news-details
എഡിറ്റോറിയൽ

ദൈവത്തോടൊത്തു വാചാലരാവുക
ജീവശ്വാസം ഒട്ടുംതന്നെ നഷ്ടമാവുന്നില്ല
നിര്‍ത്താതെ സംസാരം തുടരുക
ദൈവത്തോടൊത്തു യാത്രചെയ്യുക
ജീവബലം അല്പംപോലും കുറയുന്നില്ല,
സഞ്ചാരം തുടരുക -- ദൈവത്തെ കാത്തിരിക്കുക
സമയവും ഒരല്പവും നഷ്ടമാവില്ല
കാത്തിരുന്നുകൊള്ളുക
(ജെ. ഹഡ്സന്‍ ടെയ്ലര്‍)

ഒരു സാധാരണമനുഷ്യന് സമ്മാനം കിട്ടിയ വിലപ്പെട്ട ഒരു വാച്ച,് വൈക്കോല്‍ കൂനക്കിടയില്‍ വീണുപോയി. കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. അടുത്തവീട്ടിലെ കുട്ടികളെയും കൂട്ടി  വൈക്കോല്‍കൂന മുഴുവന്‍ തിരിച്ചുമറിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെ നിരാശനായി ഇരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി അയാളോടു പറഞ്ഞു: 'ഞാനൊന്നു ശ്രമിക്കാം.'

ഞങ്ങളെല്ലാം ശ്രമിച്ചിട്ടും കിട്ടാത്തതാണോ ഇവള്‍ ഒറ്റയ്ക്കു  എന്ന ചിന്തയോടെതന്നെ നോക്കിക്കൊള്ളാന്‍ പറഞ്ഞ് വെറുതെ ആ കുട്ടിയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു; പ്രതീക്ഷയൊന്നുമില്ലാതെതന്നെ. കുറെനേരത്തിനുശേഷം നഷ്ടപ്പെട്ട വാച്ചുമായി അവള്‍ തിരികെ വന്നു. ആ മനുഷ്യന്‍ സന്തോഷക്കണ്ണീര്‍  പൊഴിച്ചുകൊണ്ട് കുട്ടിയെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ ശബ്ദമൊന്നുമുണ്ടാക്കാതെ കണ്ണുകളടച്ച് ചെവികൂര്‍പ്പിച്ച് വൈക്കോല്‍ കൂനക്കിടയില്‍ ഇരുന്നു. അപ്പോള്‍ 'ടിക്, ടിക്' എന്ന ശബ്ദം  കേട്ടു. പതുക്കെ ഞാന്‍ അതു കിടക്കുന്നയിടം കണ്ടെത്തി.

നിശ്ശബ്ദതയിലിരുന്നു, കണ്ണുകളടച്ചു, കാതുകൂര്‍പ്പിച്ച് ഏകാഗ്രതയോടെ ഈ 'ടിക്, ടിക്' ശബ്ദത്തെ തേടുന്ന കാലംകൂടിയാണ് നോമ്പ്. വേരുകള്‍ ഭൂമിയില്‍ ഉറച്ചതെങ്കില്‍ ആകാശം വരെ വളരാനുള്ള സാധ്യതകളുണ്ട്. നോമ്പുകാലം വേരുകള്‍ ആഴത്തില്‍ ഉറപ്പിക്കാനുള്ള അവസരമാണ്. പിരിമുറുക്കങ്ങളുടെയും അസമാധാനത്തിന്‍റെയും പരിഭവങ്ങളുടെയും അപക്വതയുടെയും ലോകത്ത്, മൗനംകൊണ്ടും മനനംകൊണ്ടും ആഴത്തില്‍ വേരുറപ്പിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട ആനന്ദമുള്ള മനുഷ്യരാകാനുള്ള  സാധ്യതയിലേക്കുള്ള ക്ഷണം കൂടിയാണ് നോമ്പുകാലം. കാര്‍മേഘത്തിന് അധികനേരം സൂര്യനെ മറച്ചുപിടിക്കാനാവില്ല. കുറച്ചുകഴിയുമ്പോള്‍ ഒരു തെന്നല്‍വന്ന് മേഘത്തെ ശിഥിലമാക്കി അകറ്റിക്കളയും. സൂര്യന്‍ പ്രാഭവത്തോടെ തെളിഞ്ഞുവരും. നോമ്പുകാലം ഒരു തെന്നലാണ്. ക്രിസ്തുവിനെ, ആത്മീയതയെ, സ്നേഹത്തെ തെളിയിച്ചെടുക്കാനുള്ള അവസരം.

'അറിയുന്നവന്‍ പറയുന്നില്ല

പറയുന്നവന്‍ അറിയുന്നില്ല' (ലാവോത്സു)

വാക്കുകളാല്‍ ഉണര്‍ത്തിയെടുക്കാനാവാത്ത പലതും ലയാത്മകമായ മൗനത്തില്‍ തെളിഞ്ഞുവരും. ആത്മീയതയില്ലായ്മയുടെയും ആത്മീയഭ്രാന്തിന്‍റെയും ധ്രുവങ്ങള്‍ക്കിടയില്‍ സംതുലനം തേടുന്ന ആത്മീയതയെ വളര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനും നോമ്പിന്‍റെ മൗനത്തിനാവണം. സഭാപ്രസംഗകന്‍ പറയുന്നതുപോലെ മൗനം പാലിക്കാന്‍ ഒരു കാലം. സംസാരിക്കാന്‍ ഒരു കാലം. സംസാരത്തിന് ആഴവും അര്‍ത്ഥവും സൃഷ്ടിക്കാന്‍ മൗനത്തിനാവും. നിശ്ശബ്ദതയെയും ഏകാന്തതയെയും അറിഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമെ, ആത്മീയ ആനന്ദം എന്താണ് എന്ന് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ (വി. ബ്രൂണോ).
ഹൃദയത്തില്‍ എല്ലാം സംഗ്രഹിച്ച് മൗനത്തിന്‍റെ പുത്രി പാടുന്നതും ഇതുതന്നെ. എന്‍റെ ആത്മാവ് കര്‍ത്താവില്‍ ആനന്ദിക്കുന്നു. നോമ്പിന്‍റെ കാലം ആഴമായ ആത്മീയതയും മൗനത്തിന്‍റെ ആത്മീയ ആനന്ദത്തിന്‍റെയും കാലം കൂടിയാകട്ടെ.

*** *** ***

"Free Solo' മികച്ച ഡോക്യുമെന്‍ററിക്കുള്ള ഓസ്കര്‍ അവാര്‍ഡ് നേടിയ സിനിമയാണ്. 3,000 അടി പൊക്കത്തിലുള്ള EI cuppitan എന്ന പര്‍വ്വതം കയറുന്നതിനെക്കുറിച്ചാണ്  സിനിമ. പര്‍വ്വത ആരോഹകന്‍ ലോകത്തില്‍ ആദ്യമായി കയറിന്‍റെ ഒന്നും  സഹായമില്ലാതെ കുത്തനെ കിടക്കുന്ന പര്‍വ്വതം കയറുന്ന  കാഴ്ച നമ്മെ ത്രസിപ്പിക്കുകയും ഒപ്പം ഭീതിയുടെ  മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ചെറുതായി ഒന്ന് പിടിവിട്ടാല്‍, ഏകാഗ്രത നഷ്ടപ്പെട്ടാല്‍ മനസ്സ് പിന്നോട്ട് വലിച്ചാല്‍, പര്‍വ്വതം എത്തിപ്പിടിക്കാതെ മറ്റു പലരെയും പോലെ അഗാധതയില്‍ ചെന്നു പതിക്കും. ഈ പര്‍വ്വതആരോഹകനും(അലക്സ്) അനേകനാളത്തെ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പോടെയാണ് ഇപ്രകാരമൊരു ഉദ്യമത്തിനു മുന്നിട്ടിറങ്ങുന്നത്. 'എന്‍റെ കാമുകിയെക്കാള്‍ ഞാന്‍ പര്‍വ്വതാരോഹണത്തെ സ്നേഹിക്കുന്നു' എന്നു നായകന്‍. മരണത്തെയും ജീവിതത്തെയും വെല്ലുവിളിക്കാനുള്ള കാരണം ഉയരങ്ങള്‍ താണ്ടാനുള്ള തീവ്രമായ ആഗ്രഹവും മനുഷ്യനായിരിക്കുന്നതിലെ അസാധ്യതകളെ തോല്പ്പിക്കാനുള്ള ഉള്‍വിളിയുമാണ്. റോപ്പ് ഉപയോഗിച്ച് കയറിയവരില്‍ പോലും പലരും മരിച്ചിട്ടുണ്ട്. ചിലര്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ടുണ്ട്. ചരിത്രം അതായിരുന്നിട്ടും അലക്സ് എന്ന നായകന്‍ തന്‍റെ തീവ്രമായ അഭിലാഷം തെല്ലും കുറയ്ക്കുന്നില്ല.

മനുഷ്യന്‍റെ തീവ്രമായ ആഗ്രഹങ്ങളെ ലൗകികതയില്‍ നിന്നും മതിഭ്രമങ്ങളിലും കൗതുകങ്ങളില്‍നിന്നും ഉയര്‍ത്തി ഉന്നതവും വിശുദ്ധവുമായ ആത്മീയതലങ്ങളിലേക്കു പറിച്ചുനടാന്‍ നോമ്പുകാലം സഹായിക്കുന്നു. ഭൂമിയുടെ ക്ഷണികമായ സ്നേഹത്തിന്‍റെ മോഹവലകള്‍ക്കപ്പുറത്തേക്കു ക്രിസ്തുവിന്‍റെ മനുഷ്യത്വത്തിലേക്കും ദൈവികതയിലേക്കും ആഴ്ന്നിറങ്ങണം. ക്രിസ്തുഭാവത്തെ സ്വന്തമാക്കുന്നതിനുള്ള തീവ്രഅഭിലാഷത്തിന്‍റെ നാളുകളാണ് നോമ്പുകാലം. നായകന് കാമുകിയോടുള്ള സ്നേഹത്തിന്‍റെ മാറ്റു കുറയാതെതന്നെ പര്‍വതത്തെ പുണരാന്‍ കഴിഞ്ഞതുപോലെ ലോകത്തിലായിരിക്കുകയും അതിന്‍റെ ഭംഗിയെല്ലാം ആസ്വദിക്കുകയും ചെയ്യുമ്പോള്‍തന്നെ ക്രിസ്തുസ്പര്‍ശവും ഭാവവും അതിശക്തമായി പുല്‍കാന്‍ കഴിയും.
'ദൈവമെ നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും' (വി. അഗസ്തീനോസ്). ഈശ്വരനെ  കാണാനുള്ള ത്വരയാണ് ആദ്ധ്യാത്മികതയുടെ അന്തസ്സത്ത. നോമ്പുകാലം മനുഷ്യനെ സാധാരണ ആഗ്രഹങ്ങളില്‍നിന്നടര്‍ത്തി ഉന്നതമായ, ആഴമുള്ള, നിലനില്‍ക്കുന്ന, ആത്മീയ ആനന്ദത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

"സ്വപ്നങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരുടെ അധിപതിയായിരിക്കുന്നതിനെക്കാള്‍, ഏറ്റവും എളിയവരുടെ ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള ദര്‍ശനങ്ങളോടെ, സ്വപ്നം കാണുന്ന ഒരുവനായി ജീവിക്കുന്നതിനാണ് ഞാനാഗ്രഹിക്കുന്നത്" (ഖലീല്‍ ജിബ്രാന്‍).
ഉന്നതമായ ആഗ്രഹങ്ങളിലേക്കും ആഴമേറിയ ദര്‍ശനങ്ങളിലേക്കും ദൈവരാജ്യമെന്ന സ്വപ്നത്തിലേക്കും പൂര്‍ത്തീകരിക്കപ്പെടാന്‍ വെമ്പുന്ന അപരനിലെ നന്മയെ തൊടുന്ന പ്രവൃത്തിയിലേക്ക് നോമ്പുകാലം നമ്മെ നയിക്കട്ടെ.

നോമ്പുകാലത്തെ ആധുനികതയുടെ ദര്‍ശനത്തോടെയും ക്രിയാത്മകതയോടെയും ബോബി അച്ചനും, ചരിത്രത്തിന്‍റെ പിന്‍ബലത്തോടെ ബിജു അച്ചനും നിശ്ശബ്ദതയുടെയും പ്രാര്‍ത്ഥനയുടെയും അവബോധം  പകര്‍ന്ന് സഖേറും ഉപവാസത്തിന്‍റെ അര്‍ത്ഥം ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ സ്വാമി ശാരദാനന്ദയും നോമ്പിലൂടെ അപരനിലേക്കുള്ള വളര്‍ച്ചയെ യാസറും വരുംതാളുകളില്‍ വിശദമാക്കുന്നു.

ആത്മീയതയുടെ, നിശ്ശബ്ദതയുടെ സൗന്ദര്യത്തിന്‍റെ, ജാതി-മത-വര്‍ഗ ഭേദമെന്യേ മനുഷ്യത്വത്തെ തിരിച്ചറിയുന്ന കാലം കൂടിയാകട്ടെ ഈ നോമ്പ്. 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts