news-details
കവർ സ്റ്റോറി

ജനാധിപത്യപ്രക്രിയയും മാധ്യമസംസ്കാരവും

1897 ല്‍ മാര്‍ക് ട്വെയിന്‍ “Following the Equator: A Journey Around the World”എന്ന പുസ്തകത്തില്‍ നടത്തുന്ന ഒരു പരാമര്‍ശമുണ്ട്. സത്യം കല്‍പിത കഥയേക്കാള്‍ (Fiction) വിചിത്രമാണ്, കാരണം കല്‍പിത കഥകള്‍ സാധ്യതകളോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാന്‍ ബാധ്യസ്ഥമാണ്.
 
Truth is strager than fiction, but it is because
Fiction is obliged to stick to possibilitise
 
ഇന്നത്തെ മാധ്യമ സംസ്കാരത്തില്‍ ഈ പരാമര്‍ശം വളരെ കൃത്യമാണ് കാരണം അത്രമേല്‍ മാധ്യമങ്ങള്‍ കല്‍പ്പിത കഥകള്‍ കൊണ്ട് സത്യത്തെ മറച്ച് വാര്‍ത്തകള്‍ വില്‍ക്കുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനസ്സുകളെ നിയന്ത്രിക്കുന്നു എന്നു ജിം മോറിസണ്‍ പറഞ്ഞതും ഇവിടെ ചേര്‍ത്തുവായിക്കണം. എത്രമാത്രം വളച്ചൊടിച്ചാണ് ഓരോ വാര്‍ത്തയും നമ്മിലേയ്ക്കെത്തുന്നതെന്നറിയാതെ ലോകത്തെ കാണുന്ന ഒരു ശരാശരി പൗരന്‍ അയാള്‍ പെട്ടുപോയിരിക്കുന്ന കെണികളെക്കുറിച്ച് അറിയുന്നില്ല.ڈടെലിവിഷന്‍ ലോകത്തെ നമ്മുടെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. പക്ഷേ അത് നമുക്കാവശ്യമുള്ളതില്‍ കൂടുല്‍ വിളമ്പി. ഇന്‍റര്‍നെറ്റ് വ്യക്തിയെയും ജനാധിപത്യപ്രക്രിയയെയും പ്രോത്സാഹിപ്പിച്ചു. പക്ഷേ അത് തന്നെ അതിനെ വികലമാക്കിക്കൊണ്ടിരിക്കുന്നു. സാങ്കേതികത ജനാധിപത്യത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് നമ്മെ നശിപ്പിക്കാനനുവദിക്കണമോ എന്ന് നമുക്ക് തീരുമാനിക്കാംڈ  ബി.ബി.സി യുടെ മുന്‍ ഡയറക്ടര്‍ ജെയിസ് ഹാര്‍ഡിംഗ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകളാണിവ. ജനാധിപത്യപ്രക്രിയയുടെ കാവല്‍നായ്ക്കളാകേണ്ട ആധുനിക മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമൂഹമനസ്സിനെ മലിനമാക്കുന്ന അപകടകരമായ കാലത്തിലാണ് നാമിപ്പോള്‍. ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം മാധ്യമങ്ങള്‍ അതിനു തന്നെ നല്‍കുന്നുണ്ട്. ലോകത്തിലെ ജനാധിപത്യപ്രക്രിയയില്‍ മാധ്യമങ്ങള്‍ ഒരു ഭാഗം മാത്രമാണ്,  എന്നു ഹാര്‍ഡിംഗ് പറയുമ്പോള്‍ അപകടകരമായ രീതിയില്‍ വളര്‍ന്ന് അധികാരത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും നൂതനമുഖമായി മാധ്യമങ്ങള്‍ പരിണമിക്കുന്നു എന്ന ധ്വനിയുണ്ട്. മാധ്യമങ്ങള്‍ മധ്യവര്‍ത്തികളാകേണ്ടിടത്ത് രാജാക്കന്‍മാരും കോര്‍പ്പറേറ്റ് ഭീമന്‍മാരുമായി വളര്‍ന്ന് വലുതിയിരിക്കുന്നതു നാം കാണുന്നു. ഓസ്ട്രേലിയന്‍ മാധ്യമ ചക്രവര്‍ത്തി രൂപേര്‍ട്ട് മര്‍ഡോക്കിന്‍റെ നീരാളിപ്പിടുത്തത്തില്‍ എത്രമാധ്യമങ്ങളാണ് അടിയറവ് പറഞ്ഞ് ന്യൂസ് കോര്‍പ്പിന്‍റെ ഭാഗമായി അസ്തിത്വം നഷ്ടപ്പെട്ടത്?
 
മാധ്യമങ്ങളും നൂതനസാങ്കേതികവിദ്യകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയസംസ്കാരം കച്ചവടത്തിന്‍റേതു മാത്രമാണെന്ന് തിരിച്ചറിയാന്‍ അധികം തലപുകയ്ക്കേണ്ടതില്ല. വാര്‍ത്തകളായുധങ്ങളാകുന്ന പുതിയ പോര്‍മുഖത്തില്‍ ആയുധങ്ങള്‍ സൃഷ്ടിക്കുന്ന പണിപ്പുരകളാണ് ടെക്നോളജി. ടെക്നോളജി ഒരിക്കലും നിക്പക്ഷമല്ല. വന്‍കിട കമ്പനികളുടെ താത്പര്യമനുസരിച്ച് സൃഷ്ടിക്കപ്പെടുന്നതിനാലും മനുഷ്യനിര്‍മിതമായിരിക്കുന്നതിനാലും അതിന്‍റെ ഉദ്ദേശ്യങ്ങള്‍ സ്ഥാപിതവും ചിലപ്പോള്‍ പക്ഷപാതപരവുമാണ്. രാഷ്ടീയത്തെ വിഷലിപ്തമാക്കാനും, വിശ്വാസ്യതകളെ തകിടം മറിക്കാനും, സ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്താനും, നിയമങ്ങളെ വളച്ചൊടിക്കാനും സാങ്കേതികത/ടെക്നോളജി ഉപയോഗിക്കാം. ഇതിലെ ഏറ്റവും വലിയ അപകടം പൊതുജനം ഇതൊന്നും അറിയുന്നുപോലുമുണ്ടാവില്ല എന്നതാണ്. ഒരു പടികൂടി കടന്ന് സോഫ്റ്റ് വെയറുകള്‍ നമ്മുടെ മനുഷ്യസംസ്കാരത്തെയും ജീവിതത്തെയും എത്രമാത്രം സ്വാധീനിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. സോഫ്റ്റ് വെയര്‍ ലോകത്തെ തിന്നു കൊണ്ടിരിക്കുകയാണ് എന്ന് മാര്‍ക് ആന്‍ഡേഴ്സണ്‍ പ്രസ്താവിച്ചത് ഒട്ടും അതിശയോക്തിയല്ല (The Wall Street Journal, Aug 20, 2011). മറ്റെന്നെത്താക്കാളുമുപരിയായി വന്‍കിട വ്യവസായ/വ്യാപാര ഭീമന്‍മാരെല്ലാം സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ കച്ചവടങ്ങളിലേയ്ക്ക് കളംമാറ്റിച്ചവിട്ടി ചുവടുകളുറപ്പിച്ചിരിക്കുകയാണ് - സിനിമ മുതല്‍, കൃഷിയും, രാജ്യപ്രതിരോധവും വരെ. അതിര്‍വരമ്പുകളെ ഇല്ലാതാക്കി സോഫ്റ്റ് വെയര്‍ ലോകത്തെത്തിന്നുന്നതിനുദാഹരണമാണ് 2001 ലെ ആമസോണ്‍ കമ്പനിയുടെ ഉദയം. പുസ്തകക്കച്ചവടത്തിന്‍റെ മറവില്‍ അതിര്‍ത്തികളുടച്ച് വ്യാപാരസാമ്രാജ്യം പടുത്തുയര്‍ത്തിയ ആമസോണ്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയൊരു സോഫ്റ്റ് വെയര്‍ കമ്പനിയാണ്.
 
ആധുനിക ജനാധിപത്യത്തിന്‍റെ നാലു പ്രധാനഘടകങ്ങള്‍, ജനങ്ങളാല്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയസംവിധാനങ്ങളും, പൗരന്മാരെന്ന നിലയില്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിലും സമൂഹജീവിതത്തിലുമുള്ള സജീവ പങ്കാളിത്തവും, എല്ലാവര്‍ക്കുമുള്ള മനുഷ്യാവകാശ സംരക്ഷണവും, തുല്യമായി എല്ലാവര്‍ക്കും ബാധകമാകുന്ന നിയമസംവിധാനവും ആണെന്നാണ് കരുതപ്പെടുന്നത്. അമര്‍ത്യാസെന്‍ പറയുന്നതുപോലെ, ڇനമ്മളൊരിക്കലും ജനാധിപത്യത്തെ ഭൂരിപക്ഷത്തിന്‍റെ ഭരണമായി കരുതരുത്. വോട്ടു ചെയ്യുന്നതും തിരഞ്ഞെടുപ്പുഫലങ്ങളെ ബഹുമാനിക്കുന്നതും പോലെ തന്നെ, ജനാധിപത്യത്തിന് മറ്റ് സങ്കീര്‍ണ്ണ അവകാശങ്ങളുണ്ട്. ജനാധിപത്യം നൈസര്‍ഗികാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നതും,  സെന്‍സര്‍ ചെയ്യാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നതും സ്വതന്ത്രമായ ചര്‍ച്ചകളും അഭിപ്രായങ്ങളും ഉറപ്പുവരുത്തുന്നതുമാകണം.ڈ എന്നാല്‍ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ടര്‍ക്കിയിലും ഈജിപ്റ്റിലും ഹങ്കറിയിലും പോളണ്ടിലും, ഫിലിപ്പീന്‍സിലും നിക്കരാഗ്വയിലും കപടജനാധിപത്യത്തിന്‍റെ മുഖങ്ങളാണ് തെളിഞ്ഞുവരുന്നത്. ഒരു കാലത്ത് ലോകത്തെ പ്രചോദിപ്പിച്ചിരുന്ന വലിയ ജനാധിപത്യരാജ്യങ്ങളായിരുന്ന സൗത്താഫ്രിക്കയും ബ്രസീലും പോലുള്ള രാജ്യങ്ങള്‍ അഴിമതി നിറഞ്ഞ് അപകടത്തിലായിരിക്കുന്നു. രാഷ്ട്രീയമെന്നത് വസ്തുതാപരം എന്നതിനേക്കാള്‍ വൈകാരികമായിരിക്കുന്നു. ജനാധിപത്യമെന്ന ഓമനപ്പേരില്‍ ചൈനയിലും റഷ്യയിലും ബലികഴിക്കപ്പെടുന്ന പൗരാവകശങ്ങളെക്കുറിച്ച് നമുക്കറിയാം. ജനാധിപത്യത്തിന്‍റെ വഴികളില്‍ നിന്ന് അധികാരത്തിന്‍റെ ഇടനാഴികളിലൂടെ സ്വേച്ഛാധിപതികള്‍ പിറവിയെടുക്കുന്ന ചരിത്രത്തിന്‍റെ പുനര്‍ജനിയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാങ്കേതികതയും മാധ്യമങ്ങളും അതിനു കുട പിടിക്കുന്നു. പൗരന്മാരെന്ന നിലയില്‍ അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമായാണ്.
 
ജനാധിപത്യത്തെ രക്ഷിക്കേണ്ടതും ലോകജനസംഖ്യയുടെ വളരെ ചെറിയ ഒരു ശതമാനം വരുന്ന ശക്തരായ മനുഷ്യരുടെ ധനാസക്തിയില്‍ നിന്ന് ലോകത്തെ രക്ഷിക്കേണ്ടതും ഒരു വംശമെന്ന രീതിയില്‍ മനുഷ്യന്‍റെ ധാര്‍മികാവകാശമാണ്. അരിസ്റ്റോട്ടിലെനെയും കണ്‍ഫ്യൂഷ്യസിനെയും സംബന്ധിച്ചിടത്തോളം ധാര്‍മികതയുടെ തായ്ത്തണ്ട് സമൂഹമാണ്. അരിസ്റ്റോട്ടില്‍ നഗരത്തെ മാതാപിതാക്കള്‍ക്ക് തുല്യമായി കരുതിയിരുന്നു. ഒരു സമൂഹത്തിന്‍റെ അംഗമാകുക എന്നത് ഒരു വ്യക്തിയുടെ തനിമയ്ക്കും അപ്പുറമുള്ള യാഥാര്‍ഥ്യാണ് അദ്ദേഹം കരുതി. (Clifford G. Christians, The Handbook of Global Communication and Media Ethics).സമാധാനപൂര്‍ണവും സ്വസ്ഥവുമായി ജീവിക്കാനും സ്വാഭാവികമായ ജീവിതസന്തോഷങ്ങള്‍ ആസ്വദിക്കുവാനുമുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. സ്വാര്‍ത്ഥതയുടെ നീരാളിക്കൈകള്‍ കൊണ്ട് ബഹുഭൂരിപക്ഷത്തിന്‍റെയും രക്തം ഊറ്റിയെടുത്ത് ചിലര്‍മാത്രം തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ നഷ്ടമാകുന്ന സാമൂഹികസന്തുലിതാവസ്ഥയെക്കുറിച്ച് അവബോധമുള്ളവരായിരുന്നാല്‍ മാത്രം പോര പ്രവൃത്തിക്കുകയും വേണം. പൗരാവകശത്തിലേയ്ക്കുണര്‍ന്നു പ്രവര്‍ത്തിക്കാത്ത ജനതകളെല്ലാം ക്രമേണ പോകുന്നത് അടിമത്തത്വത്തിലേയ്ക്ക് തന്നെയായിരിക്കും. ആധുനിക മാനവസംസ്കാരത്തിന്‍റെ വികാസപാതകളില്‍ മാധ്യമങ്ങള്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് സംശയരഹിതമാണ്. മാധ്യമങ്ങളുടെ നൈയാമിക ധാര്‍മികത (Notmative Ethics), സാമൂഹ്യനീതി (Social Justice), സത്യം (Truth), അഹിംസ (Nonviolennce), മനുഷ്യാന്തസ്സ് (Human Dignity), സ്വകാര്യത എന്ന ധാര്‍മികനന്മ (Privacy as moral good) എന്നിവയിലധിഷ്ഠിതമാണ്. ഇവയൊക്കെ സാമൂഹ്യജീവിയായ മനുഷ്യന്‍റെ കൂട്ടായ നിലനില്‍പ്പിനും സമൃദ്ധിക്കും അവശ്യം വേണ്ട ഘടകങ്ങളുമാണ്. മനുഷ്യന്‍റെ ജനാധിപത്യാവകാശങ്ങളുടെ പ്രതിഫലനം നടക്കേണ്ട ഇടമാണ് മാധ്യമങ്ങള്‍.
 
ഇന്‍റര്‍നെറ്റിനും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ സാങ്കേതികവിപ്ലവത്തിനും മുമ്പ് വിപ്ലവാത്മകമായ മാധ്യമപരിണാമത്തെക്കുറിച്ച് പ്രവചിച്ച കനേഡിയന്‍ തത്വശാസ്ത്രജ്ഞനാണ് മാര്‍ഷല്‍ മാക് ലൂഹന്‍.  മാധ്യമം തന്നെയാണ് സന്ദേശം (The medium is themessage) എന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് പുതിയൊരു ചിന്താഗതിക്കും അന്വേഷണത്തിനും തുടക്കം കുറിച്ചു. മനുഷ്യന്‍ അവന്‍റെ തന്നെ തുടര്‍ച്ചകളെയാണ് (Man creates his own extensions) സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചത് യുക്തിപരമായി തന്നെയായിരുന്നു. വീടും വഴികളും വാഹനങ്ങളും നഗരങ്ങളും മാധ്യമങ്ങളും ഒടുവില്‍ ഇന്‍റര്‍നെറ്റും മനുഷ്യമനസ്സിന്‍റെ തുടര്‍ച്ചകള്‍ തന്നെയാണ്. ശരീരത്തിനു പുറത്തേയ്ക്ക് മനുഷ്യന്‍ സൃഷ്ടിക്കുന്ന ഇടങ്ങളാണ് ഇവയൊക്കെ. വാക്കുകള്‍ക്കതീതമായ ആശയവിനിമയം മനുഷ്യാസ്തിത്വത്തിന്‍റെ അവിഭാജ്യഘടകമാണെന്ന തിരിച്ചറിവില്‍ നിന്നാണ് څമാധ്യമം തന്നെയാണ് സന്ദേശംچ എന്ന തത്വം ഉരുത്തിരിഞ്ഞത്. വ്യക്തിത്വസമഗ്രതയുടെ ഉപോല്‍പന്നമായിട്ടാണ് ലിഖിത-സംസാര ഭാഷയ്ക്കതീതമായ ആശയവിനിമയം( nonverbal communicaiton) മനുഷ്യന്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ കപടവാര്‍ത്തകളും തത്പരനിലപാടുകളും കൊണ്ട് ആധുനികമാധ്യമങ്ങള്‍ നഷ്ടപ്പെടുത്തിയ ആശയവിനിമയ സമഗ്രത പുതിയ താത്വികാവലോകനത്തിലേയ്ക്ക് ലോകത്തെ നയിച്ചു. അങ്ങനെയാണ് മാധ്യമങ്ങള്‍ അതിലേയ്ക്ക് തന്നെ തിരിഞ്ഞു രൂപപ്പെടുത്തിയ സ്വയംപര്യാപ്തസംവിധാനങ്ങളുടെ പുതിയലോകത്തെക്കുറിച്ച്, പ്രത്യേകിച്ച് അധികാരവും ധനവും സ്വാധീനവും മാധ്യമലോകത്തെ കേന്ദ്രീകരിച്ചു ഭ്രമണം ചെയ്യാനാരംഭിച്ചതിനെക്കുറിച്ച് നാം ചിന്തിക്കാന്‍ തുടങ്ങിയത്. മാക് ലൂഹന്‍റെ സിദ്ധാന്തത്തെ ആധുനികസാങ്കേതിവിപ്ലവം തച്ചുടച്ച് മാധ്യമം തന്നെയാണ് ധനം (The medium is the Money) എന്നാക്കി മാറ്റിയെന്ന് ഫ്രഞ്ച് മാള്‍ട്ടീസ് തത്വശാസ്ത്രജ്ഞനായ ജാക്വേസ് എല്ലൂല്‍ (1912-ڊ1994) വാദിച്ചു. ശരിക്കും ലോകവിപണിയുടെ ദല്ലാള്‍ പണി ചെയ്യുന്ന മൂന്നാം കിട കൂലിസംവിധാനങ്ങളായി മാധ്യമശൃംഖലകള്‍ തങ്ങളുടെ അസ്തിത്വത്തെ തരംതാഴ്ത്തിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ ഇന്ന് ജനാധിപത്യത്തിന്‍റെ അപചയത്തിനു വഴികാട്ടിയാകുന്നു എന്നു മാത്രമല്ല മാനവസംസ്കാരത്തിന്‍റെ അടിവേരുകളറുത്ത് വിഘടനത്തിന്‍റെ വിഷവിത്തുകളുത്പാദിപ്പിക്കുന്നതായി നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നു. ഇത് സംഭവിക്കുന്നത് വളരെ വേഗത്തിലാണെന്നതാണ് സത്യം. നാം വന്‍കിടകമ്പനികളുടെ ഉപഭോഗവസ്തു മാത്രമായി പരിണമിക്കുന്നതിനായി മാധ്യമങ്ങള്‍ ഇന്ന് ഇന്ദ്രിയങ്ങളെ വിഘടിപ്പിക്കുന്നു, അവബോധത്തെ ചുരുക്കുന്നു, ധാര്‍മികാവബോധത്തെ ഒഴുക്കിക്കളയുന്നു (Michael Bugeja).
 
Matt D’Ancona, The Post-Truth എന്ന പുസ്തകത്തില്‍ ആധുനികമാധ്യമങ്ങളുടെ ഗതിവിജ്ഞാനീയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സത്യം ലോകത്തെ അറിയിക്കുക എന്ന ധാര്‍മികബാധ്യതയില്‍ നിന്നും വാര്‍ത്തകളുടെ അതിപ്രളയത്തില്‍ ഇടം കണ്ടെത്താനുള്ള നിലനില്‍പ്പിന്‍റെ സമരമുഖങ്ങളിലാണ് എല്ലാ മാധ്യമങ്ങളും തന്നെ. സാങ്കേതികപരിണാമങ്ങളുടെ വേഗത അസ്ഥിരമാക്കുന്ന വിപണനമുഖങ്ങളെ നേരിടാന്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് യുദ്ധം തന്നെയാണ്. ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയുള്ള യുദ്ധമാണ് ആദ്യം. അതിന് സാങ്കേതികതയെ വ്യത്യസ്തമായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ആദ്യത്തെ മാധ്യമ അജണ്ട. കാരണം വാര്‍ത്തകളുടെയും അറിവുകളുടെയും പ്രളയത്തില്‍ മുങ്ങിക്കിടക്കുന്ന ലോകത്തില്‍ പ്രേക്ഷകരുടെ / വായനക്കാരുടെ  ശ്രദ്ധ പിടിച്ചു പറ്റുക ഇന്ന് അത്ര എളുപ്പമല്ല. അതിനായി വൈകാരികതയേയോ, അര്‍ദ്ധസത്യത്തെയോ, അസത്യത്തേയോ ഉപയോഗിക്കാന്‍ മാധ്യമങ്ങള്‍ മടിക്കുന്നില്ല. സമയം ഇവിടെ ഒരു പ്രധാനഘടകമാണ്. ഫ്ളാഷ്ന്യൂസ് എന്ന കടമ്പയില്‍ ബലികഴിക്കപ്പെടുന്നത് മാധ്യമധര്‍മമാണ്. ആദ്യം വാര്‍ത്ത എത്തിക്കുക എന്നത്, സത്യം അറിയിക്കുക എന്നതിനേക്കാള്‍ പ്രധാനമായിരിക്കുന്നു. റേറ്റിംഗ് ഉയര്‍ത്താനുള്ള മത്സരത്തിനിടയില്‍ എരിവും പുളിയും ആവശ്യമായിട്ടുണ്ട്. മാധ്യമങ്ങള്‍ മധ്യവര്‍ത്തികള്‍ എന്നതിലുമുപരിയായി സ്വയംപര്യാപ്തമായ വ്യവസായ ശൃംഖലകളായിപ്പോയെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം. കൂടുതല്‍ ഉപഭോക്താക്കള്‍ സമം കുടുതല്‍ പണം, കൂടുതല്‍ സ്വാധീനം എന്ന സമവാക്യങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ജനാധിപത്യമോ ധാര്‍മികതയോ സത്യമോ ഇവിടെ പ്രശ്നമല്ലാതാകുന്നു.
 
രണ്ടാമതായി, നേരിട്ട് നമ്മെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ നുഴഞ്ഞുകയറി നമ്മെ സ്വാധീനിക്കുക എന്നതാണ് മാധ്യമങ്ങളുടെ രണ്ടാമത്തെ അജണ്ട. അത് കൂടുതല്‍ പ്രകടമാകുന്നത് സാമൂഹ്യശൃംഖലാ മാധ്യമങ്ങളിലാണ് (Social Networks ). സാമൂഹ്യശൃംഖലാമാധ്യമങ്ങളുടെ അല്‍ഗോരിതം, നിഷ്പക്ഷമല്ല. നേരിട്ട് ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിലും പലപ്പോഴും എളുപ്പം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നെറ്റ്വര്‍ക്കുകള്‍, മുതലെടുത്ത് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമ്മോട് പറഞ്ഞാല്‍ നാം കേള്‍ക്കാന്‍ സാധ്യതയുണ്ട് അവര്‍ക്കറിയാം. വ്യത്യസ്ത അനുഭവങ്ങളെ നിഷ്പക്ഷമായോ, അഭിപ്രായങ്ങളെ സമതുലിതമായ വീക്ഷണകോണുകളിലോ മാധ്യമങ്ങള്‍ നമ്മെ ചൂണ്ടിക്കാണിക്കുന്നില്ല. മിതമായ വാദഗതികളിലേക്ക് നയിക്കുന്നതിനു പകരം, തീവ്രതയേറിയ ഉള്ളടക്കങ്ങള്‍ കൊണ്ട് അതീവശക്തമായ പക്ഷപാത ചിന്തകള്‍ സൃഷ്ടിക്കുക എന്നതും സ്ഥിരമായി തങ്ങളുടെ പ്രസരണകേന്ദ്രങ്ങളോട് ചേര്‍ത്തു നിര്‍ത്തുക എന്നതുമാണ് അവര്‍ക്ക് പ്രധാനം. 2010 ലിറങ്ങിയ ഇന്‍സെപ്ഷന്‍ ((Inception) എന്ന ഹോളിവുഡ് സിനിമ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഉപബോധമനസ്സിലേയ്ക്ക് കടന്നു കയറി വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രൊഫഷനല്‍ കള്ളനായി ലിയനാര്‍ഡോ ഡികാപ്രി വേഷമിടുന്ന ചിത്രമാണത്. മനുഷ്യമനസ്സിന്‍റെ സൂക്ഷ്മമായ തലങ്ങളെ ഗോപ്യമായി സ്വാധീനീച്ച് നേട്ടങ്ങള്‍ കൈവരിക്കാന്‍ വേണ്ടി ശക്തമായ കച്ചവടതതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനികള്‍പോലെ തന്നെയാണ് ഇന്ന് മാധ്യമശൃംഖലകളും. വന്‍കിട മാധ്യമങ്ങളുടെ ഡാറ്റ ചൂഷണമാണ് മൂന്നാമത്തെ പ്രശ്നം. ഇന്ന് വസ്തുക്കളല്ല വില്പനച്ചരക്ക്! നമ്മളോരോരുത്തരുമാണ്! നമ്മുടെ സ്വകാര്യതകളെയും ശീലങ്ങളെയും നിരീക്ഷിച്ച് അവയെ കുടുതല്‍ ദുര്‍ബലമാക്കുക മാത്രമല്ല നമ്മെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെയ്ക്കുകയോ വില്‍ക്കുകയോ ആണ് ഇവര്‍ ചെയ്യുന്നത്. അധാര്‍മിക രാഷ്ട്രീയവും ധനാസക്തി മൂത്ത മാധ്യമങ്ങളും ലോകജനതയുടെ സ്വകാര്യതയ്ക്ക് വിലയിടുന്നത് നാം കാണുന്നു. 
 
നാലാമതായി വാര്‍ത്തകളെ വൈറലാക്കാനുള്ള മത്സരങ്ങളും കുതന്ത്രങ്ങളുമാണ്. കേയോസ് മങ്കീസ് (Chaos Monkeys) എന്ന  പുസ്തകത്തിന്‍റെ രചയിതാവായ അന്തോണിയോ ഗാര്‍സിയ മാര്‍ട്ടിനെസ്, ഹിലരി ക്ലിന്‍റണ്‍ ഉപയോഗിച്ചതിനേക്കഴിഞ്ഞും ചുരുങ്ങിയ പണം കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഫെയിസ്ബുക്ക് അല്‍ഗോരിതം ഉപയോഗിച്ച് കൂടുതല്‍ മാധ്യമപ്രചരണം നടത്തിയെന്ന് സ്ഥാപിക്കുന്നുണ്ട്. ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ഉദ്ദീപിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളുപയോഗിച്ച് ആനേകായിരം ലൈക്കുകളും ഷെയറുകളും നേടി വാര്‍ത്തകള്‍ എളുപ്പത്തില്‍ വൈറലാക്കാന്‍ ട്രംപിന്‍റെ മാധ്യമപ്രചാരണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. ഹിസ്റ്റീരിക്കലായ ഒരു വാര്‍ത്ത യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളുന്ന വാര്‍ത്തയേക്കഴിഞ്ഞും അതിവേഗം സഞ്ചരിക്കുന്നു എന്നതാണതിന് കാരണം. നമ്മുടെ കൊച്ചു കേരളത്തിലേയും മാധ്യമങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല. മതവും രാഷ്ട്രീയവും ലൈംഗികതയും മാധ്യമങ്ങള്‍ക്ക് ഇഷ്ടവിഷയങ്ങളാകുന്നതതുകൊണ്ടാണ്. ഇക്കിളിപ്പെടുത്തുന്നതെന്തിലേയ്ക്കും ഒളിഞ്ഞുനോക്കാന്‍ തത്പരപ്പെടുന്നവരാക്കി മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തുന്ന മാധ്യമങ്ങളുടെ രഹസ്യ അജണ്ട സത്യമോ നന്മയോ അല്ല. ഒരേ സമയം രാഷ്ടീയക്കാരന്‍റെയും ന്യായാധിപന്‍റെയും പൗരന്‍റെയും വേഷമണിയുന്ന മാധ്യമപ്രവര്‍ത്തകന്‍ പൊതുജനത്തെ നോക്കുകുത്തികളാക്കുന്നു ഇന്ന്. ഏതൊരു സാമുഹ്യ പ്രശ്നം ഉരുത്തിരിയുമ്പോഴും അതില്‍ ഉണ്ടാവേണ്ട ധാര്‍മിക തീരുമാനങ്ങള്‍ വ്യക്തികളുടേതാണ്. പൗരന്മാരുടേതാണ്. വിധി പ്രാസ്താവിക്കാനോ മനസ്സിനെയോ മനസ്സാക്ഷിയെയോ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനോ മാധ്യമപ്രവര്‍ത്തകര്‍ക്കവകാശമില്ല. ജയിംസ് ഹാര്‍ഡിംഗ് പറയുന്നതുപോലെ നമുക്കിന്നു വേണ്ടത് സാവധാനത്തിലുള്ള വാര്‍ത്തകളാണ്, ഫ്ളാഷ് ന്യുസല്ല, വ്യക്തമായി പഠിച്ചപഗ്രഥിച്ച യഥാര്‍ത്ഥത്തിലുള്ള അന്വേഷണങ്ങളാണ്, വൈകാരികതയുളവാക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളല്ല. 

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts