news-details
കവർ സ്റ്റോറി

അവധിക്കാലം ആഘോഷമാക്കാന്‍

പ്രിയ കൂട്ടുകാരെ എല്ലാവരും അവധിക്കാലത്തിന്‍റെ ആഘോഷത്തിമിര്‍പ്പില്‍ ആയിരിക്കും. അല്ലേ? ഈ അവധിക്കാലം കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്കിള്‍ മൂന്നുകാര്യങ്ങള്‍ പറഞ്ഞുതരാം.

1. ആരോഗ്യം

ഇത്രയും കാലം പാഠപുസ്തകങ്ങള്‍ക്കിടയിലായിരുന്നു നിങ്ങള്‍. ഇനി ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് നന്നായി കളിക്കണം. നന്നായി കളിക്കണം എന്ന് മനപ്പൂര്‍വ്വം പറഞ്ഞതാണ്. അതായത് ചീത്തയായി കളിക്കരുത് എന്നര്‍ത്ഥം. ഏതാണ് ചീത്തക്കളി? മുറിക്കുള്ളിലിരുന്നു മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലുമുള്ള ഗെയിമുകളിലും റ്റി.വി.യിലെ കാര്‍ട്ടൂണ്‍ പരമ്പരകളിലും നിങ്ങള്‍ കുടുങ്ങിപ്പോകരുത്. ഒരു ചതുരത്തില്‍ കുരുങ്ങിക്കിടക്കാനുള്ളതല്ല നിങ്ങളുടെ ബാല്യകൗമാരങ്ങള്‍. സ്മാര്‍ട്ടുഫോണുകളും കംപ്യൂട്ടര്‍ ഗെയിമുകളും നമ്മളറിയാതെ തന്നെ നമ്മളെ അടിമകളാക്കും. ആപ്പിളിന്‍റെ കണക്കുപ്രകാരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ ഒരു ദിസസം 80 തവണയെങ്കിലും അത് അണ്‍ലോക്ക് ചെയ്യുന്നുണ്ട്. 2600 തവണയെങ്കിലും swipe ചെയ്യുകയോ, tap ചെയ്യുകയോ ചെയ്യുന്നുണ്ട്. അതായത് ഇത് ഒരു സീരിയസ് അഡിക്ഷന്‍ ആണ് എന്നര്‍ത്ഥം.

എങ്ങനെയാണ് ഒരാള്‍ സ്മാര്‍ട്ട്ഫോണിന് അടിമയാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് നമ്മുടെ തലച്ചോറില്‍ ഒരുതരം dopomin ഉല്പാദിപ്പിക്കപ്പെടുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതുപോലെ ഒരുതരം പ്രത്യേക ആനന്ദമാണ് ഈ dopomin ഉണ്ടാക്കുന്നത്. അത് കിട്ടാനായി നമ്മള്‍ വീണ്ടും വീണ്ടും നമ്മളറിയാതെ ഫോണ്‍ ഓണ്‍ ആക്കാനും നോക്കാനും നമുക്ക് തോന്നല്‍ ഉണ്ടാകുന്നു. ആധുനികസാങ്കേതിക വിദ്യയോടുകൂടിയേ നമുക്ക് ഈ കാലത്ത് ജീവിക്കാന്‍ കഴിയുകയുള്ളൂ. സോഷ്യല്‍ മീഡിയ, ഫേയ്സ്ബുക്ക്, വാട്സ് ആപ്പ് മുതലായവ നമുക്കാവശ്യമാണ്. എന്നാല്‍ ഇതിന് അടിമകളായി തീരുന്നതാണ് പ്രശ്നം. എങ്ങനെയാണ് നമുക്ക് അഡിക്ഷനില്‍നിന്ന് മോചനം നേടാന്‍ കഴിയുക.

ആദ്യമായി ഒരു പ്രത്യേക സമയത്ത് മാത്രമേ സോഷ്യല്‍മീഡിയ ഉപയോഗിക്കുകയുള്ളൂ എന്നൊരു നിര്‍ബന്ധം സ്വയം ഉണ്ടാക്കുകയും അല്ലാത്ത സമയത്ത് നോക്കില്ല എന്ന് നിര്‍ബന്ധപൂര്‍വ്വം വാശിപിടിക്കുക. അരുതാത്തതിനോട് നോ പറയാനുള്ള കരുത്ത് നമ്മുടെ ഉള്ളില്‍ സൃഷ്ടിച്ചെടുക്കണം.
രണ്ടാമതായി നമുക്ക് എളുപ്പത്തില്‍ എടുക്കാവുന്ന സ്ഥലത്ത് ഫോണ്‍ വയ്ക്കാതിരിക്കുക. വെറുതെയിരിക്കുമ്പോള്‍ പോക്കറ്റില്‍ ഇടുക, ബെഡില്‍ ഇടുക, പഠനമേശയില്‍ വയ്ക്കുക മുതലായവ ഒഴിവാക്കുക.

മൂന്നാമതായി നോട്ടിഫിക്കേഷന്‍ ഓഫാക്കി വയ്ക്കുക. നമ്മള്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചെങ്കില്‍ മാത്രമേ അഡിക്ഷനില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ. അല്ലായെങ്കില്‍ നിങ്ങളുടെ ബുദ്ധിശക്തിയെ, ഭാവനാശേഷിയെ, കാഴ്ചയെയൊക്കെ ഗൗരവമായി ബാധിക്കും. അതുകൊണ്ട് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മാറ്റിവച്ചശേഷം കളിസ്ഥലത്തേക്കിറങ്ങുക. കൂട്ടുകാരെ കൂട്ടി നന്നായി ഓടിചാടി കളിക്കണം. അവിടെ ജയിക്കാനും പഠിക്കണം തോല്‍ക്കാനും പഠിക്കണം. കാരണം പരാജയത്തില്‍ നിന്നുമാത്രമാണ് പുതിയ പാഠങ്ങള്‍ പഠിക്കുവാന്‍ കഴിയുക. അതുകൊണ്ട് ഇണങ്ങിയും പിണങ്ങിയും ജയിച്ചും തോറ്റും ധാരാളം കളിക്കുക. രാവിലെ മുതല്‍ വൈകുന്നേരം വരെ കളിക്കുക. ഈ കളികളിലൂടെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് തിരിച്ചറിയും.

2. അറിവ്

പാഠപുസ്തകങ്ങളില്‍നിന്ന് മാറിനിന്ന് മറ്റു പുസ്തകങ്ങള്‍ വായിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ അവധി. അതുകൊണ്ട് കൂട്ടുകാര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രികിടക്കുംമുമ്പും ഒരു മണിക്കൂര്‍ സമയമെങ്കിലും നിര്‍ബന്ധമായും മറ്റു പുസ്തകങ്ങള്‍ വായിക്കുക. അതു കഴിവതും ആത്മകഥാപരമായ പുസ്തകങ്ങളായാല്‍ ഓരോരുത്തരും എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ചത് എന്ന് പഠിക്കാന്‍ കഴിയും.

ഇതിന് ഒരു ശാസ്ത്രീയവശം കൂടി ഉണ്ട്. നമ്മുടെ മനസ്സിന് മൂന്ന് തലങ്ങളുണ്ട് എന്നറിയാമല്ലോ. അബോധമനസ്സ്, ബോധമനസ്സ്, അതിബോധമനസ്സ് (ഉപബോധമനസ്സ്). ബോധമില്ലാത്ത സമയത്തുള്ള മനസ്സാണ് അബോധമനസ്സ്. ബോധമനസ്സ് ഉണര്‍ന്നിരിക്കുമ്പോഴുള്ളത്; ഇപ്പോള്‍ അതു വായിക്കുമ്പോള്‍ ഉള്ള മനസ്സ്. ഒരു ഐസ് ബര്‍ഗ് വെള്ളത്തില്‍ എന്ന പോലെ പത്തില്‍ ഒന്ന് മാത്രമാണ് ബോധമനസ്സ് ബാക്കി അതിബോധമനസ്സാണ്. നമ്മള്‍ ഉറങ്ങുംമുമ്പ് ചിന്തിക്കുന്ന, വായിക്കുന്ന കാര്യങ്ങളാണ് അതിബോധമനസ്സ് രാവിലെവരെ ഇട്ട് കശക്കുന്നത്. അതുകൊണ്ടുതന്നെ നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ പുലരുംവരെ അതു നമ്മുടെ ചിന്തയില്‍ ഉണ്ടാകും. അതു നമ്മുടെ അതിബോധമനസ്സിനെശക്തിപ്പെടുത്തും. അതുപോലെതന്നെ രാവിലെ എഴുന്നേറ്റ ഉടനെ വായിക്കുന്നതും നമ്മുടെ അറിവിനെ ഒരുപാട് വര്‍ദ്ധിപ്പിക്കും.

3. അനുകമ്പ

നമ്മള്‍ ഓടിനടക്കുമ്പോഴും ഉല്ലസിച്ച് തിമിര്‍ക്കുമ്പോഴും ഇതിനൊന്നും ഭാഗ്യമില്ലാത്ത ഒരുപാടുപേര്‍ നമുക്കും ചുറ്റും ഉണ്ട് എന്ന് മറക്കാതിരിക്കാം. അനാഥമന്ദിരത്തില്‍ കഴിയുന്ന, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, വിഷാദം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച നിരാലംബരായ ധാരാളം കുട്ടികള്‍ സമൂഹത്തിലുണ്ട്. മാസത്തില്‍ 2 തവണയെങ്കിലും മാതാപിതാക്കളെ കൂട്ടി ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. അവിടെയുള്ള ആളുകളെ കാണണം, സംസാരിക്കണം പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം. ഇത് നിങ്ങളുടെ മനസ്സിന്‍റെ ആര്‍ദ്രതയെ ഒരുപാട് വര്‍ദ്ധിപ്പിക്കും. അറിവിനോട് ആര്‍ദ്രത ചേര്‍ത്തുവയ്ക്കുമ്പോഴാണ് നമ്മള്‍ നല്ല മനുഷ്യരായി മാറുന്നത്. അങ്ങനെ ഈ അവധിക്കാലം ആഘോഷമാക്കാം അറിവിലൂടെ, ആരോഗ്യത്തിലൂടെ, അനുകമ്പയിലൂടെ...

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
Related Posts