news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ജയിക്കാനായി ജനിച്ചവള്‍!

 പതിനായിരക്കണക്കിന് നിരാലംബരും നിസ്വരുമായ രാജസ്ഥാനി പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ വിമോചനത്തിലേക്കുള്ള പാതയൊരുക്കിയത് പ്രവീണ്‍ ലത സന്‍സ്ഥാന്‍ എന്ന സന്നദ്ധസംഘടനയായിരുന്നു. ആ സംഘടനയുടെ സ്ഥാപകയും അദ്ധ്യക്ഷയുമായ ഭാരതി സിംഗ് ചൗഹാന്‍ അവര്‍ക്ക് തങ്ങളെ നരകയാതനയില്‍ നിന്ന് വീണ്ടെടുത്ത 'ഭാഭിസ'യാണ്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, ബേട്ടിയോം കി സുരക്ഷ എന്ന മുദ്രാവാക്യവുമായി ഭാരതി എന്ന ഭാരതവനിത രാജസ്ഥാനില്‍ വിപ്ലത്തിന്‍റെ നവകാഹളം മുഴക്കുകയാണ്.

ജയ്പൂരില്‍ നിന്ന് ബംഗളുരുവിലേക്ക് കുടിയേറിയ, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള ഒരു കുടുംബത്തിലാണ് ഭാരതി ജനിച്ചത്. വൈകിയായിരുന്നു അവളുടെ മാതാപിതാക്കളുടെ വിവാഹം. ആദ്യത്തെ 15 കൊല്ലക്കാലം ആ ദമ്പതികള്‍ക്ക് ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. അങ്ങനെയവര്‍ ബന്ധത്തിലുള്ള ഒരു കുട്ടിയെ ദത്തെടുത്തു. അതെക്കുറിച്ച് ഭാരതി പറയുന്നു.  ആ ബന്ധുക്കള്‍ സന്തോഷത്തോടെ തങ്ങളുടെ കുട്ടിയെ അച്ഛനു നല്‍കുകയായിരുന്നു. അച്ഛന്‍റെ സമ്പത്തിലായിരുന്നു അവരുടെ നോട്ടം. പിന്നീട് ഞാനും അനുജനും പിറന്നതോടെ അവര്‍ പിണങ്ങി. ആ കുട്ടിയെ അവര്‍ വിളിച്ചുകൊണ്ടുപോയി. അച്ഛനെ കുടുംബാംഗങ്ങള്‍ ക്കിടയില്‍ നിന്ന് വല്ലാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഒന്നിരുട്ടിവെളുത്തപ്പോഴേക്കും അച്ഛന്‍ നിസ്വനായിത്തീര്‍ന്നു.

വരാനിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. ഒരപകടത്തില്‍ അവളൂടെ കുഞ്ഞനിയന്‍ അകപ്പെട്ടതോടെ ആ കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതിയാകെ തകിടം മറിഞ്ഞു. അഞ്ചുനിലക്കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ ആ ഒന്നരവയസ്സുകാരന് മാരകമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി സ്വത്തുമുഴുവന്‍ ചെലവിട്ടിട്ടും ആ അപകടം അവനെ ജീവപര്യന്തം കിടക്കയില്‍ തളച്ചു. നിത്യവൃത്തിക്കുപോലും ഗതിയില്ലാതായ ആ കുടുംബം ദുരിതക്കയത്തില്‍ നിന്ന് കരയേറാനാവാതെ നട്ടം തിരിഞ്ഞു. അന്ന് ഭാരതി നാലാം ക്ളാസ്സില്‍ പഠിക്കുകയായിരുന്നു. ആ കുടുംബം നഗരത്തിനുപുറത്തെ ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്‍റിലേക്ക് താമസം മാറി. പട്ടിണി കിടന്നിട്ടായാലും തങ്ങളുടെ മകള്‍ക്ക് മികച്ച പഠനസൗകര്യം നല്‍കണമെന്ന് ആ അമ്മയപ്പ ന്മാര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ബംഗളുരുവിലെ മെച്ചപ്പെട്ട ഒരു വിദ്യാലയത്തില്‍ത്തന്നെ അവര്‍ അവളെ പഠിപ്പിച്ചു. അങ്ങനെയിരിക്കെയാണ് ജീവിതം പിന്നെയും മാറിമറിയുന്നത്. ഭാരതി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളുടെ അച്ഛന്‍ ഒരു റോഡപകടത്തില്‍പ്പെട്ടു. അതദ്ദേഹത്തിന്‍റെ കാഴ്ച്ചശക്തിയെ ഗണ്യമായി ബാധിച്ചു. അങ്ങനെ ജീവിതം വഴിമുട്ടി നില്‍ക്കെ വിധിയുടെ വെല്ലുവിളിയെ നേരിടാന്‍ അവളുടെ നിരക്ഷരയായ അമ്മ ധൈര്യപൂര്‍വ്വം തീരുമാനിക്കുകയായിരുന്നു. ആ തെരുവില്‍ ഐസ്ക്രീം വിറ്റുകൊണ്ട് കുടുംബം പുലര്‍ത്താന്‍ അവര്‍ മുന്നിട്ടിറങ്ങി. പഠനത്തിനിടെ ഭാരതിയും ആ ദൗത്യത്തില്‍ പങ്കാളിയായി.

കൂടുതല്‍ കാലം ബംഗളുരു പോലൊരു മഹാനഗരത്തില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. സ്വന്തം നാടായ ജയ്പൂരിലേക്കുതന്നെ മടങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതൊരു വലിയ ആശ്വാസമായി. ജയ്പൂരിലെ സ്വന്തക്കാര്‍ക്കിടയില്‍ അവര്‍ ക്രമേണ ജീവിതം കരുപ്പിടിപ്പിച്ചെടുത്തു. അമ്മ സാരികളില്‍ ഫാള്‍ പിടിപ്പിക്കുന്ന പണിയെടുക്കാന്‍ തുടങ്ങി. അമ്മയെ ജോലിയില്‍ സഹായിക്കാന്‍ മകളും കൂടി. ഒരു സാരിയില്‍ ഫാള്‍ പിടിപ്പിക്കുന്നതിന് 10 രൂപ കിട്ടുമായിരുന്നു. സീമ എന്ന അയലത്തെ ചേച്ചി മൈലാഞ്ചിയിടാന്‍ പഠിപ്പിച്ചതോടെ അവള്‍ക്ക് അതുമൊരു വരുമാനമാര്‍ഗ്ഗമായി. കല്ല്യാണവീട്ടിലൊക്കെ മെഹ്ന്ദിയിട്ടുകൊടുത്താല്‍ 25 രൂപ കിട്ടിയിരുന്നു. ജോലിയില്‍ ശ്രദ്ധചെലുത്തേണ്ടിവന്നതോടെ പഠിത്തം മുടങ്ങി. ഒന്‍പതാം ക്ലാസ്സില്‍ അവള്‍ പരാജയപ്പെട്ടു. അതവള്‍ക്ക് വല്ലാതെ വിഷമമുണ്ടാക്കി. ഇനി പഠനത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ല എന്നവള്‍ തീരുമാനിച്ചു. ചില വര്‍ഷങ്ങള്‍ക്കു ശേഷം രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ അവള്‍ ബിരുദം നേടി

ഇതിനിടെ അമ്മയ്ക്ക് പക്ഷാഘാതം വന്നതോടെ അവരെയും രോഗിയായ അച്ഛനെയും ഇടയ്ക്കിടെ അപസ്മാരം വരുന്ന അനിയനെയും പുലര്‍ത്തേണ്ട ചുമതല ഭാരതിയുടെ മാത്രം ചുമലിലായി. ജോലി തേടിയലഞ്ഞൊടുവില്‍ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന വിഭാഗത്തിലാണ് അവള്‍ക്ക് ജോലി ലഭിച്ചത്.  ഒരുവിധം മെച്ചപ്പെട്ട ശമ്പളം കിട്ടിയിരുന്നെങ്കിലും എന്നെപ്പോലെ ഒരു കൗമാരക്കാരിക്ക് ഒട്ടും ഉള്‍ക്കൊള്ളാനാവുന്ന ഒരു ജോലിയായിരുന്നില്ല അത്. സഹപ്രവര്‍ത്തകന്മാരില്‍ പലരും, പലപ്പോഴും കസ്റ്റമേഴ്സും ലൈംഗികച്ചുവയോടെ സംസാരിക്കുകയും കൈയേറ്റം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട് ഭാരതി ഓര്‍മ്മിക്കുന്നു. അക്കാലത്താണ് പിന്നീട് ജീവിതസഖാവായിത്തീര്‍ന്ന ഭുവനേന്ദ്ര സിംഗ് ചൗഹാനെ അവള്‍ കണ്ടുമുട്ടുന്നത്. ഒരു രാത്രി വാഹനം കേടായി വഴിയിലകപ്പെട്ട അവളെ തിരികെ സുരക്ഷിതമായി വീട്ടിലെത്തിച്ച ആ യുവാവ് അവളുടെ ദുരിതമയമായ ജീവിതപരിസരം കണ്ട് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നുപോയി. ആ രാവിനുശേഷം പിന്നീടേറെക്കാലം അവര്‍ തമ്മില്‍ കണ്ടില്ല.

പുതിയൊരു ജോലിയിലേക്ക് അവള്‍ മാറി. ഡാറ്റബെയ്സ് അസോസിയേറ്റ്സ് എന്ന ബാങ്കിംഗ് സേവന സ്ഥാപനത്തില്‍ ലഭിച്ച ആ ജോലി അവള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. അത് അവളുടെ ആത്മവിശ്വാസത്തെ ശാക്തീകരിച്ചു. അക്കാലത്താണ് രാജസ്ഥാന്‍ പത്രിക എന്ന ദിനപ്പത്രത്തില്‍ പ്രാദേശിക കോഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. ഇന്‍റര്‍വ്യൂവിനെത്തിയവരില്‍ കമ്പ്യൂട്ടര്‍ അറിയാത്ത, എം ബി എയില്ലാത്ത ഏക ഉദ്യോഗാര്‍ഥിയായിരുന്നു അവള്‍. എങ്കിലും ആത്മവിശ്വാസത്തോടെതന്നെ അവള്‍ ആ മുഖാമുഖം നേരിട്ടു. ഒരു 15 ദിവസം എനിക്കുതരാന്‍ ഞാനെന്‍റെ ബോസിനോടാവശ്യപ്പെട്ടു. ആ പതിനഞ്ചുദിവസങ്ങള്‍ അടുത്തൊരു ഇന്‍റര്‍നെറ്റ് കഫേയില്‍ പോയിരുന്ന് വേഡും എക്സെലുമെല്ലാം പഠിച്ചെടുത്തു. പ്രസന്‍റേഷനുകള്‍ ഉണ്ടാക്കാനും അത്യാവശ്യം വേഗത്തില്‍ തന്നെ ടൈപ്പ് ചെയ്യാനും പഠിച്ചു. രാജസ്ഥാന്‍ പത്രികയിലെ ജോലിക്കാലത്താണ് ഭുവനേന്ദ്ര ചൗഹാനെ അവള്‍ വീണ്ടും കാണുന്നത്. അന്ന് ജോലിയന്വേഷിച്ചു നടക്കുകയായിരുന്ന ആ യുവാവിന് ആ പത്രസ്ഥാപനത്തില്‍ ജോലി നേടാന്‍ ഭാരതി സഹായിച്ചു. പിന്നീടവര്‍ ഉറ്റ സുഹൃത്തുക്കളായിമാറി. ചില വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതത്തിലും അവര്‍ ഒന്നിച്ചു.

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 2005 ല്‍ ഭാരതി ദൈനിക് സമാചാര്‍ എന്ന പത്രത്തില്‍ അസിസ്റ്റന്‍റ് മാനേജരായി പ്രവേശിച്ചു. വൈകാതെ അന്ന് ഹച്ച് എന്നു പേരുള്ള ഇന്നത്തെ വോഡഫോണ്‍ കമ്പനിയില്‍ ജോലി നേടി. 2012 ല്‍ വോഡഫോണ്‍ കമ്പനിയുടെ വേള്‍ഡ് ഓഫ് ഡിഫറന്‍സ് പദ്ധതിയില്‍ അവള്‍ ഭാഗഭാക്കായി. മുംബൈയിലെ തെരുവുകുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാ സവും ലക്ഷ്യമിടുന്ന ഒരു സംഘടനയ്ക്കൊപ്പം ഭാരതിയും കൂട്ടുകാരും പ്രവര്‍ത്തിക്കാനിറങ്ങി. അവിടെ അവള്‍ തന്‍റെ പാത കണ്ടെത്തുകയായിരുന്നു. ആരോരുമില്ലാത്ത ആ കുട്ടികള്‍ക്കിടയില്‍ അവള്‍ സ്നേഹനിധിയായ ദീദി'യായി.. അവര്‍ക്കൊപ്പം ബലൂണ്‍ വില്‍ക്കാനും ചേരിയിലെ വഴിയോരക്കടയില്‍ നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ അവളും കൂടി. നാട്ടില്‍ തിരികെയെത്തിയ ഭാരതി മറ്റൊരാളായിരുന്നു.

അക്കൊല്ലം തന്നെ, മൂന്നുമാസത്തിനുള്ളില്‍, എന്തിനുമേതിനും അവള്‍ക്ക് സര്‍വ്വാത്മനാ പിന്തുണ നല്‍കിയിരുന്ന അമ്മയും അമ്മായിയമ്മയും നഷ്ടപ്പെട്ടത് അവളെ അക്ഷരാര്‍ഥത്തില്‍ സങ്കടക്കയത്തിലാക്കി. വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ അവളെ തിരികെ ജീവിതത്തിലേക്ക് നയിക്കാന്‍ നല്ലപാതി, ഭുവനേന്ദ്ര ചൗഹാന്‍ തന്‍റെ ജോലിയു പേക്ഷിച്ച് കൂടെയിരുന്ന് ശുശ്രൂഷിച്ചു. ക്രമേണ അവള്‍ സ്വാഭാവികജീവിതത്തിലേക്ക് മടങ്ങിയെത്തി. പാവപ്പെട്ടവര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് തനിക്ക് സന്തോഷം പകരാനാവു ന്നതെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെ ജയ്പൂരിലെ നിരാശ്രയരും ദരിദ്രരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ അവള്‍ മുഴുകി.

ഭാരതി തന്‍റെ വഴിത്തിരിവ് ഇങ്ങനെ ഓര്‍ത്തെടുക്കുന്നു. അക്കാലത്തൊരു നാള്‍ ഒരു പെണ്‍കുട്ടി കുടുംബാംഗത്തില്‍ നിന്ന് താന്‍ നേരിട്ട ലൈംഗികാക്രമണത്തെപ്പറ്റി എന്നോട് പറഞ്ഞു. എന്തുചെയ്യണമെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഞാനവളെ ധൈര്യപ്പെടുത്തി. ശക്തമായി പ്രതികരിക്കാനും പൊരുതാനും ഉപദേശിച്ചു. അവളങ്ങനെ ചെയ്തു. ഒടുവില്‍ ആ ബന്ധുവിനെ അവളുടെ അച്ഛന്‍ വീട്ടില്‍നിന്ന് തല്ലിപ്പുറത്താക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ്, നമ്മുടെ നാട്ടിലെ കുടുംബങ്ങള്‍ക്കുള്ളില്‍ ലൈംഗിക പീഡനങ്ങള്‍ എത്രമാത്രം സര്‍വ്വസാധാരണ മാണെന്ന് എനിക്കു മനസ്സിലാവുന്നത്.

വൈകാതെ മിഷന്‍ ജാഗ്രതി എന്ന കര്‍മ്മ പദ്ധതിയുമായി ഭാരതി ജനമധ്യത്തിലേക്കിറങ്ങി. സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ച് പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികപീഡ നങ്ങളെപ്പറ്റിയും ചൂഷണങ്ങളെപ്പറ്റിയും അവയെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നുമൊക്കെ പ്രബോധിപ്പിച്ചു. അവര്‍ക്കായി ക്ലാസ്സുകളും കൗണ്‍സലിംഗുകളും സംഘടിപ്പിച്ചു. 17000ലേറെ പെണ്‍കുട്ടികള്‍ ഈ പരിപാടികളുടെ ഭാഗമായി. ഈ കുട്ടികളോട് ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ചും അവള്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ, എന്നും തനിക്ക് പ്രചോദനമേകിയ അമ്മയുടെയും അമ്മായിയമ്മയുടെയും പേരുകള്‍ യോജിപ്പിച്ച് പ്രവീണ്‍ ലത സന്‍സ്ഥാന്‍ എന്ന സന്നദ്ധസംഘടന രൂപം കൊണ്ടു. ജയ്പൂരിലെ തന്‍റെ വീടിന്‍റെ താഴത്തെ നിലയില്‍ നൂറോളം അശരണരും ദരിദ്രരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാനാരംഭിച്ചു, അവര്‍. ഇവിടെ എല്ലാം സന്നദ്ധപ്രവര്‍ത്തനമാണ്. അവര്‍ പറയുന്നു,  എല്ലാവര്‍ക്കും ഞങ്ങളുടെ ഫെയ്സ്ബുക് പേജ് വഴി സമാഹരിക്കുന്ന സാനിട്ടറി നാപ്കിനുകള്‍ നല്‍കുന്നു. ഇവരെ പഠിപ്പിക്കുന്ന വരും പരിശീലിപ്പിക്കുന്നവരും ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ല. ഈ സംരംഭം കൂടുതല്‍ വിശാലമാക്കുവാനുള്ള ഉദ്യമത്തിലാണ് ഞങ്ങള്‍...

ഇപ്പോള്‍, ഇന്ത്യന്‍ സമൂഹത്തില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് പുരുഷന്മാരുടെ സജീവമായ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള റെസ്പെക്ട് ഷി എന്ന പുതിയ കര്‍മ്മ പദ്ധതിയു മായി മുന്നോട്ട് വരികയാണ് ഭാരതിയും ഭര്‍ത്താവ് ഭുവനേന്ദ്രയും. നൂറുകണക്കിന് യുവാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഈ കര്‍മ്മപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ വനിതകള്‍ ഇത്രയേറെ ദുരിത മനുഭവിക്കുന്നതിന്‍റെ മൂലകാരണമെന്ത് എന്ന ചോദ്യത്തിനു മറുപടിയായി ഭാരതി ഇങ്ങനെ മറുപടി നല്‍കുന്നു, വിദ്യാഭ്യാസത്തിന്‍റെ കുറവും അമ്മമാരുടെ ശീലിപ്പിക്കലുമാണ് പ്രശ്നം. നമ്മളെല്ലാരോടും പറയാറുണ്ട് ഒരിക്കലും ആണ്‍ പെണ്‍ വേര്‍തിരിവു കാട്ടരുതെന്ന്. എന്നാല്‍ പക്ഷഭേദവും വേര്‍തിരിവുമൊക്കെ വീടിനുള്ളില്‍ത്തന്നെയാണ് തുടങ്ങുന്നത്. ഗ്രാമീണമേഖലയില്‍ മാത്രമല്ല നഗരങ്ങളിലും അങ്ങനെതന്നെയാണ്. അമ്മമാരാണ് ആണ്‍മക്കളെയും പെണ്‍മക്കളെയും തമ്മില്‍ വല്ലാത്ത വേര്‍തിരിവുകാട്ടുന്നത്. അവര്‍ പെണ്‍മക്കളെ വീട്ടുജോലിയൊക്കെ പരിശീലി പ്പിക്കും, ആണ്‍മക്കളെ ഭക്ഷണം വാരിക്കൊടുത്ത് വഷളാക്കുകയും ചെയ്യും. നമ്മുടെ ഒരു സംസ്കാര മനുസരിച്ച് മുതിര്‍ന്നവരാണല്ലോ ജീവിതമൂല്യങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക. അതു കൊണ്ട് അവിടെത്തന്നെ വേണം തിരുത്തലുകളു ണ്ടാകാന്‍. വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ പെണ്‍കുട്ടികള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാനുള്ള കെല്‍പ്പുണ്ടാവൂ എന്ന് ഞാന്‍ കരുതുന്നു..ڈ

ത്യാഗോജ്വലവും പ്രകാശഭരിതവുമായ സേവനത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ ഭാരതിയെത്തേടിയെത്തിയിട്ടുണ്ട്. ദേശീയ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ വുമണ്‍ അച്ചീവര്‍ ബഹുമതി, വോഡഫോണ്‍ കമ്പനി നല്‍കുന്ന പരമോന്നത ബഹുമതിയായ വുമണ്‍ ഇന്‍ റെഡ്, മിഷേല്‍ ഒബാമ ഫൗണ്ടേഷന്‍റെ ഇന്‍റര്‍നാഷണല്‍ ഗേള്‍ റൈസിംഗ് കാമ്പെയ്ന്‍ന്‍റെ അംബാസഡര്‍ പദവി എന്നിവ അവയില്‍ ചിലതുമാത്രം.

ജീവിതസഖാവിനൊപ്പം തന്‍റെ കര്‍മ്മപഥത്തില്‍ ഭാരതിയുടെ യാത്ര തുടരുന്നു. ജീവിതായോധനത്തിന്‍റെ സ്വേദകാണ്ഡം താണ്ടിയെത്തിയ ഈ വനിത ഇന്ന് തന്‍റെ ജീവിതം കൊണ്ട് ലോകത്തിനുമുന്നില്‍ ഇച്ഛാശക്തിയുടെ മറ്റൊരു നേര്‍രേഖയാവുകയാണ്.

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ഇടറാതെ...കാലിടറാതെ!

വിപിന്‍ വില്‍ഫ്രഡ്
Related Posts