news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫരിസേയനും ക്രൈസ്തവനും

 അതിനുശേഷം എളിമയുടെ പൂര്‍ണതയില്‍ ആ വിശുദ്ധ സ്നേഹിതന്‍ കുഷ്ഠരോഗികളിലേക്ക് ഇറങ്ങിച്ചെന്നു. അവരോടൊപ്പം ജീവിച്ചു; ദൈവത്തിനുവേണ്ടി അവരെ സേവിച്ചു. ഒസ്യത്തില്‍ അവന്‍ പറയുംപോലെ -പാപത്തിലായിരുന്നപ്പോള്‍ കുഷ്ഠരോഗികളെ കാണുന്നതുപോലും എനിക്കു വെറുപ്പായിരുന്നു. എന്നാല്‍ ദൈവം എന്നെ അവരിലേക്ക് നയിച്ചു. ഞാന്‍ അവരില്‍ നിന്ന് കാരുണ്യം അഭ്യസിച്ചു.  ഒരു കാലത്ത് ഫ്രാന്‍സിസിന് കുഷ്ഠരോഗികളെ കാണുകയെന്നത് അത്ര അരോചകമായിരുന്നു. പൊങ്ങച്ചത്തത്തിന്‍റെ ആ നാളുകളില്‍ അവരുടെ കുടിലുകളുടെ ഏഴയലത്തേക്കുപോലും അവന്‍ എത്തിനോക്കിയിരുന്നില്ല. അവരെ കാണുമ്പോള്‍ അവന്‍ മൂക്കു പൊത്തിപ്പിടിച്ചു. ഇന്നോ.... ഒരു ദിവസം അവന്‍ ഒരു കുഷ്ഠരോഗിയെ കണ്ടുമുട്ടി. മനസ്സിനെ ബലപ്പെടുത്തി, അവന്‍ ആ കുഷ്ഠരോഗിയെ ചുംബിച്ചു." (1 സെലാനോ 17)

ഒരൊറ്റ പിതാവിന്‍റെ മക്കളായ നാം ഉടപ്പിറന്നവരാണ് എന്ന തിരിച്ചറിവാണ് മാനസാന്തരം. അരാജഗായകനായി, തോന്ന്യാസികളായ യുവാക്കളുടെ നേതാവായി, യൗവ്വനം ആഘോഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് ഒരു അസുഖകാലത്ത് ഒരു പ്രതിസന്ധിയെ അഭിമൂഖീകരിച്ചു. അവന്‍ ആത്മാവില്‍ അസംതൃപ്തനായി. അവന്‍ അവനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. അതിനുശേഷം അവന്‍ "ദരിദ്രരോട് പ്രത്യേക അടുപ്പവും അനുകമ്പയും സഹാനുഭൂതിയും" കാണിച്ചു തുടങ്ങി.

പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുന്തോറും (ഒരു പ്രഭുവാകുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള  തിരിച്ചടി ഉള്‍പ്പടെ) "ഇല്ലാത്തവരോടുള്ള കാരുണ്യം" അവന്‍റെയുള്ളില്‍ വര്‍ദ്ധിച്ചു വന്നതായി ജീവചരിത്രകാരന്മാര്‍ പറയുന്നു. പിതാവിന്‍റെ അസാന്നിധ്യത്തില്‍ കടയിലെ മേശമേല്‍ അവന്‍ ദരിദ്രര്‍ക്കായി അപ്പം വാങ്ങി നിറച്ചു. ഒരവസരത്തില്‍ ഫോളിഗ്നോയിലെ ചന്തയിലെ കച്ചവടത്തില്‍ നിന്നു കിട്ടിയ പണമത്രയും സാന്‍ദാമിയാനോ പള്ളിയിലെ ദരിദ്രപുരോഹിതന് ദാനം ചെയ്തു.

ഫ്രാന്‍സിസിന്‍റെ വ്യക്തിജീവിതത്തിലെ സന്ദിഗ്ദ്ധത മൂര്‍ച്ഛിച്ചു. കച്ചവടത്തില്‍ താല്‍പര്യം കുറഞ്ഞു. ഒടുവില്‍ മെത്രാനു മുന്നില്‍ പിതാവുമായുള്ള ബന്ധം വിച്ഛേദിച്ചു. തുണി വിറ്റ് കിട്ടിയ പണം പിതാവ് മടക്കി ആവശ്യപ്പെട്ടു. ഉടുതുണി അഴിച്ചുനല്കി ഫ്രാന്‍സിസ് പൂര്‍ണനഗ്നനായി. മെത്രാനില്‍ നിന്ന് ഭിക്ഷ യാചിച്ച് ദാരിദ്ര്യജീവിതം തുടങ്ങി. അന്നു മുതല്‍ ഫ്രാന്‍സിസ് "കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ചു." അവന്‍ അവരുടെ വ്രണങ്ങള്‍ വച്ചുകെട്ടി. ഭിക്ഷയെടുത്ത് ആഹാരം നല്കി. അകമഴിഞ്ഞ ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. അവന്‍ സ്വന്തം ലോകത്തെ പരിത്യജിച്ചു. പാവപ്പെട്ടവന്‍റെ ലോകത്തെ പരിണയിച്ചു. അത് ദരിദ്രരുമായുള്ള താദാത്മ്യമായിരുന്നു.

ഒരു ദിവസം പോര്‍സ്യുങ്കുലായിലെ ചെറിയ ദേവാലയത്തില്‍ അവന്‍ സുവിശേഷം ശ്രവിക്കുകയായിരുന്നു. ലോകത്തെ സുവിശേഷം അറിയിക്കാന്‍ യേശു ശിഷ്യരെ അയയ്ക്കുന്ന ഭാഗം അവന്‍ വായിച്ചു കേട്ടു. (മത്താ. 10:7, മര്‍ക്കോസ് 8:9, ലൂക്കാ 9:1-6).

സ്വര്‍ണവും വെള്ളിയും കയ്യില്‍ കരുതാതെ, മടിശീലയില്ലാതെ, ഭക്ഷണം കൂടാതെ, ഭാണ്ഡമോ ചെരിപ്പോ കരുതാതെ, മാറ്റാന്‍ വസ്ത്രം ഇല്ലാതെ, യേശുവിന്‍റെ വാക്കുകള്‍ മാത്രം മൂലധനമാക്കി ശിഷ്യര്‍ ലോകത്തിലേക്കിറങ്ങുന്നു. ആ സന്ദേശം തനിക്കുള്ളതാണെന്ന് ഫ്രാന്‍സിസിന്‍റെ അന്തരംഗം അറിഞ്ഞു. അവന്‍ പറഞ്ഞു, "ഇതാണ് ഞാന്‍ ആഗ്രഹിച്ചത്. പൂര്‍ണഹൃദയത്തോടെ ഞാന്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിച്ച കര്‍മ്മമണ്ഡലം ഇതായിരുന്നു."

"പാവങ്ങളുടെ പിതാവ,് ദരിദ്രനും എളിയവനുമായ ഫ്രാന്‍സിസ് എല്ലാ ദരിദ്രരുമായി താദാത്മ്യപ്പെട്ടു. അവനേക്കാള്‍ ദരിദ്രരായി ആരെയെങ്കിലും കാണുന്നത് അവന് അസഹ്യമായി. അത് വെറും പ്രകടനമായിരുന്നില്ല. അഗാധമായ സഹാനുഭൂതിയായിരുന്നു. അവന്‍ ധരിച്ചിരുന്ന, ജീര്‍ണിച്ച പിഞ്ഞിക്കീറിയ ഉടുപ്പുപോലും അവന്‍ ദരിദ്രര്‍ക്കായി പങ്കിട്ടു."

"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും അവന്‍റെ കൃപയാല്‍ നമ്മെ പ്രതി ദരിദ്രനായി. തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകുന്നതിനു വേണ്ടിത്തന്നെ. (ഫിലി. 2, 6-8) ഫ്രാന്‍സിസും അവന്‍റെ പദവിയെ താഴേത്തട്ടിലേയ്ക്ക് പ്രതിഷ്ഠിച്ചു. അവന്‍ ധനികപദവി വിട്ട് ദരിദ്രപദവിയുമായി താദാത്മ്യപ്പെട്ട് അതിനെ നിര്‍വചിച്ചു. ആരാധ്യമാംവിധം ക്രിസ്തു സന്നിഹിതരായിരിക്കുന്ന കുഷ്ഠരോഗികള്‍ക്ക് അവന്‍ മുന്തിയ പരിഗണന നല്കി. "ക്രിസ്തുവില്‍ എന്‍റെ സഹോദരര്‍" എന്ന് അരുമയോടെ അവരെ വിശേഷിപ്പിച്ചു. അവരില്‍ നിന്ന് അവന്‍ സ്വന്തം ജീവിതത്തിന്‍റെ, ദൈവത്തിന്‍റെ, ക്രിസ്തുവിന്‍റെ, സാഹോദര്യത്തിന്‍റെ അര്‍ത്ഥം കണ്ടെത്തി.

ദാരിദ്ര്യത്തെക്കുറിച്ചു പറയുമ്പോഴും ക്രിസ്തുവിനെ വഴികാട്ടിയായി ചൂണ്ടിക്കാണിക്കുമ്പോഴും അവന്‍ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം ഇരുപതാം വാക്യം ഉദ്ധരിച്ചു: "കുറുനരികള്‍ക്ക് മാളമുണ്ട്, ആകാശത്തിലെ പറവകള്‍ക്ക് കൂടുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണില്‍ ഇടമില്ല."

ഒന്നുമില്ലാത്തവര്‍ക്കൊപ്പവും അവരുടെ കൂടെയുമാണ് ദൈവമെന്ന് ഗുരുവചനം. ഗുരുവിനെ പിന്തുടര്‍ന്ന് അസ്സീസിയിലെ ഫ്രാന്‍സിസ് പണക്കാരില്‍ നിന്ന് പാവപ്പെട്ടവരിലേക്ക് പരിവര്‍ത്തനം ചെയ്തു. പക്ഷേ ആ മാതൃകകള്‍ പാവപ്പെട്ടവരെ, പാവപ്പെട്ടവരായി നിലനിര്‍ത്താനുള്ള ന്യായവാദമായി വ്യാഖ്യാനിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഏവരും ഏകോദരസ്നേഹിതരെന്നും ഏവരും പരസ്പരം സ്നേഹിക്കുവിന്‍ എന്നും അരുളിച്ചെയ്തവന്‍ ഏവരും തുല്യരെന്ന സന്ദേശമാണ് നല്കിയത്. ലാസറിനെ ധനവാന്‍റെ മേശയിലെ വിരുന്നുകാരനാക്കുകയല്ല ക്രൈസ്തവധര്‍മം. ധനവാന്‍ അതിനാല്‍ മാത്രം നരകത്തിന് അര്‍ഹന്‍ എന്ന ഗുരുമൊഴിയുടെ പൊരുള്‍ ധനം അതിനാല്‍ മാത്രം തിന്മ എന്നത്രേ.


ദൈവദത്തമായ വിഭവങ്ങള്‍ അതിനാല്‍ത്തന്നെ ആര്‍ക്കും സ്വന്തമല്ലെന്നും അത് ആവശ്യാനുസരണം ഏവര്‍ക്കും പങ്കിടുകയാണ് നീതി എന്നും ഗുരു ഒന്നിലേറെ തവണ വ്യക്തമാക്കിയിട്ടുണ്ട്. അധാര്‍മികമായി ആര്‍ജിച്ച സ്വത്തിനു ദശാംശത്താലും ദാനധര്‍മത്താലും നീതികരണം കണ്ടെത്തുന്നത് ഫരിസേയന്‍റെ മാര്‍ഗമത്രേ. സ്വത്തു സ്വയം കൈയൊഴിഞ്ഞു സഹോദരര്‍ക്കു തുല്യമാകുന്നവനേ ക്രൈസ്തവന്‍ എന്നു വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ എന്നതിന്‍റെ ജീവിക്കുന്ന ഉദാഹരണമത്രേ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്.
(കടപ്പാട്: ലെയനാര്‍ഡോ ബോഫിന്‍റെ വിശുദ്ധ ഫ്രാന്‍സിസ്: മാനവ വിമോചനത്തിന്‍റെ മഹാമാതൃക)

You can share this post!

ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കിയ ദൈവാനുഭവം

ഫാ. ചെറിയാന്‍ പാലൂക്കുന്നേല്‍ കപ്പൂച്ചിന്‍
അടുത്ത രചന

വിശ്വസാഹോദര്യത്തിന്‍റെ അന്യാദൃശമായ ഒരു മാനം

ചെറിയാന്‍ പാലൂക്കുന്നേല്‍
Related Posts