news-details
മറ്റുലേഖനങ്ങൾ

കളിയല്ല കളിപ്പാട്ടങ്ങള്‍

 പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഉദ്ദീപനങ്ങള്‍ക്കനുസരിച്ചാണ് (Stimulus) ശരീരം പ്രതികരിക്കുന്നത് (Response). കൂടുതല്‍ ഉദ്ദീപനങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ പ്രതികരണം ഉണ്ടാവും. പഞ്ചേന്ദ്രിയങ്ങള്‍ സജീവമായാല്‍ പ്രതിഭ വളരാന്‍ തുടങ്ങും. ബോധപൂര്‍വ്വം നമുക്ക് കുഞ്ഞിന്‍റെ പഞ്ചേന്ദ്രിയത്തെ സജീവമാക്കാം. അമേരിക്കയിലെ Institute For The Achivement of Human Potential എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനായ ഗ്ലെന്‍ഡോമാന്‍ പറയുന്നത് ഉദ്ദീപനങ്ങളുടെ എണ്ണവും ശക്തിയും കൂട്ടിയാല്‍ കുഞ്ഞിന്‍റെ പ്രതികരണവും ശാരീരികപ്രവര്‍ത്തനങ്ങളും കൂടുമെന്നാണ്. ആനുപാതികമായി മസ്തിഷ്ക വളര്‍ച്ചയും കൂടും. ഉദ്ദീപനങ്ങള്‍ കൂട്ടി, പ്രതികരണങ്ങള്‍ കൂട്ടി കുഞ്ഞിന്‍റെ മസ്തിഷ്കവളര്‍ച്ച ത്വരിതപ്പെടുത്താം. മസ്തിഷ്കകോശങ്ങളുടെ പെരുകലും വിഭജനവും അങ്ങനെ കൂട്ടാം. പ്രത്യേകിച്ച് ആറുവയസുവരെ. പിന്നീട് മസ്തിഷ്ക വികാസം മന്ദഗതിയിലാകുന്നു.

കുഞ്ഞിനോട് ധാരാളം സംസാരിക്കുന്നതിന്‍റെയും കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്നതിന്‍റെയും ശാസ്ത്രീയത മറ്റൊന്നല്ല. നാനാതരം പ്രവൃത്തികളിലൂടെ കുഞ്ഞിന്‍റെ കണ്ണിനും മൂക്കിനും നാക്കിനും ചെവിക്കും ത്വക്കിനും ഉദ്ദീപനങ്ങള്‍ നല്കണം. പരമാവധി അവയെ ഉപയോഗിക്കണം. അതിനുള്ള അവസരങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കണം. അങ്ങനെ മസ്തിഷ്കവളര്‍ച്ച ത്വരിതപ്പെടുകയും കുട്ടി ചെറുപ്പത്തിലേ പ്രതിഭയിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്യും.

പഞ്ചേന്ദ്രിയവും കളിപ്പാട്ടവും

പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഉദ്ദീപനങ്ങള്‍ നല്കുന്നതില്‍ കളിപ്പാട്ടങ്ങള്‍ക്കും കളികള്‍ക്കും നിര്‍ണായക പങ്കുണ്ട്. വ്യക്തിത്വവികാസത്തിനും വളര്‍ച്ചയ്ക്കും, കളികളും കളിപ്പാട്ടങ്ങളും നല്കുന്ന സംഭാവനകള്‍ വലുതാണ്. കളികളിലൂടെയും കളിപ്പാട്ടങ്ങളുടെ ഉപയോഗത്തിലൂടെയും ചിന്തിക്കുവാനും പഠിക്കുവാനും നിരീക്ഷിക്കുവാനും ക്ഷമിക്കുവാനും ആശയവിനിമയം നടത്തുവാനും കണ്ണുകളും കൈകളും ഏകോപിപ്പിക്കുവനും തങ്ങളുടെ ചുറ്റുപാടുകള്‍ അറിയാനും കൂട്ടായി തീരുമാനമെടുക്കാനും കുട്ടികള്‍ക്ക് കഴിയുന്നു. കളിയിലൂടെയുള്ള പഠനം വ്യത്യസ്തമാണ്. കളിയില്‍ തെറ്റ് വരുത്തുവാനും തിരുത്തുവാനും സ്വാതന്ത്ര്യമുണ്ട്. അവരുടെ സമയവും സൗകര്യവുംപോലെ അന്ത്യശാസനങ്ങളില്ലാതെ ഉപയോഗിച്ച് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു. പരാജയം ജീവിതത്തിന്‍റെ ഭാഗമാണെന്നവര്‍ സ്വമേധയാ മനസ്സിലാക്കുന്നു. കളി തുടരുന്നു.

മറിയ മോണ്ടിസോറി,  കുഞ്ഞുങ്ങളുടെ പഠനരീതിയെക്കുറിച്ച് നിരീക്ഷിച്ച് പഠിച്ച വ്യക്തിയാണ്. കുഞ്ഞുങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കി പഠനത്തില്‍ താത്പര്യം ജനിപ്പിക്കുന്നു. ഈ രീതിയില്‍ കളികളിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അധ്യാപകന്‍ ഒരു സഹായി മാത്രമാണ്. വിദ്യാഭ്യാസം അധ്യാപകനില്‍നിന്ന് ലഭിക്കുന്നതല്ല. മറിച്ച് പ്രകൃതിയുമായുള്ള ഇടപെടലുകളില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ സ്വാഭാവിക പരിണാമമാണ് എന്നാണ് അവരുടെ നിഗമനം.

കുട്ടികള്‍ക്ക് കളിപ്പാട്ടം നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുട്ടിയുടെ പ്രായം, മാനസികവും ശാരീരികവുമായ വളര്‍ച്ച എന്നിവ പരിഗണിക്കണം.

2. വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന കളിപ്പാട്ടങ്ങള്‍ വളരെ ഉപകാരപ്രദമായിരിക്കും.

3. കളിപ്പാട്ടങ്ങളുടെ സുരക്ഷിതത്വവും ആവശ്യകതയും പരിശോധിച്ചശേഷം മാത്രമേ വാങ്ങാവൂ. ഇളകിപോകുന്ന നിറങ്ങളുള്ളതോ മൂര്‍ച്ചയുള്ള അരികുകളുള്ളതോ ആയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.

4. കളി കഴിഞ്ഞാല്‍ കളിപ്പാട്ടങ്ങള്‍ മേശയിലോ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലോ സൂക്ഷിച്ചുവയ്ക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക, ഒപ്പം ശരീരം വൃത്തിയാക്കാനും.

5. കളിപ്പാട്ടം കുട്ടിക്ക് സമ്മാനിച്ചുകഴിഞ്ഞാല്‍ തിരിച്ചുവാങ്ങരുത്. അവന് കളിക്കാന്‍ പാടില്ലാത്ത കളിപ്പാട്ടം സമ്മാനിക്കരുത്.

6. റോഡരികിലും ഉത്സവസ്ഥലങ്ങളിലും വില്ക്കുന്ന കളിപ്പാട്ടങ്ങള്‍ മിക്കപ്പോഴും ഗുണനിലവാരം കുറഞ്ഞതും അപകടകാരികളുമായിരിക്കും.

7. ഒന്‍പതുമാസത്തിലധികം പ്രായമുള്ള കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന ഏറ്റവും നല്ല കളിപ്പാട്ടമാണ് പന്തുകള്‍.

8. മൂന്ന് വയസിനുമുകളിലുള്ള കുട്ടികള്‍ക്ക് ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന 

കളിപ്പാട്ടങ്ങള്‍ സമ്മാനിക്കാം.

 

കുട്ടികള്‍ക്കുള്ള നല്ല കളിപ്പാട്ടമാണ് പ്രകൃതി. അവരുടെ ഭാവനയും പ്രകൃതിയും ഒത്തുചേര്‍ന്നാല്‍ ഗംഭീരകളിപ്പാട്ടം അവര്‍ത്തന്നെ ഉണ്ടാക്കി ആസ്വദിക്കും. പ്രതിഭ വളര്‍ത്താന്‍ അവരെ കളിക്കാന്‍ അനുവദിക്കുക. കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും കാര്‍ട്ടൂണ്‍ ചാനലുകളുടെയും ഫ്ളാറ്റുസംസ്കാരത്തിന്‍റെയും തടവറയില്‍ ജനിക്കുന്ന, ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളികള്‍ നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്ക് സ്പര്‍ശിച്ചും അനുഭവിച്ചും, തള്ളിയും നീക്കിയും, എറിഞ്ഞും ഉടച്ചും, നനഞ്ഞും കുളിച്ചും, കലഹിച്ചും കരഞ്ഞും, മണ്ണുപുരണ്ടും പരിക്കുപറ്റിയും പൊറുത്തുനല്കിയുമുള്ള അനുഭവങ്ങളുടെ പെരുമഴക്കാലം വേണം. ജീവിതവും അതിന്‍റെ അനന്തസാധ്യതകളും അന്വേഷിക്കുവാനും അറിയുവാനുമുള്ള സമയമാണ് ബാല്യം. മനുഷ്യജീവിതമെന്ന പുസ്തകത്തിന്‍റെ ആമുഖമാണ് കുട്ടിക്കാലം. എന്തിന്‍റെ പേരിലായാലും അത് നിഷേധിക്കരുത്. ട്യൂഷന്‍ ക്ലാസും മ്യൂസിക് ടീച്ചറും കരാട്ടെയും സ്കൂളും വീടും - ഇതിന്‍റെയെല്ലാമിടയില്‍ ഭ്രാന്തുപിടിക്കാനുള്ളതല്ല കുട്ടിക്കാലം. പ്രകൃതിയെയറിഞ്ഞ്, കൂട്ടുകൂടി, മണ്ണുതിന്ന്, പൂമ്പാറ്റയോട് കളിച്ച് അവന്‍ മനുഷ്യനാകട്ടെ, മണ്ണിനെ സ്നേഹിച്ചാലേ മനുഷ്യനെ സ്നേഹിക്കാനാവൂ.

You can share this post!

മനോനിലയുടെ ചാഞ്ചാട്ടങ്ങള്‍

ടോം മാത്യു
അടുത്ത രചന

ഹൃദയത്തിന്‍റെ മതം

ഷൗക്കത്ത്
Related Posts