news-details
കടുകു മണിയും പുളിമാവും

സ്നേഹാക്ഷരങ്ങള്‍

പാവക്കാപോലെ നീണ്ടുമെലിഞ്ഞ് കിടക്കുന്ന നമ്മുടെ കേരളത്തിന്‍റെ അങ്ങ് തലയറ്റം തൊട്ട് ഇങ്ങ് വാലറ്റം വരെയുള്ള നല്ല അസ്സല് അലമ്പന്മാരെയും അലമ്പത്തികളെയും ചേര്‍ത്തൊരു ഗ്രൂപ്പ്. എന്നിട്ട് അതിന് 'അലമ്പുപയലുകള്‍' എന്നൊരു പേരും. ഈ പ്രാവശ്യം കടുകുമണിയും പുളിമാവും അവരോടൊപ്പമാണ്.

ഒരു തോണി ഒഴുക്കിനു കുറുകെ എത്രനേരം നമുക്ക് തനിയെ തുഴയാന്‍ സാധിക്കും? വേഗത്തില്‍ തന്നെ തുഴഞ്ഞു തുഴഞ്ഞു കൈ തളരും. അതേസമയം സുഹൃത്തുക്കളോടൊപ്പമാണ് ഈ തോണി യാത്ര എങ്കിലോ? ദൂരങ്ങള്‍ താണ്ടുന്നത് നമ്മള്‍ അറിയുന്നതേയില്ല. ഇത്തരത്തിലൊരു സഞ്ചാരമാണ് അലമ്പുപയലുകളുടേത്. ഒരുമിച്ചൊരു തോണി തുഴയല്‍. ഈ യാത്ര ഒരുപാട് തീരങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്നിരിക്കുന്നത് 'സ്നേഹാക്ഷരങ്ങള്‍' എന്ന തീരത്താണ്.

ഞാനും ഞാനുമെന്‍റെ കൂടെ ആ നാല്പതുപേരും ചേര്‍ന്ന് സിനിമയില്‍ പൂമരം കൊണ്ട് ഒരു കപ്പല്‍ ഉണ്ടാക്കിയപ്പോള്‍, അലമ്പുപയലുകളും അവരുടെ സുഹൃത്തുക്കളും സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ചേര്‍ന്ന് കേരളത്തിന്‍റെ തലയറ്റം തൊട്ട് ഇങ്ങ് വാലറ്റം വരെ 14 ജില്ലകളിലായി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കു തങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍പ്പുവിളികളോ താളവാദ്യങ്ങളോ വലിയ ബാനറുകളോ സമ്മേളനങ്ങളോ ഒന്നുമില്ലാതെ അവരുടെ സമ്മാനങ്ങള്‍ ഓരോരുത്തരിലും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. കുഞ്ഞു കരങ്ങള്‍ ആ സമ്മാനപ്പൊതികള്‍ ഏറ്റുവാങ്ങുമ്പോള്‍ അത് ആരുടെയും ഔദാര്യമായിട്ടല്ല, മറിച്ച് അവരുടെ അറിവിന്, കഴിവിന്, മികവിന് ലഭിച്ച അംഗീകാരമായിട്ടാണ് നല്കുന്നത്. അതായത് അവര്‍ക്കു ലഭിച്ച ഓരോ സമ്മാനപ്പൊതികളിലും അവരുടെ അധ്വാനത്തിന്‍റെ വിയര്‍പ്പുകണങ്ങള്‍ കൂടി ഉണ്ട്.

ഇനി ഓരോ സമ്മാനപ്പൊതികള്‍ തുറക്കുമ്പോഴും അലമ്പുപയലുകള്‍ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ക്കായി സുഹൃത്തുക്കളില്‍നിന്നും ശേഖരിച്ച വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ പുത്തന്‍ നോട്ടുബുക്കുകളും പെന്‍സിലുകളും പേനകളും ബോക്സും സ്കെച്ചുപെന്നും ബാഗുമെല്ലാമായി ഒരു അദ്ധ്യയനവര്‍ഷം മുഴുവന്‍ അവര്‍ക്ക് വേണ്ടതെല്ലാം ആ സമ്മാനപൊതികളില്‍ ഒരുക്കിവച്ചിരിക്കും.

ആരാണ് ഈ അലമ്പുപയലുകള്‍ ? എന്താണ് സ്നേഹാക്ഷരങ്ങള്‍? ഐറീഷ് വത്സമ്മ എന്ന ചെറുപ്പക്കാരന്‍ തന്‍റെ സുഹൃത്തുക്കളെ ചേര്‍ത്ത് രൂപം കൊടുത്തൊരു facebook groupആണ് 'അലമ്പുപയലുകള്‍'. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ എടുത്തുപറയത്തക്കതായ കഴിവുകളോ വിദ്യകളോ ജീവിതസാഹചര്യങ്ങളോ ഒന്നുമില്ലാത്ത ഒരുപറ്റം ചെറുപ്പക്കാര്‍. അതുകൊണ്ട് തന്നെ ആ ഗ്രൂപ്പിന് അവര്‍ അലമ്പുപയലുകള്‍ എന്ന പേരും നല്കി.
'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നാണല്ലോ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പഠിക്കുവാനുള്ള സാഹചര്യം ലഭിക്കാത്ത ധാരാളം കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരം കുട്ടികളെ കണ്ടെത്തി അവരെ സഹായിക്കാനും അവരുടെ പ്രശ്നങ്ങളില്‍ ഒരു സുഹൃത്തായി അവര്‍ക്കൊപ്പം സഞ്ചരിക്കുവാനുമുള്ള ഒരു ശ്രമമാണ് 'സ്നേഹാക്ഷരങ്ങള്‍.'

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും സുമനസ്കരായ ആളുകള്‍ വാങ്ങിനല്കിയ പഠനോപകരണങ്ങള്‍, അര്‍ഹരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സമ്മാനിക്കുന്നതാണ് ആദ്യപടി. പിന്നീട് ആ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കം സ്ഥാപിക്കുകയും അവര്‍ക്ക് ഭാവിയിലും പഠനത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ് 'സ്നേഹാക്ഷരങ്ങള്‍'.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയിലൂടെയാണ് സ്നേഹാക്ഷരങ്ങള്‍ പിറന്നത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ അവരുടെ സുഹൃത്തുക്കളുടെ ഇടയിലേക്ക് അവതരിപ്പിച്ച ഈ ആശയം, വളരെ വേഗം പൊതുജനങ്ങള്‍ ഏറ്റെടുത്തു. അവര്‍ പഠനോപകരണങ്ങള്‍ വാങ്ങി നല്കുവാന്‍ തുടങ്ങി, ധാരാളം ആളുകള്‍ അവ വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിട്ടുണ്ട്.  

"സ്നേഹാക്ഷരങ്ങള്‍" നല്‍കുന്ന രീതിയിലും പ്രത്യേകതകളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചെറിയ കലാകായിക മത്സരങ്ങള്‍ നടത്തി അവയ്ക്കുള്ള സമ്മാനങ്ങളായാണ് എല്ലാവര്‍ക്കും പഠനോപകരണങ്ങള്‍ നല്‍കുന്നത്. ഓരോ ജില്ലയിലേയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ 'സ്നേഹാക്ഷര'ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. സമ്മാനപ്പൊതികളുമായി കടന്നുചെന്ന് അവരോടൊപ്പം ആടിയും പാടിയും കഥകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് അവര്‍ക്കു സമ്മാനങ്ങള്‍ നല്കുന്നു. കാരണം അലമ്പന്മാര്‍ക്കു 'സ്നേഹാക്ഷരങ്ങള്‍' അവരുടെ ഔദാര്യമല്ല, മറിച്ച് കൂടപ്പിറപ്പുകളോടുള്ള കടമയും സ്നേഹവുമാണ്. ഓരോ കുരുന്ന് ചുണ്ടിലും വിരിയുന്ന പുഞ്ചിരിയും ആ കണ്ണിലെ സന്തോഷവുമെല്ലാം അലമ്പുപയലുകള്‍ക്കു വിലമതിക്കാനാവാത്ത ആത്മസംതൃപ്തിയാണ് നല്കുന്നത്.

കടന്നുവരുന്ന ഓരോരുത്തരെയും സ്വന്തം കൂടെപ്പിറപ്പായി കാണുകയും അവര്‍ക്കുവേണ്ടി ചെയ്യുന്ന ഓരോ പ്രവൃത്തിയും സ്വന്തം കടമയായി കാണുകയും ചെയ്യുന്നു. അലമ്പുപയലുകള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖല 'സ്നേഹാക്ഷരങ്ങള്‍'ക്കുള്ളില്‍ മാത്രം ഒതുക്കുന്നില്ല. വേദനിക്കുന്ന കൂടെപ്പിറപ്പിന്‍റെ കൂടെ എന്നും അവര്‍ ഉണ്ടാകും. ചിലപ്പോള്‍ ഒരു പിടി അന്നവുമായി, അല്ലെങ്കില്‍ പുത്തനുടുപ്പുമായി, അതുമല്ലെങ്കില്‍ എപ്പോഴും തണലായി കൂടെ നില്‍ക്കുന്ന ഉത്തമ സുഹൃത്തായി. പക്ഷേ അവര്‍ ചെയ്യുന്ന ഈ പ്രവൃത്തികളെല്ലാം ഈ അലമ്പുപയലുകളില്‍ ഒതുങ്ങി നില്‍ക്കും. തങ്ങളുടെ വലംകൈ ചെയ്യുന്നത് ഇടം കൈ അറിയാതെ.

You can share this post!

രണ്ട് ജീവിതങ്ങള്‍

അങ്കിത ജോഷി
അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts