news-details
കവർ സ്റ്റോറി

കുടുംബവും തീവ്രവാദവും

സാമൂഹികമായ ഒരു കാഴ്ചപ്പാടില്‍ വ്യക്തി, കുടുംബം, സമൂഹം എന്നാണ് സങ്കല്‍പ്പിക്കപ്പെട്ട് പോന്നിരുന്നത്. ഇനി അത് കുടുംബം, വ്യക്തി, സമൂഹം എന്ന് മാറ്റിയെഴുതണം. കാരണം കുടുംബമാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഒരു കുടുംബത്തിലെ എല്ലാവരും പല ചിന്താഗതിക്കാരും പല സ്വഭാവക്കാരുമായിരിക്കും. ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിരുചിയുമായിരിക്കും. ഓരോ ജീവനിലും അന്തര്‍ലീനമായിരിക്കുന്ന സ്വഭാവ സവിശേഷതകള്‍, അടിസ്ഥാന സ്വഭാവം എന്ന പോലെ ഒരാളില്‍ മാറാതെ നില്‍ക്കുന്നുണ്ടാവും. ആരും പ്രത്യേകം പഠിപ്പിച്ചുകൊടുത്തില്ലെങ്കില്‍ പോലും തമ്മില്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ഓരോരുത്തരും തിരിച്ചറിയുന്നു.
 
എത്ര അകന്നാലും ബന്ധം ബന്ധമായിത്തന്നെ അവശേഷിക്കും. എന്നാല്‍ കുടുംബം,  ഒരു കുഞ്ഞില്‍ നിറയ്ക്കുന്നതെന്തോ അതൊരു വേള അവന്‍റെ ജീവനെ പോലും മാറ്റിമറിക്കുവാനുള്ള ആന്തരിക സംസ്കാരമായി മാറും. തെളിഞ്ഞ ബുദ്ധിയും സാത്വികതയുമുള്ള ദൈവവിശ്വാസികളായ അച്ഛനമ്മമാര്‍ മക്കളില്‍ നിറയ്ക്കുന്ന വിദ്യയുടെ പ്രകാശം അവന്‍റെ ജന്മവാസനകളെപ്പോലും ഇല്ലാതാക്കാന്‍ പോരുന്ന ശക്തിയുള്ളതാണ്. ഒരുമിപ്പിച്ചു നിര്‍ത്താനും ഇണങ്ങാനും ക്ഷമിക്കാനും പരസ്പരം ആദരിക്കാനും ഉള്ള ശിക്ഷണമാണ് ചെറുപ്പത്തില്‍ ലഭിക്കുന്നതെങ്കില്‍ പരസ്പരമുള്ള അസഹിഷ്ണുത എങ്ങനെയുണ്ടാകും. അമ്മയും അച്ഛനും പുരോഹിതരും സമൂഹവും ഒരു കുഞ്ഞിന്‍റെ വ്യക്തിത്വ രൂപീകരണത്തില്‍ സുപ്രധാനമായ പങ്കു വഹിക്കുന്നു. ഒരാളുടെ ജീവിതത്തില്‍ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. ഒന്ന് അഹംബോധത്തിന്‍റെ ഉത്ഭവം. രണ്ടാമത് ആ അഹത്തെ സമൂഹവുമായി സംയോജിപ്പിക്കലാണ്. ഞാനുംഎൻറെത്  എന്ന ഭാവവും ഉണര്‍ന്നുവരുമ്പോള്‍ ഞാനല്ല എന്‍റേതല്ല, നീയും നിന്റേതുമാണ്  എന്നുളള തോന്നല്‍ വളര്‍ത്തണം. "നിങ്ങളോട് പറയുന്ന വാക്കുകള്‍ ഞാന്‍ സ്വമേധയാ പറയുന്നതല്ല, പിതാവ് എന്നില്‍ വസിച്ച് തന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നു." (യോഹ. 14...10) അപ്പോള്‍ അഹങ്കാരമില്ലാതെ എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യാന്‍ കഴിയും. ഞാന്‍ എന്നതിന്‍റെ സ്ഥാനത്ത് പിതാവായ ദൈവത്തെ കൊണ്ടുവരാന്‍ ക്രിസ്തു പറയുന്നു. എനിക്ക് പകരം ദൈവസത്തയില്‍ വളരണം. അപ്പോള്‍ മാത്രമേ സമൂഹവുമായി, മറ്റുള്ളവരുമായി ഇണങ്ങിപ്പോകുവാന്‍ കഴിയൂ. ദൈവാത്മാവ് നമ്മളില്‍ പ്രവേശിക്കുകയല്ല, ജീവന്‍റേയും കുടുംബത്തിന്‍റേയും അഴുക്കുകള്‍ കഴുകിക്കളയുമ്പോള്‍ പിതാവിന്‍റെ പ്രകാശം എന്നിലൂടെ പ്രകാശിക്കാന്‍ തുടങ്ങുകയാണ് ചെയ്യുന്നത്. "ദൈവം ആത്മാവാണ്" (യോഹ. 4...23) ആത്മാവായ ദൈവത്തെ വെളിപ്പെടാനുള്ള ഒരു പാത്രമായും ഉപകരണമായും കുഞ്ഞിനെ വളര്‍ത്തുകയെന്നതാണ് കുടുംബത്തിന്‍റെ ഉത്തരവാദിത്വവും കടമയും. അപ്പോള്‍ കുടുംബം വ്യക്തിയേക്കാളും പ്രാധാന്യമുള്ളതായിത്തീരുകയും വ്യക്തിക്ക് ലഭിക്കുന്ന ഈ ദൈവിക പ്രകാശം ആശയപരമായും അല്ലാതെയും ഉള്ള യാതൊരു അസഹിഷ്ണുതയും അയാളില്‍ ഉളവാക്കാതിരിക്കുകയും ചെയ്യും. മറിച്ച് കുടുംബം നല്ലതല്ലെങ്കില്‍ കുഞ്ഞില്‍ നിഷ്കളങ്കതയ്ക്കു പകരം വൈരാഗ്യവും വെറുപ്പും വളര്‍ത്തുക മാത്രമല്ല, മനുഷ്യവംശത്തിന് തന്നെ അവന്‍ ഭീഷണിയാകും. ഇപ്പോള്‍ ലോകത്ത് ക്രിമിനലുകളും തീവ്രവാദികളും ഉണ്ടായി വരുന്നതിന്‍െറ കാരണം ഇതൊക്കെയാവാം.
 
ദൈവികതയുടേയും സദാചാരത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും പ്രകാശമില്ലാത്ത കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന വ്യക്തികള്‍ക്ക് പരസ്പരമുള്ള പെരുമാറ്റത്തില്‍ പോലും ഇണക്കം കൊണ്ടുവരാന്‍ കഴിയില്ല. വസുധൈവകുടുംബകം എന്ന ആശയം തന്നെ നഷ്ടമായി. മതം വേണമോ വേണ്ടയോ എന്നത് അവനവന്‍റെ സ്വാതന്ത്ര്യമാണ്. വിഭാഗീയതകളിലും മതഭ്രാന്തുകളിലും തളച്ചിടാത്ത വിദ്യാഭ്യാസമാണ് അത് തെരഞ്ഞെടുക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്. അഹംബോധം രൂപപ്പെടുന്നതിനു മുമ്പേ ജാതിയും മതവുമൊക്കെ അവനറിയാതെ അവനിലും അവന്‍റെ സര്‍ക്കാര്‍ രേഖകളിലുമൊക്കെ നിറക്കുകയും എഴുതുകയും ചെയ്യുന്നത് ഒരുവനെ ഈ ആകമാന ദൈവികതയില്‍ നിന്നും, വിശ്വമാനവികതയില്‍ നിന്നും അകറ്റിക്കളയുന്നു. "ഒരവയവം ആകമാന ശരീരത്തിന്‍റെ ഭാഗമായി സ്വയം അറിയുന്നതുപോലെയോ" (കൊറി - 12.21) പൊതുസമൂഹത്തിന്‍റെ ഭാഗമാണ് നാമെന്നും  വേറിട്ട ഒരു വ്യക്തിത്വമല്ലെന്നും ബോധ്യമാകുന്നു. എന്‍റെ മതവും ദൈവവും മാത്രം ശരി. മറ്റുള്ളതെല്ലാം തെറ്റ് എന്ന് ധരിക്കുന്ന വിവരക്കേടാണ് ഈ  അസഹിഷ്ണുതയ്ക്ക് അടിസ്ഥാനം. ഇതിന്‍റെ ചെറിയ പതിപ്പ് കുടുംബത്തില്‍ നിന്നും വ്യക്തിയെ ബാധിച്ച് സമൂഹമാകെ പടരുമ്പോഴാണ് ഒരേ മതത്തിലുള്ളവര്‍ ഒരേ ദൈവത്തെ വിശ്വസിക്കുന്നവര്‍ ഒരേ മതഗ്രന്ഥത്തെ കൊണ്ടുനടക്കുന്നവര്‍ പരസ്പരം കൊന്ന് തള്ളുന്ന മതഭ്രാന്തരായി മാറുന്നത്. ചെറുപ്പത്തില്‍ ഭ്രാന്തില്ലാത്തൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. മതഗ്രന്ഥങ്ങള്‍ ആരെയെങ്കിലും പരസ്പരം കൊല്ലാന്‍ പറയുന്നുവെങ്കില്‍ ആ മതം എത്ര പാരമ്പര്യം അവകാശപ്പെട്ടാലും മാനവികതയ്ക്കു വേണ്ടി അതിനെ ഉപേക്ഷിക്കുന്നതാണ് നല്ലത്. കുട്ടികളേയും സ്വമത വിശാസികളേയും അന്യമതസ്ഥരേയും കൊന്നുതളളുന്നത് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനുള്ള മാര്‍ഗ്ഗമായി ദൈവം പറയുന്നു എന്ന് വിശ്വസിക്കുന്നത് അയുക്തികവും അബദ്ധജഡിലവുമാണ്.

എന്‍റെ അച്ഛന്‍, എന്‍റെ അമ്മ, എന്‍റെ അനുജന്‍ എന്നൊക്കെ നാം സ്നേഹത്തോടെ പറയുകയും അവര്‍ എനിക്ക് പ്രിയപ്പെട്ടതായിരിക്കുകയും അവരെ സംരക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരേയും നാം സംരക്ഷിക്കേണ്ടതുണ്ട്. "മുന്തിരിവള്ളിയിലെ ശാഖ തന്‍റെ ജീവ സ്രോതസ്സ് മുന്തിരിവള്ളിയാണെന്നറിയുന്നതുപോലെയോ" (യോഹ. 15....1..6) ഞാനും നീയും മറ്റുള്ളവരും ഏകനായ ദൈവത്തിന്‍റെ ഭാഗമാണെന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ. രണ്ടിനും സമാന്യവും സമാനവുമായ യുക്തിയുണ്ട്. "തന്നില്‍ നിന്ന് അന്യമല്ലാതെ എന്നു കാണുന്ന സര്‍വ്വവും" (ഈശാവാസ്യ ഉപനിഷത്ത്) ഇക്കാണായ ചരാചരങ്ങള്‍ സര്‍വ്വവും ഒരേ ഈശ്വരന്‍ തന്നെയാണെന്ന ബോധത്തോടെ വളരേണ്ടതും വളര്‍ത്തേണ്ടതുമാണ്. അത് സാധിക്കാതെ വരുമ്പോഴാണ് കുടുംബവും ദേവാലയങ്ങളും മതവിദ്വേഷത്തിന്‍റെ പഠനക്കളരികളായി മാറുന്നത്. ഇന്ന് ലോകം നേരിടുന്ന ഭീകരവാദത്തിന്‍റെ കേന്ദ്രബിന്ദു വീടും വ്യക്തിയുമാണ്. സമൂഹത്തില്‍ മതത്തിന്‍റെ വെറും ഉപകരണമായി ഉപയോഗിച്ച് വലിച്ചെറിയാനോ കൊന്ന് തള്ളാനോ ഉള്ളതല്ല വ്യക്തി.വ്യക്തിയെ സ്വതന്ത്രനും മനുഷ്യസ്നേഹിയുമാക്കി വളര്‍ത്തേണ്ടത് കുടുംബമാണ്. "പൊരുതി ജയിപ്പതസാദ്ധ്യം ഒന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങുവീലാ" എന്ന ഗുരുവചനവും ഇവിടെ ഓര്‍ക്കണം. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞെങ്ങനേയോ അതുപോലെ കുടുംബഗര്‍ഭത്തില്‍ വ്യക്തി സുരക്ഷിതനായാലേ അവന്‍റെ സാമൂഹ്യബന്ധങ്ങളില്‍ ആരോഗ്യപരമായ മാറ്റം ഉണ്ടാക്കുവാന്‍ അവനു കഴിയൂ. മനുഷ്യന് മനുഷ്യത്വമാണ് ജാതി എന്ന് ഗുരു പറയുമ്പോള്‍ ഈ മനുഷ്യത്വമെന്ന
 
വിശിഷ്ട ഗുണം അവനിലെ സ്വാഭാവികതയായി കുഞ്ഞില്‍ നിറയ്ക്കാന്‍ കുടുംബത്തിന് കഴിയണം. അപ്പോള്‍ കുടുംബം  ലോകസമാധാനത്തിന് അടിത്തറയായി മാറുന്നു.  കുടുംബത്തില്‍ പിറന്ന് വ്യക്തിയിലൂടെ വളര്‍ന്ന് സമൂഹത്തെ ആകമാനം നശിപ്പിക്കുന്ന മാരകരോഗമായി മാറിയിരിക്കുന്ന മതവിദ്വേഷമെന്ന മഹാവിപത്തിന്‍റെ ദുരന്തം അടുത്ത തലമുറകളിലേക്ക് പകരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ്. കുടുംബത്തില്‍ വൈവിധ്യവും അഭിരുചികളും ആശയപരമായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ഒരേ കുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ ബന്ധമാണ് പരമ പ്രധാനം. ഇതുപോലെ  മനുഷ്യരാശിയുമായുള്ള ബന്ധമാണ് നമ്മളെ മനുഷ്യനെന്ന നിലയില്‍ സമാധാനത്തോടെ ജീവിക്കാന്‍ തയ്യാറാക്കുന്നത്. തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാന്‍ കഴിയുമ്പോള്‍ അസഹിഷ്ണുത ഇല്ലാതായി സമാധാനം പുലര്‍ത്താനാകും. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്ന ചിന്താഗതി വളര്‍ത്തിയെടുക്കേണ്ട ഒന്നല്ല. സ്വാഭാവികമായി അത് ഉണ്ടാകേണ്ടതാണ്. സാമൂഹ്യവ്യവസ്ഥിതിയിലെ ജീര്‍ണ്ണിച്ച പാരമ്പര്യങ്ങള്‍ വ്യക്തിയുടെ വെളിച്ചം കെടുത്തുന്ന കൊടുങ്കാറ്റായി ആഞ്ഞടിച്ചാലും അണയാതെ പ്രകാശിക്കുവാനുളള ശക്തിയും സംരക്ഷണവും കൊടുക്കേണ്ട ഉത്തരവാദിത്വമാണ് യഥാര്‍ത്ഥത്തില്‍ ആരോഗ്യമുളള സമൂഹത്തിന്‍െറ കടമ. സമൂഹത്തിൻറെയും മതത്തിൻറെയും നിയമങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള അറിവും ആത്മവിശ്വാസവും ഒരുവന് ഉണ്ടായിരിക്കണം. ആത്മജ്ഞാനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. ഒരു വ്യക്തി എത്രത്തോളം മതനിഷ്ഠനായി ജീവിച്ചു എന്നതല്ല പ്രധാനം. മറിച്ച്, അവന്‍റെ ഉളളിലെ ദൈവികതയെ, മാനുഷികതയെ, നന്മയെ അവനാല്‍ ആകുംവിധം എത്രമാത്രം തന്‍െറ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകാശിപ്പിച്ചുവെന്നാണ് നോക്കേണ്ടത്. അപ്പോള്‍ മാത്രമാണ് വ്യക്തി സമൂഹത്തിൻറെ വിളക്കാകുന്നത്. ഞാനും ഈശ്വരനും രണ്ടല്ലായെന്നതുപോലെ ഈ ലോകത്തില്‍ നിന്നും വേറിട്ട ഒരു സത്തയല്ല മനുഷ്യന്‍ എന്ന തിരിച്ചറിവ് അവന് കൂടുതല്‍ സമാധാന ദൗത്യത്തിനുളള ഉത്തരവാദിത്വം പകര്‍ന്നുകൊടുക്കുന്നു.

You can share this post!

സിനിമ : സങ്കല്പവും യാഥാര്‍ത്ഥ്യവും

ജോസ് സുരേഷ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts