news-details
ഇടിയും മിന്നലും

പുണ്യാളച്ചാ പൊറുക്കണേ...

വിങ്ങിപ്പൊട്ടിയായിരുന്നു അവരുടെ വിളി. ഭര്‍ത്താവു രണ്ടുദിവസംമുമ്പ്, വൈകുന്നേരം വരുമെന്നു പറഞ്ഞു സന്തോഷത്തോടെ വീട്ടില്‍ നിന്നു പോയതായിരുന്നു. പക്ഷേ സന്ധ്യയായപ്പോള്‍ വീട്ടിലേയ്ക്ക് ഇനിയില്ല, കാണാനുംചെല്ലേണ്ടെ, പലപ്പോഴും അവരു സഹായം കൊടുക്കാറുള്ള അഗതിന്ദിരത്തിലുണ്ട്, എന്നറിയിച്ച് വണ്ടിയുമായി ഡ്രൈവറെ തിരിച്ചുവിട്ടു. അപ്പോള്‍തന്നെ അവരോടിയവിടെച്ചെന്നെങ്കിലും കാണാന്‍പോലും കൂട്ടാക്കാതെ അവരെ തിരിച്ചു പറഞ്ഞുവിട്ടു. തമ്മില്‍ യാതൊരു ഒരുവഴക്കും കലഹവും ഉണ്ടായിട്ടില്ല. അവരും വേലക്കാരിയും തനിച്ചാണിപ്പോള്‍ വീട്ടില്‍.

മക്കളില്ലാത്ത ദമ്പതികളാണ്. മുപ്പതുകൊല്ലത്തെ അടുപ്പവും പരിചയവുമുണ്ടെനിക്കവരുമായി. ഇത്രയും സമാധാനത്തോടെ ജീവിക്കുന്ന ദമ്പതികളെ വിരളമായേ കണ്ടിട്ടുള്ളു. പരിചയമുള്ള അഗതിമന്ദിരമായിരുന്നതുകൊണ്ട് ഉടന്‍തന്നെ ഫോണില്‍ ഡയറക്റ്റര്‍ സിസ്റ്ററുമായി സംസാരിച്ചു. അയാള്‍ അവരോടും കാര്യമൊന്നും പറഞ്ഞിട്ടില്ല, കുറച്ചുനാളത്തേയ്ക്കു താമസിക്കാന്‍ ഒരുമുറി കൊടുക്കാമോ എന്നുചോദിച്ചു, കൊടുക്കുകയുംചെയ്തു. ഒരിക്കലും പള്ളിയില്‍പോക്കു മുടക്കാത്തയാള് അവിടെ ചെന്നതില്‍പിന്നെ പള്ളിയിലും പോയിട്ടില്ല. ആരെങ്കിലും അച്ചന്മാരെ കാണാമെന്നു പറഞ്ഞപ്പോള്‍ ആരെയും കാണണ്ടാ എന്നുംപറഞ്ഞു മുറിയില്‍ത്തന്നെ ഇരിപ്പാണ്. നിര്‍ബ്ബന്ധിച്ചു വിളിച്ചാല്‍ ഭക്ഷണം വല്ലതും കഴിച്ചെങ്കിലായി. അത്രയും വിവരങ്ങള്‍കൂടി അവരില്‍നിന്നു കിട്ടി. ആളോടു പറയേണ്ട, അന്നുതന്നെ ഞാനവിടെയെത്തുമെന്നു സിസ്റ്ററിനെ അറിയിച്ചു. അവിടെത്തിയപ്പോള്‍ രണ്ടുമണി. സിസ്റ്ററിനെയുംകൂട്ടിച്ചെന്ന് വാതിലില്‍ മൂന്നാംതവണ മുട്ടിയപ്പോളാണു തുറന്നത്. എന്നെകണ്ടപാടെ ഒന്നുംമിണ്ടാതെ അകത്തുപോയിരുന്നു. ഞാനും കയറിച്ചെന്ന് അടുത്തുകിടന്ന കസേരയിലിരുന്നു. കുറെനേരമായിട്ടും ഒന്നും മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു:
"എന്നോടിത്ര പിണങ്ങാന്‍ ഞാനെന്തു പിഴച്ചു?"


"അച്ചനൊറ്റയാളുകാരണമാ, അല്ലെങ്കില്‍ ഞാനാ കുരിശുപള്ളിക്കു സ്ഥലോംകൊടുത്ത് പണിയിച്ചും കൊടുത്തേനേം. എങ്കിലതെങ്കിലുമുണ്ടായിരുന്നേനേം."

അടികിട്ടിയതുപോലെയായിപ്പോയി. പത്തിരുപത്തഞ്ചുവര്‍ഷം മുമ്പത്തെക്കാര്യമാണ്. അന്നു ഞാനന്നെന്‍റെ ശക്തമായ അഭിപ്രായം പറഞ്ഞതല്ലാതെ നിര്‍ബ്ബന്ധിച്ചിട്ടുമില്ല. എന്തു മറുപടിപറയണം എന്നാലോചിച്ച് മൗനമായിരിക്കു മ്പോള്‍ പഴയകാര്യങ്ങള്‍ ഒന്നൊന്നായി എന്‍റെ ഓര്‍മ്മയിലേയ്ക്കു കടന്നുവന്നു. കല്യാണംകഴിഞ്ഞു മൂന്നുവര്‍ഷമായിട്ടും കുട്ടികളില്ലാതെ, ചികിത്സയും പരാജയപ്പെട്ട വിഷമവുമായി ധ്യാനത്തിനെത്തിയപ്പോഴായിരുന്നു അവരെ ആദ്യം പരിചയപ്പെടുന്നത്. പിന്നീടു പലപ്പോഴും വരാറും കാണാറുമുണ്ടായിരുന്നു. മൂന്നാലുവര്‍ഷങ്ങള്‍കൂടി കാത്തിരുന്നിട്ടും ഫലംകാണാതെ, ഒരുകുട്ടിയെ ദത്തെടുക്കുന്നകാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍  ഉപദേശംതേടി അവര് എന്‍റെയടുത്തു വന്നതും ഞാനോര്‍ത്തു. ദത്തെടുത്താലുള്ള ഗുണങ്ങളും, അതുപോലെതന്നെ അതുകൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള ദോഷങ്ങളും ദീര്‍ഘമായി ചര്‍ച്ചചെയ്തിട്ടും അവര്‍ക്ക് ധാരണയിലെത്താനായില്ല. ദത്തെടുക്കണമെന്നിയാളും വേണ്ടെന്നു ഭാര്യയും. അച്ചന്‍ പറയുന്നതുപോലെ ചെയ്യാമെന്നിരുവരും. അതിനു ഞാന്‍ തയ്യാറായുമില്ല. അവസാനം അയാളുടെ ഭാര്യപറഞ്ഞ ഒറ്റവാക്യത്തോടെ പെട്ടെന്നതിന്നൊരു തീരുമാനമുണ്ടായതും എന്‍റെ ഓര്‍മ്മയില്‍ മിന്നിമറഞ്ഞു.

"നമ്മുടെ പാപത്തിനൊക്കെ പരിഹാരമായിട്ട് മക്കളില്ലാതെ നമുക്കങ്ങു കഴിയാം." കുനിഞ്ഞിരുന്നാണ് അവരന്നതു പറഞ്ഞത്.

അതുകേട്ട് ഈ മനുഷ്യന്‍ അവരെ ഒന്നു നോക്കിയിട്ട് അപ്പോള്‍തന്നെ കേസുകെട്ടു മടക്കി.

"ദത്തെടുക്കണ്ടച്ചാ, ഞാനിനി ഈവിഷയം മിണ്ടില്ല."

പിന്നീടിന്നുവരെ എന്നോടതിനെപ്പറ്റി അവരു മിണ്ടിയിട്ടുമില്ല. അതുകഴിഞ്ഞാണ് ഇയാളിപ്പോള്‍ ആരോപിച്ച സംഭവം നടക്കുന്നത്. ഭാവിയില്‍ വളരെ വളര്‍ച്ചാസാധ്യതയുള്ള അന്നുചെറുതായിരുന്ന ഒരു പട്ടണത്തിനടുത്താണ് ഇയാളുടെ വീട്. പറമ്പിന്‍റെ രണ്ടതിരും റോഡ്. ഒരുസൈഡ് മെയിന്‍റോഡ്, മറുസൈഡ് മെയിന്‍റോഡില്‍നിന്നും തിരിഞ്ഞുപോകുന്ന മറ്റൊരു പ്രധാനപാത. കണ്ണായ സ്ഥലമാണ്. എതിര്‍വശത്ത് ക്ഷേത്രത്തിന്‍റെ കാണിക്കമണ്ഡപം പണിനടക്കുന്നു, അതിനല്പം മാറി മുസ്ലീംപള്ളിയുടെ കാണിക്കവഞ്ചി സ്ഥാനം പിടിച്ചുകഴിഞ്ഞു. ക്രിസ്ത്യാനീടെ കുരിശുപള്ളി മാത്രമില്ല. ഇന്നവിടമെല്ലാം വന്‍പട്ടണമാണ്. ഭാവിയിലെ ഈ വികസനസാധ്യതകണ്ടായിരുന്നു അന്ന് ഇടവകക്കാരു പൊതുയോഗം കൂടി അവിടെയൊരു കുരിശുപള്ളി ഉണ്ടാക്കിയേതീരൂ എന്നുതീരുമാനിച്ചത്. പണിയാനുള്ള സ്ഥലത്തെപ്പറ്റി ആര്‍ക്കും സംശയമില്ലായിരുന്നു, ഇയാളുടെ വസ്തുവിന്‍റെ മൂലതന്നെ. ഇയാള്‍ ഒറ്റമകനാണ്. രണ്ടു സഹോദരിമാരെയും കെട്ടിച്ചയച്ചു. സമ്പന്നനാണ്, മക്കളില്ല. കര്‍ണ്ണാടകയില്‍ തോട്ടമുണ്ട്, അപ്പനുമമ്മയും താമസമവിടെയാണ്. ഇയാള്‍ ഇവിടെയും അവിടെയുമായി കഴിയുന്നു. ഈ സ്ഥലംമുഴുവന്‍ അപ്പന്‍ ഇയാളുടെപേരില്‍ എഴുതിക്കൊടുത്തിരുന്നതുമാണ്. എങ്കിലും, അപ്പനോടുകൂടി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നു പൊതുയോഗത്തില്‍ സമ്മതിച്ചു.

സ്ഥലംകൊടുക്കാന്‍മാത്രമല്ല, വിശുദ്ധ അന്തോനീസിന്‍റെ നാമത്തില്‍ കുരിശുപള്ളി പണിയിച്ചും കൊടുക്കാന്‍തന്നെ ഉറപ്പിച്ച്, അപ്പനെക്കാണാന്‍ കര്‍ണ്ണാടകത്തിനു പോകുന്നവഴിയാണ് രണ്ടുപേരുംകൂടി എന്‍റെയടുത്തു വന്നത്. കാര്യമെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍, എന്താണ് അന്തോനീസുപുണ്യവാനെത്തന്നെ പ്രതിഷ്ഠിക്കാന്‍ കാരണമെന്നു ഞാന്‍ ചോദിച്ചു. വല്ല്യപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഇപ്പോഴുള്ള സമ്പത്ത്, അങ്ങേരുടെപേര് അന്തോനി എന്നായിരുന്നു, അതുകൊണ്ടാണെന്നു പറഞ്ഞു. അത്രയും കഷ്ടപ്പെട്ട ആ പാവം വല്യപ്പനെയോര്‍ക്കാന്‍ ഈ പുണ്യാളനെ വഴിയരികില്‍നിര്‍ത്തി തെണ്ടിക്കണോ എന്നു തമാശപോലെ ഞാന്‍ ചോദിച്ചപ്പോള്‍, വലിയ ആവേശത്തോടെ ഇയാള്‍ അവതരിപ്പിച്ച കുരിശു പള്ളി പണിയോട് എനിക്കു യോജിപ്പില്ല എന്നയാള്‍ക്കു മനസ്സിലായി. പിന്നെയും ചോദിച്ചപ്പോളും, ആലോചിച്ച് സ്വന്തമായ തീരുമാനമെടുക്കാന്‍ മാത്രമേ ഞാന്‍ പറഞ്ഞുള്ളു. എന്‍റെ വിയോജിപ്പിന്‍റെ കാരണമറിയണമെന്ന് അപ്പോളയാള്‍ക്കു നിര്‍ ബ്ബന്ധം.

'കവലയില്‍ ഒരു കുരിശുപള്ളി പണിത് അതിന്‍റെ മുമ്പില്‍ '...........ത്ത് അന്തോനിയുടെ സ്മരണയ്ക്കായി നിര്‍മ്മിതം' എന്നെഴുതിവച്ചതു കൊണ്ട്, തന്‍റെ വല്യപ്പനെന്തെങ്കിലും ഗുണം കിട്ടുമോ? അതു കണ്ടിട്ട് അന്തോനീസു പുണ്യാളന്‍ സ്വര്‍ഗ്ഗത്തിലിരുന്നു സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ? കുരിശുപള്ളീടെ മുമ്പില്‍, വഴിയേ പോകുന്ന വണ്ടിയില്‍നിന്നെറിഞ്ഞാലും അകത്തു തന്നെവീഴാന്‍ പാകത്തിന്, മുതലവാപോലെ തുറന്നിരിക്കുന്ന ഭണ്ഡാരപ്പെട്ടിയുണ്ടാക്കിവച്ച്, അതില്‍ കള്ളുകടക്കാരനും, കള്ളപ്പണക്കാരനും, പെണ്‍വാണിഭക്കാരനുമടക്കം വഴിപോക്കരും വണ്ടിക്കാരുമൊക്കെ നേര്‍ച്ചയിടുന്നതു കാണുമ്പോള്‍ ഉണ്ണിയേശുവിനെയും കൈയ്യില്‍പിടിച്ചുകൊണ്ട് ഈ തെണ്ടല്‍പണിക്കു അങ്ങേരെ പ്രതിഷ്ഠിച്ചതില്‍ അന്തോനീസു പുണ്യാളനും, മിക്കവാറും ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള തന്‍റെ വല്യപ്പനും, നാണവും വേദനയുംകൊണ്ട് തന്നെയോര്‍ത്തു കരയാനിടയാക്കണോ? കുറേക്കൂടെക്കഴിയുമ്പോള്‍ കുരിശു പള്ളീടെ മുമ്പില്‍ പന്തലും, നൊവേനേം, പെരു നാളും, വചനപ്രഘോഷണവുമൊക്കെ സംഘടിപ്പിക്കുമ്പോള്‍ പള്ളിക്കാരു നോക്കുന്നതു ഭണ്ഡാരക്കുറ്റി നിറയുന്നുണ്ടോ എന്നതു മാത്രമായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? പെരുവഴീക്കൂടെ പുണ്യാളനേം എഴുന്നള്ളിച്ച് അടിച്ചുപൊളിച്ചു പ്രദിക്ഷണോം നടത്തി, വഴിയേപോകുന്ന അത്യാവശ്യക്കാരന്‍റെ വണ്ടീം ബ്ലോക്കാക്കി, പടക്കോം, വെടീം, ഗുണ്ടു മെല്ലാം പൊട്ടിക്കുമ്പോള്‍ പുണ്യാളച്ചന്‍ ഉണ്ണീശോയെ മുറുകെപ്പിടിക്കുന്നത് പേടിച്ചുഞെട്ടാതിരിക്കാനായിരിക്കില്ല, ചാട്ടവാറുംകൊണ്ടു ചാടിയിറങ്ങാതിരിക്കാനായിരിക്കും എന്നോര്‍ക്കണം. തനിക്കത്ര സന്മനസ്സുണ്ടെങ്കില്‍ ആ കുരിശുപള്ളി പണിയുന്ന കാശിന് രണ്ടു പാവപ്പെട്ടവര്‍ക്കു വീടുവച്ചുകൊടുക്ക്. എന്നിട്ടു വല്യപ്പന്‍റെ പേര് അതില്‍കൊത്തിവയ്ക്കാതെ വല്യപ്പനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരോടുപറ. തനിക്കുകാശുണ്ടല്ലോ, കുരിശുപള്ളിക്കു കൊടുക്കാന്‍ താനുദ്ദേശി ക്കുന്നസ്ഥലത്ത്, കുറെ കടമുറികള്‍ പണിതു വാടകയ്ക്കു കൊടുക്ക്. മക്കളില്ലാത്തതുകൊണ്ടു ചെലവും കുറവല്ലെ, അതിനു കിട്ടുന്ന വാടകക്കാശുകൊണ്ട്, പാവപ്പെട്ട കുറെ കുട്ടികളെ പഠിപ്പിക്ക്.'

തലേദിവസം ഒരത്യാവശ്യത്തിനു പോയപ്പോള്‍ പുണ്യാളന്മാരെയും മാതാവിനെയും എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദിക്ഷണംകാരണം, കാലടി നാല്ക്കവലയില്‍ വഴിബ്ലോക്കില്‍പെട്ട്, മുക്കാല്‍മണിക്കൂറു കിടക്കേണ്ടിവന്ന. അതുകാരണം ചെല്ലേണ്ടിടത്ത് സമയത്ത് എത്താനാകാതെ, പോയകാര്യവും സാധിക്കാതെ, തിരിച്ചു പോരേണ്ടി വന്നതിന്‍റെ അമര്‍ഷംകൂടി മനസ്സിലുണ്ടായിരുന്നതു കൊണ്ട്, നല്ലനൂറേലങ്ങനെ പിടിപ്പിക്കുമ്പോള്‍, പണ്ടേ ബ്രേക്കുകുറവുള്ള എന്‍റെ നാക്കിനു പെട്ടെന്നു സഡന്‍ബ്രേക്കുവീണത്, ഇയാളുടെ ഭാര്യ അവിടെയിരുന്നു ചിരിയടക്കാന്‍ പാടുപെടുന്നതു കണ്ടപ്പളാണ്. കാരണം ഞാന്‍ ചിരിക്കാന്‍വേണ്ടി പറഞ്ഞതല്ലായിരുന്നു. പറഞ്ഞു വന്നതു പെട്ടെന്നു നിര്‍ത്തിയിട്ട് എന്‍റെ മൂപ്പിച്ചുള്ള നോട്ടംകണ്ട് അവരാകെ ചമ്മിപ്പോയി.

"ഇക്കാര്യം എന്നോടു പറഞ്ഞപ്പോള്‍, ഞാനും പറഞ്ഞകാര്യംതന്നെയാ അച്ചനിപ്പോള്‍ പറഞ്ഞത്, ആ സന്തോഷം കൊണ്ടു ചിരിച്ചുപോയതാണച്ചാ, ക്ഷമിക്കണം." ഏതായാലും അവരുടെ ആ ചിരി കൊണ്ട് എനിക്കു സ്ഥലകാലബോധം വീണ്ടുകിട്ടി, വേഗം ഞാന്‍ വിഷയവുംമാറ്റി.

"ഞാന്‍ ചുമ്മാ ഒരു തമാശുപറഞ്ഞതാകേട്ടോ, നിങ്ങളുടെ വസ്തു, നിങ്ങളുടെകാശ്, നിങ്ങളുടെ പള്ളി, നിങ്ങളുടെ ഇഷ്ടം. പിന്നെ, എപ്പോഴായാലും ഇങ്ങനെയുള്ളകാര്യങ്ങളൊക്കെ കാരണവന്മാരോടും ആലോചിക്കുന്നതു നല്ലതാ, പോയി അപ്പനോടുകൂടി ആലോചിച്ചു തീരുമാനിക്ക്."

എന്തായാലും വന്നപ്പോഴുണ്ടായിരുന്ന വലിയ സന്തോഷവും ആവേശവുമൊന്നും ഇല്ലാതെയാണു തിരിച്ചുപോയത്. അവരു പോകാന്‍ കാറില്‍ കയറിയപ്പോളും ഞാന്‍ പറഞ്ഞു:

"ഞാന്‍ പറഞ്ഞതു തമാശായിട്ടെടുത്താല്‍മതി കേട്ടോ."

അന്തോനീസുപുണ്യളാ, അയാള്‍ക്കു നല്ല ബുദ്ധികൊടുക്കണേന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും പുണ്യാളന്‍ എന്‍റെ പ്രാര്‍ത്ഥനകേട്ടു എന്നു ഞാനറിഞ്ഞത് ഒരുമാസംകഴിഞ്ഞ് ആളിന്‍റെ അപ്പനെ കണ്ടപ്പോളാണ്. ഞാന്‍ പറഞ്ഞതി നോടാണ് അങ്ങേര്‍ക്കും യോജിപ്പെന്നും എങ്കിലും അവന്‍റെ ഇഷ്ടപ്രകാരം ചെയ്തോളാനാണ് അങ്ങേരും മകനെ ഉപദേശിച്ചതെന്നും പറഞ്ഞു. സ്ഥലം കൊടുക്കാഞ്ഞതിന്‍റെപേരില്‍ പള്ളിക്കാരു വീട്ടില്‍ചെന്നു വലിയ ബഹളംകൂട്ടിയെന്നും, അച്ചന്‍ പള്ളിയില്‍വച്ചു പേരുപറയാതെ ഇയാളെ ശപിച്ചെന്നും, പള്ളിക്കാര് അല്പംമാറി വേറൊരു സ്ഥലം കുരിശുപള്ളിക്കുവേണ്ടി  വിലയ്ക്കു വാങ്ങിയപ്പോള്‍ ഇയാള്‍ കൊടുത്ത സംഭാവന സ്വീകരിച്ചില്ലെന്നും, പിന്നീടിയാള്‍ വേദനയോടെ പറഞ്ഞതും എനിക്കോര്‍മ്മയുണ്ട്. അന്നൊന്നും ഇയാള്‍ ഞാന്‍ പറഞ്ഞിട്ടാണ് സ്ഥലം കൊടുക്കാതിരുന്നതെന്നു പറഞ്ഞില്ല. പിന്നെന്താ ഇപ്പോള്‍? എന്തായാലും സംശയം തീര്‍ക്കണമല്ലോ. ദീര്‍ഘനേരത്തെ മൗനത്തിനുശേഷം ഞാന്‍തന്നെ തുടക്കമിട്ടു.

"താന്‍ പറഞ്ഞത് എനിക്കു വല്ലാതെ കൊണ്ടു." അയാള്‍ വേദനയോടെ എന്നെ നോക്കിയിട്ടു പറഞ്ഞു:

"സോറി അച്ചാ."

"വേണ്ട. ഞാന്‍ പറയുന്നതു മുഴുവന്‍ കേട്ടിട്ട് താന്‍ ബാക്കിപറഞ്ഞാല്‍മതി. എന്‍റെ ഓര്‍മ്മവച്ച് മുപ്പതുവര്‍ഷമായി നിങ്ങളെ ഞാന്‍ പരിചയപ്പെട്ടിട്ട്. അന്നുമുതലിന്നുവരെ എന്തിനെങ്കിലും ഞാന്‍ തന്നെ നിര്‍ബ്ബന്ധിച്ചിട്ടുണ്ടോ? ചിന്തിച്ചുനോക്ക്. ഇങ്ങനെ ചെയ്യുന്നതു നല്ലതായിരിക്കും, താന്‍ ആലോചിച്ചു തീരുമാനമെടുക്ക് എന്നല്ലാതെ എന്നെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ? ആരെയും നിര്‍ബ്ബന്ധിക്കാതിരിക്കുക, അതെന്‍റെ വിശ്വാസപ്രമാണമാണ്. ശരിയെന്നു ബോധ്യപ്പെട്ടതു പറയും, പറഞ്ഞു കൊടുക്കും, നിര്‍ബ്ബന്ധിക്കില്ല. കാരണം വിവരോം വിവേകോം ദൈവം എനിക്കു മാത്രമല്ലല്ലോ തന്നിട്ടുള്ളത്. എന്‍റെ ശരിമാത്രം ശരിയായിക്കൊള്ളണമെന്നുമില്ലല്ലോ. തമ്പുരാന്‍റെമുമ്പില്‍ ഓരോരുത്തരുമല്ലേ ഉത്തരം കൊടുക്കേണ്ടത്. അതുകൊണ്ട് അവനവനു ബോധ്യപ്പെട്ടതുവേണം ചെയ്യാന്‍. നിര്‍ബ്ബന്ധിക്കാന്‍ പാടില്ല. പിന്നെ എനിക്കു ശരിയെന്നുറപ്പുള്ളത് പറയണമെന്നു തോന്നിയാല്‍മാത്രം പറയും. അവിടെ വാക്കുകള്‍ക്കു വലിയ എഡിറ്റിങ്ങൊന്നും ഞാന്‍ നടത്താറുമില്ല. അതു ധിക്കാരമായിട്ടേ പലരും കാണാറുള്ളു. ശരിയെന്നു തോന്നുന്നതില്‍ മുറുകെപ്പിടിക്കും, വഴങ്ങാറില്ല, അതു തലക്കനമായിട്ടാണു മിക്കവരും കണക്കാക്കുക.  ഇതൊക്കെ മനപ്രയാസമുണ്ടാക്കാറുണ്ടെങ്കിലും മനസ്സാക്ഷിക്കൊരു സുഖമുണ്ട്. തന്‍റെമുമ്പിലിത്രയും ആത്മകഥ പറഞ്ഞത് തന്നെ എനിക്കിഷ്ടമായതുകൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ തന്‍റെഭാര്യ വിവരമറിയിച്ചപ്പോള്‍ത്തന്നെ, നാലരമണിക്കൂര്‍ ഒറ്റക്കുവണ്ടിയുമോടിച്ച് ഇവിടെ ഞാനെത്തില്ലായിരുന്നല്ലോ. എന്‍റെ സുഹൃത്തുക്കളില്‍ ഏറ്റവും നന്മയുള്ളവരിലൊരാളാണു താന്‍. താനിത്ര നല്ലവനായതില്‍ പരോക്ഷമായ ഒരുപങ്ക് എനിക്കുമുണ്ടെന്ന് അഭിമാനിക്കുന്നയാളാണു ഞാന്‍. ഞാന്‍തന്ന സൂചനപോലും കാര്യമായെടുത്ത് യാതൊരു കൊട്ടിഘോഷവുമില്ലാതെ മൂന്നു പാവപ്പെട്ടവര്‍ക്കു താന്‍ സ്ഥലവും കൊടുത്തു, വീടും വച്ചുകൊടുത്തു. എന്‍റെ അഭിപ്രായം മാനിച്ച് താന്‍ മൂന്നുനിലയില്‍ എട്ടുപത്തു കടമുറികള്‍ പണിതു വാടകയ്ക്കു കൊടുത്തു, അതിന്‍റെ വരുമാനം മുഴുവന്‍ താനിപ്പോള്‍ രണ്ടുദിവസമായി താമസിക്കുന്ന ഈ അഗതിമന്ദിരത്തിന്‍റെ നടത്തിപ്പിനായിട്ടാണു കൊടുക്കുന്നതെന്ന് ഈ നാട്ടുകാര്‍ക്കോ പള്ളിക്കാര്‍ക്കോ അറിയില്ലെങ്കിലും എനിക്കറിയാം. ഞാന്‍ റെക്കമന്‍റുചെയ്ത എത്രകുട്ടികളെ ഇത്രയും കാലത്തിനിടയില്‍ പഠിക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നു ഞാന്‍ കണക്കുവച്ചിട്ടില്ല, ഏതായാലും നൂറിലേറെയുണ്ട്. കുരിശുപള്ളി പണിയുടെ കാര്യത്തിലും അന്നു ഞാനെന്‍റെ അഭിപ്രായമല്ലെ പറഞ്ഞുള്ളു? നിര്‍ബ്ബന്ധിച്ചോ? ഇനി താന്‍പറ ഞാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെപേരില്‍ എന്തെങ്കിലും തനിക്കു ചെയ്യേണ്ടിവന്നിട്ടുണ്ടോ?"

"ക്ഷമിക്കണമച്ചാ, എനിക്കുവാക്കുതെറ്റിയതാണ്. ഞാനുദ്ദേശിച്ചതല്ല വായിലൂടെവന്നത്. ഞാനൊരു വല്ലാത്ത അവസ്ഥയിലാണച്ചാ ഇപ്പോള്‍. ഒരു മുഖംമൂടിയിട്ടാണച്ചാ ഇത്രകാലം ഞാന്‍ ജീവിച്ചത്. ഞാനിനി പറയാന്‍പോകുന്ന സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അച്ചനെന്നെപ്പറ്റി ഇപ്പോള്‍ പറഞ്ഞതെല്ലാം തിരുത്തി എന്നെ വെറുക്കും. എന്നാലും ഇനി പറയാതെവയ്യ. ഡിഗ്രിക്കു പഠിക്കുമ്പോള്‍ അവധിക്കാലത്ത് അപ്പനു വീട്ടിലേയ്ക്കു പോരാനായി, ഒന്നൊന്നരമാസം ഞാനെല്ലാവര്‍ഷവും കര്‍ണ്ണാടകത്തിലെ തോട്ടത്തില്‍ താമസിക്കുമായിരുന്നു. അവിടെ സഹായത്തിനും വച്ചുവിളമ്പാനുമായി ആ നാട്ടുകാരന്‍ ഒരു നല്ലമനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് പിഡിസിക്കു പഠിച്ചിരുന്ന ഒരു മകളും. അവള്‍ക്ക് ഇംഗ്ലീഷിനും മാത്സിനും ഞാന്‍ റ്റ്യൂഷന്‍ കൊടുക്കാന്‍തുടങ്ങി. നല്ലചെറുപ്പമല്ലെ, പിന്നീട് അതെങ്ങനെയൊക്കെ ആയിക്കാണുമെന്ന് അച്ചനൂഹിച്ചാല്‍മതി. ആ മൂന്നുകൊല്ലവും അവധിക്കാലത്തു ഞാനവളെ ദുരുപയോഗിച്ചു. ഗര്‍ഭം ധരിക്കാതിരിക്കാന്‍ അവള്‍ക്കെന്തോ മരുന്നുണ്ടെന്നവളുറപ്പു പറഞ്ഞിരുന്നു. അവസാനം മനസ്സാക്ഷിക്കുത്തു സഹിക്കാനാകാതെ ഞാനെന്‍റെ അപ്പനോടുമമ്മയോടും സത്യംതുറന്നുപറഞ്ഞു. അപ്പനന്നു വല്ലാതെ കരഞ്ഞു, എന്നിട്ടെന്നോടു പറഞ്ഞു അവളെത്തന്നെ കല്യാണംകഴിക്കാന്‍. എനിക്കു പൂര്‍ണ്ണസമ്മതവും ആയിരുന്നു. പക്ഷെ അമ്മ ഒരുതരത്തിലും സമ്മതിച്ചില്ല. അവസാനം വന്‍തുകയും കുറെസ്ഥലവും കൊടുത്ത് അവളെ കല്യാണംകഴിപ്പിച്ച് പ്രശ്നം പരിഹരിച്ചു. അവരിപ്പോള്‍ മൂന്നുനാലു മക്കളുമായി സന്തോഷത്തോടെ അവിടെത്തന്നെ ജീവിക്കുന്നു.  എങ്കിലും എന്‍റെ മനസ്സിലെന്നുമതൊരു ഭാരമായിരുന്നു. എന്‍റെയാ തെറ്റിനു പരിഹാരമായിട്ടായിരുന്നച്ചാ  കുരിശുപള്ളി പണിയാനുള്ള എന്‍റെ തീരുമാനം. അച്ചന്‍റെ അന്നത്തെ അഭിപ്രായം കേട്ടപ്പോള്‍ ഞാനന്നതുമാറ്റി.

രണ്ടുവര്‍ഷംകഴിഞ്ഞ് എനിക്കുവന്ന ആദ്യത്തെ കല്യാണാലോചനതന്നെയാണു നടത്തിയത്. അന്നൊന്നും വിവാഹഒരുക്ക ധ്യാനമൊന്നുമില്ലായിരുന്നു. ആലുവായില്‍ ഒരു തോമസ് തോപ്പിലച്ചന്‍ നടത്തിയിരുന്ന കുടുംബക്ഷേമ സെമിനാറെ ഉണ്ടായിരുന്നുള്ളു. എന്തായാലും അതുകൂടിയിട്ടുമതി കല്യാണമെന്നു ഞാന്‍ നിര്‍ബ്ബന്ധം പിടിച്ചു. അവിടെവച്ച് ഞാന്‍ പെണ്‍കുട്ടിയോട് സത്യമെല്ലാം പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും പൂര്‍ണ്ണസമ്മതമുണ്ടെങ്കില്‍മാത്രം കല്യാണംമതിയെന്നും ഞാനന്നു പറഞ്ഞു. അവള്‍ യാതൊരെതിര്‍പ്പും പറഞ്ഞില്ല, കല്യാണവും നടന്നു. മക്കളുണ്ടാകില്ലെന്നുറപ്പായപ്പോള്‍ അവളാവര്‍ത്തിച്ചു പറഞ്ഞിരുന്നത് 'നമ്മുടെയൊക്കെ പാപത്തിനു പരിഹാരമായിട്ടു മക്കളില്ലാതെ ജീവിക്കാമെന്നായിരുന്നു. അപ്പോളൊക്കെ അവളെന്‍റെ പാപത്തെക്കുത്തിയാണു പറയുന്നതെന്നെന്നായിരുന്നു ഞാനോര്‍ത്തിരുന്നത്. പക്ഷെ അച്ചാ, എല്ലാം തകര്‍ന്നതു രണ്ടുദിവസംമുമ്പാണ്. ലയണ്‍സ്ക്ലബ്ബ് സംഘടിപ്പിച്ച, വന്ധ്യതയെപറ്റിയുള്ള ഒരുസെമിനാറിനു ചുമ്മാപോയതാണ്. ക്ലാസ്സെടുത്തത് പണ്ടു ഞങ്ങളെ ചികിത്സിച്ച ഡോക്ടര്‍. അതില്‍പിന്നെ കണ്ടിട്ടില്ല. അതുകൊണ്ട് ക്ലാസ്സു കഴിഞ്ഞു കാണാന്‍ചെന്നപ്പോളേ അങ്ങേരു ചോദിച്ചത് കുട്ടിയെ ദത്തെടുത്തോന്നാണ്. ഭാര്യക്കു താത്പര്യമില്ലാത്തതുകൊണ്ട് എടുത്തില്ലെന്നു പറഞ്ഞപ്പോള്‍, ചെറുപ്പത്തിലങ്ങനെയൊക്കെ സംഭവിച്ചതുമറന്ന് ദത്തെടുക്കണമെന്നു പറഞ്ഞി രുന്നതാണല്ലോ, ഇപ്പോഴും അവരതെല്ലാം ഓര്‍ത്തോണ്ടിരിക്കയാണോ എന്നൊക്കെ പ്പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതുകൊണ്ട്, ചെറുപ്പത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ വന്ധ്യതയുണ്ടാകുമോയെന്നു ഞാന്‍ചോദിച്ചു. എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല, എന്നാലും ചിലര്‍ക്ക് അടുപ്പിച്ച് മൂന്നാലുപ്രാവശ്യം അബോര്‍ഷന്‍ നടത്തിയാല്‍ വന്ധ്യതയുണ്ടാകാം, ഇതങ്ങനൊരു കേസാണല്ലോ, അതവരിതുവരെ പറഞ്ഞിട്ടില്ലേ എന്നദ്ദേഹം ചോദിച്ചു. ഇല്ലെങ്കില്‍ ഇനിയും ചോദിക്കാനും പറയാനുമൊന്നും പോകേണ്ടാന്നും ഉപദേശിച്ചു. ചങ്കുപൊട്ടിപ്പോയച്ചാ. ഞാനെല്ലാം തുറന്നുപറഞ്ഞിട്ടും അവളെന്നെ വഞ്ചിക്കുകയായിരുന്നു. എനിക്കു മക്കളില്ലാതെ പോയത് അവളെ കെട്ടിയതുകൊണ്ടല്ലേ. എനിക്കവളെ ഇനികാണണ്ടാ. ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ. അപമാനിക്കാനും കഴിയില്ല. അതുകൊണ്ടാണ് ഞാന്‍തന്നെയിങ്ങു മാറിയത്. അവളവിടെ കഴിഞ്ഞോട്ടെ. അച്ചന്‍ പൊക്കോളൂ. ഞാനിതൊന്നും ആരോടും പറയില്ല."

സമയമെടുത്തു പറഞ്ഞുസമാധാനിപ്പിച്ച്, അയാളെയും വണ്ടിയില്‍കയറ്റി വീട്ടിലെത്തി ക്കുമ്പോള്‍ സന്ധ്യയായിരുന്നു. ആളനക്കമില്ല. മുന്‍വാതിലടഞ്ഞുകിടന്നിരുന്നു. തുറന്നുകിടന്ന ജനലിലൂടെ നോക്കുമ്പോള്‍, ആ സ്ത്രീ കുരിശുരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി നില്പുണ്ട്. കതകില്‍ മുട്ടിയപ്പോള്‍ അവരു വേഗംവന്നു കതകുതുറന്നു. ഞങ്ങളകത്തുകയറി. വേലക്കാരിയില്‍ നിന്നറിഞ്ഞു, ഈ രണ്ടുദിവസവും അവരു ഭക്ഷണംകഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല, കുരിശു രൂപത്തിനു മുമ്പില്‍നിന്നു മാറിയിട്ടില്ല, കരച്ചില്‍ മാത്രം.

അടച്ച മുറിക്കുള്ളിലിരുവരെയുമിരുത്തി മണിക്കൂറുകള്‍നീണ്ട തുറന്ന കുമ്പസാരം. വളരെ ഉള്‍നാട്ടിലായിരുന്നു അവളുടെവീട്. രണ്ടു പെണ്‍മക്കള്‍മാത്രം. ഏഴുവയസ്സിനുമൂത്ത ചേച്ചി, ഇവള്‍ പത്താം ക്ലാസ്സിലായപ്പോഴേയ്ക്കും ഡിഗ്രിയും റ്റിറ്റിസിയുംകഴിഞ്ഞ് ദൂരെ നാട്ടുമ്പുറത്തുള്ള സ്കൂളില്‍ ജോലിയായിരുന്നു. താമസിയാതെ അവിടെത്തന്നെ ഒരദ്ധ്യാപകനുമായി കല്യാണവും നടന്നു. കോളെജില്‍ പോകാന്‍ സൗകര്യത്തിന്, ചേച്ചിയെക്കെട്ടിച്ച വീട്ടിലായിരുന്നു പിന്നത്തെ രണ്ടുവര്‍ഷം ഇവളുടെ താമസം. ആ രണ്ടുകൊല്ലത്തിനിടയിലായിരുന്നു അകപ്പെട്ടുപോയത്. പെട്ടുപോയതാണ്. നാലു പ്രാവശ്യം അബോര്‍ഷന്‍ നടത്തി. അവസാനമാണ് ചേച്ചിയും ചേട്ടനുമറിഞ്ഞത്. ബഹളംകൂട്ടാതെ അവരതെല്ലാം ഒരുതരത്തില്‍ ഒതുക്കിത്തീര്‍ത്ത്, പഠിത്തംനിര്‍ത്തി ഇവളെ വീട്ടില്‍ കൊണ്ടുചെന്നാക്കി. കുറെക്കഴി ഞ്ഞായിരുന്നു ഈകല്യാണം.

"എന്നാലും കല്യാണത്തിനുമുമ്പ് ഇയാളെല്ലാം തുറന്നുപറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും പറയാമായിരുന്നു."

"മനപ്പൂര്‍വ്വം ഒളിച്ചതല്ലച്ചാ, വല്ലാതെപേടിച്ചിട്ടായിരുന്നു. സത്യംതുറന്നുപറഞ്ഞാല്‍ കല്യാണം നടക്കാതെ വന്നെങ്കിലോന്നു പേടി. കല്യാണം കഴിഞ്ഞപ്പോളാണെങ്കില്‍, ഇനിയും പറഞ്ഞാല്‍ എന്നെ ഉപേക്ഷിച്ചെങ്കിലോന്നാ പേടി. മക്കളു ണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ അതിലും വല്ലാത്തപേടി. അതുകൊണ്ടാണച്ചാ, ദത്തെടുക്കണ്ടാ, എന്‍റെ പാപത്തിനു പരിഹാരമായി സഹിച്ചുജീവിക്കാമെന്നു നിര്‍ബ്ബന്ധം പിടിച്ചത്. അല്ലാതെ ഞാനൊരിക്കലും ഇദ്ദേഹത്തെ കുറ്റപ്പെടുത്തി ചിന്തിച്ചിട്ടു പോലുമില്ല." അതുംപറഞ്ഞ് അവര് അയാളുടെ കാലില്‍വീണ് കരയാന്‍തുടങ്ങി. അല്പസമയം മരവിച്ചതു പോലെയിരുന്ന അയാള്‍ സാവകാശം അവരെ പിടിച്ചെഴുന്നേല്പിച്ച് കണ്ണുനീരുതുടച്ചു കെട്ടിപ്പിടിച്ചു.

ഇനിയും ഞാനവിടെയിരിക്കുന്നത്, അവരുടെ പുനസ്സമാഗമത്തിന്‍റെ നിര്‍വൃതിയുടെ തീവ്രതയ്ക്കു ഭംഗമാകുമെന്നറിയാമായിരുന്നതുകൊണ്ട്, വിശക്കുന്നുണ്ടായിരുന്നങ്കിലും എന്തെങ്കിലും കഴിച്ചിട്ടു പോകാനുള്ള അവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങാതെ, രാത്രി വൈകിയിരുന്നെങ്കിലും, അപ്പോള്‍ തന്നെ വിട്ടുപോന്നു. അച്ചന്‍ജീവിതത്തിന്‍റെ ആത്മസംതൃപ്തിക്ക്, ഒരനുഭവംകൂടിത്തന്ന നല്ലദൈവത്തിനു സ്തുതിയുംപാടി നൂറേല്‍ വിട്ടുപോകുമ്പോള്‍ അതാ മുമ്പിലൊരു കുരിശു പള്ളി!! അറിയാതെ കാലു ബ്രേക്കില്‍. പള്ളിക്കുള്ളിലേക്കുനോക്കി. അന്തോനീസു പുണ്യാളന്‍!!! അറിയാതെ പറഞ്ഞുപോയി, പുണ്യാളച്ചാ പൊറുക്കണേ! കാലു വീണ്ടും ആക്സിലറേറ്ററില്‍

You can share this post!

നേര്‍ച്ച ക്യാന്‍സല്‍ഡ്

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts