news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കിയ ദൈവാനുഭവം

ഫ്രാന്‍സിസ്കന്‍ സഭയുടെ ആരംഭത്തില്‍ സഹോദരന്മാരോടൊത്ത് സഭാസ്ഥാപകന്‍ ഏതാനും മാസം ജീവിച്ചു. വിശുദ്ധിയില്‍ വളരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി വി. ഫ്രാന്‍സിസ് അവരോടു സംസാരിച്ചു. അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. കറയറ്റവിധം അവര്‍ പരസ്പരം സ്നേഹിച്ചു. ദിവ്യഗുരു അവിടുത്തെ ശിഷ്യന്മാരെ ഈരണ്ടുപേരെ പ്രസംഗിക്കാന്‍ പറഞ്ഞയച്ചത് വി. ഫ്രാന്‍സിസ് അനുസ്മരിച്ചു. ഫ്രാന്‍സിസും അങ്ങനെ ചെയ്തു. ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ അവരുടെ സ്ഥിതി എന്തെന്ന് അറിയാന്‍ അതിയായി ആഗ്രഹം തോന്നി. കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. നിശ്ചിതദിവസം അവരെല്ലാവരും ഒത്തുചേര്‍ന്നു.

അടുത്ത ഒരു ദിവസം ബ്രദര്‍ ജൈല്‍സിനോടൊപ്പം വനത്തിലൂടെ ഫ്രാന്‍സിസ് നടക്കുകയായിരുന്നു. ജൈല്‍സ് ചോദിച്ചു: "ഫ്രാന്‍സിസെ, ദൈവത്തെ ആഴമായി സ്നേഹിക്കാന്‍ നിനക്കു പ്രേരണയുണ്ടായത് എങ്ങനെയെന്ന് എന്നോടു പറയാമോ?"

ഫ്രാന്‍സിസ് പറഞ്ഞു; "ലൗകികമായ മോഹത്തോടെ ആകാശകോട്ടകള്‍ പണിതുകൊണ്ട് ഞാന്‍ ഏറെനാള്‍ ജീവിച്ചു. ഒരു രാത്രി ഉറക്കത്തില്‍ എന്നെ ആരോ വിളിച്ചതുകേട്ട് ഞാന്‍ ഉണര്‍ന്നു. "ദൈവത്തെ  കാര്യമായി എടുക്കാതെ നീയെന്തുകൊണ്ട് ജീവിതം പാഴാക്കുന്നു" എന്ന ചോദ്യം കേട്ടു. അത് കര്‍ത്താവാണെന്ന തിരിച്ചറിവുണ്ടായി. ഞാനാകെ ഭയപ്പെട്ടു. ഇടിവെട്ടേറ്റപോലെ ഒരനുഭവം."

"സഹോദരാ, എന്നിട്ട് നീ എന്തു ചെയ്തു?" ജൈല്‍സ് വീണ്ടും ചോദിച്ചു. ഫ്രാന്‍സിസ് മറുപടി പറഞ്ഞു: "ദൈവതിരുമുമ്പില്‍ ഇത്രയും കാലം തെറ്റായി ജീവിച്ചുപോയി എന്ന് എനിക്കു മനസ്സിലായി. കര്‍ത്താവേ, ഞാനിനി എന്തു ചെയ്യണം? എന്ന് ഞാന്‍ കരഞ്ഞുചോദിച്ചു. 'കാലക്രമേണ നിനക്ക് എല്ലാം മനസ്സിലാകുമെന്ന്' മറുപടി കിട്ടി."

അന്നുമുതല്‍ രാവും പകലും ഞാന്‍ കര്‍ത്താവിനെ വിളിച്ച് 'അങ്ങയുടെ തിരുമനസ്സ് എനിക്കു വെളിപ്പെടുത്തിത്തരണമേ' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് കാലം കഴിച്ചു. ക്രൂശിതരൂപത്തിന്‍ മുമ്പാകെ പ്രാര്‍ത്ഥിക്കാന്‍ വലിയ ഉത്തേജനം തോന്നി. പാപിയായ എനിക്കുവേണ്ടി ക്രൂശില്‍ പീഡകള്‍ സഹിച്ചു മരിച്ച ദിവ്യഈശോയോട് എനിക്ക് അതിയായ സ്നേഹവും വാല്‍സല്യവും തോന്നി. കഴിഞ്ഞ കാലത്തെ പാപജീവിതത്തെപ്പറ്റി ഞാന്‍ കഠിനമായി പശ്ചാത്തപിച്ചു. ക്രൂശിതനോട് എനിക്ക് തീവ്രമായ ഭക്തി അനുഭവപ്പെട്ടു.

അനുകമ്പയോടെ എന്നെ നോക്കിക്കൊണ്ടിരുന്ന അവിടുത്തെ കണ്ണുകളിലേക്ക് ഞാനും നോക്കിക്കൊണ്ടിരുന്നു. "ദിവ്യ ഈശോയെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു" എന്ന് അവിടുത്തോടു പറഞ്ഞു പ്രാര്‍ത്ഥിച്ച നേരമത്രയും എനിക്ക് വലിയ ആശ്വാസമനുഭവപ്പെട്ടു.

ജൈല്‍സ്: "ഫ്രാന്‍സിസേ, നീ ഈശോയെ നേരില്‍ കണ്ടോ?"

ഫ്രാന്‍സിസ്: "സാന്‍ ഡാമിയാനോ കപ്പേളയിലെ ക്രൂശിതരൂപത്തിന്‍റെ മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ചകളും കേട്ട വാക്കുകളും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രന്‍തമ്പുരാന്‍റേതായിരുന്നു എന്നാണ് ഇപ്പോഴും എന്‍റെ വിശ്വാസം. അന്നു ഞാന്‍ കണ്ടത് പിന്നീടൊരിക്കലും വിസ്മരിക്കാനാകാത്ത ഒരു അനുഭവമായി എന്‍റെ ഹൃദയത്തില്‍ പതിഞ്ഞു.

മരക്കുരിശില്‍ മൂന്നാണികളാല്‍ തറയ്ക്കപ്പെട്ട്, മരണവേദനയില്‍ നീറിപ്പിടയുന്ന ഈശോയെത്തന്നെയാണ് ഞാന്‍ കണ്ടത്. അവിടുന്ന് കരയുകയായിരുന്നു. വളരെ വലിയ എന്തോ കാര്യം എന്നില്‍നിന്നു പ്രതീക്ഷിക്കുന്നതുപോലെ ആകാംക്ഷയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. കുറെ ഏറെ നേരം അങ്ങനെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അവിടുന്നു ചുണ്ടുകള്‍ അനക്കി എന്നോടു വളരെ താല്‍പര്യത്തോടെ സംസാരിച്ചതു കേള്‍ക്കുകയും ചെയ്തു; "ഫ്രാന്‍സിസേ, ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന എന്‍റെ ദേവാലയം നീ പുതുക്കിപ്പണിയണം."

പിന്നെ കുറെക്കാലത്തേക്ക് ഞാന്‍ പ്രാര്‍ത്ഥിച്ചത്: "എന്‍റെ നല്ല ഈശോയെ, എന്‍റെ പാപജീവിതത്തെക്കുറിച്ച് ഞാന്‍ ഹൃദയപൂര്‍വ്വം അനുതപിക്കുന്നു. എനിക്കു മാപ്പുതരണേ. എന്‍റെ മുഴുഹൃദയത്തോടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. അങ്ങ് ചോദിക്കുന്നത് എന്തും ഞാന്‍ നല്കാം. അങ്ങ് എന്നോടു പറഞ്ഞതിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാക്കിത്തരണേ" എന്നായിരുന്നു.

ദൈവത്തിന്‍റെ കൃപ എന്നില്‍ വന്നു നിറയുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പാപിയായിരുന്നിട്ടും ഈശോ എന്നെ കരുണയോടെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു എന്ന് ആന്തരികമായി  എനിക്ക് അനുഭവപ്പെട്ടു. അങ്ങ് എന്നോടു പറഞ്ഞതിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാക്കിത്തരണേ എന്ന് ഞാന്‍ കേണപേക്ഷിച്ചു.

"ഫ്രാന്‍സിസേ, നിന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആലയമാണെന്ന സത്യം നീ ഗ്രഹിക്കണം. നീയെന്ന വ്യക്തി ദൈവത്തിന്‍റെ മകനും എന്‍റെ സഹോദരനുമാണ്. കര്‍ത്താവിന്‍റെ മുമ്പില്‍ പാപകരമായി ജീവിച്ചതിലൂടെ, ലൗകികമോഹങ്ങളോടും അഹന്തയോടും കൂടെ ജീവിച്ചതുവഴി എന്‍റെ ദേവാലയം ജീര്‍ണ്ണിക്കാന്‍ നീ ഇടവരുത്തി. അവയെല്ലാം അവസാനിപ്പിക്കണം. സുവിശേഷത്തില്‍ ഞാന്‍ പഠിപ്പിച്ചപോലെയും മാതൃക നല്കിയതുപോലെയും നീ ജീവിക്കണം. ഇങ്ങനെ നീ എന്നെ സ്നേഹിക്കുന്നുവെന്നു തെളിവു തരണം."

"ജൈല്‍സ് സഹോദരാ, അപ്പോള്‍ മുതല്‍ അതീവജാഗ്രതയോടും സ്നേഹത്തോടും കൂടെ ഞാന്‍ സുവിശേഷം വായിക്കാനും പഠിക്കാനും പ്രാവര്‍ത്തികമാക്കാനും തുടങ്ങി. പാപം ചെയ്യാന്‍ ദൈവം ആരോടും ആവശ്യപ്പെടുന്നില്ല. അവിടുന്ന് സുവിശേഷത്തിലൂടെ പഠിപ്പിച്ചതുപോലെ പരിശുദ്ധിയിലും  സ്നേഹത്തിലും സത്യസന്ധമായും വിനയത്തോടെയും ജീവിക്കുകയാണ് വേണ്ടത് എന്ന് ദിവ്യഈശോ എനിക്കു മനസ്സിലാക്കിത്തന്നു.

"ഈശോയുടെ തിരുസന്നിധിയിലാണ് എപ്പോഴും ഞാന്‍, അവിടുന്ന് എന്‍റെ കൈകളില്‍ പിടിച്ചിട്ടുണ്ട്. അവിടുന്ന് എന്നെ നയിക്കുന്നതുപോലെ ഞാന്‍ ജീവിക്കണം എന്ന അവബോധത്തോടെ എപ്പോഴും എവിടെയും ജീവിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥതയോടെ യത്നിച്ചു. അത് എനിക്ക് വളരെ പ്രയോജനമായിത്തീര്‍ന്നു."

 ബ്രദര്‍ ജൈല്‍സ്: ഫ്രാന്‍സിസ് സഹോദരാ, ഇങ്ങനെ പ്രാര്‍ത്ഥിക്കാനും പരിശുദ്ധമായി ജീവിക്കാനും ഞാന്‍ തീവ്രമായി ശ്രമിക്കും. ഈശോ എന്നെ കൈവിടുകയില്ല എന്നും അനുഗ്രഹിക്കുമെന്നും എനിക്കുറപ്പുണ്ട്."

ഫ്രാന്‍സിസ്: "പ്രിയ ജൈല്‍സ് സഹോദരാ അതുറപ്പാണ്. ദൈവത്തെ ആശ്രയിക്കുകയും അവിടുത്തെ തിരുമുമ്പില്‍ വിനീതമായി ജീവിക്കുകയും ചെയ്യുന്നവരെ അവിടുന്ന് ഒരുനാളും ഒരു കാരണവശാലും ഉപേക്ഷിക്കുകയില്ല എന്നത് ആയിരംവട്ടം ഉറപ്പാണ്."

You can share this post!

വീണ്ടെടുക്കുക ഫ്രാന്‍സിസിനെ, ക്രൈസ്തവമൂല്യങ്ങളെ

ജോന്‍ എം. സ്വീനി
അടുത്ത രചന

ലാവേര്‍ണ ഒരു ഫ്രാന്‍സിസ്കന്‍ കാല്‍വരി

ഫെർഡിനാൻഡ് മാർട്ടിൻ കപ്പൂച്ചിൻ
Related Posts