news-details
മറ്റുലേഖനങ്ങൾ

സ്നേഹം മരണത്തേക്കാള്‍ ശക്തം

അതിരാവിലെ. പകലിനും രാത്രിക്കും ഇടയില്‍. ഇരുളിനും പ്രകാശത്തിനും മധ്യേ. അവ്യക്തമായ കാഴ്ചകളെ ഹൃദയചോദനകള്‍ അവഗണിക്കുന്ന നിമിഷത്തില്‍. മഗ്ദലേനമറിയം ഒറ്റയ്ക്ക് ഒരു ഭയവുമില്ലാതെ ശവകുടീരത്തിലേക്ക് പോകുന്നു. വിരഹത്തിന്‍റെ വേദനയും സ്നേഹത്തിന്‍റെ മധുരവുമുള്ള മിശ്രരൂപകമാണ് മഗ്ദലേന. ദൈവത്തെ അന്വേഷിക്കുന്ന ഒരാത്മാവിന്‍റെ രൂപകാലങ്കാരം. ഉത്തമഗീതത്തിലെ മണവാട്ടിയുടെ വരികള്‍ ഓര്‍മ്മ വരുന്നു; 'ഞാനുറങ്ങി; പക്ഷേ എന്‍റെ ഹൃദയം ഉണര്‍ന്നിരുന്നു'(5:2).

ഉത്ഥാനദിനത്തിലെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. അത് എന്താണെന്ന് ചോദിച്ചാല്‍, ആ ദിനത്തിലെ പ്രധാനകഥാപാത്രങ്ങള്‍ യേശുവിന്‍റെ സ്നേഹത്തെ ആഴമായി അറിഞ്ഞവരാണ്: മഗ്ദലേനമറിയം, യേശു സ്നേഹിച്ച ശിഷ്യന്‍, പത്രോസ്.

വളരെ ലളിതമാണ് ഉത്ഥാനത്തിന്‍റെ ആദ്യ അടയാളം. അതൊരു മഹത്വപൂര്‍ണ്ണമായ പ്രത്യക്ഷപ്പെടല്‍ അല്ല. ശുദ്ധമായ അരുണോദയത്തിലെ ഒഴിഞ്ഞ കല്ലറയാണ്. ഈ ലാളിത്യമാണ് മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. സുഗന്ധകൂട്ടുമായി കല്ലറയ്ക്കരികില്‍ വന്ന മറിയത്തിനും ഒന്നും മനസ്സിലാകുന്നില്ല. അവള്‍ പത്രോസിന്‍റെ അടുത്തേക്ക് ഓടുകയാണ്. തന്‍റെ ഗുരുനാഥന്‍ ഉയിര്‍ത്തു എന്നു പ്രഘോഷിക്കാനല്ല, ആരോ അവന്‍റെ ശരീരത്തെ കല്ലറയില്‍ നിന്നും മാറ്റിയിരിക്കുന്നു എന്ന സങ്കടവാര്‍ത്തയുമായിട്ടാണ്. ഒരു വേദനകൂടി പങ്കുവയ്ക്കാനാണ് അവള്‍ ഓടുന്നത്. ശത്രുക്കള്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും മാറ്റിയിരിക്കുന്നു. അവനുവേണ്ടി ഒന്നു കരയുവാന്‍ ആ ശരീരംപോലും ഇനി ഇല്ലല്ലോ. ഇതാണ് അവളുടെ സങ്കടം. ഇതാണ് അവളുടെ ആകുലത മുഴുവനും.

മഗ്ദലേന എവിടെനിന്നാണോ ഉള്ളിലൊരു ആന്തലും പേറി ഓട്ടം തുടങ്ങിയത് അങ്ങോട്ടേക്ക് ഇപ്പോള്‍ എല്ലാവരും ഓടുന്നു. എന്തോ ദുരന്തം സംഭവിച്ചു എന്ന ആകുലതയോടെയല്ല. അപരിമേയമായ എന്തോ സംഭവിച്ചിരിക്കുന്നു. എന്തോ ചരിത്രത്തിലേക്ക് മന്ദംമന്ദം ഉദ്ഗമിച്ചിരിക്കുന്നു. ദൈവികഭാവമുള്ള എന്തോ ആ തോട്ടത്തില്‍ ആവിര്‍ഭവിച്ചിരിക്കുന്നു.

അവര്‍ കല്ലറയില്‍ എത്തി. അവിടെ അവരെ കാത്തിരുന്നത് ചെറിയൊരു അടയാളമാണ്. അവന്‍റെ ശരീരം പൊതിഞ്ഞ കച്ചയും ചുരുട്ടിവച്ചിരിക്കുന്ന തൂവാലയും. ആരെങ്കിലും അവന്‍റെ ശരീരം എടുത്തുകൊണ്ടുപോയിരുന്നെങ്കില്‍ ഇങ്ങനെ ആ കച്ചയും തൂവാലയും അവിടെ ഉപേക്ഷിക്കില്ലായിരുന്നു. അങ്ങനെയെങ്കില്‍ മരണത്തിന്‍റെ ആ കറുത്ത കച്ചയില്‍നിന്നും യേശുവിന്‍റെ സുന്ദരമായ ശരീരത്തെ മോചിപ്പിച്ചിരിക്കുന്നത് മറ്റാരോ ആണ്.

ഇവിടെ നിന്നുമാണ് ഓരോ ക്രൈസ്തവന്‍റെയും വിശ്വാസം ആരംഭിക്കുന്നത്. നിലവിലില്ലാത്ത ഒരു ശരീരത്തില്‍ നിന്നും. മനുഷ്യചരിത്രത്തില്‍ അക്രമത്തിന്‍റെ ത്രാസില്‍നിന്നും ഒരു ശരീരം കാണാതായിരിക്കുന്നു. അക്രമത്തിന്‍റെ കണക്കെടുപ്പില്‍ ഇതാ ഒരു നഷ്ടം സംഭവിച്ചിരിക്കുന്നു. മരണത്തിന്‍റെ കണക്കെടുപ്പില്‍ ഇതാ ഒരു ശരീരംതന്നെ കാണാതായിരിക്കുന്നു. മരണത്തിന്‍റെ സന്തുലിതാവസ്ഥ തകര്‍ന്നിരിക്കുന്നു. ചരിത്രംതന്നെ മാറുന്നു. മരണത്തിന് തന്‍റെ ഇരയുടെ കണക്കു ബോധിപ്പിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു. ഇതു തുറക്കുന്നത് വലിയൊരു വിടവാണ്. ഒരു നവവിപ്ലവത്തിനായുള്ള ഇടം. മരണമെന്ന യാഥാര്‍ത്ഥ്യത്തിനും അപ്പുറത്തേക്കുള്ള ഒരു ഊളിയിടല്‍. ആത്യന്തികമായി മരണത്തിന് ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. വിജയം എപ്പോഴും ജീവനുതന്നെയായിരിക്കും.

ജീവനാണ് വിജയിച്ചു നില്‍ക്കുന്നതെങ്കില്‍ തന്നെയും എന്‍റെ ചുറ്റിലുമുള്ള തിന്മകളുടെ അതിപ്രസരണം കാണുമ്പോള്‍ ഉത്ഥാനത്തെ സംശയിക്കാന്‍ പല പ്രാവശ്യവും ഞാന്‍ പ്രേരിതനാകുന്നു. സഹനത്തിന്‍റെയും വേദനയുടെയും കഥകള്‍ അസഹനീയമാം വിധം വര്‍ദ്ധിച്ചുവരുന്നു: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടികൂടി വരുന്നു, തീവ്രവാദം, ക്യാന്‍സര്‍, അഴിമതി, മതിലുകളുടെ പെരുക്കങ്ങള്‍, വേലിക്കെട്ടുകള്‍, ബന്ധങ്ങളുടെ തകര്‍ച്ച, വീടും ഭക്ഷണവും സ്നേഹവും ലഭിക്കാത്ത കുഞ്ഞുങ്ങള്‍... അങ്ങനെയങ്ങനെ മരണത്തിനു മേലുള്ള ജീവന്‍റെ വിജയത്തെ ഞാന്‍ സംശയിച്ചു പോകുന്നു.
എങ്കിലും മറ്റൊരു വശത്തുനിന്നും നന്മയുടെ ശക്തികളെയും ഞാന്‍ കാണുന്നുണ്ട്. ദൈവിക സ്നേഹം ഉള്ളില്‍ നിറച്ച് ജീവന്‍ പകുത്ത് നല്‍കുന്ന സ്ത്രീ-പുരുഷന്മാരെ. ശക്തരായ യുവജനങ്ങള്‍ ദുര്‍ബലരെ സഹായിക്കുന്നു. പ്രായമായവര്‍ നീതിയും സൗന്ദര്യവും സൃഷ്ടിക്കുവാന്‍ പ്രയത്നിക്കുന്നു. കൊച്ചുകാര്യങ്ങളില്‍പോലും ആത്മാര്‍ത്ഥത നിറക്കുന്നവര്‍. തിളങ്ങുന്ന കണ്ണുകളും അഴകുള്ള ചിരികളുമായി സ്നേഹത്തിന്‍റെ പരിമളം പടര്‍ത്തുന്നവര്‍. അവരെല്ലാം ഉത്ഥാനത്തിന്‍റെ അരുണോദയത്തില്‍ ജനിച്ചവരാണ്. അവരില്‍ ഉള്ളത് ഉത്ഥിതന്‍റെ വിത്താണ്. അവര്‍ വഹിക്കുന്നത് അവന്‍റെ ക്രോമോസോമും ആണ്.

എന്തിനാണ് ഈശോ ഉത്ഥിതനായത്? ഉത്തരം ഒന്നേയുള്ളൂ. സ്നേഹം മരണത്തേക്കാള്‍ ശക്തമാണ്. ഓര്‍ക്കുക, മരണത്തിന്‍റെ യഥാര്‍ത്ഥ ശത്രു ജീവനല്ല, സ്നേഹമാണ്. സ്നേഹം മരണത്തെയും തോല്‍പ്പിക്കുമെന്ന സത്യം ആദ്യം അനുഭവിച്ചറിഞ്ഞവര്‍ അവന്‍റെ സ്നേഹം അനുഭവിച്ചവര്‍ മാത്രമായിരുന്നു: മഗ്ദലേന, യേശു സ്നേഹിച്ച ശിഷ്യന്‍, പത്രോസ്.

ഇതാ, നമ്മള്‍ ഇവിടെ, ഈ കൊച്ചുജീവിത പരിസരത്തില്‍, മരണം വരിക്കാതിരിക്കാന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. ജീവിതം സ്നേഹപൂര്‍വ്വമാണെങ്കില്‍ അതിനെ ഒരു കല്ലറയിലും തളച്ചിടാന്‍ സാധിക്കുകയില്ല. മരണത്തിന് അതിനുമേല്‍ ഒരു അധികാരവും ഉണ്ടായിരിക്കുകയുമില്ല

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts