news-details
കവർ സ്റ്റോറി

പഴയതെല്ലാം പൊന്നാണോ?

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്.
അന്നും ഇന്നും അത്ര വിശ്വസിച്ചിട്ടില്ല അതിനെ.

നല്ലതല്ലാത്ത പല പഴയ കാര്യങ്ങളും കണ്ടിട്ടും അറിഞ്ഞിട്ടും ഉള്ളതുകൊണ്ടുകൂടിയാവാം.

അമ്മിക്കല്ലിലരച്ച ഒഴിച്ചുകറിക്ക് സവിശേഷമായ സ്വാദുണ്ടായിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, അമ്മിക്കല്ലിലരഞ്ഞും അടുപ്പിലെരിഞ്ഞും തീര്‍ന്നിരുന്ന പഴയ പെണ്‍ജന്മങ്ങള്‍ അത്ര പൊന്‍തിള ക്കമുള്ളവരായിരുന്നില്ല എന്നും സമ്മതിക്കേണ്ടി വരും.

എല്ലാം പഴയതായിരുന്നു നല്ലത് എന്നു വാദിക്കുന്നവര്‍ അത്ര ശുദ്ധാത്മാക്കളാണെന്നും കരുതുകവയ്യ.

സ്ഥിരം കേള്‍ക്കാറുള്ള ചില ഡയലോഗുകള്‍ പറയാം.

'ഹൊ, ഇപ്പഴത്തെ പിള്ളേരൊക്കെ എന്നാ തല തെറിച്ചതുങ്ങളാ! അതെങ്ങനാ സാറന്മാരെ കണ്ടല്ലെ പിള്ളേരു പഠിക്കണേ ഇപ്പഴത്തെ സാറമ്മാരും കണക്കാ.'
ഒന്നൂടി ഒന്നാലോചിച്ചു നോക്കിയാലോ? എന്‍റെ വിദ്യാര്‍ഥിക്കാലം തൊട്ടു തുടങ്ങാം.

പത്താം ക്ലാസിലെ അവസാന പരീക്ഷ അതായത് സാക്ഷാല്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്കു മുന്‍പ് പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നിരുന്ന വിഷയങ്ങള്‍ പകുതിയില്‍ത്താഴെയായിരുന്നു. റിവിഷന്‍ ഒക്കെ ഒന്നോ ഏറിയാല്‍ രണ്ടോ വിഷയങ്ങള്‍ക്കു മാത്രം. അതും പേരിനു മാത്രം.

ഒരു സ്പെഷല്‍ക്ലാസിനു പോലും പത്തു വരെ ഞാന്‍ പോയിട്ടില്ല. പോകാഞ്ഞത് ആരും ക്ലാസ് എടുക്കാഞ്ഞതുകൊണ്ടുതന്നെയാണ്.

ചില വിഷയങ്ങള്‍ക്ക്, പാഠപുസ്തകം ക്ലാസില്‍ ഒരു കുട്ടിയെക്കൊണ്ട്  അധ്യായങ്ങള്‍ തിരിച്ച് വായിപ്പിച്ചിട്ട് അതു പഠിപ്പിച്ചു കഴിഞ്ഞു എന്നു പറയുന്ന മാഷന്മാരുണ്ടായിരുന്നു.

പ്രീഡിഗ്രിയുടെ കാര്യം പറയാനുമില്ല. അപൂര്‍വ്വം ചില അധ്യാപകരൊഴികെ ആരും പോര്‍ഷന്‍പോലും തീര്‍ത്തിരുന്നില്ല.

പഠിച്ചില്ലെങ്കില്‍ രക്ഷയില്ല എന്നറിയാമായിരുന്ന തിനാല്‍ കഷ്ടപ്പെട്ടു പഠിച്ചു. പഠിക്കുന്ന കാര്യത്തിലൊഴികെ അധ്യാപകര്‍ കുട്ടികളുടെ മറ്റേതെങ്കിലും കാര്യത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അത് പ്രേമം പിടിക്കാനും തകര്‍ക്കാനും മാത്രമായിരുന്നു. ഹൈസ്കൂളില്‍ മലയാളം പഠിപ്പിച്ചിരുന്ന ഏലിയാമ്മ ടീച്ചറോടും ഡിഗ്രിക്കാലത്തെ എച്ച് ഒ ഡി കെ.ജെ ജോസഫ് സാറിനോടും എം.എ യ്ക്ക് പഠിപ്പിച്ചിരുന്ന  വിശ്വംഭരന്‍ മാഷോടും (തുറവൂര്‍ വിശ്വംഭരന്‍) ഒഴികെ മറ്റാരോടും വൈകാരികമായ ഒരടുപ്പവും തോന്നിയിട്ടില്ല. അക്കാദമിക് ആയി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന രണ്ടോ മൂന്നോ പേരോട് അത്തരത്തില്‍ ഒരാദരവ് തോന്നിയിട്ടില്ല എന്നല്ല എന്നാല്‍ അവരുമായി മാനസിക അടുപ്പമൊന്നും ഇല്ലായിരുന്നു താനും.

എന്നാല്‍ ഇന്നോ, നവംബറിലോ എറിയാല്‍ ഡിസംബറിലോ എല്ലാ അധ്യാപകരും പോര്‍ഷന്‍ തീര്‍ക്കുന്നു. പിന്നെ കുറഞ്ഞത്ര രണ്ടുമൂന്നു തവണയെങ്കിലും റിവിഷന്‍ നടത്തുന്നു. പഠിക്കാന്‍ പിന്നാക്കമായ കുട്ടികള്‍ക്കു റെമഡിയല്‍ കോച്ചിംഗ് കൊടുക്കുന്നു. സബ്ജക്ട് പഠിപ്പിക്കുന്ന അധ്യാപകര്‍ മത്സരിച്ച് സ്പെഷല്‍ ക്ലാസുകള്‍ എടുക്കുന്നു.  കുട്ടികളുടെ ആരോഗ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടി പഠിച്ച് നല്ല നിലയില്‍ പാസ്സാവുക എന്നത് അധ്യാപകന്‍റെ ആവശ്യവും അത്യാവശ്യവും ആയി മാറിയിരിക്കുന്നു. വിജയശതമാനം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ പഠനനിലവാരം പഴയതില്‍ നിന്നും വളരെ താഴ്ന്നു പോയിട്ടുണ്ട് താനും.

വിജയശതമാനം എന്ന വില്ലന്‍

ഇത്രയേറെ ശ്രമപ്പെട്ട് അധ്യാപകര്‍ പണിയെടുക്കുന്നെങ്കിലും അതിന്‍റെ ഫലം കുട്ടിയുടെ വൈജ്ഞാനിക മേഖല പുഷ്ടിപ്പെടാതിരിക്കാന്‍ എന്തെങ്കിലും കാരണം വേണമല്ലോ.

പ്രധാനമായും രണ്ടു കാരണങ്ങളാണ് മുന്‍പോട്ടുവയ്ക്കാനുള്ളത്.

ഒന്ന്: അധ്യാപകര്‍ മരിച്ചു പണിയെടുക്കുന്നു എന്നല്ലാതെ അത് ഉള്‍ക്കൊള്ളാനുള്ള താല്പര്യം പഠിതാവിന് തീര്‍ത്തും ഇല്ല എന്നതാണ്. ഉന്തിമരം കയറ്റുന്നവന്‍റെ അതേ അവസ്ഥയാണ് നമ്മുടെ മാഷമ്മാരുടേത്. കൈത്താങ്ങ് എപ്പോള്‍ പിന്‍വലിക്കുന്നോ അപ്പോള്‍ കുട്ടി 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' എന്ന സ്ഥിതിയിലാകും.

രണ്ട്: മൂല്യനിര്‍ണ്ണയത്തിലെ അപാകത. പണ്ടൊക്കെ ശരിക്കും പഠിച്ച് പാസ്മാര്‍ക്കു വാങ്ങുന്നവര്‍ മാത്രമേ ജയിക്കുമായിരുന്നുള്ളൂ. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ താന്താങ്ങളുടെ കാലത്തെ വിജയശതമാനമാണ് ഏറ്റവും ഉയര്‍ന്നത് എന്നു കാണിക്കാന്‍ പള്ളിക്കൂടത്തിന്‍റെ പടി കടക്കുന്ന ഏവരേയും ജയിപ്പിക്കുന്ന ഉദാരസമീപനം സ്വീകരിക്കുകയും അധ്യാപകര്‍ അതിനു കൂട്ടുനില്‍ക്കുകയും ചെയ്തതോടെ ജയം എന്നത് കുട്ടിക്കളിയേക്കാള്‍ ലഘുത്വമുള്ള ഒന്നായി മാറി.

അധ്യാപനത്തിന്‍റെ എന്നതിനേക്കാള്‍ വ്യവസ്ഥ യുടെ തകരാറ് എന്നാണ് ഇതിനെ വിളിക്കേണ്ടത്.

സമൂഹത്തിന്‍റെ കാഴ്ചയും യഥാര്‍ത്ഥ വസ്തുതയും

ബത്തേരിയിലെ സര്‍വ്വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിക്കാനിടയായ ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ സമൂഹം ഒന്നടങ്കം അദ്ധ്യാപകര്‍ക്കെതിരെ ധാര്‍മ്മിക സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയതും പുതിയതും നല്ലതും ചീത്തയുമായ അധ്യാപകരെക്കുറിച്ച് ഉറക്കെത്തന്നെ വിശകലനം ചെയ്യാതെ വയ്യ. കുട്ടികള്‍ക്ക് രണ്ടു കണക്കിട്ടു കൊടുത്ത് വീട്ടില്‍ പോയി വാഴയ്ക്കും കപ്പയ്ക്കും ഇടകൊത്തുന്ന മാഷന്മാര്‍ സിനിമയിലെ അതിശയോക്തി ആയിരുന്നുവെന്നിരിക്കട്ടെ, കണക്കിട്ടു കൊടുത്തിട്ട് കൂര്‍ക്കം വലിച്ചുറങ്ങിയിരുന്ന മാഷമ്മാര്‍ ഉള്ളതു തന്നെയായിരുന്നു. കുട്ടികളെക്കൊണ്ട് മുറുക്കാന്‍, സിഗരറ്റ,് ബീഡി, ചായ മുതലായവ വാങ്ങിപ്പിച്ചിരുന്നവരും ധാരാളം ഉണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് പച്ചക്കറിയും കടസാമാനങ്ങളും വാങ്ങി കുട്ടികളുടെ കൈയില്‍ കൊടുത്തുവിട്ടിരുന്നവരും കുറവല്ല.

നാവിന്‍മേല്‍ നിവര്‍ത്തിയ പേനാക്കത്തി വച്ച്,  നുണ പറഞ്ഞാല്‍ നാവു മുറിക്കും എന്ന് മൂന്നാം ക്ലാസുകാരനെ ഭയപ്പെടുത്തിയതും, ഗ്രൗണ്ടില്‍ നിന്നും ചാണകം എടുത്ത് പല്ലുതേപ്പിച്ചതും, ഉടുപ്പിനിടയില്‍ കൂടി കൈ കടത്തി അകം തുടയില്‍ നുള്ളി വേദന കൊണ്ട് പുളഞ്ഞ് ഒരു പെണ്‍കുട്ടി ക്ലാസില്‍ മൂത്രമൊഴിച്ചു പോകാന്‍ ഇടയാക്കിയതും  എല്‍ പി സ്കൂളില്‍ എന്നെ പഠിപ്പിച്ച ഒരു മാഷായിരുന്നു. ആറിലെ മലയാളം പിരീഡില്‍ തെറ്റില്ലാതെ പുസ്തകം വായിക്കാന്‍ ഒരു കുട്ടിക്ക് പറ്റാത്തതിന് പുസ്തകം വലിച്ചെറിഞ്ഞ് ഈ മ...നെയൊക്കെ പഠിപ്പിക്കാത്ത കുറ്റമേയുള്ളൂ എന്ന് അലറിയതും ഒരു മാഷായിരുന്നു.

21 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ മേല്പറഞ്ഞ തരത്തില്‍ ഒരാളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, കുട്ടിയോട് സ്നേഹത്തോടും വാത്സല്യത്തോടും കൂടി ഇടപഴകുന്ന  ധാരാളംപേരെ കണ്ടിട്ടു താനും.

ചോറു കൊണ്ടുവരാത്തവര്‍ക്ക് എന്നും സ്വന്തം വീട്ടില്‍ നിന്നു പൊതികെട്ടി കൊണ്ടുവന്നു കൊടുക്കുന്ന എത്രയോ പേരെ അറിയാം. കൈയ്യില്‍ നിന്ന് കാശെടുത്ത് ഉടുപ്പും പാഠപുസ്തകങ്ങളും ആരുമറിയാതെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരെ നേരിട്ടറിയാം.  മോശം വഴിയില്‍ സഞ്ചരിച്ചവരെ സ്നേഹബുദ്ധ്യാ ശാസിച്ചു തിരുത്തുന്നവരും പക്വമല്ലാത്ത ബന്ധങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കു വരുംവരായ്ക പറഞ്ഞു കൊടുക്കുന്നവരും വില്ലന്മാരായാണ് ചിത്രീകരിക്കപ്പെടുന്നത്. അമ്മയേ ക്കാള്‍ അദ്ധ്യാപികമാരെ സ്നേഹിച്ച കുഞ്ഞുങ്ങളും അസുലഭമായ കാഴ്ചയായിരുന്നില്ല. വീണോ കളിച്ചോ പരിക്കുപറ്റിയ കുട്ടികളെ ഭൂരിഭാഗം സ്കൂളുകളിലും അധ്യാപകര്‍ അവരുടെ വാഹനങ്ങളില്‍ത്തന്നെ ആശുപത്രിയില്‍ എത്തിക്കാറുണ്ട്. വീട്ടില്‍ നിന്നും വയ്യാത്ത കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞയച്ചിട്ടും അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം ഇന്ന് സ്കൂളുകളില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദക്ലബ് കുട്ടികള്‍ക്ക് അഭയകേന്ദ്രം തന്നെയാണ്. അധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും വീട്ടില്‍നിന്നും കുട്ടിക്കു കിട്ടുന്ന മോശം പെരുമാറ്റങ്ങള്‍ സൗഹൃദടീച്ചറോട് കുട്ടിക്ക് പങ്കുവയ്ക്കാം. സൗഹൃദടീച്ചര്‍ കുട്ടിയുടെ വശത്തു നിന്ന് കാര്യങ്ങളെ നോക്കിക്കാണാന്‍ സവിശേഷ പരിശീലനം കിട്ടുന്ന വ്യക്തിയാണ്.

മാനസിക വൈകാരിക സമ്മര്‍ദ്ദങ്ങളുടെ ഇരുമുടിക്കെട്ട് കുട്ടിക്ക് ധൈര്യമായി ടീച്ചറുടെ താങ്ങോടെ താഴെയിറക്കിവയ്ക്കാം. (ഇതെഴുതു ന്നയാള്‍ 9 വര്‍ഷം സൗഹൃദ ടീച്ചറായി സേവനം അനുഷ്ഠിച്ചിട്ടുള്ളതിനാലാണ് ഇത്ര ഉറപ്പോടെ കാര്യങ്ങള്‍ പറയുന്നത്).
പൊതുവെ വിദ്യാര്‍ത്ഥിസൗഹൃദ അന്തരീ ക്ഷമാണ് ഇന്ന് സ്കൂളുകളില്‍ നിലനില്‍ക്കുന്നതെന്ന് പറയാം. എന്നാല്‍  ഒരു ചെറിയ തെറ്റിനുപോലും, ആകസ്മികമായ വീഴ്ചകള്‍ക്കുപോലും പൊതു സമൂഹം കാത്തിരുന്നു കല്ലെറിയുന്നുവെങ്കില്‍ അധ്യാപകരോരുത്തരും ആത്മവിമര്‍ശനം നടത്തേണ്ട തുണ്ട്. ആവശ്യമെങ്കില്‍ തിരുത്തേണ്ടതുണ്ട്. സമൂഹത്തിന്‍റെ പ്രതികരണത്തേക്കാള്‍ ശ്രദ്ധയര്‍ഹി ക്കുന്നത് വിദ്യാര്‍ഥികളുടെ പ്രതികരണമാണ്.

മുതിര്‍ന്നവരടങ്ങുന്ന സമൂഹം മുന്നനുഭവങ്ങള്‍ വച്ച് അധ്യാപകരെ വിലയിരുത്തിയെന്നോ വ്യക്തിപരമായ പക കൂട്ടിവച്ച് തക്കം കിട്ടിയപ്പോള്‍ പ്രതികരിച്ചു എന്നോ വേണമെങ്കില്‍ മറുവാദം പറയാം. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രതികരണം അധ്യാപകനെക്കുറിച്ചുള്ള നിരന്തരമൂല്യനിര്‍ണ്ണയ ഫലമാണ്.

ഓരോ അധ്യാപകനും അത്തരത്തില്‍ തന്‍റെ വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും ഒരു വിലയിരുത്ത ലിനു വിധേയനാകേണ്ടതുണ്ട്. എവിടെയാണ് പിഴച്ചതെന്ന് തിരിച്ചറിയേണ്ടതും തിരുത്തേണ്ടതുമുണ്ട്. ദിനംപ്രതി നവീകരിക്കപ്പെടേണ്ടതാണ് എല്ലാ തൊഴിലുകളും എന്നിരിക്കെ അധ്യാപകവൃത്തി നിരന്തരമായ വ്യക്തിപരിണാമത്തിലും കൂടി ഊന്നിയുള്ളതാണ്.

ഉന്നതവിദ്യാഭ്യാസം എന്ന ശിക്ഷ

ഒരു കാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടേ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റൂ. അത് നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയാണ്.

ശിക്ഷ എന്ന സംസ്കൃതവാക്കിന് ബോധനം, പഠിത്തം എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും പ്ലസ് ടു വിന് ശേഷമുള്ള വിദ്യാഭ്യാസം നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ദണ്ഡനമോ പീഡനമോ ആണ്; വിശേഷിച്ചും പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക്.

ജിഷ്ണു പ്രണോയും ഫാത്തിമ ലത്തീഫും അടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന നമ്മുടെ പ്രൊഫഷണല്‍ കോളേജുകളിലെ ഫാക്കല്‍റ്റികളെക്കുറിച്ചാണ്.

ഹയര്‍ സെക്കണ്ടറി തലം വരെ സൈക്കോളജി പരിശീലനം ലഭിച്ച അധ്യാപകരുടെ (ബി എഡിന് സൈക്കോളജി പാഠ്യവിഷയമാണ്) ശിക്ഷണത്തിലും മേല്‍നോട്ടത്തിലും നല്ലൊരു പരിധി വരെ തണലിലും വളര്‍ന്നുവരുന്ന നമ്മുടെ കുട്ടികള്‍ പ്രൊഫഷണല്‍ കോളേജുകളിലോ റഗുലര്‍ കോളേജുകളിലൊ ചേരാന്‍ തുടങ്ങുമ്പോഴേക്കും ഇരുന്നിട്ടെഴുന്നേല്‍ക്കു ന്നതുപോലെ, സ്വയംപര്യാപ്തതയും   മാനസിക വൈകാരിക പക്വതയും ആര്‍ജിക്കുമോ!

എന്തുകൊണ്ടാണ് പ്രൊഫഷണല്‍ കോളജുകളിലെയും റെഗുലര്‍ കോളജുകളിലെയും ഫാക്കല്‍റ്റികള്‍ക്ക് സ്റ്റുഡന്‍റ്സൈക്കോളജിയില്‍ സാമാന്യ ധാരണയെങ്കിലും വേണമെന്ന് നിര്‍ബന്ധമില്ലാത്തത്?

അതുണ്ടെങ്കില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാനസിക പീഡനങ്ങളും വൈകാരിക ചൂഷണങ്ങളും തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യകളും (അതോ കൊലപാതകങ്ങളോ?) ഒരു പരിധി വരെയെങ്കിലും ഒഴിവാക്കിക്കൂടേ?

സര്‍ക്കാരും സമൂഹവുമാണ് ഉത്തരം പറയേണ്ടത്.

 

ഗീതാ തോട്ടം (അധ്യാപിക)

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts