news-details
ധ്യാനം

ഇന്നത്തെ ലോകം മറവിയുടെ ലോകമാണ്. എല്ലാക്കാര്യങ്ങളും വളരെ വേഗം മറന്നുപോകുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. മറവി രോഗം നമ്മളെ മരവിപ്പിക്കും. ആ മരവിപ്പ് നാം മറ്റുള്ളവരിലേക്ക് പകരും. മറവിയുള്ളവര്‍ക്കു പ്രതീക്ഷയുമില്ല. ഓര്‍മ്മകളുള്ളവര്‍ക്ക് പ്രതീക്ഷയുമുണ്ട്. ക്രിസ്മസ് കാലം ഓര്‍മ്മകളുടെ കാലമാണ്. ദൈവം മനുഷ്യനായി മാറിയതിന്‍റെ ഓര്‍മ്മയാണ് ക്രിസ്മസ്. ഒത്തിരി വൈകാരിക ഓര്‍മ്മകളുടെ കാലമായി ക്രിസ്മസ് നിലകൊള്ളുന്നു.  ഈ ഓര്‍മ്മകള്‍ നമുക്ക് പുതുജീവന്‍ പകരും. കരോള്‍ ഗാനങ്ങളുടെയും നക്ഷത്രങ്ങളുടെയും പുല്‍ക്കൂടിന്‍റെയുമൊക്കെ ഓര്‍മ്മകള്‍. ഇതു സുഖപ്പെടുത്തുന്ന ഓര്‍മ്മകളാണ്. ഇവയെല്ലാം സൗഖ്യപ്പെടുത്തുന്ന ഓര്‍മ്മകളുമാണ്. നന്മനിറഞ്ഞ ഓര്‍മ്മകള്‍ പ്രതീക്ഷയുടെ വാതില്‍ നമുക്കായി തുറന്നുതരുന്നു. വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് ഓര്‍മ്മയുടെ വിരുന്നുമായി ക്രിസ്മസ് കടന്നുവരുന്നു.

സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടു കടന്നുവരുന്ന സാന്താക്ലോസിനെ നാം കാണുന്നത് ക്രിസ്മസ് കാലത്താണ്. സെന്‍റ് നിക്കോളാസ് എന്ന ബിഷപ്പാണ് കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി ആദ്യം കടന്നുവന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയാണ് സാന്താക്ലോസ്. ക്രിസ്മസ് പാപ്പാ സമ്മാനങ്ങളുമായി കടന്നുവരുന്നത് സ്നേഹത്തിന്‍റെയും ദയയുടെയും പ്രതീകമായാണ്. സ്നേഹവും ദയയും ഇനിയും നമുക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രിസ്മസ് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പിറവിത്തിരുനാളിന്‍റെ രാത്രിയില്‍ ആട്ടിടയന്മാര്‍  കേട്ട ശബ്ദം: "എഴുന്നേല്‍ക്കുക, പോയി കാണുക" എന്നതാണ്. ഉണ്ണിയേശുവിനെ കാണണമെങ്കില്‍ നാം എഴുന്നേല്‍ക്കണം. ജീവിതത്തിന്‍റെ ഇരുട്ടുപിടിച്ച രാത്രികളില്‍ നിന്നും നാം എഴുന്നേല്‍ക്കണം. ആട്ടിടയന്മാരെപ്പോലെ നാം കര്‍ത്താവിന്‍റെ സന്നിധിയിലേക്കു യാത്ര തിരിക്കണം. റോമാ ലേഖനത്തില്‍ പതിമൂന്നാമധ്യായത്തില്‍ ഈ എഴുന്നേല്‍ക്കലിനെ അറിയിച്ചു പൗലോസ് പറയുന്നുണ്ട്. ജന്മത്തിന്‍റെ വ്യാപാരങ്ങളില്‍ നിന്നും നാം എഴുന്നേല്‍ക്കണമെന്നാണിവിടെ പറയുന്നത്. മദ്യപാനത്തില്‍ നിന്നും സുഖലോലുപതയില്‍ നിന്നും ജനത്തിന്‍റെ ആര്‍ത്തിയില്‍ നിന്നെല്ലാം നാം എഴുന്നേല്‍ക്കണം. ഈ എഴുന്നേല്പ് ദൈവത്തിനുവേണ്ടിയും ദൈവജനത്തിനുവേണ്ടിയും നിലകൊള്ളാനുള്ള എഴുന്നേല്‍പ്പാണ്. ഉണര്‍ന്നിരിക്കുന്നവര്‍ ഉറങ്ങുമ്പോഴാണ് ശത്രു വിജയിക്കുന്നത്. ക്രിസ്മസ് ഉണര്‍ന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഏറ്റവും ചെറുതാകുവാന്‍ കഴിവുള്ളവനാണ് ദൈവം. ഏറ്റവും ചെറുതാകുവാന്‍ കഴിവുള്ളവന് ചെറിയവരായ നമ്മില്‍ പ്രവേശിക്കാനും കഴിയും. എന്‍റെ കര്‍ത്താവ് എന്‍റെ ജീവിതത്തിലേക്ക് ചെറിയവനായി കടന്നുവന്നെങ്കില്‍ ഞാനും ചെറിയവനായി മറ്റുള്ളവരിലേക്കു കടന്നു ചെല്ലണം. നമ്മുടെ വലുപ്പങ്ങളെ മറന്ന് ശിശുക്കളെപ്പോലെയാകണം. നീ എത്രത്തോളം വലുതാണോ അത്രത്തോളം ചെറുതാകണം. ചെറുതാകുന്നതിലൂടെ നമ്മുടെ വലുപ്പം വ്യക്തമാക്കണം. മറ്റുള്ളവരെ സഹായിക്കുന്നതിനും ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രതീക്ഷ കൊടുക്കുന്നതിനും നമുക്കു കഴിയട്ടെ.

ആനന്ദിപ്പിക്കുന്ന നക്ഷത്രം അന്ധകാരം നിറഞ്ഞ ലോകത്തിന്‍റെ മേല്‍ വിരിഞ്ഞുനിന്നു. നമ്മുടെ ചുറ്റുപാടുകളില്‍ ഒത്തിരി പ്രതീക്ഷയുടെ നക്ഷത്രത്തിളക്കം സമ്മാനിക്കുവാന്‍ നമുക്ക് കഴിയണം. നമ്മുടെ സംസാരത്തിലും പ്രവൃത്തികളിലും പ്രതീക്ഷ പകര്‍ന്നു കൊടുക്കുവാന്‍ നമുക്കു കഴിയുന്നുണ്ടോ? മറ്റുള്ളവരെ താഴ്ത്തികെട്ടുന്ന ചെറുതാക്കുന്ന സംസാരങ്ങളെ നാം ഉപേക്ഷിക്കണം. നിരാശ നിറഞ്ഞ മനസ്സുകള്‍ക്ക് നക്ഷത്രശോഭ പകരുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിക്കുന്ന നക്ഷത്രങ്ങള്‍ പോലെ ഉണ്ണിയേശുവില്‍ നിന്നും പ്രകാശം സ്വീകരിച്ചു നമുക്കു വളരാം.
ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുമ്പോള്‍ വൃദ്ധനായ ശിമയോന്‍ കടന്നുവന്ന് സ്തോത്രഗീതം ആലപിക്കുന്നു. കഴിഞ്ഞു പോകുന്ന കാലത്തിന്‍റെ പ്രതീകമാണ് ശിമയോന്‍. പുതിയ ലോകത്തിന്‍റെ പ്രതീകമാണ് ഉണ്ണിയേശു. മങ്ങിപ്പോകുന്ന പഴയനിയമത്തില്‍ നിന്നും സകലലോകത്തിനും വേണ്ടി നിലകൊള്ളുന്ന പുതിയ സഭയിലേക്കുള്ള പ്രയാണമാണിത്. ഓരോ കാലഘട്ടം കഴിയുമ്പോഴും പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി പുതിയ ലോകം കടന്നുവരുന്നു. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് നല്ല ഓര്‍മ്മകളുമായി നമുക്കു ജീവിക്കാം. 

You can share this post!

പുതിയ ലോകം പുതിയ ഹൃദയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

നോട്ടവും കാണലും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts