news-details
കാലികം

ഒരു നിമിഷം... പിടയുന്ന ജീവനോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ.

കലാഭവന്‍ മണിയുടെ മൃതശരീരം തൃശൂര്‍ എത്തിച്ചപ്പോള്‍ ഒരു വലിയജനക്കൂട്ടം അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. തങ്ങളുടെ താരത്തിന്‍റെ നിശ്ചലമായശരീരം അവസാനമായി ഒരു നോക്കുകാണുവാന്‍ എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒക്കെ ആയിരുന്ന അവര്‍. വിങ്ങുന്ന മനസ്സും, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഗദ്ഗദപൂരിതരായി നിന്ന അനേകമാളുകള്‍.

എന്നാല്‍ മണിയുടെ സഹപ്രവര്‍ത്തകരായ താരങ്ങളെ കണ്ടതും മൊബൈല്‍ ഫോണ്‍ ക്യാമറകളുമായി ആരവത്തോടെ 'പ്രബുദ്ധരായ' ഒരു കൂട്ടം ശവംതീനികള്‍ അവരെ വളഞ്ഞു. താരങ്ങള്‍ക്കൊപ്പംനിന്നു സെല്‍ഫി എടുക്കാനും ആ സെല്‍ഫി ഫേസ്ബുക്കില്‍ ഇട്ടു ലൈക്കുകള്‍ വാരിക്കൂട്ടാനും വേണ്ടി വെമ്പിനിന്ന കുറെ മനുഷ്യകോലങ്ങള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു..

കേരളം ലജ്ജിച്ച ദിനം...

2010-ല്‍ കോട്ടയം താഴത്തങ്ങാടിയില്‍ ഏകദേശം നാലുമണി സമയത്ത് ഒരു ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞു. നല്ല മഴയും, പുഴയില്‍ നല്ല ഒഴുക്കും. സ്കൂള്‍ കുട്ടികള്‍ അടക്കം  അനേകം യാത്രക്കാര്‍ അപകടത്തില്‍ പെട്ടു. തങ്ങളുടെ അരുമകള്‍ സ്കൂള്‍വിട്ട് വരുന്നതും കാത്തിരുന്ന അമ്മമാര്‍ അലമുറയിട്ടു കരഞ്ഞു.  നല്ലവരായ കുറെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ജീവന്‍ പണയപെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. അവസാനത്തെ ശ്വാസം നിലയ്ക്കുന്നതിനുമുന്‍പ് ഏവരെയും രക്ഷപെടുത്താന്‍ സാധിക്കണേ എന്ന പ്രാര്‍ഥനയോടെ.
പുഴയിലെ ശക്തമായ ഒഴുക്കും, കോരിച്ചൊരിയുന്ന മഴയും ഏല്‍പ്പിച്ച പ്രതികൂലാവസ്ഥയെക്കാളും രക്ഷാപ്രവര്‍ത്തനത്തിനു വിഘാതമായതു മറ്റൊന്നായിരുന്നു. പുഴയില്‍ ജീവനുവേണ്ടി പൊരുതുന്ന കുരുന്നുജീവനുകളുടെ ദൃശ്യം മൊബൈല്‍ഫോണ്‍ക്യാമറയില്‍ പകര്‍ത്താന്‍ തിക്കും തല്ലും ഉണ്ടാക്കിയ ജനക്കൂട്ടമായിരുന്നു അത്...

പോലീസിനും ഫയര്‍ഫോഴ്സിനും തടസ്സം നിന്ന ഈ ഫോട്ടോപ്രേമികള്‍ പോലീസിനോടു കയര്‍ത്തു. ജീവന്‍ രക്ഷിക്കുന്നതിലും പ്രാധാന്യം ഫോട്ടോ പിടിക്കുന്നതിലാണ് എന്നു കരുതിയോ ഈ മഹാപ്രബുദ്ധര്‍?
അവസാനം ജില്ലാകലക്ടര്‍ക്ക് ടിവി ചാനലുകളിലൂടെ ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്തേണ്ടിവന്നു.. 'ഈ ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നവര്‍ ഈ സംഭവസ്ഥലത്ത് നിങ്ങളുടെ ബന്ധുക്കള്‍ കാഴ്ചക്കാരായി ഉണ്ടെങ്കില്‍, ദയവായി അവരെ വീട്ടിലേയ്ക്കു തിരിച്ചുവിളിക്കുക. രക്ഷപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കാതിരി ക്കുക.'

പിടയുന്ന കുരുന്നകളെ രക്ഷിക്കുവാന്‍ സ്വന്തം ജീവിതം പണയംവച്ച് ഒരു കൂട്ടം മനുഷ്യര്‍ പുഴയില്‍ ജീവനും, വെള്ളത്തിനും ഇടയില്‍ പോരാടുമ്പോള്‍ ചിലര്‍ അവരെയും തടസപ്പെടുത്തി ഫോട്ടോകള്‍ പിടിച്ചു ഹരംകൊള്ളുകയായിരുന്നു.

യുപിയിലോ, ബീഹാറിലോ, പെഷവാറിലോ അല്ല ഈ സംഭവം... പ്രബുദ്ധ കേരളത്തില്‍... അതും അക്ഷരനഗരിയില്‍... ലജ്ജിക്കുക കേരളമേ ....

ഇവരും പച്ചമനുഷ്യര്‍ തന്നെ...

സുരാജ് വെഞ്ഞാറമൂടിന്‍റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.. തന്‍റെ സഹോദരന്‍റെ മൃത ശരീരം കണ്ട് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ അദ്ദേഹത്തോടു പുറത്തു കൂടിനിന്ന ജനം പെരുമാറിയതു വളരെ വിചിത്രമായിട്ടായിരുന്നു.. അദ്ദേഹത്തോടു മിമിക്രി കാണിക്കുവാന്‍ ചിലര്‍ ആവശ്യപ്പെടുകയും അതിനു വിസമ്മതിച്ചപ്പോള്‍ തട്ടിക്കയറുകയും ചെയ്തു.

സെലിബ്രറ്റിസ്ഗണത്തില്‍പെടുന്ന സിനിമ താരങ്ങള്‍, ഗായകര്‍, മന്ത്രിമാര്‍, സ്പോര്‍ട്സ് താരങ്ങള്‍, തുടങ്ങി ക്യാമറക്കു മുന്നില്‍പെടേണ്ടി വരുന്നവര്‍ എല്ലാം മനുഷ്യര്‍ തന്നെയാണ് എന്നു നാം പലപ്പോഴും വിസ്മരിച്ചുപോകാറുണ്ട്.

അവര്‍ക്കും അവരുടെ സ്വകാര്യതയുണ്ട്. വികാരങ്ങളും വിചാരങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും  വേദനകളും ദുഃഖങ്ങളും ഉണ്ട്. ഇവര്‍ അമാനുഷികര്‍ അല്ല.

സെലിബ്രറ്റികളില്‍ നിന്നുമുള്ള യാതൊരു തെറ്റുകളും, വീഴ്ചകളും പൊതുജനം സഹിക്കില്ല. അവരുടെ വേദനകളും രോഷവും രോഗങ്ങളും സ്വകാര്യതയും എല്ലാം പൊതുജനത്തിന്‍റെ ആസ്വാദനങ്ങള്‍ക്ക് വിട്ടു കൊടുക്കപ്പെട്ടവയാണ്. ഇരുടെ ജീവിതചര്യകളും വിവാഹവും ആദ്യരാത്രിയും മധുവിധുവും വിവാഹമോചനവും തകര്‍ച്ചകളും  എന്തിനു നമ്മള്‍ കൊണ്ടാടണം? അല്‍പ്പം സ്വസ്ഥത, സമാധാനം, സ്വകാര്യത എന്നിവ അവര്‍ക്കുകൂടി നല്‍കുക. അവരെ ജീവിക്കാന്‍ അനുവദിക്കുക.

യേശുദാസിനു പ്രതികരിക്കുവാന്‍ അവകാശമുണ്ടോ?

ഒരു വ്യക്തിയെ അദ്ദേഹത്തിന്‍റെ കഴിവിന്‍റെ അടിസ്ഥാനത്തില്‍ ബഹുമാനിക്കുകയും, അവരുടെ പ്രതിഭയെ ആരാധിക്കുകയും, അവരുടെ സൃഷ്ടികള്‍ നമുക്ക് ആനന്ദം പകരുകയും ചെയ്യുമ്പോള്‍, ആ വ്യക്തിയുടെ പ്രതിഭ, അവരുടെ കഴിവുകള്‍, അവരുടെ സ്വകാര്യജീവിതം, അവരുടെ വ്യക്തിത്വം ഇവയെല്ലാം തികച്ചും വിഭിന്നമാണ് എന്നത് കേരളീയസമൂഹം മറന്നുപോകുന്നു. ഒരു ഗായകന്‍ എന്ന നിലയില്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഭയുടെ ഉടമയാണ് കെ. ജെ. യേശുദാസ്. അതു കൊണ്ട് മാത്രം അദ്ദേഹം ഒരു വിശുദ്ധനായി, ഒരു ദൈവതുല്യനായി വര്‍ത്തിക്കണം എന്നു പറയുന്നത് എത്ര അപഹാസ്യമാണ്.

80 വയസ്സു കഴിഞ്ഞ ഒരു മനുഷ്യന് അദ്ദേഹത്തിന്‍റെ സ്വകാര്യതയില്‍ ഒരാള്‍ ഇടിച്ചു കയറിയത് ഒരു ശല്യമായി തോന്നുകയും, അദ്ദേഹം ഓവര്‍ റീയാക്റ്റ് ചെയ്യുകയും ചെയ്തു. ക്ഷമിക്കുക. നിങ്ങളില്‍ എത്ര പേര്‍ -ഒരു കൗമാരക്കാരന്‍ നിങ്ങളുടെ ഫോട്ടോ അയാളുടെ ഫോണില്‍ എടുത്താല്‍ സന്തോഷത്തോടെ നിന്നു കൊടുക്കും? നിങ്ങള്‍ പ്രതികരിക്കുന്നതുപോലെയെങ്കിലും ഈ വന്ദ്യ വയോവൃദ്ധന് പ്രതികരിക്കുവാന്‍ അവകാശമില്ലേ?

ഫാന്‍സ് അസോസിയേഷന്‍... കുത്തഴിയുന്ന സാംസ്കാരിക ബോധത്തിന്‍റെ നേര്‍കണ്ണാടി
ഒരു സിനിമാനടനെ നടന്‍ മാത്രമായി കണ്ടു ആദരിച്ചു പോന്നിരുന്ന മലയാളി സമൂഹം തന്നെയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ മുതല്‍ വിജയ് വരെ ഉള്ളവരുടെ സിനിമ പോസ്റ്ററുകളില്‍ പാല്‍ അഭിഷേകം നടത്തുകയും, ദൈവം എന്ന് അവരെ വിശേഷിപ്പിച്ചു താരത്തിനു വേണ്ടി മരിക്കാന്‍ വരെ നടക്കുന്നത്.

കുരങ്ങന്‍റെ കയ്യിലെ പൂമാല പോലെ തന്നെയാണ് പലപ്പോഴും തെറ്റായ കരങ്ങളിലെ ഫെയ്സ്ബുക്കും, മൊബൈല്‍ഫോണ്‍ ക്യാമറയും.  സ്വയം വിവേകപൂര്‍ണമായി പെരുമാറാന്‍ പൊതുജനം പരാജയപ്പെടുമ്പോള്‍ ആണ് നിയമം മൂലം ഔചിത്യം അനുശാസിക്കപ്പെടേണ്ടി വരുന്നത് .. അതാകട്ടെ തികച്ചും നിര്‍ഭാഗ്യപരവും ആണ്.

നാര്‍സിസം -ആത്മരതി..

ആത്മരതിയുടെ ഏറ്റവും വല്ല്യ ആവിഷ്ക്കാര സ്വാതന്ത്ര്യം തുറന്നു കൊടുത്ത മാധ്യമമാണ് ഫേസ്ബുക്ക്. തങ്ങളുടെ ചിത്രങ്ങള്‍, അത് ബാക്കി ഉള്ളവരാല്‍ അംഗീകരിക്കപ്പെടുവാന്‍ വേണ്ടി മാത്രം എത്ര ഭയാനകമായ മാര്‍ഗവും സ്വീകരിക്കുവാന്‍ മടി ഇല്ലാത്തവര്‍ അനേകമാണ്. കിട്ടുന്ന ഓരോ ലൈക്കുകളും, കമന്‍റുകളും ഉണ്ടാക്കുന്ന ആത്മ നിര്‍വൃതിയാണ് ഇതിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുന്നത് സെല്‍ഫി കോപ്രായങ്ങളില്‍ അനേകം ജീവനുകള്‍ പോലിഞ്ഞിട്ടുണ്ട്. ആത്മരതി എന്ന ഒരു തരം മനോരോഗത്തിന്‍റെ ഒരു മാനിഫെസ്റ്റെഷന്‍ തന്നെ ആണ് ഇത് (Narcissistic Perosnality diosrder )

മനുഷ്യാവകാശധ്വംസനങ്ങള്‍ - ചില കാണാപ്പുറങ്ങള്‍

മനുഷ്യാവകാശ  ധ്വംസനങ്ങള്‍ എന്തൊക്കെയാണ് എന്നും ആര്‍ക്കൊക്കെ ഇതു  നിഷേധിക്കപ്പെടാമെന്നതും  രാഷ്ട്രങ്ങള്‍ വ്യക്തമായി നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഒരു സാധാരണമനുഷ്യന് അനുഭവിക്കേണ്ടി വരുന്നതിന്‍റെ പല മടങ്ങ് കല്ലേറ് സഹിക്കേണ്ടി വരുന്നവര്‍ ആണ് സെലിബ്രറ്റിസ് .

സാധാരണ മനുഷ്യരെപ്പോലെതന്നെ, ഇവര്‍ക്കും തെറ്റുപറ്റാം. അത് നമുക്ക് ക്ഷമിച്ചുകൂടെ? ഇവരെ ഇത്രയധികം വിസ്താരം ചെയ്യേണ്ടതുണ്ടോ?

അല്ലെങ്കില്‍തന്നെ ഇവര്‍  പറയുന്ന ഏത് മണ്ടത്തരവും, നമ്മള്‍ വേദവാക്യമായി കരുതേണ്ടതുണ്ടോ?

സെലിബ്രറ്റികളുടെ അധരങ്ങളില്‍ നിന്നും വീഴുന്ന ഒരോ വാക്കുകളെയും തോന്നുന്ന രീതിയില്‍ വളച്ച് ഓടിച്ചു വാര്‍ത്തകള്‍ സ്രഷ്ടിക്കുന്ന രീതി തുടങ്ങി വച്ചതു ടാബ്ലോയിഡ് പത്രങ്ങള്‍  ആണ്. ഏത് ആടിനെയും എങ്ങനെയുള്ള പട്ടികളായി വേണമെങ്കിലും രൂപാന്തരപെടുത്തുന്ന വിദ്യ ഇവരുടെ സംഭാവന ആണ്. മാര്‍പാപ്പ  ലാസ് വെഗസില്‍ എത്തിയ ഉടനെ, അവിടുത്തെ ചൂതാട്ട കേന്ദ്രങ്ങള്‍  ആണ് ആദ്യം അന്വേഷിച്ചത് എന്ന വാര്‍ത്തയും, എബ്രഹാം ലിങ്കന്‍റെ ഗെട്ടിസ്ബെര്‍ഗിലെ അതിപ്രശസ്തമായ  പ്രസംഗത്തെ അതിശോചനീയം എന്ന് ഇകഴ്ത്തി അവതരിപ്പിച്ചതും ഈ പട്ടി ആക്കല്‍ തന്നെ ആണ് .

പ്രിന്‍റ് മീഡിയയുടെ കാലം കടന്ന്  ഡിജിറ്റല്‍ മീഡിയ   വാര്‍ത്താമേഖലകള്‍  കയ്യടക്കി... ആടുകള്‍  പട്ടികള്‍ ആയിക്കൊണ്ടിരുന്നു, അനേകം ആളുകള്‍  അവര്‍ക്ക്  ഇരയായി, പലരെയും അവര്‍ നശിപ്പിച്ചു, വാര്‍ത്തകള്‍ പുറത്തുവരും എന്ന് ഭീഷണിപ്പെടുത്തി  പണം വാരി.

ഇപ്പോള്‍ ഇതാ സോഷ്യല്‍  നെറ്റ്  വര്‍ക്കുകളുടെ ആവിര്‍ഭാവത്തോടെ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടുകള്‍   ആയി. ആര്‍ക്കെങ്കിലും  ഒരു പിഴവ് വരേണ്ട താമസം, ആദ്യത്തെ കല്ല് മുഖ്യധാര മീഡിയുടെ  വക. ബാക്കി ഉള്ള തേജോവധം -ഫേസ്ബുക്ക് - കീബൊര്‍ഡു്  ആക്ട്ടിവിസ്റ്റുകളുടെ വക. കീ ബോര്‍ഡിനു മുന്‍പില്‍ ഇരുന്നു അവര്‍ വിപ്ലവം നയിക്കും. കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയും ...

ഫേസ്ബുക്കില്‍ ആര്‍ക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാം എന്നും, അതില്‍ യാതൊരു തെറ്റും ഇല്ല എന്നും, ഒരു തരത്തിലും താന്‍  ശിക്ഷിക്കപ്പെടില്ല എന്നുമുള്ള  അബദ്ധ  ധാരണയും ആണ് പലപ്പോഴും ഇപ്രകാരമുള്ള അപകീര്‍ത്തിപ്പെടുത്തലിന് നിദാനം.
ആരെയും തേജോവധം ചെയ്യുവാനുള്ള ഒരു മനസ്, ആരും തങ്ങളെ തിരഞ്ഞുവരില്ല എന്ന ഒരു ചിന്ത, സഹജീവികളുടെ വികാരങ്ങളോടുള്ള കരുതല്‍  ഇല്ലായ്മ, ഇവയാണ് സൈബര്‍ ബുല്ല്യിംഗ് എന്ന കുറ്റകൃത്യത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.. അമേരിക്കന്‍ കൗമാരക്കാരില്‍ പകുതിയും ഇപ്രകാരമുള്ള സൈബര്‍ ബുല്ല്യിംങ്  മൂലം വിഷമം അനുഭവിക്കുന്നവര്‍ ആണ് .

സാമൂഹിക മീഡിയയിലൂടെ ഉള്ള  ദുഷ് പ്രചരണം, മനോവീര്യം കെടുത്തല്‍, അപകീ ത്തിപെടുത്തല്‍, വര്‍ഗീയവിഷം ചൊരിയല്‍ തുടങ്ങിയവക്ക് മിക്ക രാജ്യങ്ങളിലും വലിയശിക്ഷ തന്നെ ആണ് നിയമം അനുശാസിക്കുന്നത്.

നിയമത്തിനും അപ്പുറം ഒന്നു മാത്രം ഒര്‍ക്കുക... പ്രിയ മാധ്യമങ്ങളെ! നിങ്ങള്‍ ജീവിക്കുന്നതിനോടൊപ്പം, മറ്റുള്ളവരെയും  ജീവിക്കാന്‍ അനുവദിക്കുക.

You can share this post!

മറിയം ത്രേസ്യ അഗതികളുടെ ധീരവിശുദ്ധ

വി.ജി. തമ്പി
അടുത്ത രചന

കൊലയാളികളായി മാറിയ കൗമാരക്കാരികള്‍

ഡോ. റോബിന്‍ മാത്യു
Related Posts