news-details
മറ്റുലേഖനങ്ങൾ

ദുഃഖങ്ങള്‍ മരണത്തിനും സന്തോഷം സുഹൃത്തുക്കള്‍ക്കും വിട്ടുകൊടുത്ത ചിന്തകന്‍

പ്രപഞ്ചഘടന അണു വിസ്ഫേടനത്തില്‍ നിന്നാണെന്ന് പ്രഖ്യാപിക്കുന്ന എപ്പിക്യൂറസ് ആധുനിക അണു വിജ്ഞാനീയത്തിന്‍റെ പോത്ഘാടകന്‍ കൂടിയാണ്. പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായി എന്ന ആശയത്തെ അദ്ദേഹം ഖണ്ഡിക്കുന്നു. കാരണം ശൂന്യതയില്‍ നിന്നു ശൂന്യതയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. അതുപോലെ തന്നെ ഈ ലോകം ശൂനയതയില്‍ വലയം പ്രാപിക്കും എന്ന ആശയവും അദ്ദേഹത്തിനു സ്വീകാര്യമല്ല. ഉണ്മയ്ക്കു ഉണ്മയിലല്ലാതെ ശൂന്യതയില്‍ ലയിക്കുക സാധ്യമല്ല.

ഭൗതികപദാര്‍ത്ഥത്തിന്‍റെ ഏറ്റവും ചെറിയ കണികകളായ ആറ്റം എന്ന ഇഷ്ടിക കൊണ്ടു പടുത്തുയര്‍ത്തിയ ഈ ഭൗതിക പ്രപഞ്ചത്തിലെ മൂലപദാര്‍ത്ഥങ്ങള്‍ അനന്തവും അനാദിയുമാണെന്നാണ്  എപ്പിക്യൂറസ് അനുശാസിക്കുന്നത്.

ഈ ഭൂമിയെപ്പോലെ തന്നെയോ അതിലും വലുതോ ആയ മറ്റനേകം ലോകങ്ങളും സമാനമായ സാഹചര്യങ്ങളില്‍ നിലനില്ക്കുന്നതെന്ന് അനുമാനിക്കാന്‍ എപ്പിക്യൂറസ് ചിന്തയ്ക്ക് അനായാസം കഴിഞ്ഞിരിക്കുന്നു.

ദൈവങ്ങള്‍ മനുഷ്യരുടെ ഭൗതികജീവിതത്തില്‍ യാതൊരു തരത്തിലും ഇടപെടുകയോ അവര്‍ വ്യാകുലപ്പെടുകയോ ചെയ്യാത്ത സ്ഥിതിക്ക് മനുഷ്യര്‍ക്ക് ദൈവങ്ങളെ അവഗണിക്കാവുന്നതേയുള്ളൂ എന്നാണ് എപ്പിക്യൂറിയന്മാര്‍ പറയുന്നത്. സ്വസ്ഥമായ മനസ്സോടെ പ്രകൃതിയ കുറിച്ച് ധ്യാനിക്കാന്‍ മനുഷ്യരെ പരിശീലിപ്പിക്കുന്നതിപകരം യാഗങ്ങളും പൂജകളും വഴി അന്ധവിശ്വാസങ്ങളെ വളര്‍ത്തുന്ന മതപാരമ്പര്യം എപ്പിക്യൂറസിന്‍റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

ഡാര്‍വിന് ഏതാണ്ട് 2200 വര്‍ഷം മുമ്പുതന്നെ പരിണാമവാദത്തിനുതുടക്കം കുറിച്ച ദാര്‍ശനികനായിരുന്നു എപ്പിക്യൂറസ്. അണു അഥവാ ആറ്റത്തിന് അനാദിയും അനന്തവുമായ പരിണാമമാണ് ഈ ലോകത്തിനും അതിലെ ജീവജാലങ്ങള്‍ക്കും രൂപം കൊടുത്തത്. പദാര്‍ത്ഥത്തിന്‍റെ വിഘടിത രൂപമായ ആറ്റത്തിന്‍റെ ആകസ്മികമായ കൂടിച്ചേരല്‍ പ്രപഞ്ചവസ്തുക്കള്‍ക്ക് രൂപം കൊടുത്തു എന്നത് ശരിയാകാമെങ്കിലും അവയെങ്ങന ഭിന്നരൂപഭാവങ്ങളുള്ള ചെടികളും പൂക്കളും പക്ഷികളും ജന്തുക്കളും ആയി.അവരെങ്ങനെ സാധാരണ മനുഷ്യരായി വെറും  സാധാരണ മനുഷ്യരല്ലാത്ത കവികളും കലാകാരന്മാരും ചിന്തകന്മാരും എങ്ങനെയുണ്ടായി. ഇതിന്‍റെയൊക്കെ പിന്നില്‍ എല്ലാറ്റിനെയും ക്രമീകരിക്കുന്ന ഒരു പരാശക്തി പ്രവര്‍ത്തിക്കുന്നു എന്നും സമ്മതിക്കാന്‍ എപ്പിക്യൂറസ് തയ്യാറായിരുന്നില്ല. അര്‍ഹതയുള്ളവരുടെ അതിജീവനം (Survival of the fillests) എന്ന പ്രമാണം കൊണ്ട് അത്തരം വാദങ്ങളുടെ മുനയൊടിക്കാനാണ് എപ്പിക്യൂറസ് ശ്രമിച്ചത്. പദാര്‍ത്ഥങ്ങള്‍ക്ക് യാദൃശ്ചികമായി സംഭവിച്ച ജീവപ്രാപ്തിയാണ് ഇന്നത്തെ ജൈവവൈവിദ്ധ്യങ്ങള്‍ക്ക് കാരണമെന്നാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ജീവിതമെന്ന ഈ അരങ്ങില്‍ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ട കഥാപാത്രമാണ് മനുഷ്യന്‍ എന്ന് എപ്പിക്യൂറസ് പറയുന്നു. തുടക്കത്തില്‍ മറ്റ് ജീവജാലങ്ങളെപ്പോലെ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കയാണ് മനുഷ്യനും ചെയ്തത്. അനേക കാലത്തെ കഷ്ടപ്പാടുകളും അനുഭവങ്ങളും പ്രകൃതിയോട് ഏറ്റുമുട്ടിക്കൊണ്ടുള്ള ജീവിതത്തിന് അവനെ പ്രാപ്തനാക്കി. പ്രാചീന ഗുഹാ മനുഷ്യനു പടിപടിയായി കടന്നു പോന്ന സംസ്കാരത്തിന്‍റെ നാഴിക കല്ലുകള്‍ അതിജീവനത്തിനായുളള പോരാട്ടത്തിന്‍റെ അനന്തരഫലങ്ങള്‍ മാത്രമാണെന്ന് ഈ തത്ത്വചിന്തകന്‍ നിരീക്ഷിക്കുന്നു.

മരണം ശരീരത്തിന്‍റെ മാത്രമല്ല ആതമാവിന്‍റെ നാശമാണെന്ന് എപ്പിക്യൂറസ് പറയുന്നു. ആത്മാവും ശരീരവും തമ്മിലുള്ള ബന്ധത്തെ ജലം നിറച്ച മണ്‍പാത്രത്തോടാണ് എപ്പിക്യൂറസ് ഉപമിക്കുന്നത്. പാത്രം ശരീരമാണെങ്കില്‍ ആത്മാവ് അതിനുള്ളിലെ ജലമാണ്.പാത്രം തകര്‍ന്നു കഴിയുമ്പോള്‍ സ്വാഭാവികമായി ജലവും തൂകിപ്പോകുന്നു. ഇതുതന്നെ മരണത്തോടെ മനുഷ്യനും സംഭവിക്കുന്നു. പൊടിയാകുന്ന നീ പൊടിയിലേക്കു തന്നെ തിരികെ ചേരും എന്ന ബൈബിള്‍ തത്വത്തെ എപ്പിക്യൂറിയന്‍ വീക്ഷണം ശരീരത്തിനെന്നപോലെ ആത്മാവിനും ബാധകമാക്കിയിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ എപ്പിക്യൂറസ് മറ്റൊരു ചാര്‍വാകനായിരുന്നു. ഏറെക്കൂറെ ഒരേ കാലഘട്ടത്തിലാണ് രണ്ടുപരും ജീവിച്ചിരുന്നത്. രണ്ടുപര്‍ക്കും ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ അന്നെന്നപോലെ ഇന്നും അവരുടെ ദര്‍ശനപദ്ധതിയുടെ വൈകല്യമായി നിലനില്‍ക്കുന്നു എന്ന വസ്തുത വിസമരിച്ചിട്ടു കാര്യമില്ല

You can share this post!

ഹൃദയത്തിന്‍റെ മതം

ഷൗക്കത്ത്
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts