news-details
ഇടിയും മിന്നലും

 ഗോവാക്കാരിയായ അദ്ധ്യാപികയെ വിവാഹംചെയ്ത മലയാളി അദ്ധ്യാപകന്‍. വടക്കെഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ട് പത്തുനാല്പതു വര്‍ഷങ്ങള്‍കഴിഞ്ഞു. രണ്ടുപേരും റിട്ടയര്‍ചെയ്തിട്ടു വര്‍ഷങ്ങളായി. മക്കളില്ലാത്ത ആ പാതിമലയാളി കുടുംബത്തെ സ്വീകരിക്കാനായിരുന്നു ഞാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഫോണിലൂടെ പലപ്രാവശ്യം സംസാരിച്ചിട്ടുള്ളതൊഴിച്ചാല്‍ നേരിട്ട് പരിചയപ്പെട്ടിട്ടില്ല, അവരെ ഇതുവരെയും കണ്ടിട്ടുപോലുമില്ല. എന്നിരുന്നാലും പലപ്പോഴായുള്ള സംസാരത്തില്‍നിന്നും മനസ്സിലാക്കിയിടത്തോളം രണ്ടുപേരും സാമാന്യം ഭക്തിമാര്‍ഗ്ഗത്തിലാണെന്ന് ഊഹിച്ചു. കാരണം, മലയാളത്തിലും ഇംഗ്ലീഷിലും ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശുദ്ധരുടെ അന്‍പതു ചെറിയപുസ്തകങ്ങള്‍ അവര് എവിടെനിന്നോ വാങ്ങി വായിക്കാനിടയായപ്പോള്‍, അതെല്ലാം അവരുടെ ഭാഷയിലേയ്ക്കു തര്‍ജ്ജമചെയ്ത് അവരുടെ നാട്ടിലെ പാവപ്പെട്ട ഇടവകക്കാര്‍ക്കുമുഴുവന്‍ സൗജന്യമായി വിതരണംചെയ്യുവാന്‍ താത്പര്യമറിയിച്ച്, അതിനുള്ള അനുവാദംചോദിച്ചുകൊണ്ട് എന്നെവിളിച്ചതായിരുന്നു ഞങ്ങളുടെ പരിചയത്തിനുതുടക്കമായത്.

പതിനൊന്നു മണിക്കെത്തുന്ന ട്രെയിനില്‍വരുമെന്ന് അറിയിച്ചിരുന്നതുകൊണ്ട് സ്റ്റേഷനിലേക്കു പോകാനിറങ്ങുന്നതിനുമുമ്പ് ഞാനവരെ വിളിച്ചപ്പോള്‍ പതിനഞ്ചുമിനിറ്റു വൈകിയാണു ഓടുന്നതെന്നു പറഞ്ഞിരുന്നെങ്കിലും അതു സാരമാക്കാതെ സമയത്തുതന്നെ ഞാന്‍ സ്റ്റേഷനിലെത്തി. അപ്പോളാണറിഞ്ഞത് പാളത്തിലെന്തോ തകരാറുണ്ടായതുകാരണം ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതുകൊണ്ട് രണ്ടുമണിക്കൂര്‍ വൈകിയേ എത്തൂ എന്ന്. ഭാഗ്യത്തിനായിരുന്നു സ്റ്റേഷനിലെ പാര്‍ക്കിങ്ങില്‍ ഇടംകിട്ടിയത്. അതുകൊണ്ട് വണ്ടിയുമെടുത്ത് എങ്ങോട്ടെങ്കിലുംപോയിട്ട് സമയത്തു തിരിച്ചുവരാമെന്നുവച്ചാല്‍ പണികിട്ടുമെന്നുറപ്പായിരുന്നു. വായിക്കാനൊന്നും കരുതിയിട്ടുമില്ലാതിരുന്നതുകൊണ്ട് എവിടെയെങ്കിലും കുത്തിപ്പിടിച്ചിരുന്നു സമയംകൊല്ലാന്‍ ആലോചിച്ചു. അപ്പോളാണ് അധികം ദൂരെനിന്നല്ലാതെ ഭക്തിഗാനം കേട്ടത്. അടുത്തുള്ള ബസ്റ്റാന്‍റിനോടുചേര്‍ന്ന് ഒരു പള്ളിയുള്ളതറിയാമായിരുന്നു. അവിടെനിന്നാണു പാട്ടുകേള്‍ക്കുന്നത് എന്നു മനസ്സിലായി. രണ്ടുമണിക്കൂറുണ്ട്, നട്ടുച്ചനേരവും. ഞാനിതുവരെ ആ പള്ളിയില്‍ പോയിട്ടുമില്ല. എന്നാല്‍പിന്നെ അങ്ങോട്ടുതന്നെയങ്ങു പോയേക്കാമെന്നു തീരുമാനിച്ചു.

അവിടെ എത്തിയപ്പോള്‍ പള്ളിയകത്തും മുറ്റത്തുമൊക്കെ ധാരാളംപേരുണ്ട്. ഗായകസംഘം ഗാനാലാപം നടത്തുന്നു. പള്ളിയുടെപുറത്ത് പന്തലില്‍ അടുക്കിവച്ചിരുന്ന കസേരകളിലൊരെണ്ണമെടുത്ത് എപ്പോള്‍വേണമെങ്കിലും ഇറങ്ങിപ്പോരുവാന്‍ എളുപ്പത്തിന് പന്തലിനുസൈഡുചേര്‍ത്തിട്ട് ഞാന്‍ ഇരുന്നു. അല്പംകഴിഞ്ഞപ്പോള്‍ ചെറിയ ഒരു മണിയടിച്ചു. ആളുകളൊക്കെ പള്ളിയില്‍ കയറിനിറഞ്ഞു. പള്ളിയകത്തും പുറത്തുമായി സിസ്റ്റേഴ്സും പത്തുമുപ്പതു പേരെങ്കിലും ഉണ്ടായിരുന്നു. ഏറ്റവും മുമ്പില്‍ പള്ളിയകത്ത് സൈഡിലായി ഇരുന്നിരുന്ന അച്ചന്‍ എഴുന്നേറ്റ് നടുവിലേയ്ക്കെത്തി പ്രാര്‍ത്ഥന ആരംഭിച്ചു. അരമണിക്കൂറോളം നീണ്ട പ്രാര്‍ത്ഥനയ്ക്കുശേഷം അച്ചന്‍ പ്രശസ്തനായ ഒരു അല്മായ വചനപ്രഘോഷകനെ സമൂഹത്തിനു പരിചയപ്പെടുത്തി. അപ്പോഴേയ്ക്കും പന്തലില്‍ ഉണ്ടായിരുന്ന കസേരകള്‍ മുഴുവനും നിറഞ്ഞു. എന്‍റെ തൊട്ടടുത്ത കസേരയിലിരുന്നത് പത്തെഴുപതു വയസ്സു തോന്നിക്കുന്ന ചെവിയുടെ മുകളില്‍മാത്രം അല്പംമുടി ബാക്കിയുള്ള ഒരു കഷണ്ടിക്കാരന്‍ ചേട്ടനായിരുന്നു.

വലിയ ആവേശവും ആരവവുമൊന്നുമില്ലാതെയുള്ള നല്ലതുടക്കം കേട്ടപ്പോള്‍ സമയമിഷ്ടംപോലെയുണ്ടായിരുന്നതുകൊണ്ട് പ്രസംഗംമുഴുവനും കേട്ടിട്ടുപോകാമെന്നുവച്ചു. യേശുവിന്‍റെ പീഡാസഹനവും, ഇന്നും യേശു അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നതുമായിരുന്നു പ്രസംഗത്തിന്‍റെ ആമുഖം. കേരളസഭയില്‍ അടുത്തകാലത്തുണ്ടായ തര്‍ക്കങ്ങളും അനിഷ്ടസംഭവങ്ങളുമൊക്കെ ആരുടെയും പേരുപറയാതെ പരാമര്‍ശിച്ച് അതിലൂടെയൊക്കെ ഇന്നും യേശു പീഡിപ്പിക്കപ്പെടുന്നു എന്നസത്യം ശ്രോതാക്കളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മാദ്ധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ചാനലുകളിലൂടെ അച്ചന്മാരുടെയും കന്യാസ്ത്രികളുടേയും മെത്രാന്മാരുടെയും മേല്‍ അതിക്രൂരമായി നടക്കുന്ന കടന്നുകയറ്റങ്ങള്‍വഴി സഭാവിരോധികളും നിരീശ്വരവാദികളുമായ അവതാരകരും ചര്‍ച്ചക്കാരും അഭിഷിക്തരെ പീഡിപ്പിക്കുമ്പോള്‍ അവര്‍ നേരിട്ട് യേശുവിനെത്തന്നെയാണു പീഡിപ്പിക്കുന്നതെന്ന് അവരോര്‍മ്മിക്കട്ടെ എന്ന് ശക്തമായ ഭാഷയിലും എന്നാല്‍ തികച്ചും മാന്യമായ പദപ്രയോഗങ്ങളിലൂടെയും താക്കീതുനല്‍കാനും പ്രഘോഷകന്‍ മറന്നില്ല. എന്‍റെ അടുത്തിരുന്ന ചേട്ടന്‍ ഇടയ്ക്കിടക്കു വാച്ചിലും എന്നെയും നോക്കുന്നതു ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പിന്നീടങ്ങോട്ട് പ്രാസംഗികന്‍റെ സംസാരത്തിന്‍റെ ദിശ അല്പം മാറാന്‍തുടങ്ങി. മുമ്പെങ്ങുമില്ലാതിരുന്ന തരത്തില്‍ ഇന്ന് ഇന്ത്യയിലാകമാനവും കേരളത്തില്‍ പ്രത്യേകിച്ചും വലിയ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിക്കുന്നത് യേശുവിനെ ഇതുപോലെ പീഡിപ്പിക്കുന്നതുകൊണ്ടാണെന്നും

അണക്കെട്ടുകളൊക്കെപ്പൊട്ടുന്നരീതിയില്‍ ദൈവശിക്ഷ ഇനിയും വരുമെന്നും, അത് ഒഴിവായിക്കിട്ടുവാന്‍വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്നും വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹം പറഞ്ഞുവച്ചു. ഞാനിരുന്നതു മുറ്റത്തായിരുന്നതുകൊണ്ട് അകത്ത് അച്ചന്മാരേറെയുണ്ടായിരുന്നുവോ എന്നു കാണാന്‍ സാധിച്ചില്ല, പക്ഷേ സിസ്റ്റേഴ്സ് കുറെയേറെയുണ്ടായിരുന്നു. അവരെ കണ്ടിട്ടായിരിക്കാമെന്നുതോന്നുന്നു, പ്രാസംഗികന്‍ തുടര്‍ന്ന് അച്ചന്മാരെയും കന്യാസ്ത്രികളെയുംപറ്റിത്തന്നെയങ്ങു പറയാന്‍തുടങ്ങി.

എല്ലാം ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം അര്‍പ്പിച്ചിരിക്കുന്ന അവരനുഭവിക്കുന്ന പീഡനങ്ങള്‍, അവരു സഹിക്കുന്ന ത്യാഗങ്ങള്‍, എന്തുചെയ്താലും കുറ്റപ്പെടുത്തലുകള്‍മാത്രം, അതെല്ലാമായാലും മിണ്ടാപ്രാണികളെപ്പോലെ അതിനോടൊന്നും പ്രതികരിക്കാതെ സേവനം ചെയ്യുന്നവര്‍, ജീവിതത്തിലെ എല്ലാസുഖങ്ങളുമുപേക്ഷിച്ച് ഇതുപോലെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവരെ വേറെ എവിടെയെങ്കിലും കാണാനാവുമോ? ഇതെല്ലാമാണെങ്കിലും അവസാനമോ? മറ്റുള്ളവര്‍ക്കുവേണ്ടിമാത്രം ജീവിച്ച് ചോരയും നീരുമെല്ലാം  വറ്റിക്കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാതായി, ആരും ചെന്നൊന്നു കാണാനോ മിണ്ടാനോ പോലുമില്ലാതെ വിസ്മൃതിയിലേക്കു കടന്നുപോകുന്ന ജന്മങ്ങളാണവരുടേത്. അതുകൊണ്ടാണ് അവരെ പീഡിപ്പിക്കുന്നതിനു പ്രകൃതിപോലും വല്ലാതെ പ്രതികരിക്കുന്നതും, പ്രകൃതിക്ഷോഭങ്ങള്‍ അടിക്കടി ഉണ്ടാകുന്നതും. തുടര്‍ന്ന്, എപ്പോളൊക്കെ അച്ചന്മാരെയും മെത്രാനേയും കന്യാസ്ത്രികളെയും അതിരുവിട്ടു താറടിച്ചുവോ അപ്പോളൊക്കെ അതിനോരോന്നിനും തൊട്ടുപിന്നാലെ കേരളത്തില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളും നാശങ്ങളും ചേര്‍ത്തുവച്ച്, അഭിഷിക്തരെ അവമതിച്ചാല്‍ ഉണ്ടാകുന്ന ദൈവകോപത്തെപ്പറ്റി ശക്തമായ ഭാഷയില്‍ ഓര്‍മ്മപ്പെടുത്താനും അദ്ദേഹം മറന്നില്ല.

എന്‍റെ അടുത്തിരുന്ന ചേട്ടന്‍ വാച്ചില്‍ നോക്കിയിട്ട് എഴുന്നേറ്റുപോകുന്നതുകണ്ടപ്പോള്‍ ഞാനും സമയംനോക്കി. അരമണിക്കൂര്‍ ഇനിയുമുണ്ട്. പ്രസംഗം തീര്‍ന്നില്ലെങ്കിലും പോയേക്കാം എന്നു ഞാനും തീരുമാനിച്ചു. സ്റ്റേഷനിലെത്തി പ്ലാറ്റുഫോം ടിക്കറ്റെടുക്കാന്‍ ക്യൂവില്‍ നില്ക്കുമ്പോള്‍ അടുത്തകൗണ്ടറില്‍ കഷണ്ടിക്കാരന്‍ ചേട്ടനും നില്ക്കുന്നു. ഒന്നാമത്തെ പ്ലാറ്റുഫോമിലെത്തി, അവരു യാത്രചെയ്തിരുന്ന B3 കമ്പാര്‍ട്ടുമെന്‍റ് വന്നുനില്ക്കേണ്ടഭാഗം ചോദിച്ചറിഞ്ഞ് അവിടെത്തിയപ്പോളുണ്ട് കഷണ്ടിക്കാരന്‍ ചേട്ടനും അവിടെനില്ക്കുന്നു. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും അറിയാതെ ചിരിച്ചുപോയി. ആള് അടുത്തേക്കുവന്നു പറഞ്ഞു:
"പള്ളിയിലിരിക്കുന്നതു കണ്ടായിരുന്നു."

"ഞാനും കണ്ടായിരുന്നു. ഞാനവിടെ ആദ്യമായിട്ടു പോയതാണ്. ട്രെയിന്‍ ലേറ്റാകുമെന്നറിഞ്ഞതുകൊണ്ട് സമയംകളയാന്‍ പോയെന്നേയുള്ളു. ഈ ട്രെയിനിനു വരുന്ന ഒരു സുഹൃത്തിനെ കൂട്ടാന്‍ വന്നതാണ്."

"അകത്തു കാറുപാര്‍ക്കുചെയ്യാന്‍ സ്ഥലംകിട്ടാതെ ആ പള്ളിക്കടുത്ത് റോഡ്സൈഡിലാണ് വണ്ടി ഇട്ടിരിക്കുന്നത്. സമയംപോകാനാ ഞാനും പള്ളിയില്‍ കയറിയത്. ഞാനും വന്നത് ഈ ട്രെയിനിനുവരുന്ന രണ്ടുപേരെ കൂട്ടിക്കൊണ്ടു പോകാനാണ്. ഒരച്ചനും അവരെകാണാന്‍ ഇവിടെ എത്തുമെന്ന് അവരു പറഞ്ഞിരുന്നു. ഇവിടെങ്ങാനും കാണുമായിരിക്കും." അതും പറഞ്ഞ് ആളു ചുറ്റും നോക്കാന്‍തുടങ്ങി.

"ആ അച്ചന്‍റെ പേരുവല്ലതും അവരു പറഞ്ഞിരുന്നോ?"

"പറഞ്ഞെങ്കിലും കൃത്യം ഓര്‍ക്കുന്നില്ല, ഒരു ജോസ് പട്ടിക്കാടെന്നാണ് എന്‍റെ ഓര്‍മ്മ."

"ഗോവാക്കാരത്തിയെ കെട്ടിയ ഒരു മലയാളി സാറല്ലേ വരുന്നത്?" ഞാന്‍ ചോദിച്ചതുകേട്ട് ആള് അമ്പരന്നു.

"അതേ, ഓ.. അച്ചനാണോ?"

"അതേല്ലോ, പേരുപറഞ്ഞതില്‍ കാട് കറക്റ്റാണ്, പക്ഷെ പട്ടിയല്ല, വെട്ടിയാ; പട്ടിക്കാടല്ല, ജോസ് വെട്ടിക്കാടാണ്."

"ഈ ജൂബ്ബാ കണ്ടെങ്കിലും എനിക്കത്ര പോയില്ല, കേട്ടോ. അച്ചന്‍റെയാ ചിരിയാണു പറ്റിച്ചത്."

"ഞാനതിന് ഇതുവരെയും ചൊവ്വിനൊന്നു ചിരിച്ചില്ലല്ലോ."

"ഇപ്പോഴല്ല, പള്ളീലിരുന്ന്. ആ പുള്ളിക്കാരന്‍ പ്രസംഗിച്ച പകുതിസമയോം അച്ചനിരുന്നു ചിരിയല്ലായിരുന്നോ, ആരാണ്ടൊക്കെ നോക്കുന്നതുംകണ്ടു. ജൂബ്ബായും തോളേലേ സഞ്ചീം പിന്നെ ആ ചിരീംകൂടെ കണ്ടപ്പോള്‍ ഞാനോര്‍ത്തത് ആരാണ്ടു ബുദ്ധിജീവികളായിരിക്കുമെന്നായിരുന്നു. അച്ചന്മാരങ്ങനെ പള്ളീലിരുന്നു ചുമ്മാ ചിരിക്കാറില്ലല്ലോ."

"എന്‍റെ പൊന്നുചേട്ടാ, അങ്ങേരുപറഞ്ഞ തമാശു പലതുംകേട്ട്, 'ബുദ്ധിജീവി'യല്ലെങ്കിലും ബുദ്ധിയുള്ള ജീവിയായതുകൊണ്ട് ഞാനറിയാതെങ്ങാണ്ടു ചിരിച്ചുപോയതായിരിക്കും."

"അതിന് അങ്ങേരു ചിരിക്കാനുള്ള ഒരു തമാശും പറഞ്ഞില്ലായിരുന്നല്ലോ."

അറിയാതെ ചിരിച്ചുപോയതു കണ്ടുപിടിച്ചയാളാണ്, മിണ്ടുന്നതും സൂക്ഷിച്ചുവേണം എന്നു മനസ്സുപറഞ്ഞതുകൊണ്ട് ഞാന്‍ വിഷയംമാറ്റാന്‍വേണ്ടി ചോദിച്ചു:

"ട്രെയിനിലിപ്പോളെത്തുന്ന സാറിന്‍റെ ബന്ധുവാണോ?"

"അതൊരു പഴയ ചരിത്രമാണ്. ഞങ്ങളൊന്നിച്ചു നോര്‍ത്ത് ഇന്ത്യയില്‍ ഏഴെട്ടുവര്‍ഷം സെമിനാരീലുണ്ടായിരുന്നതാണ്. സെമിനാരിവിട്ടതും ഞങ്ങളുരണ്ടും ഒരുമിച്ചായിരുന്നു. ഞാന്‍ നാട്ടിലേയ്ക്കുപോന്നു, പുള്ളിക്കാരന്‍ അവിടെത്തന്നെ ഒരു സുഹൃത്തിന്‍റെകൂടെ താമസിച്ചുപഠിച്ച് ജോലിയുംകിട്ടി കൂടെപഠിപ്പിച്ചിരുന്ന ഒരു ടീച്ചറിനെ കല്യാണവുംകഴിച്ച് അവിടത്തന്നെകൂടി. വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളു. നാട്ടില്‍കാര്യമായ കണക്ഷന്‍സ് ഇല്ലാത്തതുകൊണ്ട് വരുമ്പോള്‍ എന്നെവിളിക്കും. ഒരാഴ്ച ഒരു ടൂറുവച്ചിട്ടു തിരിച്ചുപോകുകയാണു പതിവ്."

പറഞ്ഞിരുന്ന സമയവും കഴിഞ്ഞിട്ടും ട്രെയിനെത്താഞ്ഞതുകൊണ്ട് അദ്ദേഹം അവരെ വിളിച്ച് എവിടെയെത്തിയെന്നന്വേഷിച്ചപ്പോള്‍ പിന്നെയും അരമണിക്കൂറെങ്കിലും വൈകും എത്താന്‍ എന്നറിഞ്ഞു. സീറ്റൊന്നും ഒഴിവില്ലാതിരുന്നതുകൊണ്ട് ഒരു തൂണിന്‍റെ പീഠത്തില്‍ ഞങ്ങള്‍ ഇരിപ്പിടം കണ്ടെത്തി.

"എന്നാലും അങ്ങേരത്രയും വേദനയോടെ കാര്യങ്ങളു പ്രസംഗിക്കുന്നതുകേട്ട് ആള്‍ക്കാര്‍ക്കൊക്കെ വേദന തോന്നിയപ്പോള്‍ അച്ചന്‍മാത്രമെന്തിനാണു ചിരിച്ചതെന്നാണിപ്പോഴും ഞാനോര്‍ക്കുന്നത്."

"അതെനിക്കൊരബദ്ധംപറ്റിപ്പോയതാണു ചേട്ടാ, അതങ്ങുവിട്."

"സമയമിനീം അരമണിക്കൂറുണ്ടച്ചാ, അതുകൊണ്ട് ഞാനൊരുസത്യമങ്ങു പറയട്ടെ. അച്ചന്‍ ചിരിച്ചതിനേക്കാളും ഉറക്കെച്ചിരിക്കാന്‍ എനിക്കും തോന്നിയതാണ്. പക്ഷേ അവിടെവച്ചതു പാടില്ലല്ലോന്നോര്‍ത്ത് അടക്കിയതാ. ആ പുള്ളിക്കാരന്‍, അഭിഷിക്തരെ തൊട്ടാല്‍ ദൈവം കഠിനമായി ശിക്ഷിക്കും, എന്നുസ്ഥാപിക്കാന്‍ ഒന്നുരണ്ടുദാഹരണങ്ങള്‍ പറഞ്ഞപ്പോളാണ് അച്ചന്‍ ചിരിക്കുന്നതു ഞാനാദ്യം കണ്ടത്. എന്തു തരികിട കാണിച്ചാലും തടിയൂരിപ്പോരാന്‍വേണ്ടി അച്ചന്മാരുതന്നെ പറഞ്ഞുപഠിപ്പിക്കുന്നതല്ലേ അച്ചാ അതൊക്കെ? കുറച്ചുനാളുമുമ്പ് ഒരച്ചനിട്ടൊന്നു പെരുമാറാന്‍ എനിക്കു കൈതരിച്ചതാണ്. ഞങ്ങളുടെ പ്രാര്‍ത്ഥനായൂണിറ്റിന്‍റെ ലീഡര്‍ ഞാനായിരുന്നു. ഞങ്ങളുടെ യൂണിറ്റിലെ ഏറ്റവും പാവപ്പെട്ട ഒരു കൂലിപ്പണിക്കാരന്‍ കാരണവരുടെ രണ്ട് ആണ്‍മക്കളും പെന്തിക്കോസില്‍ചേര്‍ന്നു. അതിന്‍റെപേരില്‍ അയാളുടെ മകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നിട്ടും, വേറെ അപേക്ഷകരാരും ഇടവകയില്‍നിന്ന് ഇല്ലാതിരുന്നിട്ടും, സ്കൂളിലെ ഒരു ജോലി അവള്‍ക്കു കൊടുക്കാതെ, അച്ചന്‍ നേരത്തെ ഇരുന്ന ഇടവകയിലെ സാമാന്യം സാമ്പത്തികമുള്ള ഒരു കുട്ടിക്കു കൊടുക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞ് ആ ചേട്ടനെയുംകൂട്ടി ഒന്നുകൂടി അപേക്ഷിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ അച്ചന്‍റെ അപ്പനെക്കാള്‍ പ്രായമുള്ള ആ പാവപ്പെട്ട കാരണവരോട്, മക്കളെ ജനിപ്പിക്കാന്‍മാത്രം അറിഞ്ഞാല്‍പോരാ എന്നുതുടങ്ങി അച്ചന്‍പറഞ്ഞ തരംതാണവര്‍ത്തമാനവും, ഇറങ്ങിപ്പോകാനുള്ള പറച്ചിലും കേട്ടു മനസ്സുമടുത്ത് അച്ചനോടു രണ്ടുവര്‍ത്തമാനം പറയാന്‍ ഞാന്‍ തുടങ്ങിയപ്പോള്‍ ആ കാരണവരുതന്നെ എന്നെതടഞ്ഞു. പുറത്തേക്കുനടക്കുന്നവഴി അങ്ങേരു പറഞ്ഞു, അച്ചന്മാരുടെനേരെ കൈചൂണ്ടിയാല്‍ ദൈവശാപമുണ്ടാകും, നമുക്കു പോയേക്കാമെന്ന്. ജനിപ്പിച്ച അപ്പനെയും അമ്മയെയുംകാള്‍ വലിയ അഭിഷിക്തരില്ലല്ലോ. അവരെ തല്ലിയാലും കൊന്നാലുംപോലും ഉണ്ടാകാത്ത ദൈവശാപമുണ്ടാകും, തല്ലുകൊള്ളിത്തരംകാണിക്കുന്ന അച്ചന്‍റെനേരെ കൈചൂണ്ടിയാല്‍ എന്നൊക്കെ ജനത്തിന്‍റെ തലേല്‍ അടിച്ചുകയറ്റിയിരിക്കുന്നതുകാരണം വേണ്ടസമയത്തു ചോദിക്കാനും പറയാനും ആര്‍ക്കും ധൈര്യമില്ലാതെ പോയതുകൊണ്ടാണല്ലോ സഭേലെ ഇപ്പോളത്തെ പ്രശ്നങ്ങളെല്ലാം. അതിനെപ്പറ്റി അച്ചനെന്നാപറയുന്നു?"

ഞാന്‍ ചുമ്മാതെയങ്ങു ചിരിച്ചുകാണിച്ചു.

"അച്ചന്‍ മുമ്പേ പള്ളീലിരുന്നു ചിരിച്ചതുപോലെതന്നെയാണ് ഇപ്പോളും."

"ചേട്ടന്‍ പണ്ട് അഞ്ചെട്ടുകൊല്ലം സെമിനാരീല്‍ പഠിച്ചതൊന്നും പഠിച്ചിട്ടില്ലാത്ത സാധാരണക്കാരുടെ വിശ്വാസപ്രമാണങ്ങള്‍ അങ്ങനെയൊക്കെയാ. അതിന് അതിന്‍റെതായ ഗുണവും ദോഷവുമൊക്കെ കാണുമായിരിക്കും. സത്യത്തില്‍ എനിക്കു ചിരിവന്നത് ആ പുള്ളിക്കാരന്‍ തമ്പുരാന്‍റെ സ്വന്തം സെക്രട്ടറിയെപ്പോലെ കൃത്യമായിട്ട്, എപ്പോളൊക്കെ മെത്രാനേം അച്ചനേമൊക്കെ ആരെങ്കിലും കുരിശേല്‍കേറ്റിയോ അപ്പോളൊക്കെ പ്രകൃതിദുരന്തം തമ്പുരാനയച്ചു എന്ന് എണ്ണിയെണ്ണി പറയുന്നതുകേട്ടപ്പോളാണ്. അപ്പോള്‍ ക്രിസ്ത്യാനികളാരുമില്ലാത്ത നാടുകളിലൊക്കെ ഇതൊക്കെ സംഭവിക്കുന്നത് എന്തുകൊണ്ടാണാവോ!!

അതിലും വിചിത്രം, അടുത്തനാളില്‍ നമ്മള്‍ ചാനലുകളില്‍ സ്ഥിരം കേട്ടുകൊണ്ടിരുന്നതുപോലെ കന്യാസ്ത്രിമഠത്തിലേയും, കത്തോലിക്കാസഭയിലേയും നിയമങ്ങളും ചട്ടങ്ങളുമൊക്കെ എത്ര ആധികാരികമായിട്ടാണ് നിരീശ്വരവാദികളും അക്രൈസ്തവരുമായ അവതാരകരൊക്കെ അവതരിപ്പിച്ചിരുന്നത്. അതിനേക്കാളും ആധികാരികമായിട്ടല്ലേ നമ്മുടെ പ്രാസംഗികന്‍ അച്ചന്മാരുടേയും കന്യാസ്ത്രികളുടേയുമൊക്കെ ത്യാഗത്തേയും പീഡകളേയുമൊക്കെ കണ്ണുനീരോടെ വിശദീകരിച്ചത്. യാതൊരു സത്യവുമില്ലാത്ത വികാരപ്രകടനം നടത്തുന്ന ഇവരൊക്കെ എന്തറിയുന്നു!

നല്ല ഉദ്ദേശ്യത്തോടുകൂടി അച്ചനും കന്യാസ്ത്രീമാകാന്‍ പോയവരാരും അറിയാതെചെന്ന് അക്കിടിയില്‍പെട്ടവരല്ല. ആ ജീവിതത്തിന്‍റെ ഭാരവും കാഠിന്യവുമൊക്കെ അറിഞ്ഞുകൊണ്ടുതന്നെ അത് ഏറ്റെടുത്തവരാണ്. എല്ലാം ഉപേക്ഷിച്ചതിന്‍റെ ദുഃഖവും, സമ്പത്തും സ്വാതന്ത്ര്യവുമില്ലാത്തതിന്‍റെ വിഷമവും, ലൈംഗികസുഖമില്ലാത്തതിന്‍റെ വീര്‍പ്പുമുട്ടലും ഇതൊക്കെ ഊതിപ്പെരുപ്പിച്ചു പറയുന്നത് അച്ചന്മാരും കന്യാസ്ത്രികളുമല്ലല്ലോ. മുമ്പേ കേട്ടതുപോലെയുള്ള സഹതാപ പ്രഘോഷകരല്ലേ? വേറെന്തൊക്കെയോ മോഹിച്ച് ഇതില്‍ കയറിക്കൂടിയവര്‍ക്ക് ഇപ്പറഞ്ഞതൊക്കെ പ്രശ്നമായേക്കും. അങ്ങനെ പ്രശ്നമുള്ളവരെ മുന്നില്‍നിര്‍ത്തി, എല്ലാ അച്ചന്മാരും കന്യാസ്ത്രീകളും അങ്ങനെ സഹിച്ചു വേദനിച്ചു പീഡകളനുഭവിച്ചു ക്ലേശിച്ചു കുരിശും ചുമന്നു ജീവിക്കുന്നവരാണെന്നും അതുകൊണ്ട് അവരോടു ഭയങ്കര സഹതാപം കാണിക്കണമെന്നൊക്കെ ഇങ്ങനെ പൊതുവേദികളില്‍ പ്രഘോഷിക്കുന്നതു കേള്‍ക്കുമ്പോള്‍ ചാനല്‍ശുനകന്മാരുടെ കുരപോലെയാണല്ലോഎന്നോര്‍ത്താണു ചിരിച്ചുപോയത്.

സത്യംപറഞ്ഞാലുണ്ടല്ലോ ചേട്ടാ, ഞങ്ങളച്ചന്മാരെയും സന്യാസികളെയും കന്യാസ്ത്രീകളേയുംപോലെ ജീവിതസുഖമനുഭവിക്കുന്നവര്‍ വേറെ ആരുണ്ട് ഈ ഭൂമിയില്‍? കുടുംബത്തിന്‍റെയോ മക്കളുടെയോ ഭാവിയേപ്പറ്റിയോ നാളെയേപ്പറ്റിയോ ആശങ്ക ഞങ്ങള്‍ക്കില്ല. പെട്ടെന്നങ്ങു വടിയായാലും തീരാനഷ്ടമായെന്നൊക്കെ ആരെങ്കിലും പുലമ്പിയേക്കാമെന്നല്ലാതെ ഒരു നഷ്ടവും ആര്‍ക്കും വരാനില്ല. മാനംമര്യാദയ്ക്കു ജീവിച്ചാല്‍ എത്ര ദരിദ്രകുടുംബത്തില്‍നിന്നു വന്നവരായാലും സ്വന്തംകുടുംബത്തില്‍ കിട്ടാവുന്നതിനേക്കാള്‍ സാമ്പത്തിക സുരക്ഷിതത്വം ഞങ്ങളേപ്പോലെ വേറെ എവിടെകിട്ടും? ഏത് അസുഖം വന്നാലും ശരാശരിക്കു മുകളിലുള്ള ചികിത്സാസൗകര്യം, കുടുംബത്തിലാണെങ്കില്‍ രണ്ടുതവണ ആലോചിക്കുമ്പോള്‍, ഞങ്ങളുടെയൊക്കെ ചികിത്സ തുടങ്ങുന്നതുതന്നെ അവിടെയാണ്. അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ സമൂഹത്തില്‍നിന്നു കിട്ടുന്ന ആദരവും അംഗീകാരവും ഞങ്ങളേപ്പോലെ വേറെ ആര്‍ക്കാണുകിട്ടുക? പേരിനും പ്രതാപത്തിനും, പണത്തിനും അധികാരത്തിനും, പദവിക്കും ആര്‍ഭാടത്തിനുംവേണ്ടി സന്യാസത്തേയും പൗരോഹിത്യത്തേയും വ്യഭിചരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഞാനീപ്പറഞ്ഞതു പോലെയാകണമെന്നില്ല. ഒരു ന്യൂനപക്ഷം അങ്ങനെയുള്ളവരുണ്ടെന്നുള്ള സത്യവും അംഗീകരിക്കുന്നു. അവരുടെ ഉദ്ദേശ്യസാദ്ധ്യങ്ങള്‍ക്കായി അവരുകാട്ടിക്കൂട്ടുന്ന വൈകൃതങ്ങളും, അതിന്‍റെ ഫലമായി അവരനുഭവിക്കേണ്ടിവരുന്ന മുമ്പേപറഞ്ഞതുപോലെയുള്ള പീഡനവും വേദനയും ക്ലേശങ്ങളുമൊക്കെ സാമാന്യവല്‍ക്കരിച്ച്, അച്ചന്മാരും കന്യാസ്ത്രികളുമെല്ലാം അങ്ങനെ സഹനത്തിന്‍റെ തീച്ചൂളയിലാണ് എന്നുപറഞ്ഞു സൃഷ്ടിക്കുന്ന കൃത്രിമ സഹതാപതരംഗത്തില്‍ ആനന്ദിക്കുന്നവരോ, സഹാനുഭൂതിക്കുവേണ്ടി കാത്തിരിക്കുന്നവരോ അല്ല ഞങ്ങളാരും. ഇപ്പോള്‍ ചേട്ടനു മനസ്സിലായോ ഞാനവിടിരുന്നു ചിരിച്ചതെന്തിനാണെന്ന്. ചക്രവാളത്തു ചന്ദ്രനുദിക്കുമ്പോള്‍ ഇപ്പോള്‍ കിട്ടുമെന്നുകരുതി ഓരിയിടുന്ന ശുനകന്‍റെ കുരപോലെയാണ്, കഥയറിയാതെ എല്ലാമറിയാമെന്ന ഭാവത്തില്‍ പ്രഘോഷിക്കുന്നവരും. അവരോടൊപ്പംചേര്‍ന്ന് വിശ്വാസികളും ഓരിയിടുന്നതുകാണുമ്പോളെങ്ങനെയാണു ചിരിക്കാതിരിക്കുക."

"അച്ചനെ പരിചയപ്പെടാന്‍ സാധിച്ചതു നന്നായി. ട്രെയിനെത്തുന്നതിനുമുമ്പ് ഒരു ചായകുടിക്കാന്‍ സമയമുണ്ട്. വായോ." ചായകുടിച്ചുകഴിഞ്ഞപ്പോളേയ്ക്കും ട്രെയിനെത്തി.

You can share this post!

കാക്കക്കൂട്ടില്‍ ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts