news-details
സഞ്ചാരിയുടെ നാൾ വഴി

അങ്ങനെ ഒരു നേരം വരും. അപ്പോള്‍ മാത്രമാണ് അവളുടെ ഉള്ളം അവനിലേക്ക് ഏകാഗ്രമാകുന്നത്. അവന്‍റെ ചെറിയ ചെറിയ വിജയങ്ങള്‍ അവളില്‍ ഒരു അനുരണനങ്ങളും സൃഷ്ടിച്ചിട്ടില്ല. പടയോട്ടങ്ങളോട് അവള്‍ക്ക് മമതയുമില്ല. തോറ്റപുരുഷന് കൂട്ടുപോകുകയാണ് അവളുടെ ധര്‍മ്മം. കാര്‍മന്‍ ഒരു കള്ളക്കഥയാണ്. യൂറോപ്പില്‍ പലരീതിയില്‍ പാടുകയും പകര്‍ന്നാടുകയും ചെയ്ത കെട്ടുകഥ. തോറ്റവനെ അവന്‍റെ വിധിക്ക് വിട്ടുകളഞ്ഞ് മറ്റൊരു ധീരനെ തേടിപ്പോകുന്ന സ്ത്രീയെക്കുറിച്ചാണത്.

വെറോനിക്കായുടെ തൂവാലകണക്കൊരു ഹൃദയവുമായാണ് ദൈവം അവളെ പടച്ചത്. നിഴല്‍ പോലും അവനെ കൈവിട്ടുവെന്ന് തോന്നുമ്പോള്‍ അകത്തും പുറത്തും ചോരപൊടിയുന്ന അവനെ അവള്‍ ചേര്‍ത്തുപിടിക്കുന്നു. നിന്ദിതനായ ഒരു പുരുഷന്‍റെ മുഖം മാത്രമേ അവളുടെ കൈലേസിലും ചങ്കിലും പതിയുന്നുള്ളൂ. അതൊരു പാരമ്പര്യവിശ്വാ സമാണ്. വേറോനിക്കായെന്ന പദത്തിന്‍റെ എത്തിമോള ജിയില്‍ തനിരൂപം (True Image) എന്നൊരു അര്‍ത്ഥം തെളിയുന്നുണ്ട്.vera (lt-truthfull) eikon (gk-image) എന്ന പദങ്ങള്‍ ചേര്‍ന്നാണത്.  പുരുഷന്‍ റിയലാകുന്നത്, അവന്‍ മാത്രമല്ല അവളും, ദുഃഖത്തില്‍ മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. ബാക്കിയുള്ളതൊക്കെ കെട്ടുകാഴ്ചകളും പൊയ്മുഖങ്ങളുമാണ്.
 
ഒറ്റയായിരിക്കുന്നവന് കൂട്ടെന്ന നിലയിലാണ് അവളെ ദൈവം കണ്ടെത്തിയത്. ആറാം ദിവസമാണ് അവനെ സൃഷ്ടിച്ചത്. നിരന്തരമായ ചില കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍റെ മടുപ്പും തിടുക്കവും അപൂര്‍ണതയുമൊക്കെ അവന്‍റെ സൃഷ്ടിയിലു ണ്ടായിരിക്കണം. ഏഴാം ദിവസം ദൈവം വിശ്രമിച്ചു. അതിന്‍റെ സ്വാസ്ഥ്യത്തിലും ശാന്തിയിലുമാണ് അവളുടെ പിറവി. അതുകൊണ്ടുതന്നെ അവന്‍റെ എല്ലാ അപൂര്‍ണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും തിടുക്കങ്ങളില്‍ ക്ഷമയും അവള്‍ മാത്രമാണ്. ദൈവത്തിന്‍റെ വിശ്രമത്തിനു ശേഷം ഒരുപക്ഷേ, എട്ടാം ദിനം പിറന്നവളെന്ന നിലയിലാണ് അവള്‍ക്കിത്രയും ആഴവും അഴകും ലഭിച്ചിട്ടുണ്ടാവുക. സാറാ ജോസഫിന്‍റെ പാപത്തറയിലെ സ്ത്രീയെപ്പോലെ അതിരുകളി ല്ലാത്ത ലോകത്തിന്‍റെ ഒരു സ്വപ്നത്തുണ്ട് അവളിപ്പോഴും കൂടെ കൊണ്ടുനടക്കുന്നുണ്ട്. തന്‍റെ പാവാട വട്ടം ചുഴറ്റി ഭൂമിയെന്ന ഗോളത്തെ പൊതിയാനാവുന്ന വിധത്തില്‍ സ്നേഹം ഉള്ളില്‍ ഉണ്ടെന്ന് അവള്‍ തിരിച്ചറിയുന്നു.
 
പല കാലങ്ങളില്‍ പല പേരുകളില്‍ ഒരു വേറോനിക്കായെ മിക്കവാറും സ്ത്രീകള്‍ കൂടെക്കൂട്ടി. ചിലപ്പോള്‍ അവര്‍ക്ക് ഇവാ ബ്രൗണ്‍ എന്നാണ് പേര്. ലോകത്തെ മുഴുവന്‍ കീഴ്പ്പെടുത്താന്‍ പുറപ്പെട്ട അയാള്‍ക്ക് ഒരു മനുഷ്യജീവിപോലും കൂട്ടില്ലെ ന്നവള്‍ക്കറിയാം. അതുകൊണ്ടാണവള്‍ അയാളുടെ മരണത്തിന് കൂട്ടുപോയത്. ഒരു നായയുണ്ടായിരുന്നു. അതിനെ അയാള്‍ നേരത്തെ കൊന്നിരുന്നു. ചിലപ്പോള്‍ യശോദരയെന്ന് പേര്. എന്തിനാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തഥാഗതന്‍ അവളെ തേടി വരുന്നത്? ഒന്നു മാത്രമേ അവള്‍ ശഠിച്ചുള്ളൂ. ഉമ്മറത്ത് വച്ച് കൂട്ടത്തിലൊരാളായി ഒരു ദര്‍ശനം തനിക്കാവശ്യമില്ല. വരിക നീ ഉപേക്ഷിച്ച നമ്മുടെ മുറിയിലേക്ക്. ഒരു വിവാഹനിശ്ചയത്തിന്‍റെ തലേന്നായിരുന്നു ഈ ദേശത്തിന്‍റെ ഗുരു വീടുവിട്ടത്. പിന്നീട് ഏതെങ്കിലുമൊക്കെ ഒരാള്‍ക്കൂട്ടത്തില്‍ വച്ച് കാളിയമ്മ അദ്ദേഹത്തെ പാളി നോക്കിയിട്ടുണ്ടാകുമോ? അച്ഛന്‍ മരിക്കുമെന്ന് ഉറപ്പുള്ള രാത്രിയില്‍ ഗാന്ധി എന്തിനാണ് കസ്തൂര്‍ഭയെ പ്രാപിച്ചത്? ഹീരാഗുഹയിലെ വെളിപാടിന്‍റെ മിന്നലേറ്റ് അടിമുടി എരിഞ്ഞുപോയ ഒരു പ്രവാചകന്‍ എന്നെ വന്ന് പൊതിയണമെന്ന് ഖദീജയോട് എന്തിനാണ് നിലവിളിക്കുന്നത്. മരണത്തില്‍ നിന്ന് ഏതാനും വാരമകലെ മാത്രം നില്‍ക്കുന്ന ആ മരപ്പണിക്കാരന്‍റെ കാല്‍ചുവട്ടില്‍ മറിയമെന്തിനാണ് കൂനിപ്പിടിച്ചിരിക്കുന്നത്. അനിശ്ചിതത്വങ്ങളില്‍ നിസ്സഹായതയില്‍ സന്ദേഹ ങ്ങളിലൊക്കെ അവള്‍, മാത്രമാണ് അവന്‍റെ അഭയം, നിങ്ങള്‍ അതിനെ എന്ത് പേരിട്ട് വിളിച്ചാലും, വാത്സല്യം, സൗഹൃദം, പ്രണയം...

എന്നിട്ടും ഒക്കെ അരണയുടെ ഓര്‍മയുള്ള അവന്‍ മറന്നുപോകും. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്‍റെ ഒടുവില്‍ ഉള്ളില്‍ കൊളുത്തി വലിക്കുന്ന ആ ദൃശ്യം പോലെ. അവളിപ്പോള്‍ തിരിഞ്ഞു നടക്കുകയാണ്. പുറകില്‍ അയാള്‍ കൊണ്ടാടപ്പെടുകയാണ്! സ്വന്തമായി ഒരു മുറിയില്ലാത്തതാണ് തന്‍റെ സങ്കടമെന്ന് ഒരു എഴുത്തുകാരി പറയുമ്പോള്‍ നമ്മള്‍ കെട്ടിപ്പൊക്കുന്ന നാലു ചുവരുകളെക്കുറിച്ചുള്ള അവളുടെ പതംപറച്ചിലാണെന്ന് തെറ്റിദ്ധരിച്ചു. ഓരോ നിമിഷവും ആരുടെയൊക്കെയോ ഉള്ളില്‍ നിന്ന് അവള്‍ കുടിയിറക്കപ്പെടുകയാണ്. കുപ്പത്തൊട്ടിയെന്നും താവളമില്ലാത്തവരെന്നും അജിത് കൗര്‍ ജീവിതരേഖയ്ക്ക് ശീര്‍ഷകമെഴുതുമ്പോള്‍ അതത്ര യാദൃച്ഛികമാണെന്ന് വിചാരിച്ചോ?
എല്ലാ പുരുഷന്‍റെ വിജയങ്ങള്‍ക്കു പിന്നിലും ഒരു സ്ത്രീയുണ്ടെന്ന് പഴഞ്ചൊല്ലുപറയുമ്പോഴും പരാജയങ്ങള്‍ക്കു പിന്നില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഫലിതം പറയുമ്പോഴും കൃതജ്ഞതയോടും കണ്ണീരോടും കൂടിയല്ല നമ്മള്‍ അത് ഓര്‍മിച്ചെടുക്കുന്നത്.

തെല്ലു മദ്യപിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയോട് മകന്‍ സുബോധത്തോടെ പറയാന്‍ ശ്രമിച്ച കാര്യമതാണ്. ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ അമ്മയ്ക്ക് ഒരു മധുരനാരങ്ങ സമ്മാനിച്ച് ഒരു അല്ലിപോലും അച്ഛന് കൊടുക്കരുതെന്ന് ശഠിച്ച് മകന്‍ പറഞ്ഞതിങ്ങനെ. ഈ സ്ത്രീ കാരണമാണ് നിങ്ങളുണ്ടായത്. അവളുടെ ത്യാഗം നിങ്ങള്‍ മറന്നുപോകരുത്! ഏതാനും മാസങ്ങള്‍ക്കുമുമ്പായിരുന്നു, ഹുഗ്ലിയുടെ വശങ്ങളിലുള്ള ഒരു സിമന്‍റ് ബഞ്ചില്‍ ഇരിക്കുമ്പോള്‍ കേട്ടൊരു സംഭാഷണം. ഒരു പുരുഷനും സ്ത്രീയും. അയാള്‍ അലക്ഷ്യമായി വളര്‍ത്തിയ താടിരോമങ്ങളെ വലിയ അധികാരത്തോടെ അവള്‍ വെട്ടിമിനുക്കുകയായിരുന്നു. പെട്ടെന്നാണയാള്‍ പൊട്ടിത്തെറിച്ചത്. അയാളുടെ മനസ്സിലെ കണക്ക് അവള്‍ തെറ്റിച്ചിട്ടുണ്ടാകും. അവള്‍ വെറുതെ കണ്ണ് പൂട്ടിനിന്നു. കണ്ണ് നിറഞ്ഞൊഴുകുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം അയാളുടെ അനുതാപത്തോടാവണം അവള്‍ ഇങ്ങനെ മറുപടിപറയുന്നത് കേട്ടു: ദേഷ്യം വരു മ്പോള്‍ ഞാനൊരു സ്ത്രീയാണെന്നതുപോലും നീ മറന്നുപോയി. സ്ത്രീയെ മറന്നും സ്ത്രീയാണെന്നും മറന്നുമൊക്കെ ഇത്രയും തിടുക്കത്തിലും ക്ഷോഭത്തിലും ഈ പുരുഷന്മാര്‍ എങ്ങോട്ടാണ് പോകുന്നത്.

അനുജത്തി അപ്പനെ ഓര്‍മിച്ചെടുക്കുകയാണ്. ഈ മാസമാദ്യമായിരുന്നു അപ്പന്‍റെ മരണം... ഗാര്‍ഹിക ജീവിതത്തിന് സമാന്തരമായി ഒരു പൊതുജീവിതം ഉണ്ടായിരുന്ന ആളായിരുന്നു. ഇങ്ങനെയാണ് അവളോട് പറഞ്ഞത്: അകത്തു നില്‍ക്കുന്നത് ഒരു പാവം സ്ത്രീയാണ്. ഒന്നിനു വേണ്ടിയും വാശിപിടിച്ചിട്ടില്ല. ഒന്നിലും പരാതി പറഞ്ഞിട്ടില്ല. അപ്പനെക്കുറിച്ച് മാത്രം വാചാലനായി ക്കൊണ്ടിരുന്ന എനിക്കുകൂടിയുള്ള സൗമ്യമായ തിരുത്താവണം അത്.
അഭിമാനകരമായ ഒന്നിലും അവകാശം കൊടുക്കുന്നില്ലെന്ന് മാത്രമല്ല അപമാനകരമോ അഹിതമോ എന്ന് കരുതുന്ന കാര്യങ്ങളില്‍ നമ്മള്‍ വിരല്‍ ചൂണ്ടുന്നതും അവളിലേക്കാണ് - പാപവും ശാപവും മരണവുമൊക്കെ അവളാണ് കൊണ്ടു വന്നത്. വൈധവ്യം അപമാനകരമായ ഒരു പദമായി മാറിയതങ്ങനെയാണ്. മംഗളമെന്ന് വിശേഷിപ്പിക്കുന്ന എല്ലാ കര്‍മ്മങ്ങളിലും നമ്മുടെ കാഴ്ചവട്ടത്തിലവ രില്ലെന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. തലമുണ്ഡനം ചെയ്തും വെള്ളവസ്ത്രം ചുറ്റിയും കുപ്പിവളകള്‍ പൊട്ടിച്ചു കളഞ്ഞും അവരെല്ലായിടത്തുമുണ്ട്. അയാളില്ലാത്ത അവള്‍ക്ക് ജീവിക്കാനവകാ ശമില്ലായിരുന്നു എന്നാണ് സതി ഈ ദേശത്തോട് പറഞ്ഞിരുന്നത്. ശവമഞ്ചവുമേന്തിയുള്ള യഹൂദരുടെ വിലാപയാത്രയില്‍ അവള്‍ മുന്‍നിരയില്‍ തന്നെ നിലവിളിച്ചുകൊണ്ട് ഉണ്ടാവണം, ഈ മരണത്തിനും താനാണ് ഉത്തരവാദിയെന്ന അര്‍ത്ഥത്തില്‍. ഹവ്വയെന്നാണ് അവളുടെ പേര് എന്നു പോലും നാം വിസ്മരിച്ചു. ജീവനുള്ളവരുടെ അമ്മ  എന്നാണതിന്‍റെ അര്‍ത്ഥം. ബാക്കിയെല്ലാത്തിനും ദൈവം പേരിട്ടപ്പോള്‍ അവള്‍ക്ക് പേരിടാന്‍ ദൈവം അവനെയാണേല്‍ പ്പിച്ചത്. നിങ്ങള്‍ അവളെ എന്ത് പേരിട്ടാണ് വിളിക്കുന്നത്? യേശു അവളെ മകളെന്നു വിളിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഭാഷയില്‍ ആദ്യമായി ഒരു സ്ത്രീ എഴുതിയ കഥ പ്രസിദ്ധീകരിക്കപ്പെട്ടത് 1911-ലാണ്. എം. സരസ്വതീബായി എഴുതിയ ആ കഥയുടെ പേര് 'തലച്ചോറില്ലാത്ത സ്ത്രീ'യെന്നായിരുന്നു. ഒരു ശൈലി എന്നതിലപ്പുറം ജീവശാസ്ത്രപരമായി ഒരു കാര്യവുമതിലില്ലെന്ന് ആര്‍ക്കാണറിയാത്തത്. ഒപ്പം അവളുടെ ഇന്‍റ്യൂഷനാകട്ടെ. പുരുഷന്‍റേതിനേക്കാള്‍ എത്രയോ പടികള്‍ മീതെയാണ്. ക്ലോഡിയായെ ഓര്‍ക്കുന്നു. പുതിയ നിയമത്തില്‍ ഒരു വാക്യത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന അവര്‍ പിന്നീട് വന്ന അനേകം സാഹിത്യരചനകളുടെ കേന്ദ്രമായി തീര്‍ന്നുവെന്നത് ഒരത്ഭുതമാണ്. ക്രിസ്തുവിന്‍റെ നിഷ്കളങ്കതയെക്കുറിച്ച് പീലാത്തോസിനോട് അവള്‍ പറഞ്ഞ സന്ദേശം കേള്‍ക്കപ്പെടാതെ പോയി. ഒരാളുടെ സഹനത്തില്‍ കൂടെ സഹിക്കുന്ന വേദനയുമുണ്ട്. ക്ലോഡിയ കണ്ട സ്വപ്നം ചരിത്രത്തിന്‍റെ നാള്‍വഴിയില്‍നിന്നും ഇനിയും മാഞ്ഞുപോയിട്ടില്ല. യേശുവിന്‍റെ വിധിക്ക് കാര്യമായ വ്യതിയാനമൊന്നും ഉണ്ടാകില്ലായിരുന്നു. എങ്കിലും അവളുടെ തോന്നലുകളെ കാതോര്‍ത്തിരുന്നിരുന്നു വെങ്കില്‍ പീലാത്തോസിന്‍റെ ഭാഗധേയം മറ്റൊന്നായേനേ. അവളുടെ തോന്നലുകളിലെ അപായസൂചനതിരിച്ചറിയുകയാണ് നിലനില്പിനു വേണ്ടി മാനവരാശിയുടെ മുന്‍പിലുള്ള മറ്റൊരു വഴി.

അവളോട് ആ മരപ്പണിക്കാരന്‍ എത്ര കുലീനമായാണ് വര്‍ത്തിച്ചിരുന്നതെന്ന് നിരീക്ഷിക്കുമ്പോഴാണ് പകരമില്ലാത്ത വിധത്തില്‍ കുറ്റബോധമനുഭവപ്പെടുന്നത്. അവളെ ഒരപമാനത്തിനും പോറലിനും വിട്ടുകൊടുക്കാതെ ഒരു സ്നേഹമേഘത്തുണ്ടുപോലെ സദാ പൊതിഞ്ഞിരുന്നു. ഒരു നോട്ടം കൊണ്ടുപോലും അവളെ വയലേറ്റ് ചെയ്യരുതെന്നു ശഠിച്ചു. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്‍റെ  സ്ത്രീസൗഹൃദമില്ലാത്ത മാമൂലുകളെല്ലാം തിരുത്തിയെഴുതി. അങ്ങനെയാണ് അടുക്കളയുടെ ഇരുട്ടില്‍നിന്ന് അവന്‍റെ കാല്‍പാദത്തിന്‍റെ പ്രകാശത്തിലേക്കെത്തി മറിയം ഭജനയിരുന്നത്. തീണ്ടാരിപ്പുരയില്‍ വസിക്കേണ്ട സ്ത്രീകള്‍ അവനെ തൊട്ട് നടന്നത്. ഉഭയഹിതം ആവശ്യമുള്ള ഒന്നില്‍ അവളെമാത്രം വളഞ്ഞുപിടിക്കുന്ന അധര്‍മത്തില്‍ നിന്ന് മരണവക്കോളം എത്തിയ ഒരു സ്ത്രീ സമാശ്വാസത്തോടെ പുറത്തുകടക്കുന്നത്. അവളുടെ ആത്മാഭിമാനത്തിന് പരുക്കേല്പിക്കുന്ന ഒരു സംഭാഷണംപോലും അവന്‍ മുമ്പോട്ടുകൊണ്ടുപോയില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് സച്ചിദാനന്ദന്‍റെ കവിതയിലെന്നപോലെ ഓരോ പുരുഷനും ഇങ്ങനെ സംസാരിക്കേണ്ടിവരുന്നത്: 'ഞാന്‍ ഇന്നോളം ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.'

You can share this post!

ലാളിത്യം

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts