തലമാണിത്. "ഹൃദയത്തിലെ മണല്‍വഴികളില്‍ നദിയുടെ ഉറവ കിളിര്‍ക്കുന്നുണ്ട്" എന്ന് കവി പ്രത്യാശിക്കുന്നു.

സ്ത്രീയുടെ ജീവിതത്തിന്‍റെ പല ഘട്ടങ്ങളും റോസിതമ്പി അതിസുക്ഷ്മമായി ചിത്രീകരിക്കുന്നു. "പെണ്‍കാഴ്ചകളുടെ സാന്ദ്രത നാമിവിടെ കാണുന്നു. വലിയ അലര്‍ച്ചകളല്ല ഇവിടെ കവിയുടെ പ്രതികരണം. വിമര്‍ശനവും തിരുത്തലുകളും മൗനമുദ്രിതമാണിവിടെ, എന്നാല്‍ ശക്തവും. പൗരുഷത്തിന്‍റെ വഴി തെറ്റിയ യാത്രയെ സ്ത്രൈണ ആത്മീയതയുടെ നനവിനാല്‍ പൂരിപ്പിക്കാനാണ് കവിയുടെ ശ്രമം. "വീഴുമ്പോള്‍ താങ്ങുന്ന വാക്കുകളാണ്' കവി ഉപയോഗിക്കുന്നത്. ചരിത്രത്തെ തന്നെ സവിശേഷരീതിയില്‍ അടയാളപ്പെടുത്തുന്നു കവി. അത് പുരുഷന്‍റെ മാത്രമല്ല, സ്ത്രീയുടെയും മരങ്ങളുടെയും കിളികളുടെയും സര്‍വ്വചരാചരങ്ങളുടേതുമാണ്. ചരിത്രത്തെ സമഗ്രമായി മുദ്രപ്പെടുത്തുകയാണ് കവി. ചരിത്രത്തെ പാലിക്കാനുള്ള പുതിയ കണ്ണുകളായി കവിതകള്‍ മാറുന്നു. ഹരിതമായ ഒരു ആത്മീയതയ്ക്കുള്ള ആരായലുകളും ശ്രദ്ധേയമാവണം.

'വാക്കുകള്‍ കായ്ക്കുന്ന വൃക്ഷം

ഞാന്‍ അതിനെ കവിത എന്നു വിളിച്ചു' വാക്കിനായുള്ള, വാക്കിനെക്കുറിച്ചുള്ള അന്വേഷണവും പ്രാര്‍ത്ഥനയുമാണ് റോസി തമ്പിയുടെ കവിതകള്‍. നമുക്കു നഷ്ടപ്പെട്ട നനവിനെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണിത്. 'ഊഷരപുരുഷമണല്‍ക്കാട്ടില്‍ ഉര്‍വ്വരം സ്ത്രീജന്മം' എന്ന് കവി ഇതിനെ വ്യാഖ്യാനിക്കുന്നു. ജൈവികമായ ഒരു ശക്തി ആത്മീയമായി മാറുന്നു ഈ കവിതകളില്‍. നാളത്തേക്കുള്ള വെളിച്ചമാണിത്.

(പാല്‍ഞരമ്പ്, റോസി തമ്പി, ഡി. സി. ബുക്സ്, കോട്ടയം)

You can share this post!

ബുധിനിയുടെ കഥയും ആനന്ദിന്‍റെ ചിന്തകളും

ഡോ. റോയി തോമസ്
അടുത്ത രചന

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
Related Posts