news-details
കവർ സ്റ്റോറി

ഉപവാസം - ഭാരതീയവീക്ഷണത്തില്‍

'ദുര്‍ലഭം ത്രയമേവൈതത് ദൈവാനുഗ്രഹഹേതുകം
മനുഷ്യത്ത്വം മുമുക്ഷുത്ത്വം മഹാപുരുഷസംശ്രയഃ' (വിവേകചൂഢാമണി)

ശ്രീഭഗവാന്‍റെ വിശേഷാനുഗ്രഹവശാല്‍ മാത്രം പ്രാപ്തമാകുന്ന മൂന്നനുഗ്രഹങ്ങളാണ് മനുഷ്യത്ത്വവും, മുമുക്ഷുത്ത്വവും, മഹാപുരുഷസംശ്രയവും. ഈ പ്രപഞ്ചത്തിലെ ലക്ഷക്കണക്കിനുള്ള ജീവജാതികളില്‍ മനുഷ്യജന്മത്തെ നേടുക എന്നതു ക്ഷിപ്രസാദ്ധ്യമല്ല. മനുഷ്യനായി പിറന്നാലും ജീവിതലക്ഷ്യമെന്തെന്നു തിരിച്ചറിഞ്ഞ് അതിനുവേണ്ടി പ്രയത്നിക്കാനുള്ള മനസ്സുണ്ടാവുകയെന്നത് അതിലും വിഷമം. ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് ആഗ്രഹമുണ്ടായാലും അതിലേക്കു വഴികാട്ടാവുന്ന ഒരു മാര്‍ഗദര്‍ശകനെ ലഭിക്കുന്നത് അത്യപൂര്‍വ്വവും.

മനുഷ്യജീവിതലക്ഷ്യം

എന്താണ് മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം? മറ്റു മൃഗങ്ങളില്‍നിന്നു മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത് എന്താണ്?
'ആഹാര-നിദ്രാ-ഭയ-മൈഥുനം ച സാമാന്യമേതത് പശുഭിര്‍നരാണാം.'

മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഒരുപോലെയുള്ളതാണ് ആഹാരം, ഉറക്കം, വിവിധ ഭയങ്ങളില്‍നിന്നു രക്ഷനേടാനുള്ള ആഗ്രഹം, ലൈംഗികതൃഷ്ണ എന്നിവ. മറ്റു ജീവജാലങ്ങള്‍ക്കൊപ്പം മനുഷ്യനും ഇവ്വിധ വികാരവിചാരങ്ങളെ പൂര്‍ണമാക്കാന്‍ ശ്രമിക്കുന്നു. അത്രമാത്രമേ ചെയ്യുന്നുള്ളൂ എങ്കില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലതന്നെ.
ഭാരതം മനുഷ്യപ്രയത്നങ്ങളുടെ ലക്ഷ്യമായി നാലുകാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. 'യതോ അഭ്യുദയ നിശ്രേയസ സിദ്ധി:സധര്‍മഃ' യാതൊന്നാലാണോ മനുഷ്യനു ലൗകികവും പാരത്രികവുമായ അഭിവൃദ്ധി ഉണ്ടാകുന്നത്, അതു ധര്‍മ്മം. മനുഷ്യജീവിതം സാധ്യമാക്കുന്ന, സരളമാക്കുന്ന ധനാദികള്‍ അര്‍ത്ഥം. മനുഷ്യന്‍റെ ധാര്‍മികവികാരങ്ങളെ സഫലീകരിച്ച് അവന്‍റെ മാനസികവികാസവും സന്തോഷവും സാദ്ധ്യമാക്കുന്നതു കാമം.

 

ഭാരതീയ ആത്മീയജീവിതത്തിന്‍റെ
ഒരു  പ്രധാനപടവാണ് ഉപവാസം.
'ഉപ=സമീപേ വസതി' അടുത്തു വസിക്കുക എന്നതാണ് ഉപവാസപദത്തിന്‍റെ അര്‍ത്ഥം. പരമപ്രധാനമായൊരു
തപസ്സാണ് ഉപവാസം.

 

ഇനി മനുഷ്യനെ സ്വരൂപത്തിലേക്കുണര്‍ത്തി  ഉയര്‍ത്തുന്നത് മോക്ഷം.

'മുക്തിര്‍ഹിത്വാ അന്യഥാരൂപം സ്വരൂപേണ വ്യവസ്ഥിതി:'
നാം യാതൊന്നല്ലയോ അതിനെ ഉപേക്ഷിച്ച് നമ്മുടെ യഥാര്‍ത്ഥഭാവത്തിലെത്തിച്ച് അതായി ഇരിക്കലത്രേ പരമപുരുഷാര്‍ത്ഥമായ മോക്ഷം. ഈ മോക്ഷം, ആത്യന്തികമായ സ്വാതന്ത്ര്യം മനുഷ്യന്‍റെ പരമാവകാശമാണ്. ഈ പരമപദപ്രാപ്തിയാണ് മനുഷ്യജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യം.

മനുഷ്യസ്വരൂപം

നമ്മുടെ യഥാര്‍ത്ഥരൂപം 'സച്ചിദാനന്ദ' മാണെന്ന് ഉപനിഷത്തുക്കള്‍ ഉദ്ഘോഷിക്കുന്നു.  'സത്യം ജ്ഞാനമനന്തം ബ്രഹ്മ', 'തത്ത്വമസി'. ഒരിക്കലും നശിക്കാത്ത ഉണ്‍മയാണ്, പരിപൂര്‍ണബോധമാണ്, ആനന്ദമാണ് നമ്മുടെ യഥാര്‍ത്ഥരൂപം. പക്ഷേ നമ്മുടെ അനുഭവം ഇതിനു കടകവിരുദ്ധമല്ലേ. ദുഃഖവും മൃത്യുവും അജ്ഞാനവും  നമ്മെയെല്ലാം കെട്ടിയിട്ട് വലച്ചുകൊണ്ടിരിക്കുകയല്ലേ. ഇതെന്തുകൊണ്ട്?

ജീവിതസാക്ഷാത്കാരത്തിനുള്ള വിഘ്നങ്ങള്‍

സ്വസ്വരൂപാനുഭൂതിയില്‍നിന്നു നമ്മെ അകറ്റിനിര്‍ത്തുന്ന കാരണങ്ങള്‍ പലതാണ്. അവയെ മലം, വിക്ഷേപം, ആവരണം, രസാസ്വാദമെന്ന് പൊതുവെ തരംതിരിക്കാം.
ഭഗവദ്തത്ത്വത്തില്‍ നിന്ന് നമ്മെ വിമുഖരാക്കുന്ന കാമ, ക്രോധ, ലോഭ, മദ, മാത്സര്യാദികളാണ് മലം - അഴുക്ക്.

ആത്മചിന്തയില്‍ മനസ്സിനെ ഉറപ്പിക്കാനാകാത്തതാണ് വിക്ഷേപം.

സത്യത്തിന്‍റെ മുഖം മൂടിയതുപോലെയുള്ള തിരശ്ശീലയാണ് അവിദ്യ - അജ്ഞാനം. ആത്മസ്വരൂപത്തെക്കുറിച്ചറിവില്ലാത്തതിനാല്‍ നാം ശരീരാദികളെ ഞാനെന്നു കരുതി ഉഴറുന്നു. ലൗകികങ്ങളും സ്വര്‍ഗീയങ്ങളുമായ ഭോഗങ്ങളെ അനുഭവിക്കാനുള്ള ഉല്‍ക്കടമായ വാഞ്ഛയാണ് രസാസ്വാദം. ഇമ്മാതിരി വിഘ്നങ്ങളാല്‍ നാം ജീവിതയാഥാര്‍ത്ഥ്യമറിയാതെ ഉഴറിയലയാന്‍ ഇടയാകുന്നു.

വിഘ്നനിവാരണമാര്‍ഗം - സാധന

മല-വിക്ഷേപ-ആവരണ-രസാസ്വാദികളായ വിഘ്നങ്ങളെ ജയിച്ചില്ലാതാക്കാനുള്ള മാര്‍ഗമെന്ത് എന്നു ചിന്തിക്കവേയാണ് അതിനുള്ള മാര്‍ഗമായി സാധനകള്‍ - ഉപാസനകള്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നത്. ഓരോ മനുഷ്യന്‍റെയും ആന്തരികവികാസത്തിനും അവന്‍ നേരിടുന്ന പ്രശ്നങ്ങളുടെ സ്വാഭാവത്തെയും അനുസരിച്ച് സാധനകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധനകളെ സാമാന്യസാധനകള്‍, മുഖ്യസാധനകള്‍, വിശേഷസാധനകള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം.

സാമാന്യസാധനകള്‍

ആത്മീയവികാസത്തിന് അത്യന്താപേക്ഷിതങ്ങളായ സദാചാരനിഷ്ഠ, സത്യഭാഷണം, നിത്യഈശ്വരസ്മരണം തുടങ്ങിയവയാണിവ.

മുഖ്യസാധനകള്‍

ആത്മീയ ഉണര്‍വ്വ് വിശേഷമായി ഇച്ഛിക്കുന്നവരെല്ലാം നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ട സാധനകളാണ് ഇവ. മൗനം, ജപം, ബ്രഹ്മചര്യം, ഇത്യാദികള്‍ ഈ ഗണത്തില്‍പെടുന്നവയാണ്. നമ്മുടെ ഇപ്രാവശ്യത്തെ മുഖ്യചിന്താവിഷയമായ ഉപവാസവും ഈ ഗണത്തില്‍പ്പെടുന്ന സാധനയത്രേ.

വിശേഷസാധനകള്‍

ധ്യാനം, മനനം, നിദിദ്ധ്യാസനം, ധാരണ, സമാധി തുടങ്ങി ആത്മീയജീവിതത്തിന്‍റെ ഉച്ചതല സാധനകളാണിവ.

ഉപവാസം

ഭാരതീയ ആത്മീയജീവിതത്തിന്‍റെ ഒരു  പ്രധാനപടവാണ് ഉപവാസം. 'ഉപ=സമീപേ വസതി' അടുത്തു വസിക്കുക എന്നതാണ് ഉപവാസപദത്തിന്‍റെ അര്‍ത്ഥം. പരമപ്രധാനമായൊരു തപസ്സാണ് ഉപവാസം.
ഉപവാസം അഞ്ചുതലത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നു. കായികം, വാചികം, മാനസികം, കാര്‍മ്മികം, ആദ്ധ്യാത്മികം.

1. കായികം/ശാരീരികം

സാധാരണമായി ഉപവാസമെന്ന പദത്താല്‍ ഇതാണ് അര്‍ത്ഥമാക്കാറുള്ളത്. സ്വമേധയാ ഭക്ഷണത്തെ ത്യജിക്കുകയോ. ചുരുക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

ലോകത്തിലെ എല്ലാ മതങ്ങളിലും ഈ സാധന മുഖ്യമായി നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യര്‍ മാത്രമല്ല പല മൃഗങ്ങളും ഈവിധം ഉപവാസം സ്വീകരിക്കുന്നതായി കാണാം. പൊരുന്നയിരിക്കുന്ന കോഴി, ഹിമനിദ്രയില്‍ പ്രവേശിക്കുന്ന കരടി തുടങ്ങി അനേകം ഉദാഹരണങ്ങള്‍ പ്രകൃതിയില്‍ ഉണ്ട്.

ഹിന്ദുസനാതനധര്‍മ്മത്തിലും ഉപവാസം വളരെ പ്രധാനമായ ഒരു പങ്കുവഹിക്കുന്നു. ഇവയെ നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിങ്ങനെ നാലായി തിരിക്കാം.

1. നിത്യോപവാസം

മനുഷ്യന്‍ ദിനംതോറും ഉപവാസത്തെയാണ് നിത്യോപവാസം എന്നു പറയുന്നത്. സൂര്യനസ്തമിച്ചശേഷം സൂര്യോദയം വരെയ്ക്കും ഘനീഭൂതങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കരുതെന്നു ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതാണ് നിത്യോപവാസം. പകല്‍ ഭക്ഷണം കഴിക്കാനുള്ള നേരത്തും മിതമായി, സാത്വികമായി ഭക്ഷിക്കണം. വയറിന്‍റെ കാല്‍ഭാഗം ശുദ്ധസാത്വികഭക്ഷണത്താലും കാല്‍ഭാഗം ജലത്താലും കാല്‍ഭാഗംവായുവാലും നിറച്ച് ജീവിക്കുന്ന ആള്‍ക്ക് അനാവശ്യരോഗങ്ങള്‍ കൂടാതെ ആരോഗ്യവാനായി ചുറുചുറുക്കോടെ വളരെക്കാലം ജീവിക്കാമെന്നു പറയുന്നു.

2. നൈമിത്തിക ഉപവാസം

എന്തെങ്കിലും ഒരു നിമിത്തം = കാരണം ഹേതുവായി നാമെടുക്കുന്ന ഉപവാസത്തെയാണ് നൈമിത്തികോപവാസം എന്നു പറയുന്നത.് അതു ശാരീരികമായ കാരണത്താലാകാം, അഥവാ ആദ്ധ്യാത്മികമായ ഹേതുവാലാകാം.

ലംഘനം പരമൗഷധം - ഉപവാസമാകുന്നു ഏറ്റവും വലിയ മരുന്ന് എന്നാണ് ആയുര്‍വ്വേദമതം. എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടാകുമ്പോഴോ, അല്ലെങ്കില്‍ അസുഖങ്ങള്‍ ഉണ്ടാകാതിരിക്കാനോ ബോധപൂര്‍വ്വം ചെയ്യുന്ന ഭക്ഷണത്യാഗമോ, ഭക്ഷണനിയന്ത്രണമോ  ആണിത്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ഇല്ലാതാക്കാനും നിത്യേനയുള്ള ഉപവാസം സഹായകരമാണ്.
ആദ്ധ്യാത്മിക ഉപവാസം
ഭാരതീയ പാരമ്പര്യാനുസാരം വിവിധതരത്തിലുള്ള ആദ്ധ്യാത്മിക ഉപവാസങ്ങള്‍ ഉപദേശിക്കപ്പെട്ടിട്ടുണ്ട്. ഓരോ മാസത്തിലും രണ്ട് ഏകാദശികള്‍, രണ്ട് പ്രദോഷങ്ങള്‍, അമവാസി, പൂര്‍ണിമ എന്നിവ എല്ലാവര്‍ക്കും ഉപവാസത്തിനുള്ള ദിനങ്ങളാണ്. ഇതു കൂടാതെ സ്വന്തം ഇഷ്ടദേവതാപ്രീതിക്കായി ചതുര്‍ത്ഥി, ഷഷ്ഠി എന്നിവയും ഉപവാസദിനങ്ങളായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇതു കൂടാതെ ഓരോ ആഴ്ചയിലെയും ഏതെങ്കിലും ഒരു ദിനം തിങ്കള്‍, ശനി മുതലായവയും ഉപവാസത്തിന് തിരഞ്ഞെടുക്കാം.

ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി മുതലായ അവസരങ്ങളിലും ഉപവാസം അത്യന്താപേക്ഷിതമാണ്. മണ്ഡലക്കാലവും ഉപവാസഭരിതമാണ്.

3. കാമ്യം - ഏതെങ്കിലും പ്രത്യേക ആഗ്രഹങ്ങളുടെ പൂര്‍ത്തിക്കായിശാസ്ത്ര-ആചാര്യ ഉപദേശാനുസൃതം ശ്രദ്ധയോടെ ഏറ്റെടുത്തനുഷ്ഠിക്കുന്ന ഉപവാസങ്ങളെ കാമ്യം എന്നു പറയുന്നു.

4. പ്രായശ്ചിത്തം - അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ അപരാധങ്ങള്‍ക്ക് മറുപടിയായി ഏറ്റെടുത്തനുഷ്ഠിക്കുന്ന ഉപവാസങ്ങളാണിവ. കൃച്ഛചാന്ദ്രായണം മുതലായവ വൈദികപ്രസിദ്ധങ്ങളായ ഉപവാസങ്ങളത്രേ.

ഉപവാസക്രമം

ഇവ്വിധമായ നാല് ഉപവാസങ്ങളെയും അനുഷ്ഠിക്കുന്നതില്‍ ക്രമികവ്യത്യസങ്ങളുണ്ട്. നിര്‍ജ്ജലോപവാസം, സജലം, ലംഘനം, സഫലം, ഒരിക്കല്‍ എന്നിങ്ങനെ ഉപവാസം പലവിധം.

1. ജലംകൂടി കുടിക്കാതെ ചെയ്യുന്ന കഠിനമായ ഉപവാസമാണിത്. ജ്യേഷ്ഠമാസത്തിലെ               കൃഷ്ണപക്ഷഏകാദശി നിര്‍ജല ഏകാദശിയായി കണക്കാക്കപ്പെടുന്നു.

2. ജലമോ, കരിക്കു മുതലായ പാനീയങ്ങളോ മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസമാണ് സജലോപവാസം.

3. ലംഘനമെന്നാല്‍ ഒരു ഭക്ഷണവും കൂടാതെയുള്ള ഉപവാസമാണ്.

4. സഫലമെന്നാല്‍ പഴങ്ങളോ, പ്രത്യേകവിധ ഭക്ഷണങ്ങളോ മാത്രം കഴിച്ചുകൊണ്ടുള്ള ഉപവാസമാണ്.

5. ഒരിക്കല്‍ - ദിവസം ഒരുനേരം മാത്രം ഭഗവദ്പ്രസാദം കഴിച്ചുകൊണ്ടുള്ള ഉപവാസമാണിത്.

വാചിക ഉപവാസ

ഈശ്വരസമീപം വസിക്കുക എന്നതാണല്ലോ ഉപവാസ ലക്ഷ്യം. പൂര്‍ണമായോ, ദിവസത്തിന്‍റെ  ഏതാനും മണിക്കൂറോ, ആഴ്ചയിലെ ഏതാനും ദിനങ്ങളിലോ മൗനം അഭ്യസിച്ച് തുടര്‍ച്ചയായി ജപം ചെയ്തുകൊണ്ടിരിക്കുന്ന ഉപവാസത്തെ മൗനോപവാസം/വാചികോപവാസം എന്നു പറയുന്നു. ഈ സമയങ്ങള്‍ സ്തോത്രപാഠം, ശാസ്ത്രാഭ്യാസം എന്നിവയും ചെയ്യാവുന്നതാണ്.
മാനസികോപവാസം
ഉപവാസത്തില്‍ ഏറ്റവും പ്രധാനം മനസ്സിന്‍റെ സ്ഥിതിയാണ്. മനസ്സിനെ ഭഗവദ്പാദത്തില്‍ തന്നെ ചേര്‍ത്തുനിര്‍ത്തുന്നതാണ്, മനസ്സില്‍ നിരന്തരമായി ഭഗവദ്സ്മൃതി വയ്ക്കുന്നതാണ് ഉപവാസം.
സദാ സര്‍വ്വദാ സര്‍വ്വഭാവേന ഭഗവാനേവ സ്മരണീയ. എപ്പോഴും എല്ലാ ഭാവത്തിലും എല്ലാ സാഹചര്യങ്ങളിലും ഭഗവാനെ തന്നെ ചിന്തിയ്ക്കലാണ് ഉപവാസം.
തന്‍റെ മുന്നില്‍ വന്നുനില്ക്കുന്നവരും ഈ പ്രപഞ്ചം തന്നെയും ഭഗവാന്‍തന്നെ എന്നറിയാതെ ഈ ഉപവാസം സാദ്ധ്യമല്ല.
'യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍'
എന്ന ഭാവത്തില്‍ സദാ മനസ്സിനെ ആത്മാവോട്, ഭഗവാനോടു ചേര്‍ത്തുനിര്‍ത്തുകയാണ് മാനസിക ഉപവാസം.
കാര്‍മ്മികോപവാസം
'യദ്യത് കര്‍മ്മകരോമി തത്തദവിലം
ശംഭോ തവാരാധനം'
'അല്ലയോ ഭഗവാനേ, ഞാന്‍ ചെയ്യുന്നതെല്ലാം അവിടത്തെ ആരാധനയാണ് എന്ന ഭാവത്തില്‍ മനസ്സിനെ ഭഗവാനില്‍ നിര്‍ത്തി, എല്ലാ കര്‍മങ്ങളും അവിടുത്തെ സേവയായി, ആരാധനയായി ചെയ്യലാണിത്.
'യാതൊന്നു ചെയ്വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ' എന്ന് ഹരിനാമകീര്‍ത്തനം.
ആദ്ധ്യാത്മികോപവാസം
'ഹൃദയകുഹരമദ്ധ്യേ കേവലം ബ്രഹ്മമാത്രം' നമ്മുടെ ഹൃദയാകാശത്തിനുള്ളിലിരിക്കുന്ന ചിദാനന്ദരൂപനായ ആത്മാവില്‍ വസിക്കലാണ് ഏറ്റവും വലിയ ഉപവാസം.
'ഏകാന്തേ സുഖമാസ്യതാം പരതരേ ചേതഃസമാധീയതാം.'

ഏകാന്തത്തില്‍ വസിച്ച്, പരമമായിരിക്കുന്ന ആത്മസ്വരൂപിയായ ഭഗവാനില്‍ വാക്കും പ്രവൃത്തിയും മനസ്സും ലയിപ്പിച്ച് ആ സച്ചിദാനന്ദരൂപനുമായി ഒന്നായിത്തീരലാണ് ആത്യന്തികഉപവാസം.

'അഥ പരബ്രഹ്മാത്മനാ സ്ഥീയതാം' ഇപ്രകാരം ഞാന്‍ പരമതത്ത്വം തന്നെ എന്ന ഭാവത്തില്‍ എല്ലാം ഒടുക്കം വന്നടയും ശാന്തിധാമത്തില്‍ സ്ഥിരസുഖആസനം തന്നെ യഥാര്‍ത്ഥ ഉപവാസം.

കലിമലങ്ങള്‍ പടര്‍ന്ന് മനസ്സുകള്‍ സത്യത്തില്‍ നിന്ന് അകലേയ്ക്കു പോകുന്ന ഈ നാളുകളില്‍, ഭൗതികവാദം ആത്മീയതലങ്ങളിലേക്കുകൂടി വ്യാപിക്കുന്ന ഈ ദിനങ്ങളില്‍ ഉപവാസമാകുന്ന സാധനയാല്‍ നമ്മുടെ ഹൃദയം ആത്മപ്രകാശത്താല്‍ നിറയ്ക്കാന്‍ നമുക്കാകട്ടെ.

ശാരീരിക-വാചിക-മാനസിക-കാര്‍മ്മിക-ആദ്ധ്യാത്മിക ഉപവാസങ്ങളെ അര്‍ത്ഥമറിഞ്ഞാചരിച്ച് പരമകൃപാപാത്രങ്ങളായി അനന്താനന്ദത്തെ, മഹാശാന്തിയെ അനുഭവിച്ച് ഈ ലോകത്തിനുതന്നെ ഒരനുഗ്രഹമായിത്തീരാന്‍ ഉപവാസം എന്ന എളിയതും അതേസമയം മഹത്തരവുമായ സാധന നമ്മെ പ്രാപ്തരാക്കട്ടെ. ഉപവാസാഗ്നിയാല്‍ നിറയപ്പെട്ടവരായി മനസ്സിന്‍റെ അന്ധകാരമകറ്റി പരമപ്രേമപൂര്‍ണരായി ഈശ്വരേക ശരണമായി തീരട്ടെ നമ്മള്‍. ഇവ്വിധം ശരിയായ ഉപവാസമനുഷ്ഠിക്കാന്‍ ജഗദീശ്വരന്‍ തന്നെ നമുക്കു താങ്ങും തണലും പ്രചോദനവും ശക്തിയുമാകട്ടെ.

You can share this post!

താക്കോല്‍പദങ്ങള്‍

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts