news-details
കവർ സ്റ്റോറി

വിശുദ്ധമായ മിശിഹ അനുഭവം

 ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സലാലയില്‍ (ഒമാന്‍) കത്തോലിക്ക ദേവാലയത്തില്‍ വികാരിയായിരിക്കുമ്പോള്‍ ഒരു മലയാളി യുവാവ് എന്‍റെ അടുക്കല്‍ വന്ന് അയാള്‍ക്ക് കത്തോലിക്കാ സഭയില്‍ അംഗമാകണം എന്ന ആവശ്യം ഉന്നയിച്ചു. ഞാന്‍ അയാളുടെ നാടും വീടുമൊക്കെ ചോദിച്ചറിഞ്ഞു. ആരംഭത്തില്‍തന്നെ ആരെയും സഭയില്‍ മാമ്മോദീസ മുക്കി ചേര്‍ക്കുകയില്ലെന്ന് ഞാന്‍ വ്യക്തമാക്കി.

കാരണം ഒന്ന്-ഒമാന്‍ ഒരു മുസ്ലിം രാജ്യം. അവിടെ മതപ്രചാരണം അനുവദനീയമല്ല. രണ്ട്-എല്ലാ ക്രൈസ്തവര്‍ക്കുമായി ഒമാന്‍ ഗവ. ഒരു പ്രദേശത്ത് ഏതാനും ഏക്കര്‍ സ്ഥലം പള്ളികള്‍ക്കായി നല്‍കിയിരിക്കുന്നു. അവിടെ ക്രിസ്ത്യന്‍ സലാല സെന്‍റര്‍ എന്ന ഒരു പൊതു സ്ഥാപനം ഉണ്ട്. അതില്‍ എല്ലാ ക്രൈസ്തവ വിഭാഗത്തിലെ വൈദികരും തെരഞ്ഞെടുക്കപ്പെട്ട അല്മായരും അംഗങ്ങള്‍ ആയിട്ടുണ്ട്. ഈ ക്രിസ്ത്യന്‍ സലാല സെന്‍ററിന്‍റെ ഒരു സമ്മേളനത്തില്‍ എല്ലാവരും കൂടി ഒന്നിച്ച് എടുത്ത ഒരു തീരുമാനമാണ്, സ്വന്തം നാട്ടില്‍ ഓരോരുത്തരും ഏതു വിശ്വാസത്തില്‍ ആയിരുന്നുവോ ആ വിശ്വാസത്തില്‍ -മതത്തില്‍ -സഭയില്‍ തന്നെ ഇവിടെയും നിലനിന്നുകൊള്ളണം. മറ്റു സഭകളിലേക്ക് അവിടെ വച്ച് മാറുവാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും പള്ളിമാറി വന്നാല്‍ അവരെ സ്വീകരിക്കാനും പാടില്ല.  അതുകൊണ്ട് ഈ യുവാവിന് ഇവിടെ ഒരു സഭയിലും ചേരാന്‍ സാധിക്കുകയില്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം ക്രിസ്ത്യന്‍ സലാല സെന്‍ററിന്‍റെ പ്രസിഡന്‍റ് ഞാന്‍തന്നെ ആയിരുന്നു. അതു പറഞ്ഞുകൊടുക്കേണ്ട കടമ എന്‍റേതായിരുന്നു.

സ്വന്തം നാട്ടില്‍ ചെന്ന് അവിടുത്തെ കത്തോലിക്ക പള്ളി വികാരിയെ കണ്ട് ഇയാളുടെ ആഗ്രഹം അറിയിക്കുക. കത്തോലിക്ക വിശ്വാസത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും പഠിച്ചതിനുശേഷം വിശ്വാസം ഉണ്ട് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ നിങ്ങളെ മാമ്മോദീസ മുക്കി ആ ഇടവകയില്‍ അംഗമാക്കി ചേര്‍ക്കും. അല്ലാതെ ഇവിടെ സാധിക്കുകയില്ല.  

തീര്‍ത്തും നിഷേധാത്മകമായ എന്‍റെ നിലപാട് ആ ചെറുപ്പക്കാരനെ നിരാശനാക്കി. അതു മനസിലാക്കിയിട്ട് ഞാനയാളോട് ചോദിച്ചു. ഇപ്പോള്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നത്. അതിന് അയാള്‍ തന്ന മറുപടി:  ഇവിടെ അയാള്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്.  മാമ്മോദീസ മുങ്ങി പള്ളിയില്‍ വച്ച് വിവാഹം നടത്തി അതിന്‍റെ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ് കത്തോലിക്കാ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നത്. കാരണം ഒമാനില്‍ ഒരു സ്ത്രീയും പുരുഷനും വെറുതെ ഒന്നിച്ചു  ജീവിച്ചാല്‍ പോലീസ് രണ്ടിനേയും പിടിച്ച് ജയിലില്‍ ഇടും. ഇഷ്ടപ്പെടുന്നതുപോലെ പുരുഷനും സ്ത്രീക്കും ഒന്നിച്ചു നടക്കാനോ ജീവിക്കാനോ അവിടെ അനുവാദമില്ല. കല്യാണം നിയമപ്രകാരം നടത്തിയ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ് ഇയാള്‍ മാമ്മോദീസ മുങ്ങി പള്ളിയില്‍ വച്ചു വിവാഹം നടത്താന്‍ വന്നത്.

ഞാന്‍ പറഞ്ഞുവരുന്നത്  ഇതാണ്. നിയമപ്രകാരമുള്ള വിവാഹത്തിലേക്ക് പലരും വരുന്നത് സാമൂഹിക അംഗീകാരത്തോടെ ഒന്നിച്ച് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റു ചിലര്‍ കുടുംബം എന്ന സംവിധാനത്തിനുവേണ്ടി. വേറെ ചിലര്‍  വെറുതെ ഒരു  (Companionship കൂട്ടിനുവേണ്ടി. മറ്റു ചിലര്‍ തലമുറ നിലനിര്‍ത്താന്‍. ഇങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളോടുകൂടി വിവാഹത്തിലേക്ക് വരുന്നവരാണ് പലരും. എന്നാല്‍,  വിവാഹം എന്താണ് എന്ന് പൂര്‍ണമായും മനസിലാക്കിയ വിശ്വാസികള്‍ മാത്രമേ വിവാഹം എന്ന വിശുദ്ധ കൂദാശയില്‍ പ്രവേശിക്കാവൂ എന്ന് കത്തോലിക്കാ സഭ നിഷ്കര്‍ഷിക്കുന്നു.

മാമ്മോദീസ സ്വീകരിച്ച ഏതു കത്തോലിക്ക സ്ത്രീക്കും പുരുഷനും വിവാഹത്തില്‍ പ്രവേശിക്കാം എന്ന തീര്‍ത്തും തെറ്റായ ചിന്താഗതി കത്തോലിക്കരുടെ ഇടയില്‍ ഉണ്ട്. ഈശോയെ അറിഞ്ഞ് അവനെ സ്നേഹിച്ച് അവനിലുള്ള വിശ്വാസത്തിന്‍റെ ആഴങ്ങളില്‍ വളര്‍ന്ന് ഈശോയുടെ വ്യവസ്ഥയില്ലാത്ത രക്ഷാകരമായ സ്നേഹം പകര്‍ന്നു കൊടുക്കാനും സ്വീകരിക്കാനും മാത്രം കഴിയുന്ന പൂര്‍ണ പുരുഷനും പൂര്‍ണ സ്ത്രീക്കും മാത്രമേ വിവാഹം എന്ന കൂദാശയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളൂ.

ഈ അര്‍ഹതയിലേക്ക് വളരണമെങ്കില്‍ നസ്രത്തിലെ ഈശോയെ അറിയുകയും അവനുമായി ആഴമായ ബന്ധം ഉണ്ടാകുകയും വേണം. ഈശോയെ അറിഞ്ഞ് അനുഭവിച്ച് ഈശോയുടെ മനോഭാവത്തിലേക്ക് വളരുന്ന ഒരാള്‍ക്കു മാത്രമേ വി. കൂദാശയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളൂ. ഈശോയെ അറിയുവാന്‍, അനുഭവിക്കുവാന്‍, ആ മനോഭാവത്തിലേക്ക് വളരുവാന്‍ ഉള്ള മാര്‍ഗങ്ങള്‍.  പ്രത്യേകിച്ചും മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന, കുമ്പസാരം.

ഒന്ന്- സഭ

ആദ്യം ഉണ്ടായതു സുവിശേഷങ്ങള്‍ അല്ല. സഭയാണ് ആദ്യം സംജാതമാകുന്നത്. അപ്പോള്‍ ഈശോയെ അറിയുവാന്‍ അനുഭവിക്കുവാന്‍ ആ മനോഭാവം നമ്മളില്‍ വളര്‍ത്തുവാന്‍ സഭയുടെ പാരമ്പര്യം, സഭാപഠനങ്ങള്‍, സഭാ ജീവിതം ഒക്കെ വളരെ പ്രധാനപ്പെട്ടതാണ്.

രണ്ട്-വിശുദ്ധമായ കൂദാശകള്‍  

സഭയില്‍ കൂദാശകളിലൂടെയാണ് നാം ഈശോയെ അറിയുന്നതും അനുഭവിക്കുന്നതും. കൂദാശകള്‍ക്ക് ഒരു പാരമ്പര്യം ഉണ്ട്. മിശിഹാ രഹസ്യം വെളിപ്പെടുന്നതു ഈ കൂദാശകളുടെ ആഘോഷത്തിലൂടെയാണ്.  ആദിമസഭ എങ്ങനെ ഉത്ഥാനം ചെയ്ത ഈശോയെ മാമ്മോദീസയിലും അപ്പം മുറിക്കലിലും അനുരഞ്ജനത്തിലും അനുഭവിച്ചോ അതുപോലെ നാം ഇന്ന് അനുഭവിക്കണം. കൂദാശകള്‍ ആഘോഷിക്കുവാന്‍ തയാറല്ലാത്തവര്‍ക്ക് മിശിഹായെ അറിയുവാനും അനുഭവിക്കുവാനും ഒരു സാധ്യതയും ഇല്ല. മിശിഹാ അനുഭവം കൂദാശകളിലൂടെയാണ് സംഭവിക്കുന്നത്.

മൂന്ന്- വിശുദ്ധ ഗ്രന്ഥം

ദൈവജനത്തിന്‍റെ ജീവിതാനുഭവം വിരചിതമായതാണ് വി. ഗ്രന്ഥം. ഈ വി. ഗ്രന്ഥത്തില്‍ നസ്രായനായ ഈശോയെ കൂടുതല്‍ അറിയുവാന്‍, മനസിലാക്കാന്‍ നാല് കാനോനിക സുവിശേഷങ്ങള്‍. മറ്റ് പലരും നസ്രായനായ ഈശോയെ പല രീതിയിലും അവതരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള കൃതികള്‍ വായിച്ചുകൂട എന്നു പറയുന്നില്ല. എന്നാല്‍, വിശ്വാസി ഈശോയെ കണ്ടത്തേണ്ടതു നാല് കാനോനിക സുവിശേഷങ്ങളില്‍ ആണ്.

സഭയില്‍,  കുദാശകളില്‍, സുവിശേഷങ്ങളില്‍, കണ്ടെത്തുന്ന ഈശോയെ അറിയണം, അനുഭവിക്കണം. ഈ മൂന്ന് മാര്‍ഗങ്ങളിലൂടെ ഈശോയുടെ മനോഭാവം നേടിയ (ഫിലി. 2:3-11, ഗലാ. 4:19) മിശിഹാ അനുഭവത്തിലേക്കു വളര്‍ന്ന ക്രൈസ്തവ കത്തോലിക്കാ വിശ്വാസമുള്ള പുരുഷന്‍ തന്‍റെ തികവേറിയ പുരുഷത്വം വ്യവസ്ഥയില്ലാത്ത സ്നേഹത്തില്‍ ഈശോയ്ക്കു സമര്‍പ്പിക്കുന്നു. ഇതേ രീതിയില്‍തന്നെ സ്ത്രീയും. ഇവര്‍ വിശുദ്ധ വിവാഹത്തിലേക്കു വന്നു കഴിയുമ്പോള്‍ അവര്‍ പരസ്പരം ഈശോയുടെ സ്നേഹം നല്‍കുന്നു, സ്വീകരിക്കുന്നു. ഈശോയുടെ വ്യവസ്ഥയില്ലാത്ത സ്നേഹം നല്‍കുവാന്‍ കഴിയുന്ന പൂര്‍ണ പുരുഷനും പൂര്‍ണ സ്ത്രീക്കും മാത്രമേ വിവാഹം എന്ന വിശുദ്ധ കൂദാശയില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ.

പൂര്‍ണ പുരുഷന്‍-പൂര്‍ണസ്ത്രീ എന്ന് ആവര്‍ത്തിക്കുന്നതിന് കാരണം-ശരീരത്തിലും മനസിലും ആത്മാവിലും ഈ പൂര്‍ണത ഉണ്ടാവണം എന്നതുകൊണ്ടാണ്.  പൂര്‍ണ പുരുഷന്‍ എന്നാല്‍ -ഭാര്യ എന്ന ജീവിത പങ്കാളിയെ അവളുടെ ശാരീരികതയിലും വൈകാരികതയിലും മനസിലാക്കി അവളെ സ്നേഹിക്കുവാന്‍ കഴിവുള്ളവന്‍ എന്നര്‍ത്ഥം. അവളുടെ  ശാരീരിക, മാനസിക, ആദ്ധ്യാത്മിക ആവശ്യങ്ങളില്‍ എല്ലാം അവള്‍ക്ക് രക്ഷകരമായ സ്നേഹം നല്‍കുവാന്‍ കഴിവുള്ളവന്‍. സ്വന്തം ഭാര്യയെ അവളുടെ സ്ത്രീത്വത്തിന്‍റെ തികവില്‍ മനസിലാക്കി, ഉള്‍ക്കൊണ്ട് എന്നും സ്നേഹിക്കുവാന്‍ കഴിവുള്ളവനാണ് പൂര്‍ണ്ണ പുരുഷന്‍. സ്വന്തം ഭര്‍ത്താവിനെ അവന്‍റെ പുരുഷത്വത്തിന്‍റെ തികവില്‍ മനസിലാക്കി ഉള്‍ക്കൊണ്ട് എന്നും എക്കാലവും സ്നേഹിക്കുവാന്‍ കഴിവുള്ളവളത്രേ പൂര്‍ണ്ണ സ്ത്രീ. പോര സ്ത്രീയുടെ സ്നേഹം സ്വീകരിക്കുവാന്‍ കഴിവുള്ളവനും അവളോട് എന്നും വിശ്വസ്തനായിരിക്കുവാന്‍ കഴിവുള്ളവനും ആയിരിക്കണം പൂര്‍ണ്ണ പുരുഷന്‍. പുരുഷന്‍റെ സ്നേഹം സ്വീകരിക്കുവാന്‍ കഴിവുള്ളവളും അവനോട് വിശ്വസ്തതയും വിധേയത്വവും എന്നും നിലനിര്‍ത്താന്‍ കഴിവുള്ളവളുമായിരിക്കണം പൂര്‍ണ്ണ സ്ത്രീ. പുരുഷത്വത്തിന്‍റെ, സ്ത്രീത്വത്തിന്‍റെ തികവ് ഇല്ലാത്തവര്‍ വിവാഹം എന്ന വിശുദ്ധ കൂദാശയ്ക്കു യോഗ്യരല്ല.

യേശുവിന്‍റെ പൂര്‍ണ്ണത കൈവരിച്ച പുരുഷനും സ്ത്രീയും വിവാഹനാള്‍ മുതല്‍ മരണംവരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പരസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ വിവാഹമെന്ന കൂദാശ ആഘോഷിക്കുവാനും മിശിഹാ അനുഭവത്തില്‍ ജീവിക്കാനും തീരുമാനിച്ചാല്‍ മാത്രം കടന്നുവരേണ്ട വേദിയാണ് വിവാഹം. അപ്പോള്‍ വിവാഹമെന്ന കൂദാശയുടെ തുടക്കമാണ് ദേവാലയത്തിലെ ശുശ്രൂഷകള്‍. അതിന് അതിന്‍റേതായ ഒരു പാരമ്പര്യവും വിശുദ്ധിയും ഉണ്ട്. അതൊന്നും നഷ്ടപ്പെടുത്തുവാന്‍ പാടില്ല. സ്റ്റേജ് ഷോയോ അഭിനയമോ അല്ല അവിടെ നടക്കുന്നത്. മിശിഹാ അനുഭവത്തിന്‍റെ തീവ്രത ആ ശുശ്രൂഷകളില്‍ പ്രകടമാകണം. എന്നാല്‍ വിവാഹം എന്ന കൂദാശ ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ്. കത്തോലിക്ക ദമ്പതികള്‍ ദിവസത്തിന്‍റെ 24 മണിക്കൂറും കുദാശയുടെ ആഘോഷത്തിലാണ്. 365 ദിവസവും കൂദാശയുടെ ആഘോഷം-ആയുസിന്‍റെ അന്ത്യം വരെ കൂദാശ ആഘോഷിക്കുന്നവര്‍. കൂദാശ ആഘോഷിക്കുന്ന സ്ഥലം ക്രൈസ്തവന് ദേവാലയമാണ്. എങ്കില്‍ ദമ്പതികളുടെ വീട് ദേവാലയമാണ്. മിശിഹ അനുഭവത്തിന്‍റെ സ്ഥലമാണല്ലോ ദേവാലയം. മിശിഹ അനുഭവം മാത്രമാണ് കത്തോലിക്കാസഭയില്‍ വിവാഹം എന്ന കൂദാശ. ഈ അനുഭവത്തിന്-ആഘോഷത്തിന് തയാറല്ലാത്തവര്‍ ഈ കൂദാശയില്‍ പ്രവേശിക്കാന്‍ പാടില്ല. കൂദാശയുടെ അര്‍ഥവും വിശുദ്ധിയും മനസിലാക്കാത്തവര്‍ അതിലേക്കു വന്നാല്‍ അവര്‍ കൂദാശയെ അവഹേളിക്കും.

വിവാഹം എന്ന കൂദാശയ്ക്ക് തയാറാകുന്ന കത്തോലിക്ക പുരുഷനും സ്ത്രീക്കും ഈശോയുടെ മനോഭാവം ഉള്ള വ്യക്തിയെ മാത്രം തെരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട്. അവകാശം ഉണ്ട്. ഈ അവകാശം നേടി എടുക്കുവാന്‍ വൈദികരുടെ, കുടുംബാംഗങ്ങളുടെ നല്ല സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാന്‍ സാധിക്കും. വൈദികര്‍ പ്രത്യേകിച്ചും ഈശോയുടെ മനോഭാവം ഇല്ലാത്തവരെ കൂദാശയില്‍ പ്രവേശിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കണം. കാരണം അവന്‍ മറ്റൊരാളെ വഞ്ചിക്കുകയാണ്. വഞ്ചനയ്ക്കു കൂട്ടുനില്‍ക്കുകയല്ല പൗരോഹിത്യ ധര്‍മം. വിവാഹത്തില്‍ പ്രവേശിക്കുന്നവള്‍, അവന്‍ ഈശോയുടെ കരങ്ങളില്‍ മാത്രമേ ജീവിതം അര്‍പ്പിക്കാവു. തെരഞ്ഞെടുക്കുന്നവന്‍, അവള്‍ ഈശോയുടെ വ്യക്തിത്വം സ്വീകരിച്ചവന്‍ ആയിരിക്കണം. എങ്കില്‍ ഈശോ ഒരു കാലത്തും ഉപേക്ഷിക്കില്ല. ഈശോ ഒരിക്കല്‍ ഒരുവനെ സ്വീകരിച്ചു കഴിഞ്ഞാല്‍ അവന്‍ വഞ്ചിച്ചാലും അവനെ തള്ളിപ്പറയില്ല. അവനെ സ്നേഹിതാ എന്നുതന്നെ എന്നും വിളിക്കും.

വിവാഹത്തില്‍ തെരഞ്ഞെടുക്കുന്നവന്‍, തെരഞ്ഞെടുക്കുന്നവള്‍ ഈശോ തന്നെയാവണം. ഈശോ ഉപേക്ഷിക്കില്ല, തള്ളിപ്പറയുകയില്ല, വിവാഹമോചനം എന്ന ചിന്ത ഉണ്ടാവുകയുമില്ല.

കൂദാശ ആഘോഷിക്കുവാന്‍ താത്പര്യമില്ലാത്തവര്‍ അതിലേക്കു വരാന്‍ പാടില്ല. കത്തോലിക്ക പൗരോഹിത്യം ആഘോഷിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക്, കുര്‍ബാനയിലും മറ്റു കൂദാശകളിലും താത്പര്യം ഇല്ലാത്ത ഒരാള്‍ക്ക് പൗരോഹിത്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമോ. സഭാശുശ്രൂഷകളില്‍ താത്പര്യമില്ലാത്തവര്‍ക്ക്, സഭാ സ്നേഹം ഇല്ലാത്തവര്‍ക്ക്  പൗരോഹിത്യത്തില്‍ പ്രവേശിക്കാന്‍ കഴിയുമോ?

ചുരുക്കത്തില്‍ വിശുദ്ധമായ മിശിഹാ അനുഭവമാണ് കത്തോലിക്ക സഭയില്‍ വിവാഹം എന്ന കൂദാശ. ഈ കൂദാശയില്‍ ജീവിക്കുന്നവരുടെ കുടുംബം മുഴുവന്‍ മിശിഹ അനുഭവത്തിലാണ്. അവിടെ എന്നും സ്നേഹത്തിന്‍റെ ആഘോഷം ഉണ്ട്. മദ്യപാനം ഇല്ല. എല്ലാവരും പരസ്പരം അംഗീകരിക്കുന്നു. ഭരണം ഇല്ല. അടിച്ചമര്‍ത്തല്‍ ഇല്ല, ആര്‍ത്തിയും അഹങ്കാരവുമില്ല. അധ്വാനത്തിലും കൂട്ടായ്മയിലും ജീവിക്കുന്നു. അവിടെ ആരും ആരേയും ഒരിക്കലും തള്ളിപറയുകയില്ല. മിശിഹ അനുഭവത്തിലുള്ളവര്‍ ഒരിക്കലും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ല. കടമകള്‍ നിറവേറ്റുന്നതില്‍ അതീവ താത്പര്യം മാത്രമുള്ളവര്‍. മിശിഹായോടും മിശിഹായെ വെളിപ്പെടുത്തുന്ന സഭയോടും ആവേശപൂര്‍വമായ സ്നേഹം അവര്‍ അനുഭവിക്കുന്നുണ്ടാവും. സഭയില്‍ വെളിപ്പെടുത്തപ്പെടുന്ന മിശിഹ, കൂദാശകളിലൂടെ അനുഭവിച്ച മിശിഹ സുവിശേഷങ്ങളിലൂടെ അറിഞ്ഞ മിശിഹ, തിന്മയുടെ, പാപത്തിന്‍റെ, അഹങ്കാരത്തിന്‍റെ, ആര്‍ത്തിയുടെ, സ്വാര്‍ഥതയുടെ തന്‍ഭാവത്തിന്‍റെ അംശം ഇല്ലാത്തവന്‍ ആണ്. ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പൂര്‍ണതയാണ്. ഇക്കാരണത്താല്‍ മിശിഹ അനുഭവത്തില്‍ ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തില്‍ പാപത്തിന്‍റെ അംശമേ ഇല്ല. ഒരു തിന്മയും അവരെ തീണ്ടുകയില്ല. അവരുടെ എല്ലാ ചെയ്തികളും വിശുദ്ധി മാത്രമാണ്. എന്നും എപ്പോഴും.  
വിവാഹം എന്ന വിശുദ്ധ കൂദാശയില്‍ ജീവിക്കുന്നവരുടെ കുടുംബം മുഴുവന്‍ മിശിഹാ അനുഭവത്തില്‍ ആണ്. മിശിഹ അനുഭവത്തിലൂടെ പിതൃത്വത്തിലേക്കും മാതൃത്വത്തിലേക്കും വളരുന്നവര്‍ അവരുടെ എല്ലാ കടമകളും പൂര്‍ണമായും മനസിലാക്കും നിറവേറ്റും. കാരണം ഈശോ മിശിഹായുടെ ശക്തിയാണ് സന്ധിയാണ് അവരില്‍ പ്രവര്‍ത്തിക്കുന്നത്.  പിതാവിന്‍റെ തിരുഹിതം നിറവേറ്റുവാന്‍ ആവേശം കൊണ്ടു മിശിഹ-കുരിശുമരണത്തോളം. അതിനാല്‍ സ്വന്തം മക്കളോടും കുടുംബത്തോടും മാത്രമല്ല സഭയോട് സമൂഹത്തോട്, സഹജീവികളോട്, പ്രകൃതിയോട്, പ്രപഞ്ചത്തോട് മുഴുവന്‍ കടമകള്‍ നിറവേറ്റുവാന്‍ ആവേശമുള്ളവര്‍ ആയി ക്രൈസ്തവ ദമ്പതികള്‍ ജീവിതം ആഘോഷിക്കും. മിശിഹായുടെ മനോഭാവം അതായിരുന്നു. (ഫിലി 2:7)

ക്രൈസ്തവ കത്തോലിക്ക ദമ്പതികള്‍ക്ക് മക്കള്‍ ജനിക്കുന്നത് വിശുദ്ധമായ മിശിഹ അനുഭവത്തില്‍ മാത്രമാണ്. ദാമ്പത്യധര്‍മാനുഷ്ഠാനത്തില്‍ നിന്നല്ല- മനഃശാസ്ത്രപഠനത്തിലൂടെയോ, ശരീരശാസ്ത്രപഠനത്തിലൂടെയോ അല്ല. മുന്‍തലമുറയുടെ തിന്മയില്‍നിന്നോ നന്മയില്‍നിന്നോ അല്ല. മറിച്ച് കത്തോലിക്ക ദമ്പതികളുടെ മിശിഹ അനുഭവത്തില്‍ നിന്ന് മാത്രമായിരിക്കും. ആ വിധം ജനിക്കുന്ന മക്കള്‍, സഭാ ശുശ്രൂഷകര്‍, അധ്യാപകര്‍, ബിസിനസുകാര്‍, കര്‍ഷകര്‍, എല്ലാം എല്ലാവരും സഭയ്ക്ക്, ലോകത്തിന് മുഴുവന്‍ അനുഗ്രഹമാകും.

ആ വിധം ജനിക്കുന്ന മക്കള്‍, കുടുംബങ്ങള്‍, സഭയെ അവഹേളിക്കുകയില്ല. സഭയ്ക്ക് അപമാനമോ അവഹേളനമോ വരുന്ന ഒന്നും അവരില്‍നിന്നും അവരുടെ കുടുംബത്തില്‍നിന്നും ഉണ്ടാകില്ല. കാരണം അവര്‍ മിശിഹായെ അനുഭവിച്ചറിഞ്ഞതു സഭയിലൂടെ ആണ്. മിശിഹായെ കണ്ടെത്തിയതു സഭയില്‍ മാത്രവും. (എഫേ. 5:22-33)

വിവാഹത്തിലെ മിശിഹാ അനുഭവം കുരിശുവഹിക്കലാണ് എന്ന് ദയവായി ധരിക്കരുത്. ഈ മിശിഹാ അനുഭവം ആഘോഷമാണ്. സത്കാരങ്ങളില്‍ പങ്കെടുത്ത മിശിഹ, കാനായിലെ വിവാഹവിരുന്നില്‍ പങ്കെടുത്ത മിശിഹ, പിതാവിന്‍റെ തിരുഹിതം നിറവേറ്റി മഹത്വത്തിലേക്കു പ്രവേശിച്ച മിശിഹ, എപ്പോഴും സമാധാനം ആശംസിച്ച മിശിഹ. ഈ മിശിഹയാണ് ദമ്പതികള്‍ക്ക് മാതൃക.

ഈ മിശിഹാ അനുഭവത്തില്‍ രോഗസൗഖ്യം ഉണ്ട്, സാമൂഹിക സേവനം ഉണ്ട്, ആഘോഷങ്ങള്‍ ഉണ്ട്, വിരുന്നുകള്‍ ഉണ്ട്. ഒരു നന്മയും ഒഴിവാക്കുന്നില്ല. എന്നാല്‍, തിന്മയായ യാതൊന്നും ഉണ്ടാവുകയില്ല. വിവാഹം എന്ന വി. കൂദാശയുടെ, ആയുസുമുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ പാപത്തിന്‍റെ, തിന്മയുടെ ഒരംശവും ഒരിക്കലും ഇല്ല. നന്മമാത്രം. ഈ നന്മയുടെ ആഘോഷത്തില്‍, തികവില്‍ വേണം എല്ലാ കത്തോലിക്ക ദമ്പതികളും ജീവിക്കാന്‍. അതിന് മിശിഹാനാഥന്‍ കൃപ അരുളട്ടേ.

സഹായകമായ വായനകള്‍:

എഫേ. 3:14-20, 5:22-33
ഗല. 4:19
ഫിലി. 2:5-11, 1:20-21
റോമ. 8:39

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
Related Posts