news-details
കവർ സ്റ്റോറി

ഈ അമ്മക്കൊരു പകരമില്ല

സെപ്റ്റംബര്‍ നാലിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കായുടെ അങ്കണത്തില്‍വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച മദര്‍ തെരേസ എന്ന പാവങ്ങളുടെ അമ്മയെ രണ്ടു തവണ നേരിട്ടുകാണാന്‍ ഭാഗ്യം സിദ്ധിച്ച കണ്ണുകളുടെ ഉടമസ്ഥനാണ് ഞാന്‍. ക്രിസ്ത്വാനുകരണം എന്തെന്ന് നിഷ്കാമവും നിരന്തരവുമായ ആതുരശുശ്രൂഷയിലൂടെ ലോകത്തെ പഠിപ്പിച്ച ആ കന്യാസ്ത്രീയെ കൃതജ്ഞതാഭരിതമായ പൊതുസമൂഹം കൊല്ലങ്ങള്‍ക്കു മുന്‍പേ തന്നെ വിശുദ്ധയായി അടയാളപ്പെടുത്തിയിരുന്നു. തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ കുരിശിന്‍റെ വഴി തെരഞ്ഞെടുത്ത് ലൊറേറ്റോ കോണ്‍വെന്‍റില്‍ എത്തിയ അല്‍ബേനിയാക്കാരി അപാരമായ കാരുണ്യത്തിന്‍റെ സുവിശേഷമാണ് തന്‍റെ നിര്‍മ്മലമായ ഐഹികജീവിതത്തിലും വിളംബരം ചെയ്തത്. ഈ അമ്മ നടന്നത് കനല്‍പ്പാടുകളിലൂടെയാണ്. ചൂടും നീറ്റലും ദാഹവും പരിഹാസവും അവഗണനയും അവരെ പിന്നോട്ടു വലിച്ചില്ല. 

ഉള്‍വിളിക്കുമാത്രം കാതോര്‍ത്തുകൊണ്ട് വാടാത്ത പുഞ്ചിരിയുമായി ആ അമ്മ കല്‍ക്കത്തായിലെ ഇരുണ്ട തെരുവുകളില്‍ സ്നേഹാമൃതവുമായി അലഞ്ഞു. ആ ക്രിസ്തുദാസിയുടെ മുന്നില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനികളുമുണ്ടായിരുന്നില്ല. ആര്‍ത്തരും ആലംബഹീനരും ആര്‍ക്കുംവേണ്ടാത്തവരുമായ പച്ച മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ. തെരുവുമൂലകളില്‍, നാറ്റമുള്ള ഓടകള്‍ക്കരികില്‍ വലിച്ചെറിയപ്പെട്ട അനാഥജീവിതങ്ങളെയാണ് മദര്‍ തെരേസ കര്‍ത്താവിന്‍റെ ദൂതികയായി ഏറ്റെടുത്തത്. തല ചായ്ക്കാനൊരിടം, കിടക്കാനൊരു കട്ടില്‍, കഴിക്കാനപ്പം, ഉടുക്കാന്‍ തുണി, നോവിനു തലോടല്‍, രോഗത്തിനു മരുന്ന്, മനുഷ്യനായി മരിക്കാനൊരു ചുറ്റുപാട് ഇതൊക്കെയാണ് മേല്‍വിലാസം നഷ്ടപ്പെട്ട വൃദ്ധജനങ്ങള്‍ക്ക് അമ്മ അലിവോടെ ചെയ്തത്. അവരുടെ സേവനങ്ങള്‍ക്കു സമാനതകളുണ്ടായിരുന്നില്ല. ജാതിയോ, മതമോ, ഭാഷയോ ചോദിച്ചില്ല.  All Children of  God are one  എന്ന അതിമഹത്തായ ക്രൈസ്തവബോധമാണ് മദര്‍ അവസാനം വരെ ഉയര്‍ത്തിപ്പിടിച്ചത്.

ലൊറേറ്റോ സന്ന്യാസിനി മഠത്തിന്‍റെ സുരക്ഷിതത്വവും സൗകര്യങ്ങളും വലിച്ചെറിഞ്ഞുകൊണ്ടാണ് മദര്‍ കല്‍ക്കത്തയിലെ വൃത്തികെട്ട തെരുവുകളിലേക്ക് ഇറങ്ങിയത്. ഇന്ത്യയുമായി സമ്പൂര്‍ണ സാത്മീകരണം സാധിക്കുന്നതിന് അവര്‍ തന്‍റെ അമ്മമഠത്തിന്‍റെ വസ്ത്രവിധാനം ഉപേക്ഷിച്ചു. നീലക്കരയുള്ള വെളുത്ത പരുക്കന്‍ കോട്ടണ്‍ സാരിയായി മിഷണറീസ് ഓഫ് ചാരിറ്റീസ് സഹോദരിമാരുടെ ഉടുപുടവ. അല്‍ബേനിയന്‍ വംശജയായ മദര്‍ തെരേസ പൂര്‍ണമനസ്സോടെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതും ആ താദാത്മ്യപ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. നിസ്വാര്‍ത്ഥരും നിരാലംബരും പ്രാന്തവത്കരിക്കപ്പെട്ടവരും വലിച്ചെറിയപ്പെട്ടവരുമായ എല്ലാവരുടെയും സേവനിയും ശുശ്രൂഷകയുമായ അമ്മക്ക് വാസ്തവത്തില്‍ ഒരു രാഷ്ട്രപൗരത്വത്തിന്‍റെ ആവശ്യമില്ലായിരുന്നു. പക്ഷേ തന്‍റെ കര്‍മ്മഭൂമിയായ ഇന്ത്യയുമായി അലിഞ്ഞുചേരണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. തന്‍റെ പുതിയ കോണ്‍ഗ്രിഗേഷന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ അവര്‍ തുടക്കത്തിലെ അക്കമിട്ടു പറഞ്ഞു.To care for the hunger, the naked, the homeless, the crippled, the blind, the leper, all those who feel unwanted, unloved uncared,  people who have become a burden to society and shunted by every one. വിശക്കുന്നവനെ, ഉടുവസ്ത്രമില്ലാത്തവനെ, വീടില്ലാത്തവനെ, മുടന്തനെ, അന്ധനെ, കുഷ്ഠരോഗിയെ ആര്‍ക്കും വേണ്ടാത്തവനെ, സ്നേഹം നിഷേധിക്കപ്പെട്ടവനെ, എല്ലാവരും ഒഴിവാക്കുന്നവനെ: അവനെ ഏറ്റെടുക്കുക, ശുശ്രൂഷിക്കുക. വി. ഫ്രാന്‍സിസ് അസ്സീസിയും ഫാ. ഡാമിയനും വെട്ടിത്തെളിച്ച കാരുണ്യശുശ്രൂഷയുടെ ധാരകളില്‍ക്കൂടി തന്നെയാണ് ഈ ദുര്‍ബലശരീരിയായ അമ്മയും വിണ്ടുകീറിയ കാലുകളുമായി നടന്നത്.

മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ ഘടന വ്യത്യസ്തമാണെങ്കിലും അവരുടെ ആത്മീയദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമൊക്കെ ഫ്രാന്‍സിസ്കന്‍ സന്ന്യാസസംസ്കാരത്തോടു വലിയ ഇഴയടുപ്പമുണ്ട്.  ഇല്ലാത്തവന്‍റെ, ദുഃഖിതന്‍റെ, ഉപദ്രവിക്കപ്പെടുന്നവന്‍റെ  അടുക്കലേക്കാണ് കാരുണികനായ ക്രിസ്തു സഞ്ചരിക്കുന്നതെന്ന വി. ഫ്രാന്‍സിസിന്‍റെ വെളിപാടാണ് മദര്‍ തെരേസയും അവരുടെ സേവാസംഘവും പരമപ്രധാനമായി കണ്ടത്. സത്യസന്ധത, ചാരിത്ര്യം, മാനവസേവനം, ദൈവേച്ഛയ്ക്കു കീഴ്പ്പെടല്‍ എന്നീ ഗുണഗണങ്ങളാണ് ഒരു ക്രിസ്തുദാസന് അത്യാവശ്യം വേണ്ടത് എന്നാണല്ലോ വി. ഫ്രാന്‍സിസ് പറഞ്ഞത്. ഈ വിശിഷ്ടഗുണങ്ങളെ തന്‍റെ സന്ന്യാസിനി സമൂഹത്തിന്‍റെ വെളിച്ചമാക്കുകയാണ് മദര്‍ ചെയ്തത്.  

1952ലാണ് മദര്‍ തെരേസ കല്‍ക്കത്തയില്‍ തന്‍റെ ആദ്യത്തെ അശരണഭവനം തുടങ്ങിയത്. മനോഹരമായ മരണം - മൃഗതുല്യമായി ജീവിച്ചവര്‍ക്ക് മാലാഖമാരുടെ മരണം ഇതാണ് കാളിഘട്ടിലെ തന്‍റെ നിര്‍മ്മലഹൃദയം എന്ന അഭയകേന്ദ്രം ഒരുക്കുന്നതെന്ന് മദര്‍ തെരേസ പറഞ്ഞു. മരുന്നും ശുശ്രൂഷയും സ്നേഹവും സാന്ത്വനവും ആവോളം നല്കുക, ദൈവസന്നിധിയിലേക്കുള്ള യാത്രയ്ക്ക് അവരെ സജ്ജരാക്കുക. മരണത്തിന്‍റെ വരവിനെ മനുഷ്യന് തടുക്കാന്‍ കഴിയില്ലല്ലോ എന്നാല്‍ അന്തസ്സോടെയുള്ള അന്ത്യം, അത് ഉറപ്പുവരുത്താന്‍ കഴിയും; കഴിയണം.

ശാന്തിനഗര്‍ എന്ന സ്ഥാപനം മദര്‍ വൈകാതെ ആരംഭിച്ചു. അത് കുഷ്ഠരോഗത്തിന്‍റെ പേരില്‍ സമൂഹം പരിത്യജിച്ച നിര്‍ഭാഗ്യജനങ്ങളുടെ ശുശ്രൂഷകേന്ദ്രമായി. മൊളോക്കോയ് ദ്വീപില്‍ ഫാ. ഡാമിയന്‍ അനുഷ്ഠിച്ച ധീരവും മനോഹരവുമായ ആതുരസേവനത്തിന്‍റെ മാതൃകയാണ് മദറിന്‍റെ മുന്‍പില്‍      ദീപ്തമായി നിലനില്‍ക്കുന്നത്. ഈ മഹാവ്യാധികൊണ്ട് കഷ്ടപ്പെടുന്നവരെ സമൂഹവും അടുത്തബന്ധുക്കള്‍പ്പോലും അവജ്ഞയോടെ അകറ്റിനിര്‍ത്തുന്ന അവസ്ഥയുണ്ടായിരുന്നു. മുരടിച്ച വിരലുകളും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഈ രോഗികള്‍ തെരുവുകളിലെ മൂലകളില്‍ അടിഞ്ഞിരുന്നു. അവരുടെ വ്രണങ്ങള്‍ കഴുകി മരുന്നു വച്ചുകെട്ടാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല. ഈ ഹതഭാഗ്യരുടെ ശാസ്ത്രീയമായ പരിചരണവും കൃത്യമായ ചികിത്സയുമാണ് അമ്മ ഏറ്റെടുത്തത്.  You may hate leprosy, but you must love leper. എന്ന തിരുവചനം അവര്‍ക്ക് വഴികാട്ടിയായി. (നീ കുഷ്ഠരോഗത്തെ വെറുത്തോളൂ, പക്ഷേ കുഷ്ഠരോഗിയെ സ്നേഹിക്കുക തന്നെ വേണം.) സാന്ത്വനത്തിന്‍റെ മൃദുസ്പര്‍ശവുമായി അമ്മയും സംഘവും ഈ വെറുക്കപ്പെട്ടവരുടെ അരികിലെത്തി.

ഉപേക്ഷിക്കപ്പെട്ട പിഞ്ചുപൈതങ്ങളാണ് കല്‍ക്കത്തയില്‍ മദര്‍ തെരേസ കണ്ട മറ്റൊരു കരള്‍ പിളര്‍ക്കുന്ന കാഴ്ച. അമ്മ അവരെ വാരിയെടുത്തു. അവര്‍ക്കൊരു സ്നേഹഭവനമുയര്‍ന്നു. അതാണ് നിര്‍മ്മല ശിശുഭവന്‍ - ഹോം ഫോര്‍ ദ ഇമ്മാക്കുലേററ് ഹാര്‍ട്ട് ഫോര്‍ ചില്‍ഡ്രന്‍.

1960 ആകുമ്പോഴേയ്ക്കും മിഷനറീസ് ഓഫ് ചാരിറ്റി നേരിട്ടു നടത്തുന്ന സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, അഭയകേന്ദ്രങ്ങള്‍, ഇന്ത്യയിലുടനീളം പൊങ്ങിവന്നു. അവരുടെ സേവനദൗത്യങ്ങള്‍ മറ്റ് നാടുകളിലേക്കും പടര്‍ന്നു. ആഫ്രിക്കയില്‍, ഏഷ്യന്‍ നാടുകളില്‍, ലാറ്റിന്‍ അമേരിക്കയില്‍, യുറോപ്പില്‍ മദര്‍ തെരേസയുടെ കാരുണ്യപ്രസ്ഥാനം തണല്‍ വിരിച്ചുനിന്നു. 120 രാജ്യങ്ങളിലാണ് മിഷനറീസ് ഓഫ് ചാരിറ്റി സജീവസാന്നിദ്ധ്യമായി മാറിയത്.

മദര്‍ മാനവരാശിയുടേതാണ്. അവരുടെ സവിശേഷമായ ഒരു പ്രസ്താവമുണ്ട്. "രക്തം കൊണ്ട് ഞാന്‍ അല്‍ബേനിയന്‍, പൗരത്വം കൊണ്ട് ഇന്ത്യന്‍, വിശ്വാസം കൊണ്ട് കത്തോലിക്കാ കന്യാസ്ത്രീ, ദൈവവിളി കൊണ്ട് ഞാനീ വിശ്വത്തിന്‍റേത്. എന്‍റെ ഹൃദയമോ? അത് സമ്പൂര്‍ണമായും യേശുവിന്‍റെ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. എണ്‍പത്തേഴുകൊല്ലത്തെ ചൈതന്യധന്യമായ പരിവ്രാജകജീവിതത്തിന്‍റെ അര്‍ത്ഥസാരമാണ് ഈ വാക്യങ്ങളെന്ന് ഞാന്‍ കരുതുന്നു.

ഒരുപാട് ആദരങ്ങളും ബഹുമതികളും അംഗീകാരങ്ങളും അമ്മയെ തേടിയെത്തി. എണ്ണിയാലൊടുങ്ങാത്തത്ര പല യൂണിവേഴ്സിറ്റികളും മദര്‍ തെരേസായെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ഭാരതരത്നയും കല്‍ക്കത്തയിലെ നിര്‍മ്മലഹൃദയയുടെ പടിക്കലെത്തി. ഇതിനെല്ലാമുപരി ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ നാനാവേഷാചാരങ്ങളില്‍പ്പെട്ട ആളുകളുടെ മനസ്സുകളില്‍ അമ്മ ഒരു കനകവിഗ്രഹമായി വിളങ്ങുന്നു.

1997-ല്‍ സെപ്റ്റംബര്‍ 5ന് കര്‍ത്താവില്‍ നിത്യനിദ്ര പ്രാപിക്കുംവരെ ആരുമില്ലാത്തവരുടെ അമ്മ കുരിശിന്‍റെ വഴിയില്‍ സജീവമായി തുടര്‍ന്നു. തന്നെ ബാധിച്ച ഹൃദ്രോഗത്തെ ഒട്ടും വകവയ്ക്കാതെയായിരുന്നു അവര്‍ കുറേ വര്‍ഷങ്ങള്‍ ഓടി നടന്നത്. വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനകയറ്റം തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മാലാഖമാര്‍ ഭൂമിയിലേക്കെത്തുമെന്നും വിശുദ്ധരായവരെ അംഗീകരിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരുന്നു.

ദര്‍ തെരേസ വിശുദ്ധ തെരേസ ആയതിന്‍റെ ആഘോഷം ഇന്ത്യയിലെങ്ങുമുണ്ടായി. അതു കത്തോലിക്കാ വിശ്വാസികളുടെ ഉത്സവമായിരുന്നില്ല; സകലജാതിമതസ്ഥരുടേതുമായിരുന്നു.

ഉള്‍വിളിക്കുള്ളിലെ തീവ്രമായ വിളിയെക്കുറിച്ച് മദര്‍ എഴുതിയിട്ടുണ്ട്. ആ വിളിയാണ് ഒരു അല്‍ബേനിയന്‍ കന്യാസ്ത്രീയെ കല്‍ക്കത്തായിലെ വിശുദ്ധ തെരേസ ആയി ഉയര്‍ത്തിയത്. കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രോദനമാണ് എന്‍റെ ഊര്‍ജ്ജമെന്ന് മദര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ആ രോദനത്തിന്‍റെ കാവ്യസുന്ദരമായ ഭാഷ്യമാണ് ഈ അമ്മയുടെ ഐഹികജീവിതം. 

You can share this post!

താക്കോല്‍പദങ്ങള്‍

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
Related Posts