news-details
കവർ സ്റ്റോറി

വഴിയും വെളിച്ചവും

"യജമാനനെയോ ഭൃത്യനെയോ സേവിക്കുക നിനക്ക് കൂടുതല്‍ കരണീയം?"
"യജമാനനെ."

"എങ്കില്‍ യജമാനന്‍റെ സ്ഥാനത്ത് ഭൃത്യനെ പ്രതിഷ്ഠിക്കുന്നതെന്ത്?"(2 സെലാനോ 2)
മാനസാന്തരം പൊളിച്ചെഴുത്താണ്. പുതുക്കപ്പെട്ട ഉള്‍ക്കാഴ്ച. പുതിയ തിരിച്ചറിവുകള്‍. കീഴ്മേല്‍ മറിയുന്ന കാഴ്ചപ്പാടുകള്‍.

മറുപിറവി

രണ്ട് യുദ്ധങ്ങള്‍ക്കിടയിലായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ മാനസാന്തരം എന്നത് ശ്രദ്ധേയം. പുതുപ്പണക്കാരനായ പീറ്റര്‍ ബര്‍ണദോന്‍റെ പുത്രന് യുദ്ധം കീര്‍ത്തിയിലേക്കുള്ള താക്കോലായിരുന്നു. വീരത്വത്തെക്കുറിച്ചുള്ള വികല ധാരണകളാല്‍ നയിക്കപ്പെട്ട മധ്യകാല മൗഢ്യത്തില്‍ തികച്ചും സ്വാഭാവികമായ ഒന്ന്. നൂറ്റാണ്ടുകളായി യൂറോപ്പിനെ വാണിരുന്ന നാടുവാഴിത്തത്തിന് വെല്ലുവിളിയായി ഉയര്‍ന്നുവന്ന കച്ചവട-സമ്പന്ന സമൂഹത്തിന്‍റെ പ്രതിനിധിയായ പീറ്റര്‍ ബര്‍ണദോന് മാടമ്പിപദവി പ്രലോഭനവും വിദൂരസ്വപ്നവുമായിരുന്നു. മാടമ്പിയാകുന്നതിന് ഇറങ്ങിപ്പുറപ്പെട്ട ഫ്രാന്‍സിസ് പക്ഷേ, എല്ലാ പദവികളുടെയും തൂവലുകള്‍ കൊഴിച്ച് പച്ചമനുഷ്യനായി പുതുപ്പിറവിയെടുത്തത് നിയോഗങ്ങളുടെ കണിശതയിലാണ്. അത് ഹിംസയില്‍നിന്ന് അഹിംസയിലേക്കുള്ള മാനസാന്തരമായി. സംഘര്‍ഷത്തില്‍ നിന്ന് ശാന്തിയിലേക്കുള്ള തീര്‍ത്ഥാടനമായി. സമ്പത്തിനും യശസ്സിനും അന്തസ്സിനും അധികാരത്തിനും കൊതിക്കുന്ന ലൗകിക മനുഷ്യനില്‍ നിന്ന് ദൈവമനുഷ്യനിലേക്കുള്ള മറുപിറവിയായി.

ഫ്രാന്‍സിസിന്‍റെ മാനസാന്തരവഴിയില്‍ രണ്ടു ദര്‍ശനങ്ങള്‍ ജീവചരിത്രങ്ങള്‍ കുറിച്ചിടുന്നു. പെറൂജിയയുമായുള്ള പോരാട്ടത്തില്‍ അസ്സീസിക്കു വേണ്ടി യുദ്ധം ചെയ്ത്, പരാജയപ്പെട്ട്, തടവില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഫ്രാന്‍സിസ് ഒരിക്കല്‍ ഒരു മാളിക നിറയെ ആയുധങ്ങളും അതിസുന്ദരിയായ യുവതിയെയും സ്വപ്നം കാണുന്നു. കൂടുതല്‍ വലിയൊരു യുദ്ധത്തിന്, ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പക്കുവേണ്ടി ജര്‍മ്മനിയിലെ പ്രഭുക്കന്മാര്‍ക്കെതിരെ പോരാടുന്നതിന് അപ്പുലിയായിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ഫ്രാന്‍സിസ്. ഇക്കാണുന്നതെല്ലാം നിനക്കാണെന്ന വാഗ്ദാനം അപ്പുലിയായിലേക്കുള്ള യാത്രക്ക് പ്രചോദനമായി. യാത്രാമദ്ധ്യേ സ്പെലാറ്റോയില്‍വച്ച് യജമാനനെയോ ഭൃത്യനെയോ സേവിക്കേണ്ടതെന്ന അന്തര്‍സംഘര്‍ഷം സ്വപ്നദര്‍ശനമായി. യജമാനനെ എന്ന് തീര്‍ച്ചപ്പെടുത്തി ഫ്രാന്‍സിസ് മടങ്ങി. വീണ്ടും പിറക്കാനുള്ള മടക്കം. ആത്മാവിലെ പുനര്‍ജനി, പുതുജീവിതത്തിന്‍റെ തുടക്കം.

യജമാനന്‍ മൗലികമായതിനെ കുറിക്കുന്നു. ഭൃത്യര്‍ മായക്കാഴ്ചകളെയും. മൗലികതയെ വെടിഞ്ഞ് മായക്കാഴ്ചകള്‍ക്ക് പിറകെ അലയരുതെന്നാണ് വേദങ്ങളുടെയൊക്കെയും സാരം. യുദ്ധങ്ങള്‍, അത് മാര്‍പാപ്പക്കു വേണ്ടിയായിരുന്നാല്‍ത്തന്നെയും വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമെന്ന തിരിച്ചറിവിലേക്ക് ആയിരുന്നു ഫ്രാന്‍സിസിന്‍റെ മാനസാന്തരം. മാനസാന്തരം വ്യക്തിനിഷ്ഠം തന്നെ. അത് പക്ഷേ പ്രതിഫലിക്കുക സമൂഹമധ്യേയത്രേ. ശാന്തിയിലേക്ക് മാനസാന്തരപ്പെട്ട ഫ്രാന്‍സിസിന്‍റെ സമാധാനദൗത്യങ്ങള്‍ മാനസാന്തരത്തെ മതനിരപേക്ഷ പീഠികയില്‍ പ്രതിഷ്ഠിക്കുന്നു.

സമാധാനത്തിന്‍റെ സംസ്ഥാപകരെ ദൈവപുത്രരുടെ പദവിയിലേക്കുയര്‍ത്തിയവന്‍റെ പിന്‍ഗാമിക്ക് സമാധാനത്തിലേക്കേ മാനസാന്തരപ്പെടാനാവൂ. പ്രത്യേകിച്ച് അവന്‍റെ സഭാസമൂഹം തന്നെ സമാധാനലംഘകരായി മാറിയ കാലത്ത് അവന്‍റെ പള്ളിയെ പുനരുദ്ധരിക്കുകയെന്നത് സഭയെ സമാധാനപാതയിലെത്തിക്കുക എന്നതും കൂടിയാകുന്നു.

ഫ്രാന്‍സിസിന്‍റെ സുവിശേഷ പ്രഘോഷണങ്ങള്‍ സമാധാനത്തിലേക്കുള്ള ആശംസയില്‍ ആരംഭിച്ചു. അവന്‍റെ സഹോദരങ്ങള്‍ എപ്പോഴും ലോകത്തിന് ശാന്തിയും നന്മയും നേര്‍ന്നു. അവന്‍ സഹോദരരോട് ഇങ്ങനെ പറഞ്ഞു,"വാക്കുകളില്‍ ഉച്ചരിക്കപ്പെടുന്ന സമാധാനം ഹൃദയത്തിലുണ്ടാകണം. ശകാരങ്ങളും ദൂഷണങ്ങളും നിങ്ങളെ പ്രകോപിതരാക്കരുത്. എല്ലാറ്റിനെയും സൗമനസ്യത്തോടെ നേരിടുക. അങ്ങനെ ശാന്തിയും സമാധാനവും അനുരഞ്ജനവും സാധ്യമാകട്ടെ."

പെറുജിയയിലും ബൊളോഞ്ഞോയിലും അരിസോയിലും ഫ്രാന്‍സിസ് സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തു. അയല്‍നഗരങ്ങളോട് യുദ്ധത്തിലേര്‍പ്പെട്ടിരുന്ന പെറൂജിയയിലെ മാടമ്പിമാരോട്, അയല്‍ക്കാരോട് സൗമനസ്യം പുലര്‍ത്താന്‍ അവന്‍ അഭ്യര്‍ത്ഥിച്ചു. ബൊളോഞ്ഞോയില്‍ പരസ്പരം പോരടിച്ചിരുന്ന ജനങ്ങളെ അവന്‍ അനുരഞ്ജനത്തിലെത്തിച്ചു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന അരിസോയില്‍ സില്‍വസ്റ്റര്‍ സഹോദരനുമൊത്ത് സമാധാനം സ്ഥാപിച്ചു. പരസ്പരം പോരടിക്കുകയും കൊല്ലുകയും  ചെയ്തുകൊണ്ടിരുന്ന സിയന്നയിലെ ജനങ്ങള്‍ ഫ്രാന്‍സിസിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനയില്‍ ശാന്തരായി. അസ്സീസിയിലെ മെത്രാനും മേയര്‍ക്കുമിടയില്‍ സാധ്യമാക്കിയ അനുരഞ്ജനം സൂര്യകീര്‍ത്തനത്തിലൂടെ സമാധാനത്തിനുള്ള ശാശ്വത സങ്കീര്‍ത്തനമായി.

"അനന്തമാം സ്നേഹത്താല്‍
അങ്ങേക്കായി പൊറുത്തവര്‍
അങ്ങേ സമൃദ്ധമാം ശാന്തിയില്‍ മേവുവോര്‍
അനുഗൃഹീതര്‍, അങ്ങാല്‍ അഭിഷേകിതര്‍."

ഒടുവില്‍ കുരിശുയുദ്ധത്താല്‍ കലുഷിതമായ നാളുകളിലൊന്നില്‍ തുര്‍ക്കിയിലെ സുല്‍ത്താന്‍ മെലക് അല്‍ കമാലുമായി നടത്തിയ കൂടിക്കാഴ്ച ഫ്രാന്‍സിസിന്‍റെ സമാധാന ദൗത്യങ്ങളുടെ പരമകാഷ്ഠയായി. ആത്മാവില്‍ പുനര്‍ജനിച്ചവന്‍റെ മൗലിക നിഷ്കളങ്കത വേര്‍തിരിവുകളെയത്രയും അപ്രസക്തമാക്കി.  സമാധാനത്തിന്‍റെ ഇരട്ടസഹോദരനാകുന്നു നീതി. അധികാരവും സമ്പത്തും അവയുടെ നിതാന്തശത്രുക്കളും. അധികാരവും സമ്പത്തും അനീതിക്ക് ജന്മം നല്‍കുന്നു. അനീതി അസമത്വത്തിനും അസമത്വം അസംതൃപ്തിക്കും അത് കലഹങ്ങള്‍ക്കും കാരണമാകുന്നു. എല്ലാ യുദ്ധങ്ങളുടെയും മൂലകാരണം അനീതിയത്രേ.

നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവരെ ഭാഗ്യവാന്മാരെന്ന് അഭിസംബോധന ചെയ്യുകയും നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യുകയും എല്ലാ നിയമങ്ങള്‍ക്കും മേല്‍ നീതിയെ പ്രതിഷ്ഠിക്കുകയും ചെയ്തവന്‍റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മാനസാന്തരം നീതിയിലേക്കാവാതെ തരമില്ല. സമാധാനത്തിലേക്കുള്ള, നീതിയിലേക്കുള്ള മാനസാന്തരത്തിലൂടെ ഫ്രാന്‍സിസ് മലയിലെ പ്രഭാഷണത്തിന് സ്വജീവിതത്തില്‍ സാക്ഷ്യം നല്‍കി.

നീതിയിലേക്കുള്ള മാനസാന്തരം ഫ്രാന്‍സിസ് സാക്ഷാത്ക്കരിച്ചത് സ്വന്തം സാമൂഹിക പദവി ദരിദ്രരിലേക്ക് ത്യജിച്ചുകൊണ്ടായിരുന്നു. അവന്‍ ദാരിദ്ര്യത്തെ വധുവായി വരിച്ചത് ദാരിദ്ര്യത്തെ മഹത്വപ്പെടുത്താനായിരുന്നില്ല. ദരിദ്രരുടെ മഹത്വം വീണ്ടെടുക്കാനായിരുന്നു. ദാരിദ്ര്യം സമാധാനത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ ശത്രുവാകുന്നു.  ദാരിദ്ര്യത്തെ സൃഷ്ടിക്കുന്ന അസമത്വത്തിനും അധികാരത്തിനും എതിരായ വിശുദ്ധ വിപ്ലവമായിരുന്നു ഫ്രാന്‍സിസിന്‍റെ ദാരിദ്ര്യവ്രതം.
ആത്മനിഷ്ഠവും അതിഭൗതികവുമായ തലത്തിലേക്ക് മാനസാന്തരത്തെ ഒതുക്കിയില്ല എന്നതാണ് ഫ്രാന്‍സിസിന്‍റെ മൗലികത. അങ്ങനെ സാര്‍വ്വലൗകികവും സാര്‍വ്വജനീനവും സാര്‍വ്വകാലികവുമായ മാതൃകയായി അവന്‍ മാറി.

ഗതാനുഗതികത്വത്തിലേക്ക് മടങ്ങിപ്പോകാനുള്ള ചരിത്രത്തിന്‍റെ അഭിനിവേശത്തിന് ഫ്രാന്‍സിസിനെ പക്ഷേ അള്‍ത്താരയിലും രൂപക്കൂടുകളിലും ഒതുക്കാനായില്ല. അവന്‍ കാലങ്ങള്‍ക്കിപ്പുറം അനുതാപത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നു. സത്യത്തിലേക്കും സമാധാനത്തിലേക്കും സ്നേഹത്തിലേക്കും നീതിയിലേക്കും മാനസാന്തരപ്പെടാന്‍ ആഹ്വാനം നല്‍കുന്നു. പുതുക്കപ്പെട്ട ഉള്‍ക്കാഴ്ചയും പുതിയ തിരിച്ചറിവുകളും കുലീനമായ കാഴ്ചപ്പാടും സാധ്യമാണെന്നവന്‍ സാക്ഷ്യപ്പെടുത്തുന്നു.

സമാകര്‍ഷണീയനായ ക്രൈസ്തവന്‍ എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വിശേഷണത്തിന് ഫ്രാന്‍സിസ് അര്‍ഹനായത് അവന്‍റെ കാലത്തില്‍ അവന്‍ ക്രിസ്തുവിനെ സമ്പൂര്‍ണ്ണമായും സ്വജീവിതത്തില്‍ പകര്‍ത്തിയതിനാലത്രേ. എല്ലാറ്റിനുമുപരി ദൈവത്തേയും തനിക്കൊപ്പം അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ദര്‍ശന സമഗ്രതയില്‍ ജീവിച്ചതുകൊണ്ടത്രേ. അസാധ്യമെന്ന് കരുതപ്പെട്ട അര്‍ത്ഥവ്യാപ്തി സാഹോദര്യത്തിനു നല്‍കിയതിനാലത്രേ.

വിശ്വാസങ്ങളുടെ വിഗ്രഹവല്‍ക്കരണമാണ് ഇക്കാലത്തിന്‍റെ (ഒരു പക്ഷേ, എല്ലാക്കാലങ്ങളുടെയും) വിഹ്വലതകള്‍ക്കുള്ള കാരണം. വിഗ്രഹങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കപ്പെടുന്നു. തെറ്റാവരങ്ങള്‍ തിരിച്ചറിവുകള്‍ക്കു മീതെ വര്‍ത്തിക്കുന്നു. താനോ തങ്ങളോ മാത്രം ശരിയെന്ന ശാഠ്യം ശത്രുക്കളെ സൃഷ്ടിക്കുന്നു. വിഭാഗീയതകള്‍ക്കും വിഭജനങ്ങള്‍ക്കും കാരണമാകുന്നു. അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ആസുരശക്തികള്‍ വിഭജനത്തിനും വെറുപ്പിനും വിദ്വേഷത്തിനും വളം വയ്ക്കുന്നു.

വിശ്വാസത്തെ ചലനാത്മകവും രചനാത്മകവും സര്‍ഗ്ഗാത്മകവുമായ ചൈതന്യമായി വീണ്ടെടുത്ത ഫ്രാന്‍സിസിന്‍റെ മാതൃക ഇവിടെ പ്രസക്തമാകുന്നു. ജഡികവും വിഗ്രഹവല്‍ക്കരിക്കപ്പെട്ടതുമായ വിശ്വാസം മനുഷ്യജീവിതത്തെ വിലക്കുകളിലും മൗഢ്യങ്ങളിലും തളച്ചിടുന്നു. ചലനാത്മകവും രചനാത്മകവും സര്‍ഗ്ഗാത്മകവും ചൈതന്യവത്തുമായ വിശ്വാസം ജീവിതത്തെ പുതുമയിലേക്ക് പുതുക്കുന്നു. സാര്‍ത്ഥകമാക്കുന്നു. അവിടെ അതിര്‍ത്തികള്‍ മായുന്നു. മതിലുകള്‍ തകരുന്നു. സമ്യക്കായ ലോകവീക്ഷണം സാധ്യമാകുന്നു. സാഹോദര്യം സഫലമാകുന്നു. സര്‍വ്വപ്രപഞ്ചവും ഏക സത്യത്തിലേക്ക് സംവഹിക്കപ്പെടുന്നു. ഫ്രാന്‍സിസ്കന്‍ ക്രൈസ്തവ ദര്‍ശനത്തിന്‍റെ സാധ്യതയും സാര്‍ത്ഥകതയും വശ്യതയും അതത്രേ.  

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts