news-details
സഞ്ചാരിയുടെ നാൾ വഴി

ഇത്തിരിപൂക്കളുടെ ദൈവം

ഓട്ടോ ഒരു ചെറിയ വണ്ടിയല്ല. അങ്ങനെയാണ് ഞങ്ങളുടെ സംഭാഷണം അവസാനിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല, പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല തുടങ്ങി നമ്മുടെ ചില ഫലിതങ്ങളുടെ തുടര്‍ച്ചയൊന്നുമായിരുന്നില്ല അത്. കടത്തിന്‍റെ പെരുവെള്ളപ്പാച്ചിലില്‍പെട്ട ചങ്ങാതിയുടെ ജീവിതത്തിന് ചങ്ങാടമായത് ആ ചെറിയ വാഹനമായിരുന്നുവെന്ന നെടുവീര്‍പ്പതിലുണ്ടായിരുന്നു. ഒരു കളിപ്പാട്ടത്തെക്കാള്‍ തെല്ല് മാത്രം വലുപ്പമുള്ള ഈ മുച്ചക്രം എത്ര വീടുകളുടെ അന്നമായി, എത്ര കുഞ്ഞുങ്ങളുടെ അക്ഷരമായി, എത്ര പെങ്ങന്മാരുടെ താലിപൊന്നായി...

ആത്മീയവും സാമൂഹികവുമായ ചില വീണ്ടു വിചാരങ്ങളില്‍ ഒരു രൂപകമായിപ്പോലും അതിനെ ഗണിക്കാവുന്നതാണ്. തീരെ ചെറിയ സഞ്ചാരങ്ങളു ടെയും കൗതുകങ്ങളുടെയും അടുപ്പങ്ങളുടെയു മൊക്കെ സൗമ്യമായ ഓര്‍മ്മപ്പെടുത്തലുകള്‍. പള്ളി, പാര്‍ക്ക്, തിയറ്റര്‍, ആശുപത്രി, പലചരക്ക് കടയുമൊ ക്കെയായി ചാറ്റമഴയുടെ പോലും ദൈര്‍ഘ്യമില്ലാത്ത സവാരികള്‍. ഇത്രയൊക്കെ മതി ജീവിതത്തിനെന്ന വര്‍ത്തമാനമാണതിന്‍റെ സുവിശേഷം. മനുഷ്യന്‍ എന്നൊരു പദം ആ കുടുസ് വണ്ടിയില്‍ നിന്ന് നന്നായി മുഴങ്ങുന്നുണ്ട്. റിക്ഷ ഒരു ജാപ്പനീസ് പദമാണ്. മനുഷ്യന്‍റെ കായികശേഷി തന്നെയാണതിന്‍റെ സൂചിതം. പുറം ലോകത്തോട് തഴുതിടാനാവുന്ന വാതില്‍പ്പാളികളൊന്നുമല്ലായെന്നുള്ളതാണ് അതിന്‍റെ പ്രധാന സുകൃതം. അതു കൊണ്ടാണ് അയാള്‍ നിങ്ങളോട് കൂടുതല്‍ മിണ്ടുന്നത്, ചിലപ്പോളത് നിങ്ങളെ തെല്ല് അലോസരപ്പെടുത്തിയാല്‍പോലും.

അല്ല, ഓട്ടോയ്ക്കുള്ള ലുത്തിനിയ ഒന്നുമല്ലിത്. ചെറുതുകളുടെയും ചെറിയവരുടെയും അഴകിനെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ അതിലൊന്നു തട്ടി നിന്നെന്നേയുള്ളൂ. ചെറുതിലാണ് ലാവണ്യമെന്ന് -small is beautiful  എന്നതായിരുന്നു ഷുമാക്കറുടെ പുസ്തകത്തിന്‍റെ ശീര്‍ഷകം. 1973-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ പുസ്തകം, growth is good, bigger is better എന്ന പരമ്പരാഗതമായ സമവാക്യത്തെ നിഷേധിക്കാനുള്ള ശ്രമമായിരുന്നു. ബുദ്ധിസ്റ്റ് എക്കോണമി എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അതിലൂടെ അയാള്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചത്. ഒരു ദേശത്തിന്‍റെ അഭിവൃദ്ധിയെ നിര്‍ണ്ണയിക്കേണ്ടത്, ആ ദേശത്തിന്‍റെ ഉല്‍പന്നങ്ങളുടെ സുലഭത കൊണ്ടല്ലെന്നും മറിച്ച്, അവിടെ പാര്‍ക്കുന്നവര്‍ പുലര്‍ത്തുന്ന തൃപ്തി പുഞ്ചിരി തുടങ്ങിയ ഏകകങ്ങളെ ഉപയോഗിച്ചാണെന്നുമുള്ള അനുബന്ധ വായന സാദ്ധ്യമാക്കുന്നുണ്ട് ആ പുസ്തകം. ഗ്രാമങ്ങളിലാണ് ദേശത്തിന്‍റെ ഹൃദയമിടിപ്പെന്ന ഗാന്ധിവിചാരങ്ങളും അയാളെ സ്വാധീനിച്ചിട്ടുണ്ടാവാം. ഭൂട്ടാന്‍ ഒരു ധനിക രാഷ്ട്രമായി മാറുന്നതങ്ങനെയാവണം. പരിമിതമായ ജീവിത സൗകര്യങ്ങളുടെ ഇടയില്‍നിന്ന് എത്ര മധുരമായാണവര്‍ ലോകത്തെ നോക്കി മന്ദഹസിക്കുന്നത്. മരുഭൂമിയിലെവിടെയോ ഒരു ചുരക്കാതൊണ്ടിനപ്പുറം ഒരാവശ്യവുമില്ലാത്ത ബുദ്ധയായിരിക്കണം അവരെക്കൊണ്ടത് ചെയ്യിപ്പിക്കുന്നത്. നമ്മുടെ ദേശത്തിന്‍റെ പുഞ്ചിരിയെവിടെപ്പോയി?

ചെറുതുകളുടെ ഭംഗിയെക്കുറിച്ച് ലോകത്തോട് മന്ത്രിച്ച മറ്റൊരു പുസ്തകം വാള്‍ഡനാണ്. ഒരുപക്ഷേ, ആ ദിശയിലാദ്യത്തെ പുസ്തകം. ഡേവിഡ് തോറ ആ തടാകക്കരയില്‍ താനാശിച്ച ജീവിതം ജീവിക്കുകയായിരുന്നു. ചെറിയൊരു കാലമായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷവും രണ്ടുമാസവും, രണ്ടു ദിനവും. എന്നിട്ടും അയാളെത്തിച്ചേര്‍ന്ന കണ്ടെത്തലുകള്‍ക്ക് കാലാതീതമായ ഒരു പ്രസക്തി ഉണ്ടാകുന്നുണ്ട്. 1954-ല്‍ വെളിച്ചം കണ്ട ആ പുസ്തകം ഇനിയും തപ്പിയെടുത്ത് വായിക്കാവുന്നതേയുള്ളൂ. മനുഷ്യന്‍റെ  യഥാര്‍ത്ഥ ആവശ്യങ്ങളെന്തെന്നും യഥാര്‍ത്ഥ വലുപ്പമെന്തെന്നും ധാരണയില്ലാത്തവര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പമാണ് വികസനമെന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. വാഹനങ്ങള്‍ക്ക് ഇരമ്പിപ്പായാന്‍ റോഡുകള്‍ കാല്‍പ്പന്ത് മൈതാനം പോലെ വിശാലമാകുമ്പോഴും കാല്‍നടക്കാരന്‍റെ നടപ്പാത ഒരിഞ്ചുപോലും വളര്‍ന്നിട്ടില്ലെന്ന് ശ്രദ്ധിച്ചിട്ടില്ലേ? ഷൂമേക്കര്‍ ആവര്‍ത്തിക്കുന്നതു പോലെ, Man is small and therefore small is beautiful.

ദൈവം ഗ്രാമങ്ങളെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. ഗ്രാമീണത ഒരു മനോഭാവമാണ്. ചെറിയ കാര്യങ്ങളിലെ തൃപ്തിയും ചെറിയ മനുഷ്യരുടെ ആനന്ദവുമാണ് അതിന്‍റെ കൊടിയടയാളങ്ങള്‍. പട്ടണം സൃഷ്ടിച്ചത് മനുഷ്യരാണ്. ബാബേലിന്‍റെ കഥയിലെന്നപോലെ ദൈവമതില്‍ നിന്ന് പിണങ്ങി മാറുന്നുണ്ട്. എന്നിട്ടും ദൈവത്തെ തോല്‍പ്പിച്ചു കൊണ്ട് പട്ടണത്തിന്‍റെ അതിരുകള്‍ ഗ്രാമത്തെ ചുരുക്കുകയും ഗ്രാമീണ മനുഷ്യരെ നാടുകടത്തുകയും ചെയ്യുന്നു. തങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ച് അവര്‍ അതൃപ്തരാവുന്നു. ഇ. ഹരികുമാറിന്‍റെ സ്വപ്നങ്ങള്‍ വില്ക്കുന്ന സെയില്‍ സ്മാന്‍ ഒരു ദൃഷ്ടാന്തകഥയായി മാറുന്നതങ്ങനെയാണ്. എത്ര സമര്‍ത്ഥമായാണ് നഗരമതിന്‍റെ കെണികളൊരുക്കുന്നത്. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കവിതയെന്ന് വിശേഷിപ്പിക്കുവാന്‍ അര്‍ഹതയുള്ള ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാല ത്തില്‍' കവി പങ്കുവയ്ക്കുന്ന എല്ലാ ആശങ്കകളും എത്ര ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. നെല്ലുകുത്തുകാരി പാറുവിന്‍റെ കഥയിലും കവിയതു തന്നെയാണ് പറഞ്ഞത്. മില്ലുകള്‍ വന്നതോടുകൂടി അവളുടെ അന്നം മുട്ടി. സാങ്കേതികത ഒരു ജെസിബിയുടെ ഭീമന്‍ കയ്യായി വന്ന് ചവിട്ടി നില്ക്കുന്ന മണ്ണിനെ കവര്‍ന്നെടുക്കുകയാണ്. മെട്രോ തലയ്ക്കു മുകളിലൂടെ ഇരമ്പി പായുമ്പോള്‍ കൊച്ചിക്കാരെവിടെപ്പോയി എന്ന പിന്തിരിപ്പന്‍ പരാതികള്‍ക്കിനിയിടമില്ല...!

മെഗ്ളാമാനിയ ബാധിച്ച ഒരു കാലമാണിത്. ഓരോരുത്തരും തങ്ങള്‍ക്ക് കണക്കില്ലാത്ത വലുപ്പമുണ്ടെന്ന് വിചാരിക്കുന്ന മാനസിക വ്യതിയാനമാണത്. അതുകൊണ്ടുതന്നെ വലുപ്പമുള്ളതിനോട് മാത്രമേ അവര്‍ക്കെന്തെങ്കിലും തരത്തില്‍ മതിപ്പോ, വിധേയ ത്വമോ അനുഭവപ്പെടുന്നുള്ളൂ. റോം അതിന്‍റെ ദേശീയമതമായി ക്രിസ്തുധര്‍മ്മത്തെ സ്വീകരിച്ചപ്പോള്‍ സംഭവിച്ചതതായിരുന്നു. അലഞ്ഞു നടന്നിരുന്ന നസ്രത്തിലെ ഒരു മരപ്പണിക്കാരന് വലിപ്പമുണ്ടെന്ന് തെളിയിക്കാന്‍ അവര്‍ക്ക് വലിയ മിനാരങ്ങളും ഗോപുരങ്ങളും എടുപ്പുകളും കെട്ടിയുയര്‍ത്തേണ്ടി വന്നു! നൂറ്റിയിരുപത് വര്‍ഷങ്ങള്‍ വേണ്ടി വന്നു വത്തിക്കന്‍ ചത്വരം കെട്ടിപ്പൊക്കാന്‍. താജ്മഹല്‍ ഉയര്‍ത്താനെടുത്ത കാലത്തിന്‍റെ ഏതാണ്ട് ആറുമടങ്ങ്. വലിയൊരു ദേവാലയത്തെ ചൂണ്ടിക്കാട്ടി അവനെ അത്ഭുതപ്പെടുത്താന്‍ ശ്രമിച്ച ശിഷ്യരെ എത്ര നിരുന്മേഷതയോടെയാണ് അവിടുന്ന് നേരിടുന്നതെന്നുള്ള സുവിശേഷ പരാമര്‍ശങ്ങള്‍ എത്ര ഭംഗിയായി നാം ബൈ-പാസ് ചെയ്തു.
അതിന്‍റെ ആവര്‍ത്തനങ്ങളും അനുരണനങ്ങളുമാണിങ്ങനെ എല്ലായിടത്തും.  ഒരു വീടു വയ്ക്കുമ്പോള്‍ നമുക്കൊരു ചെറിയൊരു വീടുമതി, കിളിക്കൂട് പോലെ. കടല്‍ക്കാറ്റിനും നിലാവെളിച്ചത്തിനും അപരിചിതര്‍ക്കും മടിച്ചു നില്ക്കാതെ കടന്നു വരാന്‍വേണ്ടി തുറന്നിട്ട വാതിലുകളുള്ള ഒരു ചെറിയ വീട് എന്നൊക്കെ പറഞ്ഞു പിരിഞ്ഞവര്‍ക്ക് എന്തുസംഭവിച്ചു? ലോകത്തില്‍ പ്രകാശം കിട്ടിയ മിക്കവാറും മനുഷ്യരൊക്കെ ചെറിയ വീടുകളിലാണ് പാര്‍ത്തിരുന്നതെന്ന് നമ്മള്‍ പൂര്‍ണ്ണമായി മറന്നുപോയി. അവന്‍റെ പുല്‍ത്തൊഴുത്ത് ഉള്‍പ്പെടെ! ബിസ്മില്ലാ ഖാന്‍റെ വീടോര്‍ക്കുന്നു. ഇടുങ്ങിയ തെരുവിലെ ആ ചെറിയ വീട് വിട്ടുവരാന്‍ യു. എസില്‍ നിന്നയാള്‍ക്ക് ക്ഷണം കിട്ടിയിരുന്നു. ഈ അമ്പലമണികളെയും ഗംഗയുടെ തീരത്തെയു മെനിക്ക് അവിടേക്ക് വരുമ്പോള്‍ കൂടെ കൊണ്ടു വരാനാവില്ലല്ലോയെന്നായിരുന്നു ആ അവധൂതന്‍റെ മറുപടി. ഞാന്‍ ഉപരിവര്‍ഗ്ഗത്തിന്‍റെ പാട്ടുകാരനല്ല, തെരുവിനാണ് എന്‍റെ പാട്ടാവശ്യമെന്ന് കൂട്ടിചേര്‍ക്കു കയും ചെയ്തു. നാലുകെട്ടെന്ന എം.ടിയുടെ പുസ്തകം അവസാനിക്കുന്നത് അപ്പുണ്ണിയുടെ ആത്മഗതത്തോടെയാണ്. ഈ നാലുകെട്ട് പൊളിച്ചു പണിയണം, കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീട് പണിയണം. നാലുകെട്ട് വല്ലാത്ത കനം തരുന്ന ഒരു പ്രതീകമാണ്.
ചെറുതിനുള്ള വാഴ്ത്തായിരുന്നു അവന്‍റെ ജീവിതം. ബൈബിള്‍ ഒരു ഭാഷാവിദ്യാര്‍ത്ഥിക്ക് പ്രധാനപ്പെട്ടതാവുന്നത് അങ്ങനെയാണ്. ചെറിയ വാക്യങ്ങള്‍, ചൂര്‍ണ്ണികകളാണത്. ചെറിയ വാക്കുകളില്‍ എത്ര ധ്യാനം സന്നിവേശിപ്പിക്കപ്പെ ട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഹൈക്കുകളെ പരിചയപ്പെട്ടാല്‍ മതി. മലയാളത്തിലെ ഏറ്റവും  ചെറിയ കവിത ഇതാണെന്ന് നിരീക്ഷിക്കപ്പെടുന്നു - "ഞാനാരുടെ തോന്നലാണ്?" ചെറിയ ചെറിയ പദങ്ങളിലൂടെ ലോകത്തെ പ്രകാശിപ്പിക്കുകയാ യിരുന്നു അവന്‍റെ ധര്‍മ്മം.

ആള്‍ക്കൂട്ടത്തിലായിരുന്നപ്പോഴും അവന്‍ ഹൃദയംകൊണ്ട് സംബോധന ചെയ്തത് അവരെ മാത്രമായിരുന്നു, എന്‍റെ ചെറിയ അജഗണമേ... കേള്‍വിക്കാരുടെ പെരുപ്പങ്ങളില്‍ അവനൊരിക്കലും വിശ്വസിച്ചിരുന്നില്ല. അവര്‍ക്കവന്‍റെ അങ്കി മാത്രം മതിയായിരുന്നു. മജ്ജ വേണ്ടായിരുന്നു. അവന് അഞ്ഞൂറ് വര്‍ഷം മുമ്പ് ജീവിച്ച ബുദ്ധനും അതുപറഞ്ഞ് സങ്കടപ്പെട്ടാണ് കടന്നുപോയതെന്ന് പാരമ്പര്യമുണ്ട്. എല്ലാവര്‍ക്കും ആവശ്യം എന്‍റെ അങ്കിയായിരുന്നു, ആനന്ദാ നിനക്ക് ഞാനെന്‍റെ മജ്ജ തരാം. എണ്ണത്തില്‍ തീരെ ചെറിയ അവരിലാണ് ഗുരുക്കന്‍മാരുടെ പ്രതീക്ഷ. അവര്‍ തീരെ കുറവായിരിക്കാം. എന്നിട്ടും ദൈവം അവരെ കടാക്ഷിക്കുന്നുണ്ട്. സഖറിയ കണ്ട ദര്‍ശനം പോലെ. "ഞാന്‍ അവനോട് ചോദിച്ചു: വിളക്കു തണ്ടിന് ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവുമരങ്ങള്‍ എന്താണ്? ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണ പകരുന്ന പൊന്‍കുഴലിനു സമീപമുള്ള ഒലിവുശാഖകള്‍ എന്താണ്? അവന്‍ പറഞ്ഞു: ഇതെന്താണെന്ന് നിനക്കറിഞ്ഞുകൂടേ? ഇല്ല പ്രഭോ, ഞാന്‍ പറഞ്ഞു. അവന്‍ പറഞ്ഞു: ഭൂമി മുഴുവന്‍റെയും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്ന രണ്ട് അഭിഷിക്തരാണ് അത്." ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തയെക്കുറിച്ചായിരുന്നു കഥകളിലൂടെയും, പാഠങ്ങളിലൂടെയും പറയാന്‍ ശ്രമിച്ചത്. ദൈവം ചെറുതുകളെ ഉറ്റുനോക്കുന്നുവെന്നോര്‍മ്മിപ്പിച്ചു. തലമുടി നാരുകള്‍ എണ്ണപ്പെട്ടിരിക്കുന്നു, ഒരു കരുവിയെപ്പോലും നിലത്തു പതിക്കാന്‍ അനുവദിക്കാത്ത കരുതല്‍, ചെറിയവരോട് ഹൃദയ രഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന നിഗൂഢ ജ്ഞാനം, കടുകുമണിയോളം പോരുന്ന  വിശ്വാസം, വയല്‍പ്പൂക്കളെ സോളമനെക്കാള്‍ അലങ്കരിക്കുന്ന ആ മഹാകാരുണ്യത്തിന്‍റെ ഔദാര്യം, തുടങ്ങി എത്രയെത്ര സൂചനകളിലൂടെയാണ് ചെറിയവരുടെ സുവിശേഷം മുമ്പോട്ടു പോയത്.  നിങ്ങള്‍ കൈമാറിയ ഒരു ഗ്ലാസ് വെള്ളം പോലും ദൈവത്തിന്‍റെ സ്മൃതികളിലുണ്ടായിരിക്കും. അവന്‍റെ കേള്‍വിക്കാരുടെ മിഴികള്‍ നനഞ്ഞിട്ടുണ്ടാവണം. അഞ്ചപ്പം കരങ്ങളിലെടുത്ത് അവന്‍ മിഴിപൂട്ടി നില്‍ക്കുന്നതിന്‍റെ പൊരുളെന്താണ്? ചെറിയ ചെറിയ അര്‍പ്പണങ്ങളില്‍ നിന്നാണ് ഭൂമിയുടെ മഹാവിസ്മയങ്ങളൊക്കെ സംഭവിച്ചിട്ടുള്ളത്. സ്നേഹവും കരുണയും പ്രണയവുമൊക്കെ മിന്നല്‍ പിണരായി അല്ല നിങ്ങളെ തേടിവന്നത്, മറിച്ച് മിന്നാമിന്നികളായിരുന്നു.... അല്ലേ?
 അങ്ങനെയങ്ങനെ.... ക്രിസ്തുമസ്, ചെറിയവരുടെയും ചെറുതുകളുടെയും ഉത്സവമല്ലാതെ മറ്റെന്ത്? അവനവന്‍ ജീവിക്കുന്ന, ആടയാഭരണങ്ങളോ, ചമയങ്ങളോ ഇല്ലാത്ത ജീവിതത്തിന്‍റെ അഴക് കണ്ടെത്താന്‍ അയാള്‍ നിങ്ങളെയും സഹായിക്കട്ടെ.... അതിന് താല്പര്യമില്ലെങ്കില്‍ പാതിരാവിലെ ആ പുല്‍ക്കൂട്ടിലേക്കുള്ള യാത്ര ഒഴിവാക്കാവുന്നതാണ്.... 

You can share this post!

ലാളിത്യം

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts