news-details
മറ്റുലേഖനങ്ങൾ

ലിസ് മില്ലര്‍ ആത്മകഥ പറയുന്നു

തീവ്രവിഷാദരോഗം (Manic depression) അഥവാ വിരുദ്ധധ്രുവ മാനസികവ്യതിയാനം (Bipolar disorder)മറികടക്കാന്‍ മനോനില ചിത്രണം (Mood Mapping)  എന്ന സങ്കേതം രൂപപ്പെടുത്തി പതിനാലു ദിവസത്തെ പ്രായോഗികപദ്ധതി തയ്യാറാക്കിയ ലിസ് മില്ലറുടെ അനുഭവകഥനം.

ഇരുപത്തിയെട്ടാം വയസ്സില്‍ ഭാവിയുടെ വാഗ്ദാനമായ യുവ ന്യൂറോ സര്‍ജനായിരുന്നു ലിസ് മില്ലര്‍ എന്ന ഞാന്‍. എന്‍റെ പരിശീലനം ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഗവേഷണവും ചെയ്തു കഴിഞ്ഞു. പരീക്ഷകളില്‍ വിജയിച്ചു. അന്തരാഷ്ട്ര ന്യൂറോ സര്‍ജറി വേദികളില്‍ ഞാന്‍ സ്ഥിരം പ്രഭാഷകയായി. ന്യൂറോ സര്‍ജറിയില്‍ ഈ പതിറ്റാണ്ടിലെ യുവപ്രതിഭയെന്ന് ഒരു ഉന്നത അധ്യാപകന്‍ എന്നെ വിശേഷിപ്പിച്ചു.
ഇരുപത്തിയൊന്‍പതാം വയസ്സില്‍ മനോരോഗിയെന്ന് വിധിയെഴുതി എഡിന്‍ബര്‍ഗ് റോയല്‍ ആശുപത്രിയുടെ സെല്ലില്‍ ഞാന്‍ തടവിലായി. ഡോക്ടര്‍ എന്ന നിലയില്‍ എന്‍റെ ഭാവി തുലാസിലായി. എനിക്ക് എന്നെ നഷ്ടമായി. തൊഴില്‍ എനിക്ക് അന്യമായി. വിരുദ്ധ ധ്രുവ മാനസികവ്യതിയാനം (bipolor disorder) എന്‍റെ ജാതകം തിരുത്തിയെഴുതി.

ഞാന്‍ രോഗമുക്തയായി. പത്തുമാസത്തിനുശേഷം ജോലി ചെയ്യാന്‍ പ്രാപ്തയായി. മറ്റൊരു ജോലി എനിക്ക് ലഭിച്ചു. മാനസികാരോഗ്യം പക്ഷേ നിഷേധാത്മകമായിരുന്നു. ഞാന്‍ എഡിന്‍ബര്‍ഗ് വിട്ടു. കുടുംബത്തോടൊപ്പം കഴിയാനെന്ന് തിരക്കിയവരോട് ഞാന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല.

രോഗത്തെക്കുറിച്ച് ഞാനും കുടുംബാംഗങ്ങളും മൗനം പാലിച്ചു. രണ്ടു ചികിത്സാകാലയളവ് (Mental health section) കൂടി കഴിഞ്ഞു. എന്‍റെ മനസ് നിഷേധത്തില്‍ തുടര്‍ന്നു. ജോലിയിലുള്ള എന്‍റെ പ്രാഗത്ഭ്യം കുത്തനെ കുറഞ്ഞുവന്നു.

ഉന്നതങ്ങളില്‍ വിഹരിച്ചിരുന്ന ന്യൂറോ സര്‍ജനായ ഞാന്‍ ജനറല്‍ പ്രാക്ടീഷണറായി ഒതുങ്ങി. നിരന്തരമായി ഞാന്‍ പുകവലിച്ചു. വ്യായാമം തീരെയില്ലാതായി. കല്ലിനടിയില്‍ നിന്ന് ഇഴഞ്ഞുവന്ന ജന്തുവിനോടെന്നപോലെ മനോരോഗവിദഗ്ധര്‍ എന്നോട് പെരുമാറി. ഡോക്ടറെന്ന നിലയില്‍ 'തീവ്രവിഷാദമനോരോഗം' (Manic depressive psychotic illness) എന്നതുകൊണ്ട് അവര്‍ അര്‍ത്ഥമാക്കുന്നത് എന്തെന്ന് എനിക്കറിയാം എന്ന് അവര്‍ ഊഹിച്ചു. മരുന്ന് കൃത്യമായി കഴിക്കേണ്ടതിന്‍റെ ആവശ്യകത ഞാന്‍ മനസ്സിലാക്കുന്നുണ്ടെന്നും അവര്‍ ധരിച്ചു. എന്നാല്‍ രോഗിയായതോടെ ഞാന്‍ തകര്‍ന്ന ഒരു മനുഷ്യന്‍ മാത്രമായി മാറിയിരുന്നു. അവരുടെ പരിഹാസത്തിനു വിധേയയായ ഒരാള്‍.

എന്നിരിക്കിലും എന്‍റെ അവസ്ഥയ്ക്ക് ഒരു ഉത്തരമുണ്ടാകുമെന്ന് ഉള്ളിലൊരു വിശ്വാസം നിലനിന്നു. ശേഷകാലം മുഴുവന്‍ മരുന്നില്‍ കഴിയാനല്ല എന്‍റെ വിധി. രണ്ടു ചലച്ചിത്രങ്ങള്‍ എന്നില്‍ സ്വാധീനം ചെലുത്തി. സ്കിസോഫ്രേനിയ (Schi Zo Phrenia) ബാധിച്ച അന്താരാഷ്ട്ര പ്രശസ്തനായ പിയാനിസ്റ്റ് ഡേവിഡ് ഹെല്‍ഫ്ഗോട്ടിന്‍റെ (David Helfgot) അതിജീവനത്തിന്‍റെ കഥ പറയുന്ന 'ഷൈന്‍' (Shine) ആയിരുന്നു ആദ്യ ചിത്രം. നിരവധി വര്‍ഷങ്ങള്‍ മാനസികാശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് പുറത്തെത്തി പിയാനോ വായന തുടര്‍ന്നു.

റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ അദ്ദേഹം നടത്തിയ കച്ചേരിക്ക് മുന്‍നിര ഇരിപ്പിടങ്ങള്‍ മുഴവന്‍ സുഹൃത്തുക്കള്‍ക്കായി ഞാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു. അവാച്യമായ അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോയ കച്ചേരിക്കൊടുവില്‍ ആ അനുഗൃഹീത കലാകാരനെ അഭിനന്ദിക്കാന്‍ ആദ്യം എണീറ്റു നിന്നവരില്‍ ഞാനുമുണ്ടായിരുന്നു. മനോരോഗത്തിനു ശേഷവും ജീവിതമുണ്ടെന്ന് എനിക്ക് കാണിച്ചു തന്നത് ഡേവിഡ് ഹെല്‍ഫ്ഗോട്ടാണ്. പിടിച്ചു നില്‍ക്കാനുള്ള ധൈര്യമാണ് അതിന് ഏറ്റം ആവശ്യമെന്നും. ആ ചലച്ചിത്രം ഇന്നും എന്നെ കരയിക്കുന്നു.

പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ നാഷി (John Nash) ന്‍റെ ജീവിതം പറയുന്ന 'ബ്യൂട്ടിഫുള്‍ മൈന്‍ഡ്' (Beautiful Mind) ആയിരുന്നു രണ്ടാമത്തെ ചിത്രം. മനോരോഗിയുടെ 'മായക്കാഴ്ചകള്‍' (delusion) എന്തെന്ന് അതെനിക്ക് കാണിച്ചു തന്നു. ജോണ്‍ നാഷിന്‍റെ അനുഭവത്തില്‍ തന്‍റെ മുറി പാശ്ചാത്യലോകത്തിന്‍റെ സൈനിക ബുദ്ധികേന്ദ്രമാണ്. മറ്റുള്ളവര്‍ക്കോ ആകെ അലംകോലമായ ഒരു സാധാരണ മുറിയും. ഇരു ചിത്രങ്ങളും ശുഭപര്യവസായിയാണ്. സുന്ദരിയായ സ്ത്രീയുടെ സ്നേഹം നായകന്‍റെ രക്ഷക്കെത്തുന്നു. വേണ്ടപ്പെട്ടവരുടെ കരുത്തും പിന്തുണയും മടങ്ങിവരവിന് ഏറെ സഹായിക്കുമെന്ന വസ്തുത എനിക്ക് ബോധ്യമായി.

മൂന്നാമത്തെ മാനസികരോഗ ചികിത്സാ കാലയളവില്‍ (Mental health section) ഞാന്‍ കെന്‍റിലെ ബെത്ലേം റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞു. എനിക്ക് 'ഗുരുതരമായ ഒരു പ്രശ്നമുണ്ടെന്ന്' ആ ഘട്ടത്തില്‍ എനിക്ക് ബോധ്യമായി. ജീവിതത്തിലെ 18 മാസം ഞാന്‍ വിവിധ മാനസികരോഗ ആശുപത്രികളില്‍ കഴിഞ്ഞു. പഴയതുപോലെ ഇനി എനിക്ക് ജോലി ചെയ്യാന്‍ ആവില്ല. എനിക്ക് ഏകാഗ്രത നഷ്ടമായിരിക്കുന്നു. സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ എനിക്ക് പിടികിട്ടാതായിരിക്കുന്നു. ഡോക്ടര്‍ എന്ന നിലയില്‍ ഈ സാഹചര്യത്തില്‍ എനിക്ക് ഭാവിയില്ല. വിരുദ്ധ ധ്രുവ മാനസിക വ്യതിയാനം (bipolar disorder) എന്ന ഡോക്ടര്‍മാരുടെ വിധി ഒടുവില്‍ ഞാന്‍ അംഗീകരിച്ചു. ഞാന്‍ ശൂന്യതയിലേക്ക് വഴുതിവീണു.

എന്‍റെ തലച്ചോറ് എന്‍റെ അഭിമാനമായിരുന്നു. അനന്യമായ ചിന്താശേഷി എനിക്കുണ്ടായിരുന്നു. സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതെ തീരുമാനങ്ങളെടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. മാനസികരോഗം നിങ്ങളുടെ മര്‍മ്മത്തിലാണ് പക്ഷേ കൈവയ്ക്കുന്നത്. അത് നിങ്ങളുടെ വ്യക്തിത്വത്തെ തകര്‍ക്കുന്നു. നിങ്ങള്‍ ആരെന്ന് അല്‍പ്പംപോലും പരിഗണിക്കാതെ അശനിപാതമായി അതു പതിക്കുന്നു. നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകളെ തിരുത്തിയെഴുതുന്നു. അതിതീവ്ര വിഷാദരോഗം (Manic depression) അഥവാ വിരുദ്ധ ധ്രുവ മാനസികവ്യതിയാനം  (buipolan disorder) ഉള്ളവരില്‍ ആത്മഹത്യാ നിരക്ക് കൂടുതലാണ്. അതെന്നെയും കൊന്നേക്കാം. രണ്ടോ മൂന്നോ വര്‍ഷം നീണ്ടുനിന്ന വിഷാദത്തിലേക്ക് ഞാന്‍ ആണ്ടുമുങ്ങി. സുബോധത്തിന്‍റെ നിമിഷങ്ങളില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു.

അതിജീവനം
എനിക്ക് മനോനില വ്യതിയാനം (Mood Change) എന്ന രോഗം ഉണ്ടെന്ന സത്യം ഉള്‍ക്കൊണ്ടു എന്നതാണ് എന്‍റെ അതിജീവനത്തിന്‍റെ കാതല്‍.
മെഡിക്കല്‍ പ്രൊഫഷനിലേക്ക് ഞാന്‍ മടങ്ങിവരുമെന്ന് എന്‍റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കരുതിയിരുന്നില്ല. ന്യൂറോ സര്‍ജന്‍ എന്ന നിലയില്‍ പരിശീലനം തുടങ്ങിയ ഞാന്‍ അപകട അത്യാഹിത (Accidental and Emergency)വിഭാഗത്തിലേക്കും പിന്നെ ജനറല്‍ പ്രാക്ടീസിലേക്കും എത്തിപ്പെട്ടു. വിവാഹിതയായി, എങ്കിലും എന്‍റെ ദാമ്പത്യം പരാജയമായി. ഭര്‍ത്താവ് റിച്ചാര്‍ഡ് എനിക്ക് എല്ലാ പിന്തുണയും തന്നു. എന്‍റെ മാനസികാവസ്ഥ കണക്കിലെടുത്താല്‍ വലിയ തരക്കേടില്ലാത്ത ദാമ്പത്യം ഞങ്ങള്‍ നയിക്കുകയും ചെയ്തു. എന്നാല്‍ മാനസികരോഗം ചുറ്റുമുള്ളവരുടെ ജീവിതം എത്ര ദുരിത പൂര്‍ണ്ണാക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കി. സുന്ദരിയായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ റിച്ചാര്‍ഡിനെ ഉപദേശിച്ചത് തികഞ്ഞ സന്തോഷത്തോടുകൂടിത്തന്നെയായിരുന്നു. അപ്പോള്‍ ഞാന്‍? ഞാന്‍? ഞാനെന്‍റെ 'സ്വപ്നപുരുഷ' നൊപ്പം ജീവിക്കും. ഞങ്ങളൊന്നിച്ച് ചികിത്സാ സമ്പ്രദായം തിരുത്തിയെഴുതും. മനുഷ്യരുടെ മാനസിക (ശാരീരികവും) ആരോഗ്യം മെച്ചപ്പെടുത്തും! വിവാഹം എന്‍റെ വിഷാദത്തെ ഭേദമാക്കിയില്ല. ഞാന്‍ അങ്ങിനെ പ്രതീക്ഷിച്ചുമില്ല.

രോഗത്തെ അംഗീകരിക്കുക എന്നത് ആദ്യ ഘട്ടത്തില്‍ അനായാസമായിരുന്നില്ല. ജീവിതത്തിലെ പല യാഥാര്‍ത്ഥ്യങ്ങളും എന്നപോലെ അത് കഠിനമായിരുന്നു. നഷ്ടങ്ങള്‍ എനിക്ക് തീരാദുഃഖമായിരുന്നു. ശോഭനമായ തൊഴില്‍, ഭാവിയിലെ ഒരു നോബല്‍ സമ്മാനം, അപകട അത്യഹിത വിഭാഗത്തിലെങ്കിലും ഒരു ഉന്നതപദവി, ഒന്നുമില്ലെങ്കില്‍ ജനറല്‍ പ്രാക്ടീഷണര്‍ എന്ന നിലയില്‍ ഒരു താല്‍ക്കാലിക ജോലി - ഒന്നും നേടാനായില്ല. ആ യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുന്നു. എന്‍റെ രോഗം എന്ന സത്യത്തെ ഞാന്‍ സ്വീകരിക്കുന്നു.

രണ്ടാം ഘട്ടത്തിന് പക്ഷേ കുറച്ചു കാലമെടുത്തു. എങ്കിലും അതെനിക്ക് പ്രത്യാശ പകര്‍ന്നു. ഇതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കണം. അതിന് കുറഞ്ഞ പക്ഷം മരുന്ന് നിര്‍ത്തണം. പിന്നെ ശാന്തമായി, സ്വച്ഛമായി ജീവിക്കണം. വീണ്ടും രോഗമുണ്ടാകുമോ എന്ന ഭയത്താല്‍ കലുഷിതമായിരുന്നു ആ കാലഘട്ടം. ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. അലോസരപ്പെടുത്തുന്ന ഒന്നും ശ്രദ്ധിക്കാതിരിക്കാന്‍ ശ്രമിച്ചു. ഉച്ചത്തിലുള്ള സംഗീതം, സംഘര്‍ഷ ഭരിതമായ ചലച്ചിത്രങ്ങള്‍ ഒക്കെ ഒഴിവാക്കി. യൂറോപ്പിന് പുറത്തേക്ക് ഞാന്‍ യാത്ര ചെയ്തില്ല. പിന്നെ ഞാന്‍ പുകവലി ഒഴിവാക്കി. ഓടാന്‍ ആരംഭിച്ചു. വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bupolan disorder)ത്തെക്കുറിച്ച് കിട്ടാവുന്നത്രയും പുസ്തകങ്ങള്‍ സംഘടിപ്പിച്ച് വായിക്കാന്‍ തുടങ്ങി.

വിരുദ്ധ ധ്രുവ മാനസികവ്യതിയാനത്തെക്കുറിച്ച് എത്രമാത്രം കുറച്ചു കാര്യങ്ങളെ അറിവായിട്ടുള്ളു എന്നതാണ് എന്നെ ആദ്യം സ്പര്‍ശിച്ച ഘടകം. ലിഥിയം (Lithium)   എന്ന മരുന്ന് മാത്രമാണ് ഫലപ്രദമായ ചികിത്സാമാര്‍ഗ്ഗമായി വിശ്വസിച്ചിരുന്നത്. മനോനിലയിലെ വ്യതിയാനം ഒഴിവാക്കാന്‍ കാര്‍ബാമെസിപൈന്‍ (Carbamezipine) വാല്‍പൊറേറ്റ് (Valporate) ലാമോട്രിജൈന്‍ (Lamotrigine) തുടങ്ങിയ മരുന്നുകളും ഉപയോഗിച്ചിരുന്നു. ഇവയൊക്കെ എത്രമാത്രം ഫലപ്രദമാണെന്ന് ഉറപ്പുണ്ടായിരുന്നില്ല. വിഷാദരോഗ (depression) ത്തെക്കുറിച്ചും സ്കിസോഫ്രേനിയയെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും വിരുദ്ധ ധ്രുവ മാനസിക വ്യതിയാനത്തെക്കുറിച്ച് തീരെ കുറച്ചു മാത്രം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും അക്കാലത്ത് വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിന് മരുന്ന് മാത്രമായിരുന്നു ചികിത്സ.

ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഞാന്‍ ആഗ്രഹിച്ച ഉത്തരം എനിക്ക് കിട്ടിയില്ല. എനിക്കാവശ്യമായത് ഞാന്‍ മറ്റിടങ്ങളില്‍ തെരയേണ്ടിയിരിക്കുന്നു. 'മാനിക് ഡിപ്രഷന്‍ ഫെലോഷിപ്പില്‍' (തീവ്രവിഷാദരോഗികളുടെ കൂട്ടായ്മ പിന്നീട് ബൈപൊളാര്‍ ഓര്‍ഗനൈസേഷന്‍ എന്നറിയപ്പെടുന്നു) ഞാന്‍ പങ്കാളിയായി. ചില സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അതിന്‍റെ മേധാവി മേരി ഫുള്‍ഫോര്‍ഡ് (Mary Fulford) എനിക്ക് അവസരം തന്നു. എന്‍റെ സൈക്യാട്രിസ്റ്റും എന്നെ പ്രോത്സാഹിപ്പിച്ചു. പക്ഷേ 'ഇതൊരു തൊഴിലാക്കണ്ട' എന്ന മുന്നറിയിപ്പും തന്നു. ബൈപൊളാര്‍ ഓര്‍ഗനൈസേഷന്‍റെ 'സ്വയം കൈകാര്യം ചെയ്യല്‍ (Self Management programme) പരിശീലനത്തില്‍ ഞാന്‍ പങ്കെടുത്തു. ലിഥിയത്തിനുശേഷം വിരുദ്ധ ധ്രുവ മാനസികവ്യതിയാനം കൈകാര്യം ചെയ്യുന്നതിലുണ്ടായ ഏറ്റംവലിയ പുരോഗതി ഇതാണെന്ന് ഞാന്‍ കരുതുന്നു. ആ പരിശീനത്തിനിടയില്‍ എന്‍റെ തലയില്‍ ഒരു വെളിച്ചം മിന്നിത്തെളിഞ്ഞു. എന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞാല്‍ ഈ മാനസിക നിലയെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
അപ്പോള്‍ അതാണ് ആദ്യപടി. എനിക്ക് എന്ത് അനുഭവപ്പെടുന്നു എന്നറിയുക.
ബൈപോളാര്‍ ഓര്‍ഗനൈസേഷന്‍ ഒരു മനോനിലപ്പട്ടിക (Mood chart) തയ്യാറാക്കിയിരുന്നു. ഒരു പ്രത്യേക കാലയളവില്‍ നിങ്ങളുടെ മനോനില എങ്ങിനെയായിരുന്നുവെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു. ജീവിതം അത്ര ലളിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഞാന്‍ ദിനസരിക്കുറിപ്പുകള്‍ (ഡയറി) എഴുതാന്‍ തുടങ്ങി. എന്നില്‍ എത്രമാത്രം ഊര്‍ജ്ജമുണ്ട്, എത്രമാത്രം പ്രസന്നത അല്ലെങ്കില്‍ വിഷാദം എനിക്ക് അനുഭവപ്പെടുന്നു, ഞാന്‍ എങ്ങനെ സമയം ചെലവഴിക്കുന്നു, എത്രമാത്രം ഉറങ്ങുന്നു, ഞാന്‍ എവിടെയാണ്, ആരോട് എത്രനേരം സംസാരിക്കുന്നു, എത്രനേരം എനിക്ക് ഏകാഗ്രത പാലിക്കാന്‍ കഴിയുന്നു, ഓരോ ദിവസവും എനിക്ക് എന്ത് സംഭവിക്കുന്നു എന്നൊക്കെ ഞാന്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. തുടക്കത്തില്‍ എനിക്ക് എന്ത് സംഭവിച്ചുവെന്നും അതെങ്ങിനെ എനിക്ക് അനുഭവപ്പെട്ടെന്നും രേഖപ്പെടുത്തുന്നതിനാണ് ദിവസത്തിന്‍റെ കൂടുതല്‍ സമയവും ഞാന്‍ ചെലവഴിച്ചത്. ഓരോ ദിവസവും നിരവധി കടലാസുകള്‍ ഞാന്‍ എഴുതിക്കൂട്ടി. 'എത്ര നല്ലവരായിരുന്നു എന്‍റെ മാതാപിതാക്കള്‍, എത്ര മോശമായിരുന്നു എന്‍റെ ജീവിതം, ഇന്നെന്താണ് ടെലിവിഷനില്‍ കണ്ടത്, ഏതു പാട്ടാണ് കേട്ടത്, അത് എന്നില്‍ എന്തു പ്രതിഫലനമാണുണ്ടാക്കിയത്...

എന്‍റെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ നിരവധി നോവലുകള്‍, ചെറുകഥകള്‍, കുറിപ്പുകള്‍ എഴുതി. ബൈപ്പോളാര്‍ ഓര്‍ഗനൈസേഷന്‍റെ മുഖപത്രം പെന്‍ഡുലത്തില്‍ വിരുദ്ധധ്രുവ മാനസിക വ്യതിയാനത്തെക്കുറിച്ച് നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സ്ഥിരംപംക്തി എഴുതി. ഡോക്ടേഴ്സ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് രൂപീകരിച്ചു. ധാരാളം പേരോട് സംസാരിച്ചു. വിരുന്നുകള്‍ നടത്തി. എഴുതി. ആ ഘട്ടത്തില്‍ എന്‍റെ ജീവിതത്തെ വിലയിരുത്താന്‍ എനിക്ക് ധൈര്യം ലഭിച്ചു. ഞാന്‍ ആഗ്രഹിക്കുന്നതൊക്കെ ചെയ്യാന്‍ എനിക്ക് കഴിയുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

ആദ്യമൊന്നും എനിക്ക് കാര്യമായ പ്രതിഫലം ലഭിക്കുന്നുണ്ടായിരുന്നില്ല. സാവകാശം ശമ്പളമുള്ള ജോലിയിലേക്ക് ഞാന്‍ തിരിഞ്ഞു. ഒക്യുപ്പേഷണല്‍ ഹെല്‍ത്തില്‍ ഞാന്‍ ജനറല്‍ പ്രാക്ടീസ് തുടങ്ങി.

ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ എനിക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്ന് മാസങ്ങളോളം രേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ വൈകാരിക അനുഭവം എന്തെന്ന ബോധ്യം (Sense of feeling) എനിക്കുണ്ടായിത്തുടങ്ങി. തങ്ങള്‍ക്ക് എന്ത് അനുഭവപ്പെടുന്നു എന്ന് ഉത്തമബോധ്യമുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഇതൊരു വെളിപാടാണ്.

എന്‍റെ പ്രവൃത്തികളും എന്‍റെ മനോവികാരങ്ങളും തമ്മിലുള്ള ബന്ധം ഞാന്‍ മനസ്സിലാക്കിത്തുടങ്ങി. നാം ചെയ്യുന്ന പ്രവര്‍ത്തികളോ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളോ നമ്മില്‍ ഉളവാക്കുന്ന വൈകാരിക ഊര്‍ജ്ജവും അത് നമുക്ക് എത്രമാത്രം പ്രസാദാത്മകമായി അഥവാ നിഷേധാത്മകമായി അനുഭവപ്പെടുന്നു എന്നതുമാണ് മനോനിലയുടെ മുഖ്യഘടകമെന്ന് ഞാന്‍ കണ്ടെത്തി. അധികമദ്യം എനിക്ക് 'ഹാങ്ങ്ഓവര്‍' മാത്രമല്ല വിഷാദവും സമ്മാനിക്കുന്നു. ചീത്തവാര്‍ത്തകള്‍ ഉല്‍ക്കണ്ഠയുളവാക്കുന്നു. നല്ല വാര്‍ത്തകള്‍ പ്രസാദാത്മകത സമ്മാനിക്കുന്നു. താമസിക്കുന്ന ഫ്ളാറ്റ് അലങ്കരിക്കുക മനസിനെ ഉത്സാഹഭരിതമാക്കുന്നു. നീന്തല്‍ പൊലുള്ള വ്യായാമങ്ങള്‍ ഏറെ ഉന്മേഷം പകരുന്നു. ഈ ഉള്‍ക്കാഴ്ചയില്‍ നിന്നാണ് ഞാന്‍ മനോഭാവ ചിത്രണം (Mood Mapping) രൂപപ്പെടുത്തുന്നത്. എന്‍റെ മനോനിലയെ സ്വാധീനിക്കുന്ന എല്ലാറ്റിനേയുംകുറിച്ച് രേഖപ്പെടുത്തുകയും എന്‍റെ മനോനില ഒരു മാപ്പില്‍ ചിത്രീകരിക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ മനോനിലക്ക് ആധാരമായ അഞ്ച് ഘടകങ്ങള്‍ എനിക്ക് മുന്നില്‍ തെളിഞ്ഞു വന്നു.

(തുടരും)

ലിസ് മില്ലര്‍ (എലിസബത്ത് സിന്‍ക്ലെയര്‍ മില്ലര്‍) ജനനം - 1957 ഫെബ്രുവരി 27. ബ്രിട്ടീഷ് ഫിസിഷ്യനും സര്‍ജനുമായ ലിസ് മില്ലര്‍ മാനസികാരോഗ്യം സംബന്ധിച്ച തീവ്രനിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായി. ഇംഗ്ലണ്ടിലെ ബെഡ് ഫോര്‍ഡില്‍ ജനിച്ച ലിസ് മില്ലര്‍ ലണ്ടനിലെ കിങ്ങ്സ് കോളേജില്‍ നിന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ മെഡിക്കല്‍ ബിരുദമെടുത്തു. ന്യൂറോ സര്‍ജനായി പ്രാക്ടീസ് തുടങ്ങി. തൊഴിലിലും അക്കാദമിക് രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചെങ്കിലും വിരുദ്ധധ്രുവ മാനസിക തകരാര്‍ (bipolar disorder) അഥവാ തീവ്രവിഷാദരോഗം (Manic depression) ബാധിച്ചതിനാല്‍ പ്രാക്ടീസ് തുടരാന്‍ കഴിഞ്ഞില്ല. വിഷാദരോഗത്തില്‍ നിന്ന് വിമുക്തി നേടുന്നതിനായി സ്വയം രൂപപ്പെടുത്തിയ മനോനില ചിത്രണത്തിലൂടെ (Mood Mapping) ആയിരക്കണക്കിന് വിഷാദരോഗികള്‍ക്ക് പ്രത്യാശ പകര്‍ന്നു. 2006 ല്‍ 'സീക്രട്ട് ലൈഫ് ഓഫ് മാനിക് ഡിപ്രസീവ്' (Secret life of Manic depressive) എന്ന ഡോക്യുമെന്‍ററിയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 2008 ല്‍ മൈന്‍ഡ് ചാമ്പ്യന്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് ജനകീയ തെരഞ്ഞെടുപ്പിലൂടെ അര്‍ഹയായി. 2009 ല്‍ ആദ്യ പുസ്തകം മൂഡ് മാപ്പിങ്ങ് (Mood Mapping) പ്രസിദ്ധപ്പെടുത്തി.

ഡേവിഡ് ഹെല്‍ഫ്ഗോട്ട് (Devid Helfgot) ഓസ്ട്രേലിയക്കാരനായ പിയാനിസ്റ്റ്. മെല്‍ബണില്‍ ജനിച്ച ഡേഡിവ് ഹെല്‍ഫ്ഹോട്ട് ലണ്ടനില്‍ പിയാനിസ്റ്റായി പേരെടുത്തു. പിന്നീട് സ്കിസോഫ്രേനിയക്ക് അടിമയായി. മാനസികാരോഗ്യാശുപത്രിയില്‍ അടക്കപ്പെട്ടു. ഓസ്കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷൈന്‍ (Shine) ഡേവിഡ് ഹെല്‍ഫ്ഗോട്ടിന്‍റെ അതിജീവനത്തിന്‍റെ കഥയാണ്.

ജോണ്‍ നാഷ് (ജോണ്‍ ഫോബ്സ് നാഷ് ജൂണിയര്‍ John Forbes Nash Jr)നവും ഗണിതശാസ്ത്രത്തില്‍ ആബേല്‍ പുരസ്കാരവും നേടിയ ഏക വ്യക്തി. ജീവിതകാലം മുഴുവന്‍ സ്കിസോഫ്രേനിയ രോഗിയായിരുന്ന നാഷിന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്ന എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന ജീവചരിത്രം അതേപേരില്‍ ചലച്ചിത്രമായി.

You can share this post!

ഹൃദയനിക്ഷേപം

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ആരാധനയുടെ ആന്തരികത

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts