news-details
കവർ സ്റ്റോറി

ഞാനൊരിന്ത്യാക്കാരി

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കാരുണ്യവര്‍ഷത്തില്‍ മദര്‍ തെരേസായെ അള്‍ത്താര വണക്കത്തിന് യോഗ്യയായി പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ മദര്‍ തെരേസ നല്കുന്നൊരു സന്ദേശമുണ്ട്; മനുഷ്യവര്‍ഗ്ഗത്തിനായി. വിശ്വാസത്തിലുറച്ചു നില്‍ക്കുക. നൊമ്പരങ്ങളുടെ ലോകത്തേക്ക് ഹൃദയം തുറക്കുക. ദൈവകരുണയില്‍ തുടിക്കുന്നവരാകുക. ഹൃദയം നൊമ്പരപ്പെടുന്ന വിധം സ്നേഹിക്കുക.

സമാനതകളില്ലാത്ത ഒരു കാര്യം മദറിനെ സംബന്ധിച്ച് ഓര്‍ക്കേണ്ടതുള്ളത്; സ്വന്തം ജീവിതത്തെക്കാള്‍ സഹജരുടെ ജീവിതത്തിന് നിലയും വിലയും നല്കിയ മദറിനെ തിരുസഭ വിശുദ്ധയായി പ്രഖ്യാപിക്കും മുന്‍പേ തന്നെ ജനമനസ്സുകള്‍ മദര്‍ തെരേസായെ വിശുദ്ധയായി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ ജീവിക്കുന്ന വിശുദ്ധ എന്ന അപരനാമത്തില്‍ മദര്‍ അറിയപ്പെട്ടുകൊണ്ടിരുന്നത്.

പ്രപഞ്ചം മുഴുവന്‍ ഉള്‍ച്ചേര്‍ന്ന് പ്രസരിപ്പോടെ തുടിച്ചു നില്‍ക്കുന്ന ഈശ്വരചൈതന്യത്തിന്‍റെ ഭാഗമെന്നപോലെ, അവകാശികളുമാണ് മനുഷ്യന്‍, എന്ന മഹത്തായ ചിന്തയുടെ പ്രായോഗികതലമായിരുന്നു മദറിന്‍റെ ജീവിതം. യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം, ദൃഢചിത്തത, അചഞ്ചലമായ കാഴ്ചപ്പാടുകള്‍, തുറന്നുപറച്ചിലുകള്‍ ഇവയൊക്കെ സമന്വയിപ്പിച്ച ഒരു അസാധാരണ ധാരയായിരുന്നു മദറിന്‍റെ ജീവിതം. ഈ ധാര എവിടെ തുടങ്ങി; എങ്ങോട്ടൊഴുകി, എവിടൊക്കെ പരന്നു. അതിന്‍റെ അഗാധത എത്രയായിരുന്നു? ഇതിനൊക്കെ ഉത്തരം മദറിന്‍റെ ജീവിതം തന്നെയായിരുന്നു. ആ ജീവിതത്തിന്‍റെ രൂപപ്പെടല്‍ തന്നെയാണ് മദര്‍ ലോകത്തിനു നല്കുന്ന സന്ദേശവും. ആ സന്ദേശം ഏറ്റെടുക്കാനുള്ള ഉള്‍വിളിയാണ് സമൂഹമനസ്സുകളില്‍ ഉയരേണ്ടത്. വ്യക്തികളില്‍, കുടുംബങ്ങളില്‍, സമൂഹത്തില്‍, ഭരണകര്‍ത്താക്കളില്‍, രാഷ്ട്രങ്ങളില്‍, സഭയില്‍ നിന്നൊക്കെത്തന്നെ ഈ ഉള്‍വിളികള്‍ ഉയര്‍ന്ന് സാന്ത്വനത്തിന്‍റെ ധാരാപ്രവാഹമായി ആഴങ്ങളില്‍ പരക്കട്ടെ എന്നാവും സ്വര്‍ഗ്ഗസ്ഥയായ കരുണയുടെ അമ്മ ആഗ്രഹിക്കുക. ഇതൊന്നും ഒരു ആഹ്വാനമായി അമ്മ തരുന്നില്ല. പക്ഷേ അമ്മയുടെ ശൈശവം മുതലുള്ള ഓരോ പ്രവൃത്തിയും ഓരോ സന്ദേശമാണ്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഓരോ തലത്തിലും പ്രചോദനമാകേണ്ട സന്ദേശം.

നോക്കൂ, അല്‍ബേനിയായിലെ ആ കുടുംബത്തിലേക്ക്. മദര്‍ ആ കുടുംബത്തേയും തന്‍റെ സന്ദേശത്തിന്‍റെ ഒരു മുദ്രയാക്കുകയാണ്. മദര്‍ തന്‍റെ അമ്മയെ - ഡ്രാനഫിന്‍ ബര്‍ണായ് മദറിന്‍റെ അമ്മയുടെ പേര് - പരിശുദ്ധ എന്നു പോലും വിശേഷിപ്പിക്കുന്നുണ്ട്. തന്‍റെ പിതാവിന്‍റെ -നിക്കോളാസ് ബൊജാക്സു എന്നാണ് പിതാവിന്‍റെ പേര് - സത്യസന്ധത, സൗമ്യഭാവം, സാഹോദര്യം, സ്നേഹം, സേവനമനോഭാവം ഇതൊക്കെ കണ്ടുകൊണ്ടാണ് മദര്‍ വളര്‍ന്നത്. മക്കളുടെ പഠനത്തിലും മൂല്യങ്ങളിലുള്ള പരിശീലനത്തിലും ഈ മാതാപിതാക്കള്‍ ദത്തശ്രദ്ധരായിരുന്നു. മദറിന്‍റെ ആത്മീയ ജീവിതം കരുപ്പിടിപ്പിച്ചത് കുഞ്ഞുന്നാളിലെ കണ്ടും കേട്ടും മനസ്സിലുറച്ച ദൈവഹിതങ്ങളായിരുന്നു എന്ന് തന്‍റെ ജീവിതം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മദര്‍ പറയുമ്പോള്‍ ഈ പ്രപഞ്ചത്തിലെ ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളിലേക്ക് സന്നിവേശിപ്പിക്കേണ്ട മാര്‍ഗ്ഗരേഖയായി അതു മാറുകയാണ്.

സമൂഹത്തില്‍ നല്ല മൂല്യങ്ങളുടെ വളര്‍ച്ചയില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് ഓര്‍മ്മിപ്പിക്കുന്നതാണ് മദര്‍ പറയുന്ന മറ്റൊരനുഭവം. "ഞങ്ങളുടേത് സന്തോഷഭരിതമായൊരു ജീവിതമായിരുന്നു. പ്രത്യേകിച്ചും പ്രാര്‍ത്ഥനയിലും ഐക്യത്തിലും. വിശ്വാസത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും, കാരുണ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പ്രായോഗികതലം മദര്‍ മനസ്സിലാക്കിയതും സ്വന്തം അമ്മയില്‍ നിന്നുതന്നെയായിരുന്നു. തന്‍റെ ഭവനത്തിന്‍റെ കവാടത്തില്‍ മുട്ടുന്നവരെ -ഭക്ഷണത്തിനോ, വസ്ത്രത്തിനോ, പണത്തിനോ, അഭയത്തിനോ- എന്തുതന്നെ ആവശ്യപ്പെട്ടാലും ഒരിക്കലും വെറുംകയ്യാലെ മടക്കി അയച്ചിട്ടില്ല. ആ പതിവ് ഓര്‍ത്തുകൊണ്ട് മദര്‍ പറയുന്നതിങ്ങനെ, "അവര്‍ ഞങ്ങളെ ദൈവസ്നേഹം പഠിപ്പിച്ചു; അയല്‍ക്കാരെ സ്നേഹിക്കാന്‍ പഠിപ്പിച്ചു;" എന്നു തന്‍റെ അമ്മയെക്കുറിച്ച് മദര്‍ പറയുമ്പോള്‍ വ്യക്തമാണ്; ലോകത്തിലെ മാതാപിതാക്കള്‍ക്ക് നല്കുന്ന സന്ദേശവും അതുതന്നെയാണ്. ഈ മാതൃക സ്വീകരിക്കുവാന്‍ നമ്മുടെ കുടുംബങ്ങള്‍ക്കാകുമോ? മാതാപിതാക്കള്‍ക്കാകുമോ? ഇതിന് അനുകൂലപ്രതികരണമാണ് സ്വര്‍ഗ്ഗസ്ഥയായ മദര്‍ പ്രതീക്ഷിക്കുന്നത്. ലോകത്തില്‍ സനാതന ധര്‍മ്മപ്രതിഷ്ഠാനത്തിന് ഒരേയൊരു മാര്‍ഗ്ഗം ഇതൊന്നു മാത്രമെന്ന് മദര്‍ കരുതുന്നു.

മിതത്വം ജീവിതത്തിന്‍റെ സമസ്തമേഖലകളിലും പാലിക്കപ്പെടണമെന്ന് മദറിന് നിര്‍ബ്ബന്ധമായിരുന്നു. ഈ മിതവ്യയശീലം മദറില്‍ കുരുപ്പിച്ച് രൂഢമൂലമാക്കിയതും മദറിന്‍റെ അമ്മ തന്നെയായിരുന്നു. മദറിന്‍റെ കുട്ടിക്കാലത്ത് ഒരു ദിവസം അത്താഴം കഴിഞ്ഞ് സഹോദരങ്ങളുമൊത്ത് അമ്മയ്ക്കു ചുറ്റുമിരുന്നു. അതിനിടെ അമ്മ എഴുന്നേറ്റുപോയി സ്വിച്ച് ഓഫ് ചെയ്തു. കുട്ടികള്‍ക്ക് പരിഭവമായി, പരാതിയായി. മദറിന്‍റെ അമ്മയുടെ മറുപടി ഇങ്ങനെ. "മതി, മതി, വൈദ്യുതി പാഴാക്കേണ്ട." ഇത്തരം ചെറു ചെറു മാതൃകകള്‍ ഏറ്റെടുക്കുകയല്ലേ നമ്മുടെ മാതാപിതാക്കള്‍ക്ക് മദറിന് നല്കാവുന്ന പുഷ്പാഞ്ജലി.

സഭാതലത്തില്‍ ഒരു കന്യാസ്ത്രീ. പ്രവര്‍ത്തനമേഖല വിദ്യാലയം. താരതമ്യേന സുരക്ഷിതമായ പ്രവര്‍ത്തന മേഖല. അവിടെ ഒതുങ്ങിക്കൂടുവാന്‍ മദറിന് എന്തായിരുന്ന തടസ്സം? മദറിന്‍റെ അന്തരാത്മാവില്‍ നിന്നും ഉയര്‍ന്ന ഉള്‍വിളി തന്നെയായിരുന്നു തടസ്സം! പരിത്യക്തരായവരുടെ ഇടയിലാണ് തന്‍റെ ഇടമെന്ന ദൈവിക ചോതനയായിരുന്നു തടസ്സം. മദറിന് തെരുവിലെ അനാഥരെയും രോഗികളെയും, ഓടയില്‍ ഉപേക്ഷിക്കപ്പെടുന്ന ജീവിതങ്ങളെയും തേടിയിറങ്ങാതിരിക്കാന്‍ തരമില്ലെന്നായി. താന്‍ തെരുവില്‍ കണ്ടവരൊക്കെ - ദരിദ്രരും, രോഗികളും, അനാഥരും അങ്ങനെ എല്ലാവരും - ഈശ്വരന്‍ പ്രഛന്നവേഷമെടുത്തവരാണ്, താന്‍ അവരിലേക്കിറങ്ങണമെന്നതാണ് ദൈവകല്പിതം എന്നു തിരിച്ചറിഞ്ഞ മദര്‍ പിന്നെ ഒരു നിമിഷം പോലും ശങ്കിച്ചില്ല, തന്‍റെ കര്‍മ്മ മണ്ഡലത്തിലേക്കിറങ്ങാന്‍. അവിടെ അവരില്‍ മദര്‍ ക്രിസ്തുനാഥനെ കണ്ടു. വിശക്കുന്നവനായി, രോഗിയായി, പരദേശിയായി, നഗ്നനായി, കാരാഗൃഹവാസിയായി. അവരെയൊക്കെ മദര്‍ സാന്ത്വനപ്പെുത്തി; സ്വസ്ഥരാക്കി. ഒടുവില്‍ ഇതാ കര്‍ത്താവിന്‍റെ വാക്കുകള്‍ മദര്‍ കേട്ടു. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്." ഈ അരുളപ്പാട് കേള്‍ക്കാന്‍ നിങ്ങള്‍ക്കും അര്‍ഹതയുണ്ട്; അവകാശമുണ്ട്. ആ അര്‍ഹത നേടിയെടുക്കണം എന്നാണ് മദര്‍ തന്‍റെ പ്രവര്‍ത്തനത്തിലൂടെ ഓരോ മനുഷ്യനോടും ആവശ്യപ്പെടുന്നത്.

ഒരിക്കല്‍ മദര്‍ പറയുകയുണ്ടായി താന്‍ ദൈവത്തിന്‍റെ കരങ്ങളിലെ ഉപകരണം മാത്രമാണെന്ന്. ആ ഉപകരണത്തെ ദൈവം വിദഗ്ദ്ധമായിത്തന്നെ ഉപയോഗിച്ചു. വിദ്യയില്ലാത്തിടത്ത്, ചേരിയില്‍, കുഷ്ഠരോഗികളില്‍, അനാഥരില്‍, മരണാസന്നരില്‍, ഓടയില്‍ എറിയപ്പെടുന്ന ചോരക്കുഞ്ഞുങ്ങളില്‍, എവിടെയെല്ലാം സാന്ത്വനം വേണമോ, പരിചരണം വേണമോ അവിടെയെല്ലാം! നിങ്ങള്‍ക്കും സ്വയം ദൈവത്തിന്‍റെ കരങ്ങളിലെ ഉപകരണങ്ങളാകാം ചെറു ചെറു സാന്ത്വനങ്ങളിലൂടെ - ഒന്നു നോക്കരുതോ? ഇതായിരിക്കും മദറിന്‍റെ ഇംഗിതം. ഈ ഇംഗിതം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വ്യക്തികളും സമൂഹങ്ങളും ഭരണാധികാരികളും സര്‍വ്വോപരി സാര്‍വ്വത്രിക സഭയും മുന്നോട്ടു വരുന്ന ഘട്ടത്തില്‍ സഹവര്‍ത്തിത്വത്തിന്‍റെ, പങ്കുവയ്ക്കലിന്‍റെ, സാന്ത്വനസ്പര്‍ശത്തിന്‍റെ, പരിഗണനയുടെ സര്‍വ്വസാഹോദര്യത്തിന്‍റെ ശാദ്വലഭൂമിയായി നമ്മുടെ ലോകം മാറും.
സംക്ഷിപ്തമായി പറഞ്ഞാല്‍ അഞ്ചു വാക്യങ്ങളില്‍  - മദറിന്‍റെ തന്നെ അഞ്ചു വാക്യങ്ങളില്‍ - മദറിന്‍റെ ജീവിത വീക്ഷണവും അതിന്‍റെ പ്രായോഗികതയും കാണാം. നോക്കൂ ആ സ്വയംകൃത ജീവചരിത്രം 'By blood I am an Albanian, By Citizen I am an Indian. And by faith I am a Catholic nun. As to my calling I belong to the World. As to my heart I belong to entirely to the heart of Jesus.'

1910 ആഗസ്റ്റ് മാസം 26 നാണ് മദര്‍ അല്‍ബേനിയായില്‍ ജനിച്ചത്. 1928 ല്‍ മദര്‍ ഭാരതത്തിലെത്തി. 1951 ഡിസംബറില്‍ ഭാരത പൗരത്വം സ്വീകരിച്ചു. By Citizen I am an Indian എന്നു പറയുന്നതില്‍ മദര്‍ അഭിമാനം കൊണ്ടിരുന്നു. ഈ നാടിനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു. പാവങ്ങളോടും അവഗണിക്കപ്പെട്ടിരുന്നവരോടും കാരുണ്യവും കരുതലും ആയിരുന്നു പ്രവര്‍ത്തനശൈലി. 1997 സെപ്തംബര്‍ അഞ്ചിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. 2016 സെപ്തംബര്‍ നാലിന് വിശുദ്ധരുടെ ഗണത്തില്‍. അങ്ങനെ മദര്‍തെരേസ കല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് പരിശുദ്ധ പിതാവിനാല്‍ നാമകരണം ചെയ്യപ്പെട്ടു.

മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. "നമുക്ക് വിശുദ്ധ തെരേസ എന്നു വിളിക്കുന്നതിനേക്കാള്‍ ഇഷ്ടം അമ്മ എന്നു വിളിക്കാനാണ്. കാരണം അവരുടെ വിശുദ്ധി നമ്മോട് അത്രത്തോളം അടുത്തു നില്ക്കുന്നു. നമുക്ക് മദര്‍ തെരേസായുടെ പുഞ്ചിരി ഹൃദയത്തില്‍ സ്വീകരിക്കാം. നമ്മുടെ ജീവിതയാത്രയില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം, പ്രത്യേകിച്ച് പാവപ്പെട്ടവരുമായി."

മദറിന്‍റെ കാച്ചിക്കുറുക്കിയ ചില വാചകങ്ങള്‍. By Citizen I am an Indian എന്നു പറയുമ്പോള്‍, മദറിനെ ആ വിധം തന്നെയാണ് ഭാരത ഭരണകൂടവും ജനങ്ങളും കരുതലോടെ കരുതിയിരുന്നത്. ഭാരതം എല്ലാ വിധത്തിലും മദറിനെ അംഗീകരിച്ചിരുന്നു. 1962 ല്‍ പത്മശ്രീയും 1980 ല്‍ ഭാരതത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്നവും നല്കി ആദരിക്കുകയുണ്ടായി. അതേസമയം ദോഷൈകദൃക്കുകളായ ചിലര്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ മദര്‍ ട്രാമില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുകയാണ്. ബംഗാളിയിലാണ് സംസാരം. ബംഗാളി അറിയാമായിരുന്ന മദറിന് അവരുടെ സംസാരം മനസ്സിലായി. അവര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഹിന്ദുക്കളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നടക്കുന്ന കന്യാസ്ത്രീയാണവര്‍. ഒരാളെ ചേര്‍ക്കാന്‍ അവര്‍ എന്തും ചെയ്യും. എത്ര പണവും കൊടുക്കും." അവരുടെ സംഭാഷണം അങ്ങനെ തുടരുന്നതിനിടയില്‍ മദര്‍ ഇടപെട്ടു പറഞ്ഞു: "അമി ഭാരതേര്‍; ഭാരത് അമാര്‍." - "ഞാനൊരിന്ത്യാക്കാരി, ഇന്ത്യ എന്‍റേതും."

ലോകവും ഭാരതവും അകമഴിഞ്ഞ് ആദരിക്കുമ്പോഴും ചിലര്‍ മദറിനു നേരേ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചിലപ്പോഴെങ്കിലും ഈ അസഹിഷ്ണുതയുടെ പ്രചാരകര്‍ മദറിനെ ഉപദ്രവിക്കാനും ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ നിര്‍മ്മലഹൃദയം പ്രവര്‍ത്തിച്ചിരുന്നിടത്തേക്ക് ഏതാനും പേര്‍ ഇരച്ചു കയറി ആക്രമിക്കാന്‍ തുടങ്ങി. കല്ലുകളും വടികളുമെറിഞ്ഞ് ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ത്തു. ഏതാനും കല്ലുകള്‍ രോഗികളുടെ ദേഹത്തും പതിച്ചു. പിന്നെ മദര്‍ അമാന്തിച്ചില്ല. മദര്‍ കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ട് അക്രമികളെ സമീപിച്ചു പറഞ്ഞു: "നിങ്ങള്‍ക്ക് എന്നെ കൊല്ലാം. ആ പാവങ്ങള്‍ സമാധാനമായി മരിച്ചുകൊള്ളട്ടെ." എറിയാന്‍ ഓങ്ങിയ കൈകള്‍ താണു. മദറിന്‍റെ സഹനസന്നദ്ധമായ ധീരത അക്രമികളെ നാണം കെടുത്തി.

വിപദിധൈര്യത്തിന്‍റെയും അമ്മയാണു മദര്‍. ഒരിക്കല്‍ ബെയ്റൂട്ടില്‍ ഘോരയുദ്ധം നടക്കുകയാണ്. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഒരു സ്ഥാപനം യുദ്ധഭൂമിയില്‍ അകപ്പെട്ടു. കുട്ടികളുടെ ഭവനത്തില്‍ ഭക്ഷണമില്ല, മരുന്നില്ല, എന്തിന്, കുടിവെള്ളം പോലുമില്ല. സമാധാനപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടെത്താനുമാകുന്നില്ല. ആ കുട്ടികളെ രക്ഷിക്കുക തന്നെ. മദര്‍ ഉറപ്പിച്ചു. അപ്പോഴേയ്ക്കും തടസ്സങ്ങളായി. ഭരണാധികാരികള്‍, പട്ടാളമേധാവികള്‍, സഭാധികാരികള്‍ എല്ലാവരും മദറിനെ തടഞ്ഞു. "പോകരുത്, പോകരുത്, ആപത്ത് വലിച്ചുവയ്ക്കരുത്." പക്ഷേ മദര്‍ ഇളകിയില്ല. യുദ്ധമുന്നണിയിലേക്ക് മദര്‍ പ്രവേശിച്ചതും വെടിയൊച്ചകള്‍ നിലച്ചു. ആ ധീരതയ്ക്കു മുന്നില്‍ സൈന്യങ്ങള്‍ വെടിനിറുത്തി. കുട്ടികള്‍ രക്ഷിക്കപ്പെട്ടു. മദര്‍ നേരിട്ട ഇത്തരം രംഗങ്ങള്‍ ഓരോന്നും മദറിനെപ്പോലെ ആപത്ത് തൃണവല്‍ഗണിച്ച് മുന്നിട്ടിറങ്ങാനുള്ള ആഹ്വാനമല്ല. ഓരോരുത്തരും തന്നാലാവത് മദര്‍ സ്നേഹിച്ച, സേവിച്ച മനുഷ്യഗണത്തിനു വേണ്ടി ചെയ്യണമെന്ന് മദര്‍ ആഗ്രഹിക്കുന്നുണ്ടാകും, തീര്‍ച്ച.

മദര്‍ പറഞ്ഞു: As to my calling, I belong to the World. . എന്‍റെ ദൈവവിളി ഈ ലോകത്തിന്‍റെ വേദനകള്‍ക്കുള്ള പ്രതികരണമായിരിക്കണം; പ്രത്യുത്തരമായിരിക്കണം എന്ന് മദര്‍ പറയുമ്പോള്‍ തന്‍റെ ശുശ്രൂഷാദൗത്യം ദൈവേഛയനുസരിച്ച് ലോകത്തെവിടെയും നൊമ്പരപ്പെടുന്നവരിലായിരിക്കണം എന്ന് മദര്‍ മനസ്സാ നിശ്ചയിക്കുന്നുണ്ട്. അതിന് അതിര്‍വരമ്പുകളേതും - മതമോ ജാതിയോ വര്‍ണഭേദമോ ദേശഭേദങ്ങളോ ഒന്നുമില്ലാതെ  - ഇല്ല തന്നെ. ഇത്തരത്തിലുള്ള കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും മദറിനെ കൂടുതല്‍ ശക്തയാക്കുകയായിരുന്നു. മദറിന്‍റെ വാക്കുകള്‍ രാഷ്ട്രനേതാക്കള്‍ക്കുപോലും അവഗണിക്കാനാവാത്ത വിധം ശക്തിയും കാര്‍ക്കശ്യവുമാര്‍ന്നതായിരുന്നു. വേണ്ടിടത്ത്, വേണ്ട സമയത്ത് ഇടപെടുക എന്നത് മദര്‍ തെരേസയുടെ ചിന്തിച്ചുറച്ച പദ്ധതിയായിരുന്നു. അമേരിക്കയും ഇറാക്കും തമ്മിലുള്ള സംഘര്‍ഷകാലത്ത് ഇരു പ്രസിഡന്‍റുമാര്‍ക്കും മദര്‍ എഴുതി. ആ കത്തില്‍ ഒരു യുദ്ധം നിരാധാരമാക്കപ്പെടുന്ന ജനങ്ങളുടെ പരിതാപകരമായ അവസ്ഥ ദീര്‍ഘമായി പറഞ്ഞുകൊണ്ട് യുദ്ധത്തില്‍ നിന്നും പിന്മാറാനുള്ള ആഹ്വാനം ഒരു യാചനാരൂപത്തിലാണ് ഇരുവരോടും മദര്‍ നടത്തിയത്. അതിങ്ങനെയായിരുന്നു, "നാമെല്ലാം സ്നേഹിക്കുന്ന നമുക്കെല്ലാം അവകാശപ്പെട്ട ദൈവത്തിന്‍റെ പേരില്‍ നിരപരാധികള്‍ക്കു വേണ്ടി, ഈ ഭൂമിയിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി, യുദ്ധം മൂലം അഗതികളാകുന്നവര്‍ക്കു വേണ്ടി യാചിക്കുകയാണു ഞാന്‍. ദയവു ചെയ്ത് സമാധാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചാലും." തുടര്‍ന്ന് ആ കത്തില്‍ത്തന്നെ ഇരുനേതാക്കള്‍ക്കുമായി ഒരു താക്കീതും നല്കുന്നു. "നാമെല്ലാം ഭയപ്പെടുന്ന ഈ യുദ്ധത്തില്‍ തത്കാലത്തേക്ക് വിജയികളും പരാജിതരുമുണ്ടാകാം. പക്ഷേ നിങ്ങളുടെ ആയുധങ്ങള്‍ വരുത്തിവയ്ക്കുന്ന ക്ലേശങ്ങള്‍ക്കും വേദനയ്ക്കും ജീവനാശത്തിനും യാതൊരു ന്യായീകരണവുമില്ല." "വരും തലമുറ അഥവാ ചരിത്രം അവരെക്കുറിച്ച് എന്തു രേഖപ്പെടുത്തണം അതിനനുയോജ്യമായിരിക്കട്ടെ പ്രസിഡന്‍റുമാരുടെ പ്രവൃത്തി" എന്നു കൂടി മദര്‍ പറഞ്ഞുവയ്ക്കുന്നു. "നിങ്ങള്‍ ചെയ്ത നന്മയുടെ പേരില്‍ നിങ്ങളുടെ നാമം സ്മരിക്കപ്പെടുകയും ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു." ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന അമേരിക്കന്‍ പ്രസിഡന്‍റും പൊതുവെ ഒരു ഏകാധിപത്യസ്വഭാവം പുലര്‍ത്തിയിരുന്ന ഇറാക് പ്രസിഡന്‍റും യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ യുദ്ധം തിന്മയാണെന്നു പറയാന്‍ മദര്‍ സങ്കോചപ്പെടുന്നില്ല എന്നതാണു പ്രധാനം. ലോകം മുഴുവനുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കായി സൗമ്യമായ ഒരു മാതൃകയാവുകയാണ് മദര്‍.

സമാധാനത്തിനുള്ള ഈ ആഹ്വാനംപോലെ തന്നെ പ്രതിസന്ധികളില്‍ സഹായമെത്തിക്കാനും മദര്‍ രാഷ്ട്രനേതാക്കളെ സമീപിച്ചിട്ടുണ്ട്. ഒരിക്കല്‍ സഹായാഭ്യര്‍ത്ഥന നടത്തിയത് അമേരിക്കന്‍ പ്രസിഡന്‍റ് റീഗനോടായിരുന്നു. കത്തിനു നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്‍റ് റീഗന്‍ അടിയന്തരസഹായം ആവശ്യമുള്ള മേഖലകളില്‍ എത്രയും പെട്ടെന്ന് എത്തിക്കാമെന്ന് മദറിന് വാക്കു കൊടുത്തു. സഹായങ്ങളുടെ പ്രവാഹമായിരുന്നു പിന്നെ. അതുപോലെ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങി നാട്ടിലെയും വിദേശങ്ങളിലെയും ഭരണാധികാരികള്‍ എല്ലാവരും തന്നെ മദറുമായി സൗഹൃദത്തിലായിരുന്നു. മദറുമായി സൗഹൃദത്തിലായിരിക്കാന്‍ ഭരണാധികാരികള്‍ എല്ലാവരും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. മദറിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നേതാക്കളുടെ അന്തസ്സ് വര്‍ദ്ധിക്കുമായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ മദറിനു മുന്നില്‍ ഭരണകര്‍ത്താക്കള്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ് ചെയ്തിട്ടുള്ളത്. ഇതൊക്കെ മനസ്സിലാക്കിയിരുന്ന മദറിന്‍റെ ജീവചരിത്രകാരന്‍ നവീന്‍ ചൗള - മദറിനോടു ചോദിച്ചു "മദര്‍ തെരേസയാണ് ഈ ലോകത്തിലെ ഏറ്റവും ശക്തയായ വനിത എന്നു വന്നാലോ?" തന്‍റെ ഏറ്റവും വലിയ ആഗ്രഹമായ ലോകസമാധാനം എന്ന ആശയത്തിലൂന്നിയായിരുന്നു അതിന് മദര്‍ നല്കിയ മറുപടി. "അങ്ങനെയായാല്‍ കൊള്ളാമെന്നുണ്ട്. എങ്കില്‍ ഈ ലോകത്ത് സമാധാനം കൈവരുത്തുവാന്‍ എനിക്ക് കഴിയുമല്ലോ."

മദര്‍തെരേസയ്ക്ക് പുരസ്കാരം നല്കുന്ന വേദിയാണ്; പുരസ്കാരം സ്വീകരിച്ചുകൊണ്ട് മദറിന്‍റെ ലഘു പ്രസംഗം. പ്രസംഗത്തിനു മുമ്പ് പതിവു പ്രാര്‍ത്ഥന. സമാധാനത്തിനുവേണ്ടിയുള്ളത്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി രചിച്ചത്. പ്രസിദ്ധമായ ആ പ്രാര്‍ത്ഥനയുടെ പകര്‍പ്പുകള്‍ പങ്കെടുത്ത എല്ലാവരുടെയും കൈകളില്‍ നേരത്തെ വന്നെത്തിയിരുന്നു. പാവങ്ങളോടുള്ള ആര്‍ദ്രത, അവരെ ശുശ്രൂഷിക്കേണ്ടതിന്‍റെ അനിവാര്യത അതിലൂടെ ലഭിക്കുന്ന ആത്മനിര്‍വൃതി ഇതൊക്കെ പരാമര്‍ശിക്കുന്നതിനിടയില്‍ മദര്‍ ഹൃദയസ്പര്‍ശിയായ ഒരു സംഭവം പറഞ്ഞു. ഒരു ദിവസം മരണാസന്നയായ ഒരു സ്ത്രീയെ മദര്‍ നിര്‍മ്മലഹൃദയത്തിലേക്ക് കൊണ്ടുവന്നു. അവര്‍ക്ക് നല്കിയത് സ്നേഹമാണ്; സ്നേഹശുശ്രൂഷ! ആ സ്ത്രീയുടെ മുഖം പ്രസന്നമായി. മുഖത്ത് മൃദുലഭാവത്തില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ആ പുഞ്ചിരിയെക്കുറിച്ച്, തനിക്കു ലഭിച്ച ഏറ്റവും മനോഹരമായ മന്ദഹാസങ്ങളിലൊന്നായിരുന്നു അത് എന്നാണ് പറഞ്ഞത്. ആ സ്ത്രീ മദറിന്‍റെ കരം ഗ്രഹിച്ച് നെഞ്ചോടു ചേര്‍ത്തുവച്ചു. എന്നിട്ട് അവര്‍ പതുക്കെ പറഞ്ഞു, "നിങ്ങള്‍ക്കു നന്ദി." മദര്‍ അതിനെക്കുറിച്ച് പറയുന്നതിങ്ങനെ: "ആ സ്ത്രീ ചെയ്തത് ഒരു വലിയ കാര്യമാണ്. അവരുടെ നന്ദിപൂര്‍ണമായ സ്നേഹം എനിക്കു തന്നു." അതേ ആത്മനിര്‍വൃതി! കരുതലിലൂടെ ലഭിക്കുന്ന സുഖം. അതനുഭവിക്കണമെന്നുണ്ടോ - മദറിനെ ജീവിതത്തില്‍ പകര്‍ത്തുകതന്നെ വേണം.

സമാധാനത്തിനുള്ള നോബല്‍ സമ്മാനം മദറിന് നല്കിയ അവസരത്തില്‍ ലോകമെമ്പാടും മനുഷ്യമനസ്സുകളില്‍ നിറഞ്ഞ ചിന്ത ഇതായിരുന്നു. നോബല്‍ സമ്മാനം സമ്മാനിതമായി; നോബല്‍ സമ്മാനം മദര്‍ തെരേസയാല്‍ ആദരിക്കപ്പെട്ടു.

നോബല്‍ സമ്മാനമായി കോടികള്‍ നല്കപ്പെട്ടപ്പോഴും അതിലും മഹിതമായ മനുഷ്യത്വം, സഹജീവികളോടുള്ള പരിഗണന എന്നതിനാണ് മദര്‍ ഊന്നല്‍ നല്‍കുന്നത്. ഒരു ദിവസം മദറിന്‍റെ ഭവനത്തിനു പുറത്തുനിന്ന് ഉറക്കെയുറക്കെ ആരോ വിളിക്കുന്നു. "അമ്മാ, അമ്മാ." ഒരു യാചകനാണ്. മദറിനെ നേരില്‍ കാണണം. അയാളുടെ ആവശ്യം അതാണ്. താമസിച്ചില്ല മദര്‍ ആ മനുഷ്യന്‍റെ അടുത്തെത്തി. അപ്പോള്‍ ആ മനുഷ്യന്‍ തന്‍റെ കയ്യിലെ തകരപ്പാത്രത്തില്‍ നിന്നും ഏതാനും നാണയങ്ങള്‍ പെറുക്കിയെടുത്തിട്ട് മദറിനെ ഏല്പിച്ചിട്ട് പറഞ്ഞു: "ഇതാണിന്നത്തെ എന്‍റെ സമ്പാദ്യം.  അമ്മ ഇതു സ്വീകരിക്കണം." മദര്‍ തെല്ലൊന്നു ചിന്തിച്ചു. ഈ തുട്ടുകള്‍ സ്വീകരിച്ചാല്‍ ആ പാവം മനുഷ്യന്‍ പട്ടിണിയാകും. നിരസിച്ചാല്‍ ആ മനുഷ്യന്‍ സങ്കടപ്പെടും. ഒടുവില്‍ മദര്‍ ആ നാണയത്തുട്ടുകള്‍ സ്വീകരിക്കുകതന്നെ ചെയ്തു. അയാള്‍ മദറിന്‍റെ കൈകളില്‍ ചുംബിച്ചിട്ട് തിരികെ നടന്നു. ഈ സംഭാവനയെക്കുറിച്ചുള്ള മദറിന്‍റെ വാക്കുകളാണ് ശ്രദ്ധേയം. "അയാളുടെ കൈയിലുണ്ടായിരുന്നതെല്ലാം എനിക്കു തന്നു. ഇന്നു രാത്രി അയാള്‍ക്കു ഭക്ഷണമില്ല. നോബല്‍ സമ്മാനത്തേക്കാള്‍, ഇന്നേവരെ ലഭിച്ചിട്ടുള്ള മറ്റു പാരിതോഷികങ്ങളേക്കാള്‍ എനിക്കു വിലപ്പെട്ടതാണ് ഈ ദക്ഷിണ." ഇതാണ് മനുഷ്യമഹത്വത്തെക്കുറിച്ചുള്ള മദറിന്‍റെ ചിന്ത.

അങ്ങനെ അതിര്‍വരമ്പുകളില്ലാതെ ലോകം മുഴുവന്‍ അഗതികളെ ദൈവസ്നേഹത്താല്‍ ആശ്ലേഷിച്ച് മദര്‍ ശുശ്രൂഷാജീവിതം നയിച്ചു. വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.  അതിനുള്ള അംഗീകാരം എന്നുതന്നെ പറയട്ടെ 1962 ല്‍ മാഗ്സെസെ അവാര്‍ഡും 1971 ല്‍ ജോണ്‍ എഫ് കെന്നഡി അന്തര്‍ദ്ദേശീയ അവാര്‍ഡും 1979 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവുമൊക്കെ മദറിനെ തേടി എത്തി.

കുട്ടിക്കാലം മുതല്‍തന്നെ മദര്‍ വലിയ യേശുഭക്തയായിരുന്നു. ഈ അടിസ്ഥാനത്തിലാണ് As to my heart I belong to entirely to the heart of Jesus  എന്ന വാക്കുകള്‍ വിലയിരുത്തപ്പെടേണ്ടത്. അതുകൊണ്ടാണ് മദര്‍ പറയുന്നത് "എന്‍റെ ആദ്യസ്നേഹം യേശുവിന്‍റെ തിരുഹൃദയത്തോടായിരുന്നു." തന്‍റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്‍റെ അടിസ്ഥാനകാരണവും മദര്‍ കണ്ടെത്തുന്നതിങ്ങനെയാണ്. "യേശുവിനുവേണ്ടി മാത്രമാണ് ഞാനിതെല്ലാം ചെയ്യുന്നത്. യേശുവിന്‍റെ പ്ലാനും പദ്ധതിയുമാണ് എന്‍റെ അവസാനവാക്ക്." അതോടുകൂടി മദര്‍ ഇതുകൂടി ചേര്‍ക്കുന്നു: "ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ത്താവിനുവേണ്ടിയാണ്. ഞങ്ങളുടെ ആവശ്യങ്ങളും അവിടുന്നു നിറവേറ്റും. ഞങ്ങള്‍ എന്തെങ്കിലുമൊരു ജോലി ചെയ്യണമെന്ന് അവിടുന്ന് ഇച്ഛിക്കുന്നെങ്കില്‍ അവിടുന്നുതന്നെ അതിനുള്ള ഏര്‍പ്പാടുണ്ടാക്കും."

തിത്താഗറില്‍ മദര്‍ ഒരു കുഷ്ഠരോഗ ശുശ്രൂഷാകേന്ദ്രം നടത്തിയിരുന്നു. ആ കേന്ദ്രം അറിയപ്പെട്ടിരുന്നത് ഗാന്ധിജി പ്രേം നിവാസ് എന്നാണ്. ആ കേന്ദ്രത്തിന് എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്‍റെ പേര് നല്കിയത്? മദര്‍ ഗാന്ധിജിയെ മനസ്സിലാക്കി എന്നു പറയുന്നതിലും അനുയോജ്യമാകുക ഗാന്ധിജിയെ ഉള്‍ക്കൊണ്ടു എന്നു പറയുന്നതാകും. കാരുണ്യത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രഭവകേന്ദ്രങ്ങളായിരുന്നല്ലോ ഇരുവരും. ഭാരതീയ സംസ്കാരം, അതിന്‍റെ ശക്തിസ്രോതസ് - അതില്‍ ഊന്നിയായിരുന്നല്ലോ ഗാന്ധിജിയുടെ ലോകവീക്ഷണം. ആ സാര്‍വ്വലൗകിക വീക്ഷണം തന്നെയായിരുന്നല്ലോ മദര്‍ തെരേസായുടെയും. രണ്ടുപേരും മനുഷ്യാത്മാക്കളെ സ്വാധീനിച്ചവര്‍. രണ്ടപേരും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടവര്‍. ഇരുവരുടെയും ലക്ഷ്യവും ഒന്നുതന്നെ, സാധുജനോദ്ധാരണം. അങ്ങനെ സഹനത്തിലും സേവനത്തിലും സമ്പന്നരായവര്‍. അതുകൊണ്ടുതന്നെ ജീവിക്കുന്ന വിശുദ്ധ എന്ന് ജീവിതകാലത്തു തന്നെ മദര്‍ അറിയപ്പെട്ടു. അതുകൊണ്ടു തന്നെയാണല്ലോ ഗാന്ധിജിയെ 'മഹാത്മാ' എന്ന് രവീന്ദ്രനാഥ ടാഗോര്‍ വിളിച്ചതും. ഭാരതത്തിന്‍റെ അതുല്യരായ രണ്ട് മഹാത്മാക്കള്‍ ഗാന്ധിജിയും മദര്‍തെരേസയും.

കാലങ്ങള്‍ കടന്നപ്പോള്‍ മദര്‍ തെരേസ രോഗിണിയും പരിക്ഷീണിതയുമായി. നേതൃസ്ഥാനത്തേക്ക് പുതിയൊരാള്‍ വരേണ്ടത് അനിവാര്യമായി. സഹോദരിമാര്‍ ഒത്തുകൂടി തെരഞ്ഞെടുത്തു കൂട്ടത്തില്‍ മുതിര്‍ന്ന, മദര്‍ തെരേസയുടെ സന്തതസഹചാരിയായിരുന്ന സിസ്റ്റര്‍ നിര്‍മ്മലയെ. സി. നിര്‍മ്മല ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു, മദര്‍ എന്ന സ്ഥാനപ്പേരൊഴികെ. തന്നെ മദര്‍ എന്നു വിളിക്കുവാന്‍ സിസ്റ്റര്‍ നിര്‍മ്മല ആരെയും അനുവദിച്ചില്ല. സിസ്റ്റര്‍ നിര്‍മ്മല പറഞ്ഞു "മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഒരേയൊരു മദര്‍ മാത്രമേയുള്ളു - മദര്‍ തെരേസ; അത് എന്നും അങ്ങനെതന്നെയായിരിക്കും."

ഫ്രാന്‍സിസ് പാപ്പ ഈ കാരുണ്യവര്‍ഷത്തില്‍ മദര്‍ തെരേസയെ വിശുദ്ധയെന്നു നാമകരണം ചെയ്തു. തിരുസ്സഭയുടെ പരശതം വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി, വണങ്ങുവാനും കല്പിച്ചു. എന്തായിരിക്കാം ആ കല്പനയില്‍ അന്തര്‍ലീനമായിരിക്കുന്നത്? വിശുദ്ധയുടെ തിരുസ്വരൂപത്തിനു മുന്നില്‍ തിരി കത്തിച്ച് മുട്ടില്‍നിന്ന് മാദ്ധ്യസ്ഥം യാചിക്കുന്നതുപോലെ തന്നെ പ്രധാനമാണ് നൊമ്പരങ്ങളുടെ ലോകത്തേക്ക് വിശ്വസ്തതയോടെ, വിശ്വാസത്തോടെ ഹൃദയം തുറക്കുവാനും, ദൈവകരുണയില്‍ മനം തുടിക്കുവാനും നമുക്കൊരു വിശുദ്ധ മാതൃക ലഭിക്കുകയെന്നത്. ആ മാതൃക അനുദിനജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുക എന്നത്. അതുകൊണ്ട് കല്‍ക്കത്തയിലെ വിശുദ്ധ തെരേസ പുണ്യവതിക്ക് പ്രണാമം അര്‍പ്പിക്കുന്നതിന്, വണങ്ങുന്നതിന് ആ പുണ്യവതിയുടെ ആപ്തവാക്യത്തിനൊത്ത് ജീവിതം കരുപ്പിടിപ്പിക്കാം. "ഹൃദയം നൊമ്പരപ്പെടുന്നതു വരെ സ്നേഹിക്കാം." പുണ്യവതിയെക്കുറിച്ചുള്ള ആദരവും സ്നേഹവും നിലനിറുത്തുന്നതിന് ഓരോരുത്തരും അനുവര്‍ത്തിക്കേണ്ട ജീവിതശൈലിയാണ് പരിശുദ്ധ പാപ്പയുടെ വാക്കുകളില്‍. ആ വാക്കുകള്‍ ലോകത്തെ നയിക്കട്ടെ. "മാതൃസ്നേഹത്തിന്‍റെ മൂര്‍ത്തീഭാവവും പാവപ്പെട്ടവരുടെ ശക്തയായ വക്താവുമായിരുന്നു മദര്‍ തെരേസ. നമുക്ക് വിശുദ്ധ തെരേസ എന്നു വിളിക്കുന്നതിനേക്കാള്‍ ഇഷ്ടം അമ്മ എന്നു വിളിക്കാനായിരിക്കും. കാരണം അവരുടെ വിശുദ്ധി നമ്മോട് അത്രത്തോളം അടുത്തു നില്‍ക്കുന്നു. നമുക്ക് മദര്‍ തെരേസയുടെ പുഞ്ചിരി ഹൃദയത്തിലേറ്റാം; നമ്മുടെ ജീവിതയാത്രയില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം."-ഫ്രാന്‍സീസ് പാപ്പ.

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts