news-details
കവർ സ്റ്റോറി

നിസ്സര്‍ഗ്ഗ സുന്ദര കളിക്കോപ്പുകള്‍ ഒരോര്‍മ്മക്കുറിപ്പ്

എന്‍റെ കുട്ടിക്കാലം. ചേച്ചിമാരും ചേട്ടനും സ്കൂളിലേക്കും അനുജന്‍ വലിയമ്മയുടെ വീട്ടിലേക്ക് കളിക്കാനും പോയിക്കഴിഞ്ഞാല്‍ എനിക്ക് കൂട്ട് മുറ്റത്തെ മുല്ലയും ചെമ്പകവും ചെമ്പരത്തിയും പിന്നെ മാന്തോപ്പിലെ ചെല്ലക്കിളിയും ചില്ലിത്തെങ്ങില്‍ കൂടു കൂട്ടിയ കാക്കയും. ചേച്ചിമാര്‍ കളിച്ചൊഴിഞ്ഞ ഒരു നിറം മങ്ങിയ റബ്ബര്‍പാവക്കുട്ടിയോടു കിന്നാരം പറഞ്ഞു മടുക്കുമ്പോള്‍ തൊടിയിലേക്കിറങ്ങും.  ആ പാവക്കുട്ടിയൊഴിച്ചു മറ്റു കളിപ്പാട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല എനിക്ക്. അക്ഷരങ്ങളുമായി കൂട്ടു കൂടുന്നതിന് മുമ്പുള്ള കളിത്തോഴരില്ലാത്ത ആ ഇടവേളയിലേക്കാണ് ബേബിച്ചേട്ടന്‍റെ വരവ്. ആറടിയിലേറെ ഉയരവും അതിലും ഉയര്‍ന്ന മനസുമായി കടന്നു വന്ന ആ ചേട്ടന്‍ കൂട്ടുകാരന്‍ എന്‍റെ കളിപ്പാട്ടങ്ങളുടെ വിടവ് നികത്തി.  ആ നീണ്ട കൈകളില്‍ ഉടഞ്ഞ മണ്‍പാത്രങ്ങളും ഇലകളും പൂക്കളും, എന്തിന്, കൊഴിഞ്ഞു വീണ കമുകിന്‍ പാളയും മച്ചിങ്ങയും വരെ കളിപ്പാട്ടങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കളായി.

ബേബിചേട്ടനുമുണ്ടായിരുന്നു ഒരു ഏകാന്തമായ കുട്ടിക്കാലം.  അമ്മ വിഷം കഴിച്ചു മരിക്കുകയും അച്ഛന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയ ബാല്യം.  അപ്പോഴുണ്ടായ നോവും നൊമ്പരവും അറിഞ്ഞതുകൊണ്ടോ എന്തോ ബേബിച്ചേട്ടന്‍ കുട്ടികളെ സ്നേഹിച്ചു. അവരോടൊപ്പം കളിക്കാന്‍ നേരം കണ്ടെത്തി.  

വലിയവരാരും ബേബിച്ചേട്ടനെ അടുപ്പിച്ചിരുന്നില്ല.  അലഞ്ഞു തിരിയുന്ന സ്ഥിരമായി ജോലിയില്ലാത്ത കുടുംബത്തില്‍ നിന്നും അകന്നുപോയ ഉത്തരവാദിത്വമില്ലാത്ത ഒരുത്തന്‍.  ബേബിചേട്ടന്‍റെ നീണ്ടമുടിയും ഊശാന്താടിയും മുഷിഞ്ഞ ഷര്‍ട്ടും അയഞ്ഞ പാന്‍റ്സും അദ്ദേഹത്തെ മാനിക്കാന്‍ അവരെ പ്രേരിപ്പിച്ചില്ല.  പക്ഷെ കുട്ടികള്‍ എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമുള്ളില്‍ അദ്ദേഹം ഒരു മനുഷ്യനാണെന്നറിഞ്ഞു സ്നേഹിച്ചു.

ബേബിച്ചേട്ടന്‍ നാട്ടിലെത്തിയെന്നറിഞ്ഞാല്‍ പിന്നെ തെങ്ങിന്‍ ചുവട്ടിലെ മച്ചിങ്ങയും പ്ലാവിന്‍ ചുവട്ടിലെ പഴുത്തിലകളും കമുകിന്‍ ചോട്ടിലെ പാളകളും ഞങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാനം പിടിക്കും.  കൂടെ പപ്പായ മരത്തിന്‍റെ തണ്ടുകളും ഓലമെടായന്‍ ചെത്തിയിട്ട തെങ്ങോലകളിലെ ഓലക്കണകളും ഉടഞ്ഞുപോയ മണ്‍പാത്രങ്ങളുടെ തുണ്ടുകള്‍ വേറെയും.  

ബേബിചേട്ടന്‍റെ അമ്മയുടെ സ്നേഹിതയായിരുന്നു എന്‍റെ അമ്മ.  അവര്‍ ഒരിക്കലും പണത്തെയോ പ്രതാപത്തെയോ കുലമഹിമയെയോ നോക്കിയിരുന്നില്ല.  പകരം മനുഷ്യത്വത്തിന് വില കൊടുത്തു. അതുകൊണ്ട് കളിച്ച് തളര്‍ന്ന് വരുമ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുവാന്‍ അവര്‍ മറന്നില്ല. ബേബിച്ചേട്ടന് ഭക്ഷണത്തോടൊപ്പം ഊഷ്മളമായ സ്നേഹവും.  

അടുക്കളയിലേക്ക് വേണ്ട വിറക് കീറിക്കൊടുത്തും വെള്ളം കോരിവച്ചും തൊടിയിലെ മരങ്ങളില്‍ ചോലയാവുന്ന കൊമ്പുകള്‍ വെട്ടിത്തെളിച്ചും  ബേബിച്ചേട്ടന്‍ കടം തീര്‍ത്തു.  ജോലികളെല്ലാം വേഗം വേഗം ഒതുക്കിത്തീര്‍ത്ത് ചേട്ടന്‍ ഞങ്ങളോടൊപ്പം കൂടും.  

ആദ്യം മാജിക്കാണ്.  പോക്കറ്റില്‍ നിന്നും ഒരു നാണയമെടുത്ത് അത് ദൂരേക്ക് എറിയുന്നതു പോലെ ഭാവിക്കും.  പക്ഷെ ഞങ്ങളുടെ കണ്ണുവെട്ടിച്ച് അത് ഉച്ചിയില്‍ ഒളിപ്പിക്കും. എന്നിട്ട് ഓം ഹ്രീം എന്നു പറഞ്ഞുകൊണ്ട് തലകുനിക്കും.  നാണയം കൈവെള്ളയില്‍ വീഴും.  ആ നാണയം എങ്ങനെ തിരിച്ചു വന്നു എന്ന സൂത്രം ഞങ്ങള്‍ക്കും പറഞ്ഞു തരും.  

പിന്നെയൊരു മാജിക്ക് കമഴ്ത്തി പിടിച്ച നിവര്‍ത്ത കൈയില്‍ പേന നിര്‍ത്തുന്നതാണ്.  കമഴ്ന്നിരിക്കുന്ന കൈപ്പത്തിയുടെ കൈത്തണ്ടില്‍ ഇനി ഒരു കൈ കൊണ്ടു പിടിച്ച് ഒരു വിരല്‍ നീട്ടി പേന താഴേക്ക് വീഴാതെ നോക്കുന്ന തന്ത്രവും ഞങ്ങളെ പഠിപ്പിച്ചു.  ഇതൊക്കെ സ്കൂളിലെ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ച് അവരെ അമ്പരപ്പിക്കാന്‍ കഴിഞ്ഞിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ബേബിച്ചേട്ടന്‍റെ വരവ് ഉത്സുകതയോടെ കാത്തു.

എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നത് മണ്‍പാത്രങ്ങളുടെ ഉടഞ്ഞ തുണ്ടുകള്‍ ഉരച്ച് ആടിന്‍റെയും നായയുടെയും ആനയുടെയും പച്ചക്കറികളുടെയും ആകൃതി കൊടുത്ത് അവയെക്കൊണ്ട് കഥപറയുന്ന കളിയായിരുന്നു.  ആദ്യം ചേട്ടന്‍ ഒരു കഥയുണ്ടാക്കും.  പിന്നെ എന്നോട് പറയും,  അതുപോലെ മറ്റൊരു കഥ പറയാന്‍. ബേബിചേട്ടന്‍ പോയിക്കഴിഞ്ഞാലും ഞാന്‍ മൃഗങ്ങളുടെയും മരങ്ങളുടെയും പഴങ്ങളുടെയും ആകൃതികള്‍ ഉണ്ടാക്കി, ആ ആകൃതികള്‍ക്കെല്ലാം ഞാന്‍ എന്‍റെ കഥകളിലൂടെ ജീവന്‍ കൊടുത്തു.  അവയെല്ലാം എന്‍റെ കളിക്കൂട്ടുകാരായി മാറി.  പില്‍ക്കാലത്ത് എന്നിലുണ്ടായ ക്രിയേറ്റിവിറ്റിക്കും റിഫ്ളക്ഷന്‍ ആക്ടിവിറ്റീസിനും ഈ അനുഭവമായിരിക്കാം എനിക്ക് ഉണര്‍വ്വായത്.  

കമുകിന്‍ പാളകള്‍ വണ്ടികളായി മാറി.  പാളയുടെ ഇലകള്‍ അറുത്തുമാറ്റി പാള വെള്ളത്തില്‍ മുക്കിവയ്ക്കും.  അത് നല്ലവണ്ണം കുതിര്‍ന്നു കഴിയുമ്പോള്‍ അതില്‍ മണ്ണു നിറച്ച് വെയിലില്‍ ഉണക്കും.  അത് കട്ടിയായിക്കഴിയുമ്പോള്‍ ഒരു തൊട്ടിലിന്‍റെ ആകൃതി ആയിരിക്കും. അല്പം മുതിര്‍ന്ന കുട്ടികള്‍ അതില്‍ ചെറിയ കുട്ടികളെ ഇരുത്തി തൊടിയിലെല്ലാം വലിച്ചുകൊണ്ടു നടക്കും.  ഞാന്‍ വളരെ മെലിഞ്ഞിരുന്നതുകൊണ്ട് ചിലപ്പോഴൊക്കെ എനിക്കും വണ്ടിയിലിരിക്കാന്‍ അവസരം കിട്ടിയിരുന്നു.  അതില്‍ നിന്നു കിട്ടിയിരുന്ന ഉള്‍പ്പുളകവും വികാരവിക്ഷോഭവും എനിക്കിപ്പോഴും ഭാവനകളിലുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെയും റ്റാബിന്‍റെയും ബന്ധനത്തിലകപ്പെട്ടു  പോയ ഭാവി ഭാരതത്തിന്‍റെ പ്രജകളെ കാണുമ്പോള്‍ ഈ വികാര വിക്ഷോഭങ്ങളൊന്നും അവര്‍ക്ക് കിട്ടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തോ ഒരു നഷ്ടദുഃഖം.

തെങ്ങോലക്കണകള്‍ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങളും പമ്പരവും തത്തയും പീപ്പിയും പേഴ്സും ഒക്കെയായിരുന്നു ബേബിച്ചേട്ടന്‍റെ പണിപ്പുരയില്‍ നിന്നിറങ്ങിയിരുന്ന കളിപ്പാട്ടങ്ങള്‍.  ഓലപ്പമ്പരം ഉണ്ടാക്കിക്കഴിഞ്ഞ് അതിന്‍റെ നടുക്ക് ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു പച്ച ഈര്‍ക്കിലി കടത്തി ഈര്‍ക്കിലിയുടെ അറ്റത്ത് ഒരു വളയമിട്ട് പമ്പരം ഊരിപ്പോകാതെ നോക്കിയിരുന്നു.  കൈ കൊണ്ട് ഈര്‍ക്കില്‍ പിടിക്കുമ്പോള്‍ തടയാതിരിക്കാന്‍ ഈര്‍ക്കിലിന്‍റെ കടഭാഗം പപ്പായ മരത്തിന്‍റെ തണ്ടില്‍ ഘടിപ്പിക്കും.  അതുമായി ഏറ്റവും വേഗത്തിലോടുമ്പോള്‍ ഉണ്ടാകുന്ന വായുപ്രവാഹത്തില്‍ പമ്പരം കറങ്ങും. ഈ പമ്പരങ്ങളുമായി കറങ്ങി നടക്കുന്നതിനെ മുതിര്‍ന്നവരും പ്രോത്സാഹിപ്പിച്ചിരുന്നു. മാവില്‍ കയറി താഴെ വീഴുമെന്നോ മറ്റു കുട്ടികളുമായി  വഴക്കു കൂടി ബഹളം ഉണ്ടാക്കുമെന്നോ ഭയം വേണ്ടല്ലോ.  ഭക്ഷണം കഴിപ്പിക്കാന്‍ കഥ പറയുകയോ പാട്ടുപാടുകയോ വേണ്ടതാനും. ഈ കളികളെല്ലാം കഴിഞ്ഞ് ആനയെത്തിന്നാന്‍ മാത്രം വിശപ്പുമായാണ് എല്ലാവരും വീട്ടിലേക്ക് മടങ്ങാറ്.  

അച്ഛന്‍ വാങ്ങുന്ന ബാറ്റാ ചെരുപ്പുകളുടെ കൂടുകള്‍ ഞങ്ങള്‍ കുട്ടികള്‍ സൂക്ഷിച്ച് വയ്ക്കുമായിരുന്നു.  ആ കൂടിന്‍റെ താഴെത്തെ നാലു മൂലകളില്‍ സുഷിരങ്ങളിട്ട് മച്ചിങ്ങ കുത്തിയ ഒരു ഈര്‍ക്കില്‍ വീതം രണ്ടു ഭാഗത്തു കൂടി കടത്തി അതിന്‍റെ അറ്റത്തും ഓരോ മച്ചിങ്ങ കുത്തിയാല്‍ അതൊരു ജീപ്പായി.  ആലപ്പുഴയ്ക്കും എറണാകുളത്തിനും മദ്ധ്യേ ഓടുന്ന ജീപ്പ്. മുറ്റത്തിന്‍റെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേ അറ്റം വരെ ഓടും.  

ചെറിയ കുട്ടികള്‍ പ്ലാവിലയും മച്ചിങ്ങയും ഈര്‍ക്കിലിയും കൊണ്ടാണ് വണ്ടികള്‍ ഉണ്ടാക്കുക.  ഒരു പ്ലാവിലയുടെ മദ്ധ്യത്തില്‍ ഒരു പച്ച ഈര്‍ക്കിലി കഷണം വച്ചു മടക്കി ഒരു ചെറിയ ഈര്‍ക്കിലി കഷണം കൊണ്ടു പിന്‍ ചെയ്ത് വലിയ ഈര്‍ക്കിലി കഷണത്തിന്‍റെ രണ്ടറ്റങ്ങളിലും മച്ചിങ്ങ കുത്തിയാല്‍ വണ്ടിയായി.  വാഴനാരോ ഓലനാരോ കൊണ്ട് പ്ലാവിലയുടെ ഞെട്ടില്‍ കെട്ടി അതു വലിച്ചുകൊണ്ട് നടക്കുന്നതും നല്ലൊരു വിനോദമായിരുന്നു.  ഇപ്പോള്‍ ചൈനയില്‍ നിന്നും വരുന്ന വിഷം പുരണ്ട കാറും ജീപ്പും ആണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍. സ്വയം ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍കൊണ്ട് കളിക്കാന്‍ പറ്റുന്ന സുഖവും സന്തോഷവും അതനുഭവിച്ച് തന്നെ അറിയണം.

തൊടിയിലെ കളികഴിഞ്ഞാല്‍ കുളങ്ങളാണ് അടുത്ത കളിക്കളം.  പഴുക്കാറായ വാഴക്കുലകള്‍ വെട്ടിക്കൊടുത്തു കഴിഞ്ഞാല്‍ വാഴത്തടകള്‍ ഞങ്ങള്‍ക്ക് സ്വന്തം.  രണ്ടു വാഴത്തടകള്‍ ഒന്നിച്ചു കൂട്ടിക്കെട്ടി അതിനെ കുളത്തിലേക്കിടും.  നല്ലൊരു നീന്തല്‍ക്കാരനായിരുന്നു ബേബിച്ചേട്ടന്‍.  ആ വാഴത്തട ചങ്ങാടത്തില്‍ ഇരുന്ന് ഓലമടലിന്‍റെ കടഭാഗം കൊണ്ടുണ്ടാക്കിയ പങ്കായത്തില്‍ തുഴഞ്ഞ് കുളിയും നീന്തല്‍ പരിശീലനവും ഒന്നിച്ചു കൊണ്ടു പോകാനും പറ്റിയിരുന്നു.

കടലാവണക്കിന്‍റെ ഉണങ്ങിയ കായ്കള്‍ എടുത്ത് അതിന്‍റെ നടുക്ക് ഉരച്ച് തീര്‍ന്ന തീപ്പെട്ടിക്കൊള്ളി കുത്തി നിര്‍ത്തിയാല്‍ അത് തറയില്‍ കറങ്ങുന്ന പമ്പരമായി. കടലാവണക്കിന്‍റെ ഇലകള്‍ പൊട്ടിച്ചാല്‍ അതില്‍ നിന്നും വരുന്ന കറ ഒരു കമ്പില്‍ തോണ്ടിയെടുത്ത് ഊതിയാല്‍ മഴവില്‍ നിറങ്ങള്‍ പ്രതിഫലിക്കുന്ന കുമിളകളായി നമുക്ക് ചുറ്റും പാറിപ്പറക്കും.  മഴവെള്ളത്തില്‍ ഒഴുകി നീങ്ങുന്ന കടലാസു തോണികളും മണ്ണപ്പങ്ങള്‍ തയ്യാറാവുന്ന ചിരട്ടകളും വരെ എത്രയെത്ര കളിപ്പാട്ടങ്ങള്‍- എന്‍റെ ഓര്‍മ്മയില്‍.  

കഴിഞ്ഞ 25 വര്‍ഷങ്ങളായി കുട്ടികളുടെ പഠനം, അവരുടെ വ്യക്തിത്വ വികസനം ഈ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ തൊട്ടറിഞ്ഞ ചില കാര്യങ്ങളുണ്ട്. ഇത് ഭാഷയ്ക്കും സ്ഥലത്തിനും മീതെയാണ്.  ബംഗാളിലാവട്ടെ, ഡല്‍ഹിയിലാവട്ടെ, കേരളത്തിലോ, യുപിയിലോ, മഹാരാഷ്ട്രയിലോ, തമിഴ്നാട്ടിലോ, തെലങ്കാനയിലോ (ഇവിടെയെല്ലാം ഞാന്‍ കുട്ടികള്‍ക്കായി ജോലി ചെയ്തിട്ടുണ്ട്)  ആവട്ടെ പ്രകൃതിയുമായി അടുത്ത ബന്ധമുള്ള കുട്ടികളുടെ സമീപനത്തിനും ആ ഒരു സൗകര്യം കിട്ടാത്ത കുട്ടികളുടെ സമീപനത്തിനും കാര്യമയ വ്യത്യാസമുണ്ട്.  പ്രത്യേകിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ക്ക്, സര്‍ഗ്ഗാത്മകതയ്ക്ക്, Innovations കള്‍ക്ക് അവരുടെ ചുറ്റുപാടുമുള്ള പ്രകൃതിയോടുള്ള sensitivity  യ്ക്ക്.  പ്രകൃതിയില്‍ നിന്ന് കടമെടുത്ത വസ്തുക്കള്‍ കൊണ്ട് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കി കളിച്ചവര്‍ക്ക് ആ കടപ്പാടുണ്ടാവും.  അവര്‍ പ്രകൃതിയെ സ്നേഹിക്കും, കാക്കും.  അവര്‍ മരങ്ങള്‍ നശിപ്പിക്കില്ല.  വെള്ളം കലുഷമാക്കില്ല.  നായ്ക്കളെയും മറ്റു മൃഗങ്ങളെയും ഉപദ്രവിക്കാറില്ല.  പക്ഷിക്കൂടുകള്‍ എടുത്ത് അമ്മാനമാടില്ല.  അതുകൊണ്ട് മുതിര്‍ന്നവരോട് ഒരപേക്ഷ, ചെറുപ്പത്തില്‍ നിങ്ങളുപയോഗിച്ച കളിപ്പാട്ടങ്ങള്‍, പ്രകൃതിയില്‍ നിന്നും കിട്ടിയ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയവ, ആ കഥകള്‍ കുട്ടികളെ പറഞ്ഞു കേള്‍പ്പിക്കൂ. അവയുണ്ടാക്കാന്‍ കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കൂ.  ആ കുഞ്ഞുങ്ങളുടെ മനസ് വളരും.  നിങ്ങളോടുള്ള സ്നേഹവും.

ബേബിചേട്ടന്‍ എന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഞാന്‍  എന്‍റെ കൊച്ചുകൂട്ടുകാരുമായി പങ്കുവയ്ക്കാറുണ്ട്.  എന്‍റെ ചേച്ചിമാരുടെ കുട്ടികള്‍ ഇപ്പോഴും ആ കളിപ്പാട്ടങ്ങളെയും ആ കളികളില്‍ നിന്നും അവര്‍ക്ക് കിട്ടിയ വീക്ഷണ കോണുകളെപ്പറ്റിയും ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.  പക്ഷെ ഞാന്‍ കുട്ടികളുമായി കളിക്കോപ്പ് നിര്‍മ്മാണത്തിലേര്‍പ്പെടുമ്പോള്‍ എന്നെ കളിയാക്കുന്ന (നാണമില്ലേ ഇത്ര വലുതായിട്ടും, മുടി നരച്ചിട്ടും മച്ചിങ്ങാ വണ്ടിയുമായി നടക്കാന്‍)  പക്വതയാര്‍ന്ന സമൂഹം മനസിലാക്കാത്ത ഒന്നുണ്ട്.  നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്താണ്, നിങ്ങളുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നിങ്ങളറിയുന്നില്ല.  പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വില വയ്ക്കാത്തവര്‍ ഒരു ഭാവിയില്ലാത്ത വികസനത്തിലേക്കാണ് നമ്മുടെ തലമുറയെ തള്ളിവിടുന്നത്.

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts