news-details
കാലികം.

തിന്മകളെ ആഘോഷിക്കുന്ന കാലം

  പോയ കുറേ വര്‍ഷങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ട്രോളുണ്ടാക്കുകയും ചെയ്ത സംഭവങ്ങള്‍ ഏതൊക്കെയെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാ കുറേ സാമ്പിളുകള്‍. ബിസിനസ്സ് ഉയര്‍ച്ചക്കായി കുറേ രാഷ്ട്രീയക്കാരെ ഒരു സ്ത്രീ ലൈംഗിക കെണിയില്‍ പെടുത്തിയെന്ന വാര്‍ത്തയുടെ പിറകെയായിരുന്നു സമൂഹം കുറേനാള്‍. ആരോപണം തെളിയിക്കാനുള്ള വീഡിയോക്ലിപ്പെടുക്കാന്‍ പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ ചാനല്‍വണ്ടികള്‍ പിന്നാലെ പോയി. ഇപ്പോള്‍ കിട്ടുമെന്ന വിചാരത്തോടെ പൊതുസമൂഹം തല്‍സമയ ദൃശ്യങ്ങള്‍ക്കായി കണ്ണിലെണ്ണയൊഴിച്ചു കാത്തുനിന്നു. ഒരു നടന്‍ ഒരു നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ കൊട്ട്വേഷന്‍ നല്കിയെന്ന ആരോപണത്തിന്‍റെ പിറകേയും കേരളം ഓടി. പ്രശസ്തരല്ലാത്തവരും നെഗറ്റീവ് പെരുമാറ്റങ്ങളിലൂടെ സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കയറി. കുടുംബാംഗങ്ങളെ വധിച്ച നന്തന്‍കോട്ടെ യുവാവ് ഒരു ഉദാഹരണം. ആര്‍ക്കും ഒരു പ്രയോജനവും നല്കാത്ത ആസ്ട്രല്‍ പ്രോജക്ഷന്‍റെ യാഥാര്‍ത്ഥ്യം തേടിയും ജനം വലഞ്ഞു. ഭര്‍ത്താവിന്‍റെ മരണശേഷം ആ സ്ത്രീയുടെ ഒപ്പം താമസിച്ച യുവാവ് അവരുടെ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച സംഭവവും സമൂഹം മനസ്സിലേക്ക് കയറ്റി ആഘോഷിച്ചു. കുട്ടികള്‍ ഇപ്പോഴും അരക്ഷിതരായി ജീവിക്കുന്നു. എഴുതിയാല്‍ ഈ ലിസ്റ്റ് ഇനിയും നീളും. ഏററവും ഒടുവിലത്തെ സംഭവമാണ് കോഴിക്കോടു കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍, അതില്‍ ഒരു മദ്ധ്യവയസ്കയാണ് കഥാപാത്രം.

ഗുണമോ, ദോഷമോ?

തിന്മകളുടെയും നന്മകളുടെയും വാര്‍ത്തകളുടെ അനുപാതം നോക്കുമ്പോള്‍ തിന്മകള്‍ മേല്‍ക്കൈ നേടുന്നു. അവ കൈകാര്യം ചെയ്യുന്ന രീതികള്‍ ആഘോഷസമാനമാകുന്നു. കൊടും ക്രൂരതകളുടെയും അവ ചെയ്യുന്നവരുടെയുമൊക്കെ മനശ്ശാസ്ത്രം സമൂഹം അറിയേണ്ടതുതന്നെയാണ്. അതില്‍ നിന്ന് സാംസ്കാരികമായി പാകപ്പെടുവാനുള്ള പാഠങ്ങള്‍(Education) ഉള്‍ക്കൊള്ളുകയും വേണം. രണ്ടാമത്തെ ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കാതെ കുറ്റകൃത്യങ്ങള്‍ മസാല ചേര്‍ത്ത് അവതരിപ്പിക്കപ്പെടുമ്പോള്‍ പല അപകടങ്ങളുമുണ്ട്. പലപ്പോഴും അതു പൊതുമനസ്സിനെ മലിനപ്പെടുത്തുകയും ചെയ്യും. ഒളിഞ്ഞുനോട്ടക്കാരന്‍റെ മനോനിലയിലേക്ക് താഴ്ത്തുകയും ചെയ്യും.

അവിഹിതബന്ധങ്ങളോ, ക്രൂരമായ കൊലപാതകങ്ങളോ, സമൂഹത്തിലെ ഉന്നതസ്ഥാനത്തുള്ളവര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെട്ടു വീഴുന്നതോ ഒക്കെ ആവേശത്തോടെ സ്വാഗതം ചെയ്യുന്ന ഒരു സമൂഹം രൂപപ്പെട്ടിട്ടുണ്ട്. രാത്രി പത്തരമണി നേരത്ത് എല്ലാ ചാനലുകളും വിളമ്പുന്ന അന്നത്തെ കുറ്റകൃത്യങ്ങളുടെ പരിപാടിക്കായി കാത്തിരിക്കുന്നവര്‍ എത്രയോ അധികമാണ്. കുട്ടികള്‍ ഈ പരിപാടി കാണരുതെന്ന മുന്നറിയിപ്പുപോലും ഇല്ലെന്ന് ഓര്‍ക്കണം. ഉള്ളിലെ ക്ഷുദ്രവും കുറ്റവാസന നിറഞ്ഞതുമായ അംശങ്ങളാണ് ഒരു പ്രേക്ഷകനെ ഇത്തരം പരിപാടികളിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനായി ദാഹിക്കുന്ന വലിയൊരു സമൂഹത്തെ ലക്ഷ്യമാക്കി കച്ചവടസമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് മാധ്യമങ്ങള്‍ ഇവ വിളമ്പുന്നത്. തിരുത്തല്‍ ശക്തിയെന്ന ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചാണ്  നെഗറ്റീവ് വിഷയങ്ങളും ആഘോഷിക്കപ്പടുന്നത്. ഒഴുക്കിനെതിരെ നീന്താന്‍ ആര്‍ക്കും തന്‍റേടമില്ല. എല്ലാവരുടെയും ഉള്ളില്‍ ഒരു ചതിയനുണ്ട്, കള്ളനുണ്ട്, കൊലപാതകിയുണ്ട്. മൂല്യബോധത്തിന്‍റെ സ്വാധീനത്തില്‍ അത് ഉള്ളിലെവിടെയോ ഉറങ്ങിക്കിടക്കുകയാണ്. ചതിയുടെയും കള്ളത്തരത്തിന്‍റെയും അക്രമത്തിന്‍റെയും കൊലയുടെയുമൊക്കെ ആവര്‍ത്തിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഈ ഭാവങ്ങളെ മെല്ലെ ഉണര്‍ത്തിയേക്കും. പ്രത്യേകിച്ചും മൂല്യബോധം ക്ഷയിച്ചുവരുന്ന ഒരു സമൂഹത്തില്‍, ഇതിലൊക്കെ എന്തെന്ന ഒരു നിസ്സംഗതയും പൊതുസമൂഹത്തിലുണ്ടാകാനിടയുണ്ട്. ക്രൂരകൃത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ രോഷാകുലരാകുകയോ, ഭയപ്പെടുകയോ, സങ്കടപ്പെടുകയോ ചെയ്യുന്നവരുടെ തോത് കുറഞ്ഞുവരും. ഈ ലാഘവബുദ്ധി കുറ്റവാസനകള്‍ പൊട്ടിമുളയ്ക്കാനുള്ള വളമാണ്. ഈ ആഘോഷങ്ങള്‍ ഒരു അപകടത്തിനുള്ള നിലമൊരുക്കുകയും ചെയ്യും.

സീരിയലിലെ തിന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ ജീവിതത്തിലും

 

ടെലിവിഷന്‍ സീരിയലുകള്‍ ശ്രദ്ധിക്കുക. ക്രൂരതയുടെയും ചതിയുടെയും കടുത്ത വര്‍ണ്ണങ്ങള്‍ കലര്‍ത്തിയുണ്ടാക്കിയ കഥാപാത്രങ്ങളിലൂന്നിയാണ് ഇവയില്‍ പലതും പ്രേക്ഷക പിന്തുണ ഉറപ്പാക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ക്കു മേലേയുള്ള മാനം നല്കാനുള്ള പ്രവണതയുണ്ടാകാം. യഥാര്‍ത്ഥ ചിത്രത്തിന് പൊലിമ നല്കാനായി എരിവും പുളിയും ചേര്‍ത്തുപോകും. സമൂഹമനസ്സ് അതിനായിട്ടാണ് ദാഹിക്കുന്നത്. അടുത്തകാലത്തുണ്ടായിട്ടുള്ള നെഗറ്റീവ് സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ ഇത് സംഭവിച്ചിട്ടുണ്ട്. കൂടത്തായി വാര്‍ത്തകള്‍ക്കുള്ള പ്രേക്ഷക പിന്തുണ ടെലിസീരിയലുകള്‍ക്ക് ഉള്ളതിനേക്കാളും കൂടുതലായിരുന്നുവെന്നാണ് അറിഞ്ഞത്. യഥാര്‍ത്ഥ ലോകത്തില്‍നിന്നും രൂപപ്പെട്ട് വരുന്ന ഒരു ക്രിമിനല്‍ ബിംബത്തിന് ഇത്ര പൊലിമയുണ്ടെങ്കില്‍ പിന്നെ ടെലിസീരിയലിലെ ഭാവനാസൃഷ്ടിക്ക് പിറകെ പോകുന്നതെന്തിനെന്ന തോന്നലുണ്ടാകുമല്ലോ? വാര്‍ത്തകളില്‍ സത്യമെത്രയെന്നും ഭാവനയെത്രയെന്നും ആരു ശ്രദ്ധിക്കാന്‍ പോകുന്നു. ഇനി കൂടത്തായിലെ കുറ്റാരോപിതയില്‍ ആരോപിക്കപ്പെട്ടിട്ടുള്ളതിലും ക്രൂരതയുള്ള കഥാപാത്രങ്ങളെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഉണ്ടാക്കേണ്ടിവരും. തിന്മയുടെ ആഘോഷം തുടര്‍ന്നുകൊണ്ടേയിരിക്കും, ജീവിതത്തിലും ഭാവനയിലും.

തിന്മകളുടെ ആഘോഷത്തിലെ അപകടങ്ങള്‍

തിന്മനിറഞ്ഞ മനസ്സുകളുടെ കഥകള്‍ ഇങ്ങനെ ആഘോഷമാക്കുകയും അത് മസാല ചേര്‍ത്ത് വിളമ്പുകയും ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സമൂഹത്തില്‍ കുറ്റവാസന കുറയുമോ?  ഇത് ഒരു വിനോദോപാധിയായി ഉള്‍ക്കൊള്ളുന്നവരുണ്ട്. അങ്ങനെ ചെയ്യരുതെന്ന വിചാരത്തേക്കാള്‍ അതിലെ ഹരം മാത്രമാണ് അവരുടെ ലക്ഷ്യം. ഭൂരിപക്ഷവും ഇങ്ങനെതന്നെയാണ്. കൂടത്തായി കഥകള്‍ വായിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന മൂല്യച്യുതികളിലേക്കും അത് സ്വന്തം കുടുംബത്തില്‍ ഉണ്ടാകുന്നുണ്ടോയെന്ന വിശകലനത്തിലേക്കും പോയവര്‍ എത്രയുണ്ടാകും? ആരാന്‍റെ അമ്മയ്ക്ക് ഉന്മാദം വന്നാലുള്ള ആഘോഷത്തിനപ്പുറം ഇത് പോകാറില്ലെന്നതാണ് വാസ്തവം. സാംസ്കാരിക ഉന്നമനത്തിലേക്ക് നയിക്കുന്ന തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമം സെന്‍സേഷനല്‍  കുരുക്കില്‍പ്പെടുന്ന മാധ്യമങ്ങള്‍ക്കു ചെയ്യാന്‍ കഴിയില്ല.
ഇതില്‍ വലിയൊരു അപകടമുണ്ട്. കുറ്റവാസനകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിലര്‍ക്കെങ്കിലും ഈ കഥകള്‍ ഉത്തേജകമാകും. വരച്ചിടുന്ന ക്രൈമിന്‍റെ ചിത്രം പ്രേരണയാകും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെടാതെ ചെയ്യാനുള്ള ആസൂത്രണത്തിന് വഴി തെളിക്കും. കാമുകിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച വാര്‍ത്ത വന്നതിനുശേഷം അത്തരം ക്രൈമുകളുടെ പരമ്പര കേരളത്തിലുണ്ടായി. അനുകരണഘടകം ഇതിലുണ്ട്. ഇനി സയനൈഡു കൊലപാതകങ്ങള്‍ കൂടി ഉണ്ടായേക്കുമോയെന്ന് പരിശോധിക്കേണ്ടിവരും. ഭര്‍ത്താവിനെ വകവരുത്തുന്ന ഭാര്യയെക്കുറിച്ചുള്ള എത്രയെത്ര ട്രോളുകളാണു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. കുടുംബത്തിന്‍റെ മേല്‍ക്കൂരയ്ക്കു കീഴില്‍ രൂപപ്പെടുന്ന പരസ്പര വിശ്വാസത്തില്‍ സംശയം കലര്‍ത്തുന്ന എത്രയെത്ര തമാശകള്‍ വായിച്ച് സമൂഹം ചിരിച്ചു. അതിലെ സ്ത്രീവിരുദ്ധത കാണാതെ കൈമാറിയവരില്‍ പെണ്ണുങ്ങളുമുണ്ടെന്നതാണ് രസകരം. എല്ലാവരെയും ബാധിക്കുന്ന ഒരു പാരനോയ്ഡ് സമൂഹത്തിന്‍റെ നിര്‍മ്മിതിയിലേക്കാവും ഇതൊക്കെ കൊണ്ടുപോകുക.

കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം

സ്വഭാവരൂപീകരണത്തിന്‍റെ ഘട്ടത്തില്‍ നില്ക്കുന്ന ഇളം മനസ്സുകളെ എങ്ങനെയാകും ഈ നെഗറ്റീവ് സംഭവങ്ങളുടെ ആഘോഷം സ്വാധീനിക്കുക? ഉത്തരങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. അവര്‍ ജീവിക്കുന്ന ലോകത്തില്‍ ഇതൊക്കെ സാധാരണമാണെന്നും ആഗ്രഹപൂര്‍ത്തിക്കായി ഇതിന്‍റെ മിനിയേച്ചര്‍ പതിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും വിചാരിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. പ്രത്യേകിച്ചും ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധം വേണ്ടത്ര ലഭിക്കാത്ത കുട്ടികളില്‍. അവഗണനയിലും പീഡനത്തിലുമൊക്കെ കഴിയുന്ന ഇളംമനസ്സുകളില്‍ തിന്മകളുടെ ഈ  വിത്തുകള്‍ വീണാല്‍ അത് വേഗം വളരും. ഇച്ഛാഭംഗങ്ങള്‍ നേരിടുമ്പോള്‍ അക്രമത്തിന്‍റെ ശൈലി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് കുട്ടി മനസ്സിലാക്കാനുള്ള സാധ്യതകളുമുണ്ട്. പൊതുവിജ്ഞാനസമ്പാദനത്തിനായി വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്ന് എങ്ങനെ കുട്ടികളോട് പറയാനാവും? നെഗറ്റീവ് വാര്‍ത്തകളും ക്രൈമുകളും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അത് കേള്‍ക്കാനിരിക്കുന്ന കുട്ടികളെ കൂടി ഓര്‍ക്കേണ്ട ഉത്തരവാദിത്തം ഇല്ലേ? ഈ വക വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി ഒരു മൂല്യവിചാരം നടത്തുവാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇതൊക്കെ ശരിയാണെന്ന ഒരു ചിന്ത, പാകപ്പെടാത്ത ഇളംമനസ്സില്‍ ഉണ്ടായേക്കാം.

ക്രൈമുകളുടെയും നെഗറ്റീവ് വാര്‍ത്തകളുടെയും ആഘോഷങ്ങളില്‍ വേറെയുമുണ്ട് അപകടങ്ങള്‍. കുറ്റാരോപിതരുടെ ന്യായമായ അവകാശങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് ഈ പ്രവണത പടരുന്നത്. പോലീസ് തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തില്‍ തന്നെ കുറ്റാരോപിതനെ കുറ്റവാളിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. അവരുടെ പക്ഷം കേള്‍ക്കാതെയും അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ലാതെയുമാണ് വിധിപ്രഖ്യാപനങ്ങള്‍. കേസ് കോടതിയിലെത്തിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം പോലും വിസ്മരിക്കപ്പെടുന്നു. പോലീസ് ഭാഷ്യം ശരിയാണെങ്കിലെന്ന വാചകം പോലുമില്ലാതെ ഏകപക്ഷീയമായി ആള്‍ക്കൂട്ട മനസ്സിലെ കോടതി ശിക്ഷ പ്രഖ്യാപിക്കുന്ന അവസ്ഥയിലെത്തുന്നു. പ്രതിയെ തെളിവെടുപ്പിനായി  പൊതുസ്ഥലത്ത് കൊണ്ടുവരുമ്പോള്‍ കൂക്കുവിളിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന ആള്‍ക്കൂട്ടങ്ങള്‍ അതുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് കപടധാര്‍മ്മികതയുടെ വിളയാട്ടമാണ്. പോലീസ് സംരക്ഷണമില്ലാതെ കുറ്റാരോപിതര്‍ ഈ ജനക്കൂട്ടത്തിന്‍റെ കൈയില്‍ പെട്ടാല്‍ കൊല്ലാനും കല്ലെറിയാനുമുള്ള അവസ്ഥയിലേക്കുപോകും. ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിക്കുന്നവര്‍, ആള്‍ക്കൂട്ട കോടതികളായി മാറുന്ന ജനക്കൂട്ടത്തെ അപലപിക്കുന്നില്ല. ഈ കൂക്കുവിളി അവരര്‍ഹിക്കുന്നുവെന്ന ലാഘവബുദ്ധി സ്വീകരിക്കുന്നു. എതിര്‍ഭാഗം കേള്‍ക്കാതെ വിധി പ്രഖ്യാപിക്കുന്ന ആള്‍ക്കൂട്ടമനസ്സുകള്‍ തിന്മകളുടെ ആഘോഷത്തിന്‍റെ പാര്‍ശ്വഫലമാണ്. ഇത് അരാജകത്വത്തിന്‍റെ വിത്തുപാകുന്നു.

നിയന്ത്രണങ്ങള്‍ വേണം

തിന്മയുടെ ആഘോഷങ്ങള്‍ക്ക് ഒരു നിയന്ത്രണം വേണം. മാധ്യമങ്ങള്‍ ഇത് ഗൗരവമായി ആലോചിച്ച് ഒരു പെരുമാറ്റച്ചട്ടമുണ്ടാക്കണം. ഉപഭോക്താക്കളായ പൊതുസമൂഹവും ഇത് തിരിച്ചറിയണം. അവരുടെ കിരാതഭാവനകളുടെ വിശപ്പ് തീര്‍ക്കലാണിതെന്ന ബോധ്യം വേണം. ഇത് കേട്ടു വളരുന്ന കുട്ടികളെ കുറിച്ച് ആകുലപ്പെടണം. ഇതു മൂലം ഉണ്ടാകാനിടയുള്ള ദുഃസ്വാധീനങ്ങളെ ചെറുക്കാനുള്ള ജാഗ്രത വേണം. ഇല്ലെങ്കില്‍ ഈ ആഘോഷങ്ങള്‍ തിന്മ പടരാനുള്ള നിമിത്തമായേക്കാം.

You can share this post!

പക്ഷികളുടെ ഭാഷ്യം

ജോഷ്വാ ന്യൂട്ടന്‍
അടുത്ത രചന

ആരാണീ വിശുദ്ധര്‍

റോയ് പാലാട്ടി CMI
Related Posts