news-details
മറ്റുലേഖനങ്ങൾ

കവിതചമയ്ക്കുന്ന ജീവിതം

ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതു കവിതയാണ്. മനുഷ്യഹൃദയത്തില്‍ വിരിഞ്ഞ ഏറ്റവും മനോഹരമായ കവിതയാണു ദൈവം. നാം നമ്മുടെ ജീവിതത്തിനു കല്പിച്ചു നല്കിയ ആത്മസാക്ഷാത്ക്കാരം, മോക്ഷം, സ്വര്‍ഗ്ഗം എന്നൊക്കെയുള്ള ലക്ഷ്യബോധവും കവിതയല്ലാതെ മറ്റൊന്നുമല്ല.

അതെ. കവിതയാണു ജീവിതത്തെ ജീവത്താക്കുന്നത്. സജീവമാക്കുന്നത്. നിറവുറ്റതാക്കുന്നത്. കവിതയെ യുക്തികൊണ്ട് ഇല്ലാതാക്കുകയോ യുക്തിയെ കൈവെടിയുകയോ ചെയ്യാതിരിക്കുന്നിടത്താണ് സമാധാനത്തിലേക്കുള്ള വിവേകവഴി.
 നടരാജഗുരു നിത്യന് നല്കിയ അവസാനത്തെ ഉപദേശം അതായിരുന്നു. അദ്ദേഹം പറഞ്ഞു: നിത്യാ, നിനക്കിപ്പോള്‍ ഏഴു ബുദ്ധിയും മൂന്നു ഭക്തിയുമാണ്. അത് ഒന്നുകൂടി ഒന്ന് സമീകരിച്ച് അഞ്ചു ബുദ്ധിയും അഞ്ചു ഭക്തിയുമാക്കണം. എങ്കില്‍ ബുദ്ധി സഹായമാകാതിരിക്കുന്നിടത്ത് ഭക്തി സഹായമായി വരും

ഭക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു പ്രപഞ്ചത്തെനോക്കി ആശ്ചര്യം കൊള്ളുന്ന മനോഭാവത്തെയാണ്. നമുക്ക് അറിയാവുന്ന ലോകങ്ങളില്‍മാത്രം വ്യവഹരിക്കുന്ന ബോധമാണു യുക്തി. അവിടെ യുക്തി തന്നെയാണു പ്രവര്‍ത്തിക്കേണ്ടതും. എന്നാല്‍ ആ ലോകങ്ങളില്‍മാത്രം ഉടക്കിനിന്നാല്‍ നമുക്കു നഷ്ടപ്പെടുന്ന ഒരു ജീവിതമുണ്ട്. അതു നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ.

മനോഹരമായ ഒരു പൂവിനെ കാണുമ്പോള്‍ അതാസ്വദിക്കുന്നതു യുക്തിയല്ല. പൂവിനെ മനസ്സിലാക്കുന്നതു യുക്തിയാണ്. മനസ്സില്ലാതായിപ്പോകുന്ന ആസ്വാദനമാണു ഭക്തി. യുക്തിയും ഭക്തിയും ചേരുംപടി ചേരുന്ന ഒരു സമാധാനാവസ്ഥയുണ്ട്. അറിവും അലിവും ചേരുന്നതുപോലെ. അവിടെയാണ് അറിവു വിനയവുമായി വിലയിച്ച് ജ്ഞാനമായി മാറുന്നത്. അതൊരു കവിതയാണ്.

സ്നേഹമാണഖിലസാരമൂഴിയില്‍ എന്നു കവി മൂളുമ്പോള്‍ ഒപ്പം നാമും തലകുലുക്കും. അങ്ങനെയാകട്ടെ, അങ്ങനെയായിരുന്നെങ്കില്‍ എന്നൊക്കെയുള്ള പ്രാര്‍ത്ഥനയാണു നമ്മെ അവിടെ പുണരുന്നത്. വെറുപ്പും വിദ്വേഷവും അസൂയയും സമ്മര്‍ദ്ദവും സ്വാര്‍ത്ഥതയുമെല്ലാം നിരന്തരം മുറിവേല്പിച്ചുകൊണ്ടിരിക്കുന്ന സ്നേഹപ്രപഞ്ചത്തെ ആ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഉയര്‍ത്തി ഹൃദയത്തോടു ചേര്‍ത്തുപിടിക്കാന്‍ പ്രത്യാശയേകുന്നത് ഈ കവിതയാണ്. യാഥാര്‍ത്ഥ്യത്തേക്കാള്‍ ശക്തിയാണ് ആ സങ്കല്പത്തിനുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രത്യാശയുടെ ലോകത്തു നാം ജീവിതത്തെ ആശ്വാസത്തോടെ പ്രതിഷ്ഠിക്കുന്നത്.

തലയോടു കീറി തലച്ചോറിലെ ട്യൂമര്‍ സശ്രദ്ധം നീക്കം ചെയ്യുന്ന ഒരു ഡോക്ടറെ ഭരിക്കുന്നത് അതുവരെ മനസ്സിലാക്കിയ അറിവുകളും പരിചയസമ്പത്തുമാണ്. അറിയാതെ കൈയൊന്നു തെറ്റി തലച്ചോറില്‍ രക്തസ്രാവമുണ്ടാകുമ്പോള്‍ അദ്ദേഹം തലയുയര്‍ത്തി ദൈവമേ എന്നു വിളിച്ചുപോകും. തന്‍റെ അറിവിനും പരിചയത്തിനും അപ്പുറം സംഭവിച്ച ആ പിഴവ് എങ്ങനെ ശരിയായിക്കിട്ടുമെന്ന് അദ്ദേഹം അദ്ദേഹത്തോടുതന്നെ നടത്തുന്ന പ്രാര്‍ത്ഥനയാണത്. 

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന നിര്‍വചനം നമുക്കു പകരുന്ന വെളിച്ചം ചെറുതൊന്നുമല്ല. അതുവരെ തള്ളിമാറ്റിയ, അകന്നുമാറിയ കുടുംബാംഗത്തോടു സ്നേഹമാകാന്‍ ആ ഒരൊറ്റ വാക്കിനു കഴിയുന്നു. കണ്ണു നനയിക്കുന്ന, ഹൃദയം വികസിപ്പിക്കുന്ന ഒരു സംഗീതമോ വായനയോ കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ഏതൊക്കെയോ ഇരുട്ടുകള്‍ വെളിച്ചമായി മാറിയതുപോലെയാണ് നമുക്കു തോന്നുക. കാണാതിരുന്നതു കാണും. കേള്‍ക്കാതിരുന്നതു കേള്‍ക്കും. തൊടേണ്ടതു തൊടും. ജീവിതം മൊത്തം നന്മയാണെന്നതുപോലെ തെളിയും. കുറച്ചുനേരത്തേക്കാണെങ്കിലും ആ ഊര്‍ജ്ജമാണ് പിന്നീടുള്ള യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തെ അഭിമുഖീകരിക്കാന്‍ സമചിത്തതയായി മാറുന്നത്.

വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരു സുഹൃത്തു ചോദിച്ചു. ഞാന്‍ പറഞ്ഞു: നമ്മുടെ ബുദ്ധിക്കു തെളിച്ചമുള്ള ഒരിടത്തേക്കും നാം വിധിയുമായി പോകാറില്ല. ബുദ്ധികൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്ത് ഇനി മുന്നോട്ടു നടക്കാനാവില്ലെന്ന അവസ്ഥവരുമ്പോള്‍ നാം ഉപയോഗിക്കുന്ന ആശ്വാസവചനമാണ് വിധി. ഇലക്ട്രിസിറ്റി വന്നപ്പോള്‍ പ്രേതങ്ങള്‍ കുറഞ്ഞതുപോലെ, വസൂരിക്കു മരുന്നു കണ്ടുപിടിച്ചപ്പോള്‍ ദേവീകോപവും ആ ദേവിയും അപ്രത്യക്ഷമായതുപോലെ വിധിയില്‍മാത്രം ജീവിതത്തിന് ആശ്വാസം കണ്ടെത്തിയിരുന്ന നാം ഇന്നു ബുദ്ധിയുടെ ലോകത്താണ് ആശ്വാസവും പരിഹാരവും ഏറെയും അന്വേഷിക്കുന്നത്. അപ്പോഴും അവശേഷിക്കുന്ന നിസ്സഹായതയുടെ ലോകങ്ങളിലാണ് വിധി ഇപ്പോഴും തന്‍റെ ജീവനത്തിനുള്ള അന്നം കണ്ടെത്തുന്നത്.

തലയോടു കീറി തലച്ചോറിലെ ട്യൂമര്‍ സശ്രദ്ധം നീക്കം ചെയ്യുന്ന ഒരു ഡോക്ടറെ ഭരിക്കുന്നത് അതുവരെ മനസ്സിലാക്കിയ അറിവുകളും പരിചയസമ്പത്തുമാണ്. അറിയാതെ കൈയൊന്നു തെറ്റി തലച്ചോറില്‍ രക്തസ്രാവമുണ്ടാകുമ്പോള്‍ അദ്ദേഹം തലയുയര്‍ത്തി ദൈവമേ എന്നു വിളിച്ചുപോകും. തന്‍റെ അറിവിനും പരിചയത്തിനും അപ്പുറം സംഭവിച്ച ആ പിഴവ് എങ്ങനെ ശരിയായിക്കിട്ടുമെന്ന് അദ്ദേഹം അദ്ദേഹത്തോടുതന്നെ നടത്തുന്ന പ്രാര്‍ത്ഥനയാണത്. അല്ലാതെ മുകളില്‍ ആരെങ്കിലും സഹായത്തിനായി ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നില്ല. പൊടുന്നനെ ഉള്ളില്‍ തെളിയുന്ന ഒരു വഴിയിലൂടെ ആ രക്തസ്രാവം നിറുത്താനാകുമ്പോള്‍ അദ്ദേഹം ആ നിഗൂഢമായ അറിവിനോടു നന്ദി പറയും. അതു ഭക്തിയാണ്. കവിതയാണ്.

നമ്മുടെ അറിവുവെച്ച് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും വഴിമുട്ടിപ്പോകുമ്പോള്‍ നിശ്ചലമായിപ്പോകുന്ന ബോധാവസ്ഥയില്‍ വിരിയുന്ന നിസ്സഹായതയും ആശ്ചര്യപരതയുമൊക്കെയാണ് കവിതയായി വിരിഞ്ഞ് ജീവിതത്തിനു കൂടുതല്‍ തെളിമ പകരുന്നത്. ഗുരു നിത്യ ഭക്തിക്കു കൊടുത്ത വ്യാഖ്യാനം മനോഹരമാണ്.

"ഭക്തി എന്നത് ഒരനുഭവമാണ്. ഒരുറുമ്പിനെപ്പോലും നോവിക്കാനാകാത്ത വിധം ആഴമേറിയ അനുകമ്പയാല്‍ ഹൃദയം നിറയുമ്പോള്‍, സൗന്ദര്യബോധത്താല്‍ ഹൃദയം നിര്‍ഭരമാകുമ്പോള്‍, അത്യാശ്ചര്യകരമായ ഒരു ഭാവത്താല്‍ ഹൃദയം നിറഞ്ഞുതുളുമ്പുമ്പോള്‍, നമ്മുടെ സഹജമായ ഉണ്മയായി തിരിച്ചറിയാന്‍ കഴിയുന്ന ഒരു കേന്ദ്രത്തിലേക്കോ സ്രോതസ്സിലേക്കോ അപ്രതിരോധ്യമായ ഒരു പ്രവാഹമുണ്ടാകുന്നതായി അനുഭവപ്പെടുമ്പോള്‍ നമ്മുടെ കണ്ണുനിറയുകയും അറിയാതെ കൈ കൂപ്പിപ്പോകുകയും ചെയ്യുന്നു. ഈ ദിവ്യാനുഭവത്തെ പേരിട്ടു വിളിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ഭക്തിയെന്നു വിളിക്കാം."

നിത്യ മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു: ഹിമാലയ സന്ദര്‍ശനത്തിനിടയില്‍ ഞങ്ങള്‍ സ്നോവ്യൂ എന്നൊരു സ്ഥലത്തുപോയി. വടക്കോട്ടു നോക്കിയപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും നിശ്ശബ്ദരാക്കി. ഞങ്ങള്‍ എത്രനേരം ആ ഘനീഭവിച്ച മൂകതയുമായി താദാത്മ്യം പ്രാപിച്ച് നിന്നുപോയെന്ന് പറയുവാന്‍ കഴിയില്ല. തനി വെള്ളിയില്‍ വാര്‍ത്തെടുത്ത മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുവെച്ചതുപോലെയുള്ള അഞ്ചു ഹിമവല്‍ ശൃംഗങ്ങള്‍. അവസാനം ഗുരു പറഞ്ഞു: ഇതു കണ്ടിട്ട് ആരെങ്കിലും ദൈവത്തെ കണ്ടിട്ടില്ലെന്നു പറയുമെങ്കില്‍ ഒരിക്കലും അവര്‍ക്കു ദൈവത്തെ കാണാന്‍ കഴിയില്ല. ഇപ്പോള്‍ നമ്മുടെ ഹൃദയത്തെ ആശ്ലേഷിച്ചിരിക്കുന്ന ആശ്ചര്യംതന്നെയാണ് ഈശ്വരന്‍.

മിത്തുകളാണ് മനുഷ്യരെ മുന്നോട്ടു നയിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ ശക്തി മിത്തുകള്‍ക്കു തന്നെയാണ്. നാം തന്നെ സൃഷ്ടിച്ച് നമ്മെ വിശ്വസിപ്പിച്ചിരിക്കുന്ന മിത്തുകളുടെ ചരിത്രം വായിച്ചാല്‍ നാം നമ്മെയോര്‍ത്ത് മൂക്കത്തു വിരല്‍വെച്ചുപോകും. അത്രമാത്രം യുക്തിരഹിതവും ബലഹീനവുമായ ഓളങ്ങളെയാണ് സത്യമായെണ്ണി നാം ജീവിതത്തോടു ചേര്‍ത്തുവെച്ചിട്ടുള്ളത്. അങ്ങനെയുള്ള കഥകള്‍ മെനഞ്ഞ് അതില്‍ വിശ്വസിച്ച് ജീവിച്ചതുകൊണ്ടാണ് മനുഷ്യവംശം തമ്മില്‍തല്ലി ഒടുങ്ങാതെ നിലനിന്നതെന്നു പുതിയ പഠനങ്ങള്‍ പറയുമ്പോള്‍ കവിത എത്രമാത്രമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് മനസ്സിലാകും.

പണ്ട് ഒരാള്‍ രമണമഹര്‍ഷിയുടെ ജീവചരിത്രമെഴുതി അദ്ദേഹത്തെ കൊണ്ടുപോയി കാണിച്ചു. മഹര്‍ഷി അതു വായിച്ച് ചില അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു. പ്രസിദ്ധീകരിക്കാനുള്ള സമ്മതം വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ മഹര്‍ഷിയുടെ ഒരു ശിഷ്യന്‍ വന്ന് അതുവാങ്ങി വായിച്ചുനോക്കി. അതില്‍ പറഞ്ഞിരിക്കുന്നത് മുഴുവന്‍ അസത്യമായിരുന്നു. ആ കൈയെഴുത്തുപ്രതിയുമായി  മഹര്‍ഷിയുടെ മുന്നിലെത്തി ശിഷ്യന്‍ പറഞ്ഞു: ഇതില്‍ എഴുതിയിരിക്കുന്നതു മുഴുവന്‍ നുണയാണ്. മഹര്‍ഷി സമ്മതം കൊടുത്തത് മനസ്സിലായില്ല?!

മഹര്‍ഷി ചുറ്റും വിരല്‍ചൂണ്ടി ശിഷ്യനോടു ചോദിച്ചു: അപ്പോള്‍ ഈ കാണുന്നതൊക്കെ സത്യമാ?

You can share this post!

തപസ്സ്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts