news-details
അക്ഷരം

അവശേഷിപ്പുകളും ലളിതജീവിതവും

അറബ് സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് സിനാന്‍ അന്‍തൂണ്‍. അദ്ദേഹത്തിന്‍റെ പ്രശസ്തമായ നോവലാണ് 'അവശേഷിപ്പുകള്‍'. എഴുത്തിന്‍റെ വിവിധ സങ്കേതങ്ങള്‍ പരീക്ഷിക്കുന്ന ഈ എഴുത്തുകാരന്‍റെ ഉത്തരാധുനികസ്വഭാവമുള്ള നോവലാണ് 'അവശേഷിപ്പുകള്‍.' ന്യൂയോര്‍ക്കില്‍ കഴിയുന്ന ഇറാഖിയായ നുമൈര്‍ അറബി അധ്യാപകനാണ്. ഡോക്യുമെന്‍ററി നിര്‍മ്മിക്കുന്ന അമേരിക്കന്‍ സംഘത്തിന്‍റെ അറബി വിവര്‍ത്തകനായി നുമൈര്‍ ബാഗ്ദാദിലെത്തുന്നു. പുസ്തകങ്ങള്‍ വില്ക്കുന്ന ഒരു തെരുവില്‍വച്ച് സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുന്ന സുഹൃത്തിനെ  കണ്ടുമുട്ടുന്നു. തുടര്‍ന്നുള്ള കഥകളില്‍ ഇറാഖിന്‍റെ സാംസ്കാരിക അപചയത്തെ, രാഷ്ട്രീയ നിലപാടുകളെ അവതരിപ്പിക്കുന്നു. യുദ്ധം തകര്‍ത്ത ബാഗ്ദാദിന്‍റെ ഭീകരമുഖമാണ് ഈ നോവല്‍ വെളിപ്പെടുത്തുന്നത്.

യുദ്ധം എന്തെല്ലാമാണ് നശിപ്പിക്കുന്നത് എന്ന് യുദ്ധത്തിനായി മുറവിളി കൂട്ടുന്നവര്‍ ഓര്‍ക്കുന്നില്ല. മരിച്ചുവീഴുന്ന ജനസമൂഹവും മണ്‍മറയുന്ന സാംസ്കാരിക ദീപ്തികളും മുറിവേല്ക്കുന്ന ഭൂമിയുമൊന്നും യുദ്ധക്കൊതിയന്മാര്‍ ഓര്‍ക്കുന്നില്ല. ഭാവിതലമുറയ്ക്കുപോലും ശാപം നിറഞ്ഞ ഭൂമി കൈമാറുന്ന ഹിംസയുടെ ദൂതന്മാരെ നിശിതമായി വിമര്‍ശിക്കുകയാണ് നോവലിസ്റ്റ്. "ഓര്‍മ്മകളുടെ താഴ്വരയില്‍ എന്നോ ഊളിയിട്ടുപോയ തിക്താനുഭവങ്ങളെ വീണ്ടെടുത്ത് നീറിപ്പുകയാനായിരുന്നോ എന്‍റെ ഈ യാത്ര?" എന്ന ചോദ്യം നമ്മെ ഏറെ നേരം അലട്ടും.

യുദ്ധത്തില്‍ തകര്‍ന്ന ഇറാഖ് പഴയ ഇറാഖല്ല. ഇനി അവിടെ സ്വപ്നങ്ങളില്ല. പുതിയ ഭീകരപ്രസ്ഥാനങ്ങള്‍ അവിടെ ജനിച്ചുയരുന്നു. സഹസ്രാബ്ദങ്ങളുടെ സംസ്കാരങ്ങള്‍ കെട്ടുമായുന്നു. പുരോഗമിക്കുന്നുവെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ പിന്നിലേക്കു കുതിക്കുന്നതിന്‍റെ സൂചനകളാണ് എവിടെയും കാണുന്നത്. ഹിംസയുടെ താണ്ഡവം ഭൂമിയെ വിറപ്പിക്കുന്നത് നോവലിസ്റ്റ് കാണുന്നു. വിശ്വാസത്തിന്‍റെ വഴി തെറ്റിയ യാത്രകള്‍ സാധാരണമനുഷ്യരെ കൊന്നൊടുക്കുന്നു. എവിടെയാണ് ശാന്തിതീരമെന്നറിയാതെ അഭയാര്‍ത്ഥികളായ മനുഷ്യര്‍ ഓടിക്കൊണ്ടിരിക്കുന്നു. മുറിവുകളുടെ ആഴം കൂടിക്കൂടിവരുന്നു.

"ഇരകള്‍ ഇരകളായിത്തീര്‍ന്ന ചരിത്രം ആരു പറയും? അതാണ് എന്നെ ആശങ്കപ്പെടുത്തിയത്. ആശങ്കപ്പെടുത്തുന്നതും" എന്ന് നുമൈര്‍ മനസ്സിലാക്കുന്നു. അധികാരികള്‍ക്ക്, വിജയിച്ചവര്‍ക്ക് മാത്രമല്ല ചരിത്രമുള്ളത്. നോവലിസ്റ്റ് എഴുതാന്‍ ശ്രമിക്കുന്നത് ഇരകളാക്കപ്പെട്ടവരുടെ ചരിത്രമാണ്. "വേട്ടക്കാരാണ് ചരിത്രം നിര്‍മ്മിക്കുന്നത്, ചമയ്ക്കുന്നത്. അതില്‍ നിറമായി മാത്രം ഒതുങ്ങുന്നു നാമെന്ന ഇരകള്‍' എന്ന തിരിച്ചറിവില്‍ നിന്നാണ് മറ്റൊരു ചരിത്ര രചന ആരംഭിക്കുന്നത്. "നിങ്ങള്‍ അറിഞ്ഞതും അനുഭവിച്ചതും ഒന്നുമല്ല യുദ്ധത്തിന്‍റെ കെടുതികള്‍. ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍ത്തികള്‍ ഭേദിച്ച് പറഞ്ഞ് ഫലിപ്പിക്കാനാകുന്നതുമല്ല അത്" എന്ന് നാം മനസ്സിലാക്കുന്നു. ഓരോ നിമിഷത്തിലും ഈ ലോകത്തോട് യാത്ര പറഞ്ഞിറങ്ങിപ്പോയ ഒത്തിരിപ്പേരുടെ കഥകളാണ് മനുഷ്യപക്ഷത്തുനിന്ന് ചരിത്രമെഴുതുമ്പോള്‍ രേഖപ്പെടുത്തേണ്ടിവരുക.

മനുഷ്യന്‍റെ യാതനകള്‍ക്ക് പരിമിതികളില്ല എന്ന് ഓരോ യുദ്ധവും പഠിപ്പിക്കുന്നു. 'മനസ്സിന്‍റെ വേദന കണ്ണില്‍ കാണാന്‍ കഴിയുന്നുവെന്ന്' എഴുതുമ്പോള്‍ യാതനയുടെ മറ്റൊരു ചിത്രം തെളിയുന്നു. സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ചരിത്രത്തിന്‍റെ രക്തംനിറഞ്ഞ വഴിത്താരയിലൂടെ  നടന്നുനീങ്ങുന്നവര്‍ ഇന്നിന്‍റെ ലോകാനുഭവമായി നമ്മുടെ മുന്നില്‍ അവതരിക്കുന്നു. "ഈ ലോകത്തില്‍ മാത്രമാണ് നരകമുള്ളത്, നരകയാതനയുള്ളത്" എന്നു നാം ഓരോ യുദ്ധത്തില്‍നിന്നും അറിയുന്നു. "നരകം അത് ഉണ്ടെങ്കില്‍ത്തന്നെ അടുത്ത ജന്മത്തിലോ ലോകത്തോ ഉള്ളതല്ല. അത് ഇവിടെയാണ്. ദിവസവും നാം ജീവിക്കുന്നത് നാം സൃഷ്ടിക്കുന്ന നരകലോകത്താണ്" എന്ന സത്യമാണ് നോവലിസ്റ്റ് വിളിച്ചുപറയുന്നത്. "നരകവും നാകവും നിര്‍മ്മിക്കാന്‍ മനുഷ്യന്‍റെ കൈയിലിരുപ്പ് മാത്രം മതി"യെന്ന് നാം മനസ്സിലാക്കുന്നു.

യുദ്ധങ്ങള്‍ ചിലര്‍ക്കെല്ലാം കാത്തിരിപ്പിന്‍റെ വിധി നല്കുന്നു. 'ഒറ്റപ്പെടുന്നതും കാത്തിരിക്കേണ്ടിവരുന്നതും സങ്കടകരമാണ്' എന്നതാണ് സത്യം. 'പക്ഷേ അമ്മമാര്‍ക്ക് ഒരിക്കലും മുഷിപ്പില്ല.' അമ്മമാര്‍ ആരെയെല്ലാമോ കാത്തിരിക്കുകയാണ്. ഭര്‍ത്താവിനെ, മകനെ, ബന്ധുവിനെയെല്ലാം കാത്തിരിക്കുന്നു. അവള്‍ക്ക് കാത്തിരുന്നേ മതിയാവൂ, പ്രതീക്ഷയോടെയുള്ള  കാത്തിരിപ്പ്.  

'ഒരുപാട് നഗരങ്ങളെയും നാഗരികതകളെക്കുറിച്ചും മണ്ണിട്ട് മൂടിയ, കാലയവനികയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ഭൂമിയെപ്പോലെ ഓര്‍മകളുടെ സ്മാരകങ്ങളെ മനക്കണ്ണില്‍ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന മനുഷ്യനെ' നാം കണ്ടുമുട്ടുന്നു. ഈ മനുഷ്യനില്‍നിന്നാണ് പുതിയ ചരിത്രം രൂപം കൊള്ളുന്നത്. ഈ മനുഷ്യന്‍റെ ഓരോ അലച്ചിലും ഓരോ ചരിത്രമാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. 'സുഖദുഃഖങ്ങളെ കണ്ടെത്താനും സഹിക്കാനും ആസ്വദിക്കാനും കഴിയുന്നിടത്താണ് മനുഷ്യന്‍റെ ജയവും പരാജയവും തീരുമാനിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും." യാതനകളില്‍നിന്ന് പുതിയ  ചരിത്രം  രൂപം കൊള്ളുന്നത് അങ്ങനെയാണ്.
യുദ്ധത്തിനുശേഷം ബാഗ്ദാദില്‍ ഒരാളും സുന്ദരമായ സമാധാനജീവിതം നയിക്കുന്നവര്‍ ഇല്ല. അവരുടെ ഓരോരുത്തരുടെയും ജീവിതം ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ് എന്ന് നാം വായിക്കുന്നു. അങ്ങനെയുള്ളവരുടെ ജീവിതമാണ് ഈ നോവലിനെ മനുഷ്യയാതനകളോടും ചേര്‍ത്തുനിര്‍ത്തുന്നത്.

"എന്‍റെ അച്ഛന്‍ എവിടെപ്പോയി?

എന്‍റെ അമ്മ എവിടെ?

എന്‍റെ  സഹോദരീസഹോദരന്മാരെവിടെ?"

ഈ ചോദ്യങ്ങള്‍ ഏവരേയും അലട്ടിക്കൊണ്ടിരിക്കും. ചരിത്രത്തിന്‍റെ അവശേഷിപ്പുകള്‍ ഇതെല്ലാമാണ് എന്ന് നാം അറിയുന്നു. (അവശേഷിപ്പുകള്‍ - സിനാന്‍ അന്‍തൂണ്‍ - വിവ. ഉസൈദ് - ഗ്രീന്‍ബുക്സ്)
 

ലളിതജീവിതം

പ്രശസ്ത എഴുത്തുകാരനാണ് റസ്കിന്‍ ബോണ്ട്. പ്രകൃതിയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന അദ്ദേഹത്തിന്‍റെ നൈര്‍മല്യമുള്ള പുസ്തകമാണ് "A Book of Simple living'. ലളിതജീവിതം എങ്ങനെ സന്തോഷകരമാകുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. അത്യാഗ്രഹത്തോടെ വാരിക്കൂട്ടാന്‍ പരക്കംപായുന്ന മനുഷ്യനില്‍നിന്ന് സന്തോഷം വഴുതിപ്പോകുന്നത് ഈ എഴുത്തുകാരന്‍ കാണുന്നു. ലാളിത്യമാണ് സൗന്ദര്യമെന്നും സന്തോഷമെന്നും അദ്ദേഹം കാണിച്ചുതരുന്നു. പര്‍വ്വതത്തില്‍ നിന്നുള്ള ലഘുകുറിപ്പുകളാണ് ഈ പുസ്തകം. പ്രകൃതിയോടുള്ള ആത്മബന്ധത്തില്‍നിന്നാണ് ഓരോ  കുറിപ്പും  ജനിക്കുന്നത്. അത്യാഡംബരത്തിന്‍റെ ലോകത്ത് വിരാജിക്കുന്ന ആധുനിക മനുഷ്യന് യഥാര്‍ത്ഥ  സന്തോഷമാണ് നഷ്ടമാകുന്നത്.

ഏതു സമ്പത്തിനെക്കാള്‍ പ്രധാനമാണ് സന്തോഷമെന്ന് റസ്കിന്‍ ബോണ്ട് വിശ്വസിക്കുന്നു. അതിന് ചുറ്റും നോക്കിയാല്‍ മതി. ഈ പ്രകൃതിയില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞുനില്ക്കുന്നു. കൃത്രിമത്വം നിറഞ്ഞ ജീവിതത്തില്‍ എല്ലാം വികലമാകുന്നു. 'സ്നേഹത്തിന്‍റെ സ്പര്‍ശമില്ലെങ്കില്‍ ജീവിതമില്ലെന്നും നാം നിറം മങ്ങിയവരായിത്തീരുമെന്നും ബോണ്ട് എഴുതുന്നു. അദ്ദേഹത്തിന്‍റെ സ്നേഹത്തിന് പരിധികളില്ല. എല്ലാ ജീവജാലങ്ങളും ഭൂമിയും മലകളും മരങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹിതരാണ്. പരിധികളില്ലാത്ത സ്നേഹമാണ് സന്തോഷമെന്ന് നാം തിരിച്ചറിയുകയാണിവിടെ.

ഓരോരുത്തരുടെ ജീവിതത്തിനും ഓരോ വേഗമാണ്. മറ്റുള്ളവരുടെ വേഗത്തില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് നമുക്കു താളംതെറ്റുന്നത്. മത്സരത്തിന്‍റെ കാലത്ത് ഏവരുടെയും സന്തോഷം നഷ്ടമാകുന്നത് സ്വന്തം വേഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്. ഒരു കുട്ടിയുടെ വിസ്മയിക്കാനുള്ള കഴിവു നിലനിര്‍ത്തുന്നവര്‍ക്ക് ചുറ്റും വിസ്മയങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. പ്രകൃതിയുമായുള്ള സ്വാഭാവികബന്ധം തന്നെ പ്രചോദിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതെപ്രകാരമെന്ന് റസ്കിന്‍ ബോണ്ട് സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയില്‍ നിന്ന് അകന്നുപോകുമ്പോള്‍ നാം സന്തോഷത്തില്‍നിന്ന്, ജീവിതത്തില്‍നിന്നാണ് അകന്നുപോകുന്നത്. പ്രകൃതി നമുക്കുള്ള സമ്മാനമാണെന്നും അദ്ദേഹം കരുതുന്നു. ചെറിയ ചെറിയ വിസ്മയങ്ങളുമായി പ്രകൃതി നമ്മോടൊപ്പമുണ്ട്. അത് കാണാന്‍ കഴിയണമെന്നതാണ് പ്രധാനം.

'വേഗം കുറയ്ക്കുക, ശ്രദ്ധിക്കുക. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദങ്ങള്‍ ഇവിടെ ധാരാളമുണ്ട്' എന്ന് റസ്കിന്‍ ബോണ്ട് ഓര്‍മ്മിപ്പിക്കുന്നു. നാം തിരക്കിലാണെങ്കില്‍ ശ്രദ്ധിക്കാന്‍  സാധിക്കുന്നില്ല. ശ്രദ്ധയില്ലെങ്കില്‍ നമുക്കുചുറ്റുമുള്ള ഒന്നും തിരിച്ചറിയാന്‍ കഴിയില്ല. ഈ ഓട്ടപ്പന്തയത്തിനിടയില്‍ ജീവിതം വഴുതിപ്പോകുന്നത് നാം അറിയുന്നില്ല. നാം അതിജീവിക്കാനായി പൊരുതുമ്പോള്‍ ഉന്നതമായ ദര്‍ശനങ്ങളും ആദര്‍ശങ്ങളും മങ്ങിപ്പോകുന്നു. ചുറ്റുമുള്ള ഓരോന്നിനെയും ശ്രദ്ധയോടെ നോക്കുമ്പോള്‍ പുതിയ പലതും കണ്ടെത്താന്‍ കഴിയും. വേഗത്തില്‍ പറന്നുപോയാല്‍ ഈ കാഴ്ചകള്‍ നഷ്ടമാകും.

'പണം മനുഷ്യന് സന്തോഷം നല്കണമെന്നില്ല' എന്നാണ് റസ്കിന്‍  ബോണ്ട് പറയുന്നത്. സന്തോഷം നല്കുന്നത് മറ്റു ചിലതാണ് എന്ന് അദ്ദേഹം കരുതുന്നു. സ്വതന്ത്രനായിരിക്കുക എന്നത് പ്രധാനമാണ് അദ്ദേഹത്തിന.് ഒരു കാറ്റുപോലെ ഈ പ്രകൃതിയെ  തഴുകി, മെല്ലെ കടന്നുപോവുക. നാം വെട്ടിപ്പിടിക്കുന്നതെല്ലാം ഈ യാത്രയില്‍ ഭാരമായി മാറും. അതുകൊണ്ടാണ് ലളിതമായി ജീവിക്കുക എന്ന് റസ്കിന്‍ ബോണ്ട് എടുത്തുപറയുന്നത്.

ലാളിത്യത്തോടൊപ്പം സത്യവും വേണമെന്ന് റസ്കിന്‍ബോണ്ട് സൂചിപ്പിക്കുന്നു. ക്ഷമയും ഇവയുടെ ചങ്ങാതിയാണ്. ലാളിത്യവും സ്നേഹവും സത്യവും ക്ഷമയുമെല്ലാം ചേരുമ്പോള്‍ ജീവിതം സന്തോഷപ്രദമാകുമെന്ന് അദ്ദേഹം എഴുതുന്നു. നമ്മുടെ വീക്ഷണത്തിന് ഇണങ്ങുന്നതല്ല ഈ എഴുത്തുകാരന്‍റെ കാഴ്ചപ്പാട് എന്ന് നാം മനസ്സിലാക്കുന്നു. പുതിയൊരു വെല്ലുവിളിയാണ് അദ്ദേഹം നമുക്കു മുന്നില്‍ ഉയര്‍ത്തുന്നത്.

'ലാളിത്യത്തിന്‍റെ കല' എന്ത് എന്നാണ് റസ്കിന്‍  ബോണ്ട് നമുക്കു കാണിച്ചുതരുന്നത്. ലാളിത്യത്തില്‍ നിന്ന് യഥാര്‍ത്ഥ കല പിറവിയെടുക്കുന്നു. ജീവിതം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന കാലത്ത് ലാളിത്യത്തില്‍നിന്ന് നാം അകന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് യഥാര്‍ത്ഥസന്തോഷവും ഇല്ലാതാകുന്നത്. പറുദീസായുടെ ചെറുശകലങ്ങള്‍ നമുക്കുചുറ്റും ഉണ്ടെന്നറിഞ്ഞ് സഞ്ചരിക്കുക എന്നാണ് റസ്കിന്‍ ബോണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. "A Book of Simple Living' എന്ന മനോഹരഗ്രന്ഥം നമ്മെ ശുദ്ധീകരിക്കുന്നു. നമ്മുടെ പൂര്‍വ്വധാരണകള്‍ തെറ്റായിരുന്നുവെന്ന് കാണിച്ചുതരുന്നു. നമ്മില്‍ ഒരു ആന്തരചൈതന്യം നിറയ്ക്കുന്ന ഗ്രന്ഥമാണിത്. (A Book of Simple Living - Ruskin Bond - Tiger)

You can share this post!

ബുധിനിയുടെ കഥയും ആനന്ദിന്‍റെ ചിന്തകളും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts