news-details
മറ്റുലേഖനങ്ങൾ

ഒരു നോര്‍ത്ത് അമേരിക്കന്‍ തെരുവ് ഗാഥ

 ലോകത്തിലെ ഏറ്റവും മനോഹരവും,സമ്പന്നവു മായ രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.ഇന്ന് കുടിയേറ്റക്കാരുടെ പറുദീസയായിട്ടാണ് ഈ രാജ്യത്തെ കണക്കാക്കുന്നത്.അമേരിക്കയുടെ സാമീപ്യവും, അതേ ഭൂപ്രകൃതിയും കാനഡയെ മറ്റു രാജ്യക്കാര്‍ക്ക് പ്രിയ ഭൂമിയാക്കുന്നു.ഇന്ത്യയുടെ മൂന്നര ഇരട്ടി വലുപ്പവും, ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്‍റെ അത്രയും മാത്രം ജന സംഖ്യയുമുള്ള ഈ രാജ്യത്തിന്‍റെ ഏതാണ്ട് പത്തു ശതമാനം പ്രദേശത്ത് മാത്രമേ ജനവാസം ഉള്ളു.

 ഒരു നോര്‍ത്ത് അമേരിക്കന്‍ തെരുവ് ഗാഥ

 സാംസ്ക്കാരികമായും,സാമ്പത്തികമായും   വൈരുധ്യങ്ങളുടെ ആക തുകയാണ് ഈ രാജ്യം.ഈ സുന്ദരഭൂമിയില്‍  ഒരു മൂന്നാം കിട രാജ്യത്തെ പൗരനെ പോലെ ജീവിക്കേണ്ടി വരുന്ന ചിലരുണ്ട്. എല്ലാം നഷ്ട്പ്പെട്ട മണ്ണിന്‍റെ മക്കളാണ് ഒരുകൂട്ടര്‍.   നോര്‍ത്ത് അമേരിക്കന്‍ ആദിവാസികളെ  (റെഡ് ഇന്ത്യന്‍സ് ) ആക്രമിച്ചു കിഴടക്കിയും, വസുരി, കോളറ പോലുള്ള രോഗങ്ങള്‍  പരത്തി, അവരെ കൂട്ടത്തോടെ നശിപ്പിച്ചുമാണ്, അമേരിക്കയും, കാനഡയും  യുറോപ്പ്യന്‍ അധിനിവേശകര്‍  തങ്ങളുടെ കീഴിലാക്കിയത്. അന്ന് വെള്ളക്കാര്‍ വിതറിയ മഹാദുരിതത്തിന്‍റെ ഫലം ഇപ്പോഴും ആദിവാസി  സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നല്ലൊരു പങ്ക് ഗോത്ര വര്‍ഗക്കാരും അധിനിവേശത്തിന്‍റെ കുത്തൊഴുക്കില്‍ ഇല്ലെന്നായി. ആദിവാസികള്‍ക്ക് ഗവണ്‍മെന്‍റ് എല്ലാ മാസവും പണം നല്‍കും. അതിനാല്‍  തന്നെ അവര്‍ അലസരും, പഠനത്തില്‍ താല്‍പ്പര്യം ഇല്ലാത്തവരും, ലഹരി പ്രിയരുമായി തെരുവില്‍  അലയുകയാണ് പതിവ്. പുതിയ യുഗത്തിന്‍റെയും, സംസ്കാരത്തിന്‍റെയും, നാഗരികത യുടെയും സമവാക്യങ്ങളെ സ്വീകരിക്കുവാന്‍ കൂട്ടാക്കാത്തവരായി ഗോത്രവര്‍ക്കാര്‍ വെറുതെ കിട്ടുന്ന പണത്തിന്‍റെ തണലില്‍ ജീര്‍ണിച്ചില്ലാതായി. മുഖ്യ ധാരയില്‍  യാഥാര്‍ത്ഥ നോര്‍ത്ത് അമേരിക്കക്കാര്‍ തുലാം വിരളമാണ്. ഇവര്‍  കൂടുതലായി ഉള്ള പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും നമ്മള്‍ വീടുകള്‍ തുറന്നിട്ടാല്‍ അവര്‍ വീടുകളില്‍  കയറി കിടക്കും.. ഇവരുടെ കാര്യത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ താല്‍പ്പര്യമില്ലാത്ത പോലീസ് ഇവര്‍ക്കെതിരെ കേസടുക്കുവാനും പൊതുവെ തയ്യാറാകാറില്ല. എന്നാല്‍ സ്വന്തമായി  തിരിച്ചറിയല്‍ രേഖ പോലും ഇല്ലാത്തതിനാല്‍ ഒരു സഹായവും ഗവര്‍മെന്‍റില്‍ നിന്നും ലഭിക്കാത്ത ആയിരങ്ങള്‍ തെരുവില്‍ അലയുന്നുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ ലഹരിക്ക് അടിമയായവരും, ബലാല്‍സംഗം ചെയ്യപ്പെട്ടവരും, അനാഥരും, എയ്ഡ്സ്  രോഗികളും, മാനസിക രോഗികളുമായ അനേകം യാചകരെ ഇവിടെ കാണാം മണ്ണിന്‍റെ അല്‍പ്പം ചരിത്രം

കാനഡയിലെ ഫെഡറല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സമ്പ്രദായം 1870 കളുടെ മധ്യത്തില്‍ ആരംഭിച്ചു.  അതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, ആദിവാസി കുട്ടികളെ അവരുടെ കുടില്‍ സംസ്ക്കാരത്തിലുള്ള പഠനശാലകളില്‍ നിന്ന്  മോചിപ്പിക്കുകയായിരുന്നു. ആദിവാസി  കുട്ടികളെ  'പരിഷ്കൃത സാഹചര്യങ്ങളുടെ സര്‍ക്കിളിനുള്ളില്‍' എത്തിക്കുക.  ചില ക്രിസ്ത്യന്‍ മതവിഭാഗങ്ങളാണ് ഈ സ്കൂളുകള്‍ തുടങ്ങിയത്.

കാനഡയിലെ 150,000 ആദിവാസി കുട്ടികളില്‍ മൂവായിരത്തിലധികം പേരാണ് ഇത്തരത്തിലുള്ള  റെസിഡന്‍ഷ്യല്‍ സ്കൂള്‍ സമ്പ്രദായത്തില്‍  ഏതാണ്ട് മുപ്പതു വര്‍ഷം  കൊണ്ട് മരിച്ചത്,  സര്‍ക്കാര്‍  നടത്തിയ  അന്വേഷണത്തിലാണ്  ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്. കൂടുതല്‍ രേഖകള്‍ വെളിച്ചത്തുവരുമ്പോള്‍ മരണസംഖ്യ ഉയരുമെന്ന് കരുതുന്നു. സ്വദേശി കുട്ടികളുടെ മരണത്തിന് പ്രധാന കാരണം  ടിബി പോലെയുള്ള രോഗങ്ങളാണ് ഒപ്പം  പോഷകാഹാരക്കുറവ്, തീ, മുങ്ങിമരണം, ആത്മഹത്യ, അക്രമം തുടങ്ങിയവയും മരണത്തിനു കാരണമാകുന്നു.

നിരവധി കുട്ടികള്‍ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു, തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ സ്കൂളുകളില്‍ നിന്ന് പലായനം ചെയ്തു  ധ്രുവ പ്രദേശത്തെ അതിശൈത്യത്തില്‍  മരിക്കുകയോ ചെയ്തു വിദ്യാര്‍ത്ഥികളുടെ മരണം റെസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തിന്‍റെ ഒരു ഭാഗമായിരുന്നു, പല സ്കൂളുകളുടെയും  കൂടെ മുന്‍കൂട്ടി ശ്മശാനങ്ങള്‍ തയ്യാറാക്കിയിരുന്നു. മരിച്ചവരില്‍ കുറഞ്ഞത് 500 ഇരകളെങ്കിലും അജ്ഞാതരായി തുടരുന്നു. കാരണം അവരുടെ മരണം റിപ്പോര്‍ട്ട് ചെയ്യരുത് എന്നൊരു നയപരമായ തീരുമാനം ഉണ്ടായിരുന്നു.

പരമ്പരാഗത വിദ്യാഭ്യാസം തടസ്സപ്പെടുത്തി ക്കൊണ്ട് ആദിവാസികളെ "നാഗരികരാക്കുക" എന്ന ഫെഡറല്‍ നയപ്രകാരം തദ്ദേശീയരായ കുട്ടികള്‍ ഈ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ചേരാന്‍ നിര്‍ബന്ധിതരായി. ഇത് ആദിവാസികളുടെ  പ്രാദേശിക ഭാഷകളും സാംസ്കാരിക സ്വത്വങ്ങളും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു. നോവ സ്കോഷ്യ  പോലുള്ള പ്രവിശ്യകളില്‍ ഈ സാംസ്കാരിക വംശഹത്യ ഇപ്പോഴും നടക്കുന്നുണ്ട്. അവിടെ 25 വര്‍ഷം മുമ്പ്വരെ മുതിര്‍ന്ന മിക്മാക് സ്വദേശികള്‍ പോലും ചെണ്ട സമ്മേളനങ്ങളില്‍  ഒത്തുകൂടുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു.

ഇപ്പോഴും ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ കാനഡയിലെ ഗോത്ര വര്‍ഗ്ഗക്കാരാണ്. ജയിലില്‍ നിന്ന് മടങ്ങുന്നവര്‍ വീണ്ടും തെറ്റുകളിലേക്ക് നീങ്ങുന്നു.ആത്മഹത്യ, മദ്യപാനം, കഞ്ചാവിന്‍റെ ഉപയോഗം,തൊഴിലില്ലായ്മാ, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടരുടെ ഇടയില്‍ ഇപ്പോഴും വളരെ കൂടുതലാണ്.

നഗരത്തിന്‍റെ മങ്ങിയ ചിത്രം

കാനഡയിലെ ഏറ്റവും മനോഹരവും,ജീവിത യോഗ്യമായ കാലാവസ്ഥയും ഉള്ള നഗരമാണ് ബ്രിട്ടീഷ് കൊളമ്പിയ എന്ന പ്രവിശ്യയിലെ വാന്‍കൂവര്‍. വാന്‍കൂവര്‍ ഡൌണ്‍ ടൗണിന്‍റെ (നഗര കേന്ദ്രം) വാതായനമാണ് മെയിന്‍ സ്റ്റ്രീറ്റ് സ്കൈ ട്രെയിന്‍ സ്റ്റേഷന്‍. ഇവിടുത്തെ പൊതു ഗതാഗത  ബസ്സിലെ യാത്ര വളരെ വിരസമാണ്. ബസ്സുകള്‍ അക്ഷരാര്‍ഥത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. മുപ്പതു മുതല്‍ നാല്‍പ്പതു കിലോമീറ്റര്‍ വരെ മാത്രമാണ് ബസ്സിന്‍റെ വേഗത. ഓരോ നൂറുമീറ്ററിലും ബസ് സ്റ്റോപ്പുകള്‍. ഇതിനിടയില്‍ ട്രാഫിക് ലൈറ്റുകള്‍. പ്രായമുള്ളവര്‍ക്കൊ, അംഗ വൈകല്യമുള്ളവര്‍ക്കോ   വേണ്ടി എത്ര നേരം വേണമെങ്കിലും വണ്ടി നിര്‍ത്തി  ഇടും. ഇടയ്ക്കു അല്‍പ്പം വേഗത കൂടി പോയി എന്ന് തോന്നിയത് കൊണ്ടോ, ഡ്രൈവര്‍ക്ക് കാപ്പി കുടിക്കണം എന്ന് തോന്നിയത് കൊണ്ടോ ഒക്കെ വണ്ടി നിര്‍ത്തി ഇടുന്നത് കൂടിയാകുമ്പോള്‍  ഈ ഇഴഞ്ഞു നീക്കം അസഹനീയം  തന്നെ. ഏഴ് കിലോമീറ്റര്‍ യാത്ര ചെയ്യുവാന്‍ ഏതാണ്ട് നാല്‍പ്പത് മിനുട്ട് വരെ  വേണ്ടി വരും.

തെരുവ് ജീവിതം

വാന്‍കൂവര്‍ ഡൗണ്‍ ടൗണിന്‍റെ പ്രധാനപെട്ട ഒരു തെരുവ്  ആണ് ഹേസ്റ്റിങ് സ്ട്രീറ്റ്. മഴ പെയ്തു കൊണ്ടിരിക്കുന്ന ഒരു ദിനമാണ് ഞാന്‍ ആദ്യമായി ഈ സ്ട്രീറ്റിലുടെ കടന്നു പോകുന്നത്..ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉള്ള മനസ്സ് മടുപ്പിക്കുന്ന കാഴ്ചകള്‍ ഇവി ടെയും കാണുവാന്‍ സാധിക്കും. യാതൊരു അറ്റകുറ്റ പണികളും നടത്താത്ത ചില ഹോട്ടല്‍ കെട്ടിടങ്ങള്‍. പൊട്ടി പൊളിഞ്ഞ ജനലുകളും, കീറിയ കര്‍ട്ടനുകളും, വൃത്തി ഹീനമായ ഭിത്തികളും എന്നെ എം. മുകുന്ദന്‍റെ ദല്‍ഹി എന്ന നോവലിനെ  ഓര്‍മിപ്പിച്ചു .ഇവിടുത്തെ തെരുവിന്‍റെ ഓരത്തെ നടപ്പാതകളില്‍ തിരക്ക് വളരെ കൂടുതലാണ്.

ഭവനരഹിതരായ അനേകമാളുകളുടെ സങ്കേതമാണ് ഈ നടപ്പാതകള്‍. കാനഡയിലെ തന്നെ ഏറ്റവും അധികം ഭവന ഹിതരെ കാണുവാന്‍ സാധിക്കുനത് ഒരു പക്ഷെ ഇവിടെ ആയിരിക്കും.ഭവന രഹിതരില്‍ കൂടുതലും ആദി വാസികള്‍ ആണ് (ഫസ്റ്റ് നേഷന്‍സ്).. ഇവരെ കൂടാതെ തെരുവില്‍ അലയുന്നവരില്‍ വെള്ളക്കാരും ഉണ്ട്. ഇവരില്‍ സ്ത്രികളും, പുരുഷന്മാരും, ചെറുപ്പക്കാരും അതി സുന്ദരികളും, സുന്ദരന്മാരും എല്ലാം ഉണ്ട്.  ചിലര്‍ വഴിയില്‍  തുണി വിരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നു. ചിലര്‍  ഒരു പായ്ക്കറ്റ് സിഗരറ്റു വാങ്ങി ഓരോ സിഗരറ്റും ചില്ലറ വില്‍പ്പന നടത്തുന്നു. ചിലര്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നു. ഇനിയും ചിലര്‍  മയക്കു മരുന്ന് വില്‍ക്കുന്നു. വെയിസ്റ്റ് ബിന്നുകളില്‍ പരതി ഭക്ഷണം കണ്ടെടുത്തു കഴിക്കുന്നവരെയും കാണാം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. കോടികണക്കിന് മുഴു പട്ടിണിക്കാരുടെ രാജ്യമായ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഈ കാഴ്ചകള്‍ ഒരു വികാരവും ഉണ്ടാക്കരുതാത്തതാണ്. എന്നാല്‍ കൊടും തണുപ്പത്ത്, ചന്നംപിന്നം പെയ്യുന്ന മഴയില്‍, തെരുവില്‍  പനി പിടിച്ചു, നായ്ക്കളെ പോലെ വിറങ്ങലിച്ചു കിടക്കുന്ന മനുഷ്യരെ കാണുമ്പോള്‍ മനസ്സ്  വല്ലാതെ നോവാറുണ്ട്. പ്രത്യേകിച്ചു ഇവര്‍ കിടക്കുന്നത് സമ്പന്നതയുടെയും, കൊള്ള ലാഭങ്ങളുടെയും പ്രതീകമായ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആസ്ഥാനങ്ങളുടെയും ബാങ്കുകളുടെയും അംബര ചുംബി കളായ കെട്ടിടങ്ങളുടെയും മുന്‍പില്‍ ആകുമ്പോള്‍. ഇവര്‍ എങ്ങനെ അനാഥരായി? എന്താണ് ഇവരുടെ ജീവിത്തില്‍ സംഭവിച്ചത്? ഇപ്രകാരം തെരുവില്‍  അലയുന്ന പലരും ഈ അവസ്ഥയില്‍  ആയതിന് പിന്നില്‍ പല ദുരന്തകഥകളും  ഉണ്ട്.

കെട്ടുറപ്പില്ലാത്ത കുടുംബങ്ങളുടെയും, ലൈംഗിക അരാജകത്വതിന്‍റെയും ഫലമായി തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നവരാണ് ഒരു കൂട്ടര്‍. നല്ല വിദ്യാഭ്യാസവും, ജോലിയും, ഉണ്ടായിട്ടും പെട്ടെന്ന് ജോലി നഷ്ട്പ്പെടുകയും, കടഭാരം മൂലം ജീവിതം നശിക്കുകയും ചെയ്ത മറ്റൊരു  കൂട്ടര്‍, നല്ല കുടുംബത്തില്‍ ജനിച്ചിട്ടും വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി  വാദിച്ച്, പഠനം ഉപേക്ഷിച്ച്, മദ്യത്തിനും മറ്റു ലഹരികള്‍ക്കും അടിമകളായി എല്ലാം നശിച്ചു തെരുവില്‍ എത്തിയ മറ്റു ചിലര്‍..

സമ്പന്ന തയുടെ വിരി മാറില്‍ ഈ ആട് ജീവിതങ്ങള്‍ ആരും കാണുന്നില്ലേ? വാന്‍കൂവറിലെ വെസ്ററ് ഹേസ്റ്റിങ്സ്  തെരുവില്‍  സര്‍ക്കാര്‍ വക ഒരു ലഹരി വിമോചന കേന്ദ്രം  (ഡി അഡിക്ഷന്‍ സെന്‍റ്റര്‍) ഉണ്ട്. മയക്കു മരുന്നിന് അടിമകളായ അനേകമാളുകള്‍ ഈ സ്ഥാപനത്തിന് ചുറ്റും എപ്പോഴുംമുണ്ടാകും. ലഹരി മരുന്ന് കിട്ടാതെ  വരുമ്പോള്‍ ഉണ്ടാകുന്ന ഭികരമായ അവസ്ഥയില്‍  (withdrawal symptom) നിന്ന് രക്ഷ നേടാന്‍ ചെറിയ അളവില്‍ ഇവിടെ നിന്ന് തന്നെ മയക്കു മരുന്നും ലഭിക്കും. ഇവരെ പുനഃ രധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍  പര്യാപ്തമല്ല.. വികസനത്തി ന്‍റെയും, നഗരത്തിന്‍റെ മനോഹാരിതയുടെയും, കോര്‍പ്പറേറ്റ് ലാഭങ്ങളുടെയും കണക്കുകള്‍ നിരത്തുമ്പോള്‍ ഈ തെരുവിന്‍റെ മക്കളെ വിസ്മരിക്കുവാനാണ് പലര്‍ക്കും താല്‍പ്പര്യം.

യാചകനെ സഹായിക്കുന്ന കോമള യുവാവ്.

 ആളുകള്‍ വന്നു പോകുന്ന പല സ്ഥലങ്ങളിലും യാചകരെ കാണാം. ഒരു യാചന ബോര്‍ഡ്  എഴുതി വച്ച് പുതച്ചു മൂടി ഇരുന്നോ, കിടന്നോ  ആണ് യാചകര്‍ പൊതുവെ ഭിക്ഷ യാചിക്കാറുള്ളത്. ഇവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്നുണ്ടെങ്കിലും എനിക്ക് അത്ര ധൈര്യം തോന്നിയിട്ടില്ല. ഒരിക്കല്‍ ഒരു സ്കൈ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് തണുപ്പത്ത് പുതച്ച് മൂടി കിടക്കുന്ന ഒരു യാചകന് ഒരു യുവാവ് തന്‍റെ ബാഗ് തുറന്നു ഒരു സാന്‍വിച്ച്  കൊടുക്കുന്നു. എനിക്ക് ആ യുവാവിനോട് വളരെ  ബഹുമാനം തോന്നി. ഞാന്‍ അവിടെ തന്നെ നിന്ന് അത് വീക്ഷിച്ചു. 

കുറച്ചു കഴിഞ്ഞ് ആ യുവാവ് തന്‍റെ ബാഗ് തുറന്ന് ഒരു സിറിഞ്ച് എടുത്ത് ആ മനുഷ്യന് കൊടുക്കുന്നു. അയാള്‍ സ്വയം അത് തന്‍റെ കൈത്തണ്ടയില്‍  ഇഞ്ചെക്ട്ടു ചെയ്യുന്നു. യാചകന്‍ തനിക്കു ലഭിച്ച നാണയ തുട്ടുകള്‍ യുവാവിന് പ്രതി ഫലമായി നല്‍കുന്നു. ആയിരകണക്കിന് ആളുകള്‍ ഓരോ മണിക്കൂറിലും വന്നു പോകുന്ന ഒരു റെയില്‍വേ സ്റ്റേഷനില്‍ ആണ് ഈ മയക്കു മരുന്ന് വ്യാപാരം. സമ്പന്നതയുടെയും, സാംസ്ക്കാരിക ഉന്നതിയുടെയും ആഡംബര തീവണ്ടിയിലെ മൂന്നാം തരം യാത്രക്കാരുടെ തുടര്‍കഥകള്‍  അവസാനിക്കു ന്നില്ല.

You can share this post!

ഹൃദയനിക്ഷേപം

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ആരാധനയുടെ ആന്തരികത

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts