news-details
അക്ഷരം

ജീവിതത്തിന്‍റെ കൈവഴികള്‍

യുവകവിക്കുള്ള കത്തുകള്‍

ജര്‍മ്മന്‍ കവിയായ റെയ്നര്‍ മാരിയ റില്‍കെ, ഫ്രാന്‍സ് സേവര്‍ കായൂസ് എന്ന യുവകവിക്കെഴുതിയ കത്തുകള്‍ ഏറെ ശ്രദ്ധേയമാണ്. എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള ആത്മീയ വിചാരങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ കത്തുകള്‍ നമ്മെ അകത്തേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്നു. റില്‍കെയുടെ കത്തുകളുടെ പുതിയ വിവര്‍ത്തനം ഇ. സന്തോഷ് കുമാര്‍ ഒരുക്കിയിരിക്കുന്നത് അതിമനോഹരമാണ്. വാന്‍ഗോഗ്, മോനെ, ഗോഗിന്‍ തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങളോടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഈ ഗ്രന്ഥം വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാം.

റില്‍കെ യുവകവിക്കെഴുതുന്നു: "ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ഉള്ളിലേക്കിറങ്ങിച്ചെല്ലുക. നിങ്ങളെ എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ത് എന്നറിയുക. അതിന്‍റെ വേരുകള്‍ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങിയിട്ടുണ്ടോ എന്നു നോക്കുക. നിങ്ങളുടെ എഴുത്ത് വിലക്കപ്പെടുകയാണെങ്കില്‍ മരിക്കേണ്ടി വരുമോ എന്ന് ആത്മവിചാരണ ചെയ്യുക. പ്രധാനപ്പെട്ടത് ഇതാണ്; നിങ്ങളുടെ രാത്രിയിലെ തികച്ചും മൗനം നിറഞ്ഞൊരു വേളയില്‍ ചോദിക്കുക: ഞാന്‍ എഴുതേണ്ടതുണ്ടോ? ആഴത്തിലുള്ളൊരു മറുപടിക്കായി ഹൃദയത്തില്‍ സ്വയം കുഴിച്ചു നോക്കുക." ശരിയായ ഉത്തരം കിട്ടിയാല്‍ മാത്രമേ എഴുതേണ്ടതുള്ളു എന്നാണ് റില്‍കെയുടെ നിര്‍ദ്ദേശം. ആത്മാവില്‍ നിന്നാണ് എഴുത്ത് പുറപ്പെടേണ്ടത് എന്നുതന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആത്മം നല്‍കുന്ന എഴുത്ത് ആത്മം നല്‍കി വായിക്കുമ്പോള്‍ പുതുജീവിതത്തിലേക്ക് വായനക്കാരനും കടക്കുന്നു.

'ഒരു കലാസൃഷ്ടി മഹത്തരമാകുന്നത് അത് ഒരനിവാര്യതയില്‍ നിന്ന് ജന്മമെടുക്കുമ്പോഴാണ്' എന്ന് റില്‍കെ പ്രസ്താവിക്കുന്നു. അതു മാത്രമാണ് ഒരു സൃഷ്ടിയെ വിലയിരുത്താനുള്ള ഏക മാര്‍ഗ്ഗം. ഒരു സ്രഷ്ടാവ് സ്വയമൊരു ലോകമായിരിക്കണം. ആവശ്യമുള്ളതെല്ലാം അയാള്‍ തന്നില്‍ നിന്നും, താന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിട്ടുള്ള പ്രകൃതിയില്‍ നിന്നും കണ്ടെത്തേണ്ടതാണ്' എന്നു കുറിക്കുമ്പോള്‍ എഴുത്തുകാരനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും അടയാളപ്പെടുത്തുകയാണ്.

സ്വയം അറിയാനുള്ള അന്വേഷണമാണ് എഴുത്ത്. "കുറച്ചിട നിങ്ങളില്‍ ജീവിക്കൂ. നിങ്ങള്‍ അനുഭവിക്കുന്നത് പഠനാര്‍ഹമാണെന്നറിയൂ. ഏറ്റവുമുപരിയായി അവയെ സ്നേഹിക്കൂ. ഈ സ്നേഹം എത്രയോ ആയിരമിരട്ടിയായി നിങ്ങള്‍ക്കു മടക്കിക്കിട്ടും. നിങ്ങളുടെ ജീവിതം എന്തു തന്നെ ആയിത്തീര്‍ന്നാലും അത് നിങ്ങളുടെ നിര്‍മ്മിതിയുടെ എല്ലാ ഇഴകളിലൂടെയും കടന്നുപോകും. നിങ്ങളുടെ അനുഭവങ്ങളുടെയും നിരാശയുടെയും ആനന്ദത്തിന്‍റെയും നൂലുകള്‍ക്കിടയില്‍ സുശക്തമായ ഒന്നായി" സ്വയം സമര്‍പ്പണവും കണ്ടെത്തലുമായി എഴുത്തു മാറ്റുകയാണിവിടെ. വായനയും ഇത്തരമൊരു പാതയാണ് തുറക്കുന്നത് എന്നു നാം തിരിച്ചറിയുന്നു.

'അപാരമായ ഏകാന്തതയെക്കുറിച്ചുള്ളതാണ് കലാസൃഷ്ടികളെല്ലാം' എന്നാണ് റില്‍കെയുടെ ദര്‍ശനം. "സ്നേഹത്തിനു മാത്രമേ അതിനെ സ്പര്‍ശിക്കാനും കൈയടക്കാനും അതിനോട് നീതി  പുലര്‍ത്താനും കഴിയൂ" എന്നും അദ്ദേഹം എടുത്തു പറയുന്നു. എഴുത്തിനെയും ജീവിതത്തെയും നിയന്ത്രിക്കേണ്ടത് സ്നേഹമാണ്. മനുഷ്യനോട്, പ്രകൃതിയോട്, ജീവിതത്തോട് എല്ലാമുള്ള സ്നേഹം. 'കലാകാരനാവുക എന്നാല്‍ ഒരു വൃക്ഷം പോലെ വളര്‍ന്നുവരലാണ്. വൃക്ഷം അതിന്‍റെ സത്തിനു മേല്‍ ബലം പ്രയോഗിക്കുകയില്ല' എന്നും കുറിക്കുമ്പോള്‍ സ്വാഭാവികമായ വിടരലിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. "നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക, അതുളവാക്കുന്ന വേദനയില്‍ നിന്നു പാടാന്‍ തുനിയുക. അരികിലുള്ളവരില്‍ നിന്നെല്ലാം എത്രയോ അകലെയാണ് നിങ്ങളെന്ന് എഴുതുമ്പോള്‍ അതിനര്‍ത്ഥം, ചുറ്റുമുള്ള  ഇടം വിസ്തൃതമായിത്തീരുന്നു എന്നാണ്." നമ്മുടെ ജീവിതം വിശാലമാക്കുന്ന കര്‍മ്മമാണ് എഴുത്തും വായനയുമെല്ലാം എന്ന യാഥാര്‍ത്ഥ്യത്തിലാണ് മഹാകവി സ്പര്‍ശിക്കുന്നത്. "ഈ ഏകാന്തതയാണ്, വിശാലമായ ആന്തരികമായ ഒരൊറ്റപ്പെടലാണ്, എല്ലാറ്റിനുമുപരി ആവശ്യം. നിങ്ങളിലൂടെത്തന്നെയുള്ള നടത്തം, മറ്റാരെയും കണ്ടുമുട്ടാതെ, മണിക്കൂറുകളോളം " എന്നെഴുതുന്ന കവി തുറന്നിടുന്ന വഴി പുതിയ തിരിച്ചറിവുകളുടേതാണ്.

റില്‍കെയുടെ കത്തുകള്‍ എഴുത്തിനും ജീവിതത്തിനും സാഹിത്യത്തിനും പുതിയ മാനങ്ങള്‍ പ്രദാനം ചെയ്യുന്നു. വാക്കുകള്‍ ആത്മാവിനോട് എത്രയടുക്കുന്നുവോ അത്രത്തോളം അവ അര്‍ത്ഥസാന്ദ്രമായിരിക്കും. സൂക്ഷ്മാനുഭവങ്ങളുടെ നിക്ഷേപങ്ങളായി വാക്കുകള്‍ മാറുന്നത് അങ്ങനെയാണ്. ആത്മോര്‍ജ്ജത്തിന്‍റെ പ്രഭാവലയം ചൂഴ്ന്നു നില്‍ക്കുന്ന വാക്കുകള്‍ക്കു വേണ്ടിയുള്ള ധ്യാനമായാണ് റില്‍കെ കലാസൃഷ്ടികളെ നോക്കിക്കാണുന്നത്.
 

അധോലോകത്തില്‍ നിന്നുള്ള കുറിപ്പുകള്‍

തുര്‍ക്കിയിലെ പ്രശസ്ത നോവലിസ്റ്റും ആക്റ്റിവിസ്റ്റുമാണ് ബുറാന്‍ സോന്മെസ് (Burhan Sonmez). അദ്ദേഹത്തിന്‍റെ 'ഇസ്താംബൂള്‍ ഇസ്താംബൂള്‍' എന്ന നോവല്‍ അസാധാരണമായ മനുഷ്യാനുഭവങ്ങളാണ് ആവിഷ്കരിക്കുന്നത്. തന്‍റെ ജീവിതാനുഭവങ്ങളോടു ചേര്‍ത്ത് ഭരണകൂട ഭീകരതയുടെ കഥ അദ്ദേഹം അവതരിപ്പിക്കുന്നു. വായനക്കാരനെ ഏറെക്കാലം വേട്ടയാടുന്ന കൃതി തന്നെയാണിതെന്ന് നിസ്സംശയം പറയാം.

ഭൂഗര്‍ഭ അറയില്‍ അടയ്ക്കപ്പെട്ട നാലു പേരിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന അവര്‍ പീഡിതരുടെ കൂട്ടത്തെ പ്രതിനിധീകരിക്കുന്നു. അവര്‍ക്കു വേണ്ടി വാദിക്കാനും ദുഃഖിക്കാനും ആരുമില്ല. ഭൂഗര്‍ഭ തടവറയിലെ പത്തു ദിവസമാണ് ഈ നോവലിലെ പ്രതിപാദ്യം. എഴുത്തുകാരന്‍റെ അനുഭവത്തിന്‍റെ ഊഷ്മാവ് ഈ കൃതിക്കു ശക്തി പകരുന്നു. ഭൂമിക്കടിയിലുള്ള ജീവിതവും മുകളിലുള്ള ജീവിതവും താരതമ്യം ചെയ്ത് ജീവിതത്തിന്‍റെ പല മുഖങ്ങള്‍ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. വെളിച്ചവും ഇരുട്ടും ഇടകലരുന്ന മനുഷ്യജീവിതത്തിന്‍റെയും യാതനകളുടെയും മൂര്‍ത്ത ചരിത്രമാണ് അദ്ദേഹം വിരചിക്കുന്നത്. തടങ്കല്‍ പാളയങ്ങളും ചേര്‍ന്നതാണല്ലോ ലോകചരിത്രം.

ഭൂഗര്‍ഭ അറയില്‍ അടയ്ക്കപ്പെടുന്നവര്‍ കാലത്തില്‍ നിന്ന് അകറ്റപ്പെടുന്നു. 'ഞങ്ങള്‍ക്കിവിടെ സമയം പോലും നിശ്ചലമായി നില്‍ക്കുകയാണ്' എന്ന് ഒരു കഥാപാത്രം പറയുന്നത് അതുകൊണ്ടാണ്. 'കാത്തിരിപ്പും ഒരു കലയാണ്' എന്ന് അവര്‍ മനസ്സിലാക്കുന്നു. നാലു പേര്‍ മാറിമാറി കഥകള്‍ പറഞ്ഞ് വര്‍ത്തമാന കാലത്തെ അവര്‍ മറികടക്കാന്‍ ശ്രമിക്കുന്നു. നല്ല ഓര്‍മ്മകള്‍ കൊണ്ട്, കഥകള്‍ കൊണ്ട് 'തീച്ചൂളയുടെ മുഹൂര്‍ത്തങ്ങളെ അവര്‍ പ്രതിരോധിക്കുന്നു'. "വെളിച്ചം എന്നത് എത്ര ക്രൂരമാണെന്ന് നിങ്ങള്‍ അറിയുന്നില്ല. വെളിച്ചം വസ്തുക്കളുടെ പുറം ഭാഗം മാത്രമേ കാണിക്കുന്നുള്ളു. ഉള്‍വശം നമ്മള്‍ കാണുന്നതില്‍ നിന്നും അത് നമ്മെ തടഞ്ഞു നിര്‍ത്തുന്നു." ഇരുട്ടറയില്‍ കിടക്കുന്നവര്‍ വെളിച്ചത്തെ കാണുന്നത് മറ്റൊരു വിധത്തിലാണ്. "നമ്മളെല്ലാം നെഞ്ച് നീറി വേദനിക്കുന്നവരാണ്. വേദനയുടെ ഔദാര്യത്തിലാണ് ജീവിക്കുന്നത്. നമ്മള്‍ നിരന്തരം മരണത്തോടടുത്തു കൊണ്ടിരിക്കുകയാണ്" എന്ന് തിരിച്ചറിയുന്നവര്‍ 'നമുക്കു പരസ്പരം നമ്മുടെ മുറിവുകളുണക്കാന്‍ ശ്രമിക്കാം' എന്നു തീരുമാനിക്കുന്നു. മുറിവുകളുണക്കാനാണ് ഓരോരുത്തരായി കഥകള്‍ പറയുന്നത്.

"വേദന ശരീരത്തെ അടിമയാക്കുന്നു. ഉള്ളിലെ ഭയമാണ് ആത്മാവിനെ പണയം വയ്ക്കുന്നത്. ജനം ശരീരത്തെ രക്ഷിക്കുവാനായി ആത്മാവിനെ വിലയ്ക്ക് കൊടുക്കുന്നു." ആത്മാവിനെ പണയം വയ്ക്കാന്‍ തയ്യാറാകാത്ത മനുഷ്യരുടെ ഇച്ഛാശക്തിയാണ് എഴുത്തുകാരന്‍ എടുത്തു കാണിക്കുന്നത്. 'ജീവിതം തൊട്ടരികെയുണ്ട്. എനിക്ക് അതിലേയ്ക്ക് തിരികെയെത്തണം' എന്ന ആഗ്രഹമാണ് കഥാപാത്രങ്ങളെ മുന്നോട്ടു നയിക്കുന്നത്. എല്ലാ പീഡനങ്ങളെയും ഇച്ഛാശക്തിയോടെ നേരിടാന്‍ ഈ മോഹം അവര്‍ക്കു കരുത്തു പകരുന്നു. "നമ്മള്‍ നമ്മുടെ വിഷമതകളെക്കുറിച്ചോര്‍ത്തിരിക്കുന്നതിനെക്കാള്‍ നല്ലത് നമ്മളിപ്പോള്‍ ബാഹ്യലോകത്താണെന്ന് സ്വപ്നം കാണുന്നതാണ്. മനസ്സ് പറക്കാന്‍ തുടങ്ങിയപ്പോള്‍ ശരീരത്തെക്കാള്‍ കരുത്തുണ്ടായി." ഇത് ആത്മപ്രതിരോധമാണ്. വര്‍ത്തമാന കാലത്തെ ഭൂതകാലം കൊണ്ടും ഭാവി കൊണ്ടും പ്രതിരോധിക്കുകയാണ് നോവലിലെ കഥാപാത്രങ്ങള്‍. യാഥാര്‍ത്ഥ്യത്തെ ഭാവന കൊണ്ട്, സ്വപ്നം കൊണ്ട് അതിവര്‍ത്തിക്കാനുള്ള ശ്രമമാണിത്. എത്തിപ്പിടിക്കാനാവത്ത ഭൂതകാലത്തിനു പകരം ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവര്‍ പീഡകരുടെ ശക്തിയെ വെല്ലു വിളിക്കുന്നു. പുറത്ത് പോകണമെന്ന ആഗ്രഹം തോന്നാത്തതിനാല്‍ അവര്‍ ബാഹ്യലോകത്തെ അറയ്ക്കകത്തേക്ക് കൊണ്ടുപോകുന്നു. 'സമയത്തേയും സ്ഥലത്തേയും ഇതിനകത്തേക്ക് പറിച്ചു നട്ടു.' അധികാരത്തിന്‍റെ, ഭരണകൂടത്തിന്‍റെ ഭീകരതയെ അവര്‍ അങ്ങനെ പ്രതിരോധിച്ചു കൊണ്ടിരുന്നു.
"നമ്മുടെ പക്കല്‍ എന്തുണ്ടോ അതിലും നല്ലതാണ് പ്രതീക്ഷ എന്നത്" എന്നു കുറിക്കുന്ന നോവലിസ്റ്റ് പീഡനങ്ങളെ പ്രതീക്ഷ കൊണ്ട് മറി കടക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെയാണ് പരിചയപ്പെടുത്തുന്നത്. സ്വന്തം അതിര്‍ത്തി മനുഷ്യനല്ലെങ്കില്‍ ചുവരായി മാറുന്ന അധോതലത്തില്‍ നിഴലുകള്‍ മാത്രമായി മാറുന്നവരുടെ മനുഷ്യന്‍റെ ജീവിതം അപമാനവീകരണത്തിലേക്ക് ഒഴുകി നീങ്ങുന്നു. സ്വന്തം ജീവിതത്തില്‍ നിന്ന് ജീവന്‍ തുടിച്ചിരുന്ന നഗരം മാഞ്ഞു പോകുന്നത് അവര്‍ നിസ്സഹായതയോടെ നോക്കിക്കാണുന്നു. അറ്റം കാണാത്ത ശൂന്യതയിലേക്കാണ് അവരുടെ വീക്ഷണം. അസ്തിത്വത്തെ വാസ്തവമാക്കാന്‍ വേണ്ടിയാണ് അവര്‍ കഥകളിലേയ്ക്കും സങ്കല്പങ്ങളിലേക്കും കടക്കുന്നത്. സ്വപ്നങ്ങള്‍ പങ്കുവച്ച് അവിടെ സ്വര്‍ഗ്ഗം പണിയുന്നവര്‍ നടത്തുന്ന പ്രതിരോധം സര്‍ഗാത്മകമാണ്.

'ഇസ്താംബൂള്‍ ഇസ്താംബൂള്‍' എന്ന നോവല്‍ അധികാരത്തെയും അതിന്‍റെ ക്രൂരതകളെയും അപനിര്‍മ്മിക്കുന്നു. മനുഷ്യന്‍റെ സര്‍ഗാത്മകത ഇരുട്ടിനെ തുളയ്ക്കുന്ന വജ്രസൂചി പോലെ പ്രവര്‍ത്തിക്കുന്നു. മനുഷ്യവ്യസനത്തിന്‍റെ ആഴത്തിലേയ്ക്കുള്ള ഊളിയിടല്‍ കൂടിയാണ്  ബുറാന്‍ സോന്മെസിന്‍റെ കൃതി.

(ഇസ്താംബൂള്‍ ഇസ്താംബൂള്‍ -ബുറാന്‍ സോന്മെസ്, വിവ: സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്).
 
സമകാലികം

ഇവിടെ ആര്‍ക്കൊക്കെ
സംസാരിക്കാം?
 
നമ്മുടെ നാട്ടിലിപ്പോള്‍ അത്ര ശുഭകരമല്ലാത്ത കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരഭിപ്രായം പറഞ്ഞ എം.ടി. വാസുദേവന്‍ നായരെ ചിലര്‍ കടന്നാക്രമിക്കുന്നു. സ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കാതിരിക്കുക എന്നത് ജനാധിപത്യത്തിന്‍റെ മരണമാണ്. ഏകഭാഷണം ലക്ഷ്യമാക്കുന്ന ഏകവചനം പ്രധാനമാകുന്ന ഒരു കാലം സ്വപ്നം കാണുന്നവര്‍ അധികാരം ഉപയോഗിച്ച് നിശ്ശബ്ദതയുടെ സംസ്കാരം (Culture of silence) സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. 'ഞങ്ങളുടെ കൂടെയല്ലെങ്കില്‍ രാജ്യദ്രോഹികളുടെ കൂടെയാകും' എന്ന പെട്ടെന്നുള്ള വിലയിരുത്തല്‍ അപകടകരമായ പ്രവണതയായി മാറിയേക്കാം. ദേശീയത, ദേശസ്നേഹം എന്നിങ്ങനെയുള്ള അതിസുന്ദരമായ വാക്കുകള്‍ ചിലരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ പ്രയോജനപ്പെടുത്തുന്നു.

ഏകഭാഷണവും ഏകസ്വരതയും മാത്രമായാല്‍ ജനാധിപത്യത്തിന്‍റെ അര്‍ത്ഥമെന്ത്? അഭിപ്രായങ്ങളുടെ, സംഭാഷണങ്ങളുടെ, സംവാദങ്ങളുടെ വിശാലമായ ലോകത്തിലാണ് ജനാധിപത്യം പുലരുന്നത്. ഒരാള്‍ മാത്രം സംസാരിക്കുന്നത് ഏകാധിപത്യമാണ്. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും' ഒരേ മുഖം മാത്രം! എല്ലാം 'ഞാന്‍ മാത്ര'മാകുമ്പോള്‍ ശരിയും സത്യവും ഒരാളാകുന്നു. എന്തു ചെയ്താലും ചോദ്യം ചോദിക്കാനോ സംശയമുന്നയിക്കാനോ സാധ്യമല്ലാതെ വരുന്നു. ബഹുസ്വരതയുടെ സംസ്കാരം ഏകസ്വരത്തിലേയ്ക്ക് സങ്കോചിക്കുന്നു. ഈ ഏകസ്വരത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളാകുന്നു.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംവാദങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. ധനകാര്യവിദഗ്ദ്ധന്മാരും അതിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. എം.ടി. പങ്കുവയ്ക്കുന്ന ആശങ്കയ്ക്ക് പല മുഖങ്ങളുണ്ട് എന്നതാണ് സത്യം. വരാന്‍ പോകുന്ന ഇരുണ്ട കാലത്തിന്‍റെ പ്രവചനമാണ് അദ്ദേഹം നടത്തുന്നത്. വരാന്‍ പോകുന്ന സമഗ്രാധിപത്യത്തിന്‍റെ തുടക്കമായി പുതു സാമ്പത്തിക പരിഷ്കാരങ്ങളെ കാണുന്നവരുണ്ട്. ഇതു തിരിച്ചറിയാന്‍ നാം വൈകിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. എല്ലാവരും നിശ്ശബ്ദരായാല്‍ ചിലര്‍ക്ക് നിഷ്പ്രയാസം മുന്നേറാം. അതുകൊണ്ട് നമുക്കു സംസാരിക്കാം. സംവാദത്തില്‍ ഏര്‍പ്പെടാം. ഒരു നെടുവീര്‍പ്പെങ്കിലും അയച്ച് ഈ നിര്‍വികാരതയെ, നിശ്ശബ്ദതയെ തകര്‍ക്കാം.' ധാരാളം അഭിപ്രായങ്ങളും ചോദ്യങ്ങളും ഉയരട്ടെ. ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാവേണ്ടത് നാം തന്നെയാണ്. 

 

കളമ്പാടന്‍ കഥകള്‍

ആമക്കഥ

പന്തയത്തില്‍ തോറ്റാല്‍ നാടുവിട്ടുപോകേണ്ടി വരും. പണ്ടെങ്ങോ പൂര്‍വ്വികരോട് മത്സരിച്ചു ജയിച്ചെന്ന അഹങ്കാരമാണ് ആമയ്ക്ക്. നാലു കിലോമീറ്റര്‍ ദൂരം നാലുദിവസം കൊണ്ട് ഇഴഞ്ഞെത്താന്‍ ആമയ്ക്ക് കഴിയുമോ. എന്നിട്ടും പന്തയം വയ്ക്കാനുള്ള അവന്‍റെ ധൈര്യം സമ്മതിക്കണം.
വഴിയില്‍ വിശ്രമിക്കാതെ മുയല്‍ രണ്ടു മണിക്കൂര്‍ സമയംകൊണ്ട് ലക്ഷ്യത്തിലെത്തി. അവിടെ അവനെ സ്വീകരിക്കാന്‍ ആമയുണ്ടായിരുന്നു. ആമ പരുന്തച്ചന്‍റെ സഹായം തേടിയതറിയാതെ അന്തം വിട്ടുനിന്ന മുയലിനോട് ആമ പറഞ്ഞത് കാലഘട്ടത്തിന്‍റെ തിരിച്ചറിവായിരുന്നു. മത്സരത്തിന്‍റെ ലോകത്ത് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ക്കേ നിലനില്‍ക്കാന്‍ കഴിയൂ.

പ്രണയം

പൂവും ശലഭവും പ്രണയത്തിലായിരുന്നു. കുശലം പറഞ്ഞ് മധു നുകര്‍ന്ന് പറന്നു പോകുന്ന ശലഭത്തെക്കുറിച്ച് മാത്രമായിരുന്നു എപ്പോഴും പൂവിന്‍റെ ചിന്ത. കാറ്റും വെയിലും കളിവാക്കു പറയാനെത്തുമ്പോഴും പൂവ് കാത്തിരുന്നത് ശലഭത്തെയായിരുന്നു. ഇതിനിടെ പുഴുക്കള്‍ വന്ന് പൂവിന്‍റെ ഇളം മേനിയില്‍ നഖക്ഷതങ്ങള്‍ തീര്‍ത്തു. അകലെ നിന്ന് പൂവിന്‍റെ സൗന്ദര്യം കണ്ട് മതിമറന്നിരുന്ന തോട്ടക്കാരന് ഇത് സഹിച്ചില്ല. അവന്‍ കൊടും വിഷം തളിച്ച് പുഴുക്കളെ കൊന്നു കളഞ്ഞു. പൂവിന് തോട്ടക്കാരനോട് ആദരവും സ്നേഹവും തോന്നി. സ്വന്തം സൗന്ദര്യത്തില്‍ ആത്മവിശ്വാസവും തോട്ടക്കാരന്‍റെ സംരക്ഷണത്തിലുള്ള സുരക്ഷിതത്വ ബോധവും പൂവ് മറച്ചുവച്ചില്ല.
പതിവുപോലെ ശലഭം കുശലം പറഞ്ഞ് മധുനുകര്‍ന്ന് പൂവിന്‍റെ മടിയിലേക്ക് വീണു. അത് ഒരു പ്രണയത്തിന്‍റെ അന്ത്യമായിരുന്നു.

 

You can share this post!

അടിയാളപ്രേതവും അമ്മക്കല്ലും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts