news-details
ഫ്രാൻസിസ്കൻ വിചാര ധാര

പ്രതീക്ഷയും പ്രത്യാശയും

സഹോദരരെ നമുക്ക് ദൈവവേല ആദ്യമേ തുടങ്ങുക. ഇതേവരെ നാം ഒന്നും ചെയ്തിട്ടില്ല" (1 സെലാനോ 103).

പരിമിതികള്‍ മറികടക്കലാണ് പ്രതീക്ഷ. സത്യാവബോധം പ്രത്യാശയും. മരണമുനമ്പില്‍ നിന്ന് ആദ്യമേ തുടങ്ങാമെന്ന് ഫ്രാന്‍സിസ് പ്രതീക്ഷിക്കുന്നത് അപരിമേയതയുടെയും സത്യദര്‍ശനത്തിന്‍റെയും പിന്‍ബലത്താലത്രേ. സ്വാര്‍ത്ഥത്തിന്‍റെ ഗുരുത്വാകര്‍ഷണവലയത്തില്‍ കുരുങ്ങിക്കിടക്കുന്ന സ്വത്വത്തെ സമഷ്ടിസ്നേഹത്തിലേക്ക് ജ്ഞാനസ്നാനം ചെയ്ത് ഫ്രാന്‍സിസ് സത്യത്തില്‍ പുനര്‍ജനിച്ചു.

സ്നേഹസമഗ്രതയില്‍ നിയമത്തെയും പ്രവാചകരെയും സമീകരിച്ച സ്നേഹസ്വരൂപന്‍റെ വശ്യതയില്‍ അവനിലെ അഹംബോധം അതിരുകള്‍ ഭേദിച്ച് കേവലസ്നേഹമായി. അനന്തമായ ക്ഷമയും അപാരകാരുണ്യവുമായ സ്നേഹം. അസൂയപ്പെടാത്ത, ആത്മപ്രശംസ ചെയ്യാത്ത സ്നേഹം. അഹങ്കരിക്കാത്ത, അനൗചിത്യങ്ങള്‍ക്ക് അല്പവും ഇടം കൊടുക്കാത്ത, സ്വാര്‍ത്ഥം അന്വേഷിക്കാത്ത, കോപിക്കാത്ത, ദ്വേഷിക്കാത്ത സ്നേഹം. അനീതിയില്‍ ആകുലമാകുന്ന സ്നേഹം. സകലതും സഹിക്കുന്ന, സകലതും വിശ്വസിക്കുന്ന, സകലത്തെയും അതിജീവിക്കുന്ന  സ്നേഹം. ആനന്ദകരമായ സ്നേഹം, ദൈവം.അനുഭവമായി, അവബോധമായി മാറിയ സനാതനസ്നേഹത്താല്‍ പ്രപഞ്ചസാഹോദര്യം എന്ന യോഗാത്മകജ്ഞാനം ഫ്രാന്‍സിസില്‍ വെളിപ്പെട്ടു. സകലതിനെയും ഉള്‍ക്കൊള്ളുന്ന സര്‍വ്വാതിശായിയായ സമഷ്ടിസ്നേഹത്തില്‍ സ്നാനം ചെയ്ത് അവന്‍ സാഹോദര്യത്തില്‍ ജന്മമെടുത്തു. ഏകപിതാവും കൂടപ്പിറപ്പുകളും എന്ന സത്യാനുഭവത്തില്‍ അവന്‍ സകലത്തിന്‍റെയും സഹോദരനായി. ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കപ്പെട്ട, ശിശുക്കള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സത്യം മറുപിറവിയുടെ നിഷ്കളങ്കതയില്‍ ഫ്രാന്‍സിസിന് വരദാനമായി. ബന്ധങ്ങളറ്റ് അന്യമാകുന്നതാണ് മനുഷ്യജന്മങ്ങളുടെ മൗലികദുഃഖമെന്ന് അവന്‍ അറിഞ്ഞു. ഒന്നായതിനെ പലതായി കാണുന്ന അറിവില്ലായ്മ സഹോദര്യമെന്ന സത്യാവബോധത്തിന്‍റെ ഉദയത്തില്‍ അലിഞ്ഞകലുന്നത് അവന്‍ അറിഞ്ഞു. ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ, അനുരഞ്ജനത്തിലൂടെ അസ്തിത്വത്തിന്‍റെ അന്യവത്കരണത്തെ മറികടക്കാനാവുമെന്ന് എന്‍റേതല്ലെന്‍റേതല്ലെന്ന അനാഥത്വത്തില്‍ നിന്ന് എല്ലാം എന്‍റേതെന്ന സനാഥത്വത്തിലേക്ക് വളരാമെന്ന് അവന്‍ അറിഞ്ഞു. ശേഷം അവന്‍റെ ജീവിതം ആ അറിവിന്‍റെ നിറവേറ്റലായി.

എന്താണ് സത്യമെന്ന പീലാത്തോസിന്‍റെ ചോദ്യത്തിനു മുന്നില്‍ സത്യസ്വരൂപന്‍ മൗനം പാലിച്ചത് അത് അത്രകണ്ട് നിഗൂഢമായതു കൊണ്ടല്ല, അന്വേഷിയുടെ ഹൃദയം സത്യത്തിന്‍റെ വിത്തു വിതയ്ക്കപ്പെടാന്‍ പാകമാകാത്തതു കൊണ്ടാവണം. ബുദ്ധിയുടെ തര്‍ക്കയുക്തിയിലല്ല ഹൃദയത്തിന്‍റെ സാരള്യത്തിലാണ്, സഹജാവബോധത്തിലാണ് സത്യത്തിന്‍റെ ജ്ഞാനം വെളിപ്പെടുക. എല്ലാക്കാലത്തേയും എല്ലാത്തരത്തിലും പെട്ട ഫരിസേയരെയും നിയമജ്ഞരെയും നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നില്ല, ആരെയും അതിന് അനുവദിക്കുന്നുമില്ല, എന്ന് മനുഷ്യപുത്രന്‍ ശാസിച്ചത് അവര്‍ സ്നേഹത്തില്‍ സ്നാനിതരാവാനും സാഹോദര്യത്തില്‍ മറുജന്മമെടുക്കാനും തയ്യാറാവാതെ ബുദ്ധിയുടെ വ്യായാമങ്ങളിലും അനുഷ്ഠാനപരതയുടെ പുറംമോടിയിലും അഭിരമിക്കുകയും സത്യത്തിന്‍റെ കുത്തക അവകാശപ്പെടുകയും ചെയ്യുന്നതുകൊണ്ടാവണം. അറിവില്ലാത്ത, അക്കാദമിക് പണ്ഡിതനല്ലാത്ത, ഫ്രാന്‍സിസ് ഹൃദയത്തിന്‍റെ സഹജാവബോധത്താല്‍ സത്യത്തെ അനുഭവിച്ചു. ഏകമായ സത്യത്തെ; സ്നേഹമായ സത്യത്തെ; ആ സത്യത്തില്‍ അവന്‍ ജീവിച്ചു. അത് അവന് എക്കാലത്തേയ്ക്കുമുള്ള പ്രതീക്ഷയും സകല ജനതയ്ക്കുമുള്ള പ്രത്യാശയുമായി.

സ്നേഹിക്കപ്പെടാത്ത സ്നേഹത്തെ അവന്‍ ഹൃദയം കൊണ്ട് അറിഞ്ഞു. ആ വ്യഥയില്‍ അവന്‍ വെന്തുരുകി. സ്നേഹിക്കപ്പെടുന്നതിനെക്കാള്‍ സ്നേഹിക്കുകയാണ് തന്‍റെ നിയോഗമെന്ന് അതിനാല്‍ അവന്‍ തിരിച്ചറിഞ്ഞു. നിന്ദനത്തിലും അപമാനത്തിലും നിലനില്‍ക്കുന്ന സ്നേഹത്തിലാണ് യഥാര്‍ത്ഥ ആനന്ദമെന്ന് അവന്‍ സഹോദരന്‍ ലിയോയോട് പറഞ്ഞത് അനുഭവജ്ഞാനത്താലായിരുന്നു. ദേവഭാഷയില്‍ വേദം പ്രഘോഷിച്ചാലും, സ്നേഹശുന്യതയില്‍ അത് മുഴങ്ങുന്ന ചേങ്ങിലയും ചിലമ്പുന്ന കൈത്താളവും കണക്ക് അര്‍ത്ഥശൂന്യമാകും. പ്രവചനവരവും ഗൂഢാവബോധവും, അറിവുകളത്രയും, മലകളെ നീക്കുന്ന വിശ്വാസവും സ്നേഹരാഹിത്യത്തില്‍ അപ്രസക്തമാകും. സ്നേഹമില്ലാത്ത ദാനവും ത്യാഗവും ആത്മാര്‍ത്ഥരഹിതമായ ആഭാസമായി അവശേഷിക്കും. അചഞ്ചലമായ, അനുസ്യൂതമായ, കേവലമായ സ്നേഹത്തില്‍ ഫ്രാന്‍സിസ് സ്ഥിതപ്രജ്ഞനായി.

ആവിലായിലെ അമ്മ ത്രേസ്യായും കുരിശിലെ വിശുദ്ധ യോഹന്നാനും ഭാരതത്തിന്‍റെ ഭക്തമീരയും  സുഫിവര്യ റാബിയയും തമിഴകത്തിന്‍റെ ആണ്ടാളുമൊക്കെ ആ മൗലികസ്നേഹത്തില്‍ യോഗാത്മകമായി ജീവിച്ചു. അത്യന്തം ക്ലേശകരമായ ഒരു നിയോഗം പക്ഷേ ഫ്രാന്‍സിസിനായി നിയതി കരുതിവച്ചു. അവനു പകര്‍ന്നു കിട്ടിയ സത്യത്തിന്‍റെ, സ്നേഹത്തിന്‍റെ തീര്‍ത്ഥജലം സഹജീവികള്‍ക്കു പങ്കിട്ടു നല്കാന്‍ അവന്‍ നിയോഗിതനായി. സന്ന്യാസത്തില്‍ നിന്ന് അവന്‍ സമൂഹമധ്യത്തിലേക്കിറങ്ങി. ജീവനാഥനില്‍ നിന്ന് നിര്‍ഗളിച്ച സ്നേഹപ്രവാഹത്തില്‍ നിന്ന് ആവോളം ആചമിച്ച അവനില്‍ നിന്ന് വിശുദ്ധ ലിഖിതങ്ങള്‍ പറയുംപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഉറപൊട്ടിയൊഴുകി. അവ പല കൈവഴികളായി പിരിഞ്ഞ് കാലത്തെയും ലോകത്തെയും സ്നേഹത്തില്‍, സാഹോദര്യത്തില്‍ പുതുക്കിപ്പണിതു.

ജന്മിനാടുവാഴിത്തത്തിന്‍റെ ശ്രേണീബദ്ധമായ അധികാരഘടനയില്‍ അമര്‍ന്നിരുന്ന മധ്യകാലഘട്ടത്തില്‍ അവന്‍ പ്രഘോഷിച്ച, പ്രായോഗികമാക്കിയ സാഹോദര്യം രക്തരഹിത വിപ്ളവമായി. അധികാരചിഹ്നങ്ങളും ആചാരഭാഷകളും കീഴടക്കിയ മനുഷ്യഹൃദയങ്ങളില്‍, സഹോദരാ എന്ന അവന്‍റെ അഭിസംബോധന മാനവികതയുടെ പുതുമഴയായി. എല്ലാവരെയും അവന്‍ സഹോദരനെന്നും സഹോദരിയെന്നും വിളിച്ചു. സ്വയം എളിയ സഹോദരന്‍ എന്ന് എളിമപ്പെട്ടു. മഹത്വത്തെയും നിസ്സാരതയെയും ഒന്നിപ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചു. പണ്ഡിതനെയും പാമരനെയും സഹോദരനിര്‍വിശേഷമായ സ്നേഹത്താല്‍  ഒരേപോലെ പരിഗണിച്ചു. അകന്നവരെ സ്നേഹത്തിന്‍റെ ചരടാല്‍ ഒന്നിപ്പിച്ചു. നാസ്തികര്‍, അന്യമതസ്ഥര്‍ തുടങ്ങി കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും വരെ ഫ്രാന്‍സിസ് സഹോദരനായി. "വരൂ സഹോദരാ, നമുക്കല്പം വീഞ്ഞുകുടിക്കാം" എന്നവന്‍ കള്ളന്മാരോടു പറഞ്ഞു. അവന്‍ എല്ലാവരെയും വശീകരിച്ചു... സാഹോദര്യത്തിന്‍റെ ചൈതന്യത്താല്‍..." എന്ന് സെലാനോ സാക്ഷ്യപ്പെടുത്തുന്നു.

ദരിദ്രരില്‍ ദരിദ്രരോട്, കുഷ്ഠരോഗികളോട് ഫ്രാന്‍സിസ് സവിശേഷമായ സൗമനസ്യം ദീക്ഷിച്ചു. ഒരു കാലത്ത് അത്രയധികം വെറുത്തിരുന്ന കുഷ്ഠരോഗികളിലേക്ക് മാനസാന്തരപ്പെട്ട അവന്‍ ആ ക്രൂരയാഥാര്‍ത്ഥ്യത്തില്‍ ആഴത്തില്‍ ഐക്യപ്പെട്ടു. "ദൈവം എന്നെ കുഷ്ഠരോഗികളിലേക്ക് കൊണ്ടുപോയി. ഞാന്‍ അവരില്‍ നിന്ന് ദയ അഭ്യസിച്ചു" (ഒസ്യത്ത്). അവന്‍ കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ചു.  അവരെ പരിചരിച്ചു. അവരുടെ മുറിവുകള്‍ വച്ചുകെട്ടി. അവരെ ഊട്ടി. അവരുടെ വായയില്‍ ഉമ്മവെച്ചു.

ദരിദ്രരോടുള്ള തന്മയീഭാവത്തില്‍ അവന്‍ സ്വയം ദരിദ്രനായി. യൗവ്വനകാലത്ത് പിതാവിന്‍റെ കടയില്‍ നിന്ന് വസ്ത്രമെടുത്ത് പാവങ്ങള്‍ക്കായി അവന്‍ നീക്കിവെച്ചു. എല്ലാം ത്യജിച്ച് ലോകത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞും അവന്‍ സ്വന്തം വസ്ത്രം യാചകര്‍ക്ക് നല്കി പകരം അവരുടെ വസ്ത്രം വാങ്ങി ധരിച്ചു. ഹൃദയത്തില്‍ ദരിദ്രരുമായി ഐക്യപ്പെട്ടു. തന്നേക്കാള്‍ ദരിദ്രനായി ആരെയെങ്കിലും കാണുന്നതു തന്നെ അവന് അസഹ്യമായി തീര്‍ന്നു. മേല്‍വസ്ത്രം അവര്‍ക്ക് ഉരിഞ്ഞുനല്കുക അവന്‍റെ പതിവായിരുന്നു. മുഴുവന്‍ വസ്ത്രവും ഉരിഞ്ഞുനല്കി നഗ്നനായി അവന്‍ നിന്ദ ഏറ്റുവാങ്ങി. അവന്‍റെ ദാരിദ്ര്യവ്രതം ദാരിദ്ര്യത്തെ മഹത്വപ്പെടുത്താനായിരുന്നില്ല. ദരിദ്രരുടെ മഹത്വം വീണ്ടെടടുക്കാനായിരുന്നു. ദരിദ്രരെക്കുറിച്ച് അരുതാത്തതൊന്നും ചിന്തിക്കുവാന്‍ കൂടി അവന് ആകുമായിരുന്നില്ല. പാവപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് അനുചിതമായി പരാമര്‍ശിച്ച ഒരു സഹോദരനോട് പതിവു സൗമ്യത വിട്ട് ഫ്രാന്‍സിസ് പൊട്ടിത്തെറിച്ചു. "സഹോദരാ അദ്ദേഹം ദരിദ്രനായിരിക്കാം. പക്ഷേ ഈ പ്രദേശത്ത് നിശ്ചയദാര്‍ഢ്യത്തില്‍ അദ്ദേഹത്തേക്കാള്‍ സമ്പന്നനായ ഒരാളുണ്ടാവില്ല." അദ്ദേഹത്തോട് ക്ഷമ ചോദിക്കുവാന്‍ അവന്‍ നിര്‍ദേശിച്ചു. "ഇപ്പോള്‍തന്നെ പോയി നിങ്ങളുടെ മേല്‍ക്കുപ്പായം അഴിച്ചുമാറ്റി അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണ് മാപ്പിരക്കുക.. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തോട് അപേക്ഷിക്കുക." ഫ്രാന്‍സിസിനു ദരിദ്രര്‍ ദൈവം  തന്നെയായിരുന്നു. ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച്, ക്രൂശിതനായി മരിച്ച ദൈവം.

ക്ലാരയോടും റോമിലെ ജെക്കോബായോടും ഫ്രാന്‍സിസിനുണ്ടായിരുന്ന 'സഹോദര' ബന്ധത്തില്‍ സ്ത്രീപുരുഷസൗഹൃദത്തിന്‍റെ ശുദ്ധിയും സുതാര്യതയും തിളങ്ങിനിന്നു. ഐതിഹ്യം ഇങ്ങനെ  പറയുന്നു - മാലാഖമാരുടെ പരിശുദ്ധ മറിയത്തിന്‍റെ പള്ളിയില്‍ ഫ്രാന്‍സിസും ക്ലാരയും ഭക്ഷണം കഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തങ്ങളുടെ ഹൃദയം ദൈവസ്നേഹത്താല്‍ ജ്വലിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു. അതേ സമയം പ്രദേശവാസികള്‍ വീടുകള്‍ക്കും പള്ളിക്കും വനത്തിനും മുകളില്‍ അലൗകികമായ ഒരു പ്രകാശം ദര്‍ശിച്ചു. അവയെല്ലാം കത്തിയെരിയുന്നതുപോലെ കാണപ്പെട്ടു. തീയണയ്ക്കാന്‍ അവര്‍ ഓടിയെത്തി. കരങ്ങള്‍ ആകാശത്തിലേക്കുയര്‍ത്തി ആത്മഹര്‍ഷത്തില്‍ ആറാടി നില്‍ക്കുന്ന ഫ്രാന്‍സിസിനെയും ക്ലാരയെയും സഹോദരങ്ങളെയും കണ്ട് അവര്‍ അമ്പരന്നു. അവര്‍ക്കിടയിലെ സ്നേഹം സ്വര്‍ഗത്തിലേക്ക്, ദൈവത്തിലേക്ക്, പ്രപഞ്ചത്തിലെ ഓരോ അണുവിലേക്കും ഒഴുകിയിറങ്ങി ആഴപ്പെട്ടു.

'സഹോദരന്‍' എന്നവന്‍ വിളിച്ചിരുന്ന ജക്കോബയെ അന്ത്യമണിക്കൂറുകളില്‍ ഫ്രാന്‍സിസ് ഓര്‍മ്മിച്ചു. "എന്‍റെ മൃതദേഹം പൊതിയാനാവശ്യമായ തുണിയും സംസ്കാരത്തിനാവശ്യമായ സാമഗ്രികളുമായി പുറപ്പെട്ടുവരാന്‍" അവള്‍ക്ക് കത്തെഴുതിച്ചു. "ഞാന്‍ റോമില്‍ വരുമ്പോള്‍ തന്നിരുന്ന തേന്‍കേക്കില്‍ അല്പം കരുതിക്കോളൂ" എന്ന അവന്‍റെ നിര്‍ദേശത്തില്‍ നിഷ്കളങ്ക സ്നേഹത്തിന്‍റെ സൗന്ദര്യം ചൂഴ്ന്നുനില്‍ക്കുന്നു.

ഫ്രാന്‍സിസിനു സ്ത്രീ ദൈവസ്നേഹത്തിലേക്കുള്ള വഴിയായിരുന്നു. മനുഷ്യവംശത്തോടുള്ള ദൈവത്തിന്‍റെ അതേ സ്നേഹത്തിന്‍റെ മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷമായിരുന്നു അവന് സ്ത്രീ. വിശുദ്ധമായ സ്നേഹത്തിന്‍റെ വിശുദ്ധിയാര്‍ന്ന കണ്ണുകളോടെ അവന്‍ ക്ലാരയെ കണ്ടു. ആത്മസാക്ഷാത്കാരത്തിന്‍റെ വഴിയില്‍ ആ സ്നേഹം അവര്‍ക്ക് പാഥേയമായി.

സകല ചരാചരങ്ങളും ഫ്രാന്‍സിസിന്‍റെ സൗഹൃദവലയത്തിലായിരുന്നു. "പൂക്കളുടെ സൗന്ദര്യം, അവയുടെ കമനീയരൂപം, നറുമണം അവന്‍റെ ആത്മാവില്‍ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങള്‍ ആര്‍ക്കു വിവരിക്കാന്‍ കഴിയും. പൂക്കള്‍ ധാരാളമായി വിടര്‍ന്നു നില്ക്കുന്നതു കാണുന്ന മാത്രയില്‍ അവന്‍ അവയോടു സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങും. ദൈവത്തെ സ്തുതിക്കാന്‍ അവരെ ക്ഷണിക്കും. വയലുകളെ, മുന്തിരിപ്പാടങ്ങളെ, മലകളെ, കാടുകളെ, അരുവികളെ, ഭൂമിയെ, വെള്ളത്തെ, വായുവിനെ അവന്‍ ക്ഷണിച്ചു - ദൈവത്തെ വാഴ്ത്താന്‍. വിശുദ്ധമായ ആത്മാര്‍ത്ഥതയോടെ, ദൈവികമായ സ്നേഹത്തോടെ, സന്തോഷകരമായ സത്യസന്ധതയോടെ ഒടുവില്‍ ദൈവത്തിന്‍റെ സന്തതി എന്ന മഹത്വപുര്‍ണമായ പദവിയില്‍ അവന്‍ എല്ലാ ജീവജാലങ്ങളെയയും കൂടപ്പിറപ്പുകളെന്ന് വിളിച്ചു" (സെലാനോ).

ഫ്രാന്‍സിസിന്‍റെയും ആദ്യകാല സഹോദരരുടെയും ജീവിതം സഹജീവനത്തിന്‍റെ ഉദാത്ത മാതൃകയായി. ഒന്നിനും ഉപരിയായല്ല, എല്ലാറ്റിനും ഒപ്പമുള്ള, എല്ലാറ്റിനോടും ചേര്‍ന്നുള്ള ഒരേ കുടുംബത്തിലെ സഹോദരീസഹോദരന്മാരുടെ സഹജീവനം. അവന്‍റെ വേദനകളും സഹനങ്ങളും പോലും അവനു കൂടപ്പിറപ്പായി. മരണം അവന് സുഹൃത്തും സഹോദരിയുമായി. അതിനാല്‍തന്നെ 'ഫ്രാന്‍സിസ്കന്‍' ലോകമാകെ മാസ്മരികമായ ആദരവിന്‍റെയും ബഹുമാനത്തിന്‍റേതുമായി. അത് മൃതമായ, മൃഗീയമായ ലോകമല്ല. ആ ലോകത്തില്‍ ജീവനുണ്ട്. മനുഷ്യത്വമുണ്ട്. മനുഷ്യരാശിയോടാകെ രക്തബന്ധമുണ്ട്. എല്ലാവരും ഒരേ പിതാവിന്‍റെ ഭവനത്തില്‍ വസിക്കുന്നു. കൂടപ്പിറപ്പുകളുടെ ആ ലോകത്ത് കടന്നുകയറ്റങ്ങളില്ല. അവര്‍ പരസ്പരം വിലമതിക്കുന്നു. ഒരു മരവും വേരോടെ പിഴുതുമാറ്റരുതെന്ന് ഫ്രാന്‍സിസ് നിഷ്കര്‍ഷിച്ചിരുന്നു. "ആ മരം ഇനിയും പൊട്ടിമുളയ്ക്കട്ടെ." കളകളടക്കം പുല്ലുകള്‍ക്ക് വളരാന്‍ കുറച്ചു സ്ഥലം നീക്കിവെയ്ക്കാന്‍ അവന്‍ തോട്ടപ്പണി ചെയ്യുന്ന സഹോദരങ്ങളോടു നിര്‍ദേശിച്ചു. "അവയെല്ലാം പിതാവായ ദൈവത്തിന്‍റെ സൗന്ദര്യത്തെ പ്രഖ്യാപിക്കുന്നു."

യാത്രക്കാരുടെ കാലടികളില്‍ പെടാതിരിക്കാന്‍ അവന്‍ പുഴുക്കളെ പാതയില്‍നിന്ന് എടുത്തുമാറ്റി. തേനീച്ചകള്‍ക്ക് ശിശിരകാലത്ത് തേനും വീഞ്ഞും നല്‍കി. അറക്കാന്‍ കൊണ്ടുപോകുന്ന ആടുകളെ അറവുകാരോട് യാചിച്ച് സ്വതന്ത്രരാക്കി. വാനമ്പാടികള്‍ക്കൊപ്പം വിധാതാവിനെ വാഴ്ത്തിപ്പാടി. "ഈ സഹോദരിമാര്‍(വാനമ്പാടികള്‍) സ്രഷ്ടാവിനെ വാഴ്ത്തിപ്പാടുകയാണ്. നമുക്കും അവരൊടൊപ്പം ചേര്‍ന്ന് തമ്പുരാനെ വാഴ്ത്താം." ഒടുവില്‍ സൃഷ്ടിജാലങ്ങളെല്ലാം ചേര്‍ന്ന് സ്രഷ്ടാവിനര്‍പ്പിക്കുന്ന കീര്‍ത്തനം അവന്‍റെ നാവിലൂടെ 'സൂര്യകീര്‍ത്തന'മായി, സമഷ്ടി സ്നേഹത്തിന്‍റെ അനശ്വരസങ്കീര്‍ത്തനമായി.

ചരിത്രത്തിലുടനീളം ക്രൂശിക്കപ്പെടുന്നവരെ കണ്ടെത്തിയ ഫ്രാന്‍സിസ് ക്രൂശിക്കപ്പെടുന്നവരുമായുള്ള സാഹോദര്യത്തില്‍കൂടി തന്നെ ക്രൂശിതനിലെത്തി. പുതിയ നിയമത്തിലെ ദൈവികാനുഭവം അതിന്‍റെ മൗലികതയില്‍ അവനില്‍ ഫലമണിഞ്ഞു. അവന്‍ അനുഭവിച്ചത് നിഗൂഢതയുടെ ദൈവത്തെയല്ല. ഉന്നതങ്ങളില്‍ വാഴുന്ന ദൈവത്തെയുമല്ല. നിന്ദിതരോട് താദാത്മ്യം പ്രാപിക്കുന്ന വിനീതനായ ദൈവത്തെയത്രേ. അഗണ്യകോടികളിലും അവരിലെ ദൈവികസാന്നിധ്യത്തിലും മനുഷ്യാവതാരത്തിന്‍റെ ഹൃദയംഗമമായ രഹസ്യം സഹജാവബോധത്താല്‍ അവന്‍ ദര്‍ശിച്ചു. ക്രൂശിതന്‍റെ സ്നേഹവും സഹാനുഭൂതിയും ദാരിദ്ര്യത്തിലും തിന്മയിലും ദൈവം നമ്മുടെ സഹോദരനാകുന്നു എന്ന വസ്തുതയും അവനെ ഉത്തേജിപ്പിച്ചു, ഉന്മത്തനാക്കി. "ഇത്ര പ്രസാദവാനും വിനീതനും സൗമ്യനും മധുരോദാരനും സൗഹാര്‍ദ്ദവാനും എല്ലാറ്റിനുമുപരി അഭിലഷണീയനുമായ ഒരു സഹോദരന്‍ ഉണ്ടായിരിക്കുക എത്ര വിശുദ്ധവും ആകര്‍ഷണീയവുമായിരിക്കുന്നു. അവന്‍ തന്‍റെ ജീവിതം അജഗണങ്ങള്‍ക്കായി സമര്‍പ്പിച്ചു. പിതാവിനോട് നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ചു."  

ദരിദ്രരോട്, അരികുചേര്‍ക്കപ്പെട്ടവരോട്, സ്ത്രീകളോട്, ചരാചരങ്ങളോട്, പ്രകൃതിയോട്, പരംപൊരുളിനോട്, സുവിശേഷവെളിച്ചത്തില്‍ അവന്‍ പുതുബന്ധം നിര്‍വചിച്ചു, നിര്‍വഹിച്ചു. സത്യസന്ധമായ ജീവിതത്തിന്‍റെ സമാകര്‍ഷകമായ മാതൃക. സമഗ്രമായ ജീവിതത്തിന്‍റെ സഫലമായ ദര്‍ശനം.

കാലങ്ങള്‍ക്കിപ്പുറം അന്യമാക്കപ്പെട്ട, അനാഥമാക്കപ്പെട്ട മനുഷ്യജീവിതം പ്രത്യാശക്കായി, പ്രതീക്ഷക്കായി ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. സഹോദരനില്‍നിന്ന്, സമൂഹത്തില്‍ നിന്ന്, പ്രകൃതിയില്‍നിന്ന്, പ്രപഞ്ചനാഥനില്‍നിന്ന്, തന്നില്‍നിന്ന് തന്നെയും അന്യനാക്കപ്പെട്ടവന്‍ ഫ്രാന്‍സിസ് ജീവിച്ച സാഹോദര്യത്തിന്‍റെ അഭയം ആവശ്യപ്പെടുന്നു. അന്യനെന്ന അനുഭവത്തിന്‍റെ ഭയത്തില്‍ നിന്ന്, ഭയത്തില്‍നിന്നുള്ള ആക്രമണവാസനയില്‍നിന്ന്, ആത്യന്തിക തകര്‍ച്ചയില്‍നിന്ന്, അവന്‍ പ്രതീക്ഷ പ്രതീക്ഷിക്കുന്നു. അന്യത്വത്തിന്‍റെയും അനാഥത്വത്തിന്‍റെയും തടവറയില്‍ നിന്ന് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്വാതന്ത്ര്യം അവന്‍ പ്രത്യാശിക്കുന്നു.

വംശീയതയാല്‍, വര്‍ഗീയതയാല്‍, ജാതീയതയാല്‍, അരികുചേര്‍ക്കപ്പെടുന്നവര്‍ ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. അധികാരത്താല്‍, അറിവിനാല്‍, സമ്പത്താല്‍ ദരിദ്രരാക്കപ്പെടുന്നവര്‍ ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. ആണ്‍കോയ്മയാല്‍ അപമാനവീകരിക്കപ്പെടുന്ന, അശുദ്ധമാക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, അടിമയാക്കപ്പെടുന്ന സ്ത്രീത്വം ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. ചൂഷണം ചെയ്യപ്പെടുന്ന, ചണ്ടിയാക്കപ്പെടുന്ന, മലിനമാക്കപ്പെടുന്ന പ്രകൃതി ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. അഭിനവ ഫരിസേയരുടെയും നിയമജ്ഞരുടെയും ബൗദ്ധികവ്യായാമങ്ങളാല്‍, ആചാരപരതയുടെ അതിഭാവുകത്വങ്ങളാല്‍, അനുഷ്ഠാനശാഠ്യങ്ങളാല്‍ ആത്മനാഥനില്‍ നിന്ന് അകറ്റപ്പെടുന്ന ആത്മാന്വേഷികള്‍ ഫ്രാന്‍സിസിനെ ആവശ്യപ്പെടുന്നു. വലിയവരുടെ ലോകത്തെ എല്ലാ ചെറിയവരും വലിയ വിമോചകനായി ആ ചെറിയ സഹോദരനെ ആവശ്യപ്പെടുന്നു.

വരിക ചെറിയ സഹോദരാ...

(കടപ്പാട് - ലെയനാര്‍ദോ ബോഫിന്‍റെ വിശുദ്ധ ഫ്രാന്‍സിസ്, മാനവവിമോചനത്തിന്‍റെ മഹാമാതൃക)

You can share this post!

ഫ്രാന്‍സീസിന്‍റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും

ചെറിയാന്‍ പാലൂക്കുന്നേല്‍, കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts