news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ഇടറാതെ...കാലിടറാതെ!

ഇടറാതെ മുന്നേറിയ ഒരിടയപ്പെണ്‍കുട്ടിയുടെ കഥയാണിത്. സ്വപ്നം കാണാനുള്ള കഴിവുണ്ടായിരുന്നു അവള്‍ക്ക്. തന്‍റെ അതിരറ്റ സ്വപ്നങ്ങളെ പിന്തുടര്‍ന്ന്, മൊറൊക്കോയിലെ പുല്‍മേടുകള്‍ താണ്ടി അവളെത്തിയത് ഫ്രാന്‍സിന്‍റെ പരമോന്നത അധികാരകേന്ദ്രങ്ങളിലേക്കായിരുന്നു. നജത് ബെല്‍കാസെം എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.

കഥ തുടങ്ങുന്നത് മൊറോക്കോയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ്. ബ്നി ചിക്കര്‍ എന്ന ആ കര്‍ഷകഗ്രാമത്തില്‍, ഒരു സാധാരണ കുടുംബത്തിലെ ഏഴുമക്കളില്‍ രണ്ടാമത്തവളായി 1977 ഒക്ടോബര്‍ നാലിനാണ് നജതിന്‍റെ ജനനം. അച്ഛന്‍ അഹമ്മദ് അങ്ങകലെ ഫ്രാന്‍സില്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലിനോക്കുകയായിരുന്നു. അമ്മ മാമ്മ നാട്ടില്‍ കൃഷിയും വീട്ടുകാര്യവുമായൊക്കെ... കുഞ്ഞു നജത് പിച്ചവച്ചുതുടങ്ങിയ കാലത്തുതന്നെ കുന്നിന്‍ചെരിവിലെ പുല്‍മേടുകളില്‍ ആടു മേയ്ക്കാന്‍ പോയിത്തുടങ്ങി. നാലുവയസ്സു കഴിഞ്ഞതോടെ അമ്മയ്ക്കും ചേച്ചി ഫതിഹ യ്ക്കുമൊപ്പം ഫ്രാന്‍സില്‍ അമിയന്‍സിലുള്ള അച്ഛന്‍റെ അടുക്കലേക്ക് അവള്‍ യാത്രയായി. അതായിരുന്നു തന്‍റെ സ്വപ്നരഥ്യയിലേക്കുള്ള അവളുടെ വഴിത്തിരിവ്.

ഫ്രാന്‍സിലെത്തിയ ആ ദരിദ്രകുടുംബത്തിന് അതിജീവനം അത്ര ലളിതമൊന്നുമായിരുന്നില്ല. ഫ്രഞ്ച് അറിയില്ലെന്നത് നജതിനെ വല്ലാതെ കുഴക്കിയിരുന്നു. പ്രവാസത്തെപ്പറ്റി അവളൊരു അഭിമുഖത്തില്‍ പറഞ്ഞു, നാട്, കുടുംബം, വേരുകള്‍ ഒക്കെ വിട്ടെറിഞ്ഞ് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്നത് തികച്ചും വേദനാജനകമാണ്." അച്ഛന്‍ നേരത്തെ ഇവിടെയെത്തിയിരുന്നു. എന്നാല്‍ എന്‍റെ അമ്മയ്ക്കത് ഹൃദയഭേദകം തന്നെയായിരുന്നു. എങ്കിലും പഠനകാര്യത്തില്‍ അവളൊരിക്കലും പിന്നാക്കം പോയില്ല.

അഹമ്മദ് ബെല്‍കാസെം തന്‍റെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തിരി കണിശക്കാരനായിരുന്നു. പഠനത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിച്ചിരുന്നില്ല. 18 വയസ്സുവരെ നിശാക്ലബു കളും ആണ്‍സുഹൃത്തുക്കളും പാടില്ല എന്ന നിര്‍ബ്ബന്ധവും അദ്ദേഹം പുലര്‍ത്തി. പഠിക്കുകയല്ലാതെ നജതിനും ചേച്ചിക്കും വേറെ നിവൃത്തിയുണ്ടായിരുന്നില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിനായി അവള്‍ അമിയന്‍സ് സര്‍വകലാശാലയില്‍ ചേര്‍ന്നു. കോളേജിലെ ആദ്യവര്‍ഷമാണ് ഫ്രഞ്ച് ഭാഷയില്‍ പ്രവീണയാകുന്നത്. വൈകാതെ തന്നെ പഠനമികവിനു ലഭിച്ച സ്കോളര്‍ഷിപ്പിന്‍റെ ബലത്തില്‍, കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി അവള്‍ ഫ്രാന്‍സിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ പാരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സസില്‍ ചേര്‍ന്നു. പഠനച്ചെലവിനായി മാതാപിതാക്കളെ ആശ്രയിക്കാന്‍ അവള്‍ തയ്യാറായില്ല. ഒഴിവുനേരങ്ങളില്‍ സ്വയം പണിയെടുത്തു. മികച്ച മാര്‍ക്കോടെ തന്‍റെ ബിരുദപഠനം പൂര്‍ത്തിയാക്കിയ നജതിന് കലാലയജീവിതം മറ്റൊന്നുകൂടി സമ്മാനിച്ചു. അവിടെ പരിചയപ്പെട്ട ബോറിസ് വെല്ലൗദ് എന്ന യുവാവ് നജതിന്‍റെ ജീവിതസഖാവായി.

രാഷ്ട്രീയമായിരുന്നു നജത് വെല്ലൗദ് ബെല്‍കാ സെമിന്‍റെ സ്വപ്നഭൂമിക. 2002ല്‍, രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയ അതേ കൊല്ലം തന്നെ ഫ്രെഞ്ച് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ അവള്‍ വൈകാതെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകയായി മാറി. അന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും, തൊഴില്‍  പാര്‍പ്പിടാവകാശ സമരങ്ങളിലും മുന്നണിപ്പോരാളിയായി അവള്‍ മാറി.

രാഷ്ട്രീയത്തിലിറങ്ങി കേവലം രണ്ടുവര്‍ഷത്തിനകം 2004ല്‍ റോണ്‍ ആല്‍പ്സ് പ്രാദേശിക കൗണ്‍സിലിലേക്ക് നജത് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തന്നെ അവള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉപദേഷ്ടാവ് എന്ന പദവിയിലേക്കുയര്‍ന്നു. ജനപക്ഷത്തുറച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നജതിനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. മികച്ച കോളമിസ്റ്റ്, പ്രഭാഷക എന്നീ നിലകളിലും അവള്‍ ശ്രദ്ധ നേടി. 2008 മാര്‍ച്ചില്‍ ഫ്രഞ്ച് ജനറല്‍ കൗണ്‍സിലിലേക്ക് മത്സരിച്ച നജത് 60 ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്.

ഫ്രാന്‍സില്‍, നജത് വെല്ലൗദ് ബെല്‍കാസെം എന്ന പ്രവാസിപ്പെണ്ണിന്‍റെ പൊതുപ്രവര്‍ത്തനസപര്യ ഒട്ടും സുഗമമായിരുന്നില്ല. മൊറൊക്കോയില്‍ നിന്ന് കുടിയേറിയെത്തിയ മുസ്ലിം പെണ്ണിനെ ജാതിയുടെയും വംശത്തിന്‍റെയും പേരുപറഞ്ഞ് എതിരാളികള്‍ അധിക്ഷേപിച്ചിരുന്നു. ലിംഗപരവും വസ്ത്രധാരണപരവുമൊക്കെയായ നിരവധി ദുഷ്പ്രചരണങ്ങള്‍ക്ക് അവളിരയായി. സോഷ്യല്‍ മീഡിയയെ അപവാദപ്രചരണത്തിനുപയോഗിക്കുന്നതിനെതിരേ അവള്‍ ആഞ്ഞടിച്ചു. ഏത് പ്രതികൂലത്തെയും സ്വന്തം ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ട് നിലംപരിശാക്കാനുള്ള അസാമാന്യമായ കഴിവ് നജതിനുണ്ടായിരുന്നു

2012ല്‍ ഒന്നാം വാല്‍സ് ഭരണകൂടത്തില്‍ വനിതാക്ഷേമ മന്ത്രിയായി നജത് ബെല്‍കാസെം സ്ഥാനമേറ്റു. ഗവണ്മെന്‍റിന്‍റെ ഔദ്യോഗിക വക്താവ് എന്ന പദവിയും അവളെത്തേടിയെത്തി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം മുന്‍നിര്‍ ത്തിയുള്ള ധീരമായ തീരുമാനങ്ങള്‍ സവിശേഷ ശ്രദ്ധയാണ് രാജ്യത്തിനകത്തും പുറത്തും നേടിക്കൊടുത്തത്. സ്വവര്‍ഗ്ഗ വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ മുന്‍കൈയെടുത്തത് ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ത്തന്നെ വിപ്ലവകരമായ ഒന്നായിമാറി.

ഞാനെന്നും യുവാക്കളോട് പറയാറുണ്ട്. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകതന്നെ വേണം. ഭാവിയില്‍ സന്തോഷമായിരിക്കണമെങ്കില്‍ നാമതില്‍ സജീവമായി പങ്കാളികളായിരിക്കേണ്ടതുണ്ട്. കേവലം പൊതുവിധിയുടെ കാഴ്ച്ചക്കാരായി നിന്നാല്‍ ഭാവിയില്‍ നിങ്ങള്‍ ഹതാശരാകേണ്ടിവരുംڈ. നജതിന്‍റെ വിജയക്കുതിപ്പ് തുടരുക തന്നെയായിരുന്നു. 2014ല്‍ ഫ്രഞ്ച് ഗവണ്മെന്‍റ് പുന:സംഘടിപ്പിച്ചതോടെ രാജ്യചരിത്രത്തെത്തന്നെ മാറ്റിമറിച്ച ആ പദവി അവളെത്തേടിയെത്തി. ഓഗസ്റ്റ് 25ന് ഫ്രാന്‍സിലെ വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും മന്ത്രിയായി നജത് വല്ലോദ് ബെല്‍കാസെം സ്ഥാനമേറ്റു. ചരിത്രത്തില്‍ ആദ്യമായായിരുന്നു ഒരു വനിത ആ സ്ഥാനത്തെത്തുന്നത്, അതും വിദേശത്ത് വേരുകളുള്ള ഒരു വനിത. 37-ാം വയസ്സില്‍ വിദ്യാഭ്യാസമന്ത്രിയാകുമ്പോള്‍ ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന സവിശേഷതയും നജത് സ്വന്തം പേരില്‍ കുറിച്ചു.

ആല്‍ക്കെമിസ്റ്റിലെ സാന്‍റിയാഗോയെപ്പോലെ, സ്വന്തം സ്വപ്നത്തെ ഇച്ഛാശക്തിയോടെ പിന്തുടര്‍ന്ന ആ ഇടയബാലികയുടെ കഥ, അസ്സാധ്യമായൊന്നുമില്ലെന്നതിന്‍റെ സമകാലിക നേര്‍ചിത്രമായി നമ്മുടെ കണ്‍മുന്നിലുണ്ട്. പ്രവാസികളെ വെറും നാലാംകിടയായിക്കാണുന്ന, വംശീയതയുടെ പേരില്‍ ഭൂപടത്തിന്‍റെ അതിരുകള്‍ക്കപ്പുറം മാറ്റിനിര്‍ത്തുന്ന ഈ കാലത്ത് നജത് വലോദ് ബെല്‍കാസെം ചാരുതയാര്‍ന്ന ശുഭ്രതാരകമാകുന്നു. ഈ കുറിപ്പിന് അവളുടെ വാക്കുകള്‍ തന്നെ വിരാമതിലകമാകട്ടെ "സ്വപ്നങ്ങളെ നേടുന്നതില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കാന്‍ ഒരു ശക്തിക്കുമാവില്ല; പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും പ്രയത്നിച്ചാല്‍..."

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts