news-details
സാമൂഹിക നീതി ബൈബിളിൽ

നിഷ്കളങ്കനായി ജീവിക്കുന്നവന്‍

ഇതൊരു ആമുഖവാക്യമാണ്. നിയമത്തിന്‍റെ ദൃഷ്ടിയില്‍, അതായത് ദൈവത്തിന്‍റെ ദൃഷ്ടിയില്‍, ഒരു കുറ്റവും കുറവും ഇല്ലാത്തവന്‍ എന്നു വിവക്ഷ. ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുന്ന മൃഗങ്ങള്‍ക്കുള്ള നിബന്ധന പോലെയാണിത്. മൃഗത്തെ സംബന്ധിച്ച നിബന്ധന ബാഹ്യമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ ഇവിടെ മുഖ്യമായും ആന്തരിക വിശുദ്ധിയാണ് ഉന്നം വയ്ക്കുന്നത്. കര്‍ത്താവിന്‍റെ സന്നിധിയിലേക്കു കടന്നുവരാന്‍ ജീവിത വിശുദ്ധി കൂടിയേ തീരൂ; നിയമങ്ങളെല്ലാം പൂര്‍ണ്ണമായി അനുസരിക്കണം. ഈ ആമുഖവാക്യം തുടര്‍ന്നു വിശദീകരിക്കുന്നു.

"നീതി മാത്രം പ്രവര്‍ത്തിക്കുന്നവന്‍"

"സ്ദാഖാ" എന്നാണ് ഹീബ്രു മൂലം. ദൈവിക കല്‍പ്പനകള്‍ അനുസരിച്ച്, ദൈവത്തോടും മനുഷ്യരോടും പ്രപഞ്ചത്തോടും തന്നോടു തന്നെയുമുള്ള കടമകള്‍ എല്ലാം കണിശമായി നിര്‍വ്വഹിക്കുക എന്നാണ് ഈ പദം അര്‍ത്ഥമാക്കുന്നത്. ഇതും ഒരു പൊതുവായ നിയമമാണ്. ഈ നിയമത്തിന്‍റെ വിശദാംശങ്ങള്‍ തുടര്‍ന്ന് ഒന്നൊന്നായി എടുത്തു പറയുന്നു. നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ദേവാലയഗിരിയില്‍ പ്രവേശനമുള്ളൂ. "നീതി ജലം പോലെ ഒഴുകട്ടെ, ന്യായവിധി, വറ്റാത്ത നീര്‍ച്ചാല്‍ പോലെയും" (ആമോ. 5: 24) എന്ന പ്രവാചകാഹ്വാനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാക്യം.

"ഹൃദയം തുറന്ന് സത്യം പറയുന്നവന്‍"

പ്രവൃത്തികളുടെയെല്ലാം ഉറവിടത്തിലേക്കാണ് ഇവിടെ ശ്രദ്ധ ക്ഷണിക്കുന്നത്. ബാഹ്യമായ അനുഷ്ഠാനങ്ങളെക്കാള്‍ അവയെ നയിക്കുന്ന, പ്രേരണ നല്കുന്ന മനോഭാവങ്ങളും വികാരങ്ങളുമാണ് ഇവിടെ ഉന്നം വയ്ക്കുന്നത്. ചിന്തയും വാക്കും തമ്മില്‍, ലക്ഷ്യവും പ്രവൃത്തിയും തമ്മില്‍, അകവും പുറവും തമ്മില്‍ പൊരുത്തം നിലനില്‍ക്കണം. അതാണ് ഹൃദയം തുറന്ന് (ഹൃദയത്തില്‍ നിന്ന് എന്ന് ഹീബ്രു മൂലം) എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് മതാത്മക മേഖലയിലും എളുപ്പം കടന്നുകൂടാവുന്ന ഒരു തിന്മയായ കാപട്യത്തിന് ഇവിടെ തടയിടുന്നു.

മുഖംമൂടികള്‍ അഴിച്ചു മാറ്റി, ആയിരിക്കുന്ന അവസ്ഥയില്‍ സ്വയം പ്രത്യക്ഷപ്പെടുക; ഉള്ളിലുള്ളതു മാത്രം പറയുക. ജീവിതം, വാക്കും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. സത്യം തന്നെ ആയ ദൈവത്തിന്‍റെ സന്നിധിയില്‍ അസത്യത്തിനു പ്രവേശനമില്ല. ഉടയാടകള്‍ അഴിച്ചു മാറ്റി, അരക്കച്ച മാത്രം ഉടുത്ത് ശ്രീകോവിലില്‍ തൊഴാന്‍ വരുന്ന ഭക്തന്‍ ഈ പ്രമാണത്തിന്‍റെ അര്‍ത്ഥം ബാഹ്യമായിത്തന്നെ വ്യക്തമാക്കുന്നു. എല്ലാം കാണുന്നവന്‍റെ മുമ്പില്‍ എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല; ഒളിച്ചുവയ്ക്കാന്‍ കഴിയുകയുമില്ല. ഈ പ്രമാണത്തിന്‍റെ നിഷേധമാണ് സ്വയം വിശുദ്ധരെന്നു നടിച്ചവര്‍ക്കെതിരേ യേശു കലഹിക്കാന്‍ കാരണം. "കപട ഭക്തരെ" എന്ന അഭിസംബോധനയില്‍ ഈ പ്രമാണത്തിന്‍റെ പ്രാധാന്യം കാണാം. സത്യം അംഗീകരിക്കുകയും പറയുകയും ജീവിക്കുകയും ചെയ്യുന്നവര്‍ക്കേ ഇനി ഒരടി മുന്നോട്ടു വയ്ക്കാന്‍ അവകാശമുള്ളൂ!

"പരദുഷണം പറയാത്തവന്‍"

സത്യം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നവരുടെ സാമൂഹ്യ ജീവിതവും സത്യത്താല്‍ നയിക്കപ്പെടുന്നതാകണം. സമൂഹത്തില്‍ കടന്നു വരുന്ന വലിയൊരു വിപത്തിനു തടയിടുന്നതാണ് ഈ കല്‍പ്പന. നിഷേധ ഭാവത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കല്പന മനുഷ്യര്‍ക്ക് പരസ്പരം ഉണ്ടായിരിക്കേണ്ട ആദരവിനും കരുതലിനും അടിവരയിടുന്നു. അന്യരെക്കുറിച്ച് ദോഷമായി ഒന്നും പറയാതിരിക്കുക, എന്നും പ്രസക്തമായൊരു നിര്‍ദ്ദേശമാണിത്, ഇന്നു പ്രത്യേകിച്ചും.

മലയിലെ പ്രസംഗത്തില്‍ യേശു അവതരിപ്പിച്ച പുതിയ നിയമ ധാര്‍മ്മികതയില്‍ ഈ പ്രമാണം കൂടുതല്‍ വ്യക്തവും ശക്തവുമാകുന്നു. "സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിനു മുമ്പില്‍ നില്‍ക്കേണ്ടി വരും; വിഡ്ഢി എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്ക് ഇരയായിത്തീരും" (മത്തായി 5:22) സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഒരു മുഖ്യകാരണം പരദൂഷണമാണെന്നതില്‍ രണ്ടു പക്ഷത്തിനിടയില്ല. വ്യക്തിബന്ധങ്ങളിലും കുടുംബങ്ങളിലും തുടങ്ങി സമൂഹത്തെ മുഴുവന്‍ പരസ്പരം സംശയത്തിലേക്കും വിദ്വേഷത്തിലേക്കും ശൂന്യതയിലേക്കും നയിക്കുന്നതില്‍ പരദൂഷണത്തിനുള്ള പങ്ക് എത്രയെന്ന് നാം നിരന്തരം കണ്ടും അനുഭവിച്ചും അറിയുന്നു.

അയല്‍ക്കാരന്‍റെ തെറ്റു ചൂണ്ടിക്കാണിക്കരുത് എന്നല്ല ഇതിനര്‍ത്ഥം. ഒരു വ്യക്തിയുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എങ്ങനെയാണ് തെറ്റു തിരുത്തേണ്ടത് എന്ന് യേശു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് (മത്താ. 18:15-17). സഹോദരനെ തിരുത്താന്‍ കടമയുണ്ട്; പക്ഷേ അതു നേരിട്ടും രഹസ്യമായും ആയിരിക്കണം, സമൂഹമധ്യത്തില്‍ ഒരാളെ അപഹാസ്യനാക്കി ചിത്രീകരിച്ചു കൊണ്ടല്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, മതങ്ങള്‍ പോലും അപരനെതിരേ ദുഷ്പ്രചാരണം നടത്തുന്നതില്‍ തെറ്റു കാണുന്നില്ല എന്ന പ്രതീതിയാണ് പലപ്പോഴും നല്‍കുന്നത്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദേവാലയത്തിലെന്നല്ല, പരിസരത്തു പോലും വരാന്‍ യോഗ്യതയില്ല എന്ന സങ്കീര്‍ത്തനത്തിന്‍റെ പ്രബോധനം സ്വീകരിച്ചിരുന്നെങ്കില്‍ എത്രയെത്ര ദുരന്തങ്ങള്‍, ശത്രുതകള്‍, യുദ്ധങ്ങള്‍ ഒഴിവാകുമായിരുന്നു!

സ്നേഹിതനെ ദ്രോഹിക്കാതിരിക്കുക, അയല്ക്കാരനെതിരെ അപവാദം പ്രചരിപ്പിക്കുക എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കണ്ടു കഴിഞ്ഞ ആശയങ്ങള്‍ക്ക് കൂടുതല്‍ ആഴവും പരപ്പും വ്യക്തതയും നല്കുന്നു. വ്യക്തികളെ തേജോവധം ചെയ്യരുത്, സ്വഭാവഹത്യ അരുത്; സ്നേഹിതരോടു വിശ്വസ്തത പാലിക്കണം, ഒരു കാരണവശാലും ദ്രോഹിക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ജീവിതത്തിനു കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. ദുഷ്ടനെ പരിഹാസ്യനായി കരുതണം എന്ന നിര്‍ദ്ദേശം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. "നാണം കെട്ടും  പണം നേടിക്കൊണ്ടാല്‍ നാണക്കേടും പണം മാറ്റിക്കൊള്ളും" എന്ന നമ്മുടെ പഴഞ്ചൊല്ലിനു കടകവിരുദ്ധമായ ഒരു നിലപാടാണ് ഇവിടെ ആവശ്യപ്പെടുന്നത് - സമൂഹത്തില്‍ നിലനില്ക്കുന്ന സ്ഥാനമാനങ്ങളുടെ മാനദണ്ഡം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആരെയാണ് ആദരിക്കേണ്ടത്, ആരെയാണ് അവഗണിക്കേണ്ടത് എന്നു വീണ്ടും വ്യക്തമാക്കുന്നു. ബൈബിളില്‍ അനേകം തവണ പ്രത്യക്ഷപ്പെടുന്ന ഒരു പദമാണ് "ദുഷ്ടന്‍". നീതിമാന്‍, നിഷ്കളങ്കന്‍ എന്നീ പദങ്ങളുടെ വിപരീത പദമാണിത്.

ജ്ഞാനഗ്രന്ഥങ്ങളില്‍, പ്രത്യേകിച്ച് സങ്കീര്‍ത്തനങ്ങളില്‍ നിരവധി തവണ പ്രത്യക്ഷപ്പെടുന്ന ഈ പദത്തിന് അനേകം ധ്വനികളുണ്ട്. ഹൃദയത്തില്‍ തുടങ്ങുന്ന ഒരു മനോഭാവമാണ് ദുഷ്ടത. ദുഷ്ടന്‍ തിന്മയെ ഗര്‍ഭം ധരിക്കുന്നു (സങ്കീ. 7:14). അതു ദൈവനിഷേധത്തിലേക്കു നയിക്കുന്നു (സങ്കീ. 10:2, 36:1) പാവങ്ങളെ പീഡിപ്പിക്കുന്നു, അന്യായമാര്‍ഗ്ഗങ്ങളിലൂടെ സമ്പത്തു വാരിക്കുട്ടുന്നു (സങ്കീ. 17:1, 22:16). പിടിച്ചു പറിച്ച് സമൃദ്ധിയില്‍ കഴിയുന്നു; ആരോഗ്യവും അധികാരവും സമൂഹത്തില്‍ ഉന്നത സ്ഥാനവും അനുഭവിക്കുന്നു. അതിനാല്‍ത്തന്നെ അഹങ്കാരം മുറ്റി ഗര്‍വ്വു കാട്ടുന്നു; വമ്പു പറയുന്നു (10:2, 37:16, 55:3, 73: 2-12, 75: 4-5). ദൈവം ഇല്ലെന്നു കരുതുന്ന ദുഷ്ടന്‍ ഈ ലോകജീവിതത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നു. മരണാനന്തരം ഒരു ജീവിതമുണ്ടെന്നോ ദൈവതിരുമുമ്പില്‍ തന്‍റെ ചെയ്തികള്‍ക്കു കണക്കു കൊടുക്കേണ്ടി വരുമെന്നോ അവന്‍ കരുതുന്നില്ല (17:13-14, 36:1).

സങ്കീര്‍ത്തനങ്ങള്‍ വരച്ചു കാട്ടുന്ന ദുഷ്ടതയുടെ ഏകദേശ രൂപമാണിത്. ഇപ്രകാരം ചിന്തിക്കുകയും  ജീവിക്കുകയും ചെയ്യുന്നവരെ അപഹാസ്യരായി കരുതണം. അവരോടു കൂട്ടു ചേരരുത്. അവരുടെ ചിന്താ ഗതിയില്‍ പങ്കുചേരുകയോ അവരുടെ സ്ഥാനമാനങ്ങള്‍ കണ്ട് അത്ഭുതപ്പെടുകയോ വേണ്ട; അസൂയയും വേണ്ടാ. കാരണം ഇതെല്ലാം നിമിഷനേരം കൊണ്ട് നശിക്കും, അല്ല ദൈവം നശിപ്പിക്കും. ഈ ഒരു ബോധ്യവും തജ്ജന്യമായ ജീവിതശൈലിയുമാണ് ദൈവിക സാന്നിധ്യത്തിലേക്കു കടന്നുവരാന്‍ ആവശ്യം.

മനോഭാവത്തില്‍ നിന്നു വീണ്ടും പ്രവൃത്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു. കൊടുത്ത വാക്ക് പാലിക്കണം. അതിനു വേണ്ടി എന്തു നഷ്ടവും സഹിക്കാന്‍ തയ്യാറായിരിക്കണം. എന്നാല്‍ എന്തു പ്രതിജ്ഞയാണ് ചെയ്യുന്നതെന്ന്   നേരത്തെ ആലോചിക്കണം. തനിക്ക് അര്‍ഹതയോ ന്യായമായ സാധ്യതയോ ഇല്ലാത്ത ഒരു പ്രതിജ്ഞയാണ് ചെയ്തതെങ്കില്‍ അതു നിറവേറ്റാന്‍ കടമയില്ല എന്നു മാത്രമല്ല, നിറവേറ്റുന്നത് പ്രതിജ്ഞ ചെയ്തതിനേക്കാള്‍ വലിയ കുറ്റമായിരിക്കുകയും ചെയ്യും. ന്യായാധിപനായ ജെഫ്തെ മകളെ ബലികഴിച്ചതും (ന്യായ. 11: 30-40) ഹേറോദേസ് സ്നാപകനെ വധിച്ചതും (മര്‍ക്കോ. 6: 14-29) ഉദാഹരണങ്ങളാണ്.  കടത്തിനു പലിശ ഈടാക്കരുത് എന്നതാണ് രണ്ടാമത്തെ നിബന്ധന. ഏറെ വിവാദ വിഷയമായ ഒരു നിര്‍ദ്ദേശമാണിത്. ആധുനിക സാമ്പത്തിക വ്യവസ്ഥിതിയില്‍ നിര്‍ണ്ണായകമായൊരു ഘടകമാണ് നിക്ഷേപം - വായ്പാ - പലിശ. ഈ സംവിധാനം നിലനില്‍ക്കുന്നിടത്തോളം കാലം പലിശ വാങ്ങരുത് എന്ന കല്പന പ്രായോഗികമല്ല എന്നു കരുതുന്നതിനാലാവാം കുര്‍ബ്ബാന മധ്യേ ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കുമ്പോള്‍ "അന്യായപ്പലിശ" എന്നു വിശദീകരിക്കുന്നത്. ഇതു ദൈവവചനത്തില്‍ മായം ചേര്‍ക്കലാണെന്ന് കരുതുന്നവരുണ്ട്. അല്ല, വചനത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കുകയാണെന്നു വിശദീകരിക്കുന്നവരുമുണ്ട്. വായ്പ വാങ്ങി വ്യാപാരം നടത്തി ലാഭമുണ്ടാക്കുന്ന ഒരു സാമ്പത്തിക സംവിധാനം നില്ക്കുന്ന പശ്ചാത്തലത്തിലല്ല ഈ പ്രമാണം രൂപം കൊണ്ടത്. തന്നെയുമല്ല, വ്യാപാരാവശ്യങ്ങള്‍ക്കായി വാങ്ങുന്ന തുകയല്ല ഇവിടെ വിവക്ഷിക്കുന്നത് എന്നും ഓര്‍ക്കണം.

രോഗം, പട്ടിണി മുതലായ അത്യാവശ്യ സാഹചര്യങ്ങളില്‍ വേണ്ടിവരുന്ന വായ്പയാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അന്യന്‍റെ ആവശ്യങ്ങളെ സ്വത്തു സമ്പാദിക്കാനുള്ള അവസരമായി പരിഗണിച്ച് ചൂഷണം ചെയ്യുന്നതാണ് ഇവിടെ മുഖ്യമായ വിഷയം. അതോടൊപ്പം പലിശ നിരക്കും പ്രസക്തമാകുന്നു. usuary എന്നാണ് മൂലപദം പലരും വിവര്‍ത്തനം ചെയ്യുക. അത് പലിശ അതില്‍ത്തന്നെ നിഷിദ്ധമെന്നു കരുതുന്നതിനേക്കാള്‍ പലിശയുടെ നിരക്കും വാങ്ങുന്ന സാഹചര്യവും ശ്രദ്ധാകേന്ദ്രമാക്കുന്നു. അതിനാലാവും "അന്യായപ്പലിശ" എന്ന ലിറ്റര്‍ജിക്കല്‍ പ്രയോഗം ഉണ്ടായത്.

എന്നാലും പുതിയ നിയമത്തില്‍ അവതരിപ്പിക്കുന്ന യേശുവിന്‍റെ കാഴ്ചപ്പാട് ഒരു പടികൂടി കടന്ന്, പലിശയെന്നല്ല, മുതല്‍ പോലും തിരികെ ചോദിക്കരുത് എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ (ലൂക്കാ 6:34-35) സാമ്പത്തിക തലത്തിലെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും മതാത്മകതലത്തെയും എത്രമാത്രം സ്വാധീനിക്കുന്നു എന്നു വ്യക്തമാകുന്നു. അയല്‍ക്കാരന്‍റെ ആവശ്യങ്ങളും ദൈന്യതയും ചൂഷണം ചെയ്തു സമ്പത്തു സ്വരുക്കൂട്ടുന്നവര്‍ ദുഷ്ടരുടെ പട്ടികയിലാണ് പെടുക. അവരുടെ സ്ഥാനം ദേവാലയ പരിസരത്തിനും പുറത്താണ് എന്ന സങ്കീര്‍ത്തനത്തിലെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ നീതിനിഷ്ഠമായൊരു സമൂഹ നിര്‍മ്മിതി എത്രയോ ത്വരിതപ്പെടുമായിരുന്നു; ഒരു പക്ഷേ ദേവാലയങ്ങളുടെ മോടിയും ആഘോഷങ്ങളുടെ ധാടിയും കുറയുമെങ്കിലും.

ദേവാലയ പ്രവേശനത്തിന് അവസാനമായി വയ്ക്കുന്ന നിബന്ധനയാണ് കൈക്കൂലി വാങ്ങാതിരിക്കുക എന്നത്. അര്‍ഹതയില്ലാത്ത ആനുകൂല്യം ലഭിക്കാന്‍ വേണ്ടി നല്‍കുന്ന തുകയാവാം കൈക്കൂലി. എന്നാല്‍ അതു മാത്രമല്ലല്ലോ. അര്‍ഹതപ്പെട്ടതാണെങ്കിലും അവകാശം ലഭിക്കാന്‍ വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന തുകയും കൈക്കൂലിയാണല്ലോ. ശമ്പളവും കിമ്പളവും നാട്ടു നടപ്പായിരിക്കുന്ന നമ്മുടെ ഇടയില്‍ ഈ പ്രമാണം എന്തേ ഇത്രമാത്രം അവഗണിക്കപ്പെടുന്നു! കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമമുണ്ടാക്കുന്നവര്‍ തന്നെ കൈക്കൂലിക്കു കൂട്ടു നില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ആരാധന തന്നെ അവഹേളനമായിത്തീരുകയല്ലേ? "കൈക്കൂലി വാങ്ങരുത്. അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു" (പുറ. 23:8) എന്ന ഉടമ്പടിയുടെ നിയമസംഹിതയില്‍ പറഞ്ഞു വച്ചതു തന്നെയാണ് സങ്കീര്‍ത്തനത്തില്‍ ദൈവാരാധനയുമായി ബന്ധപ്പെടുത്തി അനുശാസിക്കുന്നത്.

ചുരുക്കത്തില്‍, നീതി പ്രവര്‍ത്തിക്കാത്തവര്‍ക്ക് ദൈവിക സാന്നിധ്യത്തിലേക്ക് കടന്നു വരാന്‍ സാധിക്കുകയില്ല. അന്തിമവിധിയുടെ മാനദണ്ഡമായി യേശു എടുത്തു കാണിച്ചതും (മത്താ. 25:31-46) മറ്റൊന്നുമല്ലല്ലോ. മരണാനന്തരമുള്ള വിധിക്കു വേണ്ടി കാത്തു നില്‍ക്കാതെ, ഇപ്പോള്‍ തന്നെ, നീതി പൂര്‍വ്വകമായൊരു ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതാവണം ആരാധനയും പ്രാര്‍ത്ഥനയും, മറ്റെല്ലാ മതാത്മക പ്രവൃത്തികളും. ദൈവവചനം വ്യക്തമായി നല്‍കുന്ന നിര്‍ദ്ദേശങ്ങളും താക്കീതുകളും അറിയാന്‍ ജനത്തിന് അവകാശമുണ്ട്; അറിയിക്കാന്‍ അധികാരികള്‍ക്കു കടമയും. ഈ തലങ്ങളില്‍ വരുന്ന വീഴ്ചയല്ലേ ഇന്നു നമ്മുടെ സമൂഹത്തില്‍ അനീതിയുടെ ദുര്‍ഭൂതം സകലകെട്ടുകളും പൊട്ടിച്ച് അരങ്ങു തകര്‍ത്താടുന്നതിനു ഒരു പ്രധാന കാരണം? 

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

വിശുദ്ധഗിരിയില്‍ വസിക്കാന്‍

മൈക്കിള്‍ കാരിമറ്റം
Related Posts