news-details
കഥപറയുന്ന അഭ്രപാളി

ലാളിത്യമാണ് ഡാര്‍ഡീന്‍ സഹോദരന്മാരുടെ മുഖമുദ്ര. കുറഞ്ഞ മുതല്‍മുടക്കില്‍, വളരെക്കുറച്ച് കഥാപാത്രങ്ങളോടു കൂടി ലഭ്യമായ തീരെ ചെറിയ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചിന്തോദ്ദീപകങ്ങളായ സന്ദര്‍ഭങ്ങള്‍ സ്ക്രീനില്‍ ആവിഷ്കരിക്കുകയാണ് ബെല്‍ജിയത്തില്‍ നിന്നുള്ള ഈ സിനിമാ സഹോദരന്മാരുടെ രീതി. പ്രായം കൂടി വരുംതോറും കലാകാരന്‍റെ സര്‍ഗ്ഗശേഷിയും കൂടിവരും എന്ന അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് സിനിമയില്‍ അന്നോളമിന്നോളം അവര്‍ ഒരുമിച്ച് കാഴ്ചവച്ചിട്ടുള്ളത്. 1996 -ല്‍ പുറത്തിറങ്ങിയ "La Promesse" എന്ന സൃഷ്ടിയാണ് മുഖ്യധാരാ സിനിമാപ്രസ്ഥാനത്തില്‍ അവര്‍ക്ക് അടിയുറപ്പുള്ള ഒരു സ്ഥാനം നേടിയെടുത്തത്. രണ്ടു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം പിറന്ന 'Rosetta' ആകട്ടെ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ Palme d’or പുരസ്കാരത്തിന് അര്‍ഹമായതും അവരുടെ രാജ്യത്തിനു തന്നെ ഒരു പ്രഥമനേട്ടമായി മാറി.

ആദ്യ ചിത്രത്തെ അപേക്ഷിച്ച് വ്യക്തമായ ഒരു തിരക്കഥയോ കഥാപശ്ചാത്തലമോ ഉള്ള ഒരു ചലച്ചിത്രമായിരുന്നില്ല 'Rosetta'. സുസ്ഥിരമായ ഒരു തൊഴിലിന് അവസരം ലഭിക്കാതെ പോകുന്ന റോസെറ്റ എന്ന പതിനേഴുകാരിയുടെ സംഘര്‍ഷപൂരിതമായ ജീവിതത്തിലെ ചില ഏടുകള്‍ മാത്രമാണ് ഈ ചലച്ചിത്രം. സിനിമയുടെ ആദ്യരംഗത്തില്‍ തന്നെ നമ്മള്‍ കാണുക, ഒരു കാരണവും കൂടാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ട മാനേജരോടും പോലീസുകാരോടും മല്ലിട്ട് ആ പരിസരം വിടാന്‍ തയ്യാറാവാതെ നില്‍ക്കുന്ന റോസെറ്റയെയാണ്. ഗംഭീരമായ ഒരു കലഹം തന്നെ അവിടെ നടക്കുന്നുണ്ട്. എന്തു കാരണത്താലാണ് തന്നെ ഇത്രവേഗം പിരിച്ചുവിടുന്നത് എന്ന റോസെറ്റയുടെ ചോദ്യത്തെ നിന്‍റെ ട്രയല്‍ പീരീഡ് കഴിഞ്ഞു എന്ന ഹ്രസ്വവും നിസ്സാരവുമായ മറുപടിയില്‍ മാനേജര്‍ ഒതുക്കുമ്പോള്‍ അവിടുത്തെ യുവാക്കളുടെ ജീവിതം എത്രത്തോളം അസ്ഥിരവും അരക്ഷിതവുമാണെന്ന ബോധ്യത്തിലേക്കാണ് സംവിധായകന്‍ വിരല്‍ ചൂണ്ടുന്നത്.

ബസ്സിലിരുന്ന് ലഘുഭക്ഷണം വാശിയോടെ നുണഞ്ഞ് അവള്‍ വീട്ടിലേക്കു മടങ്ങുന്നു. വീടെന്നു പറയുന്നതില്‍ തെറ്റില്ലെങ്കിലും അവള്‍ പാര്‍ക്കുന്നത് ഒരു കാരവാനിലാണ്. കൂട്ടിന് അവള്‍ക്ക് മദ്യാസക്തയായ അമ്മ മാത്രമേയുള്ളു. ആല്‍ക്കഹോളിക് ആയ ആ സ്ത്രീയാകട്ടെ വാടകക്കുടിശ്ശികകള്‍ തീര്‍ക്കുന്നതിനും മറ്റുമായി സ്വന്തം ശരീരം തന്നെ മറ്റുള്ളവര്‍ക്കു കൊടുത്ത് തന്നാലാവുന്നതു ചെയ്യുന്നു. അവരുണ്ടാക്കുന്ന കമ്പിളി വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്നതാണ് ഇക്കാലയളവില്‍ മറ്റൊരു വരുമാനം. വില്പനയോടൊപ്പം റോസെറ്റ തൊഴില്‍ തേടലും ഒരു ശീലമാക്കുകയാണ്.

ഒരു വേഫില്‍ സ്റ്റോറില്‍ വച്ച് റിക്കെ എന്ന യുവാവിനെ അവള്‍ കണ്ടുമുട്ടുന്നതോടെയാണ് സിനിമയ്ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നത്. സ്വന്തം പ്രാരാബ്ധങ്ങള്‍ക്കും പ്രതിസന്ധകിള്‍ക്കുമിടയില്‍ സ്നേഹബന്ധങ്ങള്‍ക്ക് അവള്‍ അല്പംപോലും പരിഗണന നല്‍കിയിരുന്നില്ല. തന്‍റെ ജീവിതം ഒരു ആവരണത്തിനുള്ളില്‍ ഒതുക്കാനാണ് അവള്‍ എപ്പോഴും ശ്രമിക്കുന്നത്.

ദിവസവും വൈകിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്നതുപോലും പാത്തും പതുങ്ങിയുമാണ്. സാഹചര്യങ്ങള്‍ അവളെ അങ്ങനെ ജീവിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അതുകൊണ്ടു തന്നെയാവണം ഒരു പകല്‍ റിക്കെ അവളുടെ താമസസ്ഥലം അന്വേഷിച്ചു കണ്ടെത്തി വന്നപ്പോള്‍ അവള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതും. എന്നാല്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു ജോലി ഒഴിവുണ്ടെന്ന് അറിയിക്കാനാണ് അവന്‍ വന്നത്. ആ ജോലിയില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും റോസെറ്റയുടെ ജീവിതത്തിന് പതിവിലേറെ ലാഘവം കൈവരികയും ചെയ്യുന്നു. അപ്പോള്‍ അവള്‍ അമ്മയെ ഒരു റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക്  അയയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു. എന്നാല്‍ മകളുടെ കടുംപിടുത്തങ്ങളോട് അല്പംപോലും യോജിക്കാന്‍ കഴിയാതിരുന്ന അമ്മ വീട്ടില്‍നിന്നും ഓടിപ്പോകുകയാണ്. ആ രാത്രി തനിച്ചാകുന്ന റോസെറ്റ റിക്കെയുടെ വീട്ടില്‍ തങ്ങാന്‍ തീരുമാനിക്കുന്നു. കാഴ്ചാ 'പാരമ്പര്യ'വും അല്പം ദീര്‍ഘവീക്ഷണവുമുള്ള കാണികള്‍ തീര്‍ച്ചയായും ചിന്തിച്ചേക്കാം. ഇനി റോസെറ്റയും റിക്കെയും തമ്മിലുള്ള പ്രണയമാകാം കഥയെ മുന്നോട്ടു നയിക്കുന്നതെന്ന്(അങ്ങനെ ആകുന്നതുകൊണ്ടും തെറ്റാന്നുമില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഇതൊരു സാധാരണ സിനിമയായി മാറിയേനെ എന്നു മാത്രം.)

കാരവാനിലെ കുടുസ്സുമുറിയില്‍ നിന്നും മാറി റിക്കെയുടെ വീട്ടിലെ അല്പം കൂടി വിശാലമായ മുറിയില്‍ കിടക്കുമ്പോള്‍ അവള്‍ തന്നെപ്പറ്റി ഗാഢമായി ചിന്തിക്കുകയാണ്. ഈ രംഗം അല്പം ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്. തന്‍റെ പേര് റൊസെറ്റ എന്നാണെന്നും തനിക്കിപ്പോള്‍ ഒരു തൊഴിലുണ്ടെന്നും അതോടൊപ്പം തന്നെ തനിക്കിപ്പോള്‍ ഒരു നല്ല സുഹൃത്തുണ്ടെന്നും അവള്‍ തിരിച്ചറിയുന്നു. തിരിച്ചറിയുക മാത്രമല്ല, അത് തന്നോടു തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. വലിയ വലിയ സ്വപ്നങ്ങള്‍  കാണുന്നവര്‍ക്ക് റോസെറ്റയുടെ ഈ നേട്ടങ്ങള്‍ നിസ്സാരമായി തോന്നും, തോന്നണം. അങ്ങനെ തോന്നിപ്പിക്കുന്നതിലാണ് ഒരു സംവിധായകന്‍റെ വിജയവും. തന്‍റെ ജീവിതാവസ്ഥയെ സംബന്ധിച്ച് ഇതൊക്കെ വലിയ നേട്ടങ്ങള്‍ തന്നെയാണ് എന്ന ബോധ്യവും ആശ്വാസവുമാണ് റോസെറ്റയെ ആ രാത്രി ചിന്തകളറ്റ് ഉറങ്ങാന്‍ പര്യാപ്തയാക്കുന്നത്.

ഒരു ചീട്ടുക്കൊട്ടാരം പൊളിഞ്ഞു വീഴുന്നതിലും വേഗത്തിലാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ റോസെറ്റയുടെ ആശ്വാസഗോപുരങ്ങളും തകര്‍ന്നു വീഴുന്നത്. മുമ്പത്തെപ്പോലെ തന്നെ ഒരു കാരണമോ മുന്നറിയിപ്പോ കൂടാതെയാണ് പുതിയ ജോലിയില്‍ നിന്നും അവളെ പിരിച്ചുവിടുന്നത്. സിനിമയുടെ തുടക്കത്തിലേതിനു സമാനമായ രംഗങ്ങള്‍ ഇവിടെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. പറ്റുന്നത്ര വീറോടെ അവള്‍ മുതലാളിയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. ആവുന്നത്ര നേരം ആ ജോലി അമര്‍ത്തിപ്പിടിച്ചു വയ്ക്കാന്‍ അവള്‍ ശ്രമിക്കുന്നു. ഇതിനുമുമ്പും പലതവണ അവള്‍ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇനിയങ്ങോട്ടുള്ള ജീവിതത്തിലും സമാനമായ ജീവിതസാഹചര്യത്തിലൂടെ കടന്നു പോയേക്കാമെന്നും ഇതിനോടകം സിനിമാ ആസ്വാദകന് മനസ്സിലായിട്ടുണ്ടാവും.

ഒഴിവുനേരങ്ങളില്‍ തന്‍റെ താമസസ്ഥലത്തിനരികിലുള്ള വെള്ളക്കെട്ടില്‍ നിന്നും മീന്‍ പിടിക്കാനിരിക്കുന്ന റോസെറ്റാ. ഒരു ദിവസം അബദ്ധത്തില്‍ ചൂണ്ട അവളുടെ കയ്യില്‍ നിന്നും വെള്ളത്തിലേക്കു വീഴുന്നു.  ആ വേളയില്‍ 'കട-കട' ഇരമ്പമുള്ള ഒരു സ്കൂട്ടറുമോടിച്ച് സ്ഥലത്തെത്തുന്ന റിക്കെ അവളെ സഹായിക്കാനായി മുന്നോട്ടു വരികയും ചൂണ്ടയെടുക്കാനുള്ള ശ്രമത്തിനിടയില്‍ അബദ്ധത്തില്‍ കാലു തെന്നി കുളത്തില്‍ വീണു പോകുകയും ചെയ്യുന്നു. കുറച്ചു നേരത്തേക്ക് മരണ വെപ്രാളമെടുക്കുന്ന റിക്കെയെ നോക്കി റോസെറ്റ സ്തബ്ധയായി നില്‍ക്കുകയാണ്. ആ നില്‍പില്‍ അവള്‍ എന്തൊക്കെയാവാം ചിന്തിച്ചുണ്ടായിരിക്കുക എന്ന് നല്ലൊരു ആസ്വാദകന്‍ അതിനോടകം വിഭാവന  ചെയ്തു കഴിഞ്ഞിരിക്കും, സൂചനകളേതു മില്ലാതെ തന്നെ.

റിക്കെ മുതലാളി അറിയാതെ ചില മറുബിസിനസ്സുകളും നടത്തിപ്പോന്നു. ശമ്പളത്തിനു പുറമേ വീട്ടില്‍ നിന്നുണ്ടാക്കി വരുന്ന വേഫിളുകള്‍ വിറ്റ് അവന്‍ അധിക വരുമാനമുണ്ടാക്കി. തങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ വിശ്വാസത്തിന്മേലാണ് അവന്‍ റോസെറ്റയോട് ആ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുന്നത്. മുഴുവന്‍ ലാഭവും എടുത്തുകൊള്ളാനും മോശം തൊഴിലാണെങ്കിലും ഒന്നുമില്ലാതിരിക്കുന്നതിലും ഭേദമാണിതെന്നും മറ്റും പറഞ്ഞ് അവന്‍ റോസെറ്റായെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാതെ നിലാവത്തു ചെയ്യുന്ന ജോലിയല്ല, പകല്‍വെളിച്ചത്തില്‍ ചെയ്യുന്ന ജോലിയാണ് തനിക്ക് ആവശ്യമെന്ന് അവള്‍ ദൃഢമായി അറിയിക്കുന്നു. ഈ വിവരം അവള്‍ മുതലാളിക്ക് ഒറ്റുകൊടുക്കുകയും റിക്കെയ്ക്കു പകരമായി  റോസെറ്റയെ കടയുടമ നിയമിക്കുകയും ചെയ്യുന്നു.

റിക്കെയുടെ ബൈക്കിരമ്പം ഒരു ദുഃസ്വപ്നമായി റോസെറ്റയുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്  പിന്നെ, പൊതു ഇടങ്ങളല്‍ വച്ച് അവന്‍ അവളെ ശല്യപ്പെടുത്തുന്നു. തടഞ്ഞുനിര്‍ത്തി എന്തിനാണ് തന്നോടിത് ചെയ്തത് എന്നവന്‍ ആരായുന്നു. തനിക്കൊരു ജോലി വേണമായിരുന്നുവെന്നും അന്ന് വെള്ളക്കെട്ടില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ആദ്യം മനസ്സു മടിച്ചെന്നും അവള്‍ അവനോട് തുറന്നു പറയുന്നു.
വിശപ്പുപോലെ തന്നെ ഭീകരമായ ഒരവസ്ഥയാണ് തൊഴിലില്ലായ്മയും. ഇവ രണ്ടും മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഒരു നൂലിഴയ്ക്കുള്ള ബലം പോലും സ്നേഹബന്ധങ്ങള്‍ക്കില്ലെന്ന കാഴ്ചപ്പാടിലേക്കാണ് സംവിധായകര്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ വീടുവിട്ടുപോയ അമ്മ കഥാപാത്രം അവശനിലയില്‍ മടങ്ങിവരികയാണ്. എന്തോ വെളിപാട് കിട്ടിയപോലെ റോസെറ്റ തൊഴില്‍ ദാതാവിനെ വിളിച്ച് തനിക്കിനി നാളെ മുതല്‍ ജോലിക്കുവരാന്‍ പറ്റില്ലെന്ന് അറിയിക്കുന്നു. ക്ലൈമാക്സിനോടടുക്കുമ്പോള്‍ റിക്കെയുടെ ബൈക്കിരമ്പം ഒരു വന്‍ യാഥാര്‍ത്ഥ്യമായി റോസെറ്റയുടെ ജീവിതത്തെ മഥിക്കുകയാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രണ്ടുപേരും തെറ്റുകാരാണെന്നതാണ്. റോസെറ്റയുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോള്‍ റിക്കെയും, റിക്കെയുടെ പക്ഷം ചേര്‍ന്നുനിന്നു ചിന്തിച്ചാല്‍ റോസെറ്റയും തെറ്റുകാരാകുന്നു. മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ നാമോരോരുത്തരും തെറ്റുകാരാണെന്ന വലിയ സത്യം ഈ സിനിമയുടെ തിരക്കഥയ്ക്കിടയിലെവിടെയോ സംവിധായകന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
ക്യാമറ മറ്റൊരു പ്രധാന കഥാപാത്രമായി നിറഞ്ഞാടിയിരിക്കുകയാണ് സിനിമയിലുടനീളം. റോസെറ്റയെ സദാ പിന്തുടരുന്ന രണ്ടു കണ്ണുകളായി ക്യാമറ മാറുന്നു. ആ കണ്ണുകള്‍ ഒരിക്കല്‍പോലും അവള്‍ കാണുന്നില്ല. അതേസമയം തന്നെ, തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന ഉറച്ച ബോധ്യത്തോടെയാണ് അവളുടെ ചലനങ്ങളോരോന്നും. തുടക്കത്തില്‍ സിനിമയിലേക്കും റോസെറ്റയുടെ പ്രശ്നങ്ങളി ലേക്കും ലയിച്ചു ചേരാനുള്ള ഒരവസരം സംവിധായകന്‍ നമുക്ക് നല്‍കുന്നതേയില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

സഹോദരന്മാരില്‍ ഇളയവനായ ലൂക്ക് ഡാര്‍ഡീന്‍ റോസെറ്റയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ:  'സിനിമ തുടങ്ങുമ്പോള്‍ തന്നെ പ്രേഷകനെ റോസെറ്റ കോളറിനു പിടിച്ചുയര്‍ത്തി കൂടെ കൊണ്ടുപോകുന്നു. ആ പിടി അല്പമെങ്കിലും ഒന്ന് അയയുന്നത് സിനിമയുടെ ഒടുവില്‍ മാത്രമാണ്!

മാനസ്സികമായ വേദനയോടൊപ്പം കൗമാര സംബന്ധവും ഭൗതികവുമായ വേദനയും കൂടി റോസെറ്റയെ അലട്ടുകയാണ്. അവസാനം രണ്ടും സഹിക്കാന്‍ വയ്യാതെ അവള്‍ വെറും നിലത്ത് വീണു പോകുന്നു. പെട്ടെന്ന് റിക്കെയുടെ ബൈക്കിരമ്പം നിലയ്ക്കുകയും അവന്‍റെ തന്നെ കൈകള്‍ റോസെറ്റയെ പിടിച്ചുയര്‍ത്തുകയും ചെയ്യുന്നു. സ്ക്രീനിനു പുറത്ത് പ്രേഷകന് കാണാന്‍ കഴിയാത്ത ആരെയോ റോസെറ്റ തുറിച്ചു നോക്കുന്നു അവസ്ഥയിലാണ് സിനിമ പര്യവസാനിക്കുന്നത്.  ജീന്‍-പിയര്‍ ഡാര്‍ഡീന്‍ അഭിപ്രായപ്പെട്ടതുപോലെ സിനിമയിലുടനീളം റോസെറ്റയ്ക്കു കാഴ്ചയില്ല. അഥവാ അവള്‍ ഉള്‍പ്പെട്ട പ്രശ്നങ്ങളാല്‍ അവള്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. പ്രതിസന്ധികള്‍ അവളുടെ കാഴ്ച അപഹരിച്ചു. എന്നിരുന്നാലും റോസെറ്റ കാഴ്ചകള്‍ കണ്ടുതന്നെ പഠിക്കാന്‍ ശ്രമിക്കുന്ന ആരോ ആണ്. 

You can share this post!

അദ്ധ്യാപനത്തിന്‍റെ മൗലിക മാതൃകകള്‍

അജികുമാര്‍
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts