news-details
കവർ സ്റ്റോറി

നോമ്പുകാലം എന്ന വെല്ലുവിളി

Tessarakosti എന്നു ഗ്രീക്ക് ഭാഷയിലും, Quadragesima എന്നു ലത്തീന്‍ ഭാഷയിലും പറയപ്പെട്ടിരുന്ന നാല്‍പതുനോമ്പ് അടുത്തകാലംവരെ അപ്പസ്തോലിക പാരമ്പര്യത്തില്‍ ആദിമകാലം മുതല്‍ ഉണ്ടായിരുന്നുവെന്നാണ് കരുതിപ്പോന്നത്. 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലെയും മിക്കവാറും എല്ലാ പുസ്തകങ്ങളിലും പ്രബന്ധങ്ങളിലും അങ്ങനെയൊരു അഭിപ്രായമാണ് പ്രകടിപ്പിക്കപ്പെട്ടിരുന്നത്. ഉയിര്‍പ്പുകാലവുമായി ബന്ധപ്പെട്ടു നടത്താറുണ്ടായിരുന്ന ജ്ഞാനസ്നാനങ്ങള്‍ക്കുള്ള ഒരുക്കമായുള്ള 40 ദിവസത്തെ ഉപവാസവുമായി ഇതിനു ബന്ധം കല്‍പ്പിക്കുന്നവരുമുണ്ട്. റോമാക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ 6-ാം അദ്ധ്യായത്തിലാണ് ഇതിന്‍റെ സൂചനകളുള്ളത്. അടുത്തകാലത്തുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 40 ദിവസത്തെ നോമ്പുകാല ഉപവാസം വളരെ സാവധാനം ചരിത്രത്തില്‍ രൂപപ്പെട്ടു വന്ന ഒന്നാണെന്നാണ്. ഉയിര്‍പ്പ് തിരുന്നാള്‍ സാര്‍വത്രികമായിരുന്നെങ്കിലും ആദ്യകാലങ്ങളില്‍ നോമ്പും അതിന്‍റെ ദൈര്‍ഘ്യവും വിവിധയിടങ്ങളില്‍ വ്യത്യസ്തമായിരുന്നു. രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ലിയോണ്‍സിലെ ഇറനെയൂസും തെര്‍ത്തുല്യനും പറയുന്നത് ഉയിര്‍പ്പിനൊരുക്കമായുള്ള ഉപവാസം ഒന്നോ രണ്ടോ ദിവസങ്ങളോ, 40 മണിക്കൂറോ മാത്രം നീണ്ടുനിന്നവയായിരുന്നെന്നാണ്.  (The early history of lent, The centre for Christian Ethics at Baylor University, 2013, p. 18). . അത്  ക്രിസ്തുമരണത്തിനും ഉയിര്‍പ്പിനുമിടിയില്‍ ചെലവഴിച്ച സമയമായിരുന്നു. മൂന്നാം നൂറ്റാണ്ടിന്‍റെ പകുതിയോടെ അലക്സാണ്ട്രിയയിലെ ഡയനീഷ്യസ് ആറുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഉപവാസത്തെയും നോമ്പിനെയുംകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏകദേശം ഈ കാലഘട്ടത്തില്‍ ബൈസന്‍റൈന്‍ ചരിത്രകാരനായ സോക്രട്ടെസ് റോമില്‍ നിലനിന്നിരുന്ന മൂന്നാഴ്ചത്തെ നോമ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (Historia Ecclesiastica VII.19). AD 325-ലെ നിഖ്യാ സൂനഹദോസിനുശേഷമാണ് ഉയിര്‍പ്പിനു മുമ്പുള്ള 40 ദിവസത്തെ നോമ്പ് നിജപ്പെടുത്തിയത്. ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന വിജാതീയരുടെ മാനസാന്തരത്തിന്‍റെ ഫലമായി അവരെ വേദപഠനത്തിലൂടെ മാമ്മോദീസായ്ക്ക് ഒരുക്കുക എന്നതായിരുന്നു ആദ്യകാലങ്ങളില്‍ 40 ദിവസത്തെ നോമ്പിന്‍റെ ഉദ്ദേശ്യം. പഠനത്തിനുവേണ്ടി മാറ്റിവെച്ചിട്ടുള്ളതായിരുന്നു ഈ 40 ദിവസങ്ങള്‍.

നിഖ്യാസൂനഹദോസിനുമുമ്പുള്ള പല സ്രോതസ്സുകളിലുമുള്ള പരാമര്‍ശങ്ങളിലെല്ലാം തന്നെ 40 ദിവസത്തെ നോമ്പ് പെസഹാരഹസ്യങ്ങളുടെ ആചരണത്തിന്‍റെ ഭാഗമായോ ഉയിര്‍പ്പുതിരുന്നാളിനുള്ള ഒരുക്കമായിട്ടോ കരുതപ്പെട്ടിരുന്നില്ല. അതേ സമയം 4-ാം നൂറ്റാണ്ടോടെ ചില ബൈസന്‍റൈന്‍ പ്രാര്‍ത്ഥനകളിലും അന്ത്യോഖ്യന്‍ സഭാനിയമസംഹിതകളിലും വലിയ ആഴ്ചയ്ക്കു മുമ്പായി 40 ദിവസം നോമ്പാചരിച്ചിരുന്നു എന്നതിന്‍റെ സൂചനകളുണ്ട്. (Apostolic Constitutions V.13.3-4).. ഏകദേശം ഈ കാലത്തുതന്നെ ജോണ്‍ ക്രിസോസ്റ്റോമിന്‍റെ എഴുത്തുകളിലും Homilies on Genesis, 30.1-3) ഇഗേറിയയിലും (Itinerarium 30.1) സമാനമായ പരാമാര്‍ശങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടോടെ ലിയോ ഒന്നാമന്‍ മാര്‍പാപ്പ പെസഹാവ്യാഴത്തോടെ 40 നോമ്പ് അവസാനിക്കണമെന്നും, ദുഃഖവെള്ളിയെയും ദുഃഖശനിയെയും കൂടുതല്‍ കര്‍ശനമായ ഉപവാസദിനങ്ങളായി കരുതണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. 40 നോമ്പ് ആദ്യകാലങ്ങളില്‍ പെസഹാആചരണങ്ങളുമായി ബന്ധപ്പെട്ടു കിടന്നിരുന്ന ഒന്നല്ലെന്നും പിന്നീട് ഉയിര്‍പ്പ് തിരുന്നാളിനൊരുക്കമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും കരുതാനുള്ള മറ്റൊരു കാരണം നിഖ്യസൂനഹദോസിനും മുമ്പു ഈജിപ്തിലെ സഭയില്‍ നിലനിന്നിരുന്ന 40 ദിവസത്തെ നോമ്പാചരണമാണ്. അവിടെ ഇത് ആചരിച്ചിരുന്നതോ, പ്രത്യക്ഷീകരണതിരുന്നാളിനുശേഷം (ജനുവരി 6) 40 ദിവസത്തേയ്ക്കായിരുന്നു (Cf. The early history of Lent, p.21).. ഈശോയുടെ നാല്‍പതുദിവസത്തെ ഉപവാസത്തിന്‍റെ അനുകരണമായിരുന്നു ഈജിപ്തിലെ സഭയില്‍ നടന്നിരുന്നത് എന്നാണ് ചില പണ്ഡിതരുടെ അനുമാനം. പ്രതികൂലമായ അഭിപ്രായങ്ങള്‍ ഇതേക്കുറിച്ചുണ്ടെങ്കിലും ഉയിര്‍പ്പുതിരുന്നാളിനോടു ബന്ധമില്ലാതെ 40 ദിവസത്തെ ഉപവാസം മൂന്നാം നൂറ്റാണ്ടിന്‍റെ പകുതിയില്‍ ചില ആദിമസഭാസമൂഹങ്ങളില്‍ നിലനിന്നിരുന്നു എന്നതിനു ശക്തമായ സൂചനകളുണ്ട് (Origen, Homilies on Leviticus & Canonsof Hippolytus).

40 ദിവസത്തെ ഉപവാസം ബൈബിളില്‍ വിവിധയിടങ്ങളിലായി വ്യത്യസ്ത കാലഘട്ടങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പഴയനിയമത്തില്‍ പുറപ്പാട് 34:28, നിയമാവര്‍ത്തനം 9;9, 1 രാജാക്കന്മാര്‍ 19: 7-8, ജോനാ 3: 4 എന്നിവടങ്ങളിലായി 40 ദിവസത്തെ ഉപവാസത്തെക്കുറിച്ച് നാം വായിക്കുന്നുണ്ട്. പുതിയ നിയമത്തിലാവട്ടെ ക്രിസ്തുവിന്‍റെ 40 ദിവസത്തെ ഉപവാസമാണ് പ്രധാനം. നിഖ്യസൂനഹദോസു വരെ നിലനിന്നിരുന്ന രണ്ട് പാരമ്പര്യങ്ങളും (ഉയിര്‍പ്പിനൊരുക്കമായ നോമ്പും, പ്രത്യക്ഷീകരണത്തിരുന്നാളിനുശേഷമുള്ള നോമ്പും) സംയോജിപ്പിച്ച് ആരാധനാപരവും ദൈവശാസ്ത്രപരവുമായ ഒരു ഏകീകരണം നടത്തിയതിന്‍റെ ഫലമാണ് നിലവില്‍ നാം തുടര്‍ന്നുപോരുന്ന 40 ദിവസത്തെ നോമ്പാചരണം. ആദ്യകാലഘട്ടങ്ങളില്‍ നോമ്പുകാലത്തെ ഉപവാസം കഠിനമായിരുന്നു. 40 ദിവസവും ഒരുനേരം ഭക്ഷണം മാത്രമേ അനുവദനീയമായിരുന്നുള്ളൂ, എന്നു മാത്രമല്ല ഇറച്ചി, മീന്‍, മുട്ട, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാം നിഷിദ്ധമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ലത്തീന്‍സഭയില്‍ കഠിന ഉപവാസത്തിന് അയവുവരുകയും അതു വിഭൂതി ബുധനാഴ്ചയും ദുഃഖവെള്ളിയുമായി ചുരുങ്ങുകയും ചെയ്തു. മറ്റു ദിവസങ്ങളില്‍ ഇപ്പോഴുള്ളതുപോലെ മത്സ്യമാംസ വര്‍ജ്ജനം മാത്രം നിര്‍ബന്ധമായി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം നാം ഇന്ന് ആചരിക്കുന്നപോലെയുള്ള നോമ്പൊരുക്കങ്ങളും ആചരണങ്ങളും കൂടുതല്‍ സാര്‍വ്വത്രികമായി

 

പാപം എന്നു പറയുന്നത് കേവലം വ്യക്തിപരമായ ഒരു കാര്യം മാത്രമായി ആന്തരികമായ ചില ക്രമപ്പെടുത്തലുകളിലേയ്ക്ക് ഒതുങ്ങിപ്പോയ ഒരു കാലഘട്ടത്തിലാണ് നാം. അതുകൊണ്ടാണ് ഭക്തികൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മാത്രം എല്ലാ പരിഹരിക്കപ്പെടും എന്ന ചിന്തകളും കാഴ്ചപ്പാടുകളും അപകടകരമായ രീതിയില്‍ ഉപരിപ്ലവവും കപടവുമായ ജീവിതരീതി നമുക്കിടയില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

 

നോമ്പുകാലം ഉപവാസത്തിന്‍റെ മാത്രം സമയമല്ല. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഉപവി പ്രവൃത്തികളുടെയും ദാനധര്‍മ്മങ്ങളുടെയും കാലം കൂടിയാണ്. നോമ്പുകാലത്ത് കുരിശിന്‍റെ വഴി ആചരിക്കുക എന്നതും നാലാംനൂറ്റാണ്ടുവരെ നീളുന്ന ഒരു ഭക്താഭ്യാസമാണ്. ആദ്യകാലങ്ങളില്‍ വിശ്വാസികള്‍ ജറുസലേമില്‍ ക്രിസ്തു നടന്ന പാതയിലൂടെ കുരിശിന്‍റെ വഴിയേ പ്രാര്‍ത്ഥനാപൂര്‍വം നടക്കുന്ന പതിവുണ്ടായിരുന്നു. മധ്യകാലഘട്ടത്തിലെ കുരിശുയുദ്ധങ്ങള്‍ അതിനു മുടക്കുവരുത്തിയപ്പോള്‍ യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലായി കുരിശിന്‍റെ വഴി പുനരാവിഷ്കരിക്കപ്പെടാന്‍ തുടങ്ങി (Doug Archer, The History of Lent, The Catholic Register, Feb 12, 2009). അതു പിന്നീട് ലോകത്തെല്ലായിടത്തേയ്ക്കും വ്യാപിച്ചു. ബാഹ്യമായ ചില അടയാളങ്ങള്‍കൊണ്ടോ ആചരണങ്ങള്‍കൊണ്ടോ പരിമിതപ്പെടുത്തേണ്ട ആരാധനാകാലമല്ല പരിത്യാഗത്തിന്‍റെയും പ്രാര്‍ത്ഥനയുടേതുമായ ഈ ദിനങ്ങള്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, നോമ്പുകാലം സഭാചരിത്രത്തിലെ തപശ്ചര്യകളെ പുരാവസ്തുശാസ്ത്രംപോലെ പുനരാവിഷ്കരിക്കുന്നതിനുവേണ്ടിയല്ല, പ്രത്യുത ഉത്ഥാനരഹസ്യത്തിലെ സഭയുടെ ഭാഗഭാഗിത്വത്തിലേയ്ക്ക് സഭയെ ഉണര്‍ത്തുന്നതിനുവേണ്ടിയുള്ള കാലമാണ്. 'അവനോടൊപ്പം ഒരിക്കല്‍ മഹത്ത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടു കൂടെ നാം പീഡയനുഭവിക്കുന്നു.' (റോമാ 8:17). ഇതാണ് നോമ്പുകാലത്തെക്കുറിച്ചുള്ള പ്രധാന ആശയം. തന്‍റെ വധുവായ സഭയുടെ കുറവുകളെ ക്രിസ്തു പരിഹരിക്കുന്ന സമയമാണ് നോമ്പ് (എഫേ. 5: 25-27). അതുകൊണ്ട് നോമ്പിന്‍റെ പ്രധാന ഊന്നല്‍ തപശ്ചര്യകളനുഷ്ഠിക്കുക എന്നതു മാത്രമല്ല, മാനസാന്തരത്തിനും, ദൈവത്തിലുള്ള നവീകരണത്തിനുമാണ്. (Bosco da Cunha, Understanding the Theology and Spirituality of Lent, ocarm.org).

സഭയും നോമ്പുകാലവും

സഭ ഒരു ഉത്ഥാനസമൂഹമാണ് (Easter Community).. മരണത്തിനും അതീതമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അതു പ്രതിനിധാനം ചെയ്യുന്നു. അതു ഭൗമികമായ ഒരു കാലഘട്ടത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന സമൂഹമല്ല. സമയാതീതമായ മാനങ്ങളിലേയ്ക്കു ഭൗമികയാഥാര്‍ത്ഥ്യങ്ങളെ ബന്ധിപ്പിക്കുകയും ദൈവികമായ രഹസ്യങ്ങളിലേയ്ക്കു മനുഷ്യന്‍റെ മനസ്സിനെ തുറക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന അസാധാരണത്വം നിറഞ്ഞ ഒരു കൂട്ടായ്മയാണത്. അതുകൊണ്ടുതന്നെ ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെടുന്നതിനുവേണ്ടി നമ്മെത്തന്നെ തുറന്നുകൊടുക്കുന്ന അസാധാരണസമയമായിട്ടാണ് നാം നോമ്പിനെ കാണേണ്ടത്. വ്യക്തിപരം എന്നതിനെക്കാളും സാമൂഹികമായ ഒരു മാനമാണ് നോമ്പുകാലത്തിനും നോമ്പാചരണത്തിനുമുള്ളത്. തന്‍റെ മക്കളോടു വ്യക്തികളെന്നനിലയിലും സമൂഹമെന്നനിലയിലും നിരന്തരം സംവദിക്കാനാഗ്രഹിക്കുന്ന ദൈവത്തിനു വേണ്ടി സഭാമാതാവ് തുറന്നിട്ടിരിക്കുന്ന സമയമായാണ് നോമ്പുകാലത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശിക്കുന്നത്. ഈ സമയത്തെ വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം സൗമ്യതയോടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 'ദൈവം നമുക്കു മാനസാന്തരത്തിനുള്ള സമുചിതമായ ഒരു സമയം വീണ്ടും തരുന്നു. അതു തനിയെ സംഭവിച്ചുകൊള്ളും എന്നു കരുതരുത്. ഈ പുതിയ അവസരം കൃതജ്ഞതയുടെ ബോധം നമ്മില്‍ ഉണര്‍ത്തണം; നമ്മുടെ അലസതയില്‍ നിന്ന് നമ്മെ ഇളക്കിവിടണം. നമ്മുടെയും സഭയുടെയും ലോകത്തിന്‍റെയും ജീവിതത്തില്‍ ചിലപ്പോള്‍ തിന്മയുടെ ദുരന്തപരമായ സാന്നിധ്യം ഉണ്ടാകും. എന്നാലും നമ്മുടെ ജീവിതഗതി മാറ്റാനുള്ളതാണ് ഈ സന്ദര്‍ഭം. അതു നമ്മളുമായുള്ള ദൈവത്തിന്‍റെ സംവാദത്തെ തടയാതിരിക്കാനുള്ള ദൈവേഷ്ടത്തെ പ്രകാശിപ്പിക്കുന്നു' (പോപ്പ് ഫ്രാന്‍സിസ്, നോമ്പുകാല സന്ദേശം, 2020).

വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ അടുത്തനുഗമിക്കുവാന്‍ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യമാണ് നോമ്പുകാലത്ത് സഭയ്ക്കുള്ളത് (Bosco da Cunha).അതിനുവേണ്ടി ആത്മീയവും ബൗദ്ധികവുമായ രീതിയില്‍ സഭാമക്കളെ ഉണര്‍ത്തുകയും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം കൊണ്ട് അവരെ വെല്ലുവിളിക്കുകയും ചെയ്യേണ്ടതുണ്ട്. അതു കേവലം ഭക്താഭ്യാസങ്ങള്‍ കൊണ്ടു മാത്രമല്ല. ദൈവമക്കളുടെ രൂപീകരണത്തിലൂടെ സൃഷ്ടപ്രപഞ്ചം മുഴുവനോടും പ്രതികരിക്കുവാനുള്ള വിളിയും വെല്ലുവിളിയുമാണ് അതിലുള്‍ചേര്‍ന്നിരിക്കുന്നത്. 'നാം ദൈവമക്കളെന്ന നിലയില്‍ രക്ഷിക്കപ്പെട്ടവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും (റോമാ 8:14) ദൈവികനിയമത്തെ അംഗീകരിക്കാനും അനുസരിക്കാനും കഴിവുള്ളവരുമാണ്. ആ നിയമം നമ്മുടെ ഹൃദയങ്ങളിലും പ്രകൃതിയിലും എഴുതപ്പെട്ടതാണ്. നാം സൃഷ്ടിയുടെ വീണ്ടെടുപ്പില്‍ സഹകരിക്കുന്നതിലൂടെ സൃഷ്ടിയുടെ ഉപകര്‍ത്താക്കളായിത്തീരുന്നു. അതുകൊണ്ടാണ് സൃഷ്ടി ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് പൗലോസ് ശ്ലീഹാ പറയുന്നത് (റോമാ 8:19)' (പോപ്പ് ഫ്രാന്‍സിസ്, നോമ്പുകാല സന്ദേശം, 2019). മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നതുപോലെ 'സൃഷ്ടി ജീര്‍ണ്ണതയുടെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമായി ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുന്ന (റോമാ 8:21) മാനസാന്തരത്തിന്‍റെ കൗദാശികമായ അടയാളമാണ് നോമ്പുകാലം.'

ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം

മാനസാന്തരത്തിന്‍റെ ബാഹ്യാടയാളങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുന്നതിലൂടെ ഒരേ സമയം ഉള്ളില്‍നിന്നു പുറത്തേയ്ക്കും പുറത്തുനിന്ന് ഉള്ളിലേയ്ക്കും നിര്‍ഗളിക്കുന്ന കൃപയുടെ നീര്‍ച്ചാലുകള്‍ വിശ്വാസികളുടെ ജീവിതത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന, മാറ്റിവെയ്ക്കപ്പെട്ട സമായമാണ് നോമ്പുകാലം. ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും നോമ്പുകാലാചരണത്തിന്‍റെ നട്ടെല്ലായി ചരിത്രത്തില്‍ രൂപപ്പെട്ടത് വിശുദ്ധഗ്രന്ഥമനനത്തിന്‍റെ ഉപോല്‍പ്പന്നമായിട്ടുകൂടിയാണ് എന്നു നമുക്കറിയാം. പ്രവൃത്തിബദ്ധമാണ് വിശ്വാസം എന്ന് സഭ തന്‍റെ മക്കളെ ഗൗരവപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ കാലഘട്ടത്തില്‍. ഏറ്റവും മനോഹരമായ വാക്കുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇതു വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു; 'ഉപവാസം: ഇത് മറ്റുള്ളവരോടും സൃഷ്ടിമുഴുവനോടുമുള്ള  നമ്മുടെ മനോഭാവത്തെ മാറ്റാന്‍ പഠിക്കലാണ്; നമ്മുടെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി എല്ലാം വിഴുങ്ങുവാനുള്ള പ്രലോഭനത്തില്‍ നിന്ന് പിന്തിരിയലാണ്; നമ്മുടെ ഹൃദയത്തിന്‍റെ ശൂന്യത നിറയ്ക്കാന്‍ കഴിയുന്ന സ്നേഹത്തിനുവേണ്ടി സഹിക്കാന്‍ തയ്യാറാകലാണ്. പ്രാര്‍ത്ഥന: വിഗ്രഹാരാധനയും നമ്മുടെ അഹംഭാവത്തിന്‍റെ സ്വയം പര്യാപ്തതയും ഉപേക്ഷിക്കാനും കര്‍ത്താവിനെയും അവിടുത്തെ കാരുണ്യത്തെയും നമുക്ക് ആവശ്യമുണ്ടെന്ന് അംഗീകരിക്കാനും പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു. ധര്‍മ്മദാനം: നമുക്കില്ലാത്ത ഒരു ഭാവി കൈക്കലാക്കാന്‍ നമുക്ക് കഴിയുമെന്ന മിഥ്യയായ വിശ്വാസത്തില്‍ എല്ലാം നമുക്കുവേണ്ടി സംഭരിച്ചുവെയ്ക്കുന്ന മാനസികവിഭ്രാന്തിയില്‍നിന്ന് ധര്‍മ്മദാനം വഴി നാം രക്ഷപെടുന്നു. അങ്ങനെ സൃഷ്ടിയെയും നമ്മില്‍ ഓരോരുത്തരെയും സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതിയുടെ സന്തോഷം വീണ്ടും കണ്ടെത്താം. അവിടുത്തെയും നമ്മുടെ സഹോദരീസഹോദരന്മാരെയും മുഴുവന്‍ ലോകത്തെയും സ്നേഹിക്കുന്നതിലാണ് അത് അടങ്ങിയിരിക്കുന്നത്.'

ക്രിസ്തീയത ചില ആചരണങ്ങളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്നതല്ലെന്നും അതു നിന്തരമായ മാനസാന്തരത്തിലൂടെ മാനവരാശി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്കും ഉത്തരവാദിത്വത്തിലേയ്ക്കും ഉണരുന്നതിലാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുമ്പോള്‍ അത് ഈ കാലഘട്ടത്തിന്‍റെ പ്രവാചകസ്വരമായി നാം എടുക്കേണ്ടതുണ്ട്. പുതിയതായി ഒന്നും സ്ഥാപിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. കാലികമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. 'യേശുവിന്‍റെ പെസഹാ ഒരു കഴിഞ്ഞകാല സംഭവമല്ല. പിന്നെയോ, സഹിക്കുന്നവരില്‍ ക്രിസ്തുവിന്‍റെ ശരീരത്തെ വിശ്വാസത്തോടെ കാണാനും തൊടാനും നമ്മെ സഹായിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ ശക്തിവഴി അത് എന്നും സന്നിഹിതമാണ്' എന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു. അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നതുപോലെ,  ഓരോ ക്രിസ്തുശിഷ്യന്‍റെയും ശിഷ്യയുടെയും ദൗത്യമിതാണ്; 'വിവിധരീതിയില്‍ പീഡിപ്പിക്കപ്പെടുകയും ചുഷണം ചെയ്യപ്പെടുകയും ചെയ്യുന്ന മനുഷ്യരില്‍ ക്രിസ്തുവിന്‍റെ മുറിവുകളെ കാണുക. വിഗ്രഹാരാധനയുടെ രൂപമായ ലാഭത്തിനുവേണ്ടിയുള്ള അനിയന്ത്രിതമായ ദാഹത്താല്‍ അന്ധരായ മനുഷ്യരുടെ ആസക്തികള്‍ക്കെതിരെ പ്രതികരിക്കുക.'

 ഇപ്രകാരം ചെയ്യുമ്പോള്‍ മാത്രമാണ് പെസഹാരഹസ്യത്തെ നാം ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത്.

പാപം എന്നു പറയുന്നത് കേവലം വ്യക്തിപരമായ ഒരു കാര്യം മാത്രമായി ആന്തരികമായ ചില ക്രമപ്പെടുത്തലുകളിലേയ്ക്ക് ഒതുങ്ങിപ്പോയ ഒരു കാലഘട്ടത്തിലാണ് നാം. അതുകൊണ്ടാണ് ഭക്തികൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മാത്രം എല്ലാ പരിഹരിക്കപ്പെടും എന്ന ചിന്തകളും കാഴ്ചപ്പാടുകളും അപകടകരമായ രീതിയില്‍ ഉപരിപ്ലവവും കപടവുമായ ജീവിതരീതി നമുക്കിടയില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സിയന്നയിലെ വിശുദ്ധ കാതറിന്‍ പറയുന്നതുപോലെ; 'സ്വയാവബോധത്തിന്‍റ കല്ലറയിലേയ്ക്ക് മഗ്ദലനമറിയത്തോടൊപ്പം പോകുക, എന്നിട്ടു ചോദിക്കുക, ആരെനിക്കുവേണ്ടി ഈ കല്ലറയുടെ കല്ലു മാറ്റിത്തരും?'.

കാരണം ഈ കല്ല് (പാപത്തെക്കുറിച്ചുള്ള കുറ്റബോധം) സ്വയംമാറ്റാന്‍ കഴിയാത്തത്ര ഭാരമേറിയതാണ്. എത്ര അപൂര്‍ണരാണെന്നും പാപത്താല്‍ ഭാരമേറിയവരാണെന്നും കുമ്പസാരിച്ചു കഴിഞ്ഞാല്‍, ക്ഷണമാത്രയില്‍ രണ്ട് മാലാഖമാര്‍ ആ കല്ലുരുട്ടി മാറ്റുന്നത് നിങ്ങള്‍ കാണും. അതായത് ആദ്യം ദൈവം പരിശുദ്ധമായ സ്നേഹത്തിന്‍റെയും ദൈവത്തോടുള്ള ബഹുമാനത്തിന്‍റെയും മാലാഖയെ നിങ്ങളുടെ അടുത്തേയ്ക്കയക്കും, പിന്നെ വൈരാഗ്യത്തിന്‍റെ മാലാഖയെ (പാപത്തോടുള്ള വൈരാഗ്യം) കല്ലുരുട്ടി മാറ്റാനും.
അതുകൊണ്ട് യഥാര്‍ത്ഥമായ വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി, സ്വയാവബോധത്തിന്‍റെ കല്ലറയിലേയ്ക്ക് പ്രവേശിക്കുക. ഉത്ഥിതനായ ക്രിസ്തുവിനെ അവിടെ കാണുന്നതുവരെ കാത്തിരിക്കുക. അവനെ അവിടെ കണ്ടതിനു ശേഷം നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ അവനെ പ്രഘോഷിക്കുക.'

പ്രഘോഷണം എന്നത് അപരകേന്ദ്രീകൃതമാണ്. ഉത്ഥാനത്തിന്‍റെ സമൂഹത്തില്‍(Easter Community) നാം വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനായി പ്രയത്നിക്കുന്നുണ്ടെങ്കില്‍ പിന്നെ സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ഭക്തനോ ഭക്തയോ ആയിരിക്കാന്‍ നമുക്കു കഴിയില്ല. സ്വകേന്ദ്രീകൃതമായ ആത്മീയതയിലേയ്ക്കും സഭാവിശ്വാസങ്ങളിലേയ്ക്കും നമുക്കു പ്രവേശിക്കാന്‍ കഴിയില്ല. ദരിദ്രനും, വ്രണിതനും, അനാഥനുമായ ക്രിസ്തുവിനെ ഉള്ളിലും പുറത്തും തിരയേണ്ടതുണ്ട്. കാരണം അതാണല്ലോ നിത്യജീവനില്‍ പ്രവേശിക്കാനുള്ള അളവുകോലായി അവന്‍ വെച്ചിരിക്കുന്നത്.

You can share this post!

താക്കോല്‍പദങ്ങള്‍

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts