news-details
മറ്റുലേഖനങ്ങൾ

കുടുംബങ്ങളുടെ ആത്മീയത

'പ്രണയത്തിന്‍റെ ആനന്ദമാണ് കുടുംബം രണ്ടുപേര്‍ പ്രണയത്തിലാകുകയും, കുടുംബം ഉണ്ടാക്കുവാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ദൈവത്തിന്‍റെ സ്വപ്നത്തില്‍ പങ്കുചേരുന്നു."  ഫ്രാന്‍സീസ് പാപ്പ.

പ്രണയികള്‍ ദൈവത്തോടു കൂട്ടുചേര്‍ന്ന് പ്രകൃതിയുടെ തുടര്‍ച്ചയില്‍ പങ്കാളികളാകുന്ന പ്രക്രിയയുടെ പേരാണു കുടുംബം. ലോകത്തെ സ്നേഹത്തിലേക്ക് മെരുക്കിയെടുക്കുന്ന വലിയ പരീക്ഷണശാലയാണത്.

രണ്ടു വ്യക്തികളെ ഉരുക്കി ഒന്നാക്കിത്തീര്‍ക്കുന്ന കുളിരുള്ള അഗ്നിയാണ് പ്രണയം. അതിനാല്‍ രണ്ടുപേര്‍ ചേര്‍ന്നുണ്ടാകുന്ന കുടുംബത്തിന്‍റെ ആത്മീയത പ്രണയമാണ്. കരുതലാണ് അതിന്‍റെ ഭാവം. സ്നേഹമാണ് അതിന്‍റെ രീതി. ദൈവം സ്നേഹമാണ് എങ്കില്‍ ദൈവത്തോട് ചേര്‍ത്തു പറയുന്ന, ദൈവത്തോട് കൂട്ടു കൂടുന്ന ആത്മീയത എന്ന പദം ഏറ്റവും അന്വര്‍ത്ഥമാകുന്നത് കുടുംബം എന്ന പദത്തോട് ചേരുമ്പോഴാണ്.

നിലവിലുള്ള ആത്മീയതയില്‍ കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടു. ബ്രഹ്മചര്യം പാലിക്കുന്ന സന്യസ്തരും പുരോഹിതരും ആത്മീയതയുടെ അവകാശികളായപ്പോള്‍ അവര്‍ നിശ്ചയിക്കുന്ന വാക്ധോരണികളും അനുഷ്ഠാനങ്ങളുമായി കുടുംബത്തിന്‍റെ ആത്മീയത, പാപവും പാപപരിഹാരത്തിനുള്ള പ്രായശ്ചിത്തങ്ങളുമായി മാറി കുടുംബസ്ഥരുടെ ദൈവവുമായുള്ള ബന്ധം. ഈ ഘട്ടത്തിലാണ് ഫ്രാന്‍സീസ് പാപ്പയുടെ 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനം ശ്രദ്ധേയമാകുന്നത്. ഇവിടെ ഗൃഹസ്ഥാശ്രമിയുടെ ആത്മീയതയെ പറ്റി ചിന്തിക്കുന്നു. കുടുംബ ജീവിതത്തെയും അതിന്‍റെ ബന്ധങ്ങളില്‍ വളരുന്ന 'സവിശേഷമായ' ആത്മീയതയേയും അതിന്‍റെ സ്വഭാവത്തേയും മുന്‍വിധികള്‍ ഇല്ലാതെ പാപ്പ വിവരിക്കുന്നുണ്ട്. ക്രിസ്തുകേന്ദ്രിതമായ ഒരു കുടുംബത്തെ പാപ്പ തുറന്ന ഹൃദയത്തോടെ കാണുന്നു. മനഃസാക്ഷിക്ക് പ്രാധാന്യം നല്കാനും നിയമങ്ങള്‍ പ്രശ്നപരിഹാരങ്ങള്‍ക്ക് തടസ്സമാകരുതെന്നും ദ്രോഹപരമാകരുതെന്നും പാപ്പ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഏറ്റവും തകര്‍ക്കപ്പെട്ടിടത്ത് സ്നേഹം കൊണ്ട് ചേര്‍ത്തു പിടിക്കുന്നതാണ് നസ്രത്തിലെ ദൈവം പിറന്ന കുടുംബം. തിരുക്കുടുംബം എന്നാണ് നമ്മള്‍ അതിനെ വിളിക്കുന്നത്. ആ കുടുംബമാണ് ഭൂമിയിലെ എല്ലാ കുടുംബങ്ങള്‍ക്കും മാതൃക. ദൈവം, വിശ്വാസം, ഇവ ഒരു ഇരുണ്ട രാത്രിയായി മാറിയ യൗസേപ്പിനോടും മറിയത്തോടും ഒപ്പമാണ്. നോക്കൂ ആ കുടുംബത്തിന് നമ്മുടെ ആദര്‍ശകുടുംബവുമായി ഒരു ബന്ധവുമില്ല.

വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ഭര്‍ത്താവറിയാതെ ഗര്‍ഭിണിയാകുന്നു. അവളുടെ പ്രതിശ്രുതവരന് ചെയ്യാന്‍ കഴിയുന്ന നന്മ ഒളിച്ചോടുകയാണ്. അയാള്‍ രാത്രിയില്‍ ഒളിച്ചോടുന്നു. പക്ഷേ വിധി അയാളെ തിരികെ കൊണ്ടുവരുന്നു. അവര്‍ ഒരു കുടുംബമായി ജീവിക്കുന്നു. ബൈബിള്‍ ഒരാളെ മാത്രമേ നീതിമാന്‍ എന്നു വിളിക്കുന്നുള്ളു. നീതിമാനായ ജോസഫ്. അയാള്‍ ഭാര്യയെയും തന്‍റേതല്ലാത്ത കുഞ്ഞിനെയും ചേര്‍ത്തു പിടിക്കുന്നു. സകല ദുരിതങ്ങളും സ്വന്തം ചുമലില്‍ ഏറ്റുവാങ്ങുന്നു. അവര്‍ പിന്നീട് രണ്ടല്ല; ഒന്നാണ്. "നിങ്ങളില്‍ രണ്ടു പേര്‍ ഒരേ മനസ്സോടെ ഒരു കാര്യം ചോദിച്ചാല്‍ നിങ്ങളുടെ ദൈവം നിങ്ങള്‍ക്കതു തരും എന്നാണ്." ദാമ്പത്യമാണ് അത്. അവിടെ അവര്‍ രണ്ടല്ല ഒരു ശരീരമാണ്. മനുഷ്യര്‍ വിളിക്കുന്നു; ദൈവം വിളി കേള്‍ക്കുന്നു. ആത്മീയതയുടെ സൗന്ദര്യം അങ്ങനെ കുടുംബത്തില്‍ പൂര്‍ണ്ണമാകുന്നു. അതുകൊണ്ടാണ് ജീവിതദുരിതങ്ങള്‍ നടന്നുകയറാന്‍ അവര്‍ക്കു ശക്തിയുണ്ടാകുന്നത്. ഒരാള്‍ തളരുമ്പോള്‍ മറ്റെയാള്‍ ദൈവത്തിന്‍റെ മടിത്തട്ടായി തീരുന്നത്. ഫ്രാന്‍സീസ് പാപ്പാ കുടുംബങ്ങളുടെ ഈ ആത്മീയസ്ഥൈര്യം കണ്ടെത്തുന്നു. അദ്ദേഹം അതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു. "പരസ്പരം കരുതലുള്ള, പരസ്പരം ആശ്വസിപ്പിക്കുന്ന, പരസ്പരം പ്രചോദിപ്പിക്കുന്ന ആത്മീയതയാണ് കുടുംബത്തിന്‍റെ ആത്മീയത."

അച്ചടിച്ചു വെച്ച പ്രാര്‍ത്ഥനകള്‍ അവിടെ നിഷ്ഫലമാകും. അവിടെ പ്രാര്‍ത്ഥന ചിലപ്പോള്‍ ഭക്ഷണമേശക്കു ചുറ്റും ഇരുന്ന് സ്നേഹത്തോടെയുള്ള പങ്കു വയ്ക്കലാകും. ചിലപ്പോള്‍ ഭയപ്പെട്ടു പോകുന്ന ഒരാളുടെ കൈ ചേര്‍ത്തുപിടിക്കലാകും. ചിലപ്പോള്‍ ഒന്നിച്ചു സഞ്ചരിക്കുന്ന ഓര്‍മ്മയാകും. അല്ലെങ്കില്‍ ഒരു കൂട്ടച്ചിരിയാകും; ഒരു പൊട്ടിക്കരച്ചിലാകും. രോഗിയാകുന്ന ആളെ അടുത്തിരുന്ന് സ്നേഹപൂര്‍വ്വം പരിചരിക്കലാകും. എല്ലാ പരിഭവങ്ങളും പിണക്കങ്ങളും കലഹങ്ങളും അഴിഞ്ഞുവീഴുന്ന ഉടലിന്‍റെ കൂടിച്ചേരലാകും; വൈകി എത്തുന്ന അതിഥിക്കു വേണ്ടി കരുതിവെക്കുന്ന ഒരു പിടി ചോറാകും. അയല്‍പക്കങ്ങളിലെ സാന്ത്വന സന്ദര്‍ശനമാകും.

ദൈവം അവര്‍ക്ക് സ്തുതികളില്‍ വാഴുന്ന രാജാധിരാജനല്ല. എല്ലാ പ്രവൃത്തികളിലും എല്ലായ്പ്പോഴും കുടെയുള്ള ശക്തിയാണ്. എന്‍റെ ദൈവമേ എന്നോര്‍ത്തുകൊണ്ടാണ് ഓരോരുത്തരും മറ്റൊരാളെ പ്രിയപ്പെട്ടതായി കരുതുന്നത്. അച്ഛനും അമ്മയും മക്കളും പരസ്പരം എത്രമാത്രം ശ്രദ്ധയുള്ളവരാകുന്നു. അത് അനുനിമിഷം ശക്തമാണ്. അത് ആരും മണിയടിച്ചും വാങ്ക് വിളിച്ചും ഓര്‍മ്മിപ്പിക്കേണ്ടതല്ല.

ശരീരം ദേവാലയമാണെന്നു പഠിപ്പിച്ചത് യേശുക്രിസ്തുവാണ്. ജെറുസലേം ദേവാലയത്തെ നോക്കി ഈ ദേവാലയം കല്ലിന്‍മേല്‍ കല്ല് ശേഷിക്കപ്പെടാതെ തകര്‍ക്കും. മൂന്നാം നാള്‍ ഞാനത് പുനര്‍നിര്‍മ്മിക്കും എന്നു പറഞ്ഞത് സ്വന്തം ശരീരത്തെക്കുറിച്ചായിരുന്നു എന്നാണ് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യര്‍ വസിക്കുന്ന ഓരോ വീടും ദേവാലയമാണ്. ആ തിരിച്ചറിവാണ് ഗൃഹസ്ഥര്‍ക്ക് ഉണ്ടാകേണ്ടത്. ആ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത്. ആ ദൈവസാന്നിധ്യമാണ് എത്ര കലഹങ്ങള്‍ക്കു ശേഷം പാതിരാത്രി കഴിഞ്ഞ് അവര്‍ക്ക് കെട്ടിപ്പിടിച്ചു കരയാന്‍ കഴിയുന്നത്. കുടുംബങ്ങളില്‍ അല്പമായി വേര്‍പാടുകള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ ആകുലപ്പെടുന്നു. ധ്യാനം കൊണ്ടും കണ്‍വെന്‍ഷനുകള്‍ കൊണ്ടും കൂടുതല്‍ നേരത്തെ പ്രാര്‍ത്ഥനകള്‍ കൊണ്ടും അത് ശരിയാക്കാം എന്ന്. എന്നാല്‍ കുടുംബങ്ങള്‍ സൗന്ദര്യമുള്ളതാകണമെങ്കില്‍ സ്നേഹത്തിലേക്ക് തിരിച്ചു നടക്കണമെങ്കില്‍ കുടുംബങ്ങളുടെ ആത്മീയത കണ്ടെത്തേണ്ടതുണ്ട്. അത് ഓരോ കുടുംബത്തിനും അതിന്‍റെ സാഹചര്യമനുസരിച്ച് രൂപപ്പെടേണ്ടതാണ്. അച്ചടിച്ച് അംഗീകരിച്ച പ്രാര്‍ത്ഥനകള്‍ അതിനു തികയാതെ വരും. കുടുംബാംഗങ്ങളുടെ ആത്മീയത ബലപ്പെടുത്താന്‍ കുടുംബങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന തുറന്ന ഒരു അന്വേഷണമാണ് പുസ്തകത്തില്‍ പാപ്പ നടത്തുന്നത്. "കുടുംബം മാനുഷികവും ദൈവികവുമായതിനെ ഒന്നിച്ചു ചേര്‍ക്കുന്നു."പ്രകാശിതമായ സ്ഥാനം സൃഷ്ടിക്കുന്നു." (സ്നേഹത്തിന്‍റെ ആനന്ദം)

കുടുംബത്തില്‍ ഒന്നിച്ചുള്ള പ്രവൃത്തികള്‍ ഒന്നിച്ചുള്ള പ്രാര്‍ത്ഥന പോലെ തന്നെ ആത്മീയമാണ്. പരസ്പരം സ്നേഹപൂര്‍വ്വമുള്ള ഒരു നോട്ടം കൊണ്ട്, ചുംബനം കൊണ്ട്, ആശ്ലേഷം കൊണ്ട് എല്ലാം ദൈവസ്നേഹത്തിന്‍റെ പ്രതിഫലനം രൂപപ്പെടുത്താന്‍ കുടുംബത്തിനു ഏറെ സ്വഭാവികമായി കഴിയുന്നു. ആരും ഒറ്റക്കല്ല എന്ന തോന്നലാണ് കുടുംബ ആത്മീയതയുടെ കരുത്ത്

പാപ്പ പറയുന്നു: "നാം സ്നേഹിക്കുന്നവരെ ദൈവത്തിന്‍റെ കണ്ണുകള്‍ കൊണ്ടു ധ്യാനിക്കുകയും അവരില്‍ ദൈവത്തെ കാണുകയും ചെയ്യുന്ന ആഴമേറിയ ആധ്യാത്മിക അനുഭവമാണ് ഓരോ പ്രണയവും ദാമ്പത്യവും".

"ഞാന്‍ നിനക്ക് എന്തു ചെയ്യണം എന്ന ക്രിസ്തുവാക്യമാണ് കുടുംബത്തില്‍ ഓരോരുത്തരും പരസ്പരം ചോദിക്കുന്നത്. കുടുംബത്തിന്‍റെ അനുദിനജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ആത്മീയ ആനന്ദമാണത്. ഒരാള്‍ എന്താണോ അതിവിടെ എല്ലാവര്‍ക്കും അറിയാം ഓരോരുത്തര്‍ക്കും വേണ്ടത് എന്തെന്നും എല്ലാവര്‍ക്കും അറിയാം. വീട്ടിലെ അംഗങ്ങള്‍ എല്ലാം ഒരു പോലെ പ്രധാനമാണ്. ഒരാള്‍ക്ക് പനി വന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് എല്ലാവരും ആ പനിക്കിടക്കക്ക് ചുറ്റും കൂടുന്നു. ഒരാളുടെ വിജയത്തില്‍ എല്ലാവരും ആഹ്ലാദിക്കുന്നു. തോല്‍വിയില്‍ എല്ലാവരും പങ്കു ചേരുന്നു. അമൂര്‍ത്തമായ ആധ്യാത്മികത കുടുംബത്തിന്‍റെ കൂടിച്ചേരലില്‍ മൂര്‍ത്തമാകുന്നു" എന്നാണ് "സ്നേഹത്തിന്‍റെ സന്തോഷം" എന്ന പ്രബോധനത്തില്‍ പാപ്പ പറയുന്നത്. കുടുംബത്തിന്‍റെ ആത്മീയതയെ പാപ്പ ഇങ്ങനെ വിവരിക്കുന്നു.

"പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ദമ്പതികള്‍ വിശുദ്ധിയില്‍ വളരുന്നു. ക്രിസ്തുവിന്‍റെ കുരിശിന്‍റെ രഹസ്യത്തില്‍ പങ്കു ചേരുന്നു. കുരിശിന്‍റെ രഹസ്യം പ്രയാസങ്ങളെയും സഹനങ്ങളെയും സ്നേഹമാക്കി മാറ്റുന്നു. സന്തോഷത്തിന്‍റെയും വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും ലൈംഗികതയുടെയും നിമിഷങ്ങളെ ഉത്ഥാനത്തിന്‍റെ പൂര്‍ണ്ണജീവിതത്തിലുള്ള പങ്കെടുക്കലായി അനുഭവിക്കാം. വിവാഹിതരായ ദമ്പതികള്‍ വ്യത്യസ്തങ്ങളായ അനുദിന പ്രവൃത്തികള്‍ കൊണ്ട് ഉത്ഥിതനായ കര്‍ത്താവിന്‍റെ നിഗൂഢസാന്നിദ്ധ്യം അനുഭവിക്കുന്നു. കുടുംബത്തോട് ഇത്രമാത്രം പ്രണയാര്‍ദ്രമായൊരു സഭാപഠനം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. എല്ലാ 'അല്മായരും' വായിച്ചിരിക്കേണ്ട പ്രബോധനരേഖയാണ് 'സ്നേഹത്തിന്‍റെ ആനന്ദം'.

ഇങ്ങനെയൊക്കെ ആണെങ്കിലും കുടുംബത്തില്‍ ഓരോ വ്യക്തിയും മറ്റേ വ്യക്തിക്ക് പരിശുദ്ധാത്മാവില്‍ നിന്നുള്ള സ്ഥിരമായ വെല്ലുവിളിയാണ് അതു മനസ്സിലാക്കുക എന്നതാണ് പ്രധാനം എന്നും പാപ്പാ ആ പ്രബോധനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കുടുംബസ്ഥരായ രണ്ടു പേര്‍ക്കിടയില്‍ നിന്ന് പ്രണയം ഒഴിഞ്ഞു പോകുമ്പോള്‍ ദൈവവും ഒഴിഞ്ഞു പോകുന്നു. അപ്പോള്‍ സ്വാഭാവികമായും അതു കുടുംബമല്ലാതാകുന്നു. പ്രണയമില്ലാതെ രണ്ടു പേര്‍ ഒന്നിച്ചു ജീവിക്കുന്നത് വലിയ അപകടമാണ്. അവിടെ ദൈവസാന്നിദ്ധ്യമോ ആത്മീയതയോ ഉണ്ടാകുകയില്ല. യാതൊരു കാരണവശാലും തങ്ങള്‍ക്കിടയില്‍ പ്രണയം ഇനി സാധ്യമല്ലെന്നു വരുമ്പോള്‍ അവരുടെ കുടുംബം എന്ന സാമൂഹ്യമായ കരാര്‍ സ്വയം ഇല്ലാതാവുകയും ചെയ്യും എന്ന യാഥാര്‍ത്ഥ്യം പാപ്പ അംഗീകരിക്കുന്നുണ്ടെങ്കിലും വിവാഹമെന്ന കൂദാശയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് മറ്റു പുരോഹിതശ്രേഷ്ഠര്‍ അതു തള്ളിക്കളയുകയുണ്ടായി. തീര്‍ച്ചയായും തങ്ങള്‍ക്കിടയില്‍ ഇനി പ്രണയം സാധ്യമല്ലെന്ന് രണ്ടുപേരും തിരിച്ചറിയുമ്പോള്‍ അവര്‍ ഒരുമിച്ചു നിന്ന് സ്വയം നരകം സൃഷ്ടിക്കുന്നതിനേക്കാള്‍ നന്ന് വേരിപിരിയുകയാണ്.  പ്രണയം ഒരു സാധ്യതയാണ്. അത് ആരോടും സമ്മതം

ചോദിക്കാതെയാണ് കയറിവരുന്നത്. അതിനെ നിലനിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചില്ലെങ്കില്‍ അത് തനിയെ ഇറങ്ങിപ്പോകുകയും ചെയ്യും. പ്രണയികള്‍ക്ക് ഈ തിരിച്ചറിവ് നല്കുകയും പ്രണയത്തെ അവര്‍ക്കിടയില്‍ നിലനിര്‍ത്താന്‍ കുടുംബത്തിന്‍റേതായ സ്വഭാവികമായ ഒരു ആത്മീയത നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുമാണ്. പാപവും പാപബോധത്തിനും അപ്പുറം സ്നേഹത്തിന്‍റെ വിശ്വാസത്തിന്‍റെ പ്രത്യാശയുടെ ആത്മീയതയായിരിക്കണം അത്. കുടുംബത്തിന് ആത്മീയത ഉണ്ടെന്നും അത് പൗരോഹിത്യത്തിനും സന്യാസത്തിനും തുല്യമാണെന്നും അഥവാ അതിനേക്കാള്‍ ഉന്നതമാണെന്നും പറഞ്ഞുവെക്കുന്ന പ്രബോധനമാണിത്. കുടുംബത്തിന്‍റെ അന്തസ്സ് സഭയിലും സമൂഹത്തിലും വ്യക്തിയിലും ഉയര്‍ത്തിപ്പിടിക്കുന്ന ദൈവത്തിനു മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു ആത്മാവ് തനിക്കുമുണ്ടെന്ന് ഓരോ അല്മായനെയും ബോധ്യമാക്കുന്ന പ്രബോധനമാണിത്.

ഞാന്‍ ദൈവത്തോടൊപ്പം സ്വപ്നം കാണുകയും ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ പങ്കാളിയാകുകയും ചെയ്യുന്നു എന്ന് ഓരോ ഇണയെയും ധൈര്യപ്പെടുത്തുന്നുണ്ട് ഈ അപ്പസ്തോലിക പ്രബോധനം. അല്മായന്‍റെ ആത്മവിശ്വാസം വലിയൊരു മാറ്റത്തിന് കാരണമാകും എന്നതില്‍ സംശയമില്ല.

സ്വന്തം സ്വത്വത്തില്‍ - ആത്മീയതയില്‍ അഭിമാനമുള്ള ഒരു വ്യക്തിക്കാണ് ഭൂമിയില്‍ തല ഉയര്‍ത്തി നില്ക്കാന്‍ കഴിയുക. വീണു പോയവരെ എഴുന്നേല്‍പ്പിച്ച് തന്നോടൊപ്പം നിര്‍ത്താന്‍ കഴിയുക. തീര്‍ച്ചയായും അവര്‍ കാണുന്നത് പുതിയ ആകാശവും പുതിയ ഭൂമിയും ആയിരിക്കും. 

(ഫ്രാന്‍സീസ് പാപ്പയുടെ 'The Joy of Love' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വായനാനുഭവം)

 

You can share this post!

അറിവിന്‍റെ അലിവില്‍ നിറയുമ്പോള്‍

ഷൗക്കത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts