news-details
സഞ്ചാരിയുടെ നാൾ വഴി

എവിടെ വാതിലുകള്‍ മനുഷ്യര്‍ കാട്ടിയടച്ചാലും വല്ലാത്തൊരു മുഴക്കം അതവശേഷിപ്പിക്കുന്നുണ്ട്. പാവവീടിനൊടുവില്‍ നോറ കൊട്ടിയ ടച്ച വാതിലില്‍ നിന്നെന്നപോലെ. അത്തരം മുഴക്കങ്ങള്‍ ലോകമെമ്പാടു നിന്നും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.  തന്‍റെ ദേശത്ത് പ്രവേശിക്കാന്‍ അര്‍ഹതയില്ലാത്തവരുടെ പട്ടിക വിളിച്ചുപറയുക വഴി ഒരു ദേശത്തിന്‍റെ അധികാരി അടുത്തിടെ ചെയ്തതും അതാണ്. അധികാര ത്തിന്‍റെ ഈ ചീട്ടുകളിയില്‍ അതാണ് അയാളുടെ ട്രംപ്! ഭൂമിക്കു മീതെ കൊടിയൊരു ഭയത്തിന്‍റെ കാറ്റു വീശുന്നുണ്ട്. നിങ്ങളുടെ പേര്, വര്‍ണ്ണം, ദേശം ഒക്കെ കമ്പോട്കമ്പ് പരിശോധിക്കപ്പെടുന്നു. ഇത് മനുഷ്യന്‍ മനുഷ്യനെ ഭയപ്പെടേണ്ട ഒരു കെട്ട കാലത്തിന്‍റെ ഉമ്മറപ്പടിയാ ണെന്ന് തോന്നുന്നു. ബ്രഹ്മം എന്ന വാക്കാണ് ഈ ദേശം ആ പരമ ചൈതന്യത്തിനുവേണ്ടി കരുതി വച്ചിരുന്നത്. വിശാലതയിലേക്ക് പ്രേരിപ്പിക്കുന്ന ആ ഈശ്വരനാമം പോലും ഇപ്പോള്‍ അതിന്‍റെ നില നില്‍പ് കണ്ടെത്തുന്നത്. സങ്കുചിത ത്തിന്‍റെ വേദം പറഞ്ഞാണ്. ഇതിനിട യിലാണ് ഉദാരം എന്ന വാക്കിന്‍റെ അഴകിനെ ഒരാള്‍ പരിശോധിക്കേണ്ടത്.

ജനറസ്(generosity) എന്ന വാക്കിന് കുലീനതയുമായാണ് ബന്ധം. അതിന്‍റെ ലത്തീന്‍ എത്തിമോളജി പരിശോധിച്ച് അത് സ്വയം ബോധ്യ പ്പെടാവുന്നതാണ്. മാനവകുലത്തെ ശ്രേഷ്ഠമാക്കുന്ന മിക്കവാറും പദങ്ങളുടെ വേരുപോലും അതാണ്. ജെന്‍റിലും ജെന്‍ററുമൊക്കെയുള്‍പ്പെടെ. ചക്രവര്‍ത്തി മാരോടും പ്രഭുക്കന്മാരോടുമായി മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പദം നിങ്ങള്‍ക്കുള്ളൊരു വിശേഷണമായി മാറുമ്പോള്‍ അവരുടെ കുലത്തില്‍  നിങ്ങളെയും പ്രതിഷ്ഠിക്കുവാന്‍ കാലം മനസ്സലിവായി എന്നു മാത്രം കരുതിയാല്‍ മതി. ഉള്ളില്‍ ധനമില്ലാത്ത ഒരാള്‍ക്കും ഉദാരമതിയാവുക എളുപ്പമല്ല. ഒരു ചങ്ങാതിയുടെ ഒറ്റമുറി വീട്ടില്‍ ഏതാനും രാവുകള്‍ ചെലവഴിച്ച ഓര്‍മ്മയുണ്ട്. രാത്രി ചായാനുള്ള നേരമാവുമ്പോള്‍ അവന്‍റെ അമ്മയും പെങ്ങളും കൂടി കുറച്ചു ദൂരെയുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയി ഉറങ്ങിക്കൊള്ളാമെന്നു പറഞ്ഞ് പായ ചുരുട്ടി പുറത്തേക്കു പോകുന്നു. തെല്ല് നേരത്തെ എഴുന്നേറ്റ പ്രഭാതത്തില്‍ പിടിത്തം കിട്ടി, അവരെങ്ങോട്ടും പോയിട്ടില്ല. മറച്ചുകെട്ടിയിട്ടില്ലാത്ത വീടിന്‍റെ ചായ്പില്‍ അമ്മയും മകളും ശീതക്കാറ്റേറ്റ് ചുരുണ്ടുറങ്ങുന്നുവെന്ന്. ആ പൂഴിമണ്ണും പുല്‍പ്പായയും അപ്പോള്‍  ഏതോ അറേബ്യന്‍ അന്തഃപുര ത്തിലെ സ്നേഹതല്പമാവുന്നു. ദരിദ്രരെ ചക്രവര്‍ ത്തികളാക്കുന്ന ആല്‍ക്കമിയുടെ കഥയാണ് ഓരോ ഉദാര ജീവിതങ്ങളും പറയാതെ പറയുന്നത്.

ഓര്‍ക്കണം, കോണ്‍സ്റ്റന്‍റൈന്‍ സ്നാനപ്പെടുന്നതിനു മുന്‍പുവരെ ക്രിസ്തീയധര്‍മ്മം കൂലിപ്പണിക്കാരുടെയും അടിമകളുടെയും ദരിദ്രരുടെയും വയോധികരുടെയും അഭയകൂടാരം മാത്രമായിരുന്നു. എന്നിട്ടും ആദ്യനൂറ്റാണ്ടില്‍ നിന്നുപോലും അവര്‍ക്കു ലഭിച്ചിരുന്ന വിശേഷണം രാജകീയഗണം എന്നായി രുന്നു. അതങ്ങനെ വരികയേ തരമുള്ളായിരുന്നു.  അത്രമേല്‍ സ്നേഹിച്ചതുകൊണ്ട് ദൈവം തന്‍റെ ഏകജാതനെ നല്‍കി എന്ന വിചാരത്തിന്‍റെ മൂലക്കല്ലില്‍ പണിതുയര്‍ത്തപ്പെട്ടതുകൊണ്ട് നല്‍കുകയെന്നത് സ്വാഭാവികമായ ഒരു കാര്യമായി അവര്‍ക്ക് അനുഭവപ്പെട്ടു. മക്കദോനായിലെ സഭയെ ക്കുറിച്ച് പൗലോസ് വാചാലനാകുന്നത് അങ്ങനെയാണ്. കൊടിയ ദാരിദ്ര്യത്തിലും ഉദാരതയുടെ സമ്പത്തായി അവര്‍ കരകവിഞ്ഞൊഴുകി എന്നാണ് അപ്പസ്തോലന്‍ കുറിച്ചിടുന്നത് (1 കൊറി 8:2-5). സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങളില്‍ ഏറ്റം പ്രധാനം അളവില്ലാതെ നല്‍കുക തന്നെയെന്ന് അവരോളം നിശ്ചയം അധികം ആര്‍ക്കുമില്ലായിരുന്നു. ദൈവമാകാനുള്ള കുറുക്കുവഴികളില്‍ ഒന്നായിട്ടു പോലും അവരതിനെ ധരിച്ചിട്ടുണ്ടാകും. ദൈവപരിണാമമെന്ന സങ്കല്പത്തിലാണല്ലോ എല്ലാ തീര്‍ത്ഥ യാത്രകളുമാരംഭിക്കുക. അതത്ര ആയാസമില്ലാത്ത കാര്യമായി ആരും തെറ്റിദ്ധരിച്ചിട്ടുമില്ല. ശരീരം മുഴുവന്‍ ഏതോ ഒരദൃശ്യ ആയുധം കൊണ്ട് കുറുകനെയും വിലങ്ങനെയും വകയപ്പെട്ട് ചോര പൊടിഞ്ഞ് അവരങ്ങനെ.

എന്നിട്ടും അതിനകത്ത് നിഗൂഢമായ ആഹ്ലാദമുണ്ട്. എന്തെങ്കിലുമൊന്ന് നല്‍കിത്തുടങ്ങിയവര്‍ക്കറിയാം ആ ആഹ്ലാദത്തിന്‍റെ അപകടകരമായ പ്രലോഭനം. കടല്‍ക്കരയില്‍ നില്‍ക്കുന്നതുപോലെയാണ്. ആദ്യമൊന്ന് തിരയില്‍ ചവിട്ടാനുള്ള മടിയും ആശങ്കയും ഉണ്ടായെന്നിരിക്കാം. എന്നാല്‍ ഒന്ന് കാല്‍പ്പാദം നനഞ്ഞു കഴിയുമ്പോള്‍ അപ്രതിരോധമായ എന്തോ ഒന്ന് ആഴങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. സ്വീകരിക്കുന്നതിലല്ല നല്കുന്നതിലാണ് ജീവിതാനന്ദത്തിന്‍റെ താക്കോല്‍ ഒളിഞ്ഞുകിടക്കുന്നതെന്ന് ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നതിന്‍റെ പൊരുളിതുതന്നെ. ആത്മബലിയുടെ ആനന്ദമാണ് ഒരു പ്രണയത്തെപ്പോലും കുലീനമാക്കുന്നത്. കൈമുഷ്ടിയോളം വലിപ്പമുള്ള ഹൃദയം ഇപ്പോള്‍ പിറന്ന കുഞ്ഞുങ്ങളുടേതുപോലെ മരിക്കുവോളം ചുരുട്ടി പിടിച്ച് കടന്നുപോകുന്നവര്‍ കണ്ടെത്താതെ പോകുന്നത് ആ നിഗൂഢാനന്ദമാണ്. അടുക്കളയെന്ന പരുക്കനിടം അങ്ങനെയാണ് ഒരു സ്ത്രീയുടെ ഹര്‍ഷമായി മാറുന്നത്, നല്‍കുകയെന്ന ആ ഒരൊറ്റ അനുഭൂതിയുടെ ബലംകൊണ്ട് മാത്രമാണത്.

ദൂരോട്ടുനോക്കുമ്പോള്‍ ആ മരപ്പണിക്കാരന്‍ നില്‍പ്പുണ്ട്. വളരെ ചെറിയ കാലം മാത്രം ഭൂമിയോടൊപ്പം ഉണ്ടായിരുന്ന  ആ പ്രിയപ്പെട്ട അതിഥി പഠിപ്പിക്കാന്‍ ശ്രമിച്ച പ്രധാന പാഠങ്ങളുമതായിരുന്നു. നിയമങ്ങളോട് അയാള്‍ പുലര്‍ത്തിയ വിപ്രതിപത്തിപോലും എല്ലാ ചട്ടങ്ങളും നിഷ്കര്‍ഷതകളും ഉദാരമാകാനുള്ള ഒരാളുടെ സാധ്യതയെ വൈകാതെ തഴുതിടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്. എന്തുകൊണ്ട് യേശു ദശാംശത്തെക്കുറിച്ച് സംസാരിച്ചില്ല? അനുശാസനങ്ങള്‍ ആരുടെയും ഹൃദയത്തിന്‍റെ വ്യാസം വര്‍ദ്ധിപ്പിക്കു ന്നില്ല. ഏതളവില്‍ കൊടുക്കണമെന്ന അന്വേഷണത്തിന് മുഴുവന്‍ കൊടുക്കുക എന്നു പറഞ്ഞ് തന്‍റെ കാലത്തെ അവന്‍ അമ്പരപ്പിച്ചു. മദര്‍ തെരേസയിലൊക്കെ  പിന്നീട് അതിന്‍റെ പ്രതിധ്വനികളുണ്ട്. എത്ര കൊടുക്കണമെന്ന് ഒരു ധനികന്‍ ആരാഞ്ഞപ്പോള്‍ നിനക്ക് പരിക്ക് പറ്റുന്ന അളവില്‍ കൊടുക്കുക എന്നായിരുന്നു അവരുടെ മറുപടി.

പാഠങ്ങളൊക്കെ അതിനെ ബലപ്പെടുത്താനായിരുന്നു. അങ്ങനെയാണ് ഉടുപ്പു ചോദിച്ചവന് മേലങ്കി കൊടുക്കുക, ഒരു കാതം ആവശ്യപ്പെട്ടവനോടൊപ്പം രണ്ടു കാതം നടക്കുകയെന്നൊക്കെ കട്ടമരത്തിലിരുന്നു പറഞ്ഞു തുടങ്ങിത്. നിങ്ങളുടെ കാലമോ പരിസരമോ ശഠിച്ചതല്ല നിങ്ങളുടെ ആത്മദാനത്തിന്‍റെ അളവുകോല്‍. ഒന്നാം മൈല്‍, എല്ലാവരുമിപ്പോള്‍ നന്നായി ജീവിക്കുന്നുണ്ട്. നിങ്ങളുടെ മീതെ നല്‍കപ്പെട്ട ഉത്തരവാദിത്തം എന്നു മാത്രമേ അതിനര്‍ത്ഥമുള്ളു. സില്ലിയായ ഉദാഹരണത്തിന് ഞായറാഴ്ച പള്ളിയില്‍ നല്ലൊരു പ്രസംഗം പറയുകയെന്നത് അത്ര മേനിയനുഭവി ക്കേണ്ടയൊരു കാര്യമല്ല. അതിനുവേണ്ടിക്കൂടിയായിരുന്നല്ലോ പുരോഹിതനെന്ന നിലയില്‍ ഞങ്ങള്‍ കടന്നുപോയ സാമാന്യം ദീര്‍ഘമായ ആ പഠനകാലം. തിങ്കള്‍ തൊട്ട് ശനിവരെയുള്ള ദിവസങ്ങളില്‍ അപരനെത്തേടിയും അപരനുവേണ്ടിയും ഞാനെത്ര അലഞ്ഞു എന്നതാണ് എന്‍റെ രണ്ടാം മൈല്‍.

നിശ്ചയമായും ഞാന്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് എന്‍റെ ഞായറാഴ്ച പ്രസംഗങ്ങളുടെ പേരിലായിരിക്കില്ല.

അവസാനത്തോളം അങ്ങനെ തന്നെയായിരിക്കാന്‍ അവന്‍ നിശ്ചയിച്ചു. മടക്കയാത്രയുടെ തലേരാവില്‍ അത്താഴത്തിനുമുന്‍പ് അവന്‍ മേല്‍ക്കച്ച മാറ്റി അര്‍ദ്ധനഗ്നനായി അവനോരോരുത്തരുടെയും കാല്‍പ്പാദങ്ങളെ കഴുകിവെടിപ്പാക്കുന്നത് കാണുന്നില്ലേ - God of Basin and Towel!  പിന്നെ വിളമ്പിയ വിരുന്നില്‍ ശരീരത്തിന്‍റെ പ്രതീകങ്ങളായി അപ്പവും വീഞ്ഞും വിളമ്പിക്കൊടുക്കുന്നു. ഈ വലിയ ഭൂമിയില്‍ അവശേഷിച്ച ബന്ധു, അമ്മ മേരിയാണത്, അവരേയും ഉറ്റ ശിഷ്യനു കൈമാറുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം മരണം അവന് സൗമ്യമായ അനുഭവമായി മാറിയത്. കൈവശം ഒന്നും കരുതിവച്ചിട്ടില്ലാത്ത ഒരാളില്‍ നിന്ന് മരണം എന്തു കവരാനാണ്. കഠിന രോഗത്തിന്‍റെ പിടിയിലായെന്ന് തിരിച്ചറിഞ്ഞ നിക്കോസ് കസന്‍ദ്സാക്കിസില്‍ ഇത്തരമൊരു ചിന്തയുടെ അനുരണനങ്ങളുണ്ട്. കുറച്ചുനാളത്തെ ആയുസിനുവേണ്ടിയാണ് അയാള്‍ ദൈവത്തോടര്‍ത്ഥിക്കുന്നത്. അതിനിടയില്‍ തനിക്കറിയാവുന്നതൊക്കെ എഴുത്തിലേക്കു ചൊരിയുന്നു.  മരണം തന്നെ തേടിവരുമ്പോള്‍ പിന്നെ മരണത്തിനെടുക്കാനാവുന്നത് തന്‍റെ മജ്ജ ചോര്‍ന്ന ഒരു സഞ്ചി എല്ലുകള്‍ മാത്രമായിരിക്കുമെന്ന് പറഞ്ഞയാള്‍ മന്ദഹസിക്കുന്നു. അത്രയും അവന്‍റെ സാന്നിദ്ധ്യത്തിന്‍റെ പ്രകാശമുള്ള നിഴലില്‍ ജീവിച്ചതു കൊണ്ടാവണം ആദിമ ക്രൈസ്തവര്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും കരുതിവയ്ക്കാതിരുന്നത്. അതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അത്തരമൊരു ആദര്‍ശലോകത്തെക്കുറിച്ച് പ്ലേറ്റോ പറഞ്ഞു വയ്ക്കുന്നുണ്ട്. എന്നിട്ടും  ഏതെങ്കിലുമൊരിടത്തില്‍ അങ്ങനെ മനുഷ്യര്‍ ജീവിച്ചിരുന്നതായി അറിവൊന്നുമില്ല. അതാണിപ്പോള്‍ ഇവിടെ സംഭവിച്ചത്. ഒരാളുടെ പേര് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് - ബാര്‍ണബാസ്. സൈപ്രസ് സ്വദേശിയും ലേവായനുമായ അയാള്‍ തന്‍റെ വയലുവിറ്റുകിട്ടിയ പണം അപ്പസ്തോലന്മാരെ ഏല്‍പിച്ചു (നടപടി 4: 32-37).  

പുതിയ ചില ധര്‍മ്മങ്ങള്‍ ആരംഭിക്കുകയാണ്. ഉദാരതയാണ് അതിന്‍റെ പൂമുഖം. ലോകം ഈ പാവപ്പെട്ട മനുഷ്യരെ ശ്രദ്ധിച്ചുതുടങ്ങിയതും അതിന്‍റെ പേരിലായിരുന്നു. പുതിയൊരു സ്വാതന്ത്ര്യ ചരിത്രം കൂടിയാണിത്. മനുഷ്യന്‍റെ കഴലുകളെ സദാകാലവും കെട്ടിയിരുന്ന ചില അദൃശ്യ ചരടുകളില്‍ നിന്നുള്ള മോക്ഷം കൂടിയാണത്. ധനത്തെ വിഗ്രഹമായി തന്നെയാണ് പുതിയനിയമം എണ്ണുന്നത്. ആ വിഗ്രഹാരാധനയില്‍ നിന്നാണ് ഒരു സമൂഹം പുറത്തു കടന്നത്. പഴയകാലത്തെ ആ ഐരാവതസങ്കല്പത്തിലെന്നപോലെയാണ് പലരുടെയും ജീവിതം. രാജാവിന് ആരോടെങ്കിലും ശത്രുത അനുഭവപ്പെട്ടാല്‍ സമ്മാനം നല്‍കിയാണ് അയാളെ തകര്‍ക്കാന്‍ പോകുന്നത്.

ഒരു ആല്‍ബിനോ (Albino) ആനയെ സമ്മാനിക്കുക. അത്രയും പവിത്രമായിട്ടാണ് പഴയകാലം അതിനെ ഗണിച്ചിരുന്നത്. അളവില്ലാത്ത ശ്രദ്ധയും പരിചരണവും വൈകാരികതയും പണവുമൊക്കെ ചെലവഴിച്ചാണ് അതിന്‍റെ നിലനില്‍പ്പ്. ചുരുക്കത്തില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വൈകാതെ നിങ്ങളിലുള്ള ആ ഭംഗിയുള്ള മനുഷ്യനെ പിഴിഞ്ഞെടുക്കുന്നു... പുറത്തുകടന്നേ പറ്റൂ.

അഗാധമായ ഋണബോധത്തില്‍നിന്നാണ് ഈ ഉദാരതയുടെ തളിര്‍പ്പുകളെല്ലാം. ദാനമായി ലഭിച്ചത് ദാനമായി നല്‍കുകയെന്നാണ് ഗുരുമൊഴി.

പണത്തിലേക്ക് മാത്രം നല്‍കലിന്‍റെ ഈ സുവിശേഷം ചുരുങ്ങിപ്പോയതാണ് ദുര്യോഗം. എത്രയെത്ര രീതികളിലാണ് നിങ്ങള്‍ക്ക് നല്‍കുന്നതിന്‍റെ ഹര്‍ഷത്തിലേക്ക് എത്താനാകുക. ഒരു മരിച്ചവീട്ടില്‍ എന്തിനാണ് ഇത്രയും മനുഷ്യര്‍ ഒത്തുകൂടുന്നത്. അവര്‍ നല്‍കുന്നത് അവരുടെ സമയമാണ്. സമയം തിരിച്ചുപിടിക്കാനാവാത്ത ഒന്നാണ്. അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ആയുസിന്‍റെ ഒരു ചീളാണ് ചങ്ങാതിക്ക് നിങ്ങള്‍ സമ്മാനിച്ചത്.

ഇതൊക്കെത്തന്നെയാണ് സ്നേഹിതര്‍ക്കു വേണ്ടി ജീവന്‍ നല്‍കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്ന് ആ ഗുരു പറഞ്ഞതിന്‍റെ വര്‍ത്തമാന സാക്ഷ്യം.

കൂടുതല്‍ കൊടുക്കുന്നതല്ല കൂടുതല്‍ സ്നേഹത്തില്‍ കൊടുക്കുന്നതാണ് ഉദാരതയുടെ കാതല്‍. അതുകൊണ്ടാണ് ആ പുരാതന സ്നേഹകീര്‍ത്തനത്തില്‍നിന്ന് നമ്മള്‍ ഇങ്ങനെ വായിക്കുന്നത്; ഞാനെന്‍റെ സര്‍വ്വസമ്പത്തും ദാനം ചെയ്താലും എന്‍റെ ശരീരം ചിതയിലെറിഞ്ഞാലും സ്നേഹമില്ലെങ്കില്‍ എനിക്കൊരു പ്രയോജനവുമില്ല, എനിക്കെന്നല്ലാ ആര്‍ക്കും!

You can share this post!

ലാളിത്യം

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts