news-details
ഇടിയും മിന്നലും

കടുവായെപിടിച്ച കിടുവാ

 ഗുണദോഷിച്ചു നന്നാക്കാന്‍വേണ്ടി മക്കളെയുംകൊണ്ടു മാതാപിതാക്കളു വരുന്നതു പതിവാണ്. മക്കള്‍ക്കു പറയാനുള്ളതൊക്കെ കേട്ടുകഴിയുമ്പോള്‍ വാസ്തവത്തില്‍ ആദ്യം നന്നാകേണ്ടത് മതാപിതാക്കളാണെന്നു പലപ്പോഴും അവരോടു പറഞ്ഞുകൊടുക്കേണ്ടിവരുമ്പോള്‍ അവര്‍ക്കതൊട്ടു പിടിക്കാറുമില്ല. ഇതിപ്പോളൊരു വല്യപ്പനാണ് നിര്‍ബ്ബന്ധം, അച്ചന്‍ കൊച്ചുമകനെക്കണ്ട് അവനെ ഒന്നുപദേശിക്കണമെന്ന്. അവന്‍ സ്വയം മനസ്സായി എന്‍റടുത്തുവന്നാല്‍ എന്നെക്കൊ ണ്ടുപറ്റുന്നതു ചെയ്യാമെന്നു പറഞ്ഞെങ്കിലും അങ്ങനെ അവന്‍ വരത്തില്ല, വല്യപ്പന്‍തന്നെ അവനെ കൂട്ടിക്കൊണ്ടു വരാമെന്നായി അപേക്ഷ. അപേക്ഷ സ്വീകരിച്ച് സമയോം നിശ്ചയിച്ചു. പക്ഷേ അന്നവരു വന്നില്ല, അങ്ങനെ രണ്ടുമൂന്നവധി പറഞ്ഞ് അവസാനം വന്നു. വല്യപ്പന്‍ എന്നെകണ്ടപ്പോളേ ഏതാണ്ടോക്കെ പറഞ്ഞു തുടങ്ങി. എനിക്കു കേള്‍ക്കേണ്ടത് അവനു പറയാനുള്ളതാണെന്നും അതുകഴിഞ്ഞുമാത്രം വേണ്ടിവന്നാല്‍ വല്യപ്പനോടു സംസാരിക്കാമെന്നും പറഞ്ഞു ഞാനതിനു തടയിട്ടു. മുറ്റത്തു രണ്ടുമൂന്നു പേരെ കണ്ടതുകൊണ്ട് അതില്‍ ഏതാണ് എന്‍റെ ഇര എന്നു വല്യപ്പനോടു ചോദിച്ചു. ഗേറ്റിനു പുറത്തു റോഡിലേക്കുനോക്കി മതിലുംചാരി നിന്നിരുന്ന പ്രതിയെ വല്യപ്പന്‍ ചെന്നുവിളിച്ചു. ഉറക്കംതൂങ്ങിപ്പിള്ളേരെ കുരിശുവരക്കാന്‍ വിളിക്കുമ്പം എഴുന്നേറ്റുവരുന്നപോലെ തലയും ചൊറിഞ്ഞ്  അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി, പതിയെ അവന്‍ നടക്കാന്‍ തുടങ്ങി. ചെത്തുഷൂസ്, ചന്തീടെ പകുതിക്കുതാഴെ ബല്‍റ്റുകൊണ്ട് ഉടക്കിവച്ചിരിക്കുന്ന ജീന്‍സ്, സ്പൈഡര്‍മാന്‍റെ പടമുള്ള ഷര്‍ട്ട്, ചെവിക്കകത്തൂന്നു വെരപോലെ നീണ്ടു ജീന്‍സിന്‍റെ പോക്കറ്റിലെത്തുന്ന പാട്ടു കേള്‍ക്കാനുള്ള കുഴല്, ചുളയില്ലാതെ ചകിണി മാത്രമുള്ള ചക്കത്തുണ്ടി ഉച്ചിയില്‍ കെട്ടിവച്ചമാതിരി വെട്ടിക്കൂട്ടിയ തലമുടി, ആകെയൊരു ന്യൂജെന്‍ ലുക്ക്. മുറിയില്‍ എത്തി ഇരിക്കാന്‍ പറഞ്ഞപ്പോളും കൈയ്യിലിരുന്ന സ്മാര്‍ട് ഫോണിലായിരുന്നു അവന്‍റെ കണ്ണ്. പേരു ചോദിച്ചു, പറഞ്ഞു. പഠിക്കുന്നതു ചോദിച്ചപ്പോള്‍ പ്ലസ് വണ്ണിനാണെന്നും പറഞ്ഞു. ഫോണിലേക്കു മാത്രം നോക്കിയിരുന്ന അവനു പെട്ടെന്നു വല്ലാത്ത ഒരുത്സാഹം.
"അച്ചനിവിടെ വൈഫൈ ഉണ്ടല്ലേ?"

"അച്ചന്മാരു കല്യാണം കഴിക്കുകേലെന്നു നിനക്കറിയാന്മേലേ, പിന്നെങ്ങനാ എനിക്കിവിടെ വൈഫുണ്ടാകുന്നത്?" ഞാനൊന്നു മണ്ടന്‍കളിച്ചു. അവനു ചിരിവന്നെങ്കിലും ഞാന്‍ ചിരിച്ചുമില്ല.

"വൈഫുണ്ടോന്നല്ല, വൈഫൈയുടെ കാര്യമാ ഞാന്‍ പറഞ്ഞത്, നെറ്റ് കണക്ഷന്‍. ഇവിടെ വൈഫൈ ഉണ്ടെന്നു ഫോണില്‍ കാണിക്കുന്നുണ്ടല്ലോ."
"ആ, എനിക്കെങ്ങുമറിയത്തില്ല. ഇവിടെ വന്നവരെങ്ങാനും മറന്നുവച്ചിട്ടു പോയതുവല്ലോമായിരിക്കും." ഞാന്‍ പിന്നെയും പൊട്ടന്‍കളിച്ചപ്പോള്‍ അവനല്‍പം കണ്‍ഫ്യൂഷന്‍.

"അച്ചനന്നേരം വാട്സാപ്പൊന്നുമില്ലേ?"

"എന്‍റെമോനേ, ദൈവാനുഗ്രഹംകൊണ്ട് അല്പം വാതത്തിന്‍റെ പ്രശ്നമൊഴിച്ചാല്‍ വേറെ ആപ്പുകളൊ ന്നുമിതുവരെയില്ല." ഞാനത്ര മണ്ടനാണോ അതോ മണ്ടന്‍കളിക്കുകാണോന്ന് അവനു സംശയം തോന്നിക്കാണും. കാരണം അല്പം ആലോചിച്ചിരു ന്നിട്ടാണ് അവന്‍ സ്വന്തംനിലയില്‍ വിശദീകരണം തുടങ്ങിയത്.

"ഞങ്ങടെ പള്ളീലെ വികാരിയച്ചനാ ആദ്യം ഞങ്ങളെ അച്ചന്‍റെ ഫോണില്‍ വാട്സാപ്പുകാണിച്ചു പഠിപ്പിച്ചുതന്നത്. പത്താംക്ലാസ്സു കഴിഞ്ഞു പിന്നെ വേദപാഠത്തിനു ചെല്ലാത്തതുകൊണ്ട് വാട്സാപ്പു കാണാന്‍ അച്ചന്‍റെ ഫോണ്‍ തരത്തില്ല. വേണേല്‍ വീട്ടില്‍ചെന്നുപറഞ്ഞ് സ്വന്തമായിട്ടു ഫോണ്‍ വാങ്ങിക്കാന്‍ പറഞ്ഞു."

"അപ്പോള്‍ വേദപാഠത്തിനു പോക്കു നിര്‍ത്തി. പള്ളീപ്പോക്കോ?"

"വാട്സാപ്പുകാണാനാ പള്ളീപ്പോയിരുന്നത്. അച്ചനതു നിര്‍ത്തിയതുകൊണ്ടു ഫ്രണ്ട്സെല്ലാം കൂടെ കൂടുന്നുണ്ടെങ്കില്‍മാത്രം ഞങ്ങളു ചുമ്മാ പോകും. ഇതെല്ലാം കളിപ്പീരാണെന്നാ ഫ്രണ്ട്സെല്ലാം പറയുന്നത്. ജീസസ് ക്രൈസ്റ്റും കല്യാണംകഴിക്കാതെ മഗ്ദലനാമറിയത്തിനെ കൂടെതാമസിപ്പിക്കുന്നുണ്ടായിരുന്നെന്നാ ഫ്രണ്ട്സൊക്കെപ്പറയുന്നത്. അതു വേദപാഠ ക്ലാസ്സില്‍ ചോദിച്ചതിനു സിസ്റ്ററു ഞങ്ങളെ അപ്പന്മാരെ വിളിച്ചോണ്ടുവരാതെ ക്ലാസ്സിലിരുത്തുകേലെന്നു പറഞ്ഞിറക്കിവിട്ടു. അപ്പനോടു പറഞ്ഞപ്പം അപ്പനു വേറെ പണിയുണ്ടെന്നു പറഞ്ഞു. അതുകൊണ്ടു ഞങ്ങളുപിന്നെ വേദപാഠം നിര്‍ത്തി."

ഞാന്‍ കണക്കുകൂട്ടിയതിനെക്കാളുമൊക്കെ എന്‍റെ കൈയ്യിലൊതുങ്ങാത്ത കേസുകെട്ടാണു മുന്നിലിരിക്കുന്നതെന്നു മനസ്സിലായി. ആരുടെയൊക്കെയോ വല്ലാത്ത സ്വാധീനത്തിലാണ് അവനും അവന്‍റെ കൂട്ടുകാരും ചെന്നുപെട്ടിരിക്കുന്നതെന്നും ഉറപ്പായിരുന്നു. ഞാന്‍ വേഗം വിഷയംമാറ്റി.

"നിനക്ക് വയറ്റിലസുഖം വല്ലോമുണ്ടോ, പ്രത്യേകിച്ച് ഒഴിച്ചിലോ അങ്ങനെ വല്ലോം?"
"വായില്‍ ചെലപ്പളൊക്കെ കുരുവരുന്ന അസുഖമുണ്ട്, അതിനു ഹോമിയോ കഴിക്കുന്നുണ്ട്."

"അതു നല്ലപോലെ വെള്ളംകുടിച്ചാലും മാറിക്കോളും. ഞാന്‍ ചോദിച്ചത് അതല്ല, നിന്‍റെ വയറിന്‍റെ കാര്യമാ. പണ്ടൊക്കെ വള്ളിനിക്കറെന്നും പറഞ്ഞ് ഒരു സൂത്രമുണ്ടായിരുന്നു. നീ കണ്ടിട്ടുണ്ടാകത്തില്ല. കണ്ടാല്‍ ഏതാണ്ട് ഇപ്പോഴത്തെ ബര്‍മൂഡപോലെയിരിക്കും. അതിനു രണ്ടു വശത്തും നീളമുള്ള വള്ളിയുണ്ടായിരുന്നു. കാലില്‍കൂടെ വലിച്ചുകേറ്റി വള്ളിരണ്ടും തോളില്‍ കൊണ്ടുപോയി ഉടക്കിയിടും. അതിട്ടാല്‍ ലൂസായിട്ടങ്ങു കെടന്നോളും. അതു സാധാരണ ഒഴിച്ചിലുപിടിച്ച പള്ളേരെയാണ് ഇടീച്ചിരുന്നത്. കാരണം ബല്‍റ്റും ബട്ടന്‍സുമൊക്കെ ഊരിവരുമ്പോഴേയ്ക്കും ബ്രേക്കുപോയെങ്കില്‍ നിക്കറിനകത്തെല്ലാം ഇച്ചീച്ചി പോകുകേലെ. ഇതാകുമ്പം തോളില്‍നിന്നും വള്ളിയൂരിയാല്‍ പൂക്കെന്നു നിക്കറുഡൗണ്‍, ലൈന്‍ ക്ലിയര്‍. നിന്‍റെയീ ചന്തീടെതാഴെ ഫിറ്റുചെയ്തിരിക്കുന്ന പാന്‍റ്സ് കണ്ടപ്പോള്‍ പഴയ വള്ളിനിക്കറിനു പകരമുള്ള വല്ല സംവിധാനോം ആയിരിക്കുമോന്നു സംശയം തോന്നി. അതുകൊണ്ടാണു വയറ്റില്‍ അസുഖം വല്ലോമുണ്ടോന്നു ചോദിച്ചത്. ഉണ്ടെങ്കിലും ഇവിടെ പ്രശ്നമില്ല കേട്ടോ, തൊട്ടടുത്തുതന്നെയാ ടോയ്ലറ്റ്." അറിയാതെ അവന്‍ പുറകുവശം തപ്പിനോക്കുന്നതു കണ്ടു. പിന്നെ മിണ്ടാതിരുന്നതുകൊണ്ട് അല്‍പംകഴിഞ്ഞു ഞാന്‍ ചോദിച്ചു:

"നിങ്ങടങ്ങോട്ടൊക്കെ കറണ്ടുകട്ടു തുടങ്ങിയോ? ഇവിടെങ്ങും ഇതുവരെ തുടങ്ങിയിട്ടില്ല."
"വല്ലപ്പോഴുമൊക്കെ കറണ്ടു പോകാറുണ്ട്, കട്ടാണോന്നറിയത്തില്ല."

"എന്തൊരു കഷ്ടം. അങ്ങനെ കറണ്ടുപോയ സമയത്തെങ്ങാണ്ടാ നീ ബാര്‍ബര്‍ഷാപ്പില്‍ പോയത്. അതുകഴിഞ്ഞെങ്കിലും കണ്ണാടീലൊന്നു നോക്കണ്ടാരുന്നോ? അവരെന്നതാ നിന്‍റെ തലേല്‍ കാണിച്ചു വച്ചിരിക്കുന്നതെന്ന്. ഇപ്പോ നിന്‍റെ തലകണ്ടാല്‍ ഒരുമാതിരി പുണ്ണുപിടിച്ചു പൂടപൊഴിഞ്ഞ പൂടപ്പട്ടീടെ മുതുകുപോലെയുണ്ട്." തപ്പിനോക്കാന്‍ കൈപൊക്കിയെങ്കിലും ഞാന്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ കൈ താഴ്ത്തി.

"ഇതൊക്കെയായാലും നേരത്തെ ചോദിക്കാന്‍ മറന്നുപോയി, നിന്‍റെ അപ്പനെന്നാ ജോലി?"
"വീട്ടില്‍ത്തന്നെയാ കൃഷിപ്പണിയാ."

"ഓ അതുശരി, ഞാനോര്‍ത്തതു വല്യ സര്‍ക്കാരുദ്യോഗസ്ഥനാണെന്നാ. കൃഷിയാണേല്‍ പത്തു പതിനഞ്ചേക്കറു സ്ഥലമൊക്കെ കാണുമായിരിക്കുമല്ലോ."

"അത്രേമൊന്നുമില്ല, മൂന്നേക്കറുണ്ടെന്നാ അപ്പാപ്പി പറയുന്നത്."
"ആരാ ഈ അപ്പാപ്പി?"

"എന്നെ ഇവിടെ കൂട്ടിക്കോണ്ടുവന്ന പാര്‍ട്ടിയില്ലേ, എന്‍റെ വല്യപ്പന്‍, ആ പുള്ളിയെ ഞാന്‍ വിളിക്കുന്നത് അപ്പാപ്പീന്നാ."

ചിരി വന്നെങ്കിലും ഞാന്‍ മസിലു പിടിച്ചു ഗൗരവത്തിലിരുന്നു.
"നിങ്ങടെ മുറ്റത്തോ പറമ്പിലോ എങ്ങാനും ഒരു പ്രത്യേക മരം ചുറ്റും വേലികെട്ടി ആരെയും അടുപ്പിക്കാതെ  അപ്പന്‍ നിര്‍ത്തിയിട്ടുണ്ടോ?"
"ഇല്ല, പറമ്പിനുചുറ്റും വേലിയുണ്ട്."

"അല്ല, ഒരു സംശയം തീര്‍ക്കാന്‍ ചോദിച്ചതാ. ഞാനോര്‍ത്തു നിങ്ങടെവീട്ടില്‍ ഈ പണം കായ്ക്കുന്ന മരം വല്ലോം കാണുമെന്ന്. മൂന്നേക്കറീന്ന് കൃഷിചെയ്ത് അപ്പനു കിട്ടുന്നതുകൊണ്ടു നിന്നെപ്പോലെ ഒരുത്തനെ പോറ്റണമെങ്കില്‍ അല്ലാതെങ്ങനാ സാധിക്കുക? രണ്ടു സ്മാര്‍ട് ഫോണും, അടിപൊളി ഡ്രസ്സും, സിലിക്കണ്‍ ഷൂസും."
അവന്‍റെ മുഖഭാവം മാറുന്നതു ഞാന്‍ ശ്രദ്ധിച്ചു.

'ഒരു ഫോണേ അപ്പന്‍തന്ന കാശുകൊണ്ടു ഞാന്‍ വാങ്ങിച്ചിട്ടുള്ളു, മറ്റത് എനിക്കെന്‍റെ ഫ്രണ്ട്സു തന്നതാ."

"ഓ അതുശരി. അപ്പോ അമ്പാനീടെയോമറ്റോ മക്കളുവല്ലോരുമായിട്ടായിരിക്കും നിനക്കുകൂട്ട്, സ്മാര്‍ട് ഫോണുംമറ്റും സമ്മാനം തരാന്‍."

"അവമ്മാരെ പോലീസു പൊക്കാതിരിക്കാന്‍ അവമ്മാരു തന്നതാ."
എവനൊരു പുലിയാണല്ലോന്നു മനസ്സിലോര്‍ത്തു. അടുത്ത എപ്പിസോഡെന്തായിരിക്കും പോലും! ഏതായാലും അവനെക്കൊണ്ടു പരമാവധി പറയിപ്പിക്കണമെന്നൊരു പൂതിതോന്നി. വൈഫൈയുടെ പാസ്സ്വേഡു കൊടുത്തു വശത്താക്കി, നയത്തിനു സംസാരിച്ച് ആ ചരിത്രവും അവനെ ക്കൊണ്ടു പറയിപ്പിച്ചു. നല്ല ഉയരമുള്ളതുകാരണം ക്ലാസ്സിലെ ഏറ്റവും പിന്‍ബഞ്ചിലാണിവന്‍റെ സീറ്റ്. തൊട്ടടുത്തിരിക്കുന്നത് വല്ലപ്പോഴും കഞ്ചാവൊക്കെ വലിക്കാറുള്ള രണ്ടുപേരാണ്. ഒരുദിവസം പ്രിന്‍സിപ്പല്‍ ക്ലാസ്സില്‍വന്ന് അതില്‍ ഒരാളെ വിളിച്ചോണ്ടുപോയി. അല്പംകഴിഞ്ഞ് അറ്റന്‍ഡര്‍ വന്ന് അവന്‍റെ ബാഗും എടുത്തോണ്ടുപോയി. ആ സമയത്ത് അടുത്തിരുന്ന മറ്റവന്‍ ഇവന്‍റെ പോക്കറ്റില്‍ എന്തോ തിരുകിവച്ചിട്ട് ഉച്ചവരെ അതു സൂക്ഷിക്കുകാണെങ്കില്‍ അവന്‍റെ ഫോണ്‍ ഇവനു കൊടുത്തേക്കാമെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ വീണ്ടുംവന്ന് മറ്റവനെയും വിളിച്ച് അവന്‍റെയും ബാഗുമെടുത്തോണ്ടു പോയി. കുട്ടികളെത്തി വലിഞ്ഞു നോക്കിയിട്ട് മുറ്റത്ത് പോലീസുവണ്ടി കിടപ്പുണ്ടെന്നു പറഞ്ഞു. ഇന്‍റര്‍വല്ലിനു വിട്ടപ്പോള്‍ ഇവന്‍ പോക്കറ്റിലെ പൊതി അഴിച്ചുനോക്കി. അതൊരു സ്വര്‍ണ്ണവളയായിരുന്നു. അവന്മാരു കഞ്ചാവു വാങ്ങാന്‍  കാശിനുവേണ്ടി എവിടുന്നോ അടിച്ചുമാറ്റിയതാണെന്ന് അവനു മനസ്സിലായി. രക്ഷപെടാനാണ് അവന്മാര് അതവന്‍റെ പോക്കറ്റിലിട്ടതെന്നും അവനുറപ്പായി. കൈയ്യിലിരുന്നാല്‍ അപകടമാണെന്ന് അവനു തോന്നിയതുകൊണ്ട് അവന്‍ ബുദ്ധിപൂര്‍വ്വം നീങ്ങി. അവനതു സ്കൂളിന്‍റെ പുറകിലെ ഭിത്തിയിലെ ഒരു പൊത്തില്‍ അതു തിരുകിക്കയറ്റിവച്ചു. അടുത്ത പീര്യഡു പകുതിയായപ്പോള്‍ മറ്റവരു രണ്ടും ബാഗുകളുമായിട്ടു തിരച്ചെത്തി. ക്ലാസ്സിനിടയില്‍, ഒളിപ്പിച്ച സ്ഥലമൊഴികെയുള്ള കാര്യങ്ങള്‍ ഇവന്‍ അവരോടു പറഞ്ഞു. ക്ലാസ്സില്‍വച്ചുതന്നെ സിം ഊരിയെടുത്തിട്ട് ഫോണ്‍ ഇവന്‍റെ കൈയ്യില്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ ഒളിപ്പിച്ച സ്ഥലവും ഇവന്‍ പറഞ്ഞുകൊടുത്തു. വീട്ടില്‍ കാണിക്കാതെ ഇവന്‍ ഫോണ്‍ ഒളിപ്പിച്ചു. എന്നിട്ട് ഫോണ്‍ വാങ്ങിച്ചു കൊടുക്കണമെന്നും പറഞ്ഞു വീട്ടില്‍ വഴക്കിട്ടു. കാശില്ലെന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ ഒരാഴ്ചക്കകം ഫോണ്‍ വാങ്ങാന്‍ അപ്പന്‍ കാശു കൊടുത്തില്ലെങ്കില്‍ പണ്ടത്തെപ്പോലെ അവന്‍തന്നെ കാശുണ്ടാക്കുമെന്നവന്‍ തീര്‍ത്തുപറഞ്ഞു. നാലുദിവസം കഴിഞ്ഞപ്പോള്‍ അപ്പന്‍ കാശുണ്ടാക്കിക്കൊടുത്തു. അവന്‍ ഫോണുംവാങ്ങി. പണ്ടത്തെപ്പോലെ കാശുണ്ടാക്കുമെന്നു പറഞ്ഞത് എന്താണെന്നു ഞാന്‍ ചോദിച്ചപ്പോള്‍ മടിച്ചിട്ടാണെങ്കിലും അവന്‍ സത്യംപറഞ്ഞു. മറ്റെ കൂട്ടുകാരു രണ്ടും പോലീസിന്‍റെ നോട്ടപ്പുള്ളികളായിരുന്നു. അതുകൊണ്ടു കടക്കാരന്‍ അവര്‍ക്കു നേരിട്ടു കഞ്ചാവു കൊടുക്കില്ലായിരുന്നു. അതുകൊണ്ട് ഇവനെ അവര് ഇടക്കാരനാക്കി. കടക്കാരനും കൂട്ടുകാരും അവനു കാശു കൊടുത്തിരുന്നതുകൊണ്ട് അഞ്ചാറു പ്രാവശ്യം കഞ്ചാവു കൈമാറിയപ്പോള്‍ത്തന്നെ അവന് പത്തഞ്ഞൂറുരൂപാ കിട്ടി. ഒരു ദിവസം മഫ്ത്തിപോലീസ് വഴിയില്‍വച്ച് അവനെ സാധനത്തോടെ പിടികൂടി. അപ്പനെ സ്റ്റേഷനില്‍ വിളിപ്പിച്ച് എഴുതിവപ്പിച്ചിട്ടാണു വിട്ടത്. ഈ പ്രായത്തിനിടയില്‍ ഇത്രയുമൊക്കെ കാട്ടിക്കൂട്ടിയ ഇവനു നല്ലൊന്നാന്തരം രാഷ്ട്രീയഭാവി ഉണ്ടല്ലോന്നു മനസ്സിലോര്‍ത്തു.

"എന്നാലും പ്ലസ് വണ്ണിനു പഠിക്കുന്ന നിനക്ക് ഇത്രേം മുന്തിയ ഫോണിന്‍റെ ആവശ്യമുണ്ടാരുന്നോ? നീ പേടിപ്പിച്ച കാരണം നിന്‍റപ്പന്‍ എത്ര വിഷമിച്ചായിരിക്കും അത്രേം പൈസയുണ്ടാക്കി യതെന്നു നീ ചിന്തിച്ചോ? നിങ്ങളു മക്കള്‍ക്കുവേണ്ടി അപ്പന്മാരെന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് നീയും കൂട്ടുകാരും എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ?"

"ഇതൊക്കെ അപ്പാപ്പി ദിവസോം പറയുന്നകേട്ടു ഞാന്‍ മടുത്തിരിക്കുവാ. എന്നോടിനീം അങ്ങനത്തെ വര്‍ത്തമാനം പറഞ്ഞേക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടുള്ളതാ. സ്കൂളില്‍ ചെല്ലുമ്പം ഫ്രണ്ട്സും പറയും അവരും വീട്ടില്‍ചെന്നു  പൈസാ ചോദിച്ചാലുടനെ ഇതുതന്നെയാ പറച്ചിലെന്ന്. ചോദിക്കുമ്പോളൊക്കെ തരാന്‍ പറ്റത്തില്ല. കഷ്ടപ്പെട്ടാ പൈസാ ഉണ്ടാക്കുന്നതെന്ന്. എന്നാപ്പിന്നെ മക്കളില്ലാതിരുന്നാല്‍ പോരാരുന്നോ, മക്കളുണ്ടായതുകൊണ്ടല്ലേ പൈസാ കൊടുക്കേണ്ടി വന്നത്? ഞാനുണ്ടായതു ഞാന്‍ പറഞ്ഞിട്ടാണോ? അപ്പനുമമ്മേം സുഖിച്ചു ജീവിച്ചപ്പം മക്കളുണ്ടായി. ഉണ്ടാകാതെ നോക്കാന്‍ മേലാരുന്നോ, ഉണ്ടായെങ്കിപ്പിന്നെ മക്കടെകാര്യോം അവരു നോക്കണം."

ഒരുളുപ്പുമില്ലാതെ വായില്‍ക്കൊള്ളാത്ത വലിയവര്‍ത്തമാനം നേരെ എന്‍റെ മുഖത്തേക്കു തന്നെ നോക്കിയിരുന്ന് അവന്‍ തട്ടിവിട്ടപ്പോള്‍ ചൂളിപ്പോയതു ഞാനാണ്. ഇനിയുമിവനോടു മിണ്ടുന്നതു സൂക്ഷിച്ചുവേണമെന്നു മനസ്സിലുറപ്പിച്ചു.

"കാര്യങ്ങളൊക്കെ ഇങ്ങനെ നിനക്കു പറഞ്ഞു തരാന്‍ നല്ല ഫ്രണ്ട്സ് ഉള്ളത് എപ്പോളും നല്ലതാ. അത്രേം നല്ല ഫ്രണ്ട്സ് നിനക്ക് ഉള്ളതുകൊണ്ടാണല്ലോ ഫോണ്‍പോലും സമ്മാനം തന്നത്. അവരുടെ പേരന്‍സ് മിക്കവാറും ഗള്‍ഫിലായിരിക്കും അല്ലേ?"
അവനെ കുടുക്കാനാണ് എന്‍റെ നീക്കമെന്നവനു സംശയം തോന്നിയിട്ടാകണം അല്പം കഴിഞ്ഞാണ് പിന്നെയവന്‍ സംസാരിച്ചത്. അതുവരെയുണ്ടായിരുന്ന സംസാരത്തിന്‍റെ രീതിയും മാറി.

"ഇപ്പം എന്നെ ഇവിടെ കൊണ്ടുവന്ന പാര്‍ട്ടിയില്ലെ, ആ പുള്ളി പേടിച്ചിട്ടാ എന്നെ ഇവിടെ കൊണ്ടു വന്നത്."

"നിന്‍റെ വല്യപ്പന്‍റെ കാര്യമല്ലെ നീയീ പറയുന്നത്?"

"ആ, അതുതന്നെ, അപ്പാപ്പി. അപ്പന്‍ ഫോണ്‍ വാങ്ങിക്കാന്‍ കാശുതന്നപ്പം ആ പാര്‍ട്ടിക്കു ഭയങ്കര എതിര്‍പ്പ്. ഞാന്‍ പറഞ്ഞു അപ്പാപ്പീടെ കാശ് അപ്പാപ്പി വച്ചോളാന്‍. കെടപ്പാകുമ്പം അപ്പാപ്പിയേം അമ്മാമ്മയേംകൂടെ ഞാന്‍ വല്ല വയസ്സമ്മാരുടെ മന്ദിരത്തിലും കൊണ്ടെയാക്കുമെന്നും ഞാന്‍ പറഞ്ഞു. പിന്നെ പുള്ളിയൊന്നും മിണ്ടിയില്ല."

ഇവനോടിനി മിണ്ടുന്നതുതന്നെ അപകടമാണെന്നു മനസ്സിലായതുകൊണ്ട് എത്രയും വേഗം ഒഴിവാക്കുന്നതാണു ബുദ്ധി എന്നുതോന്നി. അവനോടു വേഗംപോയി അപ്പാപ്പിയെ വിളിച്ചോണ്ടു വരാന്‍ പറഞ്ഞു. അവന്‍ പോകാന്‍ എഴന്നേറ്റിട്ട് എന്തോ തീരുമാനിച്ചതുപോലെ പിന്നെയുമിരുന്നു.

"ഞാന്‍ വിളിച്ചോണ്ടു വരാം. പക്ഷേ, ആ പാര്‍ട്ടിയോടൊന്നു പറയണം, എന്നെ നന്നാക്കാന്‍ കൊണ്ടുനടക്കണ്ടാന്ന്. എന്നെ നന്നാക്കാന്‍ നടക്കുന്ന ഈ പാര്‍ട്ടി ഇപ്പഴല്ലേ പള്ളീന്നിറങ്ങാത്തത്. അപ്പാപ്പീം അമ്മാമ്മേം രണ്ടും കണക്കാരുന്നു. കള്ളുംകുടിച്ചു വീട്ടില്‍ വന്നുകിടന്നു രണ്ടുംകൂടെ എന്നും തല്ലും ബഹളോമാരുന്നു. അന്ന് അപ്പാപ്പീടെ അപ്പനും ജീവിച്ചിരിപ്പുണ്ടാരുന്നു. തീരെ കെടപ്പായിട്ടു മുറീലെല്ലാം വൃത്തികേടാക്കുമ്പം, കാറുന്നോരൊന്നു ചാകുകേമില്ലെന്നും പറഞ്ഞ് അമ്മാമ്മ അരിശപ്പെട്ടു ചീത്തപറയും. അന്നേരം വല്യപ്പന്‍ നീ മുടിഞ്ഞു പോകത്തേയുള്ളെടീന്നു ശപിക്കും. അപ്പാപ്പി കള്ളുംകുടിച്ചേച്ചുവന്ന് രാത്രീലും ചീത്തപറച്ചില്‍. ഞാനഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരുദിവസം വികാരിയച്ചന്‍ വീട്ടില്‍വന്നു, ഈ പാര്‍ട്ടിയെ ഉപദേശിക്കാന്‍. അന്ന് അച്ചനെ വരാന്തേല്‍പോലും കേറ്റാതെ ഈ അപ്പാപ്പീം അമ്മാമ്മേം കൂടെ, അച്ചന്‍വേണമെങ്കില്‍ കാറുന്നോരെക്കൂടെ പള്ളിമുറീലോട്ടു കൊണ്ടുപോയി നോക്കിക്കോളാന്‍ പറഞ്ഞ് ഓടിച്ചത് ഞങ്ങളു കണ്ടോണ്ടുനിന്നതാ. വല്യപ്പന്‍ മരിച്ചുകഴിഞ്ഞ് രണ്ടുംകൂടെ എങ്ങാണ്ടുപോയി ധ്യാനംകൂടി. അതുകഴിഞ്ഞു രണ്ടുപേരുംകൂടെ ഇപ്പോള്‍ പള്ളീക്കൂടെ നടക്കുവാ. ഏതായാലും വീട്ടില്‍ അലമ്പില്ല. എന്‍റെ അനിയത്തിയൊണ്ട്. അവളു ടെൻത്  സ്റ്റാന്‍ഡാര്‍ഡിലാ പഠിക്കുന്നത്. അവളെപ്പഴും അപ്പാപ്പിക്കു വാട്ടമടിച്ചു നടക്കും. അപ്പാപ്പിക്ക് അവിടുന്നുമിവുടുന്നും കിട്ടുന്ന കാശുമുഴുവന്‍ അവളടിച്ചുമാറ്റും. അപ്പാപ്പി പറയുന്ന പോലെയേ അവളു ചെയ്യൂ. പള്ളീപ്പോക്കും വേദപാഠത്തിനു പോക്കും രാവിലെ ബൈബിള്‍ വായനേം എല്ലാം അപ്പാപ്പീടെ ഡിറക്ഷനിലാ. അപ്പാപ്പി അവളെയും വഷളാക്കും. ഞാനവളോടതു പറയുമ്പം അവളു പറയും ചേട്ടന്‍ ചേട്ടന്‍റെകാര്യം നോക്കിയാല്‍ മതിയെന്ന്. പക്ഷേ അവളത്ര മണ്ടിയൊന്നുമല്ല. അപ്പാപ്പീടെ കാശു പറ്റിച്ചെടുക്കാനുള്ള അടവാ അവടെ പള്ളീപ്പോക്കൊക്കെ. കാരണം അവളുടെ കൂട്ടുകാരു മുഴുവനും ഞങ്ങടെ കമ്പനീപ്പെട്ടവരുതന്നെയാ. ഏതായാലും ഞാനിപ്പം പോയി പാര്‍ട്ടിയെ വിളിച്ചോണ്ടുവരും, എന്‍റെ കാര്യത്തിലിടപെടാന്‍ പോരണ്ടാന്നൊന്നു പറഞ്ഞു കൊടുത്തേക്കണം." അവനിറങ്ങി ഒറ്റയോട്ടം. കടുവായെ പിടിച്ച കിടുവാ!!

രണ്ടുംകൂടെ വരുമ്പേഴേക്കും മുറീംപൂട്ടി മുങ്ങിയാലോന്നോര്‍ത്തു ഞാനും പുറത്തിറങ്ങി. എന്നാലും അതു പറ്റില്ലല്ലോ. എന്തായാലും ഇനി അകത്തേക്കു കയറ്റിയിരുത്തി 'അപ്പാപ്പീ'ടെ പുരാണംകൂടെ കേള്‍ക്കാനുള്ള ആരോഗ്യമില്ലെന്നു തോന്നിയതുകൊണ്ട് പുറത്തേക്കുചെന്നു. നൂറുശതമാനോം ഞാന്‍ തോറ്റു തൊപ്പിയിട്ട കേസുകെട്ട്. നേരെചൊവ്വേ എന്തെങ്കിലുമൊന്നു പറഞ്ഞുകൊടുക്കാന്‍ മനസ്സില്‍ പരതിയിട്ട് ഒന്നും കിട്ടിയുമില്ല. രണ്ടുപേരും മുറ്റത്തുണ്ടായിരുന്നതു കൊണ്ട് എന്തെങ്കിലും പറഞ്ഞു തടിയൂരാമെന്നുമനസ്സിലുറപ്പിച്ച് അടുത്തേക്കുചെന്നു. എന്തുപറഞ്ഞു തുടങ്ങും എന്നു ശങ്കിച്ചുനില്ക്കുമ്പളതാ കിടക്കുന്നു സംഗതി തൊട്ടുമുമ്പില്‍! ഒരു വേസ്റ്റുകൂന!!

"മോന്‍ കുറച്ചങ്ങു മാറിനിന്നോ. നീ പറയണമെന്നു പറഞ്ഞകാര്യം അപ്പാപ്പിയോടു പറയാനാ." അവന്‍ മാറിയപ്പോള്‍ ഞാന്‍ തുടര്‍ന്നു.

"എന്‍റപ്പാപ്പീ എന്നാ പറയാനാ. ഞാനാകെ വല്ലാത്തൊരു കുടുക്കിലായിരിക്കുവാ. ദേ അങ്ങോട്ടു നോക്കിക്കേ, ആ വലിയ വേസ്റ്റുകൂന കണ്ടോ? കുറച്ചുദിവസങ്ങളായിട്ടു റോഡുപണിക്കാരു റോഡിന്‍റെ രണ്ടു സൈഡീന്നും ജെസിബീക്ക് മാന്തിയിളക്കിവാരി അവിടെക്കൊണ്ടെത്തള്ളിയതാ അതുമുഴുവന്‍. അതിനകത്തെന്നതെല്ലാമുണ്ടെ ന്നറിയാമോ. വഴിയരികില്‍കിടന്ന പാട്ടകള്, വര്‍ക്ഷോപ്പുകാരു വലിച്ചെറിഞ്ഞ കണ്ട കണ കുണകള്, കുപ്പിച്ചില്ല്, പ്ലാസ്റ്റിക് ചാക്ക്, ആരാണ്ടെല്ലാം കൊണ്ടെ വഴിയരികില്‍ തള്ളിയ കൊണ്‍ക്രീറ്റുവേസ്റ്റ്, കട്ടക്കഷണങ്ങള് പിന്നെ കുറെ ചപ്പും ചവറും മണ്ണും. കൊള്ളാവുന്നതെന്നു പറയാന്‍ അതിനകത്തൊന്നും തന്നെയില്ല. എന്നിട്ടും ഞങ്ങടെ സുപ്പീര്യറച്ചന് ഒറ്റ നിര്‍ബ്ബന്ധം. എന്നോടു പറഞ്ഞിരിക്കുവാണ്, വേറൊന്നും തരാനില്ല, അത്രേം ആ വേസ്റ്റുകൂന കൊണ്ട് നാളെത്തന്നെ അവിടെയൊരു നല്ല കുരിശുപള്ളി പണിയണമെന്ന്. ഞാനെന്നാചെയ്യും? അപ്പാപ്പിതന്നെയൊന്നു പറ."

"അച്ചന്‍ ചുമ്മാ തമാശു പറയാന്‍വേണ്ടി പറഞ്ഞതാണെന്നെനിക്കറിയാം. അവന്‍റെ കാര്യം എങ്ങനെയായച്ചാ? ഞാന്‍ പ്രാര്‍ത്ഥിച്ചോണ്ടിരിക്കുവാരുന്നു."

"അച്ചന്‍ ചുമ്മാ തമാശു പറയാന്‍വേണ്ടി പറഞ്ഞതൊന്നുമല്ല. അവന്‍റെ കാര്യംതന്നെയാ ഞാനീപ്പറഞ്ഞത്. ഞാന്‍ പറഞ്ഞതു തമാശാണെന്നു ചേട്ടനു തോന്നിയതെന്തുകൊണ്ടാ? ആ വേസ്റ്റുകൂമ്പാരംകൊണ്ടു നടപ്പില്ലാത്ത മണ്ടന്‍കാര്യം സുപ്പീര്യറച്ചന്‍ പറയില്ലെന്നുറപ്പുള്ളതുകൊണ്ടല്ലേ? എന്നാലേ, അതിനെക്കാളും വല്യ ഒരു വേസ്റ്റുകൂമ്പാരത്തിനെയാ അപ്പാപ്പി രാവിലെ എന്‍റെ മുമ്പില്‍ കൊണ്ടുവന്നുവച്ചത്. ആ കാണുന്ന വേസ്റ്റുകൂമ്പാരത്തില്‍ തപ്പിപ്പെറുക്കിയാല്‍ ചിലപ്പോള്‍ അഞ്ചാറു കല്ലും കുറെ മണ്ണുമെങ്കിലും കൊള്ളാവുന്നതു കാണും. പക്ഷേ അപ്പാപ്പി കൊണ്ടുവന്ന കൂമ്പാരം അരിച്ചു പെറുക്കിയാലും ഒരു തരിപോലും നല്ലതു കിട്ടുമോന്നു സംശയമാ. നിങ്ങടെയെല്ലാം വേസ്റ്റിന്‍റെ സംഭരണിയാ അവന്‍. നിങ്ങടെ അപ്പന്‍ പ്രാകിയ പ്രാക്കു മുതല്‍ നിങ്ങളു കുടിച്ചിട്ടു കുട്ടകളിച്ചതും, അമ്മാമ്മേടെ അഭ്യാസങ്ങളും പിന്നെ എന്തൊക്കെക്കാണുമെന്ന് ഞാന്‍ കൂടുതലു ചികഞ്ഞില്ല. എന്തായാലും അവനെ കുരിശുപള്ളിയാക്കാന്‍ എന്നെക്കൊണ്ടെ ഏല്പിച്ചാല്‍ ഞാന്‍ തമ്പുരാന്‍ കര്‍ത്താവൊന്നുമല്ലല്ലോ. സത്യത്തില്‍ തമ്പുരാന്‍ കര്‍ത്താവുതന്നെ കനിയാതെ കൊച്ചുമകന്‍ ഇഷ്ടപുത്രനാകുമെന്ന് എനിക്കു തോന്നുന്നില്ല. കാലി കല്‍ഭരണിയില്‍ വെറും പച്ചവെള്ളം നിറച്ചപ്പോഴും തമ്പുരാന്‍ കൈനീട്ടിക്കഴിഞ്ഞപ്പോള്‍ ശുദ്ധമായ വീഞ്ഞായില്ലേ? ആ തമ്പുരാന്‍റെ മുമ്പില്‍തന്നെ കൊണ്ടുവച്ചു കൈയ്യൊന്നു നീട്ടണേന്നു മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്ക്. അല്ലാതെ വേറൊരു വഴീം ഞാന്‍ കാണുന്നില്ല. എന്തായാലും വല്ലോം വേഗം ചെയ്തില്ലെങ്കിലേ അവന്‍ കേരളത്തിലെ അടുത്തതിന്‍റെ പിന്നത്തെ മുഖ്യമന്ത്രിയോ വല്ലോം ആയിപ്പോകും."

തമ്പുരാന്‍റെ പരിപാലനയോര്‍ത്തു  വേസ്റ്റുകൂനക്കു മനസ്സില്‍ നന്ദീം പറഞ്ഞു ഞാന്‍ വേഗം തിരിച്ചുനടന്നു!!

You can share this post!

ശുനകന്‍റെ കുര

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

'ഇടുക്കിപൊട്ടാഭിഷേകധ്യാനം'

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts