news-details
മറ്റുലേഖനങ്ങൾ

ഉത്ഥാനപെരുന്നാള്‍ : മാസ്കുകള്‍ അഴിഞ്ഞുപോകുന്ന വലിയദിനം

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു. ഒരു നോമ്പുകാലംകൂടെ ആയുസ്സില്‍ പൂര്‍ത്തിയാകുന്നു. എത്രമേല്‍ അധിക്ഷേപങ്ങളും ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടാലും സത്യം ഉയിര്‍ത്തെഴുന്നേല്ക്കും എന്ന സനാതനബോധ്യത്തിലേക്ക് നമ്മെ ഉണര്‍ത്തുന്ന ദിനമാണ് ഈസ്റ്റര്‍. സത്യത്തോടൊപ്പമുള്ള പ്രയാണം എത്രത്തോളം അപകടപൂര്‍ണമാണ്. സത്യത്തെ അനുധാവനം ചെയ്യുന്നതിലും വലിയ സാഹസം എന്താണ്? അവന്‍റെ കൂടെ നടന്നവരെയും അവനെ എതിരിട്ടവരെയും ഒന്നോര്‍ത്തെടുക്കുക.അവന്‍റെ മുന്‍പില്‍ അഴിഞ്ഞുപോയ മുഖംമൂടികള്‍ എത്രയധികം! സത്യസന്ധമായൊരു ചുവടുവയ്പില്‍ മാസ്കുകള്‍ അപ്രത്യക്ഷമാകും സഖേ!

ലാസറിനെ ഉയിര്‍പ്പിച്ചശേഷം മരുഭൂമിയിലേക്ക് പിന്‍വാങ്ങിയവന്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ ജറൂസലേമിലേക്ക് നടക്കുന്ന കാഴ്ചയാണ് പിന്നെ കാണുക. സെബദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ സഹയാത്രികരാണ്. എന്നാല്‍ അവനോടൊപ്പം നടക്കുമ്പോഴും അവര്‍ പദവികളെ സ്നേഹിച്ചിരുന്നു. മനുഷ്യരില്‍ നിന്നുള്ള ബഹുമാനം കൊതിച്ചിരുന്നു. ഇടത്തും വലത്തുമുള്ള ഇരിപ്പിടങ്ങള്‍ക്കായുള്ള ദുരാശയെ ശിഷ്യത്വത്തിന്‍റെ മുഖംമൂടികൊണ്ട് അവര്‍ മറച്ചിരുന്നു.
പെസഹായുടെ ആറുനാള്‍ മുമ്പ് ബഥനിയില്‍ ലാസറിന്‍റെ ഭവനത്തില്‍വെച്ച് വിലയേറിയ നര്‍ദ്ദീന്‍ തൈലംകൊണ്ട് ഗുരുവിന്‍റെ പാദങ്ങള്‍ കഴുകിയ മറിയത്തെ ശാസിക്കുന്ന മറ്റൊരു ശിഷ്യന്‍. യൂദാ സ്കറിയോത്ത! ധനമോഹത്തെ ശിഷ്യത്വത്തിന്‍റെ മൂഖപടമിട്ടു മറച്ചവന്‍.
തലേഞായര്‍ദിവസം അവനോടൊപ്പം ഓശാന പാടിയാര്‍ത്ത ജനക്കൂട്ടം. അത്ഭുതപ്രവര്‍ത്തകനായ യേശുവിനെ സ്നേഹിച്ചവര്‍. റോമന്‍ അധീശത്വത്തോട് കലഹിക്കാന്‍ തക്കവിധം ജ്ഞാനവും വീര്യപ്രവര്‍ത്തികള്‍ക്ക് ശേഷിയുമുള്ള ഈ നസറായന്‍ ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും തങ്ങള്‍ക്ക് ഐഹികമായൊരു സ്വാതന്ത്ര്യം നല്കുമെന്നുമുള്ള പ്രതീക്ഷയെ ഓശാനപാട്ടുകള്‍കൊണ്ടും ഒലിവിന്‍ കൊമ്പുകള്‍കൊണ്ടും മറച്ച് കൂടെ നടന്നവര്‍!

ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന അസൂയയും പകയും മതാചാരങ്ങളുടെയും ഭക്താഭ്യാസങ്ങളുടെയും മന്ത്രപ്പട്ടകളുടെയും ന്യായപ്രമാണത്തിന്‍റെയും മുഖംമൂടികളാല്‍ മറച്ച പ്രമാണിമാരും പ്രധാനാചാര്യന്മാരും.

ഞാനൊരിക്കലും നിന്നെ തള്ളിപ്പറയില്ല; അപകടത്തിലേക്ക് വിട്ടുകൊടുക്കുകയില്ല എന്ന മട്ടില്‍ തന്‍റെ ഗുരുസ്നേഹത്തെക്കുറിച്ച്  നിരന്തരം വാചാലനായവന്‍ ശീമോന്‍ പത്രോസ്. വ്യര്‍ത്ഥവാക്കുകളുടെ മുഖംമൂടി ഒരു കാവല്‍ക്കാരി പെണ്ണിന്‍റെ വാക്കിനു മുമ്പില്‍ അഴിഞ്ഞുപോയവന്‍.

ഈ മനുഷ്യനില്‍ ഒരു കുറ്റവും താന്‍ കാണുന്നില്ല എന്നുറക്കെ പ്രഖ്യാപിച്ചിട്ടും തന്‍റെ സുരക്ഷിതസ്ഥലികള്‍ക്കിളക്കം തട്ടുമെന്ന ഭീതിയില്‍ നീതിമാനെ ശിക്ഷയ്ക്ക് വിധിച്ചവന്‍. പീലാത്തോസ് - നീതിമാനായ ന്യായാധിപന്‍ എന്ന മുഖംമൂടിയണിഞ്ഞവന്‍.

ഇങ്ങനെയെത്രയെത്രപേര്‍... ഇനിയൊന്നേ ധ്യാനിക്കേണ്ടതുള്ളൂ. ദൈവമേ, ഈ ദിനങ്ങളില്‍ ഞാനും നിന്നോടൊപ്പം നടന്നതെന്തിനായിരുന്നു. സ്വാര്‍ത്ഥമോഹങ്ങളെ ഉള്ളിലൊളിപ്പിച്ച് മനുഷ്യരുടെ പ്രശംസകളെ കാംക്ഷിച്ചാണോ? ധനകാമനകളും ലോകസ്നേഹവും പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിച്ചാണോ? നിന്‍റെ അത്ഭുതവൃത്തികളിലുള്ള വിസ്മയം  കൊണ്ടാണോ? ദൈവത്തെയും സഭയെയും സംരക്ഷിക്കുമെന്ന വീരവാദം മുഴക്കുകയും എന്നാല്‍ ചെറുചൂടിന്‍റെ ആസ്വാദനങ്ങള്‍ക്കായി നിന്‍റെ ശിഷ്യത്വത്തിന്‍റെ അവകാശത്തെ തള്ളിപ്പറയാന്‍ മടിയില്ലാത്ത ഭീരുത്വം ഉള്ളില്‍ മറച്ചുവെച്ചുകൊണ്ടാണോ? അതോ, ഒരു തെറ്റും ചെയ്യാത്തവരെ കുറ്റക്കാരെന്നു വിധിക്കുകയും പരിഹാസത്തിനും ആക്ഷേപത്തിനും വിട്ടുകൊടുത്ത് സ്വയനീതികരണത്തിന്‍റെ കൈകഴുകലുകള്‍ നടത്തിയാണോ? വലിച്ചുകീറണം സഖേ നമ്മുടെ മുഖംമൂടികള്‍!
അസത്യങ്ങള്‍കൊണ്ടും അര്‍ദ്ധസത്യങ്ങള്‍കൊണ്ടും സ്വയം നിര്‍മ്മിച്ച വ്യാജപ്രതിച്ഛായകളുടെ കല്ലറകളില്‍നിന്നും നാം അവനോടൊപ്പം ഉയിര്‍ത്തെഴുന്നേല്ക്കണം. 

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

സ്നേഹം മരണത്തേക്കാള്‍ ശക്തം

ഫാദര്‍ മാര്‍ട്ടിന്‍ ആന്‍റണി O. de M
Related Posts