news-details
ധ്യാനം

 ആദ്യത്തെ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണിയേശുവിനെത്തേടി കിഴക്കന്‍ ദിക്കില്‍ നിന്നും വന്ന ജ്ഞാനികളെപ്പറ്റ ബൈബിളില്‍ പറയുന്നുണ്ട്. അവരുടെ പ്രത്യേകതകളെപ്പറ്റി ഈ ക്രിസ്തുമസ് നാളുകളില്‍ നമുക്കു ധ്യാനിക്കാം. ദൈവത്തെ അന്വേഷിച്ച് ഇറങ്ങിയവരാണ് ജ്ഞാനികള്‍. യഥാര്‍ത്ഥജ്ഞാനി ദൈവാന്വേഷകനായിരിക്കണം. എന്തെല്ലാം പ്രതിസന്ധികളും എതിര്‍പ്പുകളുമുണ്ടായാലും അതിനെയെല്ലാം തരണം ചെയ്തു മുന്നേറുവാനുളള മനക്കരുത്ത് ഉള്ളവനാണ് ജ്ഞാനി. ദൈവം നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചുകൊണ്ടുള്ള ഒരു യാത്രയാണത്. അടയാളങ്ങള്‍ തിരിച്ചറിയണം. നമ്മുടെ അനുദിനജീവിതത്തില്‍ ദൈവം നല്‍കുന്ന നിരവധിയായ അടയാളങ്ങളുണ്ട്. രോഗം, സഹനം, തകര്‍ച്ചകള്‍ എന്നിവയെല്ലാം ദൈവം നല്‍കുന്ന അടയാളങ്ങളാണ്. അവയെ തിരിച്ചറിയുവാന്‍ നമുക്കു കഴിയുന്നുണ്ടോ? ഓരോ ദിവസവും വ്യത്യസ്തങ്ങളായ അടയാളങ്ങളിലൂടെ ദൈവം സംസാരിക്കും. വ്യക്തികളും, സംഭവങ്ങളുമെല്ലാം ദൈവം നമുക്കു തരുന്ന അടയാളങ്ങളാണ്. അവയെ ധ്യാനിച്ചും വ്യാഖ്യാനിച്ചും നാം മുന്നേറണം.

അറിഞ്ഞ ദൈവത്തെ ആരാധിക്കുന്നവനും, ആ ആരാധനയ്ക്കായി പുറപ്പെടുവാനും ജ്ഞാനികള്‍ തയ്യാറായി. സത്യദൈവത്തെ അറിഞ്ഞവന് പിന്നെ തിരിഞ്ഞുനോട്ടമില്ല. എന്തുവിലകൊടുത്തും ആ ദൈവത്തെ ആരാധിക്കാനും സുരക്ഷതത്വത്തിന്‍റെ കോട്ടകളില്‍ നിന്നും അവന്‍ പുറപ്പെടണം. പുറപ്പാടില്‍ ഒരു സാഹസികതയുണ്ട്. ആ സാഹസികത ഏറ്റെടുക്കുവാന്‍ അവന്‍ തയ്യാറാകണം. ദൈവത്തെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നവന്‍ സന്തുഷ്ടനായിത്തീരും. ദൈവത്തെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവന്‍ അസ്വസ്ഥനായിരിക്കും. അറിവിനെ ആയുധമാക്കി ദൈവപുത്രനെ വധിക്കുവാന്‍ ശ്രമിച്ച ഹേറോദേസു അസ്വസ്ഥനായി, ദൈവത്തെ അറിഞ്ഞിട്ടും പലപല സ്വാര്‍ത്ഥ താല്പര്യത്തിന്‍റെ പേരില്‍ ആ സാന്നിധ്യം തിരസ്കരിക്കുന്നവനാണോ നമ്മള്‍?

ദൈവം മനുഷ്യന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയും ആ നിര്‍ദ്ദേശങ്ങള്‍ കടന്നു വരുന്നുണ്ട്. വിശുദ്ധ ബൈബിള്‍ മുഴുവന്‍ നമുക്കായി ദൈവം നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ്. അവയെ നാം സ്വീകരിക്കുന്നുണ്ടോ. ദൈവം നല്‍കിയ നിര്‍ദ്ദേശം സ്വീകരിച്ചവരാണ് ജ്ഞാനികള്‍. ഹെബ്രായ ലേഖനം 1-ാം അധ്യായത്തില്‍ 1-ാം വാക്യത്തില്‍ പറയുന്നു: "പൂര്‍വ്വകാലങ്ങളില്‍ പല രീതികളില്‍ ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. അവസാന നാളുകളില്‍ തന്‍റെ ഏകജാതനിലൂടെ അവിടുന്നു സംസാരിക്കുന്നു. കൃത്യമായി ദൈവീകനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചവര്‍ ദൈവസന്നിധിയിലെത്തിച്ചേരും. അല്പസമയത്തെ അശ്രദ്ധ ജ്ഞാനികളെ ഹേറോദേസിന്‍റെ കൊട്ടാരത്തിലെത്തിച്ചു. പക്ഷേ അടുത്ത നിമിഷത്തില്‍ അവര്‍ പുല്‍ക്കൂട്ടിലേക്കു തിരിച്ചു. ചിലപ്പോഴൊക്കെ ചില അബദ്ധ സിദ്ധാന്തങ്ങളും പ്രബോധനങ്ങളും നമ്മെ വഴിതെറ്റിച്ചാലും വീണ്ടും തിരിച്ചു വരുവാനുള്ള സാധ്യത നമ്മില്‍ നിറഞ്ഞു നില്‍ക്കും. തെറ്റിപ്പോയി എന്ന ബോധ്യം വന്നപ്പോള്‍ ജ്ഞാനികള്‍ സ്വയംതിരുത്തി. സ്വയം തിരുത്തുവാനും യാത്ര തുടരുവാനും മനസ്സു കാണിക്കുന്നവനാണ് യഥാര്‍ത്ഥജ്ഞാനി.

ദൈവത്താല്‍ നയിക്കപ്പെട്ടവനാണ് മൂന്നു രാജാക്കന്മാര്‍. ദൈവത്താല്‍ നയിക്കപ്പെടുന്ന ജീവിതങ്ങളില്‍ ജ്ഞാനം നിറഞ്ഞു നില്‍ക്കും. അവര്‍ എത്ര വൈകിയാലും ദൈവഭവനത്തിലെത്തും. വീഴ്ചകളും തകര്‍ച്ചകളുമൊക്കെ സംഭവിച്ചാലും അവസാനം ജ്ഞാനികള്‍  വിജയിക്കും. കര്‍ത്താവിന്‍റെ മുമ്പിലെത്തി അവര്‍ നിന്നും യാത്രയുടെ അവസാനം വിജയകരമായി. അന്വേഷണം കണ്ടെത്തലില്‍ അവസാനിച്ചു. അമ്മയായ മറിയത്തോടൊപ്പം ഉണ്ണിയേശുവിനെ അവര്‍ ആരാധിച്ചു. അവര്‍ക്കുള്ളതെല്ലാം ശിശുവിന്‍റെ പാദത്തിലര്‍പ്പിച്ചു. കണ്ടെത്തലിന്‍റെ തൃപ്തി ലഭിക്കുന്നത് പൂര്‍ണ്ണമായ സമര്‍പ്പണത്തിലാണ്. തങ്ങളുടെ ഉള്ളും, ഉള്ളതും അവര്‍ സമര്‍പ്പിച്ചു. ഒന്നും ബാക്കി വയ്ക്കാത്ത സമര്‍പ്പണം. ആ സമര്‍പ്പണത്തില്‍ ജ്ഞാനികള്‍ ധന്യരായി, ഈ പിറവിത്തിരുന്നാള്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ നിമിഷമാക്കി നമുക്കു മാറ്റാം.

ദൈവത്തിന്‍റെ മുമ്പില്‍ മാത്രം നാം കുമ്പിടണമെന്നും, ദൈവത്തെ മാത്രം ആരാധിക്കണമെന്നും ജ്ഞാനികള്‍ നമ്മെ പഠിപ്പിക്കുന്നു. പണത്തിന്‍റെയും അധികാരത്തിന്‍റെയും മുമ്പില്‍ കുമ്പിടുന്നവരുണ്ട്. അവര്‍ കാറ്റത്താടുന്ന ഞാണപോലെയായിത്തീരും. ദൈവമുമ്പില്‍ കുമ്പിടുന്നവന്‍ ആത്മാവില്‍ ശക്തിയുള്ളവനായി മാറും. പഴയവഴികള്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറാകും. ജ്ഞാനികള്‍ മറ്റൊരുവഴിയെ തിരികെപ്പോയി എന്നും സുവിശേഷം രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥജ്ഞാനികള്‍ പഴയ വഴികളെ ഉപേക്ഷിക്കും. കര്‍ത്താവിനെ കണ്ടുമുട്ടുമ്പോള്‍ പുതിയ വഴികള്‍ ദൈവം കാണിച്ചുകൊടുക്കും. തിരുപ്പിറവിയുടെ സ്മരണയുയര്‍ത്തുന്ന ഈ കാലത്ത് ജ്ഞാനികളായ മൂന്നുപേരെപ്പോലെ നമുക്കും മാറാം സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തി ഉണ്ണിയേശുവിനെ ആരാധിക്കാം. പുതിയ വര്‍ത്തിലേക്കു ജ്ഞാനികളുടെ മനോഭാവത്തോടെ യാത്ര തുടരാം.

 

You can share this post!

നിത്യതയിലേക്ക്

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

നോട്ടവും കാണലും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts