സകല മരിച്ചവരെയും നാം അനുസ്മരിക്കുന്ന കാലമാണിത്. മനുഷ്യന് എന്നും ഉത്തരം കിട്ടാത്ത ഒരു സത്യമായി മരണം നിലകൊള്ളുന്നു. സമയം അനിശ്ചിതവും മരിക്കുമെന്നുള്ളതു സുനിശ്ചിതവുമായ ഒരു സത്യമാണ്. "മരണമെ നിന്‍റെ വിജയമെവിടെ? മരണമെ നിന്‍റെ ദംശനമെവിടെ?" എന്നു വിശുദ്ധ പൗലോസു ചോദിക്കുന്നുണ്ട് (1കൊറി. 15: 55). മരണശേഷമെന്ത് എന്ന ചോദ്യവും മനുഷ്യനെ അലട്ടുന്നുണ്ട്. മരണമെന്നത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. നമ്മുടെ ശരീരത്തിലെ ജീവകോശങ്ങള്‍ മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്നുണ്ട്. പാമ്പ് അതിന്‍റെ പടം പൊഴിക്കുന്നതു പോലെ മനുഷ്യന്‍ തന്‍റെ ശരീരത്തെ വെടിഞ്ഞ് അമര്‍ത്യമായ ഒരു തലത്തിലേക്ക് രൂപാന്തരപ്പെടുന്നു. മരണമെന്നത് മനുഷ്യന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പാണ്. ജീവിതത്തില്‍ പല പല തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന മനുഷ്യന്‍ അവസാനമായി നടത്തുന്ന തെരഞ്ഞെടുപ്പായി മരണത്തെ നമുക്കു കാണാം. മരണത്തിന്‍റെ ഭീകരമായ മുഖത്തിനപ്പുറം പ്രത്യാശയുടെ കിരണം വീശുന്ന കാഴ്ചപ്പാടു യേശുനാഥന്‍ നമുക്കു നല്‍കുന്നു.

മരണത്തെ ഉറക്കമായി പഠിപ്പിച്ചതു ക്രിസ്തുവാണ്. ജയ്റോസിന്‍റെ മകള്‍ മരിച്ചപ്പോഴും ലാസര്‍ മരിച്ചപ്പോഴും യേശു ഈ കാഴ്ചപ്പാടാണ് പ്രകടിപ്പിച്ചത്. "ബാലിക ഉറങ്ങുകയാണ്," "ലാസര്‍ ഉറങ്ങുകയാണ്" എന്നൊക്കെ യേശു പറയുന്നു. ഉറക്കം മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണ്. പുതിയ ഉണര്‍വ്വോടെ എഴുന്നേല്‍ക്കുവാനാണ് മനുഷ്യന്‍ ഉറങ്ങുന്നത്. ക്രിസ്തുവില്‍ മരിക്കുന്നവരെല്ലാം ഉറങ്ങുന്നവരാണ്. ഉത്ഥാനത്തിന്‍റെ വലിയ സന്ദേശം ഈ വാക്കുകളില്‍ മുഴങ്ങി നില്‍ക്കുന്നു.

മനുഷ്യജീവിതം ഒരു പുസ്തകം പോലെയാണ്. 200 പേജുകളുള്ള ഒരു പുസ്തകത്തിന് 4 പേജില്‍ ഒരു ആമുഖം എഴുതപ്പെടുന്നു. ആമുഖം വായിച്ചാലറിയാം പുസ്തകത്തിന്‍റെ ബാക്കിഭാഗങ്ങള്‍. ഇഹലോക ജീവിതം ഒരു ചെറിയ ആമുഖമാണ്. ഈ കൊച്ചു ജീവിതം കൊണ്ടു നിത്യജീവിതത്തിന് നാം ആമുഖമെഴുതണം. വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചു പ്രത്യാശയുള്ളവരുടെ ഐഹികജീവിതം വിശുദ്ധമായിരിക്കും. ജീവിതത്തിലെല്ലാവരും മരിക്കും. മരിക്കാതിരിക്കുവാനുള്ള ഏക മരുന്ന് ജനിക്കാതിരിക്കുക എന്നതു മാത്രമാണ്.
നല്ലവണ്ണം യുദ്ധം ചെയ്തും നല്ല വണ്ണം ഓട്ടം പൂര്‍ത്തിയാക്കിയുമായിരിക്കണം നാം മരിക്കേണ്ടത്. വളഞ്ഞ വഴികളും വളഞ്ഞ പ്രവൃത്തികളും ഉപയോഗിക്കുന്നവര്‍ ശരിക്കും ഓട്ടം പൂര്‍ത്തിയാക്കുന്നവരല്ല. എത്ര ചുരുങ്ങിയ കാലം ജീവിച്ചാലും അതു നന്മയോടെ ജീവിച്ച് നാം ഓട്ടം പൂര്‍ത്തീകരിക്കണം. ജീവിച്ച വര്‍ഷങ്ങളുടെ എണ്ണമല്ല പിന്നെയോ ജീവിച്ച രീതിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓട്ടമത്സരങ്ങളില്‍ ദീര്‍ഘദൂര, മധ്യദൂര, ഹ്രസ്വദൂര മത്സരങ്ങളുണ്ട്. ഇതിലേതിലോടിയാലും ഒരു മെഡലുറപ്പുണ്ട്. നീണ്ടകാലം ജീവിച്ചു മരിച്ചാലും, കുറച്ചു കാലം ജീവിച്ചു മരിച്ചാലും വളരെ ചെറുപ്പത്തില്‍ മരിച്ചാലും ഒരു മെഡല്‍ നമുക്കായി വച്ചിട്ടുണ്ട്. നന്നായി ഓടി ആ മെഡല്‍ നാം കരസ്ഥമാക്കണം.

ഒരു വ്യക്തി മരിക്കുമ്പോള്‍ ആ വ്യക്തിയുടെ ജീവിക്കുന്ന ബന്ധുക്കളും സ്നേഹിതരും അദ്ദേഹത്തിന്‍റെ ഉയിര്‍ത്തെഴുന്നേറ്റ ഭാഗങ്ങളായി ഭൂമിയില്‍ അവശേഷിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ മരിച്ച ഭാഗമായി ആ വ്യക്തിയും നിലകൊള്ളുന്നു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളുമെല്ലാം മരിച്ചു പോയ വ്യക്തിയുടെ തുടര്‍ച്ചയായി പരിഗണിക്കും. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്നതെല്ലാം മരിച്ചുപോയവര്‍ തന്നെ തുടര്‍ന്നു ചെയ്യുന്നതായി നാം കാണണം.

ഉല്‍പ്പത്തി 2: 15 ല്‍ പറയുന്നു "നിങ്ങള്‍ ഏദന്‍ തോട്ടത്തിന്‍റെ കാവല്‍ക്കാരാണ്". നാം ആരും ഒന്നിന്‍റെയും ഉടമസ്ഥരല്ല, വെറും കാവല്‍ക്കാര്‍ മാത്രമാണ്. കുറെക്കാലം എല്ലാം കാത്തുസൂക്ഷിച്ചിട്ടു കടന്നുപോകുന്ന കാവല്‍ക്കാര്‍. ഭാര്യ ഭര്‍ത്താവിനെ വിട്ടുപോകും, മാതാപിതാക്കള്‍ മക്കളെ വിട്ടുപോകും, നമ്മുടെ വീടും പുരയിടവുമെല്ലാം വിട്ടു നാം പോകണം. ഈ ബോദ്ധ്യം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ നാം സങ്കടപ്പെടുകയില്ല. നിത്യമായ ഭവനം ദൈവം ഒരുക്കിയതാണ്. ബാക്കിയെല്ലാം നിഴല്‍പോലെ കടന്നുപോകും. ഏറ്റവും ധൈര്യത്തോടെ മരണത്തെ അഭിമുഖീകരിക്കുവാന്‍ നമ്മെ ശക്തരാക്കുന്ന ഒരു കാഴ്ചപ്പാടാണിത്. വിദേശത്തു ജോലിക്കു പോകുന്ന പ്രിയപ്പെട്ടവരെ പിരിയുമ്പോള്‍ നാം കരയാറുണ്ട്. അവര്‍ സമ്മാനങ്ങളുമായി തിരിച്ചു വരുമ്പോള്‍ നാം സന്തോഷിക്കുന്നു. അവസാനയാത്രയും ഇതുതന്നെയാണ്. അവരെയെല്ലാം വീണ്ടും കാണുന്ന വിധി ദിവസത്തില്‍ നാം സന്തോഷിക്കും.

You can share this post!

പുതിയ ലോകം പുതിയ ഹൃദയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

നോട്ടവും കാണലും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts