news-details
മറ്റുലേഖനങ്ങൾ

ഹൃദയത്തിന്‍റെ മതം

ഞങ്ങള്‍, നിങ്ങള്‍ എന്നുള്ള വേര്‍തിരിവു കളെല്ലാം അകന്ന് നമ്മള്‍ എന്ന് ഒന്നിച്ചിരുന്നു പറയുന്ന മനുഷ്യന്‍റെ ലോകം. അതെന്നും എന്‍റെ ആദ്യാവസാന സ്വപ്നമാണ്.

ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഇനി മനുഷ്യ നില്‍ സംഭവിക്കേണ്ട പരിവര്‍ത്തനമെന്തെന്ന ചോദ്യത്തിന് എന്നും ഹൃദയത്തില്‍ വിരിഞ്ഞിട്ടുള്ള ഉത്തരമാണിത്. എല്ലാ മതങ്ങളും ദര്‍ശന ങ്ങളുംരാഷ്ട്രീയസംഹിതകളും അവര്‍ പ്രതിനിധാനം ചെയ്യുന്നത് ലോകത്തിനു മുഴുവന്‍ വേണ്ടിയാ ണെന്നു പറയുകയും എന്നാല്‍ ഞങ്ങള്‍ പറയു ന്നതു മാത്രമാണ് ശരിയെന്ന് ആണയിടുകയും അതു സമ്മതിക്കാത്തവരെ അന്യരായും ശത്രുവായും കാണുകയും ചെയ്യുന്ന ലോകത്ത് നാം സ്വപ്നം കണ്ടുതുടങ്ങേണ്ട ദര്‍ശനമാണിത്. ഉന്മൂലനം എന്ന പ്രാകൃതത്വത്തില്‍നിന്ന് സമന്വയമെന്ന ആധുനികതയിലേക്ക് നാം വികസിച്ചുവരേണ്ട കാലം.

ഏറ്റവും ചുരുങ്ങിയത് "താന്‍ മനുഷ്യന്‍" എന്ന സ്വത്വബോധത്തിലേക്കെങ്കിലും ഉണര്‍ന്നാലേ നമ്മെ ആകവേ അടക്കിഭരിക്കുന്ന മറ്റു കൊച്ചുകൊച്ചു സ്വത്വപ്രതിസന്ധികളില്‍നിന്നും മുക്തി ലഭിക്കുകയുള്ളൂ എന്നറിയുന്ന കാലം.
നാം സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്നാല്‍ ബ്രഹ്മമാണ്, സത്യമാണ്, ദൈവമാണ്, ആത്മാവാണ് എന്നൊക്കെ സങ്കല്പിക്കല്‍ എളുപ്പമാണ്. എങ്കിലോ ജീവിക്കല്‍ അസാദ്ധ്യമാണ്. നീ ആരെന്നു ചോദിച്ചാല്‍ ഞാന്‍ മനുഷ്യനെന്ന് സംശയലേശമന്യേ പറയുന്ന ഒരു ലോകമെങ്കിലും ഉണ്ടായാല്‍ അത്രയും ഭാഗ്യം. ഇന്നത് പറഞ്ഞാല്‍ ഭ്രാന്തു പറയുന്നതു പോലെയാണ് ഏവര്‍ക്കും തോന്നുക. ഞാന്‍ മുസ്ലീമാണ്. ഹിന്ദുവാണ്. ക്രിസ്ത്യാനിയാണ്. ബുദ്ധിസ്റ്റാണ്, നായരാണ്, ഈഴവനാണ്, ദളിതനാണ്, ബ്രാഹ്മണനാണ്, ജമാഅത്താണ്, സുന്നിയാണ്, മുജാഹിതാണ്, പ്രൊട്ടസ്റ്റന്‍റാണ്, കാത്തലിക്കാണ്, എന്നിങ്ങനെയൊക്കെ പറയുമ്പോഴേ ഒരു ശരിയായ ഉത്തരം കിട്ടിയതായി നമുക്കു തോന്നിന്നുള്ളൂ. അതെല്ലാം എത്രമാത്രം സങ്കുചിതമായ ഐഡന്‍റിറ്റിയാണെന്ന് തിരിച്ചറിഞ്ഞ് ഏറ്റവും ചുരുങ്ങിയത് നാം മനുഷ്യര്‍ എന്ന ജാതിയില്‍ പെട്ടവരാണെന്നു പറഞ്ഞുതുടങ്ങുന്ന കാലം സംഭവിക്കണേ എന്നാണ് പ്രാര്‍ത്ഥന.

എല്ലാവരും കൊതിക്കുന്നത് സമാധാനമാ ണെന്നും എല്ലാ ജീവികളും പല വഴികളിലൂടെ അതാണ് അന്വേഷിക്കുന്നതെന്നും അറിഞ്ഞ് ഓരോരുത്തരെയും അവരവരുടെ ലോകങ്ങ ളില്‍ ജീവിക്കാന്‍ അനുവദിക്കുകയും ആ വഴികളെ ആദരിക്കുകയും ചെയ്യുന്ന മനസ്സുകള്‍ ഒന്നായിക്കഴിയുന്ന ലോകം.

ഞാന്‍ ശരി ബാക്കിയെല്ലാം തെറ്റ്. എല്ലാവരും എന്‍റെ ശരിയ്ക്കൊപ്പം നില്ക്കണം എന്നത് തികച്ചും ജൈവികമായ നമ്മുടെ സഹജസ്വഭാവമാണ്. ആ സങ്കുചിതവും സ്വാര്‍ത്ഥവുമായ ഉള്‍ത്തള്ളലിനുമേല്‍ സംയമം ചെയ്ത് പരസ്പരം സഹകരിച്ചാണ് നാം ഗോത്രസംസ്കൃതിയില്‍നിന്നും പൗരസംസ്കൃതിയിലേക്ക് വളര്‍ന്നു വന്നത്. ഇന്ന് പല സംസ്കൃതിയില്‍പെട്ട മനുഷ്യര്‍ക്ക് ഒന്നിച്ചിരിക്കാനും ഒരിടത്തു ജീവിക്കാനും കഴിയുന്നത് എത്രയോ നൂറ്റാണ്ടുകളായി നാം നടത്തിയ പ്രയത്നത്തിന്‍റെ ഫലമാണ്. ആ യാത്ര ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

അപ്പോഴും നാം അറിയേണ്ടതായ ഒരു കാര്യം എത്ര പുരോഗമനപരമായി നാം മുന്നോട്ടു നടന്നാലും വന്ന വഴികളൊന്നും നമ്മില്‍നിന്ന് അഴിഞ്ഞുപോകില്ലെന്ന പരിതാ പകരമായ അവസ്ഥയാണ്. മാത്രവുമല്ല, എറ്റവും കൂടുതല്‍ കാലം ജീവിച്ച ശൈലിയും സ്വഭാവവുമാകും നമ്മെ കൂടുതല്‍ സ്വാധീനി ക്കുകയും ഭരിക്കുകയും ചെയ്യുക. അതുകൊ ണ്ടാണ് ചെറിയൊരു പ്രകോപനമുണ്ടാ കുമ്പോള്‍ അതുവരെ ഒരൊറ്റ ജനതയാ യിരുന്ന മനുഷ്യര്‍ ചേരിതിരിഞ്ഞ് പരസ്പരം അക്രമമഴിച്ചുവിട്ട് നശീകരണത്തിലേക്ക് തിരിയുന്നത്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ പോലും നമ്മുടെ താല്പര്യത്തിനു പ്രതികൂലമായി ചിന്തിക്കുകയോ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നമ്മിലു ണ്ടാകുന്ന പ്രതികരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും നമ്മുടെ മനസ്സിന്‍റെ അവസ്ഥ.

പഴകാലസംസ്ക്കാരങ്ങളുടെ അലയൊലി കള്‍ ബോധത്തില്‍ ഉണര്‍ന്നു വരുമ്പോള്‍ അതിനെ പുറത്തേക്കൊഴുകാന്‍ അനുവദി ക്കാതെ ആധുനികമായി നമ്മില്‍ രൂപപ്പെട്ടു വന്നിട്ടുള്ള ഇനിയും അത്ര സ്വാഭാവികമായി മാറിയിട്ടില്ലാത്ത മനുഷ്യന്‍ എന്ന വ്യക്തി ത്വത്തെ, ഐഡന്‍റിറ്റിയെ ബോധപൂര്‍വ്വം നിലനിറുത്താന്‍ ശ്രമിക്കുകയെന്നതാണ് നാം ചെയ്യേണ്ടതായുള്ളത്. അത് അത്രമാത്രം ശ്രദ്ധ ആവശ്യപ്പടുന്ന സംസ്ക്കാരമാണ്. മറ്റേതെല്ലാം നമ്മുടെ സമ്മതം ചോദിക്കാതെതന്നെ നമ്മില്‍ പൊന്തിവരുന്നതുമാണ്.

ഇവിടെയാണ് മനുഷ്യനായിരിക്കുക, മനുഷ്യത്വത്തോടെ യിരിക്കുക എന്നുപറയുന്നത് ശ്രദ്ധയോടെയിരിക്കുന്നവരില്‍ മാത്രമേ സംഭവിക്കൂ എന്നു പറയുന്നത്. നല്ല മനുഷ്യരെ നാം ഇത്രമാത്രം ആരാധിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്നത് അത് അത്രമാത്രം മനുഷ്യരില്‍ ദുര്‍ലഭമായ തിനാലാണ്.

മനുഷ്യന് ഒരിടം. ജാതിമതരാഷ്ട്രീയ സംഘങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഇടങ്ങളുള്ള ലോകത്ത് ഏതു മനുഷ്യനും ഇതെന്‍റെ ഇടം എന്ന് തോന്നുന്ന രീതിയില്‍ വന്നിരിക്കാനും താമസിക്കാനുമുള്ള  പൊതു ഇടങ്ങളുണ്ടാകണം. എല്ലാ മനുഷ്യര്‍ക്കും ഒന്നിച്ചിരിക്കാനുള്ള ഒരിടം.

മനുഷ്യര്‍ക്കുള്ള ഇടങ്ങള്‍ എന്നു പറയുമ്പോള്‍ വിരോധാസംപോലെ തോന്നും. അതെ. മനുഷ്യന്‍ അത്രമാത്രം വിരോധാഭാസമായിരിക്കുന്നിടത്തോളം അവരുടെ ചെയ്തികളും അങ്ങനെയാകാതെ വയ്യല്ലോ!? വ്യത്യസ്തമായ സംസ്കാരങ്ങളില്‍, നാടുകളില്‍ പിറന്നവര്‍ക്ക് അവരവരുടേതായ സംസ്കാരമുണ്ടാകും. ആ സംസ്കാരത്തില്‍ പെട്ടവരുടെ കൂട്ടായ്മകളുണ്ടാകും. സത്യംതന്നെ. എന്നാല്‍ അതുപോലെതന്നെ പ്രധാനമല്ലേ, നാം മനുഷ്യരാണെന്നറിയുകയെന്നത്. നാം മനുഷ്യരാണ് ഒന്നിച്ചിരിക്കേണ്ടതെന്നത്.

എല്ലാവരും ജനിക്കുന്നത് മനുഷ്യനായിട്ടാണ്. ജനിച്ചുവീഴാനിടയായ പശ്ചാത്തലമാണ് തുടര്‍ന്ന് മനുഷ്യനില്‍ പല വര്‍ണ്ണങ്ങള്‍ ആരോപിക്കുന്നത്. അങ്ങനെ പല വര്‍ണ്ണങ്ങളില്‍ വരയ്ക്കപ്പെട്ട ആ കാന്‍വാസ് അതിന്‍റെ പ്രാഥമികമായ പ്രതലത്തെ മറന്നുപോകുന്നു. ആ മറവിയാണ് നമ്മളെ ശത്രുക്കളാക്കുന്നത്. ആ മറവിയില്‍നിന്ന് പുറത്തു വരാന്‍ നാം മനുഷ്യരാണെന്ന ആ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന സാംസ്കാരി കയിടങ്ങള്‍ ധാരാളമായി സംഭവിക്കേണ്ടതുണ്ട്. അവിടെ കയറിച്ചെല്ലുമ്പോള്‍ ആരും പറയാതെതന്നെ ഇത് മനുഷ്യര്‍ക്കായുള്ള ഇടം എന്ന് അനുഭവമമാകുന്ന ഇടങ്ങള്‍ കൂടുതലായി സംഭവിക്കേണ്ടതുണ്ട്.

ജീവിതത്തിന് ജീവിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യമില്ലെന്നാണ് തോന്നാറ്. അത് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണം. അതിനുള്ള സാഹചര്യം സ്വജീവിതത്തില്‍ ഒരുക്കുമ്പോള്‍ അതു കഴിയുന്നത്ര ചുറ്റുപാടുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കുന്ന തരത്തിലാവണേ എന്ന പ്രാര്‍ത്ഥനയാണ് മറ്റൊരു സ്വപ്നം.

ശരിയാണ്. ഞാന്‍ എന്‍റെ ശരികളും താല്പര്യങ്ങളും തന്നെയാണ് ജീവിക്കേണ്ടത്. എന്നാലത് അപരന് ഗുണകരമാകുന്ന തരത്തിലായില്ലെങ്കിലും വേദനയുണ്ടാക്കാത്ത തരത്തിലാകണം. പലപ്പോഴും നാം അത് ശ്രദ്ധിക്കാറില്ല. നമ്മുടെ താല്പര്യങ്ങളോട് ചേര്‍ന്നു നില്ക്കുന്നവരോടു തോന്നുന്ന വികാരത്തിന് നാം പറയുന്ന പേരാണ് സ്നേഹം. അതങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സ്നേഹം തോന്നിയ ആള്‍ നമ്മുടെ താല്പര്യങ്ങള്‍ക്കൊന്ന് എതിരായാല്‍ മതി. ഉടന്‍ സ്നേഹംപോയി അവിടെ വെറുപ്പു വരുന്നു. അതുവരെ ചേര്‍ത്തു പിടിച്ചവരെ നാം അകറ്റിമാറ്റുന്നു.

നമ്മുടെ ഇഷ്ടത്തിനൊപ്പം എല്ലാവരും നില്ക്കണം എന്നത് സ്വാഭാവികമായ നമ്മിലെ താല്പര്യമാണ്. ഞാന്‍ അവരുടെ താല്പര്യത്തെ മാനിക്കുന്നുണ്ടോ? അതിനായി എന്താണ് ഞാന്‍ ചെയ്യുന്നത്? അതു ഞാന്‍ ചെയ്യേണ്ടതല്ലേ? അവര്‍ അവരുടെ താല്പര്യത്തെ ജീവിക്കുന്നത് എനിക്ക് വെറുപ്പായി തോന്നിയത് അവരുടെ കുറ്റംകൊണ്ടല്ലല്ലോ? എന്‍റെ സങ്കുചിതത്വമല്ലേ അതിനു കാരണം? ഞാന്‍ എന്നെ മാത്രം കാണുകയും എന്‍റെ താല്പര്യങ്ങളെ ജീവിക്കാനുള്ള സാഹചര്യം മാത്രം തേടുകയുമല്ലേ ചെയ്യുന്നത്? എന്നെ ആരും സ്നേഹിക്കുന്നില്ലെന്ന് എപ്പോഴും വിലപിക്കുന്ന ഞാന്‍; അവരെ ഞാന്‍ സ്നേഹിക്കുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു തുടങ്ങേണ്ടതല്ലേ?

ഇങ്ങനെയൊക്കെയുള്ള വിചാരങ്ങള്‍ നമ്മില്‍ ഉദയം ചെയ്തു തുടങ്ങുമ്പോള്‍ നമുക്കു പറയാം; നാം സ്നേഹമായി തുടങ്ങിയിരിക്കുന്നുവെന്ന്. നമ്മോടു ചേര്‍ന്നു നില്ക്കുന്നവരോട് നാം പുലര്‍ത്തേണ്ട കരുതലാണത്. ആ കരുതലിലാണ് സ്നേഹമെന്ന മഹത്തായ നന്മ സമാധാനമായി നിറയുക.

You can share this post!

ഹൃദയനിക്ഷേപം

ജിജി സജി & സജി എം. നരിക്കുഴി
Related Posts